"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, June 30, 2016

"തിന്നൂല്ലാ, തിറ്റിക്കൂല്ലാ അവൻ... എന്തു ജന്മാത് ദൈവേ!" (മത്താ. 23,13-22)

"തിന്നൂല്ലാ, തിറ്റിക്കൂല്ലാ അവൻ... എന്തു ജന്മാത് ദൈവേ!" (മത്താ. 23,13-22)

ജീവിതത്തിൻെറ പല ഘട്ടങ്ങളിൽ നാം കണ്ടുമുട്ടിയ ജന്മങ്ങളോ, സഹജന്മങ്ങളോ, നമ്മെ മറ്റുള്ളവർ തിരിച്ചറിഞ്ഞ അപൂർവ്വം ചില നിമിങ്ങളോ, ഇത്തരത്തിലുള്ള ആത്മഗതങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ടാകാം, "തിന്നൂല്ലാ, തിറ്റിക്കൂല്ലാ അവൻ... എന്തു ജന്മാത് ദൈവേ!" (മത്താ. 23,13-22) വഴികാട്ടികളാകുന്നതിനു പകരം വഴിമുടക്കികളാകുമ്പോൾ, നമ്മെക്കുറിച്ച് ഇന്നും ഇത് ആവർത്തിക്കപ്പെടാം. യേശുവിൻെറ കാലത്തും ഇത്തരത്തിലുള്ളവർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ തീർത്തും പറഞ്ഞത്, "നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല, പ്രവേശിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നുമില്ല.... നിങ്ങൾക്കു ദുരിത" മെന്ന്. (മത്താ. 23, 13-14) സുപ്രധാനങ്ങളായ തീരുമാനങ്ങൾ എടുക്കപ്പെടേണ്ട ചില യോഗങ്ങളിൽ, സുഹൃദ് സംഭാഷണങ്ങളിൽ, സ്വന്തം കുടുംബത്തിലെ അത്താഴമേശയിൽ,  ഇത്തരക്കാരുടെ സാന്നിധ്യം ഓർക്കപ്പെടാതെ തരമില്ല. നിയമങ്ങളും പാരമ്പര്യ-പൈതൃകങ്ങളും ആചാരാനുഷ്ടാനങ്ങളുമൊക്കെ സംരക്ഷിക്കപ്പെടണമെന്നതിൽ തർക്കമില്ലെന്നിരിക്കെ തന്നെ, എൻെറ നിലപാടുകളും ജീവിതസാക്ഷ്യങ്ങളും സമൂഹനന്മക്കും വളർച്ചക്കും ഒരിക്കലും വിഘാതമാകില്ലെന്ന് ഉറപ്പുവരുത്തേണ്ട കടമയെനിക്കുണ്ടെന്നറിയുക. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, എല്ലാം നിയമാനുസൃതമാണെങ്കിലും നന്മയല്ലാത്തതിനെ, പടുത്തയർത്തപ്പെടാത്തതിനെ വിവേചിച്ചറിയാനും ഉപേക്ഷിക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.   

Wednesday, June 29, 2016

"എന്തുമാത്രം കഷ്ടപ്പെട്ടതാ, ഇന്നു അവർക്ക് തിരിഞ്ഞു നോക്കണന്നു പോലൂല്യ, ദൈവേ, എന്തു കാലാണാവോ, ഇത്..."

"എന്തുമാത്രം കഷ്ടപ്പെട്ടതാ, ഇന്നു അവർക്ക് തിരിഞ്ഞു നോക്കണന്നു പോലൂല്യ, ദൈവേ, എന്തു കാലാണാവോ, ഇത്..." (വായനഭാഗം - യോഹ. 21, 15-19)

കനലെരിയുന്ന കഷ്ടപ്പാടിൻെറ കാലഘട്ടത്തിലും കണ്ണീരു വറ്റി കൺചിമ്മിയുറങ്ങിയ രാവിലും മക്കളെ കുറിച്ച് മാത്രം നിനച്ചു പ്രാർത്ഥിച്ചു, വിധവയായ ആ സാധു അമ്മ. പറക്കമുറ്റിയപ്പോൾ, പറന്നകന്നു, ആ പാവം അമ്മയിൽ നിന്ന്, സ്വന്തം കൂടുതേടി, കൂട്ടു കൂടി, അവസാനം അവർ സ്വന്തം കൂടുകെട്ടി. ഇന്ന് ആ അമ്മ വ്യസനപ്പെടുകയും വല്ലപ്പോഴുമൊക്കെ തമ്പുരാനോട് കലഹിച്ചു മനസ്സിൽ പറയുന്നു, "എന്തുമാത്രം കഷ്ടപ്പെട്ടതാ, ഇന്നു അവർക്ക് തിരിഞ്ഞു നോക്കണന്നു പോലൂല്യ, ദൈവേ, എന്തു കാലാണാവോ, ഇത്..." ഉറപ്പാണ്, അവർ ഒന്നു തിരിച്ചുവന്നിരുന്നെങ്കിൽ, ആ അമ്മ പഴയതെല്ലാം മറന്ന് അവരെ സ്വീകരിക്കും, നൂറിരട്ടി സ്നേഹം വാരിക്കോരി നല്കും. അമ്മ മനസ്സ്, എന്നും എപ്പോഴും, ദൈവമനസ്സോട് ഏറ്റവും അടുത്തു നില്ക്കുന്ന മനസ്സാണ്. തീക്കനലിൻെറ പശ്ചാത്തലത്തിൽ ഗുരുവിനെ തള്ളിപ്പറഞ്ഞവൻ, ഗലീലി തീരത്തിനപ്പുറം തീക്കനലിനു മുന്നിൽ വീണ്ടും ഗുരുവിനെ കണ്ടപ്പോൾ, അള്ളിപ്പിടിച്ചു പറഞ്ഞു, "ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്ക് അറിയാലോ, തമ്പുരാനേ" യെന്ന്. ദൈവമേ, അകന്നുപോയവർക്കെല്ലാം, ഇന്നും എന്നും ഈ സ്നേഹത്തിൻെറയും പൊറുതിയുടെയും സമൃദ്ധിയുള്ള ഓർമ്മകളും തിരിച്ചു വരവിനുള്ള സുബോധവും നല്കണേ. നഷ്ടപ്പെട്ടത് തീർത്തും സൌജന്യമായി തിരിച്ചുകിട്ടിയെന്ന് തിരിച്ചറിയുന്നവൻെറ മേൽ ഉറപ്പായും പണിയാം നമുക്ക് പുതുജീവിതം, ഉറപ്പുള്ള പാറമേൽ എന്നപോലെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Tuesday, June 28, 2016

"അവൾക്ക് ഭ്രാന്താ, വേറെ പണിയൊന്നും ഇല്ലല്ലോ..." (മാർക്കോ. 1,29-34)

"അവൾക്ക് ഭ്രാന്താ, വേറെ പണിയൊന്നും ഇല്ലല്ലോ..." (വായനഭാഗം - മാർക്കോ. 1,29-34)

ഏതെങ്കിലും നന്മചെയ്യുന്നവർ, എത്ര ചെറുതായാലും നന്മയായത് സ്ഥിരമായി പങ്കുവെക്കാനോ വളർത്താനോ സമയം ചിലവഴിക്കുന്നവർ, സാധാരണയായി കേൾക്കാൻ ഒരുപാടു സാധ്യതയുള്ള ഒരു കമൻറാണ്, "അവന്/അവൾക്ക് ഭ്രാന്താ, വേറെ പണിയൊന്നും ഇല്ലല്ലോ..." നന്മയാൽ നിറഞ്ഞ മനുഷ്യൻ, നന്മ ചെയ്യുന്നതിന് പ്ലാറ്റ് ഫോം തേടി നടക്കില്ല, പകരം താനായിരിക്കുന്ന ഇടത്ത്, തനിക്ക് സാധ്യമാകുന്ന നന്മ, തനിക്ക് സാധ്യമാകുന്ന രീതിയിൽ, സാധ്യമാകുന്നവർക്കൊക്കെ - മനുഷ്യർക്കോ, മൃഗങ്ങൾക്കോ, ചെടികൾക്കോ... - ചെയ്യുന്നതിന് അവസരം സദാ കണ്ടെത്തും. ഇന്നത്തെ വായനഭാഗത്ത്, യേശുവിൻെറ പ്രവർത്തി കണ്ടാൽ ഒരു പക്ഷെ, മേല്പറഞ്ഞവർ പറയുമായിരിക്കും, "യേശുവിന് വേറെ ഒരു പണിയും ഇല്ലായിരുന്നു, അല്ലേ?" എന്നാൽ, ഒരു ഭവനസന്ദർശനത്തിൻെറ "ജീസ്സസ് സ്റ്റൈൽ" നാം ഇവിടം കാണുന്നു. ഒരു സൌഖ്യത്തിൽ നിന്ന് ആരംഭിച്ച് നാടു മുഴുവനും പകരപ്പെട്ട കരുണയുടെ പ്രവാഹത്തിൻെറ ഒറിജിനൽ ചിത്രം. ആർക്കാനോ വേണ്ടിയോ, ഏതെങ്കിലും പദ്ധതിയുടെ ഭാഗമായോ നടത്തപ്പെട്ട ഭവനസന്ദർശനമായിരുന്നില്ലത്. മറിച്ച്, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതത്തിൻെറ നേർക്കാഴ്ച. ഈ ജീവിതത്തിന് സജീവസാക്ഷ്യം പകർന്ന്, എണ്ണമറ്റ വിമർശനങ്ങൾക്കും കളിയാക്കലുകൾക്കു നടുവിലും ഇന്ന് അനേകം സാധാരണ മനുഷ്യർ, പ്രത്യേകിച്ച് യുവാക്കൾ, നമുക്കു ചുറ്റും വളർന്നുവരുന്നുണ്ട്, തെരുവുകളിലും, ആശുപത്രികളിലും, ജയിലുകളിലും നന്മ ചെയ്തുകൊണ്ട്. അവരുടെ നന്മയിൽ പങ്കാളിയാവാൻ, ഇന്ന് നമുക്കും സമയം കണ്ടത്താം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.   

Monday, June 27, 2016

"നല്ല അഭിഷേകം ഉള്ള ധ്യാനമാ, ഇതൊന്നു കൂടിയാൽ എല്ലാം ശരിയാകും...." (മത്താ. 12, 38-42)

"നല്ല അഭിഷേകം ഉള്ള ധ്യാനമാ,  ഇതൊന്നു കൂടിയാൽ എല്ലാം ശരിയാകും...." (വായനഭാഗം - മത്താ. 12, 38-42)

ജീവിതത്തിലെ അവസാനിക്കാത്ത ക്ലേശങ്ങളുടെയും രോഗങ്ങളുടെയും മദ്ധ്യേ പലരും ആശ്വാസവാക്കുകളുമായി വരുന്നത് ഇങ്ങനെയാണ്, "അടുത്തയാഴ്ച മത്തായി അച്ചൻെറ ധ്യാനമുണ്ട്, നല്ല അഭിഷേകം ഉള്ള ധ്യാനമാ,  ഇതൊന്നു കൂടിയാൽ എല്ലാം ശരിയാകും...." (മത്താ. 12, 38-42). ദുഃഖ ദുരിതങ്ങളിൽ ആശ്വാസദൂതുമായി വരുന്ന അത്തരം സുഹൃത്തുക്കളെയോ, ധ്യാനങ്ങളെയോ വിലയിരുത്താനോ, ദുരിതങ്ങളിൽ നിന്ന് കരകയറാൻ പാടുപെടുന്നവർ, ഇത്തരം സന്ദർഭങ്ങളിൽ തമ്പുരാൻെറ കരം തേടുന്നതിനെ കുറിച്ചോ വിധിപറയാനല്ല ഇതു പറഞ്ഞത്. മറിച്ച്, ഇന്നത്തെ വായനയിൽ, അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിക്കുന്നവർക്ക് തമ്പുരാൻ എന്തുകൊണ്ട് പുറം തിരിയുന്നു എന്നു സൂചിപ്പിക്കാനാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവകൃപ അന്വേഷിക്കുന്നതും ദൈവകൃപയെ പരീക്ഷിക്കുകയോ, സംശയിക്കുകയോ ചെയ്യുന്നതും രണ്ടും രണ്ടാണ് എന്ന് സൂചിപ്പിക്കാനാണ്. നിരന്തരം ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ടുള്ള ജീവിതമാണ് വിശ്വാസജീവിതം. എന്നിലെ ദൈവീക പ്രവർത്തനങ്ങളെ തള്ളിയും പരീക്ഷിച്ചും നീങ്ങുമ്പോൾ, അവൻ ഇന്ന് എന്നോടും പറയും, "ദുഷിച്ചതും അവിശ്വസ്ഥവുമായ തലമുറ അടയാളം അന്വേഷിക്കുന്നു" വെന്ന് (മത്താ. 12,39). വിശ്വാസജീവിതത്തിൽ ശക്തിപ്പെടാനാവശ്യമായ അനുതാപത്തിനായി പ്രാർത്ഥിക്കാം.   

Sunday, June 26, 2016

"ഞാൻ ഇവിടില്ല, ഒരാഴ്ച കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞേര്... നാശങ്ങള്... " (ലൂക്ക 13, 22-30)

"ഞാൻ ഇവിടില്ല, ഒരാഴ്ച കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞേര്... നാശങ്ങള്... " (വായനഭാഗം - ലൂക്ക 13, 22-30)

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മെ ചിരിപ്പിക്കുവാനോ, ചിന്തിപ്പിക്കുവാനോ, പ്രേരിപ്പിച്ച സന്ദർഭങ്ങളിൽ ഈ സംഭാഷണത്തിനും ഒരു ഇടം കാണുമെന്നു ഞാൻ കരുതുന്നു, "ഞാൻ ഇവിടില്ല, ഒരാഴ്ച കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞേര്... നാശങ്ങള്... " (പശ്ചാത്തലം ഏതുമാകട്ടെ, രാഷ്ട്രീയമോ, മതമോ). എന്തെങ്കിലും സഹായമോ, സാന്നിദ്ധ്യമോ, സൌഹൃദമോ തേടി വരുന്നവരെ ഒഴിവാക്കുന്ന ചിലരുടെ രീതികളും, ആരെ, എങ്ങനെ, എന്തുകൊണ്ട്  അവർ ഒഴിവാക്കപ്പടുന്നു എന്ന കാഴ്ചക്കാരായ അല്ലെങ്കിൽ കേൾവിക്കാരായ നമ്മുടെ വലിയ തിരിച്ചറിവും ഉൾച്ചിരിയും നിലനിർത്തിക്കൊണ്ടു തന്നെ, ഇന്നത്തെ വായനഭാഗത്തേക്ക് നാം പ്രവേശിക്കുന്നു. ഇവിടെ യേശു തമ്പുരാൻ പറയുകയാണ്, "നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിനെ"ന്ന്. (ലൂക്ക 13, 27) ഒരുപാടു അടുപ്പം പറഞ്ഞുവരുന്നവരെ അവൻ ഒഴിവാക്കുന്നതിൻെറയും തിരസ്ക്കരിക്കുന്നതിൻെറയും കാരണം പറയുകയാണ്, അവർ അനീതി പ്രവർത്തിക്കുന്നവരെന്ന്. യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിനോ, അവൻെറ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളാനോ, തങ്ങളെത്തന്നെ സമർപ്പിക്കുവാനോ തയ്യാറാകാതെ, സഭാസമൂഹത്തിൻെറ ബാഹ്യമായ കാര്യങ്ങളിൽ പേരിനും പെരുമക്കുമായി തങ്ങളെതന്നെ കോമാളികളാക്കുന്നവരെ നോക്കി ഇന്നും അവൻ പറയും, ഞാൻ നിങ്ങളെ അറിയുകയില്ലെന്ന്. ഇത് നന്മ സ്വീകരിച്ചവരിൽ നിന്നുള്ള ഓടിയൊളിക്കലല്ല, നന്മ കാംക്ഷിക്കുന്നവൻെറ തമ്പുരാൻെറ
ഓർമ്മപ്പെടുത്തലാണ്.... 

Saturday, June 25, 2016

"പിന്നെ, അവനെയൊക്കെ നമുക്ക് അറിഞ്ഞുകൂടേ,.... കുടയും കുരിശും പിടിച്ചതുകൊണ്ടായില്ല..." (യോഹ. 7, 14-24)

"പിന്നെ, അവനെയൊക്കെ നമുക്ക് അറിഞ്ഞുകൂടേ,.... കുടയും കുരിശും പിടിച്ചതുകൊണ്ടായില്ല..." (വായനഭാഗം - യോഹ. 7, 14-24)

ജനസമൂഹത്തിൻെറ മുമ്പിൽ എല്ലാ സമയവും നിറഞ്ഞുനില്ക്കുന്ന ചിലരെയെങ്കിലും നോക്കി, ഒരുപക്ഷേ, അറിയാതെ പലരും പറഞ്ഞുപോകുന്ന, പലരും പറഞ്ഞതായി കേൾക്കുന്ന, ഒരു സാധാരണ കമൻറാണ്, "പിന്നെ, അവനെയൊക്കെ നമുക്ക് അറിഞ്ഞുകൂടേ,.... കുടയും പൊൻകുരിശും പിടിച്ചതുകൊണ്ടായില്ല" യെന്നത്. നമ്മെക്കുറിച്ചും ഇതുപോലെ പലതും പലയിടത്തുവെച്ചും പലരും പറഞ്ഞിട്ടുണ്ടാകാം. ഈ വിധികളെക്കുറിച്ചും കമൻറുകളെക്കുറിച്ചും യേശു തമ്പുരാന് ഇന്നു നമ്മോട് പറയുള്ളതെന്ന് ഇന്നത്തെ വായനഭാഗത്തുണ്ട്, "പുറമേ കാണുന്നതിന് അനുസരിച്ച് വിധിക്കാതെ, നീതിയായി വിധിക്കുവിനെന്ന്." (യോഹ. 7,24) ഈ വചനത്തിൻെറ ആദ്യഭാഗം മാനുഷികതയെയും രണ്ടാം ഭാഗം ദൈവികതെയെയും ഓർമ്മപ്പെടുത്തുന്നു. മാനുഷികതയിൽ നാം ബാഹ്യമായത് മാത്രം കാണാനും വിധിക്കാനും പ്രാപ്തരാക്കപ്പെടുമ്പോൾ, ദൈവീകതയിൽ നാം കരുണയിലും സ്നേഹത്തിലും ബലപ്പെടുകയും മാത്രമല്ല, വിധി പറയാനുള്ള അവകാശം, ഹൃദയങ്ങളെ പരിശോധിച്ചറിയാൻ കഴിയുന്ന തമ്പുരാൻേറത് മാത്രമെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുവാൻ പ്രാപ്തരാകുകയും ചെയ്യുന്നു. കൂടെ നമുക്ക് ഓർക്കാം ആ സുന്ദരമായ വചനം, "തെറ്റു ചെയ്യുക എന്നത് മാനുഷികമാണ്, ക്ഷമിക്കുക എന്നത് ദൈവീകവും." 

Friday, June 24, 2016

"മക്കളെങ്ങാനും വിളിച്ചോ, സിസ്റ്ററേ... ഇല്ലാല്ലേ.. അവരു മറന്നു കാണും.." (ലൂക്കാ 1, 57-66)

"മക്കളെങ്ങാനും വിളിച്ചോ, സിസ്റ്ററേ... ഇല്ലാല്ലേ.. അവരു മറന്നു കാണും.." (വായനാഗം - ലൂക്കാ 1, 57-66)

ജീവിതത്തിൻെറ സായാഹ്നം വരെയും ഊണിലും ഉറക്കത്തിലും 'മക്കൾ,' 'മക്കൾ' എന്നു മാത്രം ചിന്തിച്ച് തങ്ങളെത്തന്നെ വ്യയം ചെയ്തവർ, ഇന്ന് പടിക്കു പുറത്താക്കപ്പെട്ട് വൃദ്ധസദനങ്ങളിൽ ഇരുന്ന് വ്യസനപ്പെടുന്നു. മുന്നിലൂടെ കടന്നുപോകുന്നവരോടൊക്കെ ഒറ്റ കുശലമേ ഉള്ളൂ അവർക്ക്,  "മക്കളെങ്ങാനും വിളിച്ചോ, സിസ്റ്ററേ... ഇല്ലാല്ലേ.. അവരു മറന്നു കാണും.." ജീവിത സായാഹ്നത്തിൽ മാത്രമല്ല, ജീവിതത്തിൻെറ പല ഘട്ടങ്ങളിലും പല രീതികളിൽ ഞാനും നിങ്ങളും ഇതു അനുഭവിക്കുന്നുണ്ടാകാം. മനുഷ്യൻ മാത്രമല്ല ദൈവം പോലും തങ്ങളെ മറന്നെന്നു കരുതി ജീവിക്കുന്നവരും ദൈവത്തെ മറന്നു ജീവിക്കുന്നവരും നമുക്കു ചുറ്റും ധാരാളം ഉണ്ട്. എന്നാൽ. ഇന്നത്തെ തിരുവചനഭാഗം നമ്മെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കും. ഇവിടെ ദൈവം ഓർത്തവനെയും ദൈവത്തെ ഓർത്തവനെയും നാം സഖഖിയായിൽ കാണുന്നു. സഖറിയാ (സഖർ-യാഹ്) എന്ന വാക്കിൻെറ അർത്ഥം "ദൈവം ഓർമ്മിച്ചു" എന്നാണ്. ദൈവം ഓർത്തെന്ന് വിശ്വസിച്ച് ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുന്ന സഖറിയായുടെ വലിയ സന്തോഷത്തിൻെറ പങ്കുവെപ്പ് ഇന്നത്തെ വായനയിൽ ഉടനീളമുണ്ട് - കുടുംബത്തിലും അയൽബന്ധങ്ങളിലും. സഖറിയാ തൻെറ കുഞ്ഞിനു പേരിടുന്നതു തന്നെ യോഹന്നാൻ (അർത്ഥം - "ദൈവം കരുണാമയൻ") എന്നാണ്. ജീവിതത്തിൻെറ ഏതു സാഹചര്യത്തിലും ദൈവം എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു എന്നു വിശ്വസിച്ച് ജീവിക്കാൻ ദൈവം നമുക്ക് ഇടവരുത്തട്ടെ. 

Thursday, June 23, 2016

"മിണ്ടാതിരിയടാ അവിടെ, അവൻെറ ഒരു..." (മർക്കോ. 10, 46-52)

"മിണ്ടാതിരിയടാ അവിടെ, അവൻെറ ഒരു..." (വായനഭാഗം - മർക്കോ. 10, 46-52)

ജീവിതത്തിൻെറ ഏതെങ്കിലും ഘട്ടത്തിൽ, ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ നാമെല്ലാവരും, ആരിലെങ്കിലും നിന്ന്, ഇത്തരത്തിലുള്ള വാക്കുകൾ ശ്രവിച്ചിട്ടുണ്ടാകാം, "മിണ്ടാതിരിയടാ അവിടെ, അവൻെറ ഒരു..." അവയിൽ ചിലതെങ്കിലും ജീവിതത്തിലിന്നും ഉണങ്ങാത്ത മുറിപ്പാടുകളായി തുടരുന്നുണ്ടാകാം. ക്ഷമിക്കാനും മറക്കാനുമാകാത്ത ആ നിമിഷങ്ങളെ പേറുന്നവർക്കൊക്കെ വലിയ ആശ്വാസമായി ഇന്നു യേശു തമ്പുരാൻെറ വാക്കുകൾ ഒരിക്കൽ കൂടി മന്ത്രിക്കപ്പെടുകയാണ്, "അവനെ വിളിക്കുക... മകനേ, ഞാൻ നിനക്കു എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്." ഈ ഭൂമിയിൽ ആർക്കൊക്കെ നമ്മുടെ നിലവിളികളും അപേക്ഷകളും അലോസരമായി തോന്നി നമ്മെ നിശബ്ദരാക്കാൻ ശ്രമിച്ചാലും, അവന്, അവനുമാത്രം നമ്മുടെ നിലവിളിയുടെ സ്വരം അവഗണിക്കാനോ, തിരസ്ക്കരിക്കാനോ ആവില്ല. എത്ര തിരക്കേറിയ യാത്രയ്ക്കു നടുവിലും അവൻ എനിക്കായി കാത്തുനില്ക്കുകയും എനിക്ക് ഉത്തരം നല്കുകയും ചെയ്യുന്നവനാണ്. കാരണം, അവൻ എന്നെ തൻെറ ജീവൻ കൊടുത്ത് വിലക്കെടുത്തതാണ്. നാം അവനെ മറന്നാലും അവന് നമ്മെ ഒരിക്കലും മറക്കാനാവില്ലല്ലോ. ഈ സ്നേഹത്തോട് ഇനിയും ശരിയായി പ്രത്യുത്തരിക്കാനും ഈ ദിവ്യസ്നേഹം മറ്റുള്ളവർക്കു പകർന്നുകൊടുക്കുവാനും ഞാൻ മടി കാണിക്കുന്നുവോ?  

Wednesday, June 22, 2016

"വിജയിയാവാൻ എന്നതിനേക്കാൾ വിശ്വസ്ഥനാകാൻ... " (മത്താ. 10,16-22)

"വിജയിയാവാൻ എന്നതിനേക്കാൾ വിശ്വസ്ഥനാകാൻ... " (വായനഭാഗം- മത്താ. 10,16-22)

മദർ തെരേസായെന്ന മഹാപുണ്യവതി എന്നും തൻെറ ജീവിതത്തിൽ ഓർക്കുകയും മറ്റുള്ളവരെ ഓർമ്മിപ്പിക്കുകയും ചെയ്ത ഒരു കാര്യമാണ്, "ദൈവം നമ്മെ വിളിച്ചിരിക്കുന്നത്, വിജയിയാവാൻ എന്നതിനേക്കാൾ വിശ്വസ്ഥനാകാൻ" എന്നത്. ഒരു പക്ഷെ ഇന്നത്തെ തിരുവചന ഭാഗത്തിലും ഈ വിളിയുടെ ഓർമ്മപ്പെടുത്തൽ നാം തിരിച്ചറിയും. യേശു തമ്പുരാൻ പറയുന്നു, "ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ  അയക്കുന്നു. നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിനെന്ന്." വിശ്വസ്ഥതയില്ലാത്ത (നിഷ്കളങ്കതയെ ഇവിടെ വിശുദ്ധിയായും വിശ്വസ്ഥതയായും മനസ്സിലാക്കാറുണ്ട്) വിവേകം വിജ്ഞാനിയായ സോളമനെ എന്തുമാത്രം നാശത്തിലേക്കു നയിച്ചുവെന്ന് നാം രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനൊന്നാം അദ്ധ്യായത്തിൽ വായിക്കുന്നുണ്ട്. ഈ ലോകത്തിലെ ചെന്നായ്ക്കളുടെ ഇടയിലെന്നപോലെയുള്ള ക്രൈസ്തവ ജീവിതം വിവേകത്താൽ വിജയത്തിലേക്കു നമ്മെ നയിക്കുമായിരിക്കാം. എന്നാൽ, വിവേകം വിശ്വസ്ഥതയാൽ ബലപ്പെടുത്തപ്പെടുന്നില്ലായെങ്കിൽ, അതു മനുഷ്യരാൽ ആദരിക്കപ്പെടും, പക്ഷെ, ദൈവത്താൽ തിരസ്ക്കരിക്കപ്പെടും. ലോകത്താൽ മുഴുവൻ വെറുക്കപ്പെട്ടപ്പോഴും, സ്വർഗ്ഗീയ പിതാവിൻെറ മഹത്വത്തിനും ആദരത്തിനും തന്നെത്തന്നെ സമർപ്പിച്ച്, കുരിശുമരണം വരെ വരിച്ച  മിശിഹാ തമ്പുരാൻ, ഇന്നു നമ്മെ, വിശ്വസ്ഥതയോടെയുള്ള വിവേകപൂർണ്ണമായ ക്രൈസ്തവ ജീവിത സാക്ഷ്യത്തിനു, പ്രാപ്തരാക്കട്ടെ.

Tuesday, June 21, 2016

"പത്തെമ്പത് വയസ്സായച്ചോ, വയ്യാ, ഇനി ഇതൊന്നും ഓർക്കാനും പഠിക്കാനും സാധിക്കില്ല... " (മർക്കോ. 4, 21-25)

"പത്തെമ്പത് വയസ്സായച്ചോ, വയ്യാ, ഇനി ഇതൊന്നും ഓർക്കാനും പഠിക്കാനും സാധിക്കില്ല... " (മർക്കോ. 4, 21-25)

മരുമകൾ ബൈബിൾ ക്ലാസ്സിൽ പങ്കെടുത്ത് വീട്ടിൽ എത്തിയപ്പോൾ അമ്മായിയമ്മയോട്, ബൈബിൾ ഉദ്ധരണികൾ അനായാസം പങ്കുവെക്കാനുള്ള, ക്ലാസ്സെടുത്ത അച്ചൻെറ കഴിവിനെ, പ്രകീർത്തിച്ചു സംസാരിച്ചു. പിന്നീടൊരിക്കൽ, വീടു സന്ദർശനത്തിനായി അതേ അച്ചൻ എത്തിയപ്പോൾ അമ്മാമ ഇത്തിരി മനപ്രയാസത്തോടെ അച്ചനോട് പറഞ്ഞു, "പത്തെമ്പത് വയസ്സായച്ചോ, വയ്യാ, ഇനി ഈ ബൈബിൾ വാക്യങ്ങളൊന്നും അച്ചനെപോലെ ഓർക്കാനും പഠിക്കാനും സാധിക്കില്ല... " സംസാരം മുന്നോട്ട് പോകെ മൂത്തമകനെയും മരുമകളെയും കുറിച്ച് ആരാഞ്ഞപ്പോൾ, അമ്മാമ ആ നീണ്ടകഥ അച്ചനോട് വിവരിക്കാൻ തുടങ്ങി, കല്ല്യാണം കഴിഞ്ഞനാൾ മുതൽ അന്നുവരെയുള്ള അവരുടെ കുറ്റങ്ങളും കുറവുകളും ഒന്നൊന്ന് അക്കമിട്ട് നിരത്തി, വള്ളീം പുള്ളീം തെറ്റാതെ തന്നെ. അച്ചൻ അത്ഭുതപ്പെട്ടു, ഈ അമ്മാമക്ക് എന്ത് ഓർമ്മക്കുറവ്! ഈശോ തമ്പുരാൻ ഇന്ന് നമ്മെയും ഓർമ്മപ്പെടുത്തുന്നു, "ഉള്ളവനു നല്കപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടു" മെന്ന്. നമുക്ക് ഓർമ്മശക്തിയില്ലാത്തതല്ല പലപ്പോഴും പ്രശ്നം, അവ ഉപയോഗിക്കേണ്ട രീതിയിൽ, ഉപയോഗിക്കേണ്ട സമയത്ത്, ഉപയോഗിക്കേണ്ടവക്ക്, ഉപയോഗിക്കുന്നില്ല എന്നതാണ്. തമ്പുരാൻ നല്കിയ വിവിധങ്ങളായ കഴിവുകളെ നന്മക്ക് ഉപയോഗപ്പെടുത്തി നന്മയുടെ നിക്ഷേപം കരുതുന്നവരാകാം നമുക്കോരുത്തർക്കും ഇന്നുമുതൽ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!  

Monday, June 20, 2016

ഇച്ചിരിയെ ഉള്ളൂ, അതിൻെറ വായിൽ നിന്ന് വരുന്നത് കേട്ടാൽ... (മത്താ. 12, 33-37)

ഇച്ചിരിയെ ഉള്ളൂ, അതിൻെറ വായിൽ നിന്ന് വരുന്നത് കേട്ടാൽ... (മത്താ. 12, 33-37)

പിഞ്ചു കുഞ്ഞുങ്ങളുടെ കൊഞ്ചികുഴഞ്ഞുള്ള വർത്തമാനം ഇഷ്ടപ്പെടാത്തവരായി നമ്മിൽ ആരും കാണില്ല. അതു കേട്ടിരിക്കെ സമയം പോകുന്നതും അറിയാറില്ല. എന്നാൽ, ചിലപ്പോഴെങ്കിലും അവരുടെ സംസാരത്തിൽ അവരറിയാതെ അവരിൽ നിന്നും വരുന്ന വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുകയോ, അലോസരപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ചിലരെങ്കിലും മനസ്സിൽ പറഞ്ഞിട്ടുണ്ടാകാം, "ഇച്ചിരിയെ ഉള്ളൂ, അതിൻെറ വായിൽ നിന്ന് വരുന്നത് കേട്ടാൽ.."എന്ന്. നമ്മെ ശരിക്കും പരിശോധിച്ചാൽ നാമും വ്യത്യസ്തരല്ലെന്ന് കാണാനാകും. ഇന്നു യേശു തമ്പുരാൻ നമ്മോട് പറയുന്നു, "നല്ല മനുഷ്യൻ തൻെറ നന്മയുടെ നിക്ഷേപത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു" വെന്ന്. ഉള്ളതേ അപരന് കൊടുക്കാൻ കഴിയൂവെന്ന് ശരിയായും മനസ്സിലാക്കുന്നവൻ, നന്മയുടെ നിക്ഷേപമൊരുക്കാൻ നിരന്തരം പരിശ്രമിക്കുകയും അതിൽ നിന്ന് അവൻ നന്മ സംസാരിക്കുകയും ചിന്തിക്കുയും കാണുകയും കേൾക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. നന്മ-തിന്മകളുടെ വിവേചനയുള്ളവനേ അതിനു സാധിക്കൂ. മൂല്യങ്ങളുടെ തിരിച്ചറിവും നല്ല മനസ്സാക്ഷി രൂപീകരണവും മറ്റേതു വിഷയങ്ങളുടെ പഠനത്തേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് മാതാപിതാക്കളും ഗുരുക്കന്മാരും മനസ്സിലാക്കട്ടെ.  ആയതിനാൽ, നന്മ-തിന്മകളെ വിവേചിച്ചറിയാനുള്ള ശക്തിക്കും നന്മയുടെ നിക്ഷേപം നിരന്തരം സ്വരുക്കൂട്ടുവാനുള്ള - മനസ്സാ/വാചാ/കർമ്മണായുള്ള - ജാഗ്രതക്കും സമർപ്പണത്തിനുമായി പ്രാർത്ഥിക്കാം.

Sunday, June 19, 2016

അവർക്കതല്ല, അതിനപ്പുറവും കിട്ടും; കയ്യിലിരിപ്പ് അതല്ലേ! (ലൂക്കാ 12,57-13,5)

അവർക്കതല്ല, അതിനപ്പുറവും കിട്ടും; കയ്യിലിരിപ്പ് അതല്ലേ! (ലൂക്കാ 12,57-13,5)

അപരൻെറ ജീവിതത്തിലെ ദുരന്തങ്ങൾക്കും കഷ്ടതകൾക്കും നേരെ ഇരു കണ്ണുകളും സദാ തുറന്നിരിക്കുന്ന കുറേ പേരെങ്കിലും വാ തുറക്കുന്നത് ഇതു പറയാനാൻ മാത്രമാണ്, "അവർക്കതല്ല, അതിനപ്പുറവും കിട്ടും; കയ്യിലിരിപ്പ് അതല്ലേ!" എന്നാൽ, പാപാന്ധകാരത്തിലായിരുന്ന മാനവനെ വിമോചിപ്പിക്കുവാനായി കഷ്ടതകൾ ഏറ്റെടുക്കുവാനും കുരിശിലേറുവാനും വന്നവൻ ഇന്ന് നമ്മോട് പറയുന്നത് മറിച്ചാണ്. ഇവയൊക്കെ മനുഷ്യജീവിതത്തിൻെറ നൈമിഷികതയെയോ, അനിശ്ചിതത്തെയോ ഓർമ്മപ്പെടുത്തുന്നതിനൊപ്പം, ദൈവീകകാരുണ്യത്തിൻെറ ഇടപെടലുകളോ, അനുതാപത്തിനായുള്ള നിനക്കുള്ള മുന്നറിയിപ്പുകളോ ആണെന്നു കൂടിയാണ്. എങ്കിൽ, ദുരന്ത നിമിഷങ്ങളിൽ നാം അപരനെതിരെ വാ തുറക്കുന്നതിനു മുമ്പേ ഹൃദയം തുറന്ന് അനുതപിക്കാനും സദാ ഒരുക്കമുള്ളവരാകാനും അപരൻെറ ദുരന്തങ്ങളിൽ ജോബിനെപ്പോലെ അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അതുവഴി നാമോരുത്തരും അനുഗ്രഹത്തിൻെറ ജീവിക്കുന്ന അടയാളമായി തീരുവാനും അവിടുന്നു ആഗ്രഹിക്കുന്നു. ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടതായി കാണുന്ന തിന്മകളെയും ദുരന്തങ്ങളെയും കുറിച്ച് വി. പൌലോസ് പറയുന്നത് അവ നമുക്കൊരു പാഠമായിത്തീരാനും കൂടിയാണ് എഴുതപ്പട്ടതെന്നാണ്. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

Saturday, June 18, 2016

അച്ചോ, ഇവരുടെ പേരുകൾ കാര്യമായിട്ടൊന്ന് വിളിച്ചു പറയണം... (മാർക്കോ. 12, 38-44)

അച്ചോ, ഇവരുടെ പേരുകൾ കാര്യമായിട്ടൊന്ന് വിളിച്ചു പറയണം... (മാർക്കോ. 12, 38-44)

ബലിയർപ്പണത്തിനോ, മറ്റു തിരുക്കർമ്മങ്ങൾക്കോ അൾത്താരയിലേക്കു കയറുന്നതിനു മുമ്പേ, കൈക്കാരന്മാരോ, കമ്മറ്റിക്കാരോ, കപ്യാരോ നൽകുന്ന "ചെവിട്ടോർമ്മ" കളിൽ പ്രധാനപ്പെട്ട ഒന്നാണ്, "അച്ചോ, ഇവരുടെ പേരുകൾ കാര്യമായിട്ടൊന്ന് വിളിച്ചു പറയണം" എന്നത്. തിരുനാളുകളും ആഘോഷങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും പൊടിപൊടിക്കുമ്പോൾ അതിനായി ചെറുതും വലുതുമായി സംഭാവനകൾ നല്കിയവരുടെ പേരുകൾ ഓർക്കണമെന്നു മാത്രമല്ല, അതു കാര്യമായിട്ടൊന്ന് മറ്റുള്ളവരെ അറിയിക്കണമത്രേ, ഒരു തവണയല്ല, പലതവണ, പലരൂപത്തിൽ. ദൈവാലയത്തോടു ചേർന്നുള്ള മനസ്സാക്ഷിയുടെ ഇത്തരം കച്ചവടവൽക്കരണത്തിനെതിരെ ക്രൈസ്തവമായൊന്നു ഉണർന്നു ചിന്തിക്കാനും പ്രവർത്തിക്കാനും തമ്പുരാൻ ഇന്നു നമ്മെ ക്ഷണിക്കുകയാണ്. നാട്ടാരെല്ലാരും കാണത്തക്കവിധവും അറിയത്തക്ക വിധവും നിക്ഷേപിക്കപ്പെട്ട ഫരിസേയൻെറ കാപട്യത്തിൻെറ കാഴ്ചയല്ല, തൻെറ നാളത്തെ ഉപജീവനത്തിനുള്ള മുഴുവൻ വകയായ രണ്ടു ചില്ലിക്കാശു ആരും കാണാതെ, അറിയാതെ നിക്ഷേപിച്ച വിധവയുടെ കാഴ്ചയാണ് തമ്പുരാൻെറ മുമ്പിൽ സ്വീകാര്യമായത്. തമ്പുരാൻ നല്കിയതല്ലാതെ ഒന്നും നമ്മുടെ ജീവിതത്തിലില്ലെന്നിരിക്കെ, അതിൽ നിന്നല്പം വ്യക്തിക്കോ, സമൂഹത്തിനോ പങ്കുവെക്കപ്പെടുമ്പോഴേക്കും ഇത്രയും ബഹളത്തിനു ഇടം വേണോയെന്ന് തമ്പുരാൻ ഓർമ്മപ്പെടുത്തുന്നു. നമ്മുടെയൊക്കെ ചുറ്റും ആരാലും അറിയപ്പെടാതെ ഒഴുക്കപ്പെടുന്ന കാരുണ്യത്തിൻെറ ഉറവകളെ നമുക്കിന്ന് യേശു മനസ്സോടെ ഓർക്കുകയും നമുക്കും അതിൽ പങ്കുചേരാൻ നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യാം.           

Sunday, June 12, 2016

നമ്മുടെ പള്ളിയും പൊളിച്ചു പണിയണം... (ലൂക്കാ 12, 22-34)

നമ്മുടെ പള്ളിയും പൊളിച്ചു പണിയണം... (ലൂക്കാ 12, 22-34)

ഇട്ടാവട്ടത്തിൽ നിന്ന് പുറത്തുകടക്കുന്നതിനു മുമ്പേ പണിതുയർത്തിയത് ലോകത്തിലെ ഏറ്റവും വലുതെന്ന് വലിയ വായിൽ രായ്ക്കുരാമാനം ഓരിയിടുന്നവരുടെയും "അരിപ്രാഞ്ചി"മാരുടെയും എണ്ണമിന്ന് ഒരുവശത്ത് കൂടി വരുമ്പോൾ, മറുവശത്ത്, വാരിക്കൂട്ടിയതും വെട്ടിപ്പിടിച്ചതും തൻെറ മാത്രമെന്ന് പാഴ് കിനാവു കണ്ട് വിഡ്ഢികളാകുന്നവരുടെ എണ്ണത്തിലും കുറവൊന്നും കാണുന്നില്ല. ജീവിതത്തിലെ മുൻഗണനകളെ തിരിച്ചറിയാതെ മുന്നോട്ടുപോകുന്നവരോട് ഇന്ന് യേശു തമ്പുരാൻ ചോദിക്കുന്നു, ജീവനേക്കാൾ മഹത്തരമാണോ ആഹാരം?, ശരീരത്തേക്കാൾ പ്രാധാന്യമർഹിക്കുന്നുവോ വസ്ത്രം? മാക്സിമം രണ്ടു സ്ക്വയർ ഫീറ്റിൻെറ സക്രാരിയിൽ ഒതുങ്ങാൻ തീരുമാനിച്ച തമ്പുരാന് വേണ്ടി പണിതുയർത്തുന്ന ദൈവാലയങ്ങളും ദൈവാലയ മുഖവാരികളും "പൊളിച്ചുപണിയപ്പെടുന്ന ആധുനിക അറപ്പുരകളാണോ"യെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ട്. ബ്യൂട്ടിപാർലറുകൾ വധുവരന്മാരെ വീഡിയോ-ഫോട്ടോ ആൽബ നിർമ്മാണത്തിനു ഒരുപാട് സഹായിച്ചിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട കുടുംബം കെട്ടിപ്പടുക്കുന്നതിൽ എന്തുമാത്രം സഹായിച്ചുവെന്നതു ചിന്താവിഷയമാക്കുന്നതുപോലെ, ആധുനിക ദൈവാലയങ്ങളും ദൈവാലയ "മുഖവാരികളും" ദൈവസാന്നിധ്യ സ്മരണക്കും ആരാധനക്കും എന്തുമാത്രം സഹായകമാകുന്നു എന്നതിനെ കുറിച്ചും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.    

Saturday, June 11, 2016

ഇന്നു മുതൽ മരണം വരെ.... (മത്താ. 10, 16-22)

ഇന്നു മുതൽ മരണം വരെ.... (മത്താ. 10, 16-22)

സമൂഹത്തിൻെറ അടിസ്ഥാന ഘടകമായ കുടുംബത്തിൻെറ രൂപീകരണ നിമിഷത്തിൽ സഭാതനയരായ വധൂവരന്മാർ ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ ആരംഭമാണ്, "ഇന്നു മുതൽ മരണം വരെ..." എന്നത്. മനുഷ്യൻ മനുഷ്യനോടു ദൈവ ഐക്യത്തിൽ ചെയ്യുന്ന ഈ ഉടമ്പടിയിലെന്നതു പോലെ, ഓരോ ക്രൈസ്തവനും തൻെറ രക്ഷകനും നാഥനുമായ ക്രിസ്തുവുമായി നടത്തുന്ന വ്യക്തിപരമായ ഉടമ്പടിയിലും ഈ ഏറ്റുചൊല്ലലും സാക്ഷ്യവുമുണ്ടാകണമെന്ന് ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. "അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷപ്രാപിക്കും." ക്രൈസ്തവ സാക്ഷ്യജീവിതം ഏതാനും കുറച്ചു നാളുകളിലേക്കായി  പരിമിതപ്പെടുത്തിയിട്ടില്ലെന്നർത്ഥം. അതുകൊണ്ടാണ്, ക്രൈസ്തവ ജീവിതത്തിൽ ജന്മദിനത്തേക്കാൾ ചരമദിനത്തിന് അർത്ഥവും പ്രസക്തിയുമുണ്ടാകുകയും വിശുദ്ധരുടെ ജന്മദിനത്തേക്കാൾ അവരുടെ മരണത്തിരുനാൾ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കുയും ചെയ്യുന്നത്. തിരുസ്സഭ ആരെയും ഒരിക്കലും ജീവിച്ചിരിക്കെ വിശുദ്ധരെന്നു നാമകരണം ചെയ്യാത്തതും അതുകൊണ്ടാണെന്നറിയുക. സഹനങ്ങൾക്കും ഏതു പ്രതികൂലസാഹചര്യങ്ങൾക്കും നടുവിലും വിശ്വസ്ഥതയിൽ ക്രിസ്തുവിനു സാക്ഷ്യം നൽകാനുള്ള ശക്തിക്കും ബലത്തിനുമായി കൃപ യാചിക്കാം.    

Friday, June 10, 2016

ജനസമ്പർക്കത്തിൻെറ നേർക്കാഴ്ചകൾ... (മർക്കോ. 5, 21-24)

ജനസമ്പർക്കത്തിൻെറ നേർക്കാഴ്ചകൾ... (മർക്കോ. 5, 21-24)

ഇടനിലക്കാരില്ലാതെ ഏല്പ്പിക്കപ്പെട്ട ജനത്തിൻെറ ഓരോ പ്രശ്നത്തിലും ഇടപെടുകയും പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ജനപ്രിയ നായകർക്ക് പത്രമാധ്യമങ്ങളിലും മറ്റും ഇന്നും ഏറെ ഇടമുണ്ട്. മാവേലിയുടെ വരവു കണക്കെയുള്ള അപൂർവ്വ ജനസമ്പർക്ക പരിപാടിക്കോ, അതിൻെറ ആഘോഷങ്ങൾക്കോ, ആരവങ്ങൾക്കോ നേരെ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉണ്ടാകാമെങ്കിലും, ആർജ്ജവമുള്ള ജനസമ്പർക്കം ദൈവീക പ്രവർത്തിയോട് അടുത്തു നിൽക്കുന്നു. ജായ്റൂസിൻെറ അഭ്യർത്ഥനയും യേശുവിൻെറ പ്രതികരണവും ക്രമീകരിക്കപ്പെട്ട ഒരു പദ്ധതിയായിരുന്നില്ല, അനുദിന ജീവിത ശൈലിയുടെ സ്വാഭാവിക പ്രകാശനമായിരുന്നു. അതുകൊണ്ടു തന്നെ, ലോകത്തെ പാദപീഠമാക്കിയവന് തലചായ്ക്കാൻ ഇടമില്ലാതെ പോയി എന്നത് മറിച്ചും വായിക്കാൻ പലപ്പോഴും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. ജനഹൃദയങ്ങളെ സ്നേഹം കൊണ്ടു കീഴടക്കിയവന് ഈ ലോകത്ത് തലചായ്ക്കാൻ ഇടം ആവശ്യമായി വന്നില്ല, കാരണം അവൻ വസിച്ചത് മാനവ ഹൃദങ്ങളിലാണ്. ഉള്ളും ഉള്ളതും കൊടുക്കുന്നവർക്കുള്ള ഇടം ഈ ലോകത്തിലെ നൈമിഷിക കൂടാരങ്ങളിലല്ല, പകരം നിത്യതയുടെ സ്നേഹകൂടാരങ്ങളായ ജനഹൃയങ്ങളിലാണ്. അല്ലാത്തവനോ, അന്നത്തെ വീതവും വാങ്ങി അറപ്പുരകൾ പൊളിച്ചു പണിതുകൊണ്ടേയിരിക്കാം, വിഡ്ഢീയെന്ന് സ്വർഗ്ഗീയ സിംഹാസനത്താൽ നാമകരണം ചെയ്യപ്പെടുകയുമാകാം.       

Thursday, June 9, 2016

തിരിച്ചറിയപ്പെടാതെയും ഉപയോഗശൂന്യമായും പോകുന്ന മാണിക്യങ്ങൾ... (മത്താ. 5, 13-20)

തിരിച്ചറിയപ്പെടാതെയും ഉപയോഗശൂന്യമായും പോകുന്ന മാണിക്യങ്ങൾ... (മത്താ. 5, 13-20)

നാമിന്ന് അനുഭവിക്കുന്നത് മനുഷ്യൻെറ ബുദ്ധി-ഓർമ്മശക്തികളുടെ ഉപയോഗിക്കപ്പെട്ട പത്തുശതമാനത്തിൻെറ ഫലം മാത്രമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതിനർത്ഥം ഇനിയും മനുഷ്യൻെറ മൂല്യം ലൌകീകാർത്ഥത്തിൽ പോലും പൂർണ്ണമായും തിരിച്ചറിയപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നല്ലേ? മരണത്തെപ്പോലും ജയിച്ചവനും ശരീരത്തെയും ആത്മാവിനെയും നശിപ്പിക്കാനും പടുത്തുയർത്തുവാനും കഴിവുള്ളവൻ നമ്മെയിന്ന് ഓർമ്മപ്പെടുത്തുന്നു, നാം ഈ ലോകത്തിൻെറ ഉപ്പും വിളക്കുമാണെന്ന്. എന്തേയിന്ന് ഇത്രയേറെ അന്തകാര പ്രവർത്തികൾ ഈ ലോകത്തിൽ? എന്തേയിന്ന് ഈ ലോകജീവിതം കയ്പുള്ളതായി മാറുന്നു? വിളക്കും ഉപ്പുമാകേണ്ട ക്രൈസ്തവ ജീവിതങ്ങൾ ഇനിയും തിരിച്ചറിയപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തിട്ടില്ല എന്നതാണ്. പുറമെയുള്ളവനെ ഭയപ്പെടാതെ അകമെയുള്ള ക്രിസ്തുചൈതന്യത്തിൽ ആശ്രയിച്ച് സൂര്യധർമ്മങ്ങളിലൊന്നിൽ പങ്കുപറ്റുന്ന കൊച്ചു കൊച്ചു മിന്നാമിനുങ്ങുകളെ പോലെയാകാൻ കൃപ യാചിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.  

Wednesday, June 8, 2016

വേണം നമുക്കും ചില വേർതിരിവുകൾ... (മത്താ 25, 31-40)

വേണം നമുക്കും ചില വേർതിരിവുകൾ... (മത്താ 25, 31-40)

വേർതിരിവെന്നോ, വിവേചനമെന്നോ കേൾക്കുമ്പോഴേ, നെറ്റി ചുറ്റിചുളിക്കുന്നവരുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ ഏറിവരികയാണ്. ഒരർത്ഥത്തിൽ അത് മാനവവളർച്ചയുടെ അടയാളമാണ്. മത-രാഷ്ട്രീയ-സാംസ്ക്കാരിക വേർതിരിവുകളില്ലാത്ത, വർണ്ണ-വർഗ്ഗ വിവേചനമില്ലാത്ത സമൂഹമെന്നത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ, ചില വേർതിരിവുകൾ ഒഴിവാക്കാനാകില്ല ജീവിതത്തിൽ എന്ന് ഇന്നത്തെ തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത്തരം വേർതിരിവുകൾ ഇല്ലായെങ്കിൽ വിധിയാളൻെറ വരവിനെന്തു പ്രസക്തി? വിധിയാളനുണ്ടെങ്കിൽ വേർതിരിവുമുണ്ട്. നന്മതിന്മകളുടെയും സത്യ-അസത്യങ്ങളുടുയും വേർതിരിവുകളില്ലാത്ത വിവേചനമില്ലാത്ത ഇന്നിൻെറ കൂടിചേരലുകൾ വിധിയാളൻെറ വരവിന് ആക്കം കൂട്ടുന്നു. അതുകൊണ്ട്, നമുക്കും ചില വേർതിരിവുകൾ സൂക്ഷിക്കാം ജീവിതത്തിൽ. വിധിയാളൻ നമ്മെ തൻെറ വലത്തുവശത്തു കാണാൻ ഇടവരുത്തും വിധം.       

Tuesday, June 7, 2016

സ്വസ്ഥതയ്ക്കും ഒരിടം കണ്ടെത്തണം ജീവിതത്തിൽ... (ലൂക്കാ 10, 38-42)

സ്വസ്ഥതയ്ക്കും ഒരിടം കണ്ടെത്തണം ജീവിതത്തിൽ... (ലൂക്കാ 10, 38-42)

എന്തുമാത്രം കഷ്ടപ്പെട്ടതാ, പ്രാർത്ഥിച്ചതാ, ഒരു സ്വസ്ഥതയോ സമാധാനമോ ഇല്ല.  ജീവിതത്തിൽ പല തരത്തിലുള്ള വ്യഗ്രതകളാൽ മനുഷ്യൻ ഇന്ന് നട്ടം തിരിയുകയാണ്. നീ സ്വസ്ഥമായിരിക്കുക ഞാൻ ദൈവമാണെന്നറിയുക എന്ന ദൈവവചനത്തിൻെറ പൊരുൾ ഇനിയും ഇന്നിൻെറ മനുഷ്യൻ മനസ്സിലാക്കിയിട്ടില്ല. അപരനെ നിന്നെപ്പോലെ സ്നേഹിക്കണമെന്നു പറഞ്ഞവൻ തന്നെ ഇന്നു നമ്മോട് പറയുന്നു, ഒരിക്കലും അപരൻ നിൻെറ ഏകാഗ്രത കൊള്ളയടിക്കാതെ നോക്കണമെന്ന്. മറിയം ഇവിടെ ശ്രദ്ധിച്ചതും മറ്റൊന്നുമല്ല. അപരൻെറ അസ്വസ്ഥതയാണ് നിന്നെയും അസ്വസ്ഥനാക്കേണ്ടത്. പകരം അപരൻെറ സ്വസ്ഥത നിന്നെ അസ്വസ്ഥനാക്കിയാൽ നിൻെറ തിരഞ്ഞടുപ്പ് തികച്ചും സ്വാർത്ഥമാണെന്ന് വരും. മറിയത്തിൻെറ തിരഞ്ഞെടുപ്പ് നന്നായെന്നു പറഞ്ഞ തമ്പുരാൻ, മർത്തായുടെ തിരഞ്ഞെടുപ്പിനെ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകളെയും പരാതികളെയും വിലയിരുത്താൻ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നു. തനിക്കു ജീവിക്കാനുള്ള വക ലഭിക്കുന്നുണ്ടോ എന്നതല്ലത്രേ, പകരം തനിക്ക് അപരനെ പോലെ ജീവിക്കാൻ വകയില്ലയെന്നതാണ് ഇന്നിൻെറ മനുഷ്യനെ അസ്വസ്ഥനാക്കുന്നത് എന്നതും കൂട്ടിവായിക്കാം.      

Monday, June 6, 2016

തിരിച്ചറിയപ്പെടേണ്ട സ്പർശങ്ങൾ... (മാർക്കോ. 5, 25-34)

തിരിച്ചറിയപ്പെടേണ്ട സ്പർശങ്ങൾ... (മാർക്കോ. 5, 25-34)

ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും കാലഘട്ടമെന്നതുപോലെ, തിക്കിൻെറയും തിരക്കിൻെറയും കാലഘട്ടവുമാണിന്ന്. ന്യൂജെൻ ഇന്നു സ്വസ്ഥത അനുഭവിക്കുന്നതു തന്നെ ലൈക്കുകളുടെയും ഫ്രണ്ട്സിൻെറയും എണ്ണത്തിൻെറ മെത്തയിലാണ്. എണ്ണം പലപ്പോഴും മുഖമില്ലായ്മയിലേക്കു നയിക്കുന്നുവെന്ന് അവനറിയുന്നില്ല. തന്നെ ഇനിയും അറിയുന്നില്ലല്ലോ എന്ന രോദനം, അനുദിനം സ്നേഹം വച്ചുവിളമ്പുന്ന കുടുംബ ബന്ധങ്ങളിൽ പോലും ഇന്ന് സാധാരണമായിരിക്കുന്നു. മുഖമില്ലായ്മയുടെയും മുഖമൂടികളുടെയും ഈ യുഗത്തിൽ ക്രിസ്തുവിൻെറ ശബ്ദവും ജീവിതവും വേറിട്ട കാഴ്ചയായി മാറുന്നു. ഓരോരുത്തരെയും പേരുചൊല്ലി വിളിക്കാൻ പോലും കഴിവുള്ള അവനു മാത്രമേ, ആയിരങ്ങൾക്കിടയിൽ നിന്ന് ആ തനതു സ്പർശവും ശബ്ദവും, തന്നെ അന്വേഷിക്കുന്നവൻെറ സ്പർശവും ശബ്ദവും, തിരിച്ചറിയാനും സുഖപ്പെടുത്താനുമാകുകയുള്ളൂ. നാഥാ, നിൻെറ കലർപ്പും കാപട്യവുമില്ലാത്ത ആ സ്നേഹത്തിലേക്ക് എന്നെയും ചേർക്കുകയും ഞാനും ശരിയായ സൌഖ്യത്തിൻെറ ഉപകരണമായി എനിക്കു ചുറ്റുമുള്ളവരുടെ ഇടയിൽ മാറുകയും ചെയ്യട്ടെ.   

Sunday, June 5, 2016

ക്രൈസ്തവ ജീവിത ശൈലിക്കൊരു ആമുഖം...(ലൂക്കാ 6, 27-36)

ക്രൈസ്തവ ജീവിത ശൈലിക്കൊരു ആമുഖം...(ലൂക്കാ 6, 27-36)

മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കാനുള്ള ക്ഷണത്തിനുള്ള ശരിയായ, ക്രിയാത്മകമായ പ്രത്യുത്തരം ഇന്നത്തെ സുവിശേഷഭാഗം നമുക്കു വ്യക്തമാക്കിത്തരുന്നു. സുവിശേഷത്തിലുള്ള അധരം കൊണ്ടുള്ള ഏറ്റുപറച്ചിലല്ലത്, മറിച്ച് സുവിശേഷാനുസൃതമുള്ള സാക്ഷ്യജീവിതമാണ്. ഇത് പ്രായോഗികമായ ഒരുജീവിതമാണോയെന്നു സംശയിക്കുന്നവന് വി. ലൂക്കാ സുവിശേഷകൻ ക്രിസ്തുവിൻറെയും ആദിമ ക്രൈസ്തവരുടെയും ജീവിതങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്ന ക്രിസ്തു പഠനത്തിലൂടെ വ്യക്തമാക്കുകയാണിന്ന്. ക്രിസ്തു മൂല്യങ്ങൾക്കനുസൃതമായ ജീവിതം ഇന്നും എന്നും സാധ്യമാണ് അവയോടനുബന്ധിച്ചുള്ള ത്യാഗങ്ങളെ സ്വീകരിക്കാൻ നാം എളിമയോടെ തയ്യാറായാൽ. ഈലോകത്തോട് അനുരൂപപ്പെടാതെ ക്രിസ്തുവിൽ നവീകൃമായ മനസ്സാക്ഷിയാൽ ജീവിക്കാൻ നമുക്കു ചുറ്റുമുള്ള കള്ള നാണയങ്ങളിലേക്കല്ല, മറിച്ച് ഹെബ്രായ ലേഖനം പറയുന്ന സാക്ഷികളുടെ ആ വലിയ സമൂഹത്തെ നോക്കി ക്രിസ്തുവാകുന്ന ലക്ഷ്യത്തിലേക്കു നീങ്ങാം. നമ്മെ പരിപൂർണ്ണനാക്കുന്ന ക്രിസ്തുവിൻറെ ആത്മാവ് നമ്മെ ബലപ്പെടുത്തട്ടെ. 

Saturday, June 4, 2016

എന്നോട് എന്തിനാ ഇങ്ങനെ ചെയ്യുന്നത്?.... (ലൂക്കാ 2, 41-51)

അമ്മേ, എന്നോട് എന്തിനാ ഇങ്ങനെ ചെയ്യുന്നത്?.... (ലൂക്കാ 2, 41-51)

പ്രഭാതത്തിൽ ഇന്ന് പല കുഞ്ഞുങ്ങളുടെയും പ്രാർത്ഥന മേൽപ്പറഞ്ഞതാകണം. എന്തുകൊണ്ടാണ് കുഞ്ഞിനെ ഇത്രയും അകലെയുള്ള സ്കൂളിൽ പഠിപ്പിക്കാൻ അയക്കുന്നത് എന്ന ചോദ്യത്തിന് ഒരു കുഞ്ഞിൻറെ അമ്മയുടെ മറുപടിയിതായിരുന്നു, ഈ "മുതല്" കുടുംബത്തിൽ നിന്ന് പോയീട്ട് വേണം അച്ചോ, എനിക്കു ജോലിക്കു പോകാൻ ഒരുങ്ങാൻ. കുഞ്ഞിൻറെ പപ്പ അങ്ങ് വിദേശത്താണ്. സ്കൂളിലെ പഠന നിലവാരമല്ലത്രേ, പകരം ഏറ്റവും നേരത്തെ എത്തുന്ന ബസ്സിൻറെ സ്കൂളാണത്രേ ബെസ്റ്റ് സ്കൂൾ. ഈ മുതല് പോയീട്ട് വേണം.... പരി. അമ്മയുടെ വിമല ഹൃദയ തിരുനാളിൽ, കൂടെയില്ലെന്നറിഞ്ഞ കുഞ്ഞിനെയും തേടിയുള്ള ഒരു അമ്മയുടെ  ചിത്രമാണ് ധ്യാനവിഷയം. "മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?" എന്ന ചോദ്യത്തിനു പകരം ഇന്നു കുഞ്ഞ് അമ്മയോട് ചോദിക്കുന്നു, "ഇത്രയും നേരത്തേ അമ്മയുടെ അടുത്തുനിന്നും എന്നെ യാത്രയാക്കാൻ ഞാൻ എന്തേ ചെയ്തത്?" അമ്മയുടെ മാറോടും ഹൃയത്തോടും ചേർന്നിരുന്ന ആ കുഞ്ഞിനെ കുറിച്ച് വി. ലൂക്ക പറയുന്നു, അവൻ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വന്നു...   

Friday, June 3, 2016

കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നൊഴുകിയ വെള്ളവും രക്തവും... (യോഹ. 19, 30-37)

കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നൊഴുകിയ വെള്ളവും രക്തവും... (യോഹ. 19, 30-37)

പഴയകാല ഓർമ്മകളിലൊന്ന് ഇങ്ങനെയാണ്, അമ്മയെ ഉപദ്രവിച്ചതിനോ, ഏതെങ്കിലും കുറ്റം ചെയ്തതിനോ, അമ്മയിൽ നിന്ന് ഈർക്കിൽ കൊണ്ട് അടിവാങ്ങുന്ന നേരം അമ്മയെ വട്ടം പിടിച്ച് കരയാറുണ്ടായിരുന്നു, എങ്ങോട്ടും ഓടാതെ. പിന്നീടെപ്പോഴോ അതു മറ്റു കുട്ടികൾ ആവർത്തിക്കുന്നതു കാണുമ്പോൾ മനസ്സിൽ പറയുമായിരുന്നു, അവന് അമ്മയെ വിട്ട് എവിടേക്കെങ്കിലും ഓടിക്കൂടെയെന്ന്. സാധിക്കുമോ, അവനത്? ഒരിക്കലുമില്ല, കാരണം അമ്മയുടെ സ്നേഹം മറ്റാരിൽ നിന്നും കിട്ടില്ലെന്ന് അവനറിയാം. തിരുഹൃദയ തിരുനാളിൽ, അമ്മയെ വട്ടം പിടിക്കുന്നതിനേക്കാളും ഉറപ്പോടെ അള്ളിപ്പിടിക്കാൻ ഇതാ, ഒരു ഹൃദയം. നശിപ്പിക്കാൻ കുത്തിതുറക്കുന്നവന് ജീവൻറെ നിലനില്പിനാവശ്യമായ രക്തവും ജലവും ആവോളം നല്കിയ സ്നേഹത്തിൻറെ ഒരിക്കലും വറ്റാത്ത ഉറവയായ ഹൃദയം. ഈ ഹൃദയമല്ലാതെ മറ്റാരാണ് നമുക്ക് എന്നും അഭയമാകുക?... "യേശുവിൻ മാധുര്യമേറും ഹൃദയമേ.... "        

Thursday, June 2, 2016

നല്ല വിതക്കാരൻ എൻറെ കാതിൽ ഒരുനാൾ ഓതിയത്... (ലൂക്കാ 8, 4-15)

നല്ല വിതക്കാരൻ എൻറെ കാതിൽ ഒരുനാൾ ഓതിയത്... (ലൂക്കാ 8, 4-15)

അപരൻറെ വസ്ത്രത്തിലെ അഴുക്കും, അവൻറെ കുത്തഴിഞ്ഞ ജീവിതവും, ലക്ഷ്യബോധമില്ലായ്മയും വ്യക്തമായി നിരീക്ഷിക്കുന്നതിനാൽ വിതക്കാരൻറെ ഉപമ വ്യാഖ്യാനിക്കാൻ അന്ന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. കേൾവിക്കാരുടെ ജീവിതത്തിൻറെ അശ്രദ്ധമായ വഴിയരികും, ഈ ലോകവ്യഗ്രതകളുടെ മുൾചെടികളും ഹൃയകാഠിന്യത്തിൻറെ പാറപ്പുറവും കൃത്യമായി വ്യാഖ്യാനിച്ചു നല്ല കയ്യടിയും നേടി. സംതൃപ്തിയോടെ പിന്നീടെപ്പോഴോ മയങ്ങാൻ തുടങ്ങിയപ്പോൾ നല്ല വിതക്കാരൻ എൻറെ കാതിൽ മെല്ലെ മന്ത്രിച്ചു, "മകനേ, നീ എന്നാ നിൻറെ ജീവിതത്തെ സത്യസന്ധമായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും തുടങ്ങുന്നത്." പിന്നെ ഉണർന്ന് ഇങ്ങനെ പ്രാർത്ഥിച്ചു, എൻറെ ജീവിതത്തിൻറെ മുപ്പതും അറുപതും നൂറും മേനിയുടെ ഫലഭൂയിഷ്ടതയും അപരൻറെ ജീവിതത്തിലെ ഫലമില്ലായ്മയും മാത്രം കാണുന്ന എനിക്ക് അപരൻറെ ജീവിതത്തിൻറെ ഫലഭൂയിഷ്ടതയും എൻറെ ജീവിതത്തിലെ ഫലമില്ലായ്മയും കൂടി കാണുവാനും മാനസാന്തരപ്പെടുവാനുമുള്ള കൃപ നല്കണേയെന്ന്.  

Wednesday, June 1, 2016

നിങ്ങൾ ആരെയാണ് ഭയപ്പെടേണ്ടതെന്ന് ഞാൻ പറയാം... (ലൂക്കാ 12, 2-8)

നിങ്ങൾ ആരെയാണ് ഭയപ്പെടേണ്ടതെന്ന് ഞാൻ പറയാം... (ലൂക്കാ 12, 2-8)

ഈ ലോകവും ശരീരവും അതിൻറെ സുഖങ്ങളും ലക്ഷ്യം വെയ്ക്കുന്നവരോട് തമ്പുരാൻ പറയുവാണ്, നിങ്ങൾ ശരീരത്തെ കൊല്ലുന്നവനെ ഭയപ്പെടേണ്ടന്ന്. വെളിപാടു പുസ്തകത്തിൽ പറയുന്ന ഈ ഒന്നാമത്തെ മരണമല്ല, ആത്മാവിനെ നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ മരണത്തെയാണ് ശരിയ്ക്കും ഭയപ്പെടേണ്ടതെന്ന്. അതുകൊണ്ടാണ് അവൻ ശരീരത്തിൻറെ മരണത്തിന് കീഴ്വഴങ്ങി ആത്മാവിനെ സ്വർഗ്ഗീയ പിതാവിൻറെ കരങ്ങളിൽ സമർപ്പിച്ചത്. മാനവരെയെല്ലാം വിണ്ണോളമുയർത്താൻ വന്നവൻറെ ഈ വാക്കുകൾക്ക് ഇന്ന് കാതോർക്കാം. ഈ ലോകത്തെയല്ലാ നാം ലക്ഷ്യം വെയ്ക്കുന്നത് നിത്യതയൊണ്. അർത്ഥം മനസ്സിലാക്കാതെ നൂറാവർത്തി പാടിയ ആബേലച്ചൻറെ ആ ഈരടികളുടെ ശരിയായ അർത്ഥം ഇന്ന് ഞങ്ങൾക്ക് മനസ്സിലാക്കിതരണേയെന്ന്. ഇതിൻറെ അർത്ഥം മനസ്സിലാക്കിയവർ ഒരിക്കലും കൊലക്കത്തിക്കു മുമ്പിൽ പതറിയില്ല, പതറുകയുമില്ല. 
"അസ്ഥിരമല്ലോ, ഭുവനവുമതിലെ ജഡികാശകളും, നീർപോളകൾപോൽ എല്ലാമെല്ലാം മാഞ്ഞടിയുന്നു"...