"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, August 31, 2016

"പാലം കടക്കുവോളം നാരായണ, നാരായണ... പാലം കടന്നാലോ കൂരായണ, കൂരായണ.... " (മാർക്കോ. 8, 14-21)

"പാലം കടക്കുവോളം നാരായണ, നാരായണ... പാലം കടന്നാലോ കൂരായണ, കൂരായണ.... "  (വായനഭാഗം - മാർക്കോ. 8, 14-21)

ദൈവത്തിൻ്റെ കാരുണ്യം അനുസ്മരിച്ച് ജീവിച്ചപ്പോഴൊക്കെ, ഇസ്രായേലിൻ്റെ ജീവിതം അനുഗ്രഹത്തിൻ്റെയും സംരക്ഷണയുടേതും ആയിരുന്നു. ദൈവകാരുണ്യം വിസ്മരിച്ച് തങ്ങളിൽ തന്നെ ആശ്രയിച്ച് ജീവിച്ചപ്പോഴോ, ദുരന്തങ്ങൾ വിടാതെ പിന്തർന്നു, അവരെ. അതുകൊണ്ടുതന്നെ, ഇസ്രായേൽ എന്നും തങ്ങളുടെ തലമുറകളെ ദൈവകാരുണ്യം അനുസ്മരിക്കാനും അവിടുത്തേക്ക് നന്ദിപറഞ്ഞ് ജീവിക്കാനും പഠിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. അതിലേറെ, ഇക്കാര്യം ദൈവം അവരെ മൂശ വഴി പഠിപ്പിച്ചിരുന്നു. തിരുവചനത്തിൽ വായിക്കുന്നു, "ആകയാൽ ഈ ഗാനം എഴുതിയെടുത്ത് ഇസ്രായേൽ ജനത്തെ പഠിപ്പിക്കുക. അവർക്കെതിരെ സാക്ഷ്യമായിരിക്കേണ്ടതിന് ഇത് അവരുടെ അധരത്തിൽ നിക്ഷേപിക്കുക." (നിയമാ. 31, 19) മോശ പഠിപ്പിച്ച ഗാനത്തിൽ നാം വായിക്കുന്നു, "കഴിഞ്ഞുപോയ കാലങ്ങൾ ഓർക്കുവിൻ, തലമുറകളിലൂടെ കടന്നുപേയ വർഷങ്ങൾ അനുസ്മരിക്കുവിൻ. പിതാക്കന്മാരോടു ചോദിക്കുവിൻ അവർ നിങ്ങൾക്കു പറഞ്ഞുതരും. പ്രായം ചെന്നവരോട് ചോദിക്കുവിൻ അവർ നിങ്ങൾക്കു വിവരിച്ചു തരും." (നിയമാ. 32, 7) ഇക്കാര്യം ഇസ്രായേലിൻ്റെ ആദ്ധ്യത്മിക ജീവിതത്തിൻ്റെ പ്രകാശനമായ സങ്കീർത്തനങ്ങളിൽ നിന്നും, പ്രത്യേകമായി പെസഹാ ആചരണത്തിൽ നിന്നും, കൂടുതലായി നാം അനുഭവിച്ചറിയുന്നു. നൂറ്റിമുപ്പത്തിയാറാം സങ്കീർത്തനം മുഴുവനും തന്നെ, "എന്തെന്നാൽ, ദൈവത്തിൻ്റെ കാരുണ്യം അനന്തമാണ്" എന്ന മന്ത്രധ്വനികളാൽ മുഖരിതമാണ്. കൂടാതെ, ഇസ്രായേലിൻ്റെ പ്രധാന തിരുനാളുകളെല്ലാം തന്നെ, ഇത്തരത്തിൽ ദൈവത്തിൻ്റെ കരുണയുടെ പ്രവർത്തികളെ ഓർത്ത്, നന്ദിപ്രകാശിപ്പിക്കുന്ന അവസരങ്ങളായിരുന്നു എന്നും, കാണാൻ സാധിക്കും.

സ്വീകരിച്ച നന്മകളെ മറന്ന് ജീവിക്കുകയെന്നത്, തങ്ങളിൽ തന്നെ ആശ്രയിച്ച് ജീവിക്കുന്നതിൻ്റെ ആരംഭമാണ്. അതുവഴി, ദൈവ-മനുഷ്യ ബന്ധങ്ങളിലും മനുഷ്യ-മനുഷ്യ ബന്ധങ്ങളിലും വിള്ളൽ വീഴാൻ സാധ്യതയേറെയാണു താനും. പരസ്പരം ബന്ധം നഷ്ടമായാൽ, ആശയവിനിമയവും സ്വരചേർച്ചയുമെല്ലാം അസ്ഥാനത്താകും. തദ്വാരാ, ആത്മസുഹൃത്ത് ആജന്മശത്രുവായി തോന്നാം, നിത്യോപകാരി പരമദ്രോഹിയായും തോന്നാം. ഇസ്രായേലിൻ്റെ കഷ്ടതകളും ദുരിതങ്ങളും ആരംഭിക്കുന്നത്, ഈജിപ്തിനുവേണ്ടി പൂർവ്വയൌസേഫ് ചെയ്ത നന്മപ്രവർത്തികളെ അറിയാത്ത, ഓർക്കാത്ത ഒരു ഫറവോ ഇസ്രായേലിൽ ഭരണമേറ്റപ്പോഴാണെന്ന് പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്, "അങ്ങനെയിരിക്കെ, ഒരു പുതിയ രാജാവ് ഈജിപ്തിൽ ഭരണാധികാരിയായി. അവന് ജോസഫിനെപ്പറ്റി അറിവില്ലായിരുന്നു." (പുറ. 1,8) സ്വീകരിച്ച നന്മകൾ ഓർക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോൾ, ബന്ധങ്ങൾ സുദൃഢമാകുകയും നിലനിൽക്കുകയും, വിസ്മരിക്കുമ്പോൾ അത് അകലുകയും നഷ്ടമാകുകയും ചെയ്യും.

ഇന്നത്തെ ധ്യാനവിഷയവും ഒരു മറവിയെ കുറിച്ചുള്ള ഓർമ്മപ്പടുത്തലാണ്. യേശു ചോദിക്കുന്നു, "കണ്ണുണ്ടായിട്ടും നിങ്ങൾ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങൾ ഓർമ്മിക്കുന്നില്ലേ? അഞ്ചപ്പം ഞാൻ അയ്യായിരം പേർക്കായി ഭാഗിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ നിങ്ങൾ എത്ര കുട്ട നിറച്ചെടുത്തു? ഏഴപ്പം നാലായിരം പേർക്ക് വീതിച്ചപ്പോൾ മിച്ചു വന്ന കഷണങ്ങൾ നിങ്ങൾ എത്ര കുട്ട എടുത്തു?" (മർക്കോ. 8, 18-20) അപ്പമെടുക്കാൻ മറന്നാലും, അപ്പം വർദ്ധിപ്പിച്ചു നല്കിയവനാണ് കൂടെയുള്ളതെന്ന സത്യം ക്രിസ്തുശിഷ്യൻ ഒരിക്കലും മറക്കരുതെന്ന്. നന്ദികേടിനെയും നെറിവുകേടിനെയും വിളിച്ചോതുന്ന, "പാലം കടക്കുവോളം നാരായണ, നാരായണ... പാലം കടന്നാലോ കൂരായണ, കൂരായണ.... " എന്ന പല്ലവിയല്ല, നാളിതുവരെയും സഹായിച്ച തമ്പുരാനെ ഓർത്തു ആർത്തുപാടുന്ന, "ഇത്രത്തോളം യഹോവ സഹായിച്ചു... ഇത്രത്തോളം ദൈവമെന്നെ നടത്തി" യെന്ന ഗാനം ക്രൈസ്തവജീവിതത്തിലെ, നിരന്തര ഓർമ്മപ്പെടുത്തലിൻ്റെ മന്ത്രമായി മാറട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

Tuesday, August 30, 2016

"അപരനെ വിധിക്കാൻ ഞാൻ ആരാണ്?" (മത്താ. 7, 1-6)

"അപരനെ വിധിക്കാൻ ഞാൻ ആരാണ്?" (വായനഭാഗം - മത്താ. 7, 1-6)

സുവിശേഷത്തിൻ്റെ സന്തോഷവും ആനന്ദവും ലോകം മുഴുവൻ പ്രഘോഷിക്കാനും പകരാനും ദൈവം ഈ കാലഘട്ടത്തിൽ പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ച വ്യക്തിയാണ്, പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ എന്നത്, തീർത്തും വാസ്തവമാണ്. പാപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ, അദ്ദേഹത്തിൻ്റെ വാക്കുകളും പ്രവർത്തികളും, ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്, നമ്മുടെ ഏവരുടെയും അനുഭവവുമാണല്ലോ. നവസാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നത്, വാക്കുകളേക്കാൾ ഏറെ, തൻ്റെ കാരുണ്യത്തിൻ്റെ കയ്യൊപ്പു പേറുന്ന പ്രവൃത്തികളാലാണ്; മനസ്സിൽ നിന്ന് മായാനും മറയാനും മടിക്കുന്ന ഒരായിരം കാരുണ്യത്തിൻ്റെ സജീവചിത്രങ്ങളാൽ. ദൈവത്തിൻ്റെ കാരുണ്യവും വിശ്വസ്ഥതയും രുചിച്ചറിഞ്ഞ്, അത് മറ്റുള്ളവർക്കുകൂടി പകരാൻ, ഈ നാളുകളിൽ കരുണയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണ്, ആ വലിയ മുക്കുവൻ. എന്തിനാണിതെന്നോ, ക്രിസ്തുവിൻ്റെ സ്നേഹവലയത്തിൽ നിന്ന് ആരും പുറത്താകാതിരിക്കാൻ.

എന്നാൽ, പലപ്പോഴും ഈ തുറവിയെ ഉൾക്കൊള്ളാനോ, മനസ്സിലാക്കാനോ കഴിയാതെ, മാറിനിന്ന് ആശ്ചര്യം കൊള്ളുന്നവരും, അദ്ദേഹവുമായി സംവാദങ്ങളിൽ ഏർപ്പെട്ട്, ഈ കരുണയുടെ ആഴവും അർത്ഥവും ഗ്രഹിക്കാൻ പരിശ്രമിക്കുന്നവരും നിരവധിയാണ്. സഭയുടെ പരമ്പരാഗത പഠനങ്ങൾക്കും ചിന്താരീതികൾക്കും അപ്പുറത്ത് യാത്രചെയ്യുന്ന മാർപാപ്പയെ കാണുന്നേരം, കൂടെ നടന്ന് സംശയനിവാരണം നടത്താൻ പത്രക്കാർ ചുറ്റും കൂടുമ്പോൾ, വലിയ മുക്കുവൻ്റെ ഹൃദയം തുറക്കുന്നത്, കരുണയുടെ വാതിൽ തുറന്നിടുന്നതുപോലെയാണ് എന്ന് പലപ്പോഴും തോന്നാൻ ഇടയായിട്ടുണ്ട്. സ്വവർഗ്ഗരതിക്കാരെക്കുറിച്ചും, അവരുടെ ഒരുമിച്ചുള്ള ജീവിതത്തോടും വിവാഹത്തോടുമുള്ള തിരുസ്സഭയുടെ മനോഭാവവും സമീപനവും ആരായുമ്പോഴൊക്കെ, "അപരനെ വിധിക്കാൻ ഞാൻ ആരാണ്?" എന്ന മറുചോദ്യവുമായി കരുണയുടെ വാതിൽ തുറക്കുന്ന പത്രോസിൻ്റെ പിൻഗാമിയെ ആരാണ് ഇഷ്ടപ്പെടാതെ വരിക? ഇത്തരത്തിലുള്ള ഒരു ക്രൈസ്തവ സാക്ഷ്യജീവിതത്തിനുള്ള പ്രേരണയും ഊർജ്ജവുമാണ് ഇന്നത്തെ ധ്യാനവിഷയം നല്കുന്നത്.

യേശു പറയുന്നു, "വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ തന്നെ, നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ, നിങ്ങൾക്കും അളന്നു കിട്ടും." (മത്താ. 7, 1-2) ഉള്ളം അറിയാൻ കഴിയാത്തവൻ, ബാഹ്യമായതിനെ മാത്രം അടിസ്ഥാനമാക്കി വിധിച്ചാൽ, അത് അപൂർണ്ണമാകുകയും സ്വയം ശിക്ഷാവിധി ഏറ്റുവാങ്ങുകയും ചെയ്യും. അതിനാൽ, അന്യനെ വിധിക്കുന്നതിൽ നിന്ന് മാറിനില്ക്കാൻ ഒരുങ്ങാം. അതോടൊപ്പം തന്നെ, കുറവുള്ളവരോടും പോരായ്മകളുള്ളവരോടും കരുണയും സ്നേഹവും പങ്കുവെച്ചാൽ, രഹസ്യങ്ങൾപോലും അറിയുന്ന നല്ല തമ്പുരാൻ, തൻ്റെ കരുണയും വാത്സല്യവും അതിൻ്റെ സമൃദ്ധിയിൽ നമ്മിലേക്ക് ഒഴുക്കും. അഹന്ത വിധിയിലേക്കു നയിക്കുമ്പോൾ, കാരുണ്യം വിടുതലിലേക്കു നയിക്കുന്നു. ഈ കരുണയുടെ വർഷത്തിൽ, നമുക്കു ചുറ്റുമുള്ളവരെങ്കിലും നമ്മിലൂടെ ക്രിസ്തുവിൻ്റെ കാരുണ്യവും ക്ഷമയും അനുഭവിക്കാൻ അവിടുന്ന് നമ്മെ ഉപകരണമാക്കാൻ നമ്മെത്തന്നെ സമർപ്പിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Monday, August 29, 2016

"ചിന്നൂ മിന്നൂ, ഓടി വാടീ, നമുക്ക് പപ്പയോട് ചോദിക്കാം..." (യോഹ. 16,20-24)

"ചിന്നൂ മിന്നൂ, ഓടി വാടീ, നമുക്ക് പപ്പയോട് ചോദിക്കാം..." (വായനഭാഗം - യോഹ. 16,20-24)

പരസ്പരം ആശ്രയിച്ചും സഹകരിച്ചു ജീവിച്ചുമുള്ള ജീവിതമാണല്ലോ, സമൂഹജീവിതവും അതിൻ്റെ അടിസ്ഥാനമായ കുടുംബജീവിതവും. അവിടെ നാം ഏറെ നല്കിയും സ്വീകരിച്ചും, കൊണ്ടും കൊടുത്തും, പരസ്പര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നു. മുള്ളുകൾക്കിടയിലെ റോസപ്പൂക്കൾ എന്നപോലെ, ദുഃഖ-പരാജയങ്ങൾക്കു നടുവിലും സന്തോഷവും സമാധാനവും, അവിടെ ഋതുഭേദങ്ങളോട് ചേർന്ന് തളിരിടുന്നു. ഇതേ ബന്ധങ്ങൾ, ചില അവസരങ്ങളിൽ തികഞ്ഞ ആത്മാർത്ഥതയുടെയും സമർപ്പണത്തിൻ്റെയും, വേറെ ചിലപ്പോൾ അവിശ്വസ്ഥതയുടെയും വഞ്ചനയുടേതുമായി പരിണമിക്കാറുണ്ടെന്നതും വാസ്തവമാണ്. എന്നുവരികിലും, എല്ലാ ഉറവിടവും സാമാന്യം പരിശുദ്ധമെന്നു പറയുന്നതു പോലെയാണ് പരസ്പര ബന്ധങ്ങളുമെന്നു നിരീക്ഷിച്ചിട്ടുണ്ട്. തിരുവചനവും ഇതേക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്, "നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം കൈവെടിഞ്ഞു. അതിനാൽ, നീ ഏതവസ്ഥയിൽ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക, അനുതപിച്ച് ആദ്യത്തെ പ്രവർത്തികൾ ചെയ്യുക." (വെളി. 2, 4-5)

സായാഹ്നത്തിലൊരിക്കൽ നടക്കാനിറങ്ങിയ സമയം, പാർക്കിനടുത്ത് എത്തിയപ്പോൾ അല്പമൊന്ന് വിശ്രമിക്കാനിരുന്നു. ഹൌസിംഗ് കോളനിവക പാർക്കായതു കൊണ്ട് മാതാപിതാക്കളുടെയും കുട്ടികളുടെയും ഒരു മേളമായിരുന്നു അവിടെ. ഊഞ്ഞാലുകളോ മറ്റോ ഒന്നുതന്നെ അധികം ഉണ്ടായിരുന്നില്ലെങ്കിലും, പരസ്പരം വർത്തമാനം പറഞ്ഞും ഓടികളിച്ചും ഒക്കെയുള്ള സാധാരണ ഉല്ലാസനേരം. കുട്ടികളുടെ തിമിർത്തുള്ള കളികളിൽ ശ്രദ്ധപതിയെ, മൂന്നു പെൺകുട്ടികൾ സന്തോഷത്തോടെ ഉച്ചത്തിൽ, "ചിന്നൂ മിന്നൂ, ഓടി വാടീ, നമുക്ക് പപ്പയോട് ചോദിക്കാം..." എന്നു വിളിച്ചു പറഞ്ഞു ഓടുന്നതു ശ്രദ്ധിച്ചു. അധികം വൈകാതെ കാണാൻ കഴിഞ്ഞത്, അവർ മൂന്നുപേരും വലിയ സന്തോഷത്തോടെ ഐസ്ക്രീമും കഴിച്ച് വരുന്നതാണ്. ഇന്നത്തെ ധ്യാനവിഷയവും ഈ കൊച്ചു സംഭവത്തോട് ഒത്തിരി സാമ്യമുള്ളതാണെന്ന് തോന്നുന്നു.

ഇന്നത്തെ തിരുവചനത്തിൽ യേശു നമ്മോട് പറയുകയാണ്, "ഇതു വരെ നിങ്ങൾ എൻ്റെ നാമത്തിൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണ്ണമാകുകയും ചെയ്യും." (യോഹ. 15, 24) മേല്പറഞ്ഞ പാർക്കിൽ കണ്ടതും നമുക്കു നഷ്ടമാകുന്നതും, തിരിച്ചറിയാൻ ഈ തിരുവചനം നമ്മെ പ്രേരിപ്പിക്കുന്നു. പപ്പയോട് ചോദിക്കുന്നതിനുമുമ്പേ, തങ്ങളുടെ ആഗ്രഹം നിറവേറിക്കിട്ടുമെന്ന ഉറപ്പിൽ, ആ കുഞ്ഞുങ്ങൾ ഏറെ സന്തോഷത്തിലാണ്. പപ്പയോട് ചോദ്യച്ചതിനു ശേഷമോ ആ സന്തോഷം പൂർണ്ണമാകുകയും ചെയ്തു. വി. യാക്കോബ് ശ്ലീഹ പറയുന്നു, "സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ. സംശയിക്കുന്നവൻ കാറ്റിൽ ഇളകി മറിയുന്ന കടൽത്തിരക്കു തുല്യനാണ്. സംശയമനസ്ക്കനും എല്ലാക്കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കർത്താവിൽ നിന്ന് ലഭിക്കുമെന്ന് കരുതരുത്." (യാക്കോ. 1, 6-8) കുഞ്ഞുക്കൾക്ക് മാതാപിതാക്കളിലെന്നപോലെയുള്ള ശുദ്ധമായ വിശ്വാസത്തിൽ, ആശ്രയബോധത്തിൽ വളരാൻ തമ്പുരാൻ്റെ കൃപ യാചിക്കാം. ദൈവാനുഗ്രഹം നേരുന്നു. 

"കൂട്ടുകാരൊക്കെ ഇന്ന് പാർക്കിൽ പോകുന്നണ്ട്, ഡാഡീ, ഞാനും കൂടെ..." (മർക്കോ. 10, 35-45)

"കൂട്ടുകാരൊക്കെ ഇന്ന് പാർക്കിൽ പോകുന്നണ്ട്, ഡാഡീ, ഞാനും കൂടെ..." (വായനഭാഗം - മർക്കോ. 10, 35-45)

 ഫ്രാങ്കോയ്ക്ക് എന്നും ഇളയവളായ ചിഞ്ചുവിനോട് ഒരു പ്രത്യേകം സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലും അവളത് മുതലെടുത്തിരുന്നുവെന്ന് ഭാര്യ മീനു പറയാറുമുണ്ട്. എല്ലാ കുഞ്ഞുങ്ങളെപോലെയും തന്നെ, നിസ്സാര കാര്യങ്ങൾ പോലും, അവൾ ആഗ്രഹിച്ചത് ആ നിമിഷം തന്നെ അവൾക്ക് ലഭിക്കണം. മമ്മിവഴി സാധിക്കാത്തത്, ഡാഡിയുടെ അടുത്തെത്തിച്ച് അവൾ കാര്യം നേടും. അതിനുള്ള സൂത്രവഴികളൊക്കെ നേരത്തേ പഠിച്ചു വെച്ചതുപോലെ, അവളുടെ ഓരോ പെരുമാറ്റവും. ഓഫീസിൽ പോകാൻ നേരമാണ്, അവൾ സാധാരണ തൻ്റെ ആവശ്യങ്ങളുമായി ഡാഡിയുടെ അടുത്തു വരിക. കാരണം അവൾക്കറിയാം, ഡാഡീ ആ സമയത്ത് സാധാരണ ഒരു കാര്യവും നിഷേധിക്കില്ലെന്നും ഓഫീസിലേക്ക് കൃത്യസമയത്ത് പോകുമെന്നും. അന്നും അവൾ പതിവുപോലെ വന്നു, "കൂട്ടുകാരൊക്കെ ഇന്ന് പാർക്കിൽ പോകുന്നണ്ട്, ഡാഡീ, ഞാനും കൂടെ..." മുഴുമിപ്പിക്കുന്നതുമുമ്പേ, അവൾ കാര്യം നേടി ഡാഡിക്ക് റ്റാറ്റാ പറഞ്ഞു.

മക്കളുടെ ആവശ്യങ്ങൾ, എന്ത്?, എപ്പോൾ?, എങ്ങനെ? എന്നതിനേക്കാൾ, പലപ്പോഴും അവരോടുള്ള സ്നേഹവും വാത്സല്യവുമാണ്, മാതാപിതാക്കളെ തങ്ങളുടെ മക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന്, ഏറെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തും. എന്നാൽ, ചിലപ്പോഴെങ്കിലും അത്തരത്തിൽ വളരുന്ന കുഞ്ഞുങ്ങൾ, വളർന്നുകഴിയുമ്പോഴും, നിഷേധങ്ങൾക്കും അസാധ്യതകൾക്കും മുമ്പിൽ പതറുന്നതായും തളരുന്നതായും കാണാൻ കഴിയും. മക്കൾ ഒന്നോ രണ്ടോ ഉള്ള അണുകുടുംബങ്ങളിലും സമ്പന്നർക്കിടയിലും ഇത് ഏറിവരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാലഘട്ടത്തിൻ്റെ അടയാളങ്ങൾ മനസ്സിലാക്കി, മക്കളെ സഭക്കും സമൂഹത്തിനും, ഉത്തമരായ പൌരന്മാരായി വളർത്താനുള്ള, വിളിയേറ്റെടുത്തിരിക്കുന്ന ഏവരോടും, ഇന്ന് യേശുവിന് പറയാനുള്ളത്, ഇന്നത്തെ ധ്യാനഭാഗത്ത്, കുറിച്ചുവച്ചിരിക്കുന്നത് ശ്രദ്ധിക്കാം.

സഹശിഷ്യരല്ലാതെ മറ്റാരുംതന്നെ കൂടെയില്ലെന്ന്, കൃത്യമായി ഉറപ്പുവരുത്തിയിട്ടാണ്, അന്ന് യാക്കോബും യോഹന്നാനും, മഹത്വത്തിലായിരിക്കുമ്പോഴും യേശുവിൻ്റെ ഇടത്തും വലത്തും സീറ്റ് ലഭിക്കണമെന്ന കാര്യം, യേശുവിനോട് ഉണർത്തിച്ചത്. പക്ഷെ, അവസാനിച്ചത് ഗുരുവിൻ്റെ ജീവിതശൈലിയും പാഠങ്ങളും മറക്കരുതെന്ന നിത്യമായ ഓർമ്മപ്പെടുത്തലിലേക്കാണ്, "എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം." (മർക്കോ. 10, 43-44) ക്രിസ്തു ശിഷ്യൻ വ്യത്യസ്തനെന്നർത്ഥം. അവൻ ലോകത്തോടും ലൌകികശൈലികളോടും ചേർന്ന്, അധികാരത്തിനും പ്രശസ്തിക്കും പിറകെ പോകാതെ, ദാസൻ്റെയും ശുശ്രൂഷകൻ്റെയും ശൈലി സ്വന്തമാക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു, ഗുരു. മാതാപിതാക്കളും രക്ഷിതാക്കളും, ഗുരുക്കന്മാരും പരിശീലകരും, യേശുവെന്ന ഈ ഉത്തമ ഗുരുവിനെ പിഞ്ചെന്ന്, തങ്ങളുടെ മക്കളെയും അർത്ഥികളെയും, തങ്ങളുടെ പേരും പ്രശസ്തിയും എന്നതിനേക്കാൾ, യേശുവിലേക്കും അവൻ്റെ ജീവിതശൈലിയിലേക്കും അടുപ്പിക്കുന്നവരാകാൻ ക്രിസ്തു ക്ഷണിക്കുന്നു. മറുവശത്ത്, മാതാപിതാക്കൾക്കും പരിശീലകർക്കും വിധേയപ്പെട്ട് ക്രിസ്തുജീവിതശൈലി സ്വന്തമാക്കി, ഉത്തമ ക്രൈസ്തവ ശിഷ്യരാകാനുള്ള വിളിയും. ദൈവകൃപയ്ക്കായ് നമുക്ക് പ്രാർത്ഥിക്കാം. 

Saturday, August 27, 2016

"ആ ടോണിയെ കണ്ടോ, ഈ സ്ഥലത്തുനിന്ന് പോയതോടുകൂടി ആ ചെറുക്കൻ്റെ ഒരു മാറ്റം." (മത്താ. 13, 1-9)

"ആ ടോണിയെ കണ്ടോ, ഈ സ്ഥലത്തുനിന്ന് പോയതോടുകൂടി ആ ചെറുക്കൻ്റെ ഒരു മാറ്റം." (വായനഭാഗം - മത്താ. 13, 1-9)


കഴിഞ്ഞ കാലങ്ങളിൽ കുടുംബവും, മറ്റ് മത-സാമൂഹ്യ സ്ഥാപനങ്ങളുമാണ്, കുഞ്ഞുങ്ങളുടെ വളർച്ചയിലും ശിക്ഷണത്തിലും, നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നതെങ്കിൽ, ഇന്ന് അവയ്ക്ക് വലിയ മാറ്റം തന്നെ സംഭവിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഇന്നത്തെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളും, മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും ജോലിസാഹചര്യങ്ങളും, ഒരു പരിധിവരെ ഈ മാറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്ന് അഭിപ്രായപ്പടുന്നവർ ഏറെയാണു താനും. ഇന്ന് നമ്മുടെ മക്കൾ കുടുംബങ്ങളിലും മത-സാമൂഹ്യ സ്ഥാപനങ്ങളിലും എന്നതിനേക്കാൾ, വിദ്യഭ്യാസമോ, ജോലിയോ ഒക്കെയായി ബന്ധപ്പെട്ട്, സമപ്രായക്കാരോട് ചേർന്നാണ് വളരുന്നതും വികസിക്കുന്നതും. ഒരു കണക്കിന്, അത് ഗുണകരമാണെങ്കിലും, ഏറെ ദോഷങ്ങളും അവ വരുത്തിവെക്കുന്നുണ്ട് എന്നത് നിസംശയം ആരും സമ്മതിക്കും. എന്നാൽ, ചിലരെങ്കിലും മറ്റിടങ്ങളിൽ പോയി മെച്ചപ്പെടുന്നത് കണ്ട്, മുതിർന്നവർ, "ആ ടോണിയെ കണ്ടോ, ഈ സ്ഥലത്തുനിന്ന് പോയതോടുകൂടി ആ ചെറുക്കൻ്റെ ഒരു മാറ്റം" എന്ന കണക്കുള്ള സംസാരവും മറക്കുന്നില്ല.

 പഴയതും പുതിയതുമായ തലമുറകൾ ഒന്നുചേരുന്ന ഇടങ്ങളിലെ അറിവിൻ്റെ വലിയ പ്രത്യേകത, അത് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള - സുഖദുഃഖങ്ങളുടെയും വിജയപരാജയങ്ങളുടെയും ഉയർച്ചതാഴ്ചകളുടെയും - വിജ്ഞാനം പകർന്നു തരുന്നുവെന്നതാണ്. സമപ്രായക്കാർ ഒന്നുചേരുന്ന ഇടങ്ങളിൽ അവയുടെ അഭാവത്തിലോ, കേവലം കൌതുകങ്ങളുടെയും ജിജ്ഞാസകളുടെയും പിറകെയുള്ള നിരന്തര പരീക്ഷണയാത്രകളാണ്. അത് അവരെ നന്മയിലേക്ക് എന്നതിനേക്കാൾ പലപ്പോഴും തിന്മയിലേക്ക് നയിക്കുന്നുവെന്ന് പത്രമാധ്യമങ്ങളിലൂടെയും മറ്റും അനുദിനമെന്നോണം നാം അറിയുന്നുണ്ട്. മുൻകാലങ്ങളിൽ, സിനിമകളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പരിചയപ്പെട്ടിരുന്ന വില്ലന്മാരുടെ പ്രായം ഏകദേശം മദ്ധ്യവയസ്ക്കരുടേത് ആയിരുന്നെവെങ്കിൽ, ഇന്ന് പത്രമാധ്യമങ്ങളിലൂടെ അറിയുന്ന കുറ്റവാളികളുടെയും സാമൂഹ്യദ്രോഹികളുടെയും ശരാശരി പ്രായം ഇരുപതിൽ താഴെയാണെന്ന് കണ്ടെത്താൻ ഒട്ടും പ്രയാസമില്ല.

ഈ സാഹചര്യങ്ങളെ ശരിയായി വിലയിരുത്താനും പാഠമുൾക്കൊള്ളാനും ഇന്നത്തെ ധ്യാനവിഷയമായ വിതക്കാരൻ്റെ ഉപമ നമ്മെ ഏറെ സഹായിക്കും.   തിരുവചനം പറയുകയാണ്, "മറ്റു ചിലതു നല്ല നിലത്തു വീണു. അത് നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്കി." (മത്താ. 13, 8) ഒരേ ഗുണമുള്ള വിത്തുകളാണ് വിവിധ അളവിൽ വിളവു നല്കിയതെന്ന് മറക്കാതിരിക്കാം; അതുപോലെ തന്നെ, പല സാഹചര്യങ്ങളിൽ നഷ്ടമായ വിത്തുകളെയും. ഇന്ന് നമ്മുടെ മക്കൾ കുടുംബങ്ങളിൽ നിന്ന് മാറി ജീവിക്കുന്ന ഇടങ്ങൾ, നല്ല വയലുകളാണെന്ന് ഉറപ്പു വരുത്താനുള്ള കടമയും ഉത്തരവാദിത്വവും നമുക്കുണ്ട്. അതു വെറും വഴിയരികോ, പാറപ്പുറമോ, മുൾച്ചെടിക്കൂട്ടമോ ആകാതിരിക്കാൻ, ഏറെ ശ്രദ്ധ നാം പുലർത്തണം. പരി. അമ്മയെപ്പോലെ, നഷ്ടമാകുന്നുവെന്ന് തോന്നുമ്പോൾ ഇറങ്ങിച്ചെന്ന് അന്വേഷിക്കാനും തയ്യാറാകണം. ആവശ്യമായ ദൈവകൃപയ്ക്കായി നമുക്കിന്ന് പ്രാർത്ഥിക്കാം.    

Friday, August 26, 2016

"മറിച്ചു കൊടുത്തപ്പോൾ എന്തു കിട്ടി, മാഷേ..." (മത്താ. 13, 44-51)

"മറിച്ചു കൊടുത്തപ്പോൾ എന്തു കിട്ടി, മാഷേ..." (വായനഭാഗം - മത്താ. 13, 44-51)

ഈ അടുത്ത നാളുകൾ വരെ, രണ്ടുപേർ പരസ്പരം കണ്ടുമുട്ടുമ്പോൾ ക്ഷേമാന്വേഷണം ആരായുന്നതിനേക്കാൾ, ഉയർന്നിരുന്നത്, "മറിച്ചു കൊടുത്തപ്പോൾ എന്തു കിട്ടി, മാഷേ..." എന്ന സ്ഥിരം പല്ലവിയായിരുന്നെന്ന് തമാശരൂപേണ സുഹൃത്തുക്കൾ പങ്കുവെക്കുന്നത് കേൾക്കാൻ ഇടവന്നിട്ടുണ്ട്. ഈ പറയുന്നതിൽ എന്തുമാത്രം സത്യമുണ്ടെന്നത് പോകട്ടെ, കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന്, പരിചയമുള്ള ഒരു കുടുബത്തിൽ നിന്ന്, ഫോൺ വന്നപ്പോഴും, കുശലങ്ങൾക്കിടയിൽ ഇളയ മകൻ ബാജിയുടെ ബുള്ളറ്റിൻ്റെ കമ്പത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ, ആ അമ്മയും പറഞ്ഞു, "പതിനായിരം രൂപ ലാഭത്തിനു, അവനത് മറിച്ചു കൊടുത്തു അച്ചോ, വേറൊന്ന് നോക്കുന്നുണ്ട്." സ്ഥലമായാലും വീടായാലും മറ്റു വസ്തുക്കളായാലും മറിച്ചു കൊടുത്ത്, എങ്ങനെയെങ്കിലും കുറച്ച് ലാഭം കൈക്കലാക്കുക എന്നത്, മനസ്സിൽ കൊത്തി വച്ചിരിക്കുന്നതു പോലെ, ഇന്നത്തെ സമൂഹം.

സ്വന്തമാക്കിയവയോടും സ്വന്തമായവയോടും ഒരു തരം ആത്മബന്ധം സാവധാനം കെട്ടിപ്പടുക്കുകയും, അവയെ നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നതിൽ ഒരു പ്രത്യേക ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്ന കാലങ്ങളൊക്കെ മറന്നതുപോലെ ഇന്നത്തെ സമൂഹം. "മുത്തപ്പാപ്പൻ്റെ കാലം മുതലേ കൊണ്ടുനടക്കുന്നതാ," "അപ്പൻ ഉപയോഗിച്ചിരുന്ന കസേരയായിത്," "അപ്പൻ ഭാഗം വെച്ചപ്പോൾ നല്കിയതാ," തുടങ്ങീ സ്വന്തമായവയോടുള്ള ബന്ധത്തെ ഏറ്റുപറയുകയും അഭിമാനിക്കുകയും ചെയ്തിരുന്ന ശൈലി തന്നെ അന്യംനിന്നു പോയതുപോലെ അധുനിക സമൂഹത്തിൽ നിന്ന്. ഏതൊരു വസ്തുവിനോടും ജീവിയോടുമുള്ള ബന്ധം താല്ക്കാലികമാക്കിയ ആധുനിക മനുഷ്യനിൽ, എങ്ങനെയോ മനുഷ്യബന്ധങ്ങളും താല്ക്കാലികം മാത്രമെന്നോ, തൻ്റെ "ഉപയോഗത്തിന്" മാത്രമെന്നോ ഉള്ള ചിന്ത കടന്നുകൂടിയോ എന്ന ശങ്ക ഏറിവരുന്നു ഓരോ ദിനത്തിലെയും പത്രവാർത്തകളിലൂടെ കടന്നുപോകുമ്പോൾ. വേരുകളറുക്കപ്പെട്ടാൽ എത്ര നാളത്തേക്ക് ഫലങ്ങളനുഭവിക്കാൻ സാധിക്കുമെന്ന് വിഡ്ഢിയായ "ആധുനികനു"ണ്ടോ അറിയുന്നു.

ഇത്രയും പറഞ്ഞുവെച്ചത് ഇന്നത്തെ ധ്യാനവിഷയത്തിലെ, കർഷകൻ്റെയും രത്നവ്യാപാരിയുടെയും സുന്ദരമായ ഒരു മറുകച്ചവടത്തെ കുറിച്ച് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കാനാണ്. തിരുവചത്തിൽ നാം വായിക്കുന്നു, "സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടത്തുന്നവൻ അതു മറച്ചുവക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്, ആ വയൽ വാങ്ങുകയും ചെയ്യുന്നു." (മത്താ. 13, 44) രത്നവ്യാപാരിയും സദൃശമായ രീതിയിൽ തന്നെയാണ് പെരുമാറുന്നത് (13, 45-46) ഈ കച്ചവടം, ലാഭത്തെകുറിച്ചല്ല, മറിച്ച്, ഏറ്റവും ശ്രേഷ്ഠമായ ദൈവരാജ്യം സ്വന്തമാക്കാനായി നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. യേശുവിനെ കണ്ടെത്തുന്നവൻ്റെ സമ്പൂർണ്ണ ഉപേക്ഷയെയും, യേശുമൂല്യങ്ങൾ കൈവിടാതിരിക്കാൻ നടത്തുന്ന പരിത്യാഗങ്ങളെയുമൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്നു. തൻ്റെ ദുർവൃത്തനായ മകൻ അഗസ്റ്റിൻ, യേശുവെന്ന അമൂല്യനിധിയെ കണ്ടെത്താനായി, രാപ്പകൽ കണ്ണീരൊഴുക്കിയും തപസ്സനുഷ്ഠിച്ചും ജീവിച്ച മോനിക്ക പുണ്യവതിയുടെ ഈ തിരുനാൾ ദിനത്തിൽ, ഇനിയും ഞാൻ ഈ അമൂല്യനിധിയെ കണ്ടെത്തിയോ എന്നു ചിന്തിക്കാനും, എൻ്റെ ബന്ധങ്ങളെ ഞാൻ എന്തുമാത്രം അമൂല്യമായി കരുതുകയും പാലിക്കുകയും ചെയ്യുന്നുവെന്ന് ആത്മപരിശോധന നടത്തുവാനും ഈ ധ്യാനം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു. 

Thursday, August 25, 2016

"എന്ത് തലയാടീത്? മോളേ, ശാരദൂ, അപ്പുറത്തെ പറമ്പിൽ പോയി കയ്യോന്നിയോ, കീഴാർനെല്ലിയോ കിട്ടോന്ന് നോക്ക്യേ..."

"എന്ത് തലയാടീത്? മോളേ, ശാരദൂ, അപ്പുറത്തെ പറമ്പിൽ പോയി കയ്യോന്നിയോ, കീഴാർനെല്ലിയോ കിട്ടോന്ന് നോക്ക്യേ..." (വായനഭാഗം - ലൂക്കാ 12, 54-59)

ഇളംതറമുറയുടെ അറിവെന്നു പറഞ്ഞാൽ, വളരെ വിശാലവും ആഴമുള്ളവയുമെന്ന്, പഴയ തലമുറക്കാർ പലപ്പോഴും പലരീതിയിൽ ആശ്ചര്യപ്പെട്ട് സമ്മതിക്കുന്നത്, കേൾക്കാൻ ഇടയായിട്ടുണ്ട്; അതു ഭാഷയായാലും ഏതു വിഷയമായാലും. ഒരു പരിധിവരെ അക്കാര്യം സമ്മതിക്കേണ്ടിവരും, അനുദിന സംവാദവും ജീവിതവ്യാപാരവും വിലയിരുത്തിയാൽ. പ്രൈമറി ക്ലാസ്സുകാരൻ പോലും അമ്മാമയുമായി സംസാരിക്കുന്നതും പങ്കുവെക്കുന്നതും വലിയ വലിയ ദേശീയ-അന്തർദേശീയ, ശാസ്ത്ര-സാങ്കേതിക കാര്യങ്ങളാണ്. അമ്മാമ അക്കാര്യം വലിയ അഭിമാനത്തോടെ അയൽപക്കത്ത് പങ്കുവെക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, ഇതിൻ്റെ മറുവശവും അമൂല്യമെന്ന് ഓർക്കാതെ പോകരുത്, ഗ്രാമജീവിതത്തിലെ നാട്ടറിവുകൾ. നാട്ടിമ്പുറത്താണ് ജീവിതമെങ്കിലും പരിഷ്ക്കാരങ്ങളൊന്നും കടന്നുചെന്നിട്ടില്ലെങ്കിലും നാരായണിക്ക് ഒരുപാടു നാട്ടറിവുകൾ ഉണ്ടായിരുന്നു.

ഒഴിവു സമയത്ത് ഇളയവളുടെ തലമുടി ചീകികെട്ടാൻ നേരം ഒരിക്കൽ നാരായണി മൂത്തവളോട് വിളിച്ചു പറയുന്നത് കേട്ടപ്പോൾ അവരുടെ അറിവിൻ്റെ വ്യത്യസ്തത എളുപ്പം തിരിച്ചറിയാൻ സാധ്യമായി. "എന്ത് തലയാടീത്? മോളേ, ശാരദൂ, അപ്പുറത്തെ പറമ്പിൽ പോയി കയ്യോന്നിയോ, കീഴാർനെല്ലിയോ കിട്ടോന്ന് നോക്ക്യേ...തലമുഴുവനും താരനാ, എങ്ങനെയാ എൻ്റെ കുട്ടിക്ക് ഉറങ്ങാൻ പറ്റണത്." ഒരു വിധം രോഗങ്ങൾക്കും പ്രശ്നങ്ങൾക്കും അടുത്ത പറമ്പുകളും തൊടികളും വഴിയരികുകളും അവരെ സംബന്ധിച്ചിടത്തോളം സദാ തുറന്നിരിക്കുന്ന മെഡിക്കൽ ഷോപ്പുകളാണ്. ഇന്നീ നാട്ടറിവുകൾ എല്ലാം തന്നെ നഷ്ടമായ ആധുനിക മനുഷ്യൻ വിവിധ മരുന്നുകളുടെയും ചികിത്സാ രീതികളുടെയും പേരിൽ അനുദിനം ചൂഷണം ചെയ്യപ്പെടുന്നത് നമുക്കനുഭവമുള്ള കാര്യമാണല്ലോ. ഇത്തരം നാട്ടറിവുകൾ പോലെ തന്നെ, പ്രകൃതിയിൽ നിന്ന് മനസ്സിലാക്കുന്ന അറിവുകളിലൊന്നിനെ ഓർമ്മപ്പടുത്തി, ഇന്നത്തെ ധ്യാനവിഷയഭാഗത്ത് യേശു പറയുന്നതെന്തെന്ന് മനസ്സിലാക്കാം.

അവൻ പറയുന്നു, "കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിൻ്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ, ഈ കാലത്തെ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് അറിയാത്തത് എന്തുകൊണ്ട്?" (ലൂക്കാ 12, 56) ഇളംതലമുറയെപോലെ ശാസ്ത്രസാങ്കേതിക വിജ്ഞാനത്തിൽ എത്രമാത്രം ഉയർന്നാലും, പഴംതലമുറയെപോലെ നാട്ടറിവുകൾ എന്തൊക്കെ സ്വന്തമാക്കിയാലും, സ്വന്തം ജീവിതത്തെ അപകടത്തിലാക്കുന്നതും അപായപ്പെടുത്തുന്നതുമായവയെ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, ആർജ്ജിച്ചെടുത്തവ കൊണ്ട് എന്തു ഫലം? പ്രകൃതിയിൽ നിന്ന് കാലാവസ്ഥയിലെ ഭാവഭേദങ്ങൾ തിരിച്ചറിയാൻ പഠിക്കുന്ന നമ്മെ, കാലഘട്ടത്തിൻ്റെ അടയാളങ്ങളെ വിവേചിച്ചറിഞ്ഞ്, ജീവിതത്തെ ക്രിസ്തുവിൽ നവീകരിക്കാനും, നിത്യതയിലേക്ക് അതിനെ കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായവ ക്രമപ്പെടുത്താനും തമ്പുരാൻ ക്ഷണിക്കുന്നു. ഈ വിളിയോട് ക്രിയാത്മകമായി പ്രത്യുത്തരിക്കാൻ ആവശ്യമായ കൃപയ്ക്കായി ഇന്ന് പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

Wednesday, August 24, 2016

"കടലിലേക്കുള്ള വഴിയേതാ അമ്മേ, ഒന്നു പറഞ്ഞുതര്വോ?" (ലൂക്കാ 17, 20-37)

"കടലിലേക്കുള്ള വഴിയേതാ അമ്മേ, ഒന്നു പറഞ്ഞുതര്വോ?" (വായനഭാഗം - ലൂക്കാ 17, 20-37)

"ഇന്നലെ"കളുടെ ബാക്കി പത്രങ്ങളും "ഇന്നി"ൻ്റെ ആകത്തുകയും "നാളെ"യുടെ പ്രതീക്ഷകളും പേറി ജീവിക്കുന്ന ഏതൊരു മനുഷ്യനെ സംബന്ധിച്ചും, "ആയിരിക്കുക" എന്നു പറയുന്നതിൻ്റെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കുക, തീർത്തും പ്രയാസമുള്ള കാര്യമാണ്. യോഗയും വിവിധ ധ്യാനരീതികളുമൊക്കെ "ഇന്നി"ലും ഈ നിമിഷത്തിലുമൊക്കെ ആയിരിക്കാൻ ഏറെ പ്രചോദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും അവൻ ആ പഴയ ഭാണ്ഡവും പേറി യാത്രയിലാണ്. "ഇന്നി"ലായിരിക്കുന്നവനേ, അകലങ്ങളിലുള്ളവയെ കുറിച്ചെന്നതുപോലെ അരികിലുള്ളവയെ കുറിച്ചും കൂറേ കൂടി മെച്ചപ്പെട്ട ബോധ്യങ്ങളും ഉൾക്കാഴ്ചകളും പ്രദാനം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നു പറയാറുണ്ട്. ചുറ്റുമുള്ളവയെ കുറിച്ചുള്ള അവബോധം നഷ്ടപ്പെടുന്നവൻ ഏറെ അസ്വസ്ഥനാണ്; എന്നും എവിടെയും. 

എവിടെയോ വായിച്ചു മനസ്സിൽ പതിഞ്ഞ ഉണ്ണിക്കഥയിലെ, കടലിലായിരിക്കുന്ന രണ്ടു മത്സ്യങ്ങളുടെ സംഭാഷണങ്ങളിലൊന്ന്, ഇങ്ങനെയാണ് തുടങ്ങുന്നത്, "കടലിലേക്കുള്ള വഴിയേതാ അമ്മേ, ഒന്നു പറഞ്ഞുതര്വോ?" അമ്മമത്സ്യം കുഞ്ഞിനോട് ഉത്തരമായി പറഞ്ഞു, "നിൻ്റെ ചുറ്റിലും മുകളിലും താഴെയുമുള്ളതാണ് കടൽ." അവൻ അസ്വസ്ഥനായി വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു.... മറ്റുള്ളവരെ നന്നായി വിലയിരുത്താൻ മിടുക്കരായ നാം കടൽമത്സ്യങ്ങളുടെ സംഭാഷണത്തിലെ ബുദ്ധിശൂന്യതയോ, വൈരുദ്ധ്യമോ ഒക്കെ കണ്ടെത്തുമായിരിക്കാം. എന്നാൽ, ഇന്നത്തെ ധ്യാനവിഷയത്തിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ബുദ്ധിശൂന്യതയെ വെളിപ്പെടുത്താൻ തമ്പുരാൻ പറയുന്നത് തിരിച്ചറിയാൻ വൈകുമോ?

തിരുവചനത്തിൽ നാം വായിക്കുന്നു, "പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെ അല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ,അതാ അവിടെ എന്നു ആരും പറയുകയില്ല. എന്തെന്നാൽ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട്." (ലൂക്കാ 17, 20-21) അഥവാ ആരെങ്കിലും പറഞ്ഞാലോ? യേശു തുടരുന്നു, "അതാ അവിടെ, ഇതാ ഇവിടെ എന്ന് അവർ നിങ്ങളോടു പറയും. നിങ്ങൾ പോകരുത്. അവരെ നിങ്ങൾ അനുഗമിക്കയുമരുത്." (ലൂക്കാ 17,23) ഇത്ര കർശനമായി അവൻ പറഞ്ഞിട്ടും, ഉണ്ണിക്കഥയിലെ കുഞ്ഞുമത്സ്യത്തെ പോലെ, നാം അസ്വസ്ഥതയുടെ യാത്ര തുടരുന്ന മട്ടാണ്. നാം ആയിരിക്കുന്ന ഇടങ്ങളിലെ 'നീതിയും സമാധാനവും സന്തോഷവും ദൈവരാജ്യ സാന്നിദ്ധ്യത്തെയാണ്' (റോമ. 14, 17) സൂചിപ്പിക്കുന്നത്. അവയുടെ കുറവിൽ, അവ പരിഹരിക്കാൻ നാം മുൻകൈ എടുക്കുകയും പരിശ്രമിക്കുകയും ചെയ്യുമ്പോൾ നാമോരുത്തരും 'ദൈവരാജ്യത്തിലെ കൂട്ടുവേലക്കാരായി' (1 കൊറീ. 3,9) മാറുകയാണ്. അകലങ്ങളിലെ ദൈവരാജ്യത്തെ സ്വപ്നം കാണുന്ന, എന്നെയും നിങ്ങളെയും, അരികിലെ യാഥാർത്ഥ്യമായ ദൈവരാജ്യം അനുഭവിക്കാൻ അവൻ ഇന്നു ക്ഷണിക്കുന്നു. ഞങ്ങളുടെ വിശ്വാസക്കണ്ണു തുറന്നുതരണേയെന്ന് നമുക്ക് പ്രാർത്ഥിക്കാം. 

Tuesday, August 23, 2016

"നാളെ ഇൻ്റർവ്യൂ ആണ്, അച്ചനൊന്ന് നന്നായി പ്രാർത്ഥിക്കണം." (ലൂക്കാ 6, 12-19)

"നാളെ ഇൻ്റർവ്യൂ ആണ്, അച്ചനൊന്ന് നന്നായി പ്രാർത്ഥിക്കണം." (വായനഭാഗം - ലൂക്കാ 6, 12-19)

ഇന്നിൻ്റെ ജീവിത സാഹചര്യങ്ങളിൽ, സ്ഥിരവരുമാനമില്ലാതെ, അതും ഉയർന്ന വരുമാനമില്ലാതെ, ജീവിതം മുന്നോട്ട് കൊണ്ടുപോകുക ഏറെ പ്രയാസമേറിയ കാര്യമാണെന്ന്, പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. കുട്ടികളുടെ പഠനചിലവും മറ്റു ജീവിതസൌകര്യങ്ങളും, ഇന്ന് പണമേറെ ആവശ്യപ്പെടുന്നുണ്ട് എന്നത് വാസ്തവമാണുതാനും. അതുകൊണ്ടു തന്നെ, പഠനം കഴിഞ്ഞാൽ ഉടനെ ഒരു സ്ഥിരം ജോലിക്കുവേണ്ടിയുള്ള നെട്ടോട്ടമാണ്. ഇൻ്റർവ്യൂകളിൽ നിന്ന് ഇൻ്റർവ്യൂകളിലേക്കുള്ള തീർത്ഥാടനം. സാഹചര്യങ്ങൾക്കനുസരിച്ച്, നേരിട്ടോ, ഫോൺവഴിയോ, FB വഴിയോ ഒക്കെ പ്രാർത്ഥനാ സഹായം തേടാറുണ്ട്, "നാളെ ഇൻ്റർവ്യൂ ആണ്, അച്ചനൊന്ന് നന്നായി പ്രാർത്ഥിക്കണം." ഇൻ്റർവ്യൂ, ജോലി തേടുന്നവർക്കു മാത്രമല്ല പ്രധാനം, ജോലി നല്കുന്നവർക്കും. പക്ഷെ, മറിച്ചുള്ള വർത്തമാനങ്ങളും നാട്ടിൽ പാട്ടാണ്, പണമെറിഞ്ഞാൽ ഇൻ്റർവ്യൂ കാര്യമാക്കണ്ട, അതു "ഫോർമ്മാലിറ്റി" മാത്രമെന്ന്. എന്നാൽ, ഇന്നത്തെ ധ്യാനവിഷയത്തിൽ ഇൻ്റർവ്യൂ നടത്തുന്നവൻ്റെ ഒരുക്കത്തെ കുറിച്ചാണ് പ്രധാനമായും പങ്കുവെക്കുന്നത്.

തിരുവചനത്തിൽ നാം വായിക്കുന്നു, "ആ ദിവസങ്ങളിൽ അവൻ പ്രാർത്ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് രാത്രി മുഴുവൻ ചിലവഴിച്ചു. പ്രഭാതമായപ്പോൾ അവൻ ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരിൽ നിന്ന് പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലന്മാർ എന്ന പേരു നല്കി." (ലൂക്കാ 6, 12-13) ഇവിടെ അർത്ഥികളുടെ ഒരുക്കത്തേക്കാൾ ഗുരുവിൻ്റെ ഒരുക്കത്തിനാണ് പ്രാധാന്യം; വിളിക്കപ്പെടുന്നവനേക്കാൾ വിളിക്കുന്നവൻ്റെ ഒരുക്കം. വിളിക്കുന്നവന് ശരിയായ ഒരുക്കമുണ്ടെങ്കിൽ, ഒരുക്കമില്ലാത്ത ഏതു ശിഷ്യനും താനെ പരുവപ്പെടും. കാരിസമുള്ളവർ ആരംഭിച്ച സമർപ്പിത സമൂഹങ്ങളും പ്രസ്ഥാനങ്ങളും ഇന്നും നിലനില്ക്കുകയും വളർച്ച പ്രാപിക്കുകയും എന്നാൽ, അത്തരത്തിലല്ലാത്തവയുടെ വളർച്ച, മുരടിക്കുകയും അന്യം നിന്നുപോയതിൻ്റെയും പിറകിൽ, ഗുരുക്കന്മാരുടെ ഒരുക്കത്തിനും വ്യക്തിചൈതന്യത്തിനും കൂടി, പ്രാധാന്യമുണ്ടെന്ന് നിസംശയം വ്യക്തമാക്കുന്നു.

തന്നെ അയച്ചവനോടുള്ള ബന്ധത്തെ അയക്കപ്പെട്ടവൻ (രാത്രി മുഴുവൻ പിതാവുമായി പ്രാർത്ഥനയിലായിരുന്നു കൊണ്ട് യേശു) വെളിപ്പെടുത്തിയപ്പോൾ അയക്കപ്പെടേണ്ടവനുള്ള (ശിഷ്യന്മാർക്കുള്ള) പ്രഥമവും പ്രധാനവുമായ പാഠം വ്യക്തമാക്കുകയായിരുന്നു. ഇന്ന് ഈ ഒരുക്കത്തിൻ്റെയും വ്യക്തിചൈതന്യത്തിൻ്റെയും പിൻബലമില്ലാതെ നടത്തപ്പെടുന്ന ഇൻ്റർവ്യൂകൾ വഴി സഭയും സ്ഥാപനങ്ങളും സമർപ്പിതസമൂഹങ്ങളും വെറും കൂലിക്കാരാൽ നിറയുകയാണെന്ന് ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമങ്ങൾ പുരമുകളിൽ കയറി ഘോഷിക്കുന്നു. അവരുടെ സാമാന്യവത്ക്കരണത്തെ കുറ്റപ്പെടുത്തുകയോ തള്ളിക്കളയുകയോ ചെയ്യുന്നതോടൊപ്പം ആത്മപരിശോധനക്കും പരിശ്രമിക്കാമല്ലോ. ക്രിസ്തുബന്ധത്തിൽ അഭിമാനിക്കുന്ന നമുക്കേവർക്കും ക്രിസ്തുശൈലി സ്വന്തമാക്കാനും ജീവിക്കാനുമുള്ള കടപ്പാടു കൂടി ഉണ്ട് എന്ന് തിരിച്ചറിയാൻ ഈ തിരുവചനഭാഗം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു.
    

Monday, August 22, 2016

"ആ നശിച്ച സ്ഥലത്തേക്ക് തന്നെ പോകാനാണെങ്കിൽ, ഞാൻ എന്തിനാ പിന്നെ ഇവിടം വരെ വന്നത്." (ലൂക്കാ 9, 23-27)

"ആ നശിച്ച സ്ഥലത്തേക്ക് തന്നെ പോകാനാണെങ്കിൽ, ഞാൻ എന്തിനാ പിന്നെ ഇവിടം വരെ വന്നത്." (വായനഭാഗം - ലൂക്കാ 9, 23-27)

സമർപ്പിക്കപ്പെടുന്ന അപേക്ഷകളും യാചനകളും തിരസ്ക്കരിക്കപ്പെടുകയോ, തമസ്ക്കരിക്കപ്പെടുകയോ ചെയ്യുമ്പോൾ, മുറുമുറുക്കുന്നവരും കൂറുമാറുന്നവരും, എല്ലായിടങ്ങളിലും എല്ലാക്കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ മുറുമുറുക്കുന്നവരും കൂറുമാറുന്നവരും കസേരയിലുള്ളവർക്ക് ഉറക്കമില്ലായ്മയുടെ ദിനരാത്രങ്ങൾ തുടരെത്തുടരെ സമ്മാനിക്കുന്നു. കേരളത്തിൽ കഴിഞ്ഞ കുറേ ആഴ്ചകളിലായി വാർത്തകളിൽ നിറഞ്ഞുനിന്നതും ഇത്തരത്തിലുള്ള ചർച്ചകളും വിഘടനങ്ങളുമാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ, അധികാരത്തിലും പദവിയിലുമുള്ള ഏറെപ്പേർ, പരിശുദ്ധ പാപ്പ ഫ്രാൻസീസ് പറയുന്നതുപോലെ ഒരു തരം "എല്ലാറ്റിനോടുമുള്ള, എല്ലാവരോടുമുള്ള നയതന്ത്രപരമായ തുറവി"യിൽ പെരുമാറാനും ജീവിക്കാനും പഠിച്ചിരിക്കുന്നതുപോലെ തോന്നുന്നു. വ്യക്തവും ശക്തവുമായ നിലപാടുകൾ അണികളെ നഷ്ടപ്പെടുത്തുമെന്ന് "രഹസ്യ പോലീസ്" സമയാസമയങ്ങളിൽ ഉപദേശിക്കുന്നുവത്രേ! എന്നാൽ, ഈ ഉപദേശങ്ങളെയൊന്നും ഒരിക്കലും വകവെക്കാത്ത ഒരു നേതൃത്വത്തെ ഇന്നത്തെ ധ്യാനഭാഗത്ത് നാം കാണുന്നു.

അവൻ എല്ലാവരോടുമായി പറഞ്ഞു, "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തൻ്റെ കുരിശെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നെ പ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും." (ലൂക്കാ 12, 23-24) കുരിശുകളും സഹനങ്ങളും ഇഷ്ടമില്ലാത്തവന് അനാകർഷകവും തീർത്തും അരോചകവുമായ വാക്കുകൾ. അണികളെ കൂട്ടുന്നതിനു പകരം ആട്ടിപ്പായിക്കുന്ന വാഗ്ദാനങ്ങൾ. ഒരിക്കൽ ഇഷ്ടമില്ലാത്ത ഒരിടത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ, ഉന്നതത്തിൽ വന്ന് എങ്ങനെയെങ്കിലും അതിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ച് കാര്യം ഉണർത്തിച്ചപ്പോൾ ലഭിച്ചത് ധ്യാനപ്രസംഗമായിരുന്നെന്ന് പരാതി പറഞ്ഞവനും, "ആ നശിച്ച സ്ഥലത്തേക്ക് തന്നെ പോകാനാണെങ്കിൽ, ഞാൻ എന്തിനാ പിന്നെ ഇവിടം വരെ വന്നതും കാലുപിടിച്ചതു"മെന്ന് നിരാശപ്പെടുന്നവനും എന്നിലും നിങ്ങളിലും മറഞ്ഞിരിപ്പുണ്ടാകാം.

രക്ഷിച്ചവൻ്റെ വഴി കുരിശിൻ്റേതാണെങ്കിൽ, അപരൻ്റെ രക്ഷകനും സംരക്ഷകനുമാകാനുള്ള വിളി സ്വീകരിച്ചവനും രക്ഷകൻ്റെ വഴിയായ കുരിശിൻ്റെ പാതയിൽ ചരിച്ചേ മതിയാകൂവെന്ന്. വി. യോഹന്നാൻ തൻ്റെ ഒന്നാം ലേഖനത്തിൽ പറയുന്നു, "അവനിൽ വസിക്കുന്നുവെന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു." (1 യോഹ. 2, 6) തൻ്റെ വചനം കഠിനമാണെന്ന് പറയുന്നവരോട് യേശു ഒത്തുതീർപ്പിന് ഒരുങ്ങിയില്ലെന്ന് സുവിശേഷഭാഗവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. "ഇതിനുശേഷം അവൻ്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ ഒരിക്കലും അവൻ്റെ കൂടെ നടന്നില്ല." ഏറെപ്പേർ തന്നെ വിട്ടുപോകുന്നതു കണ്ടിട്ടും ഭയപ്പെടാതെ, യേശു പന്ത്രണ്ടു പേരോടുമായി ചോദിച്ചു, "നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?" (യോഹ, 6, 66-67) ഈ ധീരജീവിതത്തെയാണ് നാം സാക്ഷ്യപ്പെടുത്താനും പ്രഘോഷിക്കാനും ആഗ്രഹിക്കുന്നതെങ്കിൽ, ആശയാദർശങ്ങളിലും വിശ്വാസബോധ്യങ്ങളിലും മായം കലർത്താതെ ജീവിക്കാൻ പരിശീലിച്ചേ മതിയാകൂ. ക്രിസ്തുവിന് ചേർന്ന ശിഷ്യരായി നാം മാറാൻ, അവൻ്റെ വിളിയോട് ആത്മാർത്ഥമായി പ്രത്യുത്തരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.   

Sunday, August 21, 2016

"അവർ ഇത് എത്ര തവണയായി പറയുന്നു, എന്നിട്ട് ലോകം അവസാനിച്ചോ?.." (ലൂക്കാ 12, 35-40)

"അവർ ഇത് എത്ര തവണയായി പറയുന്നു, എന്നിട്ട് ലോകം അവസാനിച്ചോ?.." (വായനഭാഗം - ലൂക്കാ 12, 35-40)

ലോകാവസാന നാളുകളെ പ്രവചിച്ചും പ്രചരിപ്പിച്ചും കാത്തിരുന്നവരുടെ എണ്ണവും തരവും കഴിഞ്ഞ നൂറ്റാണ്ടിൽ, ഈ നൂറ്റാണ്ടിനെ (രണ്ടു പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും) അപേക്ഷിച്ച്, താരതമ്യേന ഏറെ കൂടുതലായിരുന്നു എന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. കാത്തിരിപ്പ് വൃഥാവിലായി എന്നു കരുതി ജീവിതം ഒടുക്കിയവരും, പുതു ട്രാക്കിൽ ജീവിതം തുടർന്നവരും, അനുകൂല സാഹചര്യങ്ങൾ വരെ അണികളെ ജാഗ്രതയിൽ സൂക്ഷിച്ചവരും, ചിത്രത്തിൻ്റെ ബാക്കിപത്രമാണ്. എന്നാൽ, ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇവയുടെയൊക്കെ വിലയിരുത്തലുകളിൽ പ്രധാന ഭാഗം കയ്യടക്കിയിരുന്നത്, ഈ പ്രവചനങ്ങളുടെയും പ്രചരണങ്ങളുടെയും പ്രധാന പ്രേരകശക്തി ബൈബിൾ പഠനങ്ങളാണെന്ന വാദമാണ്. പത്ര-മാസിക, ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന തെളിവുകളും മറിച്ചല്ല. ഒത്തിരി തിരുവചനഭാഗങ്ങൾ ഇതിനായി "ഉപയോഗിക്ക"പ്പെട്ടിട്ടുണ്ട്. അത്തരം ശ്രേണിയിൽപ്പെട്ട ഒരു വായനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം.

തിരുവചനം പറയുന്നു, "നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്." (ലൂക്കാ 12,40) യേശുശിഷ്യൻ്റെ, സാത്താനും തിന്മയ്ക്കുമെതിരെയുള്ള നിതാന്ത ജാഗ്രതയേയും, ജീവിതകടമകളുടെയും ഉത്തരവാദിത്വങ്ങളുടെയും വിശ്വസ്ഥ കാര്യനിർവ്വഹണത്തിലെ ഉണർവിവനെയും കുറിക്കുന്ന പ്രസ്തുത വചനങ്ങളും മേല്പറഞ്ഞവർ തങ്ങളുടെ പാഠങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടു താനും. ഇതിനോട്, ഔസേപ്പിൻ്റെ വാദം ചേർത്തുവെച്ചതു കൊണ്ടു മാത്രം ഫലമുണ്ടാകുമെന്ന് കരുതുന്നില്ല. കാരണം, ഔസേപ്പിന് ഇവരോട് ഒരു തരം പുച്ഛമാണ്. അവരെകുറിച്ചുള്ള സംസാരം തുടങ്ങുമ്പോഴേ, അദ്ദേഹം പറയുമായിരുന്നു, "അവർ ഇത് എത്ര തവണയായി പറയുന്നു, എന്നിട്ട് ലോകം അവസാനിച്ചോ? രണ്ടായിരം കൊല്ലായതാ ഞങ്ങള്ടെ സഭ..." ഔസേപ്പ് സ്വരമുയർത്തുന്നതോടെ ചർച്ച തനിയെ മറ്റുവിഷയങ്ങളിലേക്കു തിരിയും.

ക്രിസ്തുവചനങ്ങളെ ദുരുപയോഗിക്കുന്നവർക്കു മുമ്പിൽ അവയെ ശരിയായി വ്യഖ്യാനിക്കാൻ ശ്രമിക്കുമ്പോഴേ, അവയുടെ സന്ദേശം ഇന്നിൻ്റെ സാഹചര്യത്തിൽ ക്രിസ്തുചൈതന്യത്തോട് ചേർത്ത് മനസ്സിലാക്കുമ്പോഴേ, തിരുവചനധ്യാനം നമ്മിൽ മുപ്പതും അറുപതും നൂറും മേനി ഫലമണിയുള്ളൂ. യേശു പറയുന്നു, "നിങ്ങൾ അരമുറുക്കിയും വിളക്കു കത്തിച്ചും ഇരിക്കുവിൻ." (ലൂക്കാ 12, 35) യജമാനൻ ദാസൻ്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ അവൻ എപ്രകാരം ഒരുക്കമുള്ളവനായിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന അർത്ഥപൂർണ്ണമായ തിരുവചനം, ഗുരുവിൻ്റെ മുമ്പിൽ സദാ തയ്യാറുള്ളവനായി കാണപ്പെടുന്ന ശിഷ്യചിത്രംപോലെ. അതിനെ എടുത്ത് സാമാന്യവത്ക്കരിച്ചും പെരുപ്പിച്ചും വ്യാഖ്യാനിക്കുമ്പോൾ ലഭിക്കുന്നതോ ലോകാന്ത്യഭീതിയും ആകുലതകളും. തീർത്തും ക്ഷണികവും നശ്വരവുമായ ഈ ലോകജീവിതത്തെ, തൻ്റെ നിരന്തര ജാഗ്രതയാലും വിശ്വസ്ഥതയാലും, നല്കപ്പെട്ട ദൈവീക കൃപകളെ സഫലമാക്കി, നിത്യജീവിതത്തിന് അർഹനാകാൻ ഓരോ ക്രൈസ്തവനെയും ക്ഷണിക്കുന്നു, ഈ തിരുവചനം. സ്വന്തം അന്ത്യത്തെക്കുറിച്ച് ചിന്തിച്ച് നവീകരണത്തിന് ഒരുങ്ങുന്നതിനേക്കാൾ, എത്രയോ ആശ്വാസമാണത്രേ, ലോകാന്ത്യത്തെ ചിന്തിക്കുന്നതും അതിനായി മറ്റുള്ളവരെ ഒരുക്കുന്നതും! ലിയോ ടോൾസ്റ്റോയ് പറഞ്ഞുവെച്ചത് ഓർത്ത് ഈ ധ്യാനം അവസാനിപ്പിക്കാം, "എല്ലാവരും ലോകത്തിൽ മാറ്റം വരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു, എന്നാൽ ആരും തന്നെ സ്വന്തം ജീവിതമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ല." ദൈവം അനുഗ്രഹിക്കട്ടെ. 

Saturday, August 20, 2016

അറിവ് അനുഭവമാകുമ്പോൾ അത്ഭുതങ്ങളുടെ കവാടങ്ങൾ തുറക്കപ്പെടുന്നു. (ലൂക്കാ 18, 35-43)

അറിവ് അനുഭവമാകുമ്പോൾ അത്ഭുതങ്ങളുടെ കവാടങ്ങൾ തുറക്കപ്പെടുന്നു.
(വായനഭാഗം - ലൂക്കാ 18, 35-43)

ആധുനിക ലോകം അറിവിൻ്റെ അനന്ത വിഹായസ്സിലേക്ക് സദാ മിഴിതുറന്നിരിക്കുന്നു എന്നത് ഏവരുടെയും അനുഭവമാണ്. ഇലക്ട്രോണിക് മാധ്യമങ്ങൾ, വളരെ പ്രത്യേകിച്ച്, "ന്യൂ ജെൻ" മൊബൈൽ ഫോണുകൾ അതിന് ഏറെ സഹായകവുമായിട്ടുണ്ടെന്നത് തർക്കമറ്റ വസ്തുതയാണുതാനും. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിലേക്ക് വരെ, നവസാമൂഹിക-സമ്പർക്ക മാധ്യമങ്ങൾ ഇറങ്ങിചെന്നതും അവരുമായി ഇഴുകിചേർന്നതും എത്ര പെട്ടെന്നായിരുന്നു! എന്നാൽ, അറിവുകളുടെ ഈ വലിയ സമ്പത്ത് മനുഷ്യന് എന്തുമാത്രം ജീവിതത്തെ ജീവിതയോഗ്യമാക്കുന്നതിന് സഹായിച്ചുവെന്നത് പലപ്പോഴും നിസ്സാരമല്ലാത്ത തർക്കവിഷയമായിട്ടുണ്ട്. ലഭിക്കുന്ന അറിവുകളെ തൻ്റെ ജീവിതവുമായി ബന്ധിപ്പിക്കുന്നതിനോ, അവയിൽ തള്ളേണ്ടതിനെ തള്ളാനും കൊള്ളേണ്ടതിനെ കൊള്ളാനുമുള്ള വിവേകം സ്വായത്തമാക്കുന്നതിനോ, അവൻ പരാജയപ്പെടുന്നുവോ എന്ന് സംശയിക്കുന്നവർ ഏറെയായിരിക്കുന്നു. ജീവിതത്തെ നിഷേധാത്മകമായി കാണുകയും ക്രൂരവും മൃഗീയവുമായി അന്യജീവിതങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നവരുടെ എണ്ണം അനുദിനം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ഈയൊരു പശ്ചാത്തലത്തിലാണ്, ജന്മനാ അന്ധനായവൻ്റെ സൌഖ്യത്തെ വിവരിക്കുന്ന, ഇന്നത്തെ ധ്യാനവിഷയത്തിലേക്ക് നാം പ്രവേശിക്കുന്നത്.

തിരുവചനത്തിൽ നാം വായിക്കുന്നു,  "ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദം കേട്ട്, എന്താണ് സംഭവിക്കുന്നത് എന്ന് അവൻ അന്വേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നുവെന്ന് അവൻ അറിഞ്ഞു. അപ്പോൾ അവൻ വിളിച്ചു പറഞ്ഞു, ദാവീദിൻ്റെ പുത്രാ, യേശുവേ, എന്നിൽ കനിയണമേ." (ലൂക്കാ 18, 36-38) തടസ്സങ്ങൾ കൂടുന്തോറും നിലവിളിയുടെ ശബ്ദവും ഉയർത്തിയുള്ള തീവ്രമായ പ്രാർത്ഥന. ഇവിടെ നാം കാണുന്നത്,  അന്ധൻ തനിക്ക് ലഭിച്ച അറിവിൻ്റെ നാളത്തെ തൻ്റെ പരിമിതിയിൽ കെടാതെ സൂക്ഷിച്ച് എങ്ങനെ തൻ്റെ ജീവിതത്തിനും അപരൻ്റെ ജീവിതത്തിൻ്റെ വെളിച്ചത്തിനുമായി ഉപയുക്തമാക്കിയെന്നതാണ്. ജീവിതത്തിൽ നമുക്കും ഒരുപാട് ക്രിസ്തു-അറിവുകൾ പലയളവുകളിലായി പലയിടങ്ങളിലും നിന്നായി ലഭിക്കുന്നുണ്ട്. എന്നാൽ, അവ എന്തുമാത്രം നാം പ്രയോജനപ്പെടുത്തുന്നുവെന്നതാണ്.

ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞവരുടെ എണ്ണം പെരുകുകയും, അവനെ അനുഭവിച്ചവരുടെ എണ്ണം അനുദിനം കുറയുകും ചെയ്യുന്ന കാലഘട്ടത്തിൽ, ക്രിസ്തുവിനെ അറിഞ്ഞ നമ്മുടെ ഓരോരുത്തരുടെയും അറിവ് അനുഭവമായി മാറാൻ ക്രിസ്തു സ്പർശനത്തിനായി പ്രാർത്ഥിക്കാം. സാവൂളിൻ്റെ കാലഘട്ടത്തിലെന്നപോലെ ഇന്നും, ക്രിസ്തുവിനെ (ക്രിസ്തുവിൻ്റെ തുടർച്ചയായ സഭയെ) പീഡിപ്പിക്കുന്ന ISIS നെ പോലെയുള്ളവർ, ക്രിസ്തുവിനെ കുറിച്ച് അറിയാത്തവരല്ല. പക്ഷെ, അവർ ക്രിസ്തു അനുഭവം തീർത്തും ഇല്ലാത്തവരാണ്. ക്രിസ്തു അനുഭവം സ്വന്തമാക്കാതെ, ഞാനും ഉപരിപ്ലവ അറിവുകളിൽ മാത്രം സംതൃപ്തിയണഞ്ഞ് ജീവിച്ചാൽ, ഒരു പക്ഷെ, ഞാനും നാളെ ISIS നേക്കാൾ നാശം വിതയ്ക്കുന്ന, മറ്റുള്ളവരിലെ ക്രിസ്തുബീജത്തെ നശിപ്പിക്കുന്ന, ശക്തിയുടെയും പ്രസ്ഥാനത്തിൻ്റെയും തുടക്കമായി മാറാം. നവീകരണത്തിൻ്റെയും വിശ്വസ്ഥതയുടെയും ആത്മാവിനായി തീക്ഷ്തയോടെ പ്രാർത്ഥിക്കാം.  

Friday, August 19, 2016

"ഒരു സ്റ്റാൻ്റേഡൊക്കെ വേണ്ടേഡോ, മനുഷ്യനായാൽ..." (മാർക്കോ. 2, 13-17)

"ഒരു സ്റ്റാൻ്റേഡൊക്കെ വേണ്ടേഡോ, മനുഷ്യനായാൽ..." (മാർക്കോ. 2, 13-17)


ജീവിതത്തിലെ ചില വിജയങ്ങളും ഉയർച്ചകളും ഇന്നിൻ്റെ സാമൂഹ്യ നിലവാര സൂചികയെ താങ്ങിപ്പിടിച്ചിരിക്കുന്നതുപോലെ തോന്നും ചിലരുടെ അടക്കിപ്പിടിച്ച വർത്തമാനങ്ങളും കമൻ്റുകളും കേട്ടാൽ. പിന്നിട്ട വഴികളും താണ്ടിയ ദുർഘട ദൂരങ്ങളും മറന്ന് ഇന്നിൻ്റെ സ്ഥാനങ്ങളിലും സൌകര്യങ്ങളിലും രമിക്കുന്നവർക്ക്, തനിക്കൊപ്പം ഉള്ളവർ തങ്ങളേക്കാൾ താഴെയുള്ളവരിലേക്കിറങ്ങുന്നത് ഉൾക്കൊള്ളാനാവില്ലത്രേ! അതിനാൽ തന്നെ, അവർ അത്തരം പ്രവർത്തികൾക്കെതിരെ പലപ്പോഴും പിന്നാമ്പുറ സംസാരത്തിൽ പങ്കുചേർന്ന് പറയും, "ഒരു സ്റ്റാൻ്റേഡൊക്കെ വേണ്ടേഡോ, മനുഷ്യനായാൽ. ഇങ്ങനെയാണോ പെരുമാറുക. അവനവൻ്റെ നിലയും വിലയുമൊക്കെ നോക്കണ്ടേ" യെന്ന്. പെരുമാറ്റദൂഷ്യത്തെ കുറിച്ചോ, സ്വഭാവശുദ്ധിക്കുറവിനെ കുറിച്ചോ ഒന്നുമല്ല വേവലാതി, പക്ഷെ, തങ്ങളേക്കാൾ താഴെയുള്ളവരിലേക്ക് ഇത്തരക്കാർ ഇറങ്ങുകയും അവരോടൊപ്പം പങ്കുചേരുകയും ചെയ്യുന്നുവെന്നതാണ് അപവാദമായത്.

ഇത്തരമൊരു അപവാദ പശ്ചാത്തലമാണ് ഇന്നിൻ്റെ ധ്യാനവിഷയം. അത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയോടെ (മർക്കോസിൻ്റെ സുവിശേഷത്തിൽ ലേവിയെ വിളിക്കുന്ന രണ്ടാം അദ്ധ്യായത്തിനു മുമ്പുതന്നെ നാല് അത്ഭുതങ്ങൾ വിവരിക്കുന്നുണ്ട്) ആരംഭിച്ച ക്രിസ്തുവിൻ്റെ ജീവിതത്തിലേക്ക് ഏറെ പേർ എളുപ്പം അടുക്കുന്നതായി നാം കാണുന്നു. ഒരു കൂട്ടം മനുഷ്യർ ക്രിസ്തു പകർന്ന സ്നേഹത്തിലേക്കും കരുണയിലേക്കും, മറ്റൊരു കൂട്ടർ യേശുവിന് സമൂഹം നല്കുന്ന ഉന്നതസ്ഥാനമാനങ്ങളിലേക്കും പദവികളിലേക്കും. ഫരിസേയരും നിയമജ്ഞരും കരുതി, അവൻ തങ്ങൾക്കൊപ്പം ചേരാൻ യോഗ്യതയുള്ളവനാകയാൽ പാപികളോടും അർഹതയില്ലാത്തവരോടും കൂട്ടുകൂടില്ലെന്ന്. ചുങ്കക്കാരും പാപികളും വിശ്വസിച്ചു, ഇവൻ തന്നെ തങ്ങളുടെ രക്ഷകനായ മിശിഹായെന്ന്. തിരുവചനത്തിൽ നാം വായിക്കുന്നു,"അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരിൽപ്പെട്ട ചില നിയമജിഞർ ചോദിച്ചു, അവൻ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നതെന്ത്?" (മർക്കോ. 2, 16)

ദരിദ്രരോടും അവഗണിക്കപ്പെട്ടവരോടും പക്ഷംചേരാനുള്ള മാനദണ്ഡം തൻ്റെ പിന്താങ്ങുന്നവരുടെ എണ്ണമല്ലെന്ന് ഉറച്ചു വിശ്വസിച്ച യേശുമിശിഹാ മറുപടിയായി ഉറക്കെ വിളിച്ചു പറഞ്ഞു, "ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നതെന്ന്." (മർക്കോ. 2, 17) ക്രിസ്തുവിൻ്റെ ആത്മാവുള്ള ക്രിസ്ത്യാനി ഇന്ന് ഉറക്കെ പറയാൻ മടിക്കുന്നതും ഈ വചനവും അതു പകരുന്ന സന്ദേശവുമാണെന്ന് തോന്നിപ്പോയിട്ടുണ്ട്, ചിലപ്പോഴെങ്കിലും. അതേസമയം തന്നെ, ക്രിസ്തുപാത പിന്തുടർന്ന് അനേകായിരങ്ങളെ ശുശ്രൂഷിക്കുന്ന സമർപ്പിത സഹസ്രങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നതിനൊപ്പം, അവൻ്റെ സ്പർശവും സൌഖ്യവും നമ്മുടെമേൽ സമൃദ്ധമായി ഉണ്ടാകാനായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Thursday, August 18, 2016

മുക്കുവർ മറന്നതും മറക്കരുതാത്തതും... (മാർക്കോ. 10, 13-16)

മുക്കുവർ മറന്നതും മറക്കരുതാത്തതും...  (വായനഭാഗം - മാർക്കോ. 10, 13-16)

ജീവിതം തന്നെ ദൈവത്തിൻ്റെ അനന്തവും തീർത്തും ഉദാരവുമായ ദാനമാകുമ്പോൾ, ജീവിതയാത്രയിലെ ഉയർച്ചതാഴ്ചകളെ ജോബിൻ്റെ മനോഭാവത്തോടെ കാണാൻ (ജോബ് 2, 21), കുറേക്കൂടെ ഉൾക്കാഴ്ച നാം ഇനിയും നേടേണ്ടതുണ്ടെന്ന് കരുതാൻ ഇടയായിട്ടുണ്ട്. ദൈവത്തിൻ്റെ വഴികൾ വ്യത്യസ്തങ്ങളെങ്കിലും വിളിയിൽ അവനെന്നും വശ്വസ്തനാണ് (1 കൊറി. 1, 9), വിളി സ്വീകരിച്ചവൻ വിളിയോട് വിശ്വസ്ഥത പുലർത്തുന്നതിനേക്കാൾ (വെളി. 3,2), വിളിയെ ഇടംവലം സ്ഥാനമാനങ്ങൾക്കുള്ള വി.ഐ.പി പാസ്സായി മാത്രം കരുതി ജീവിക്കുമ്പോൾ (മർക്കോ. 10, 37), ശിഷ്യത്വത്തിൻ്റെ തനിമ നഷ്ടമാകുകയും വിളിച്ചവൻ്റെ ശകാരം ഏല്ക്കുകയും ചെയ്യും. ഇക്കാര്യത്തെ സുന്ദരമായി ഓർമ്മപ്പെടുത്തുന്ന തിരുവചനമാണ് ഇന്നത്തെ ധ്യാനവിഷയം.

"അവൻ തൊട്ട് അനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവൻ്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ യേശു കോപിച്ച് അവരോട് പറഞ്ഞു, ശിശുക്കൾ എൻ്റെ അടുത്തു വരാൻ അനുവദിക്കുവിൻ. അവരെ ടതയരുത്." (മർക്കോ. 10,13-14) ഒരിക്കൽ മീൻ പിടിച്ചിരുന്നവരെ, മനുഷ്യരെ പിടിക്കുന്ന മുക്കുവരാക്കാൻ വിളിച്ചിട്ട് (ലൂക്കാ 5,10), പ്രസ്തുത വിളിയെല്ലാം മറന്നവരെപോലെ ജീവിക്കാൻ തുടങ്ങിയിരിക്കുന്നു, ക്രിസ്തുശിഷ്യർ. ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി ദാസൻ്റെ രൂപം സ്വീകരിച്ച ക്രിസ്തുവിനേക്കാളും (ഫിലി. 2, 6-7) ഉയർന്നവരായിരിക്കുന്നു, ക്രിസ്ത്യാനി. ദൈവത്തിൻ്റെ മുക്കുവരാകാൻ വിളിക്കപ്പെട്ടവർ മറന്നതും ഒരിക്കലും മറക്കരുതാത്തതുമായ ഒരു പാഠമാണ് ക്രിസ്തു അവരെ ഓർമ്മിപ്പിച്ചതും, ഇന്ന് "ആധുനിക മുക്കുവരായ" നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നതും.

ഗുരുവിലേക്കുള്ള വളർച്ച എന്നുപറയുന്നത് ഗുരു വളർന്നവരിലേക്കും വളർന്നിടത്തേക്കുമുള്ള വളർച്ച കൂടിയാണ്. അക്കാര്യം മറന്നവർ ഇന്ന് ഗുരുവിൻ്റെ ശൈലിയൊക്കെ മറന്ന്, ഗുരുവിൻ്റെ മഹത്വത്തിൻ്റെ സിംഹാസനം മാത്രം ലക്ഷ്യം വെക്കുന്നു. സ്വർഗ്ഗം വെടിഞ്ഞ് ഭൂമിയെ പ്രണയിച്ചവനെ അനുഗമിക്കുന്നവന്, ഈ മണ്ണോ, ഈ മണ്ണിൻ്റെ മക്കളുടെ വേദനകളോ ഒന്നും, തന്നെ ബാധിക്കാത്തതും, ഉയരങ്ങളും ഉയരങ്ങളിലെ സിംഹാസനങ്ങളും നിത്യം ധ്യാനവിഷയമാക്കുകയും ചെയ്യുമ്പോൾ, ക്രിസ്തുവിൻ്റെ ശകാരം ഇന്നു നമ്മിലേക്കും നീളുമെന്നറിയുക. ഈ ലോകത്തിലെ നിസ്സാരമായതുപോലും ദൈവാനുഗ്രഹം പേറണമെന്ന് അവൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്നിനും തടസ്സമാകാനല്ല, മറിച്ച് എല്ലാറ്റിനെയും എല്ലാവരെയും കരത്താൽ അനുഗ്രഹിച്ച് അനുഗ്രഹിച്ച്, അനുഗ്രഹം തന്നെയായി മാറാൻ അവൻ വിളിക്കുന്നു, എന്നെയും നിങ്ങളെയും. ആയതിനാൽ, എളിമയുടെയും അനുതാപത്തിൻ്റെയും കൃപയ്ക്കായ് ഇന്നു നമുക്കു പ്രാർത്ഥിക്കാം. 

Wednesday, August 17, 2016

"അല്ലാ സിഖന്തറേ, നീ അവന് ഇങ്ങനെ വീണ്ടും വീണ്ടും കൊടുത്തിട്ട് വല്ല കാര്യോണ്ടോ" (മത്താ. 13, 10-17)

"അല്ലാ സിഖന്തറേ, നീ അവന് ഇങ്ങനെ വീണ്ടും വീണ്ടും കൊടുത്തിട്ട് വല്ല കാര്യോണ്ടോ" (വായനഭാഗം - മത്താ. 13, 10-17)

സ്വീകരിക്കപ്പെടുന്ന വ്യത്യസ്തവും ഉന്നതവുമായ ദാനങ്ങൾ, തീർത്തും ഫലമണിയാതെ പോകുമ്പോഴുണ്ടാകുന്ന, നിരാശയും സങ്കടവും ഒരുവശത്ത്. മറുവശത്തോ, ലഭിച്ചതിൽ നിന്ന് യാതൊരു തരത്തിലുള്ള ഉന്നതിയുമില്ലല്ലോ, എന്നോർത്തുള്ള ദുഃഖവും വേദനയും. അതുകൊണ്ടുതന്നെ, "അല്ലാ സിഖന്തറേ, നീ അവന് ഇങ്ങനെ വീണ്ടും വീണ്ടും കൊടുത്തിട്ട് വല്ല കാര്യോണ്ടോ" എന്ന സുഖ്ബീറിൻ്റെ ഉപദേശവും, "എന്നും ഈ കൂരയിൽ കഴിയാനാണ് വിധി എൻ്റച്ചോ" എന്ന സുർജിയുടെ പരാതിയും പഴിയും, ഇന്നും ശരിയായ ഉത്തരം തേടി ദൂരയാത്രയിലാണ്. സാമൂഹ്യപാഠങ്ങളിലും ധനതത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലുമൊക്കെ, ധനവാനും ദരിദ്രനും തമ്മിലുള്ള അന്തരം, നിരന്തരം പഠനവിഷയമാകുമ്പോഴും, "കോരനു കഞ്ഞി കുമ്പിളിൽ തന്നെ" എന്ന ചൊല്ലും ഭക്ഷിച്ച് നിത്യവും ജീവിക്കാൻ വിധിക്കപ്പെട്ടവർക്കുമുമ്പിൽ ഇന്നത്തെ ധ്യാനവിഷയം അല്പം കഠിനമായി തോന്നാം പ്രത്യക്ഷത്തിൽ.

തിരുവചനത്തിൽ നാം വായിക്കുന്നു, "ഉള്ളവനു നല്കപ്പെടും. അവനു സമൃദ്ധമായി ഉണ്ടാകുകയും ചെയ്യും. ഇല്ലാത്തവനിൽ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും." (മത്താ. 13, 12) ഇല്ലാത്തവനെ സംബന്ധിച്ചിടത്തോളം ഈ വചനം തീർത്തും കഠിനമാകാതെ തരമില്ല. എന്നാൽ, ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി വന്നവൻ എന്താണ് ശരിക്കും നമുക്ക് പകർന്നു തരാൻ ആഗ്രഹിക്കുന്നത് എന്നു ശ്രദ്ധിക്കാം. ഉന്നതിയില്ലായ്മയുടെ കാരണം തമ്പുരാൻ പറയുന്നു, "അവർ കണ്ടിട്ടും കാണുന്നില്ല. കേട്ടിട്ടും കേൾക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല." (മത്താ. 13, 13) കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുന്നവരും കേട്ടിട്ടും ഗ്രഹിക്കാനോ ഉൾക്കൊള്ളാനോ മടിച്ച് നില്ക്കുന്നവരും. ഇവിടെ ലഭിക്കാത്തതല്ല അധോഗതിയുടെ അടിസ്ഥാനം, മറിച്ച്, ലഭിച്ചവ ശരിയായി ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ്. നല്കപ്പെടുന്ന ദാനങ്ങൾ കൃതജ്ഞതയോടെ സ്വീകരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ദൈവം വീണ്ടും വീണ്ടും സമൃദ്ധമായി അനുഗ്രഹിക്കുന്നതെന്ന്.

അതുപോലെത്തന്നെ, നന്ദിയില്ലാത്ത മനസ്സോടെ സ്വീകരിക്കപ്പെടുന്നതെന്തും നിഷ്ഫലമായി മാറും ജീവിതത്തിൽ എന്നതും മനസ്സിൽ കുറിച്ചിടാം. ലോട്ടറിയടിച്ചവനും കുത്തുപാളയെടുത്ത് നടക്കുന്നത് കാണുകയും ഏറെ കേൾക്കുകയും ചെയ്തിട്ടുണ്ടാകാം നമ്മുടെ ജീവിതത്തിൽ. ഈ വചനം ധ്യനിക്കുമ്പോൾ, ഗുരുമൊഴികൾക്ക് പ്രത്യേകം കാതോർക്കാൻ അനുഗ്രഹം ലഭിച്ച ശിഷ്യരോട് അനുദിനം ചേർന്ന്, ദൈവീക ദാനങ്ങളോട് കൃതജ്ഞതയിലും വിശ്വസ്ഥതയിലും പ്രത്യുത്തരിക്കാൻ കൃപയാൽ പരിശ്രമിക്കാം. അപ്പോൾ അവൻ നമ്മോടും പറയും, "നിങ്ങളുടെ കണ്ണുകൾ എത്ര ഭാഗ്യമുള്ളവ എന്തെന്നാൽ അവ കാണുന്നു. നിങ്ങളുടെ കാതുകൾ എത്ര ഭാഗ്യമുള്ളവ എന്തെന്നാൽ അവ കേൾക്കുന്നു" (മത്താ. 13, 16) വെന്ന്. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Tuesday, August 16, 2016

"നമ്മുടെ കുട്ടിയെ ആ കോരു വൈദ്യരെ ഒന്നു കാണിക്കാമായിരുന്നു. നല്ല കൈപ്പുണ്യം ഉള്ള വൈദ്യരാ..." (മർക്കോ. 5, 1-13)

"നമ്മുടെ കുട്ടിയെ ആ കോരു വൈദ്യരെ ഒന്നു കാണിക്കാമായിരുന്നു. നല്ല കൈപ്പുണ്യം ഉള്ള വൈദ്യരാ..." (മർക്കോ. 5, 1-13)

മഞ്ഞപ്പിത്തവും പനിയും ചുമയും ദേഹമാകെ വേദനയും ഒക്കെകൂടി ഒരേ ദിനം സന്ദർശിക്കാൻ വന്നപ്പോൾ ആകെ കുഴഞ്ഞുപോയി, തോമസുകുട്ടി; നില്ക്കാനും വയ്യ ഇരിക്കാനും വയ്യ എന്ന അവസ്ഥ. പല ഡോക്ടർമാരെയും കാണിച്ചെങ്കിലും പ്രത്യേകിച്ച് പറയത്തക്ക കുറവൊന്നുമുണ്ടായില്ല അങ്ങനെയിരിക്കെ, കാളിക്കുട്ടിചേച്ചി ഒരിക്കൽ കടയിൽ എന്തോ വാങ്ങാൻ വന്ന സമയം പറഞ്ഞു, "നമ്മുടെ കുട്ടിയെ ആ കോരു വൈദ്യരെ ഒന്നു കാണിക്കാമായിരുന്നു. നല്ല കൈപ്പുണ്യം ഉള്ള വൈദ്യരാ, തലമുറോളായി ഒറ്റമൂലി ചികിത്സക്കാരാ." പലയിടത്തും പോയി മടുത്തിരിക്കുന്ന സമയം, ഈയൊരു വാർത്ത എന്തോ സുവാർത്തപോലെ തോന്നി, മാതാപിതാക്കൾക്ക്. അവർ പിറ്റേ ദിവസം തന്നെ വൈദ്യരെ കണ്ടു. രോഗിയെ സസൂക്ഷ്മം പരിശോധിച്ച് പറഞ്ഞു, "ഈ ഒറ്റമൂലി അങ്ങ് മൂന്നാഴ്ച സേവിച്ചോളോ, അസുഖം എളുപ്പം പമ്പകടക്കും..." വൈദ്യര് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു, തോമസ്സുകുട്ടി സുഖം പ്രാപിച്ചു. ഇന്നത്തെ ധ്യാനവിഷയത്തിലൂടെ കടന്നുപോയപ്പോൾ ഈ സംഭവമാണ് ഓർമ്മയിൽ വേഗമെത്തിയത്.

രണ്ടായിരത്തോളം വിഭിന്ന പൈശാചിക കാരണങ്ങളാൽ വലയുന്നവൻ്റെ ദുരന്തം അക്കമിട്ടു വിവരിക്കുന്നുണ്ട് മാർക്കോസ് സുവിശേഷകൻ 2 മുതൽ 4 വരെയുള്ള വാക്യങ്ങളിൽ. സ്വയം മുറിവേല്പിക്കുകയും മറ്റുള്ളവർക്ക് ഭയമുളവാകത്തക്കവിധം ചങ്ങലകളും കാൽവിലങ്ങുകളും തകർത്ത് മലമുകളിലും കല്ലറകൾക്കിടയിലും കഴിഞ്ഞിരുന്നവനെ സുഖപ്പെടുത്താനോ ഒതുക്കിനിർത്താനോ ആർക്കും സാധ്യമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് കല്ലറക്കിടയിൽ നിന്ന് ഏതോ വിഭ്രാന്തിയിൽ ഓടിനീങ്ങവെ ക്രിസ്തുവിനെ കാണുന്നതും സൌഖ്യം പ്രാപിക്കുന്നതും. ജീവിതത്തിലെ ഒരുപാടു കുറവുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കാൻ ആഗ്രഹിച്ച് പല വഴികളും പലപ്പോഴായി പരിശ്രമിച്ച് ഒരുപക്ഷെ പരാജയപ്പെട്ടവരേറെയുണ്ടാകാം. കാരണം പാപത്തിൻ്റെയും തിന്മയുടെയും ശക്തി അത്ര വലുതാണ്.

"നിൻ്റെ പേരെന്താണ്?" യേശു ചോദിച്ചു. അവൻ പറഞ്ഞു, "എൻ്റെ പേര് ലെഗിയോൺ; ഞങ്ങൾ അനേകം പേരുണ്ട്." (മർക്കോ. 5, 9) അവർ ക്രിസ്തുവിൻ്റെ ആജ്ഞയനുസരിച്ച് രണ്ടായിരം പന്നികളിൽ പ്രവേശിച്ചുവെന്നതിൽ നിന്ന് അവരുടെ എണ്ണവും ശക്തിയുമൊക്കെ നമുക്ക് മനസ്സിലായി. പക്ഷെ, യേശുക്രിസ്തുവിൻ്റെ വചനത്തിനുമുമ്പിൽ അവർ എത്രയോ നിസ്സഹായരായാണ് കീഴ്പെടുന്നത്. ഏതു പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുതലിനായി പരി. ആത്മാവെന്ന ഒറ്റമൂലി നല്കി നമ്മെ വീണ്ടെടുക്കൻ ദിവ്യവൈദ്യനായ യേശു ഇന്നും ആഗ്രഹിക്കുന്നു. ഞാൻ അവനെ തിരിച്ചറിയാതെ ഇനിയും അസ്വസ്ഥത നിറഞ്ഞ യാത്രയിലാണോയെന്ന് പരിശോധിക്കാൻ ഇന്നത്തെ വചനം നമ്മെ പ്രേരിപ്പിക്കട്ടെ. 

Monday, August 15, 2016

"ചോദ്യശരങ്ങളേറെയുണ്ടെൻ പക്കൽ, മറുചോദ്യങ്ങൾക്കോ നിശ്ശബ്ദതയെന്ന ഏക ഉത്തരവും." (ലൂക്കാ 14, 1-6)

"ചോദ്യശരങ്ങളേറെയുണ്ടെൻ പക്കൽ, മറുചോദ്യങ്ങൾക്കോ നിശ്ശബ്ദതയെന്ന ഏക സമ്പാദ്യവും." (വായനഭാഗം - ലൂക്കാ 14, 1-6)

ജീവിതയാത്രയിൽ വിമർശനങ്ങളും പരിഹാസങ്ങളും ഒട്ടും നേരിടാത്തവരായി ആരും തന്നെ കാണുമെന്ന് കരുതുന്നില്ല; ചിലർ അവയെ അതിജീവിച്ചു മുന്നോട്ട് പോകുന്നു, വേറെ ചിലർ അവക്കു മുമ്പിൽ തളർന്ന്, തകർന്ന് തരിപ്പണമാകുന്ന കാഴ്ചകളും വിരളമല്ല.  തള്ളേണ്ടവയെ തള്ളിയും കൊള്ളേണ്ടവയെ കൊണ്ടുമുള്ള ജീവിതമാണ് ലക്ഷ്യത്തോട് നമ്മെ ചേർത്തുനിർത്തുക. ചില വിമർശനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന വിൻസ്റ്റൻ എസ്. ചർച്ചിലിൻ്റെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്, "വഴിയരികിൽ കുരയ്ക്കുന്ന ഓരോ പട്ടിയേയും കല്ലെറിയാനായി നിന്നാൽ, നീ ഒരിക്കലും നിൻ്റെ ലക്ഷ്യത്തിലെത്തുകയില്ലാ" യെന്ന്. സുവിശേഷങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ, എല്ലാ സുവിശേഷങ്ങളും ഒരുപോലെ രേഖപ്പടുത്തിയിരിക്കുന്ന പല വിവരണങ്ങളിൽ ഒന്ന്, യേശു തർക്കങ്ങളിലേർപ്പെടുന്നതും വിമർശനങ്ങളെ കൈകാര്യം ചെയ്യുന്നതുമാണ്. അവയിലൊന്ന്, ഇന്നത്തെ ധ്യാനവിഷയമാണുതാനും. നന്മചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടവൻ്റെ പുറകിൽ അവർ കച്ചകെട്ടിയിറങ്ങിയത് അവനെ ശ്രവിക്കാനല്ലാ, മറിച്ച്, കണ്ണിലെണ്ണയൊഴിച്ച് അവനെ ശ്രദ്ധിക്കാൻ. എന്തിനെന്നോ, അവൻ നന്മചെയ്യുന്നത് നിയമങ്ങൾക്കെതിരാണോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കാൻ. കാപട്യത്തിൻ്റെ ഈ ഫരിസേയ വഴികളെക്കുറിച്ച് പണ്ടെങ്ങോ മനസ്സിൽ കുറിച്ചത് ഓർമ്മയിൽ വരികയാണ്,

"ചോദ്യശരങ്ങളേറെയുണ്ടെൻ പക്കൽ,
മറുചോദ്യങ്ങൾക്കോ, നിശ്ശബ്ദതയാം ഏക സമ്പാദ്യവും.
ചൊല്ലുമോ, പ്രിയരേയിതു പ്രമാണപ്രേമമോ,
അതോ, ഇതെൻ കാപട്യ ജീവിതസാരമോ?
ചൊല്ലിത്തരുമോയെൻ പ്രാണപ്രിയരേ?"

നന്മക്കെതിരെ നില്ക്കുന്ന പ്രമാണങ്ങൾ, തീർത്തും ഉറകെട്ടവയെന്ന് ഓർമ്മപ്പെടുത്തി, അവൻ മഹോദരരോഗിക്ക് കരുണയോടെ സൌഖ്യം നല്കുന്നതായി നാം തിരുവചനത്തിൽ വായിക്കുന്നു. "യേശു നിയമജ്ഞരോടും ഫരിസേയരോടുമായി ചോദിച്ചു, സാബത്തിൽ രോഗശാന്തി നല്കുന്നത് അനുവദനീയമോ, അല്ലയോ? അവർ നിശ്ശബ്ദരായിരുന്നു. യേശു അവനെ അടുത്തു വിളിച്ച് സുഖപ്പെടുത്തി അയച്ചു." (ലൂക്കാ 14,3-4) ക്രിസ്തുവിൻ്റെ ആത്മാവുള്ളവൻ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, കാപട്യത്തിൻ്റെ മുഖംമൂടികളൊക്കെ മാറ്റി, ആത്മാർത്ഥതയുടെ പുളിപ്പുള്ള യഥാർത്ഥ അപ്പം ഭക്ഷിക്കാൻ തമ്പുരാൻ കൃപ നല്കട്ടെന്ന് പ്രാർത്ഥിക്കുന്നു.

Sunday, August 14, 2016

സ്വാതന്ത്ര്യത്തിൻ്റെ ആഴവും അർത്ഥവും ക്രൈസ്തവൻ്റെ ജീവിതത്തിൽ... (യോഹ. 2, 1-12)

സ്വാതന്ത്ര്യത്തിൻ്റെ ആഴവും അർത്ഥവും ക്രൈസ്തവൻ്റെ ജീവിതത്തിൽ... (യോഹ. 2, 1-12)

സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ മനസ്സിലേക്ക് ആദ്യം പറന്നെത്തുക ഉരുക്കുമുഷ്ടി, ഇരുമ്പുമറ, ഇരുമ്പഴി എന്നിവയിൽ നിന്നുള്ള എന്നന്നേക്കുമുള്ള വിടുതൽ, മോചനം എന്നീ ചിന്തകളാണ്. ആ മോചനത്തെ കുറിച്ചുള്ള ഓർമ്മകളോ, ഓരോരുത്തരെ സംബന്ധിച്ചിടത്തോളവും, അതിരില്ലാത്ത ആഹ്ളാദങ്ങളും ആഘോഷങ്ങളും. അതുകൊണ്ടല്ലേ, നാലായിരത്തിലധികം വർഷം കഴിഞ്ഞും, ഇന്നും, ഈജിപ്തിൽ നിന്നുള്ള മോചനം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഒളിമങ്ങാത്ത ഓർമ്മകളും മഹോത്സവങ്ങളുമായി ഇന്നും നിലനില്ക്കുന്നത്. ഇന്നത്തെ ഭാരത സ്വാതസ്വാതന്ത്ര്യദിനാഘോഷങ്ങൾ വിളിച്ചുപറയുന്നതും മറ്റൊന്നല്ല. അതേ, ബാല ഗംഗാതര തിലക് എന്ന മഹത് വ്യക്തിയോട് ചേർന്ന് നമുക്കും  മോചനവും വിടുതലും മനുഷ്യൻ്റെ ജന്മാവകാശമാണെന്ന് ഏറ്റുപറയുകയും അതിൻ്റെ നിലനില്പിപിനും തുടർച്ചക്കുമായി നിരന്തരം പരിശ്രമിക്കുകയും ചെയ്യാം.

എന്നാൽ, ഏതൊരു ക്രൈസ്തവനെ സംബന്ധിച്ചിടത്താളവും ഈ സ്വാതന്ത്ര്യം എന്നു പറയുന്നത്, മാംസരക്തങ്ങളിൽ നിന്നുള്ള വെറും വിടുതലോ, അധീനത്വത്തിൽ നിന്ന് അധികാരിയിലേക്കുള്ള വളർച്ചയോ അല്ല, മറിച്ച്, ശരിയായ അധികാരിയുടെ അധീനത്വത്തിൽ ജീവിക്കാൻ തീരുമാനമെടുക്കലാണ്. "ഇതാ കർത്താവിൻ്റെ ദാസി" (ലൂക്കാ 1,38) എന്നു പറഞ്ഞ് പൂർണ്ണസ്വാതന്ത്ര്യത്തിൻ്റെ പ്രതീകമായിതീർന്ന പരി. കന്യകാമറിയം ശരിയായ സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ഇന്ന് നമ്മോട് പറയുകയാണ്, "നിങ്ങൾ അവൻ പറയുന്നതുപോലെ ചെയ്യുവിനെ"ന്ന് (യോഹ. 2, 5) അപ്പോൾ, പൂർണ്ണ സ്വാതന്ത്ര്യം എന്നുപറയുന്നത്, ശരിയായ സത്യത്തോടും മാർഗ്ഗത്തോടും ജീവനോടും (യോഹ. 14,6)  ചേർന്നു നിന്ന് ഫലം പുറപ്പെടുവിക്കലാണ്; അത് വെട്ടിമാറ്റപ്പെടലോ, വേറിട്ടുപോകലോ അല്ല. (യോഹ. 15, 4) ഈയൊരു പുതുജീവിത ശൈലിയെ വി. പൌലോസ് അപ്പസ്തോലൻ ഇങ്ങനെയാണ് പ്രയോഗികമാക്കാൻ പറയുക, "ഒരിക്കൽ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമർപ്പിച്ചതുപോലെ, ഇപ്പോൾ അവയെ വിശുദ്ധീകരണത്തിനുവേണ്ടി നീതിയുടെ അടിമകളായി സമർപ്പിക്കുവിൻ." (റോമ. 6, 19)

ശരീരത്തിൻ്റെയും ആത്മാവിൻ്റെയും അടിമത്വത്തിൻ്റെ വ്യത്യാസങ്ങളെ വ്യക്തമാക്കികൊണ്ട്, അപ്പസ്തോലൻ ആവർത്തിക്കുന്നു, "പാപത്തിൻ്റെ വേതനം മരണമാണ്, ദൈവത്തിൻ്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും." (റോമ. 6, 22-23) ഭാരതീയൻ എന്ന നിലയിൽ ഇന്ന് രാജ്യത്തിൻ്റെ ഭൌതിക സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതോടൊപ്പം, ഉത്തമ ക്രൈസ്തവൻ എന്ന നിലയിൽ, ആത്മാവിൻ്റെ സ്വാതന്ത്ര്യത്തെ അനുഭവിക്കാനും നിലനിർത്താനും, പരി. അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിൽ, അമ്മ പറയുന്നതുപോലെ, എന്നും എവിടെയും "അവൻ പറയുന്നതുപോലെ ചെയ്യുന്നവരാകാനു"ള്ള ദൈവകൃപ നമുക്കു യാചിക്കാം. ഏവർക്കും സ്വാതന്ത്ര്യ-സ്വർഗ്ഗാരോപണ ദിനാശംസകൾ ഒത്തിരിയേറെ സ്നേഹത്തോടെ നേരുന്നു....  

Saturday, August 13, 2016

"അച്ചൻ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ വേഗം നടന്നുകിട്ടുന്നുണ്ടല്ലോ, എന്താ ഇതിൻ്റെ പിന്നിലെ സൂത്രം." (ലൂക്കാ. 18, 1-8)

"അച്ചൻ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ വേഗം നടന്നുകിട്ടുന്നുണ്ടല്ലോ, എന്താ ഇതിൻ്റെ പിന്നിലെ സൂത്രം." (വായനഭാഗം - ലൂക്കാ. 18, 1-8)

സമൂഹജീവിതവും അതിൻ്റെ അടിസ്ഥാന ഘടകമായ കുടുംബ ജീവിതവുമൊക്കെ നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠങ്ങളിൽ ഒന്ന്, നാം പരസ്പരം ഒത്തിരിയേറെ കടപ്പെട്ടവരും ആശ്രിതരുമാണെന്നതാണ്. പുലർത്തുന്ന ബന്ധങ്ങളിൽ ഒരേ സമയം, നാം അധികാരികളും അധീനരുമായി തീരുകയെന്തെന്നത്, ശരിക്കും നാമവിടെ പഠിച്ചറിയുന്നു. മറ്റൊരർത്ഥത്തിൽ, ഒരേ സമയം അപ്പനും മകനും, അമ്മയും മകളും, ഗുരുവും ശിഷ്യനുമൊക്കെയായി മനസ്സും ഭാവവും പൊരുത്തപ്പെടാൻ തീർത്തും ഒരുക്കപ്പെടുന്ന ജീവിത പാഠശാല. അതുകൊണ്ടുതന്നെ, ഒറ്റപ്പെട്ടും വേറിട്ടും, സ്വതന്ത്രമായുമൊക്കെ ജീവിക്കാൻ ഏറെ പ്രലോഭിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, സമൂഹജീവിതത്തിൻ്റെ പ്രാധാന്യം മിഴിവോടെ തിരിച്ചറിയാൻ നാം പരിശ്രമിച്ചേ മതിയാകൂ. ഈ അടുത്ത നാളുകൾ, സമൂഹ ജീവിതത്തിൻ്റെ സുന്ദരമായ പാഠങ്ങൾ അല്പാല്പം അനുഭവിച്ചറിയാൻ ദൈവം ഒരുക്കി തന്നിരിക്കുകയാണ്. ഒരിക്കൽ, അത്താഴം കഴിഞ്ഞ് നടക്കാനിറങ്ങിയ സമയം സഹോദര വൈദികരിലൊരാൾ പറഞ്ഞു, "വല്യച്ചനോട്, അച്ചൻ ഈയിടെ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ, വേഗം നടന്നുകിട്ടുന്നുണ്ടല്ലോ അച്ചോ, എന്താ ഇതിൻ്റെ പിന്നിലെ സൂത്രം." ഞാൻ മറുപടി പറഞ്ഞു, "ഈയിടെ എന്നു അച്ചൻ പറഞ്ഞതു ശരിയാ, പക്ഷെ, ഇതിനു മുമ്പേ പലതവണയും നിഷേധിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ ശാന്തമായി തിരിച്ചുപോരുകയും, ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിലെ ആത്മാർത്ഥതയും തീക്ഷ്ണതയും അല്പം പോലും ചോരാതെ തുടരുകയും ചെയ്തു." നാം മനുഷ്യരുടെ മുമ്പാകെ യാചിക്കുന്ന ഓരോ യാചനയും തമ്പുരാൻ ശ്രദ്ധിക്കുന്നുണ്ട്. ശുദ്ധമായ അധരങ്ങളോടും നിർമ്മലമായ മനസാക്ഷിയോടുംകൂടെയുള്ള നിരന്തരമായ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ അവിടുന്ന് ഇടവരുത്തുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന തിരുവചമാണ് ഇന്നത്തെ ധ്യാനവിഷയം. വിധവയുടെ ശുദ്ധവും നിരന്തരവുമായ പ്രാർത്ഥനക്ക് തടസ്സം നില്ക്കാൻ കഴിയാത്തവണ്ണം ദുഷ്ടനായ ന്യായാധിപൻ്റെ മനസ്സുമാറുന്ന ചിത്രം. യേശു തമ്പുരാൻ പറയുകയാണ്, "അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചുകരയുന്ന തൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിന് കാലവിളംബം വരുത്തുമോ? അവർക്ക് വേഗം നീതി നടത്തിക്കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു." (ലൂക്കാ. 18, 7-8) പ്രാർത്ഥന ബന്ധങ്ങളുടെ താക്കോലാണ്, തമ്പുരാനുമായും മനുഷ്യനുമായും. ഈ താക്കോൽ നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും, കൂടെക്കൂടെ ഉപയോഗിക്കാനും ഉള്ള, ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. 

Friday, August 12, 2016

"ഫിക്സഡ് റേറ്റ്, നോ ബാർഗെയ്ൻ പ്ലീസ്..." (ലൂക്കാ. 9, 23-26)

"ഫിക്സഡ് റേറ്റ്, നോ ബാർഗെയ്ൻ പ്ലീസ്..." (വായനഭാഗം - ലൂക്കാ. 9, 23-26)

ഓരോ കച്ചവട മേഖലയിലും വ്യത്യസ്തങ്ങളായ രീതികളാണ് പുലർത്തിപോരുന്നതെന്ന് നമുക്കറിയാം; വിലയിലായാലും വിതരണത്തിലായാലും, ഗുണത്തിലായാലും എണ്ണത്തിലായാലും അത് പ്രകടവുമാണ്. ചിലയിടത്ത് പോയാൽ, വിലപേശാൻ അറിയില്ലെങ്കിൽ നല്ല വസ്തുക്കൾ കിട്ടില്ലെന്ന് മാത്രമല്ല, അനാവശ്യമായി പോക്കറ്റ് കാലിയാകുന്നത് നാം അറിയുകയുമില്ല, പല വഴിയോര കച്ചവടങ്ങളും ചില പ്രദേശങ്ങളിലെ മാർക്കറ്റുകളും അങ്ങിനെയാണ്. വേറെ ചിലയിടങ്ങളിൽ ആരും വിലപേശലിന് പോകാറില്ല, വരുന്നവർക്ക് അറിയാം അവിടെ എല്ലാറ്റിനും നിശ്ചിത വിലയാണെന്നും, ഗുണനിലവാരമുള്ള വസ്തുക്കളേ അവിടെനിന്ന് ലഭിക്കൂവെന്നും. എന്നാൽ, വേറെ ചില കടകളിൽ പോകുമ്പോൾ നാം ഒരു ബോർഡ് തൂക്കിയിട്ടിരിക്കുന്നത് കാണും, "ഫിക്സഡ് റേറ്റ്, നോ ബാർഗെയ്ൻ പ്ലീസ്" എന്ന്. ദയവായി ആരും വസ്തുക്കളിന്മേൽ വിലപേശാൻ ശ്രമിക്കരുത്, നിശ്ചിത വില അതതു വസ്തുക്കൾക്ക് നല്കേണ്ടതുണ്ട് എന്നർത്ഥം. ഇന്നത്തെ ധ്യാനവിഷയത്തിലൂടെ കടന്നുപോയപ്പോൾ ഇതുപോലൊരു "നിശ്ചിതവില ബോർഡ്" തമ്പുരാൻ മനുഷ്യനുമേൽ തൂക്കിയിട്ടിരിക്കുന്നത് ഓർത്തുപോയി. എന്താണ് ദൈവം മനുഷ്യന് എന്നന്നേക്കുമായി ഇട്ടിരിക്കുന്ന വില? തിരുവചനത്തിൽ നാം വായിക്കുന്നു, "ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം?" (ലൂക്കാ, 9, 25) അതിനർത്ഥം ഒരു ജീവൻ്റെ വിലയെന്നു പറയുന്നത്, ഈലോകത്തിലെ സകല നേട്ടങ്ങളേക്കാളും വസ്തുക്കളേക്കാളും ഉപരിയാണെന്ന്. തിരുസ്സഭ ഈ സത്യം ഉൾക്കൊണ്ടാണ് ജീവൻ്റെ സുവിശേഷം എന്നും എവിടെയും സധൈര്യം പ്രഘോഷിക്കുന്നതും ജീവനെതിരായ എല്ലാ പ്രവർത്തികൾക്കുമെതിരെ - ഭ്രൂണഹത്യ, ദയാവധം, ആത്മഹത്യ, മരണശിക്ഷ, യുദ്ധം തുടങ്ങിയവയും പുകയില ഉത്പന്നങ്ങൾ, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം - ശബ്ദിക്കുന്നതും പോരാടുന്നതുമെല്ലാം. വി. പൌലോസ് അപ്പസ്തോലൻ പറയുകയാണ്, "ദൈവത്തിൻ്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ, ദൈവത്തിൻ്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ." (1 കൊറീ. 3, 17) ദൈവം മനുഷ്യന്  നിശ്ചയിച്ചിരിക്കുന്ന ഈ അമൂല്യ വിലയെ നാം മാനിക്കാതെ, ഇനിയും നാം ജീവനെതിരായ പ്രവർത്തികളിൽ, സ്വന്തം ജീവിതത്തിലും അപരൻ്റെ ജീവിതത്തിലും, ഏർപ്പെട്ട് മുന്നോട്ടു പോകുന്നോ എന്ന് ചിന്തിക്കാൻ ഇന്നത്തെ തിരുവചനഭാഗം നമ്മെ സഹായിക്കട്ടെ. 

Thursday, August 11, 2016

"മൂത്തോൻ ബഹുകേമനാ, അവൻ കച്ചോടത്തിൽ അപ്പനേം വെട്ടിക്കും...." (യോഹ. 15, 18-25)

"മൂത്തോൻ ബഹുകേമനാ, അവൻ കച്ചോടത്തിൽ അപ്പനേം വെട്ടിക്കും...." (വായനഭാഗം - യോഹ. 15, 18-25)

മക്കളുടെ വളർച്ചയെക്കുറിച്ചുള്ള അഭിമാനം എവിടെയും ഏറ്റുപറഞ്ഞു സന്തോഷിക്കുന്നവരാണ് നാട്ടിൻപുറത്തെ കാരണവന്മാർ. ഭൂരിഭാഗം പേരും സ്വദേശത്തുതന്നെ കച്ചവടവും കൃഷിയുമായി ജീവിതത്തിനാവശ്യമായത് കണ്ടെത്താൻ പരിശ്രമിക്കുന്നതിനാൽ, പരസ്പരം അറിയാനും മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും അവർ സമയം കണ്ടെത്താറുണ്ട്. കൂട്ടത്തിൽ തങ്ങളുടെ കൃഷിയും കച്ചവടവും തുടർന്നുകൊണ്ടുപോകാൻ പ്രാപ്തരായവർ തങ്ങളുടെ മക്കളിലാരെന്നുള്ള ചർച്ചയും നടക്കും. അത്തരത്തിലുള്ള സംസാരത്തിനിടയിൽ മക്കളുടെ വളർച്ചയിൽ അഭിമാനം കൊണ്ട് ഇങ്ങനെയും പറയുന്നത് പലയാവർത്തി കേൾക്കാനിടയായിട്ടുണ്ട്, "മൂത്തോൻ ബഹുകേമനാ, അവൻ കച്ചോടത്തിൽ അപ്പനേം വെട്ടിക്കും...." തൻ്റെ മക്കളെക്കുറിച്ച് ഉത്തമമായത് അപരനിൽ നിന്ന് കേൾക്കുമ്പോൾ സന്തോഷിക്കാത്ത ഏതു പിതാവാണുള്ളത്. അതുകൊണ്ടുതന്നെ, ഒരുപാടു സംതൃപ്തിയും പ്രതീക്ഷയുമൊക്കെ അത്തരം സംസാരങ്ങൾ പരസ്പരം സമ്മാനിക്കാറുണ്ട്. എന്നാൽ, ഇന്നത്തെ ധ്യാനവിഷയഭാഗം മറ്റൊരു ചിന്ത പകരുന്നുണ്ട്. യേശു പറയുന്നു, "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചുവെന്ന് അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾ ലോകത്തിൻ്റേത് ആയിരുന്നുവെങ്കിൽ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാൽ, നിങ്ങൾ ലോകത്തിൻ്റേത് അല്ലാത്തതുകൊണ്ട്, ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു." (യോഹ. 15, 19) ഈ തിരുവചനത്തോടുചേർന്ന്, തൻ്റെ ഉറ്റ സുഹൃത്തായ ദീനബന്ധു സി. എഫ്. ആൻഡ്രൂസിനോട്, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ക്രൈസ്തവരെക്കുറിച്ച് ,ഒരിക്കൽ പങ്കുവെച്ചതും നമുക്കു വായിക്കാം, "ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ ക്രിസ്ത്യാനികളെ വെറുക്കുന്നു." ഉത്തമനായ ക്രിസ്തു സ്നേഹിക്കപ്പെട്ടിട്ട് എന്തേ, ക്രിസ്തുവിൻ്റെ അനുയായി വെറുക്കപ്പെടുന്നു? കാരണം അവൻ ക്രിസ്തുവോളം വളർന്നില്ലെന്നതു തന്നെ. ക്രിസ്തു വെറുക്കപ്പെട്ടിട്ട് ക്രിസ്ത്യാനി സ്നേഹിക്കപ്പെടുമ്പോഴും സ്ഥിതി മറിച്ചല്ല. ക്രിസ്തുവിനേക്കാൾ കേമനും വലിയവനുമാകാനല്ല, ക്രിസ്തുവോളം വളരാൻ എന്തുമാത്രം ചെറുതാകുകയും ലോകത്താൽ വെറുക്കപ്പെടുകയും വേണമെന്ന് ചിന്തിക്കാൻ ഇന്നത്തെ തിരുവചനം നമ്മെ പ്രേരിപ്പിക്കുന്നു. ആയതിനാൽ, ക്രൈസ്തവമൂല്യങ്ങൾ കൈവിട്ട് ലോകത്തിൻ്റെ പ്രീതിക്കും വിജയശൈലികൾക്കും പുറകെ പോകുമ്പോൾ നാം "അന്തിക്രിസ്തു"മാരായി മാറുകയാണെന്ന് തിരിച്ചറിയാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. 

Wednesday, August 10, 2016

"എന്തേ നീ, അവിടെ നിന്ന് ഇത്രയും വേഗം പോന്നത്..." (മത്താ. 19, 27-29)

"എന്തേ നീ, അവിടെ നിന്ന് ഇത്രയും വേഗം പോന്നത്..." (വായനഭാഗം - മത്താ. 19, 27-29)

ജീവിതത്തിൻ്റെ ചില പ്രത്യേകമായ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർ പലപ്പോഴും, കണ്ടുമുട്ടുന്ന പല വ്യക്തികളുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറയാനും കൂടിയുള്ള മനക്കരുത്ത് നേടേണ്ടതുണ്ട് എന്നു ചിന്തിക്കാൻ  പലപ്പോഴും കാരണമായിട്ടുണ്ട്. സാഹചര്യങ്ങളും വിഷയങ്ങളും വ്യത്യസ്തമാകുമ്പോഴും - അത് ദേശമാകട്ടെ, ദൈവവിളിയാകട്ടെ, പഠനമാകട്ടെ, ജോലിയാകട്ടെ  - ചോദ്യം ഒന്ന് മാത്രമെയുള്ളൂ, "എന്തേ നീ, അവിടെ നിന്ന് ഇത്രയും വേഗം പോന്നത്..." (മത്താ. 19, 27-29) ദേശം വിട്ടവർ അതിനടുത്തതും ദൈവവിളി ഉപേക്ഷിച്ചവർ അതിനോടു ചേർന്നതും പഠനം തുടരാതിരുന്നവർ അതിനനുയോജ്യമായതും ജോലിസ്ഥലം മാറിയവർ അതിനനുസരിച്ചുമുള്ള ഉത്തരം നല്കുക തീർത്തും സ്വാഭാവികമാണ്. ചില ഉത്തരങ്ങൾ പൂർണ്ണമാകാം മറ്റുചിലത് അപൂർണ്ണങ്ങളാകാം ഇനിയു ചിലത് അസത്യങ്ങളുമാകാം; സാഹചര്യങ്ങളും വിഷയങ്ങളും ചോദ്യകർത്താക്കൾക്കുമനുസരിച്ച്. കഴിഞ്ഞദിവസം, നാട്ടിലെ ഒരു സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ, ഞാൻ അവനോടും ഇത്തരത്തിലൊരു ചോദ്യം ചോദിച്ചു, "ജോസേ, നീ എന്ത്യേ, അവിടെ നിന്ന് ആ ജോലി ഉപേക്ഷിച്ച് ഇത്രയും വേഗം പോന്നത്..." അവൻ പറഞ്ഞു, "അച്ചോ, ഈ തുച്ഛമായ ശമ്പളത്തിന് ഞാൻ ഇവിടെ തുടർന്നാൽ ഉള്ള കടക്കെണിയിൽ നിന്നുപോലും കരകയറാൻ പറ്റില്ല. ഞാൻ മറ്റൊരു ഇടം തേടുകയാണ്." പരിമിതികളുള്ള മനുഷ്യന് അപരൻ്റെ ആഗ്രഹങ്ങളെയും പ്രീക്ഷകളെയും പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഒരിക്കലും സാധിക്കില്ല. എന്നാൽ, തമ്പുരാന് മറിച്ചാണ്. തിരുവചനം പറയുന്നു, "മനുഷ്യർക്ക് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്." (ലൂക്കാ 18, 27) ഇന്നത്തെ ധ്യനവിഷയഭാഗത്ത് നാം വായിക്കുന്നു, "എൻ്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ, പിതാവിനെയോ മാതാവിനെയോ മക്കളെയോ, വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും. അവൻ നിത്യജിവൻ അവകാശമാക്കുകയും ചെയ്യും." (മത്താ. 19, 29) അനുദിനജീവിതത്തിൽ, എൻ്റെ പദ്ധതികളും പ്രതീക്ഷകളും നൂറിരട്ടി പൂർത്തീകരിക്കാൻ, ജീവനുണ്ടാകുവാനും അതു സമൃദ്ധമായി നല്കാനും വേണ്ടി തന്നെ സമർപ്പിച്ച, യേശുവിനു മാത്രമെ കഴിയുകയുള്ളുവെന്ന് തിരിച്ചറിയാനും അവനിൽ വിശ്വാസമർപ്പിച്ച് ജീവിക്കാനും ഉള്ള കൃപക്കായി ഇന്നു പ്രത്യേകമായി നമുക്കു പ്രാർത്ഥിക്കാം. 

Tuesday, August 9, 2016

"ഉത്രാളിക്കാവിൻ്റെ ആഘോഷങ്ങളുടെ മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയ മഹാദുരന്തം." (മത്താ. 24, 37-44)

"ഉത്രാളിക്കാവിൻ്റെ ആഘോഷങ്ങളുടെ മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയ മഹാദുരന്തം." (വായനാഗം - മത്താ. 24, 37-44)

പഞ്ചാബിൽ സേവനം ചെയ്യാൻ പുറപ്പെടുന്നതിനുമുമ്പേ, ശുശ്രൂഷ ചെയ്തിരുന്ന ഇടം പൂരങ്ങളുടെയും വെടിക്കെട്ടുകളുടെയും, അതിലേറെ മാമാങ്കത്തിൻ്റെയും ദേശമായ മച്ചാടായിരുന്നു. ഒത്തിരിയേറെ വർണ്ണങ്ങൾ ചാലിച്ചെടുത്തതാണ് അവിടുത്തെ ഓരോ ഓർമ്മകളും. അതിലൊന്ന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഉത്സവങ്ങളെക്കുറിച്ചു കേട്ടറിഞ്ഞവയും നേരിട്ടറിഞ്ഞവയുമായ ഓർമ്മകളാണ്. കുറ്റിയങ്കാവ്, ഉത്രാളിക്കാവ്, നെന്മാറ-വല്ലങ്കി തുടങ്ങീ ഇടങ്ങളൊക്കെ വെടിക്കെട്ട് പ്രേമികളുടെ സ്ഥിരം സങ്കേതങ്ങളാണ്. പാതിരായ്ക്കും പുലർച്ചക്കുമൊക്കെയുള്ള വെടിക്കെട്ടിന് ഏറെനേരം ഉറക്കമിളച്ചിരുന്ന് കാത്തിരിക്കുക, കിട്ടിയ പാടവരമ്പത്തും കടത്തിണ്ണയിലും അല്പനേരത്തേക്ക് തലചായ്ക്കുക തുടങ്ങിയവയിലൂടെയൊക്കെ, ഒരുപക്ഷെ ആകാശപ്പറവകളുടെ ജീവിതശൈലി സ്വന്തമാക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വർഷത്തിലെ അപൂർവ്വദിനങ്ങൾ. ഈ ഓർമ്മകളുടെ നിറക്കൂട്ടിനെ കരിചായം പൂശിയ ദിനമായിരുന്നു, ഉത്രാളിക്കാവിലെ മഹാട്രെയിൻ ദുരന്തം. രാവിലത്തെ പത്രതലക്കെട്ടുകളിൽ ഒന്ന് ഇങ്ങിനെയായിരുന്നു, "ഉത്രാളിക്കാവിൻ്റെ ആഘോഷങ്ങളുടെ മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയ മഹാദുരന്തം." മുമ്പെങ്ങോ സംഭവിച്ചതിൻ്റെ തനിയാവർത്തനമെന്ന് ചുരുക്കം. വെടിക്കെട്ടിൻ്റെ ആകാശം ഭേദിക്കുന്ന ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങളും ആവേശം കൊള്ളിച്ച്, എല്ലാ ലക്ഷ്മണരേഖകളും കടന്ന്, നൂറുകണക്കിനാളുകൾ റെയിൽവേ ട്രാക്കിൽ വിസ്മയിച്ച് നിൽക്കെ, സ്വജീവിതത്തിൻ്റെ മരണമണി മുഴക്കി കടന്നുവരുന്ന ട്രെയിനിൻ്റെ മുന്നിൽ നിന്ന് ഓടിമറയാൻ ചെവിയടഞ്ഞുപോയ ഹതഭാഗ്യർ. ദുരന്തങ്ങൾ കടന്നുവരുന്നത് പല വഴികളിലൂടെയാണ്. ചില ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധ്യമായേനെ, ചെറിയ കരുതലുകളും ശ്രദ്ധയും ഉണ്ടായിരുന്നെങ്കിലെന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം. അത്തരത്തിലൊന്നിനെ കുറിച്ചാണ് ഇന്നത്തെ ധ്യാനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നത്. "നോഹ പേടകത്തിൽ പ്രവേശിച്ച ദിവസം വരെ, അവർ തിന്നും കുടിച്ചും, വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല." (മത്താ. 24, 38-39) ജീവിതത്തിൽ ലഭിക്കുന്ന അപായമണികൾക്കുപോലും ചെവികൊടുക്കാൻ പറ്റാത്തവണ്ണം നിൻ്റെ ആനന്ദവും ലഹരിയും ഘോഷങ്ങളും ഉയരാൻ ഒരിക്കലും ഇടയാകരുതെന്ന് ഇന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. മറിച്ചായാൽ, തമ്പുരാൻ്റെ അനുതാപത്തിനുള്ള ആഹ്വാനം ശ്രവിക്കാനോ, അവയോട് ശരിയായി പ്രത്യുത്തരിക്കാനോ സാധ്യമാകാതെ വരികയും ജീവിതം നഷ്ടമാകുകയും ചെയ്യും. ഉണർവ്വിൻ്റെ വരത്തിനായി നമുക്കു പ്രാർത്ഥിക്കാം.


Monday, August 8, 2016

"ഇത്തവണ ധ്യാനം കൂടാനൊന്നും പോയില്ലേ, തങ്കമ്മേ..." (മത്താ. 9, 18-26)

"ഇത്തവണ ധ്യാനം കൂടാനൊന്നും പോയില്ലേ, തങ്കമ്മേ..." (വായനഭാഗം - മത്താ. 9, 18-26)


ജീവിതത്തലെപ്പോഴോ, കൈമുതലായി കിട്ടിയ ദൈവവികദാനമായ വിശ്വാസം നഷ്ടപ്പെട്ടതിനുശേഷം, പത്രോസിന്, വിശ്വാസപരമായതും മതപരമായതുമായ എന്തിനോടും എന്നും ഒരുതരം പുച്ഛവും പരിഹാസവും അവജ്ഞയുമാണ്. രാവിലെ കഞ്ഞീം കുടിച്ച് വീട്ടിൽ നിന്നിറങ്ങിയാൽ, വഴിയോരത്ത് എവിടെയോ പറ്റിയ ഇരയെയും കാത്തിരിപ്പാണ്. സ്ഥിരമായി പള്ളിയിൽ പോകുന്നവരെയോ, ധ്യാനത്തിനു പോകുന്നവരെയോ കണ്ടാൽ പറയും വേണ്ട, ഒന്നു കൊളുത്താതെ പത്രോസ് വെറുതെ വിടില്ല. അതുകൊണ്ട്, പത്രോസിനെ അകലെ നിന്ന് കാണുമ്പോൾ തന്നെ ആളുകൾ അടക്കം പറയാൻ തുടങ്ങും, "മേടിക്കാനുള്ളവരൊക്കെ സഞ്ചിയും പിടിച്ച് തയ്യാറായിക്കോ, പത്രോസ് കാത്തിരിപ്പുണ്ടെ" ന്ന്. അന്ന് ബസ്സിറങ്ങി വരുന്ന കൂട്ടത്തിൽ തങ്കമ്മയും ഉണ്ടായിരുന്നു. തലേന്നാൾ പശുവിനെ മാറ്റി കെട്ടാൻ നേരം ഒന്നു വീണതാ. രാവിലെ ഡോക്ടറെ കാണിച്ചു വലതു കയ്യിൽ പ്ലാസ്റ്ററിട്ട് വരുന്ന വഴി. ഇടയ്ക്കൊക്കെ ധ്യാനത്തിന് പോകുകയും മറ്റുള്ളവരെ ധ്യാനത്തിന് കൊണ്ടുപോകുകയും ചെയ്തിരുന്ന അവരെ ഈ പരുവത്തിൽ കണ്ടപ്പോൾ പത്രോസ് ഏറെ സന്തോഷത്തോടെ കൊത്തി ചോദിച്ചു, "ഇത്തവണ ധ്യാനം കൂടാനൊന്നും പോയില്ലേ, തങ്കമ്മേ... രോഗശാന്തിശുശ്രൂഷയുള്ള ധ്യാനാണെന്നാ കേട്ടത്." പത്രോസിനെപോലെയുള്ള വ്യക്തികൾ എക്കാലത്തുമുണ്ടായിരുന്നു. ഇന്നത്തെ ധ്യനവിഷയഭാഗത്തും നാം ഇതുപോലുള്ളവരെ കാണുന്നുണ്ട്; അത്ഭുതങ്ങളെയും അടയാളങ്ങളെയും പരിഹസിക്കുന്നവർ. അവർ ജീവിതത്തിൽ അനുഗ്രഹം പ്രാപിക്കില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുടെ ജീവിതത്തിലെ അത്ഭുതങ്ങൾ കണ്ടുപോലും മാനസാന്തരപ്പെടാൻ സാധ്യമാകാതെ പുറന്തള്ളപ്പെടും. നാം വചനത്തിൽ വായിക്കുന്നു, "യേശു പറഞ്ഞു, 'ബാലിക മരിച്ചിട്ടില്ല. അവൾ ഉറങ്ങുകയാണ്.' അവരാകട്ടെ, അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവൻ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ച് ഉയർത്തി. അപ്പോൾ ബാലിക എഴുന്നേറ്റു." (മത്താ. 9, 24-25) നിൻ്റെയും അപരൻ്റെയും ജീവിതത്തിലെ, അത്ഭുങ്ങൾക്കും അടയാളങ്ങൾക്കും ആവശ്യമായ ദൈവദാനമായ വിശ്വാസം, നിരന്തരം ഉജ്ജ്വലിപ്പിക്കുന്നതിനു പകരം പരിഹാസകനും പരദൂഷകനുമായി മാറിയാൽ, നീ പുറന്തള്ളപ്പെടും തീർച്ച. ഇന്ന് നമുക്കു പ്രാർത്ഥിക്കാം, ദൈവമേ, എൻ്റെ അല്പവിശ്വാസം പരിഹരിക്കണേയെന്ന്.  

Sunday, August 7, 2016

"അച്ചാ, ഇന്ന് വീട് വെഞ്ചിരിപ്പിന് പോകുന്നുണ്ടോ?" (ലൂക്കാ 9, 57-62)

"അച്ചാ, ഇന്ന്  വീട് വെഞ്ചിരിപ്പിന് പോകുന്നുണ്ടോ?" (വായനഭാഗം - ലൂക്കാ 9, 57-62)

കുർബ്ബാനക്ക് കൂടാൻ പോകാൻ തുടങ്ങിയ കാലഘട്ടം, അഞ്ചാം ക്ലാസ്സ് ഇനിയും ആരംഭിച്ചിട്ടില്ല. ഏറെ താല്പര്യമായിരുന്നു എന്നും അതിരാവിലെ വെള്ളമുണ്ടും വെള്ള ഫുൾകൈ ഷർട്ടുമിട്ട് പള്ളിയിൽ പോകാൻ. പിന്നീട് അച്ചന്മാരുമായി കൂടുതൽ അടുത്തു, അവരെ ചെറിയ കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി, പുതിയ വികാരയച്ചനോ കൊച്ചച്ചനോ സ്ഥലം മാറിവരുമ്പോൾ ഇടവകയിലെ വീടുകളും വഴികളും കാണിക്കാനും മറ്റും. വർഷങ്ങൾ കഴിഞ്ഞ്, തിരുപ്പട്ടം സ്വീകരിക്കാനൊരുമ്പോൾ ആയിരത്തോളം വരുന്ന ഇടവകയിലെ എല്ലാ ഭവനങ്ങളിലും പോയി നേരിട്ട് ക്ഷണിക്കാൻ മാത്രം പരിചയമുണ്ടാകാൻ  എനിക്ക് അതു ഏറെ സഹായകമായി. പിന്നീട്, ഇടവകകളിൽ പുരോഹിതനായി ശുശ്രൂഷ ചെയ്യവേ, പലപ്പോഴും ഇടവകയെ അടുത്തറിയാൻ അൾത്താര ബാലന്മാരുടെ സഹായം തേടിയിട്ടുണ്ട്, എനിക്കെന്നപോലെ അവർക്കും കുടുംബങ്ങളെ അറിയാനും അവർക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്ന വൈദികജീവിതത്തിലേക്ക് താല്പര്യമുണ്ടാകാനൊക്കെയായി. അങ്ങനെയിരിക്കെ ഒരിടവകയിൽ, വളരെ താല്പര്യപൂർവ്വം ഇങ്ങോട്ട് സഹായിക്കാൻ തയ്യാറായി വന്ന ഒരു പയ്യനെ കണ്ടുമുട്ടി. സ്കൂൾ വിട്ടാൽ ഓടി വന്ന്, "അച്ചാ, ഇന്ന്  വീട് വെഞ്ചിരിപ്പിന് പോകുന്നുണ്ടോ?" എന്ന് അന്വേഷിക്കുമായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സഹായികളുടെ എണ്ണം മൂന്നും നാലുമായി ഉയർന്നു. എൻ്റെ സന്തോഷം ഇരട്ടിച്ചു. അടുത്ത ഞായറാഴ്ച അൾത്താരബാലസംഘത്തിൻ്റെ യോഗത്തിൽ അവരെ പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു, പക്ഷെ വേണ്ടത്ര സപ്പോർട്ട് കിട്ടിയില്ല. കാര്യം അന്വേഷിച്ചപ്പോൾ ബിനുമോൻ അല്പം മടിയോടെ എഴുന്നേറ്റ് പറഞ്ഞു, "അവര് അച്ചനെ വീട് കാണിക്കാൻ വേണ്ടി വരണതല്ല, അച്ചൻ്റെ കൂടെ വന്നാൽ ചായയും കാപ്പിയും കുടിക്കാലോ..." അവൻ്റെ സംസാരം അവസാനിച്ചത് കൂട്ടച്ചിരിയിലാണ്. എന്നാലും, ഇന്നത്തെ ധ്യനവിഷയത്തിലൂടെ കടന്നുപോകുമ്പോൾ ചിലപ്പോഴെങ്കിലും നാമും യേശുമിശിഹായെ അനുഗമിക്കുന്നതിലെ സ്വാർത്ഥലക്ഷ്യങ്ങളെ, ഉദ്ദേശ ശുദ്ധിയെ പരിശോധിക്കുകയും തിരിച്ചറിയുകയും, ആവശ്യമെങ്കിൽ തിരുത്തു ചെയ്യുക ആവശ്യമാണെന്നു തോന്നി. തിരുവചനഭാഗത്ത് യുവാവു പറയുന്നുണ്ട്, "നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കു" (ലൂക്ക 9, 57) മെന്ന്. ചിന്തിക്കുക, നമ്മെ വിളിക്കുമ്പേൾ അവിടുത്തേക്കൊരു ലക്ഷ്യമുണ്ട്. അതു തിരിച്ചറിയാതെ നമ്മുടെ ലക്ഷ്യവുമായി അവനെ അനുഗമിക്കുന്നത് യുക്തമാണോ? അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് അനുഗമിക്കുന്നവരും, പൌരോഹിത്യ-സമർപ്പിത ജീവിതത്തിലെ ബാഹ്യമായ സുഖസൌകര്യങ്ങൾ കണ്ട് ദൈവവിളി സ്വീകരിക്കുന്നവരുമൊക്കെ "അവനവൻ്റെ ക്രിസ്തുവിനെ" പൂജിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നവരാണ്. മുറിപ്പാടു ചൂണ്ടിക്കാട്ടി വിശ്വാസത്തിൽ ആഴപ്പെടാനും മറ്റുള്ളവരോട് പ്രഘോഷിക്കാനും ആഹ്വാനം ചെയ്യുന്നവൻ ഇന്നു തീർത്തും പറയുന്നു, "കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്. മനുഷ്യപുത്രന് തല ചായ്ക്കാൻ ഇടമില്ലെന്ന്." (ലൂക്കാ 9, 58) ഈ ക്രിസ്തുവിനെ ഏതു ജീവിതസാഹചര്യങ്ങളിലും അനുഗമിക്കാൻ തയ്യാറുകുമ്പോഴാണ്, യഥാർത്ഥ ക്രിസ്തുശിഷ്യരാ യി നാം മാറുക. പ്രസ്തുത കൃപയ്ക്കായി നമുക്കിന്നു പ്രാർത്ഥിക്കാം. 

Saturday, August 6, 2016

"അച്ചനോട് നന്ദി പറയാൻ വന്നതാ, വിഷ്ണൂ..." (ലൂക്കാ.17, 11-19)

"അച്ചനോട് നന്ദി പറയാൻ വന്നതാ, വിഷ്ണൂ..." (വായനഭാഗം - ലൂക്കാ.17, 11-19)

രണ്ടര മാസം മാത്രം ശുശ്രൂഷ ചെയ്ത, തീർത്തും ഗ്രാമാന്തരീക്ഷത്തിലെ ഒരു കൊച്ചു പള്ളി. ഒരു ദിവസം ബലിയർപ്പണമൊക്കെ കഴിഞ്ഞ്, ഓഫീസിലെ കൊച്ചു കൊച്ചു ജോലികൾ പൂർത്തിയാക്കി കൊണ്ടിരിക്കെ, രണ്ടു കുട്ടികൾ വന്ന് കതകിൽ മുട്ടി, അകത്തേക്ക് വരാനുള്ള അനുവാദം ചോദിച്ചു. അവർ പള്ളിയുടെ തൊട്ടുപുറകിലെ ഹൈന്ദവ വീട്ടിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ആര്യയും ആറാം ക്ലാസ്സിൽ പഠിക്കുന്ന വിഷ്ണുവുമായിരുന്നു. വന്ന കാര്യം തിരക്കിയപ്പോൾ ആര്യ മുന്നോട്ട് വന്ന് പറഞ്ഞു, "അച്ചമ്മ പറഞ്ഞ് വന്നതാ, ഇവന് വേണ്ടി പ്രാർത്ഥിക്കാൻ. ഇവനെപ്പോഴും വായിൽ വിരലിട്ട് ചപ്പിക്കൊണ്ടിരിക്കും. നടക്കുമ്പോഴും ഉറങ്ങുമ്പോഴും കയ്യ് വെറുതെ വെക്കില്ല ഇവൻ." ചേച്ചിയുടെ വിവരണം കൂടുമെന്ന് ഭയന്നോ എന്തോ, അവൻ തിരിച്ചുപോകാൻ തിരക്കു കാണിക്കുന്നതുപോലെ തോന്നിയപ്പോൾ, അവനെ അടുത്തേക്ക് വിളിച്ച്, രണ്ടുപേരുടേയും തലയിൽ കൈകൾ വെച്ച് പ്രാർത്ഥിച്ചു. അതിനുശേഷം, അവനോട് ചില കാര്യങ്ങൾ ചെയ്യാൻ നിർദ്ദേശിച്ച്, എല്ലാദിവസവും വന്ന് കാണണമെന്നും പ്രാർത്ഥിച്ചുപോകണമെന്നും പറഞ്ഞു. ഒരു മുടക്കവും കൂടാതെ മൂന്നാഴ്ചയോളം വന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ എനിക്കു സ്ഥലം മാറ്റമായി ഞാൻ പുതിയ ഇടവകയിൽ വന്നു. ഏതാനും മാസങ്ങൾക്കുശേഷം പഴയ ഇടവകയിലെ തിരുനാളിൽ പങ്കെടുക്കാൻ പോയ സമയം. ആളുകൾ വട്ടംകൂടി കുശലം പറഞ്ഞുകൊണ്ടിരിക്കെ, കൂട്ടത്തിൽ രണ്ടുപേരെ പ്രത്യേകം ശ്രദ്ധിച്ചു, ആര്യയും വിഷ്ണുവും. അയൽപക്കത്തെ കുട്ടികളായതുകൊണ്ട് അവർക്കെല്ലാം അവരെ നന്നായി അറിയാം. ആര്യയോട് വിശേഷം ചോദിച്ചുകൊണ്ടിരിക്കെ അവൾ പറഞ്ഞു, "അച്ചനോട് നന്ദി പറയാൻ വന്നതാ, വിഷ്ണൂ. ഇപ്പോൾ അവൻ്റെ വിരലുകുടിയൊക്കെ മാറി. അച്ചമ്മ പ്രത്യേകം പറഞ്ഞു വീട്ടിലേക്കൊന്നു വരാൻ." ഇന്നത്തെ ധ്യാനവിഷയത്തിലൂടെ കടന്നുപോകുമ്പോൾ ഇതുപോലുള്ള അനേകം സംഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിലേക്കു കടന്നുവരുന്നുണ്ടാകാം. പരീക്ഷകൾക്കുമുമ്പേ, പാഠപുസ്തകങ്ങളുടേയും പഠനോപകരണങ്ങളുടെയും വെഞ്ചിരിപ്പു മാമാങ്കവും പ്രാർത്ഥനയും മറ്റുമൊക്കെ കഴിഞ്ഞ്, റിസൽറ്റ് വന്നാൽ എത്ര നല്ല മാർക്ക് ദൈവാനുഗ്രഹത്താൽ ലഭിച്ചാലും, തിരിച്ചു വന്ന് അക്കാര്യം അറിയിക്കുകയോ നന്ദിപറയുകയോ പലർക്കും ഇന്ന് അന്യമാണ്. അപ്പോഴാണ്, ആര്യയും വിഷ്ണുവുമൊക്കെ, ക്രിസ്തുവിൻ്റെ ഓർമ്മപ്പെടുത്തലിലെന്നപോലെ ഇന്നും മിഴിവോടെ മനസ്സിലേക്കു ഓടി വരുന്നത്. യേശു ചോദിച്ചു, "പത്തുപേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒമ്പതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചു വന്നു ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് തോന്നിയില്ലേ?" (ലൂക്കാ. 17, 17-18) ഈ ധ്യാനം അപരൻ്റെ കുറവുകളിലേക്ക് എത്തിനോക്കാനെന്നതിനേക്കാൾ, കൊടുത്തുതീർക്കാൻ പറ്റാത്തത്ര കടപ്പാടുള്ള ഞാൻ, ദൈവസന്നിധിയിൽ നിരന്തരം നന്ദിയുള്ളവനായി ജീവിക്കുന്നോ എന്നു, ആത്മപരിശോധന ചെയ്യാൻ എന്നെയും നിങ്ങളെയും സഹായിക്കട്ടെ. 

Friday, August 5, 2016

താഴേയ്ക്കിറങ്ങാനും താഴെയായിരിക്കാനും താല്പര്യം നഷ്ടപ്പെടുന്നവർ... (മത്താ. 17, 1-9)

താഴേയ്ക്കിറങ്ങാനും താഴെയായിരിക്കാനും താല്പര്യം നഷ്ടപ്പെടുന്നവർ... (വായനഭാഗം - മത്താ. 17, 1-9)

അന്നു കുർബ്ബാന കഴിഞ്ഞു മടങ്ങുമ്പോൾ പതിവുകുശലത്തിനിടയിൽ മറിയച്ചേടത്തി ത്രേസ്യാമ്മയോട് ചോദിച്ചു, "നീ പോരുന്നുണ്ടോടീ ധ്യാനം കൂടാൻ? സീയോനിൽ അടുത്തയാഴ്ച തോമാസച്ചൻ്റെ തിരുവചനാഭിഷേക ധ്യാനമാണ്." ത്രേസ്യാമ്മ മറുപടിയായി ചോദിച്ചു, "മറിയാമ്മ ചേച്ചി പക്ഷെ, കഴിഞ്ഞമാസല്ലേ താമസിച്ചുള്ള  ധ്യാനം കൂടിയത്?" സംസാരം കൂടൂതൽ മുന്നോട്ടു പോകാതിരികേകാൻ എന്നോണം മറിയാമ്മ ചേടത്തി ഒരടി മുന്നോട്ട് നടന്നിട്ട് പറഞ്ഞു, "നീ പോരുന്നെങ്കിൽ വാ, എനിക്ക് ആ ധ്യാനകേന്ദ്രത്തിൽ നാലഞ്ചുദിവസം ധ്യനം കേട്ടും ശുശ്രൂഷ ചെയ്തും പോന്നാൽ ഒരു സുഖമാ.." തിരുവചനത്തിനു നമ്മെ ശുദ്ധീകരിക്കാനും സൌഖ്യപ്പടുത്താനും ബലപ്പെടുത്താനും സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് കൊണ്ടുതന്നെ മറ്റൊരു വിചാരത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുകയാണ്. ചിലപ്പോഴെങ്കിലും ചിലരെങ്കിലും കൂടെക്കൂടെ ധ്യാനകേന്ദ്രത്തിലേക്ക് പോകുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, ഇന്നത്തെ ധ്യാനവിഷയം മനസ്സിലേക്ക് ഓടിയെത്താറുണ്ട്. തിരുവചനത്തിൽ നാം വായിക്കുന്നു: പത്രോസ് യേശുവിനോട് പറഞ്ഞു, "കർത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്. നിനക്കു സമ്മതമാണെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം - ഒന്ന് നിനക്ക്, ഒന്ന് മോശക്ക്, ഒന്ന് ഏലിയായ്ക്." (മത്താ. 17, 4) സാധാരണ നിലയിൽ എല്ലാവരെയും സന്തോഷിപ്പിക്കേണ്ട ഒരു പ്രഖ്യപനം. എന്നാൽ, തമ്പുരാനായുള്ള കൂടാരനിർമ്മാണത്തിനുള്ള ശുഷ്ക്കാന്തിയുടെ കാന്തിയെ നിഷ്പ്രഭമാക്കുന്ന ഒരു ചിത്രമാണ് നാം തുടർന്ന് കാണുന്നത് - ഗുരു ശിഷ്യപ്രമുഖരെ താഴ്വാരത്തിലേക്കു നയിക്കുന്നു. രോഗങ്ങളിൽ നിന്നും വ്യാധികളിൽ നിന്നും ഉള്ള വിടുതലിന് സഹായം പ്രതീക്ഷിക്കുന്നവരാണ് താഴെ, മലയുടെ അടിവാരത്ത്, കാത്തിരിക്കുന്നത്. അവരെ മറന്ന് മലമുകളിലായിരിക്കുകയെന്നത് അക്രൈസ്തവമാണെന്ന് അവൻ നമ്മെ ഇന്ന് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇതുപോലെ, അനുദിന ജീവിതത്തിൽ നിന്ന് ഓടിയൊളിക്കാനെന്നോണം മലമുകളിൽ കയറുന്നവർക്ക് (ധ്യാനകേന്ദ്രത്തിൽ കൂടെക്കൂടെ ആയിരിക്കുന്നവർക്ക്), താഴെ മലയടിവാരത്തെ ശുശ്രൂഷയിലാണ് (അനുദിന ജീവിത ഉത്തരവാദിത്വങ്ങളുടെ നിർവ്വഹണത്തിലാണ്) അവൻ കൂടുതൽ സംപ്രീതൻ എന്ന് തിരിച്ചറിയാൻ ദൈവം കൃപ നല്കട്ടെ.  

"കൂലി അധികമുണ്ടായിട്ടല്ലച്ചാ, പിടിച്ചു നില്ക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാ." (മത്താ. 10, 16-25)

"കൂലി അധികമുണ്ടായിട്ടല്ലച്ചാ, പിടിച്ചു നില്ക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാ." (വായനഭാഗം - മത്താ. 10, 16-25)


സുഖസൌകര്യങ്ങളും സന്തോഷങ്ങളും അനുഭവിച്ച് ജീവിതം തിമിർത്ത് ആസ്വദിക്കുന്ന ചിലരെ പലയിടങ്ങളിലും വെച്ച് നാം കണ്ടുമുട്ടിയിട്ടുണ്ടാകാം പരിചയപ്പെട്ടിട്ടുണ്ടാകാം, കാരണം അവർക്കാണല്ലോ, മുന്നോട്ടുവരാനും അതു പ്രകാശിപ്പിക്കാനും സമയമുള്ളത്. എന്നാൽ, ഭൂരിപക്ഷം വരുന്ന മറ്റൊരു കൂട്ടരുണ്ട്; ജീവിതത്തിൻ്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുന്നവർ, അഥവാ, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അഹോരാത്രം കഷ്ടപ്പെടുകയും പാടുപെടുയും ചെയ്യുന്നവർ. അത്തരം സാധാരണ വീട്ടമ്മമാരിൽ നിന്ന് കേൾക്കാറുള്ള ഒരു പതിവു വിലാപമാണ്, "കൂലി അധികമുണ്ടായിട്ടല്ലച്ചാ, പിടിച്ചു നില്ക്കാൻ വേറെ വഴിയില്ലാഞ്ഞിട്ടാ." ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ജീവിതപങ്കാളിയും പഠിക്കാൻ പോകുന്ന കുട്ടികളും അവരുടെ പഠനചിലവുകളും സമയാസമയത്തുള്ള ഭക്ഷണവും പലവീട്ടമ്മമാരെയും തുച്ഛമായ വേതനത്തിന് തേയില തോട്ടങ്ങളിലും റബ്ബർ തോട്ടങ്ങളിലും മറ്റും ജോലി ചെയ്യാൻ നിർബന്ധിക്കുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച്, സുരക്ഷിതമായ ഒരു ഭാവിയെ സ്വപ്നം കണ്ട് ജീവിക്കുന്നവരാണവർ, ഏതുവിധേനയും പിടിച്ചുനിന്ന് കരകയറാനുള്ള നിരന്തര പരിശ്രമത്തിൽ ഏർപ്പെടുന്നവർ. ഇത് ഒരുപാടു ക്ഷമയും സഹനവും അവരിൽ നിന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് നമുക്കേവർക്കും അറിയാം. അവരെപ്പോലെയെങ്കിലുമുള്ള സഹനശീലത്തിന് തയ്യാറാകാൻ, ഇന്നത്തെ ധ്യാനവിഷയം നമ്മെ പ്രേരിപ്പിക്കുന്നു. തിരുവചനത്തിൽ യേശുതമ്പുരാൻ പറയുന്നു, "എൻ്റെ നാമം മൂലം നിങ്ങൾ സർവ്വരാലും ദ്വേഷിക്കപ്പെടും, അവസാനം വരെ സഹിച്ചു നില്ക്കുന്നവൻ രക്ഷപ്പെടും." (മത്താ. 10, 22) ഈ ലോകത്തിലെ താല്ക്കാലിക ജീവിതത്തിൻ്റെ സുരക്ഷിതത്വത്തിന് എന്തും ത്യാഗവും ബുദ്ധിമുട്ടും സഹിക്കാനും തയ്യാറാകുന്ന നാം, എന്തുമാത്രം നിത്യജീവിതം ഉറപ്പുവരുത്താൻ സഹനശീലരാകണമെന്ന് ഇന്നത്തെ വചനം ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിൻ്റെ കുരിശിൻ്റെ മൂല്യം തിരിച്ചറിഞ്ഞ വി. പൌലോസ് അപ്പസ്തോലൻ നമ്മെ ഓർമ്മപ്പെടുത്തുന്നതു കൂടി മനസ്സിൽ കൊണ്ടുവന്ന് ഈ ധ്യാനം അവസാനിപ്പിക്കാം. അപ്പസ്തോലൻ പറയുന്നു, "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോൾ, ഇന്നത്തെ കഷ്ടതകൾ തുലോം നിസ്സാരമാണെന്ന് ഞാൻ കരുതുന്നു." (റോമ. 8, 18) ജീവിതത്തിൻ്റെ പരമമായ ലക്ഷ്യം മനസ്സിലാക്കി, സഹനത്തെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.  

Wednesday, August 3, 2016

"മോനേ, നീ എനിക്കു ആർസിലേക്കുള്ള വഴി കാണിച്ചു തന്നാൽ, സ്വർഗ്ഗത്തിലേക്കുള്ള വഴി ഞാൻ നിനക്കു കാണിച്ചുതരാം." (മത്താ. 9,35-10,1)

"മോനേ, നീ എനിക്കു ആർസിലേക്കുള്ള വഴി കാണിച്ചു തന്നാൽ, സ്വർഗ്ഗത്തിലേക്കുള്ള വഴി ഞാൻ നിനക്കു കാണിച്ചുതരാം." (വായനഭാഗം - മത്താ. 9,35-10,1)

തിരുപ്പട്ടം സ്വീകരിച്ച് ആദ്യത്തെ ഏതാനും കുറച്ച് മാസങ്ങൾ, ഒരു സാധുവികാരിയച്ചനിലൂടെ ഒരു ഇടവക വികാരിയാകാനുള്ള പ്രായോഗിക പരിശീലനമെല്ലാം പൂർത്തിയാക്കി, പുതിയ ഇടവകയായ ആർസിലേക്കുള്ള നിയമനപത്രികയുമായി ഇറങ്ങി തിരിച്ചതാ അന്ന്, ജോൺ മരിയ വിയാനിയെന്ന, ആത്മാക്കൾക്കു വേണ്ടിയുള്ള തീക്ഷ്ണതയാൽ ജ്വലിച്ച,  യുവവൈദികൻ. ബസ്സിറങ്ങി ചുറുചുറുക്കോടെ മുന്നോട്ടു നീങ്ങവേ, ആർസ് എന്ന ആ കുഗ്രാമത്തിലെ പള്ളിയിലേക്കുള്ള വഴി അന്വേഷിച്ചപ്പോഴൊക്കെ ഒരുതരം പുച്ഛവും അവജ്ഞയുമാണ് ഓരോരുത്തരുടെയും മുഖത്ത് വെളിപ്പെടുന്നതെന്ന് അച്ചൻ എളുപ്പം അനുഭവിച്ചറിഞ്ഞു. ഏറെ അവശനായി, ഒരു കവലയിൽവെച്ച്, സന്ധ്യയോടടുത്ത് കണ്ടുമുട്ടിയ ബാലനോട്, സ്നേഹത്തോടും അതിലേറെ മിഷൻ ചൈതന്യത്തോടും വിയാനിയച്ചൻ പറഞ്ഞു, "മോനേ, നീ എനിക്കു ആർസിലേക്കുള്ള വഴി കാണിച്ചു തന്നാൽ, സ്വർഗ്ഗത്തിലേക്കുള്ള വഴി ഞാൻ നിനക്കു കാണിച്ചുതരാം..." പിന്നീട്, ത്യാഗോജ്ജ്വലമായ പൌരോഹിത്യ ശുശ്രൂഷയിലൂടെ, ആ ബാലന് മാത്രമല്ല, കുപ്രസിദ്ധമായ ആ ഗ്രാമത്തിലെ മുഴുവൻ വ്യക്തികൾക്കും, അയൽനാട്ടിലുള്ളവർക്കും സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു വിയാനിയച്ചൻ (മരണം വരെ വിയാനിയച്ചന് മറ്റൊരു ഇടത്തേക്കും സ്ഥലമാറ്റമുണ്ടാകാതിരുന്നത് ഒരുപക്ഷേ, സമീപസ്ഥരും വിദൂരസ്ഥരും ഇവിടേക്ക് അനുദിനം ഒഴുകിയതു കൊണ്ടാവുമോ?) ലോകം മുഴുവൻ അറിയപ്പെടുന്ന പട്ടണമായി വളർന്ന ആർസിലേക്ക്, ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്, പ്രസ്തുത സംഭാഷണത്തെ ഓർമ്മപ്പെടുത്തുന്ന, മനോഹരമായ ശില്പമാണെന്നത് നമ്മെ തീർച്ചയായും ആഹ്ളാദിപ്പിക്കും. ഇന്നത്തെ ധ്യാനവിഷയത്തിൽ വി. വിയാനിയുടെ ജീവിതത്തെ വെളിവാക്കാൻ സഹായിക്കുന്ന സുന്ദരമായ ഒരു ഭാഗമുണ്ട്, പ്രാർത്ഥനയും പ്രാർത്ഥനക്കുള്ള ഉത്തരവും ഏകബിന്ദുവിൽ സന്ധിക്കുന്ന നിമിഷത്തെ കുറിക്കുന്ന ഒന്ന്. യേശു ശിഷ്യരോട് പറഞ്ഞു, "വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തൻ്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്താ. 9, 37-38) തുടർന്ന് നാം കാണുന്നത് ശിഷ്യർ വിളഭൂമിയിലേക്ക് അയയ്ക്കപ്പെടുന്നതാണ്. (മത്താ. 10,1) തീക്ഷ്ണമായ പ്രാർത്ഥനയും പ്രാർത്ഥനയുടെ ഉത്തരമായി തങ്ങളെ തന്നെ സമർപ്പിക്കുന്നവരും. നമ്മുടെ പല പ്രാർത്ഥനകൾക്കുമുള്ള ഉത്തരം, ദൈവം നമ്മിലൂടെ തന്നെയാണ് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നത്. എന്നാൽ, പലപ്പോഴും നാം, നമ്മെ അവൻ്റെ കരങ്ങളിൽ സമർപ്പിക്കാതെ, ആർക്കോ വേണ്ടി, മറ്റാരുടെയോ സഹായത്തിനു വേണ്ടി, കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിപ്പാണ്. വിയാനി പണ്യവാളനും പ്രാർത്ഥിച്ചു തമ്പുരാനോട്, ഒപ്പം തന്നെത്തന്നെ സമർപ്പിച്ചു, തമ്പുരാൻ്റെ കരങ്ങളിൽ. ഫലമോ, ഒരു ദേശത്തിൻ്റെ മുഴുവൻ മാനസാന്തരത്തിനു പുണ്യാളൻ ഉപകരണമായി മാറി എന്നതാണ്. "നിങ്ങൾ തന്നെ അവർക്കു ഭക്ഷണം കൊടുക്കുവിൻ" എന്നു പറഞ്ഞ തമ്പുരാൻ ഇന്നും നമ്മെ ക്ഷണിക്കുന്നു. വിയാനിയെപ്പോലെ നമുക്കും അവൻ്റെ കരങ്ങളിൽ സമർപ്പിക്കാം, അവൻ പുറപ്പെടുവിക്കും ഏറെ ഫലങ്ങൾ ഇന്നും നമ്മിലൂടെ.

Tuesday, August 2, 2016

"അതാ കോളേജിൽ പോണ വാറൂൻ്റെ ചെക്കനാ, ചെന്നാ മെക്കട്ട് കേറും..." (മത്താ. 7, 15-20)

"അതാ കോളേജിൽ പോണ വാറൂൻ്റെ ചെക്കനാ, ചെന്നാ മെക്കട്ട് കേറും..." (വായനഭാഗം - മത്താ. 7, 15-20)

അടുത്തനാൾ വരെ നാട്ടിൻപുറത്തെ കല്യാണവിശേഷങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്, കല്യാണപ്പൊരുത്തമാണ് (ജാതകപൊരുത്തമല്ല ഇവിടെ അർത്ഥമാക്കുന്നത്). എന്നുകരുതി ആധുനിക തലമുറ വിവാഹാവസരങ്ങളിൽ പൊരുത്തമൊന്നും നോക്കുന്നില്ലായെന്ന്, ഇതിനർത്ഥമില്ല. ഈ പൊരുത്തം ഇന്നത്തെ തലമുറയെപോലെ, വധൂവരന്മാർ തമ്മിൽ മാത്രമായി, അവരുടെ അഭിലാഷങ്ങളും അഭിരുചികളും തൊഴിലും മാത്രമായി, ചുരുങ്ങിയിരുന്നില്ല എന്നതാണ് അതിൻ്റെ പ്രത്യകത. വിവാഹാലോചനകൾ ആരംഭിച്ച് ഒരുവിധം ഉറപ്പിക്കാൻ മനസ്സൊരുങ്ങുമ്പോൾ, അടുത്തബന്ധുക്കളും വേണ്ടപ്പെട്ടവരും ചേർന്ന്, സാധ്യമാകുന്ന രീതിയിലൊക്കെ, അന്വേഷണം നടത്തും. കുടുംബപാരമ്പര്യത്തെക്കുറിച്ച്, ബന്ധുക്കളെക്കുറിച്ച്, അയൽവക്കത്തെക്കറിച്ച്, ഭവനത്തിൽ നിന്ന് മാറി താമസിച്ച് പഠിച്ച/ജോലി ചെയ്ത സാഹചര്യങ്ങളെക്കുറിച്ച്, സുഹൃദ് ബന്ധങ്ങളെക്കുറിച്ച്, തുടങ്ങീ ഒരു നൂറായിരം കാര്യങ്ങളെക്കുറിച്ച്. എന്താ ഇതിൻ്റെയൊക്കെ അർത്ഥം? ഫലത്തെ തിരിച്ചറിയാൻ പ്രയാസപ്പെടുന്നിടത്തും അതിനുള്ള സാധ്യത കുറവുള്ളിടത്തും വൃക്ഷത്തെ തിരിച്ചറിയാനുള്ളൊരു തീവ്രമായ ശ്രമം. ഇന്നത്തെ ധ്യാനവിഷയത്തിൽ യേശുമിശിഹാ പറയുന്നുണ്ട്, "നല്ല വൃക്ഷം നല്ല ഫലവും, ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ, ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കുവാൻ സാധിക്കുകയില്ലാ" (മത്താ. 7, 17-18) യെന്ന്. അതുകൊണ്ടല്ലേ, പലപ്പോഴും ചിലരെ നോക്കി, "അതാ കോളേജിൽ പോണ വാറൂൻ്റെ ചെക്കനാ, ചെന്നാ മെക്കട്ട് കേറും..." എന്ന കണക്ക് പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകുക. ശിഖരങ്ങൾക്ക് നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കണമെങ്കിൽ, അത് തായ്ത്തടിയോട് ചേർന്നിരിക്കണം (യോഹ. 15, 5). വഴിയും സത്യവും ജീവനുമായ ക്രസ്തുവിനോട് (യോഹ. 14, 6), ക്രസ്തുമൂല്യങ്ങളോട് അഭേദ്യമായി ചേർന്നിരിക്കുന്നില്ലായെങ്കിൽ, നമുക്കും നല്ല ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല. നല്ല ഫലങ്ങൾ പുറപ്പെടുവിക്കാത്ത ജീവിതങ്ങളോ, നിത്യശിക്ഷക്ക് അർഹരാകുകയും (മത്താ. 7, 19) ചെയ്യും. ആയതിനാൽ, ക്രിസ്തുവിനോടും അവൻ്റെ മൂല്യങ്ങളോടും അനുനിമിഷം ചേർന്നുനിന്ന് നിലനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്ന ശിഷ്യരായി (യോഹ. 15, 16) നമുക്കോരോരുത്തർക്കും മാറാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.       

Monday, August 1, 2016

"ചീര മാത്രം നട്ടാൽ മതീ, മാവൊന്നും വെയ്ക്കണ്ടാ, ല്ലേ?" (യോഹ. 4, 27-38)

"കൊച്ചച്ചോ, ചീര മാത്രം നട്ടാൽ മതീ, മാവൊന്നും വെയ്ക്കണ്ടാ, ല്ലേ?" (യോഹ. 4, 27-38)

ഒരു സൌഹൃദ സന്ദർശനത്തിനിടയിൽ, ഈ അടുത്ത കാലത്ത് സുഹൃത്തായ യുവവൈദീകൻ പറഞ്ഞത് ഓർമ്മയിൽ വരികയാണ്, "എൻ്റച്ചോ, ഇനി ഇവിടന്ന് ചലിക്ക്യാണ് നല്ലതെന്നാ തോന്നണേ. രണ്ടു വർഷായില്ല്യേ, നമ്പറുകളൊക്കെ കഴിഞ്ഞു." പുതുതായി വന്ന ഇടവകയിൽ രണ്ടു വർഷത്തോളം പുതിയ പുതിയ പരിപാടികൾ സംഘടിപ്പിച്ച് ജനങ്ങളെ കയ്യിലെടുക്കുകയും സകലമാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്തുകയും ചെയ്തു. ഇനി അതു നിലനിർത്താനും തുടരാനും ആവനാഴിയിൽ അമ്പുകളൊന്നും തന്നെ ഇല്ലാത്തതിനാൽ സ്ഥലം മാറാൻ ആഗ്രഹിക്കുന്നെന്ന്, അല്ലെങ്കിൽ, എത്രയുംവേഗം സ്ഥലം കാലിയാക്കി പുതിയ സ്ഥലത്ത് എത്തിയാൽ പുതിയ ഷോകൾ തുടങ്ങാമെന്ന്. ചുരുങ്ങിയ കാലയളവിലേക്ക് നിയോഗിക്കപ്പെടുന്ന പലർക്കും ഉണ്ടാകാവുന്ന, പള്ളികളിലായാലും മറ്റു സ്ഥാപനങ്ങളിലായാലും പ്രസ്ഥാനങ്ങളിലായാലും, ഒരു സാമാന്യ പ്രലോഭനമാണിത്. ഈ ചിന്തകളിലൂടെ കടന്നുപോകുമ്പോൾ തന്നെ, പെട്ടന്ന് മനസ്സ് പഴയ വികാരിയച്ചൻ്റെ ഓർമ്മപ്പെടുത്തലിലേക്ക് എളുപ്പം പാഞ്ഞു. സംഘടനകളും പ്രസ്ഥാനങ്ങളും പരിപാടികളുമായി ഇടവകയിൽ മുന്നോട്ടു നീങ്ങുമ്പോൾ, ഒരിക്കൽ പ്രഭാതഭക്ഷണത്തിനിരിക്കെ അച്ചൻ സ്നേഹത്തോടെ എന്നോടു പറഞ്ഞു, "കൊച്ചച്ചോ, ചീര മാത്രം നട്ടാൽ മതീ, മാവൊന്നും വെയ്ക്കണ്ടാ, ല്ലേ?" ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും പിന്നീട് അച്ചൻ തന്നെ വ്യക്തമാക്കി തന്നു. ജീവിതത്തിൽ അദ്ധ്വാനിക്കേണ്ടത് താല്ക്കാലികങ്ങളായവക്കു മാത്രമാകരുത്, സ്ഥായിയായവക്കും കൂടിയാകണം. ഒരു പക്ഷെ, അതിനായിരിക്കണം കൂടുതൽ സമയം ചിലവഴിക്കേണ്ടതെന്നും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആ ഉപദേശം ഇന്നും മനസ്സിൽ സൂക്ഷിക്കുകയും അതിനായി ചെല്ലുന്നിടത്തൊക്കെ ദൈവകൃപയാൽ പ്രവർത്തിക്കാൻ പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു . ഇത്രയും കുറിച്ചത് ഇന്നത്തെ ധ്യാനവിഷയത്തിൽ ക്രിസ്തു മുന്നോട്ടു വെക്കുന്ന തീർത്തും സൌജന്യമായ ദാനത്തോട് എങ്ങനെ ജീവിതത്തിൽ പ്രതികരിക്കാൻ കടപ്പെട്ടിരിക്കുന്നു നാമോരുത്തരുമെന്ന് ഓർമ്മയിൽ വന്നത് കുറിക്കാനാണ്. തിരുവചനം പറയുന്നു, "നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാൻ ഞാൻ നിങ്ങളെ അയച്ചു, മറ്റുള്ളവരാണ് അദ്ധ്വാനിച്ചത്. അവരുടെ അദ്ധ്വാനത്തിൻ്റെ ഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു." (യോഹ. 4, 38)  ജീവിതത്തിൽ മറ്റുള്ളവരുടെ അദ്ധ്വാനത്തിൻ്റെ ഫലം കൊയ്യാനും അനുഭവിക്കാനും തമ്പുരാനാൽ നിരന്തരം വിളിക്കപ്പെടുമ്പോഴും അപരനുവേണ്ടി, അപരൻ്റെ ഭാവിനന്മക്കുവേണ്ടി നിലമൊരുക്കാനും വിത്തുവിതക്കാനും അതുവഴി ദൈവകൃപയോട് എന്നും നന്ദിയുള്ളവരായി ജീവിക്കാനുള്ള അനുഗ്രഹത്തിനായും നമുക്കിന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.