"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, October 18, 2016

പിടിച്ചതിലും വലുതു അളയിലെന്നതുപോലെ... (ലൂക്കാ 11, 37-42)

"ഭക്ഷണത്തിനു മുമ്പു അവൻ കഴുകി ശുദ്ധിവരുത്താത്തതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു." (ലൂക്കാ 11,38)

ഒന്നു മാറിനിന്നു വ്യത്യസ്ത ജീവിതങ്ങളെ നോക്കിക്കാണുമ്പോൾ, ചിരിക്കാനും ചിന്തിക്കാനും ഉള്ള വക അവിടെ ഏറെയുണ്ടാകും; ചിലതു നാളുകളോളം ഓർത്തിരിക്കും, ജീവിതത്തിൻ്റെ അളവുകോലായി. മറ്റുചിലതു തീർച്ചയായും മറക്കാനും പരിശ്രമിക്കും. അതിലൊന്നു കുറിക്കാൻ പരിശ്രമിക്കുകയാണ് ഇവിടെ. ജീവിതം പലപ്പോഴും അങ്ങനെയാ, എല്ലാം അറിയാമെന്നു കരുതി ഒന്നു നിഗളിക്കാമെന്നു കരുതുമ്പോഴേക്കും, കഴുത്തിൽ കുരുക്കു വീണതുപോലെ. അല്ലെങ്കിൽ, നടുനിവർന്നു നിന്നു മറ്റുള്ളവരുടെ മുമ്പിൽ ഒന്നു ആളാകാമെന്നു കരുതുമ്പോഴേക്കും, ശിരസ്സിൽ ഒരു അടി കിട്ടിയതുപോലെ. ഇത്തരം ജീവിതാനുഭവങ്ങളിലൂടെ ചിലപ്പോൾ നാമോരോരുത്തരും കടന്നുപോയിട്ടുണ്ടാകാം. അപ്പോഴൊക്കെ ജീവിതത്തെ പഴിക്കുകയോ, കൂടെയുള്ളവരെ കുറ്റപ്പെടുത്തുകയോ ചെയ്തിരിക്കാം. കാരണം, ജീവിതത്തിലെ എന്നെന്നും ഓർമ്മിക്കാനും മറ്റുള്ളവർ ഓർക്കാനുമുള്ള ഒരു സുവർണ്ണാവസരമാണു നഷ്ടമായത്.

ഈ അടുത്ത നാളുകളിൽ ഏതാനും സിനിമകളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു, തൃശ്ശൂരും പരിസരവും. കിട്ടിയ അവസരം മുതലാക്കി, ഇഷ്ടതാരങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത്, അതു വാട്സാപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും, സുഹൃത്തുക്കളുമായി പങ്കുവെക്കാൻ, സമയവും ജോലിയുമൊക്കെ മാറ്റിവെച്ച ആരാധകരേറെ. അതിലൊരവസരം നഷ്ടപ്പെട്ടതിൻ്റെ വേദന പങ്കുവെക്കുകയായിരുന്നു, കഴിഞ്ഞ ദിവസം അനൂപ് എന്ന സുഹൃത്ത്. തിളങ്ങാനുള്ള ഒരവസരം നഷ്ടപ്പെട്ടതിൻ്റെ ദുഃഖവും നിരാശയും ആവോളം അവൻ്റെ സംസാരത്തിൽ നിറഞ്ഞിരുന്നു. അതു തികച്ചും യുവത്വത്തിൻ്റെ ചാപല്യമായി കരുതി തള്ളുന്നതിനുമുമ്പേ, നമ്മുടേതായ ജീവിത സാഹചര്യങ്ങളിൽ, ഇത്തരത്തിൽ നമുക്കുണ്ടായ ചില സംഭവങ്ങളെയും ഓർത്തെടുക്കുകയും തിരിച്ചറിയുകയും ചെയ്യുക, തീർത്തും നല്ലതാണെന്നു കരുതുന്നു. ഇന്നത്തെ ധ്യാനവിഷയം അത്തരത്തിലൊരു ചിന്ത നല്കുന്നതായി തോന്നുന്നു.

അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചും, ദൈവരാജ്യ സന്ദേശങ്ങൾ പ്രസംഗിച്ചും അനേകായിരങ്ങളാൽ ആകർഷിക്കപ്പെട്ട ക്രിസ്തുവെന്ന ഗുരുവിനെ അന്നു വീട്ടിലേക്കു ക്ഷണിച്ചു സമൃദ്ധമായവിരുന്നു നല്കുമ്പോൾ, ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു ആ ധനാഢ്യനായ ഫരിസേയന്, താനും അവൻ്റെ ഇഷ്ടപ്പെട്ടവനാണെന്നു നാലാളുകൾ അറിയണം. കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണത്തിരുന്ന ഗുരുവിനെ, അക്കാര്യം ഓർമ്മപ്പെടുത്തുമ്പോഴും ഒറ്റക്കാര്യമേ മനസ്സിലുണ്ടായുള്ളൂ, താൻ മറ്റാരേക്കാരേക്കാളും നിയമങ്ങളെല്ലാം കൃത്യമായ പാലിക്കുന്നവനാണെന്ന് അറിയപ്പെടണം. അതുകൊണ്ടാണവൻ അത്ഭുതപ്പെട്ടത്; "ഭക്ഷണത്തിനു മുമ്പു അവൻ (യേശു) കഴുകി ശുദ്ധി വരുത്താത്തതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു." (ലൂക്കാ 11,38) പിടിച്ചതിലും വലുതു അളയിലെന്ന കണക്കായിപ്പോയി ഫരിസേയൻ്റെ പിന്നീടുള്ള സ്ഥിതി. അതു അവൻ ഒരിക്കലും പിന്നീട് ഓർക്കാൻ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അത്രമാത്രം ഗുരുവിനാൽ പരസ്യമായി കുറ്റം ചാർത്തപ്പെട്ടു. ഇന്നതു സംഭവിക്കാൻ ഇടയില്ലെങ്കിലും, (ഇന്നു അല്പം അപഹാസ്യനായാലും കിട്ടിയ ഫുഡ്ഡടിച്ചും സംഭാവന സ്വീകരിച്ചും കടന്നുപോകുന്ന ഗുരുക്കന്മാരുടെ എണ്ണം പ്രായോഗിക ദൈവശാസ്ത്രത്തിൽ കൂടിവരികയാണല്ലോ!) ഒന്നു മനസ്സിൽ കുറിക്കുക നല്ലതാണ്, "തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും." (ലൂക്കാ 14,11) അതുപോലെത്തന്നെ, വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ഓരോരുത്തരും താഴ്മയോടെ, മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതാനുള്ള." (ഫിലി. 2,3) കൃപയ്ക്കായി പ്രാർത്ഥിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ!  

Monday, October 17, 2016

ഫലശൂന്യതയിൽ നിരാശപ്പെടുന്നവർക്കായ്... (ലൂക്കാ 10,1-9)

"നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ആ വീടിനു സമാധാനം എന്നു ആദ്യമേ ആശംസിക്കണം. സമാധാനത്തിൻ്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും." (ലൂക്കാ 10,5-6)

മക്കളെക്കുറിച്ച് നന്മയായതു കേൾക്കാനിടവരുന്നതിനേക്കാൾ വലിയൊരു സന്തോഷവും ആനന്ദവും മാതാപിതാക്കളുടെ ജീവിതത്തിൽ ഉണ്ടാകാനിടയില്ല. അതുപോലെ, ശിഷ്യരെക്കുറിച്ച് ഗുരുഭൂതരുടെ ജീവിതത്തിലും. അപ്രകാരം കേൾക്കുന്നതു വലിയ അഭിമാനത്തോടെയും സന്തോഷത്തോടെയും അവർ മറ്റുള്ളവരുമായി എളുപ്പം പങ്കുവെക്കാറുമുണ്ട്. തങ്ങളുടെ ത്യാഗങ്ങളൊന്നും തന്നെ വൃഥാവിലായില്ലല്ലോ തമ്പുരാനേ, എന്ന സംതൃപ്തിയാണ്, ആ ആഹ്ളാദത്തിനു നിദാനമായി ഭവിക്കുന്നത്. ഓരോ ത്യാഗപ്രവർത്തിയും അപ്രകാരം ഫലമണിയണമെന്ന് ആഗ്രഹിക്കാത്തവരായി നമ്മിൽ ആരെങ്കിലുമുണ്ടാകുമെന്നു ഈയുള്ളവൻ കരുതുകയോ, അപ്രകാരം കേൾക്കുകയോ ഇതുവരെ ഉണ്ടായിട്ടില്ല.    

തീർച്ചയായും ഇതിനൊരു മറുപുറക്കാഴ്ചയുണ്ട്, സഹിച്ച കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും അനുസരിച്ചു ഫലമില്ലാതാകുമ്പോൾ, നിരാശപ്പെടുകയോ, നൊമ്പരപ്പെടുകയോ ചെയ്യാത്തവരും നമ്മിൽ വളരെ ചുരുക്കമായിരിക്കും. കർഷകനെ സംബന്ധിച്ചു അവൻ്റെ വിളകളും, മാതാപിതാക്കളെ സംബന്ധിച്ച് അവരുടെ മക്കളും, ഗുരുക്കളെ സംബന്ധിച്ച് തങ്ങളുടെ ശിഷ്യരും ഇപ്രകാരം എണ്ണമറ്റ ഉത്ക്കണ്ഠകൾക്കും കണ്ണീർവാർക്കലുകൾക്കും ചിലപ്പോഴെങ്കിലും കാരണമായി തീരുന്നത് നമുക്കറിവുള്ളതാണല്ലോ. അതുകൊണ്ടാണു ചില മാതാപിതാക്കളെങ്കിലും വന്നു ഇപ്രകാരം സങ്കടം പറയുന്നത്, "എന്തുമാത്രം പാടുപ്പെട്ടു വളർത്തിയതാ അവനെ എൻ്റച്ചോ, എന്നിട്ടിപ്പോൾ അവനു എന്നോടു മിണ്ടാൻ പോലും നേരമോ താല്പര്യമോ ഇല്ലാ"യെന്ന്. ത്യാഗം സഹിക്കുന്നവരൊക്കെത്തന്നെ, ഫലങ്ങളെക്കുറിച്ച് ചിന്തിക്കുക സ്വാഭാവികം മാത്രം. എന്നാൽ ഇക്കാര്യത്തിൽ, എപ്രകാരമായിരിക്കണം ഒരു ക്രൈസ്തവൻ്റെ നിലപാടെന്നത് വ്യക്തമാക്കുകയാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ യേശുതമ്പുരാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ആ വീടിനു സമാധാനം എന്നു ആദ്യമേ ആശംസിക്കണം. സമാധാനത്തിൻ്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും." (ലൂക്കാ 10,5-6) നമ്മുടെ ജീവിതത്തിൽ തമ്പുരാൻ നമുക്കു നല്കിയ ദാനങ്ങൾ നാം പങ്കുവെക്കുന്നു, അവ സ്വീകരിക്കാനും ഉൾക്കൊള്ളാനും അപരനു സാധിക്കണമെങ്കിൽ, അവനിൽ കൃപാസ്വീകരണത്തിനുത്തക്ക ഒരുക്കമുണ്ടാകണമെന്ന്; സമാധാനം സ്വീകരിക്കണമെങ്കിൽ സമാധാനത്തിൻ്റെ പുത്രൻ അവനിൽ ഉണ്ടാകണം, അനുരജ്ഞനം സ്വീകരിക്കണമെങ്കിൽ അവനിൽ അനുരജ്ഞനത്തിൻ്റെ പുത്രൻ ഉണ്ടാകണം. അതു അവനിൽ ഫലം പുറപ്പെടുവിക്കാതെ നിന്നിലേക്കു തിരിച്ചുപോരുന്നെങ്കിൽ, നീ നിരാശപ്പെടുകയോ നൊമ്പരപ്പെടുകയോ വേണ്ടെന്ന്, പകരം അവൻ ഒരുക്കത്തിൻ്റെ ആത്മാവിനാൽ നിറയാൻവേണ്ടി പ്രാർത്ഥിക്കുകയാണു വേണ്ടതെമെന്ന്. വി. പൌലോസ് പറയുന്നതുപോലെ, "ഞാൻ നട്ടു. അപ്പോളോസ് നനച്ചു. എന്നാൽ ദൈവമാണു വളർത്തിയതു." (1 കൊറീ. 3,6) നാം പ്രവർത്തിച്ചതെല്ലാം കർത്താവിൻ്റെ കൃപയുടെ ഫലമായിരിക്കെ, നമുക്കഭിമാനിക്കാൻ പ്രത്യേകിച്ച് വകയൊന്നുമില്ലെന്ന്. നമ്മുടെ കർമ്മരംഗങ്ങളിലെല്ലാം ഈ ക്രൈസ്തവമനോഭാവത്തിൽ ജീവിക്കാനുള്ള കൃപയ്ക്കായ് നമുക്കു പ്രാർത്ഥിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ!

Sunday, October 16, 2016

"ശ്രദ്ധിക്കുക, ഈ പ്രദേശം 24 മണിക്കൂറും CCTV നിരീക്ഷണത്തിലാണ്" (മത്താ. 18,10-14)

"ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാൻ പറയുന്നു." (മത്താ. 18,10-11)

ഈ കാലഘട്ടത്തിൽ, എങ്ങും എവിടെയും പ്രതീക്ഷിക്കാവുന്ന, ദർശിക്കാവുന്ന ഒരു ശ്രദ്ധാക്കുറിപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു, "ശ്രദ്ധിക്കുക, ഈ പ്രദേശം 24 മണിക്കൂറും CCTV നിരീക്ഷണത്തിലാണ്" അല്ലെങ്കിൽ, "താങ്കൾ CCTV നിരീക്ഷണത്തിലാണ്" എന്നത്. പൊതുസ്ഥാപനങ്ങളിലും, വഴികളിലും ഇടങ്ങളിലുമൊക്കെ കുറിപ്പോടുകൂടെയും അല്ലാതെയും, അവ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നത് ഏവർക്കും അറിയാവുന്ന വസ്തുതയായി മാറിക്കഴിഞ്ഞിരിക്കുന്നു, ഇന്ന്. അഖിലേന്ത്യാതലത്തിലെ വിവിധ ഇൻ്റർവ്യൂകളും പരീക്ഷകളും ഇന്നു CCTV നിരീക്ഷണത്തിലാണു നടക്കുന്നതുപോലും. അതീവ സുരക്ഷാ പ്രധാനങ്ങളായ ഇടങ്ങളാണെങ്കിൽ പറയുകയുംവേണ്ടാ. ഇന്നു ദേവാലങ്ങളും വിദ്യാലയങ്ങളും പൊതു വാഹനങ്ങളും തുടങ്ങീ, എവിടെയൊക്കെ മനുഷ്യർ ഒരുമിച്ചുകൂടുന്നുവോ, അവിടെയെല്ലാം അവരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയെപ്രതി സ്ഥാപിക്കപ്പെട്ടവയാണവയെല്ലാം.

കുറെയൊക്കെ, കുറ്റകൃത്യങ്ങളെ കുറക്കാനും, കുറ്റകൃത്യങ്ങൾക്കു കാരണക്കാരായവരെ കണ്ടുപിടിക്കാനും അവ ഏറെ സഹായിച്ചിട്ടുണ്ടെന്നത് വാസ്തവമാണുതാനും. എന്നാൽ, ഇതേ സംവിധാനത്തിൻ്റെ തന്നെ ദുരുപയോഗവും, ഇതിനെ മറികടന്നുള്ള പ്രവർത്തനങ്ങളും നടക്കുന്നുവെന്ന വസ്തുത മറക്കാനും സാധിക്കുകയില്ല. ദൃശ്യംപോലുള്ള സിനിമകൾ അവയുടെ അത്തരം പ്രവർത്തനങ്ങളെയും ഇതിനകം ജനങ്ങളിൽ എത്തിച്ചിട്ടുണ്ടല്ലോ. രഹസ്യകാമറകൾ വഴി പുറത്തുവന്ന നന്മയുടെയും തിന്മയുടെയും കഥകൾ എണ്ണമറ്റതും. ചുരുക്കം പറഞ്ഞാൽ, മൊബൈൽ ഫോൺ പോലെതന്നെ, ഇന്നു CCTV യും മനുഷ്യജീവിതത്തിൻ്റെ ഭാഗമായി തീർന്നിരിക്കുന്നുവെന്ന്. എന്നാൽ. ഈ CCTV ഓരോ മനുഷ്യനുവേണ്ടിയും, അവൻ്റെ സുരക്ഷയെയും, നേരായ വഴിയിലുള്ള നടപ്പിനെയും പ്രതി, തമ്പുരാൻ വളരെ പണ്ടുതന്നെ സ്ഥാപിച്ചു കഴിഞ്ഞിരുന്നുവെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ യേശുമിശിഹാ നമ്മെ ഓർമ്മിപ്പിക്കുന്നു, "ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാൻ പറയുന്നു." (മത്താ. 18,10-11) പൊതുസ്ഥലങ്ങളിലെ CCTV കളുടെ നിരീക്ഷണഫലങ്ങൾ വിവിധ രീതികളിലൂടെ അറിയുന്ന മനുഷ്യൻ, പലപ്രകാരത്തിലും ശ്രദ്ധാലുവാകുന്നതുപോലെ, പക്ഷേ, ദൈവത്തിൻ്റെ CCTV യെക്കുറിച്ച് ബോധവാനാകുന്നില്ലെന്നതു എത്രയോ ഖേദകരമാണ്. പഴയനിയമവും പുതിയനിയമവും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഇക്കാര്യം, ഇനിയും നാം ഗൌരവമായിട്ടെടുത്തിരുന്നെങ്കിൽ! തോബിത്തിൻ്റെ പുസ്തകത്തിൽ, തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ടു റഫായേൽ മാലാഖാ തോബിത്തിനോടു പറഞ്ഞു, "നീ മൃതരെ സംസ്ക്കരിച്ചപ്പോൾ ഞാൻ നിന്നോടൊത്തുണ്ടായിരുന്നു. ഭക്ഷണമേശയിൽ നിന്നു എഴുന്നേറ്റുചെന്നു മൃദേഹം സംസ്ക്കരിക്കാൻ മടിക്കാതിരുന്ന നിൻ്റെ പ്രവൃത്തി എനിക്ക് അജ്ഞാതമായിരുന്നില്ല, ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു." (തോബി. 12,12-13) നമ്മുടെ പ്രവർത്തികളെ നിരന്തരം നിരീക്ഷിക്കാനും വഴിനടത്താനും, ദൈവതിരുമുമ്പിൽ നമ്മുടെ പ്രവർത്തികളോരോന്നും റിപ്പോർട്ടു ചെയ്യുവാനും ഈ ഭൂമിയിൽ തന്നെ പ്രതിഫലം നമുക്കു പകർന്നുതരാനും നിയോഗിക്കപ്പെട്ടവരാണ്, അവിടുത്തെ CCTV കളായ ദൈവദൂതർ. വിശുദ്ധാത്മാക്കൾ നിരന്തര ദൈവസാന്നിദ്ധ്യ സ്മരണയിൽ ജീവിച്ചുവെന്നതു, തീർച്ചയായും ഈയർത്ഥത്തിലും നമുക്കു മനസ്സിലാക്കാം. അത്തരത്തിലൊരു ജീവിതത്തിനു ദൈവകൃപയാചിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ!

Saturday, October 15, 2016

വീണ്ടുമൊരു മിഷൻ ഞായർ ആചരിക്കുമ്പോൾ (മത്താ. 28, 16-20)

"ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." (മത്താ. 28,20)

മിഷൻ ഞായർ ആചരണത്തെക്കുറിച്ചുള്ള ആശയങ്ങളും സങ്കല്പങ്ങളും, വിവിധങ്ങളായ പ്രവർത്തനങ്ങളുടെ വർണ്ണാഭമായ ഓർമ്മചിത്രങ്ങളും, വ്യക്തികൾക്കും സമൂഹങ്ങൾക്കും അനുസരിച്ച് വ്യത്യസ്തങ്ങളാകാനേ തരമുള്ളൂ. ചിലർ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി, ധനശേഖരണം നടത്തി സഹായിച്ചതിൻ്റെയും, അവർക്കായ് പ്രത്യേകം നിയോഗം വെച്ചു പ്രാർത്ഥിച്ചതിൻ്റെയും കഥകൾ പങ്കുവെക്കുമ്പോൾ, മറ്റുചിലരാകട്ടെ, മിഷൻ പ്രവർത്തന രംഗങ്ങൾ സന്ദർശിച്ചതിൻ്റെയും, മിഷനറിമാരെ  പരിചയപ്പെട്ടതിൻ്റെയും, അവരെ പലരീതിയിൽ സഹായിച്ചതിൻ്റെയും കഥകളും ചേർത്തുവെക്കുന്നു. ഇത്തരത്തിലുള്ള ചെറുതും വലുതുമായ പ്രവർത്തനങ്ങൾ, മിഷൻ പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല വളർത്തിയിട്ടുള്ളതെന്ന് ആരും സമ്മതിക്കുന്ന വസ്തുതയാണ്. ബാഹ്യമായ രീതിയിൽ മിഷനെ ഇപ്രകാരം സഹായിച്ചു സംതൃപ്തിയടഞ്ഞാൽ മാത്രം നമ്മുടെ കടമ തീരുന്നുവോ? അതോ തമ്പുരാൻ നമ്മിൽ നിന്നു ആഗ്രഹിക്കുന്നതിലേക്കു അല്പം കൂടി വളരാൻ നാമെന്തെങ്കിലും ചെയ്യാനുണ്ടോ? മിഷനുവേണ്ടിയുള്ള നമ്മുടെ സമർപ്പണം ഇനിയും പൂർണ്ണമാണോ?

മിഷനുവേണ്ടിയുള്ള സമർപ്പണത്തിൻ്റെ പൂർണ്ണതയിലേക്കു നമ്മെ അല്പംകൂടി നയിക്കാൻ, ഒരുപക്ഷെ, ഈ പഴയകഥ സഹായകമായേക്കാം. പള്ളിയുടെ വരാന്തയിലും മുറ്റത്തുമായി, വിവിധ കൂട്ടായ്മകളുടെ പേരിൽ എത്തിയിരിക്കുന്ന, കാർഷിക ഉത്പന്നങ്ങളും മറ്റുമൊക്കെ കണ്ടു മനസ്സു നിറഞ്ഞിട്ടാണ്, അന്നു ടോണി വേദപാഠക്ലാസ്സിൽ എത്തിയത്. ക്ലാസ്സിൽ സിസ്റ്റർ മിഷനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടയിൽ, കുട്ടികളുടെ മിഷനുവേണ്ടിയുള്ള സമർപ്പണ മനോഭാവത്തെ അറിയാനായി ചോദിച്ചു, മിഷനെ സഹായിക്കാൻ താല്പര്യമുള്ളവരെത്രയെന്ന്. എല്ലാവരും തന്നെ കൈകൾപൊക്കി. അവർക്കൊരു ലോട്ടറിയടിച്ചാൽ മിഷനെ സഹായിക്കാൻ ഒരുക്കമാണോയെന്നതായിരുന്നു, രണ്ടാമത്തെ ചോദ്യം. ഉത്തരം, നൂറുശതമാനം പേരും തയ്യാർ. അടുത്തത്, അവരുടെ കയ്യിൽ ആയിരം രൂപയുണ്ടായിരുന്നെങ്കിൽ അതു മിഷന് സമർപ്പിക്കാൻ തയ്യാറുണ്ടോയെന്ന്. എല്ലാവരും ഉറച്ച സ്വരത്തിൽ ആമ്മേൻ ചൊല്ലി. അവസാനത്തെ ചോദ്യമായി നല്കിയതു, അവരുടെ പക്കൽ അപ്പോൾ ഒരു രൂപാ ഉണ്ടെങ്കിൽ, അതു മിഷനായി സമർപ്പിക്കുമോ എന്നതായിരുന്നു. അവരിൽ ഒരാൾമാത്രം കരമുയർത്താതെ കീശ കൈകൊണ്ടു പൊത്തിപ്പിടിച്ച്, മുഖംതാഴ്ത്തി വശത്തേക്കു തിരിഞ്ഞിരിക്കുകയായിരുന്നു, ടോണി. കാരണമന്വേഷിച്ച സിസ്റ്റർക്കു കാര്യം മനസ്സിലായി, ആ സമയത്തു അവൻ്റെ കൈവശം മാത്രമേ അഞ്ചുരൂപ ഉണ്ടായിരുന്നുള്ളുവെന്ന്.

മിഷനെക്കുറിച്ചുള്ള മറ്റൊരു ചിന്തയിലേക്കുകൂടി നമ്മെ നയിക്കുന്നതാണ് ഇന്നത്തെ ധ്യാനവിഷയം. തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." (മത്താ. 28,20) മിഷൻ ഞായർ ആചരണം എന്നതു വെറും നമുക്കുള്ള ഭൌതിക വസ്തുക്കളുടേയോ മറ്റോ, ഒരംശം മിഷനുമായി പങ്കുവെക്കുന്നതിൽ മാത്രം അവസാനിക്കരുതെന്ന്. അതു പൂർണ്ണമാകുന്നതു നമ്മുടെ ക്രിസ്തു അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴാണെന്നു തിരിച്ചറിയണമെന്ന്. അതിനു ദൈവശാസ്ത്രത്തിൻ്റെയോ, ബൈബിളിലുള്ള ആഴമായ അറിവിൻ്റെയോ അകമ്പടിയൊന്നും അവിടുന്ന് ആഗ്രഹിക്കുന്നില്ല. മറിച്ച്, ലോകം മുഴുവൻ്റെയും പാപങ്ങൾക്കുവേണ്ടി  മരിച്ചവനായ യേശുമിശിഹാ, ഇന്നും എൻ്റെയും നിൻ്റെയും രക്ഷയ്ക്കായി കാത്തിരിക്കുന്നുവെന്ന, നമ്മുടെ വ്യക്തിപരമായ ക്രിസ്തുഅനുഭവം സന്തോഷത്തോടെ അപരനെ അറിയിച്ചാൽ മാത്രം മതിയെന്ന്. ആയതിനാൽ, ഈ മിഷൻ ഞായറിൽ നമ്മുടെ ജീവിത കാലത്ത് നമുക്കുചുറ്റും, നാമുമായി ഇടപഴകുന്നവരോടു പ്രത്യേകിച്ചും, ഈ സദ്വാർത്ത പങ്കുവെച്ച് അവിടുത്തെ ഉത്തമ മിഷനറിമാരാകാനുള്ള പ്രതിജ്ഞയെടുക്കാം. നവസാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ, അല്പസമയം ക്രിസ്തുഅനുഭവവും തിരുവചനവും പങ്കുവെക്കാൻ മാറ്റിവെക്കുക ഇതിനോടു ചേരുന്ന ഒന്നാണ്. വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായവൻ, ലോകാന്ത്യം വരെ കൂടെയുണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്തവൻ, നമ്മെ തീർച്ചയായും അനുഗ്രഹിക്കും!

Friday, October 14, 2016

ആർക്കാണിടം, ഇടയനോ കൂലിക്കാരനോ? (യോഹ. 10,1-15)

"മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും, അതു സമൃദ്ധമായി ഉണ്ടാകാനുമാണ്."  (യോഹ. 10,10)

പഴയകാലങ്ങളെ അപേക്ഷിച്ച്, മനുഷ്യബന്ധങ്ങളൊക്കെ ഇന്നു, വളരെ ഇഴയടുപ്പമുള്ളതുപോലെ തോന്നുന്നുവെന്ന്, ചിലരെങ്കിലും പറയുന്നത് കേൾക്കാൻ ഈയുള്ളവന്  ഇടവന്നിട്ടുണ്ട്. ഔപചാരികതകൾ കുറഞ്ഞ്, വളരെ സ്വാഭാവികമായും സ്വതന്ത്രമായും, കുട്ടികളും മുതിർന്നവരും, സ്ത്രീകളും പുരുഷന്മാരും, പരസ്പരം അടുത്തിടപഴകുന്ന വിവിധ അവസരങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് വാചാലമാകുന്നവരും, നമുക്കു ചുറ്റും ഒട്ടും കുറവല്ല തന്നെ. ഓഫീസുകളിലും കോളേജുകളിലും സ്കൂളുകളിലും എന്നുവേണ്ട, എവിടെയും ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളുടെ എണ്ണം പ്രതിദിനം കൂടിവരുന്നു. തുല്യനീതിയെകുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും  ഒക്കെയുള്ള അവബോധം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൻ്റെ അടയാളം കൂടിയാകാം ഇതെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൂടാതെ, ഇതിൽ ആഗോളവത്ക്കരണത്തിനും നവസാമൂഹ്യമാധ്യമങ്ങൾക്കും ഉള്ള കാതലായ പങ്കിനെ കാര്യമായിത്തന്നെ ചർച്ചചെയ്യുന്നവരെയും അവിടെയുമിവിടെയും കാണാനും കേൾക്കാനും ഇടവന്നിട്ടുമുണ്ട്.

ഇതിനു മറുപുറമായി, വേറെ ചില കാഴ്ചകളും മനുഷ്യബന്ധങ്ങളിൽ ഇടം നേടുന്നുവെന്നത് കണ്ടില്ലെന്നു നടിക്കാനുമാവില്ല. അതു ഇഴയടുപ്പങ്ങളിൽ തന്നെ വന്നുപോകുന്ന ചില ദുരന്തക്കാഴ്ചകളാണ്. അവിശ്വസ്ഥതയുടെയും സത്യസന്ധതയില്ലായ്മയുടെയും, ചതിയുടെയും വഞ്ചനയുടെയും, തള്ളിപ്പറയലുകളുടെയും ഒറ്റിക്കൊടുക്കലുകളുടെയും ദുർഗന്ധം പേറുന്ന പിന്നാമ്പുറ വർത്തമാനങ്ങൾക്കെല്ലാം തന്നെ, അടിവരയിടുന്ന ജീവിത യാഥാർത്ഥ്യങ്ങളോരോന്നും, മറനീക്കി അനുദിനമെന്ന കണക്ക് പുറത്തുവരുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിലും കാമുകീകാമുകന്മാർക്കിടയിലും, കുടുംബ ബന്ധങ്ങൾക്കിടയിലും, മൂന്നാമതൊരു വ്യക്തിയുടെ സാന്നിദ്ധ്യവും പ്രവേശനവും വഴി, നഷ്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പവിത്ര ബന്ധങ്ങളും ഇന്നു ചുരുക്കമല്ല. മനുഷ്യബന്ധങ്ങളുടെ ഏതു നിർവ്വചനങ്ങൾക്കിടയിലേക്കും ഈ ചാഴിക്കേടു ദിനംപ്രതി പടരുന്നുവെന്നത് ഒരു ദുഃഖസത്യം മാത്രമായി അവശേഷിക്കുന്നു. ഈ ദുരന്തങ്ങളുടെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഇന്നത്തെ ധ്യാനവിഷയം.

ക്രിസ്തുവിൻ്റെ വ്യക്തിത്വത്തിൻ്റെ വ്യതിരിക്തതയെ ആവോളം വിളിച്ചോതുന്ന സുന്ദരമായ രണ്ടു ഉപമകളാണ് പശ്ചാത്തലം; ആടുകൾക്കുള്ള വാതിലിൻ്റെയും നല്ലിടയൻ്റെയും ഉപമകൾ. അതിൽ ഒറ്റക്കാര്യം മാത്രമിന്നു ധ്യാനവിഷയമാക്കുന്നു. തിരുവചനത്തിൽ യേശു നമ്മെ ഓർമ്മപ്പെടുത്തുന്നു, "മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും, അതു സമൃദ്ധമായി ഉണ്ടാകാനുമാണ്."  (യോഹ. 10,10) ആകർഷണീയതകൾക്കും മമതകൾക്കും മോഹങ്ങൾക്കുമപ്പുറം, ജീവൻ അതിൻ്റെ സമൃദ്ധിയിൽ നല്കുവാൻ, തന്നെത്തന്നെ സമർപ്പിക്കുന്ന ഇടയൻ്റെ സ്വരം, മനുഷ്യബന്ധങ്ങളിൽ തിരിച്ചറിയാൻ കഴിയാതെ പോയാൽ, അകപ്പെടുന്നത് കൂലിക്കാരൻ്റെ കൈകളിലാണ്; മോഷ്ടിക്കുകയും നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നവൻ്റെ കരങ്ങളിൽ. നമുക്കു ചുറ്റും ഒത്തിരി ജീവിതങ്ങളിന്ന്, പ്രത്യേകിച്ചു യുവത്വം, ഇടയകരങ്ങളിലെന്നതിനേക്കാൾ, കൂലിക്കാരുടെ കരങ്ങളിലായതിനു പുറകിൽ, വിവേചനയില്ലാതെ, ലോകത്തിൻ്റെ മോഹങ്ങൾ തേടിയുള്ള യാത്രയാണെന്നു കണ്ടെത്താൻ പ്രയാസമില്ല തന്നെ. ആയതിനാൽ, സ്വജീവിതത്തിൽ എന്നും ഇടയധർമ്മം നിർവ്വഹിക്കുന്നവരും, അതുപോലെതന്നെ, നല്ലിടയർക്കു ചെവികൊടുക്കുന്നവരുമാകാൻ ദൈവകൃപ യാചിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

Thursday, October 13, 2016

ഉത്തരം തേടുന്നവരും, ഉത്തരത്തിന്മേലാക്കാൻ തത്രപ്പെടുന്നവരും (ലൂക്കാ 20, 27-40)

"അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ." (മർക്കോ. 20,38) (വായനഭാഗം - ലൂക്കാ 20, 27-40)

ചിലർ അങ്ങനെയാണ്, അവർ ചോദ്യങ്ങളുമായി സദാ പുറകിലുണ്ടാകും. അവർക്ക് എല്ലാറ്റിൻ്റെയും "എ റ്റു ഇസഡ്" എല്ലാം അറിയണം. അതിനായി ഏതു മാർഗ്ഗവും ഉപയോഗിക്കാൻ അവർ തയ്യാറാണ്. കാരണമന്വേഷിച്ചാൽ, പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല, ഒന്നു അറിഞ്ഞിരിക്കാൻ അത്ര തന്നെ. വേറൊരു കൂട്ടരുണ്ട്, അവർ യഥാർത്ഥ അന്വേഷകരാണ്, ഉത്തരങ്ങളിലൂടെ പൂർണ്ണ സത്യത്തിൽ എത്തിച്ചേരാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവർ. ഇനിയും ഒരു കൂട്ടർ ചോദ്യങ്ങളുമായി വരുന്നതു ഉത്തരത്തിനു വേണ്ടിയല്ല, പകരം ഉത്തരം മുട്ടിക്കാനോ, ഉത്തരത്തിന്മേൽ കയറ്റാനോ വരുന്നവർ. ഇത്തരക്കാരിൽ ചിലരെയെങ്കിലും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഒന്നുകിൽ നാം കണ്ടുമുട്ടിയിട്ടുണ്ടാകാം, അല്ലെങ്കിൽ ഇതിൻ്റെയൊക്കെ ഏതെങ്കിലും ഒരംശം, എപ്പോഴെങ്കിലും നമ്മിൽതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. ഇങ്ങനെയുള്ളവരെ കണ്ടുമുട്ടുന്നതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്, അവരെ എപ്രകാരം നേരിടുന്നുവെന്നത്. (ഒരു മാതിരി സന്തോഷ് പണ്ഡിറ്റിനെ കയ്യിൽ കിട്ടിയാലെന്നപോലെയുള്ള പ്രോഗ്രാമുകൾ ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് പറയേണ്ടതില്ലല്ലോ.) പ്രതിദിനമുള്ള ചുരുക്കം ചാനൽ ചർച്ചകൾ ചിലപ്പോഴെങ്കിലും അത്തരത്തിലുള്ള ചിന്തയിലേക്കു നയിച്ചിട്ടുണ്ടുമുണ്ടാകാം.

ഇന്നത്തെ ധ്യാനവിഷയം തീർത്തുപറഞ്ഞാൽ, അപ്രകാരമുള്ള ഒരു അസ്സൽ ചോദ്യോത്തര വേളയാണ്. തിരുവചനഭാഗം ഉൾക്കൊള്ളുന്ന, ലൂക്കായുടെ സുവിശേഷം ഇരുപതാം അദ്ധ്യായം മുഴുവൻ, ചോദ്യകർത്താക്കളുടെ ഒരു ഘോഷയാത്ര തന്നെയാണ് നാം കാണുന്നത്. പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളുമാണ് വേദി ആദ്യം കയ്യടക്കുന്നത്, തുടർന്ന് അവരയക്കുന്ന നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാർ, അതു കഴിഞ്ഞ് പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായ വിഭാഗത്തിലെ ചിലർ. ഇവരാരുംതന്നെ യഥാർത്ഥത്തിൽ ഉത്തരം തേടിവന്നവരല്ലാ, മറിച്ച് യേശുക്രിസ്തുവിനെ ഉത്തരത്തിൽ കുടുക്കാൻ വന്നവരായിരുന്നു. ക്രിസ്തുവിൻ്റെ നലംതികഞ്ഞ മറുപടികളിൽ പക്ഷേ, അവർക്ക് നിരാശരായായും നിശ്ശബ്ദരായും, മടങ്ങിപ്പോകേണ്ടി വരുന്നതായി നാം കാണുന്നു. ക്രസ്തു നല്കിയ മറുപടികളിൽ ഒന്നുമാത്രം, നാമിന്നു ധ്യാനിക്കുന്നു.

തിരുവചനത്തിൽ നാം വായിക്കുന്നു, "അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ." (മർക്കോ. 20,38) കുടുക്കാൻ വരുന്നവർക്കു മുമ്പിൽ, ഊരാകുടുക്കെറിയുന്ന ഗുരു, തന്നെ പരിഹസിക്കാൻ വന്നവരെ തീർത്തും പരിഹാസ്യരാക്കി യാത്രയാക്കുന്നു. അവിടുന്നിലും അവിടുത്തേക്കും അവിടുത്തോടുകൂടിയും ജീവിക്കുന്നവർ മാത്രമേ ഉള്ളൂ, മരിച്ചവർ ഇല്ല. അതിനാലാണ്, നാം ഈ ലോകത്തിൽ നിന്നു വേർപ്പെട്ടവർക്കുവേണ്ടിയും, വേർപ്പെട്ടവരോടും പ്രാർത്ഥിക്കുന്നത്. സഹന-സമര-വിജയ സഭകളുടെ ഐക്യത്തിനും കാരണം മറ്റൊന്നല്ലെന്നും ഇതു തീർത്തും വെളിപ്പെടുത്തി തരുന്നു. ഉയിർപ്പും മരണാന്തരജീവിതവും പുണ്യവാന്മാരുടെ ഐക്യവും ഒക്കെ ഉൾച്ചേരുന്ന ഈ വിശ്വാസരഹസ്യ വിചാരത്തോടൊപ്പം നമുക്കു ധ്യാനിക്കാം, അപരനെ ചതിച്ചും കുടുക്കിയും വഞ്ചിച്ചും മരണമേറ്റെടുത്തവരുടെ ദൈവമല്ലാ അവിടുന്ന്, മറിച്ച്, സഹോരൻ്റെ നന്മ ആഗ്രഹിച്ചും, നന്മ ചെയ്തും ജീവിക്കുന്നവരുടെ (അപ്രകാരം ജീവിക്കുന്നവർക്ക് രണ്ടാം മരണമില്ല തന്നെ) ദൈവമാണവിടുന്ന്. ഈ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാനുള്ള കൃപയ്ക്കായ് ഇന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Wednesday, October 12, 2016

"അന്തോണി മാപ്ലാരുടെ മോനല്ലേ, ഓർമ്മയുണ്ടോ അന്ന്..." (ലൂക്കാ 9, 28-36)

"അന്തോണി മാപ്ലാര്ടെ മോനല്ലേ, ഓർമ്മയുണ്ടോ അന്ന്..." (വായനഭാഗം - ലൂക്കാ 9, 28-36)

പിന്നിട്ട വഴികളെ ഒരിക്കലും മറക്കരുതെന്ന് ഓർക്കുന്നവരെയും ഓർമ്മിപ്പിക്കുന്നവരെയും, നമ്മുടെ ജീവിതത്തിൽ ഇതിനകം പരിചയപ്പെട്ടിട്ടുണ്ടാകാം. സ്വജീവിതത്തിലേക്കു വരുമ്പോഴാകട്ടെ, അവയിൽ ചിലതു സുഖകരവും മറ്റുചിലതു തീർത്തും മറക്കാൻ ഇഷ്ടപ്പെടുന്നവയുമാകാം. ഒരു ഓർമ്മപ്പെടുത്തലിനെ ഞാനിന്നും വ്യക്തമായും ഓർക്കുന്നു. പത്തൊമ്പതു വർഷങ്ങൾക്കു മുമ്പേ, തിരുപ്പട്ടം സ്വീകരിച്ച ജനുവരി ഒന്നാം തിയ്യതി ഉച്ചതിരിഞ്ഞ് നാലേമുക്കാൽ സമയം, തിരുപ്പട്ട സ്വീകരണവും പ്രഥമദിവ്യ ബലിയർപ്പണവും, തുടർന്നുള്ള അനുമോദനങ്ങളുമൊക്കെ കഴിഞ്ഞ്, വീട്ടിലേക്കു പോകുന്ന വഴിയിലെ തിരിവിൽ രണ്ടുപേർ ഇരുന്നു കുശലം പറയുകയായിരുന്നു. എന്നെ കണ്ടയുടനെ അവരിൽ ഒരാൾ, വായിലെ മുറുക്കാൻ തുപ്പിക്കളഞ്ഞ് ചെറുസംശയത്തോടെ ചോദിച്ചു, "അന്തോണി മാപ്ലാരുടെ മോനല്ലേ? ഓർമ്മയുണ്ടോ അന്ന് പാടത്ത് വെച്ച്..." അവരത് പൂർത്തിയാക്കുന്നതിനുമുമ്പേ ഞാൻ തലയാട്ടി, സമ്മതം കണക്ക്. കാരണം, അവർ എൻ്റെ അയൽപക്കത്തെ കാളികുട്ടിയമ്മയായിരുന്നു. അവർക്ക് കുഞ്ഞുനാളിലെ എൻ്റെ കുരുത്തക്കേടുകൾ കുറേയൊക്കെ നന്നായി അറിയാം. തുടർന്നുള്ള വീട്ടിലേക്കുള്ള യാത്രയിൽ, ഒറ്റ ചിന്തയേ ഉണ്ടായുള്ളൂ, കൂടെ വേറെ ആരും ഇല്ലാഞ്ഞത് നന്നായി.

മഹത്വത്തിൻ്റെ വഴിയിലെ ഓർമ്മപ്പെടുത്തലിൻ്റെ ഓർമ്മകൾ പലരൂപത്തിലും ഭാവത്തിലുമാകാം. അധികാരങ്ങളിലും സ്ഥാനമാനങ്ങളിലും എത്തിപ്പെടുമ്പോഴോ, അല്ലെങ്കിൽ, സമ്പത്തു കുമിഞ്ഞു കൂടുമ്പോഴോ ഒക്കെ, വന്ന വഴികളെയും ബന്ധങ്ങളെയും മറക്കുന്നതിനെ, നമ്മുടെ മനസ്സിലേക്ക് കൊണ്ടുവന്ന ഒത്തിരി സംഭവങ്ങളും സാഹചര്യങ്ങളും അനുഭവങ്ങളായും ഉണ്ടാകാം. അത്തരം കഥകൾക്ക് കലാ-സാഹിത്യ രൂപങ്ങളും ആവോളം വർണ്ണമിഴിവേകിയിട്ടുണ്ടല്ലോ. അവിടെയൊക്കെ വിലയിരുത്തലിൻ്റെ അളവുകോലുമായി ചിലപ്പോൾ, നാം മാറിനില്ക്കുകയോ അല്ലെങ്കിൽ, സ്വജീവിതത്തിലെങ്കിൽ, തിരിച്ചറിവിലേക്കു വരികയോ ചെയ്തിട്ടുണ്ടാകാം. പക്ഷെ, ഇതിൽ നിന്നും വ്യത്യസ്തമായൊരു ചിന്തയാണ് ഇന്നത്തെ തിരുവചനത്തിൽ നാം ധ്യാനിക്കുന്നത്. ക്രൈസ്തവജീവിതത്തിൻ്റെ മഹത്വവഴിയിൽ, കഴിഞ്ഞതിനെ കുറിച്ചുമാത്രമല്ല, വരാൻ പോകുന്നതിനെ കുറിച്ചും നല്ല ചിന്തവേണമെന്ന്; വന്നവഴിയെ കുറിച്ചുമാത്രമല്ലാ, തുടരാനിരിക്കുന്ന വഴിയെകുറിച്ചും.

തിരുവചനത്തിൽ നാം വായിക്കുന്നു, "അപ്പോൾ രണ്ടുപേർ -മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജെറുസലെമിൽ പൂർത്തിയാകേണ്ട അവൻ്റെ കടന്നുപോകലിനെ കുറിച്ചാണ് അവർ സംസാരിച്ചത്." (ലൂക്കാ 9,30-31) മഹത്വമുള്ളവർ, മഹത്വത്തിലായിരിക്കെ ചിന്തിക്കുന്നത് എന്തെന്ന് അവധാനപൂർവ്വം മനസ്സിലാക്കാം. ഇന്നിൻ്റെ മഹത്വം പൂർണ്ണമാകുന്നതിനും ശുദ്ധമാകുന്നതിനും, ഓരോ ക്രൈസ്തവനും, വന്നവഴികളെ ഓർക്കുന്നവൻ മാത്രമാകാതെ പൂർത്തിയാക്കാനുള്ളവയെ കുറിച്ചും ശരിയായ അവബോധമുള്ളവനുമാകണം. ഇതു നഷ്ടമാകുമ്പോൾ, പത്രോസിനെപോലെ പറയാൻ നാമും പ്രലോഭിപ്പിക്കപ്പെടും, "ഗുരോ, ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്ന് മോശക്ക്, ഒന്ന് ഏലിയാക്ക്." (വാ. 33) തൻ്റെ യാത്ര പൂർത്തിയായെന്ന കണക്കൊരു തോന്നൽ പത്രോസിന്; ഇനി താഴേക്കു പോയില്ലെങ്കിലും കുഴപ്പമില്ലെന്ന്. ഈ പ്രലോഭനത്തെ അതിജീവിക്കാനും, വി.പൌലോസ് അപ്പസ്തോലനെപ്പോലെ, ഇപ്രകാരം ഏറ്റുപറഞ്ഞ് ജീവിതം പൂർത്തിയാക്കാനും, നമുക്കും സാധിക്കട്ടെ, "ഞാൻതന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരതുന്നില്ല. എന്നാൽ, ഒരു കാര്യം ഞാൻ ചെയ്യുന്നു. എൻ്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി മുന്നേറുന്നു." (ഫിലി. 4,13) പ്രസ്തുത ദൈവകൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Tuesday, October 11, 2016

"ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" (ലൂക്കാ 11,24-26)

"ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" (വായനഭാഗം - ലൂക്കാ 11,24-26)

ഊഷ്മാവ് അല്ലെങ്കിൽ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം അളക്കുന്നതിനുള്ള ഉപകരണമാണ്, താപമാപിനി അഥവാ തെർമോമീറ്റർ. മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിനു മുമ്പുള്ള കാലം, തണുപ്പുള്ള രാജ്യങ്ങളിൽ ചിലരെങ്കിലും, അതു ഭവനങ്ങളുടെ കട്ടിലപ്പടിയിലോ മറ്റോ, തൂക്കിയിടുന്നതു കണ്ടിട്ടുണ്ട്. ഇതുപോലെ, ചുറ്റുമുള്ളവരുടെ ആദ്ധ്യാത്മികവും ഭൌതികവുമായ വളർച്ചാ വ്യതിയാനങ്ങളെ അളക്കുന്ന മധ്യകേരളത്തിലെ അറിയപ്പെടുന്ന മറ്റൊരു ഉപകരണമാണ് "ചാക്കോമീറ്റർ." നാട്ടിലെ എല്ലാവരെയും കുറിച്ചും തൻ്റേതായ വിലയിരുത്തലുകളും വിമർശനങ്ങളുമായി, പകൽ മുഴുവനും ചായക്കടയിലും വഴിയോരത്തും ചാക്കോയുണ്ടാകും, നിറസാന്നിദ്ധ്യമായി. ചാക്കോയ്ക്ക് അറിയാത്ത വ്യക്തികളോ, വിഷയങ്ങളോ, നാടുകളോ ഇല്ല. എന്തിനെക്കുറിച്ചും ചാക്കോയ്ക്ക് വ്യക്തമായ അഭിപ്രായങ്ങളുമുണ്ട്. ഇക്കാര്യത്തിൽ ചാക്കോയെ മാത്രം കുറ്റപ്പെടുത്തിട്ടോ, ഒറ്റപ്പെടുത്തിയിട്ടോ കാര്യമുണ്ടെന്നു തോന്നുന്നില്ല, നമ്മിലൊക്കെ ഇത്തരത്തിലുള്ള കൊച്ചു കൊച്ചു "ചാക്കോ മീറ്ററുകൾ" നാമറിയാതെ ഒളിച്ചിരിപ്പുണ്ടാകാം.

ചില "മീറ്റർ റീഡിംഗുകൾ" നൂറു ശതമാനം ശരിയെന്ന കണക്ക് നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളുമുണ്ടാകാം. അത്തരത്തിൽ ഒന്നാണ്, സൈമനെ കുറിച്ചുള്ളത്. വിളിച്ചാൽ എന്തു പണിക്കും പോകും, കൈ നിറയെ കാശും കിട്ടും. പക്ഷെ, അടുത്ത ദിവസത്തെ വണ്ടിക്കൂലിക്കു വരെ ബാക്കി വെക്കാതെ എല്ലാ പണവും ഷാപ്പിൽ അവസാനിപ്പിക്കും. എന്നാൽ, മുമ്പ് സൈമൻ അങ്ങനെ ആയിരുന്നില്ലെന്നാ, അയൽക്കാരും ബന്ധുക്കളും പറയുന്നത്. അല്പമൊക്കെ മദ്യം കഴിച്ചിരുന്നെങ്കിലും, ഇതുപോലെ അനുദിനം മദ്യപിച്ച്, തെരുവിൽ കിടന്നും വഴക്കുണ്ടാക്കിയും ഉള്ള ഒരു ജീവിതമായിരുന്നില്ലത്രേ. അങ്ങനെയിരിക്കെ ഒരു ധ്യാനം കൂടി, ആളങ്ങുമാറി, അനുദിനം ജോലിക്കുപോകാനും, കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങി. പുതുജീവിതം പക്ഷെ, രണ്ടുമാസം പോലും നീണ്ടുനിന്നില്ല, വഴിയോരത്തെ ബോധമില്ലാതെയുള്ള കിടപ്പും വീട്ടിലെ ബഹളങ്ങളും കേട്ട്, അവനെക്കുറിച്ച് ആളുകൾ അടക്കം പറയാൻ തുടങ്ങി, "ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" ഇപ്രകാരം ജീവിതത്തിലെ കുഴപ്പങ്ങൾ ആദ്യത്തേതിനേക്കാൾ വഷളാകുന്നതിലെ കാരണം പങ്കുവെക്കുകയാണ്, ഇന്നത്തെ ധ്യാനവിഷയം.

വിട്ടുപോയ അശുദ്ധാത്മാവ് തിരിച്ചുവന്ന്, എങ്ങനെ ഒരു ജീവിതത്തെ കൂടുതൽ മോശമാക്കുന്നു, എന്നതിൻ്റെ കാരണമായി യേശുമിശിഹാ പറയുന്നത്, ലക്ഷ്യമില്ലാതെയും ശ്രദ്ധയില്ലാതെയുമുള്ള ജീവിതത്തിലെ സജ്ജീകരണവും ശുചീകരണവുമാണ്. തിരുവചനത്തിൽ നാം വായിക്കുന്നു, "തിരിച്ചു വരുമ്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോൾ അവൻ പോയി തന്നേക്കാൾ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മക്കളെ ക്കൂടി കൊണ്ടുവന്ന്, അവിടെ പ്രവേശിച്ച് വാസമുറപ്പിക്കുന്നു. അങ്ങനെ ആ മനുഷ്യൻ്റെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമായിത്തീരുന്നു." (ലൂക്കാ 11,25-26) വൃത്തിയാക്കുന്നതു കൂടാതെ, വൃത്തിയായി സൂക്ഷിക്കുന്നതിലെ നിരന്തര ജാഗ്രതയും ആവശ്യമെന്നർത്ഥം. ആൾത്താമസമില്ലാത്ത ഭവനം എളുപ്പം വൃത്തികേടാകുകയും നശിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നതും ഇക്കാരണത്താലാണ്. ദൈർഘ്യമേറിയ വിശ്വാസ പരിശീലനമൊക്കെ കഴിഞ്ഞ് അന്യനാടുകളിൽ എത്തുന്ന ചിലരെങ്കിലും വീണുപോകുന്നതിനും കാരണവും മറ്റൊന്നല്ല. കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെട്ടവർ അബദ്ധപഠനങ്ങളുടെ കെണിയിൽ പെടുന്നതിനുള്ള കാരണവും വ്യത്യസ്തമാകാൻ തരമില്ലല്ലോ. ആയതിനാൽ, സൈമൻ്റേതുപോലുള്ള ജീവിതങ്ങളെ ഓർത്തുള്ള സഹതാപത്തേക്കാൾ, നവീകരണമെന്നത് നിരന്തര ജാഗ്രതയുടെ ഫലമാണെന്നതു തിരിച്ചറിയാനും ജീവിക്കാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Monday, October 10, 2016

വീണ്ടും ചില വിജയങ്ങളുടെ എതിർസാക്ഷ്യങ്ങൾ (ലൂക്കാ 11, 14-23)

വീണ്ടും ചില വിജയങ്ങളുടെ എതിർസാക്ഷ്യങ്ങൾ (വായനഭാഗം - ലൂക്കാ 11, 14-23)

നമുക്കു ചുറ്റും എവിടെയുമിന്ന്, ജീവിതത്തിലെ തിളക്കം തിട്ടപ്പെടുത്തി മറ്റുള്ളവരെ തിടുക്കത്തിൽ അറിയിക്കാൻ, തത്രപ്പെടുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ, വിജയകഥകളും വികസന സംരംഭങ്ങളും ആധുനിക മാധ്യമങ്ങളുടെ താളുകളെ വർണ്ണസമ്പന്നമാക്കാറുണ്ട്. പൂർണ്ണ തിളക്കമില്ലെങ്കിൽ തന്നെ, തിളക്കമുള്ളതിനെ വെച്ച് കളിക്കളത്തിൽ ഇറങ്ങുന്ന കുറെപേരെ എങ്കിലും നമുക്കറിയാമായിരിക്കാം. നിരക്ഷരതയെയും ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചിന്തിക്കുകയും, അതിനെ നേരിടുന്നതിനാവശ്യമായ, ഘട്ടം ഘട്ടമായുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും, ചെയ്യുന്നതിനേക്കാൾ ലാഭകരവും എളുപ്പവും, വേഗമേറിയതും തിളക്കമുളവാക്കുന്നതും, "ഡിജിറ്റൽ ഇന്ത്യ"യെ പരിപോഷിപ്പിക്കലാണെന്ന്, കരുതുന്ന നേതാക്കളുടെ എണ്ണം കൂടിവരുന്നതുപോലെ. ഗംഗാനദിയുടെ പരിശുദ്ധിയെ പ്രഘോഷിക്കുവാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കോടികൾ ചിലവഴിച്ച് തിളക്കം ഘോഷിക്കുന്നവർ, അവളെ അശുദ്ധമാക്കുന്ന വിവിധ പരിപാടികളും കർമ്മങ്ങളും പ്രസ്തുത തടങ്ങളിൽ നിന്ന്, ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും മടികാണിക്കുന്നുവത്രേ. അതുപോലെതന്നെ , ഇനിയെങ്കിലും ഇപ്രകാരം നദികൾ അശുദ്ധമാകാതിരിക്കാനിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കാനോ, സംസാരിക്കാനോ മുതിരാത്തത്, വോട്ടുബാങ്കിലെ തിളക്കം കുറയാതിരിക്കാനാണെന്ന് കരുതുന്നവരും ഉണ്ട്.

രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ രാഷ്ട്രീയക്കാരുടെ കാപട്യവും എന്നതുപോലെ തന്നെ, മറ്റു മേഖലകളിലും ഇത്തരം ചിന്താഗതികൾ കടന്നുകൂടാവുന്നതാണല്ലോ. നേതൃത്വം ഒന്നിച്ചുകൂടുമ്പോൾ ചർച്ചചെയ്യപ്പെടേണ്ടവ ഇന്ന്, സാധാരണ മനുഷ്യരെ ബാധിക്കാത്തവയായി മാറിയോ എന്നു സംശയിക്കുവാൻ തുടങ്ങിയിരിക്കുന്നു. പരസ്പരമുള്ള ആരോപണ-ദുരാരോപണങ്ങളുടെ ആരോഹണ-അവരോഹണങ്ങളിൽ തീർന്നു, രാജ്യ/ലോക/നിയമ സഭയിലെ ജനങ്ങളുടെ പ്രതിനിധികളുടെ ചർച്ചകളെന്നതുപോലെ, തിരുസ്സഭയിലെ സിനഡ് ചർച്ചകളും മാറരുതെന്ന്, കഴിഞ്ഞ കുറെ ദിവസങ്ങളായി നവസാമൂഹ്യ മാധ്യമ ചർച്ചകൾ ആശങ്കപ്പെടുന്നത്, ഈയുള്ളോനും വായിക്കുവാൻ ഇടയായി. എന്നു പറഞ്ഞാൽ, ക്രൈസ്തവ സഭയും ലോകത്തിൻ്റെ ശൈലിയോടു അനുരൂപപ്പെടുന്നുവോ എന്ന ആശങ്കയും ജനങ്ങളിൽ വളരുന്നുണ്ടെന്ന്. മഹത്വത്തിൻ്റെ മറുരൂപമലയിൽ നിന്ന് താഴേക്കിറങ്ങാൻ മടികാണിച്ചവരെ മലയിറക്കത്തിനു പ്രേരിപ്പിച്ച മിശിഹാ, ഇന്നത്തെ തിരുവചനത്തിലൂടെ നമ്മോടു പറയുന്നത് ശ്രദ്ധാപൂർവ്വം ധ്യാനിക്കാം.

യേശുമിശിഹാ പറയുന്നു, "എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു." (ലൂക്കാ 11,23) ക്രിസ്തുശൈലിയോടുകൂടെയല്ലാതെ, അവൻ്റെ ആത്മാവോ ചൈതന്യമോ പേറാതെ, ശേഖരിക്കുന്നവൻ അല്ലെങ്കിൽ നേടുന്നവൻ, ചിതറിച്ചുകളയുന്നു, നഷ്ടപ്പെടുത്തുന്നു എന്നർത്ഥം. നമ്മുടെ വിജയവഴികൾ ക്രിസ്തുവിന് എതിർസാക്ഷ്യങ്ങളുടേതായി മാറരുതെന്നർത്ഥം. യാക്കോബ് ശ്ലീഹാ പറയുന്നു, "ലോകത്തിൻ്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിൻ്റെ ശത്രുവാക്കുന്നു" വെന്ന്. (യാക്കോ. 4,4) ലോകത്തിൻ്റെ ശൈലികളോടു ചേർന്ന്, ഇന്നു നമ്മുടെ തിളക്കമായി നാം അവതരിപ്പിക്കുന്നവയെന്തോ, അവ യഥാർത്ഥത്തിൽ നമ്മുക്ക് ഗുണമാണോ നഷ്ടമാണോ വരുത്തിവെക്കുന്നത് എന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കൂടെനില്ക്കുന്നവർ പോലും കുടുവിട്ടൊഴിയുന്ന സ്ഥിതിവിശേഷം സംജാതമാകരുതെന്നും, ലോകം മുഴുവൻ നേടി ആത്മാവു നഷ്ടപ്പെടുത്തുന്നവനെപ്പോലെ, സകലവും കെട്ടിപ്പടുക്കുവാനും വിജയികളാകാനുള്ള പരിശ്രമത്തിൽ വിശ്വാസവും വിശ്വാസികളെയും നഷ്ടപ്പെടുത്തരുതെന്നും വ്യംഗ്യം. വിജയവഴികളേക്കാൾ ക്രിസ്തുമാർഗ്ഗവും ശൈലിയും പിന്തുടരാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Sunday, October 9, 2016

മരിയനും സമരിയനും പിന്നെ യേശുവും... (ലൂക്കാ 10, 38-42)

മരിയനും സമരിയനും പിന്നെ യേശുവും... (വായനഭാഗം - ലൂക്കാ 10, 38-42)

"നാടോടുമ്പോൾ നടുവെ ഓടണ"മെന്നതു പതിരില്ലാത്ത പഴഞ്ചൊല്ല്. അപ്പോൾ പിന്നെ "ഹൈപ്പർ ആക്റ്റീവിസ"ത്തിൻ്റെ "ന്യൂജെൻ" കാലത്ത്, എന്തെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ചെയ്യാതെ പിടിച്ചു നില്ക്കാൻ പറ്റില്ലെന്നത്, പുതുതലമറക്കൊപ്പം പഴയതലമുറയും തിരിച്ചറിഞ്ഞിരിക്കുന്നതു പോലെ തോന്നുന്നു. എൺപതുകളിൽ എത്തിനില്ക്കുന്ന ജീവിതങ്ങൾ പോലും ജീവിതം ആസ്വദിക്കുന്നതു, വാട്സാപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങളിൽ സജീവമായികൊണ്ടാണ് എന്നു കേൾക്കുന്നു. തൻ്റെ പ്രോഗ്രാമുകളെ മുൻകൂട്ടി അറിയിച്ചും, യാത്രകളെ തൽസമയ സംപ്രേഷണം ചെയ്തു "ടച്ച്" നിലനിർത്തുന്നവരും ഏറെ. ചുരുക്കത്തിൽ പറഞ്ഞാൽ, വ്യക്തി ജീവിച്ചിരിപ്പില്ലെന്നോ, നിത്യരോഗിയായെന്നോ ഒക്കെ അറിയുന്നത്, പത്രദ്വാരാ ചരമകുറിപ്പുകോളം വഴിയോ മറ്റോ എന്നതിനേക്കാൾ, നവസാമൂഹ്യമാധ്യമങ്ങളിലെ പ്രതിദിന പോസ്റ്റിംഗിൻ്റെ അഭാവത്താലായതുപോലെ. കാലം പോയൊരു പോക്കേ....
 
വിദ്യഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് സ്കൂളുകളിൽ, അധ്യാപകരുടെ സമയം ഏറെയും അപഹരിക്കുന്നതു, ക്ലാസ്സ് നോട്ട് തയ്യാറാക്കുന്നതിനേക്കാൾ അധികം, വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി മാറിയിരിക്കുന്നു. പ്രസ്തത റിപ്പോർട്ടുകൾ നന്നാക്കുന്നതിനാവശ്യമായ പരിപാടികളും ആസൂത്രണങ്ങളും കഴിഞ്ഞുവരുമ്പോൾ, കുട്ടികൾക്കു വിഷയങ്ങളിൽ ലഭിക്കേണ്ട പ്രാവീണ്യം നഷ്ടപ്പെടുന്നുവോ എന്നു സംശയിക്കുന്നവർ, അകത്തും പുറത്തും, കൂടിവരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, കുട്ടികളും മാതാപിതാക്കളും ഒരുപോലെ, പ്രോജക്റ്റുകൾ തയ്യാറാക്കുന്ന തിരക്കിലും. എല്ലാം കഴിഞ്ഞുവരുമ്പോൾ ഒരു സന്തോഷം ഉള്ളത്, ഭൂരിഭാഗം എല്ലാവർക്കും "എ പ്ലസ്സ്" ഉണ്ടെന്നതാണ്. പക്ഷെ, കലാലയങ്ങളിലെത്തുമ്പോൾ "കുട്ടിക്കു ബോധമുണ്ട് മിണ്ടിക്കൂടാ" എന്ന സ്ഥിതിവിശേഷവും. കാലം പോയൊരു പോക്കേ...

കയറൂരി വിട്ടുള്ള ഈ "ആക്റ്റീവിസം" പക്ഷെ, ശരിയായി ചിന്തിക്കാനും, ഉത്തമമായത് വിഭാവനം ചെയ്യാനും, ഏകാഗ്രതയിൽ ശ്രവിക്കാനുമുള്ള, ഓരോരുത്തൻ്റെയും നൈസർഗ്ഗിക കഴിവിനെ നശിപ്പിക്കുന്നുവോ, എന്നു ചിന്തിക്കേണ്ട സമയമായെന്നു തിരിച്ചറിയുന്നവർ നിരവധിയാണിന്ന്. എല്ലാം ത്യജിച്ച് അപരനെ സഹായിച്ച ആ നല്ല സമരിയാക്കാരനെ അഭിനന്ദിച്ച തമ്പുരാൻ തന്നെ, ഇന്നത്തെ ധ്യാവിഷയത്തിൽ ശാന്തമായി തിരുവചനം ശ്രവിക്കുന്ന മറിയത്തെ, വ്യഗ്രചിത്തയായ മർത്തായേക്കാൾ, പ്രശംസ കൊണ്ട് പൊതിയുന്നുണ്ട്. യേശു മർത്തായോടു പറഞ്ഞു, "മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കാണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ, മറിയം ആ നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല." (ലൂക്കാ 10, 41-42) അത്ഭുതങ്ങളും അടയാളങ്ങളുമായി നീങ്ങിയവൻ തന്നെയാണ്, പീലാത്തോസിൻ്റെ കൊട്ടാരത്തിൽ നിശ്ശബ്ദനായതും, പിതാവിൻ്റെ ഹിതം നിർവ്വഹിക്കുന്നതിനായി ശാന്തനായി കുരിശുമായി കാൽവരിയിലേക്കു നീങ്ങിയതും. ഈ നല്ല ഭാഗം തെരഞ്ഞെടുത്തതു കണ്ടാണത്രേ, കുരിശിനഭിമുഖമായി നിന്ന ശതാധിപൻ വിളിച്ചുപറഞ്ഞത്, "ഇവൻ സത്യമായും ദൈവപുത്രനാണെന്ന്." (മാർക്കോ. 15,39) ക്രൈസ്തവ ജീവിതം തീർച്ചയായും ഫലങ്ങൾ പുറപ്പെടുവിക്കാൻ അയക്കപ്പെടുന്ന ജീവിതം തന്നെ. എന്നാൽ, അതിനൊപ്പം അവനോടു ചേർന്നിരിക്കാനും, കൂടെയായിരിക്കുവാനുമുള്ള പ്രഥമവിളി മറക്കാതിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!  

Saturday, October 8, 2016

നീതി പുലരുംവരെ പോരാടുന്നവർക്കായ്.... (മത്താ. 20,1-16)

നീതി പുലരുംവരെ പോരാടുന്നവർക്കായ്.... (വായനഭാഗം - മത്താ. 20,1-16)

മനുഷ്യൻ എക്കാലവും ആഗ്രഹിച്ചതും പോരാടിയതും, നീതിയും സമാധാനവും സന്തോഷവും ജീവിതത്തിൽ അനുഭവിക്കുന്നതിനു വേണ്ടിയാണെന്ന്, എവിടെയോ വായിച്ചത് ഓർമ്മയിൽ വരുന്നു. തിരുവചന പഠനവഴിയിൽ ക്രിസ്തുമൂല്യങ്ങളുടെ കലവറ സുവിശേഷങ്ങളിൽ കണ്ടെത്താൻ ഇടയായപ്പോഴും കേന്ദ്രബിന്ദു മറ്റൊന്നായിരുന്നില്ല. അവിടെ, യേശു മിശിഹായുടെ മലയിലെ പ്രസംഗത്തിൽ (മത്താ. 5) പങ്കുവെക്കപ്പെട്ട അഷ്ഠസൌഭാഗ്യങ്ങളിൽ, ഊന്നിപ്പറയപ്പെട്ട മൂന്ന് പദങ്ങൾ, നീതി, സമാധാനം, ആനന്ദം എന്നിവ തന്നെയാണ്. കുരിശിൻ്റെയും സഹനങ്ങളുടെയും നിഴൽ അവക്കുമേൽ കൂടപ്പിറപ്പായി ഉണ്ടെങ്കിലും, അതു ദൈവരാജ്യ അനുഭവം ആവോളം പകർന്നു തരുന്നുണ്ട്. കാരണം, നീതിയുള്ളിടത്തേ സമാധാനമുള്ളൂ, നീതിയും സമാധാനവും ഉള്ളിടത്തേ ശരിയായ സന്തോഷമുള്ളൂ, എന്നാൽ, ഇവ മൂന്നും ഉള്ളിടത്തേ സ്വർഗ്ഗരാജ്യ അനുഭവമുള്ളൂ. ഇക്കാര്യം വി. പൌലോസ് അപ്പസ്തോലനും റോമാ ലേഖനത്തിൽ സുന്ദരമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, "ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ലാ, പ്രത്യുത, നീതീയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവൻ ദൈത്തിനു സ്വീകാര്യനും മനുഷ്യർക്കു സുസമ്മതനുമാണ്." (റോമ. 14, 17-18)

അപ്പോൾ, നീതിക്കും സമാധാനത്തിനും സന്തോഷത്തിനുമൊക്കെ വേണ്ടി പ്രവർത്തിക്കുന്നവർ, തീർച്ചയായും ദൈവത്തിൻ്റെയും മനുഷ്യരുടെയും മുമ്പിൽ സുസമ്മതരും സ്വീകാര്യരുമാകണമല്ലോ. എന്നാൽ, അനുദിനം നമുക്കു ചുറ്റും കാണുന്നതും കേൾക്കുന്നതും, മറിച്ചുള്ളതിനും ഉറച്ച സാക്ഷ്യം നല്കുന്നുണ്ട്. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ, പലപ്പോഴും അധികാരികളാലും കരുത്താലും അടിച്ചമർത്തപ്പെടുകയോ, തമസ്ക്കരിക്കപ്പെടുകയോ, ഇനിയും ചിലപ്പോൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതായി കാണുന്നു. തൽഫലമായി, സമൂഹത്തിൽ ശരിയായ സന്തോഷം അപ്രത്യക്ഷമാകുകയും, എന്നും അസ്വസ്ഥതകളും അസമാധാനവും നിലനില്ക്കുന്നു, ദൈരാജ്യ അനുഭവം നഷ്ടമാകുന്നു. ഇപ്രകാരമുള്ള പോരാട്ടങ്ങളിലെ, കതിരും പതിരും തിരിച്ചറിയൽ ഏറെ പ്രധാന്യമുള്ളത്, എന്നതും മനസ്സിൽ സൂക്ഷിച്ച് നമുക്ക് ഇന്നത്തെ ധ്യാനവിഷയത്തിലേക്ക് പ്രവേശിക്കാം.

അനീതിക്കെതിരെയുള്ള ഒരുതരം ശബ്ദമുയർത്തലും മുറുമുറുപ്പും നിഷേധവുമൊക്കെ നാമിവിടെയും കാണുന്നുണ്ട്. ക്രിസ്തുവിൻ്റെ അഷ്ഠസൌഭാഗ്യങ്ങളും, നമുക്കു ചുറ്റും നടക്കുന്ന വിവിധ പോരാട്ടങ്ങളും, മനസ്സിൽ സജീവമാക്കി നമുക്കെങ്ങനെ ഈ തിരുവചനം മനസ്സിലാക്കാം, "എൻ്റെ വസ്തുവകകൾ എനിക്കിഷ്ടമുള്ളതുപോലെ ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതു കൊണ്ട് നീ എന്തിനു അസൂയപ്പെടുന്നു?" (മത്താ. 20,15-16) അഹന്തയും ധാർഷ്ട്യവും ഇതിൽ കാണുന്നവരെ പരിചയപ്പെട്ടേക്കാം. പക്ഷേ അതു യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണെന്ന് തിരിച്ചറിയാം. നീതി എന്നു പറയുന്നത് എനിക്കുള്ള അവകാശത്തെ സംബന്ധിച്ചെന്നതുപോലെ അപരൻ്റേതും, എന്നു മനസ്സിലാക്കാതെ പോകുന്നുവോ? ഉടമസ്ഥനുമായുള്ള ഉടമ്പടി പാലിക്കേണ്ടതും സംരക്ഷിക്കേണ്ടതും എൻ്റെ നീതിയുടെ ഭാഗമല്ലേ? ഉടമസ്ഥൻ ഉടമ്പടിനീതിയിൽ നിലനിന്നുകൊണ്ടു തന്നെ, അപരനോടും അല്പം കരുണ കാണിക്കുന്നെങ്കിൽ അതു എന്നോടുള്ള അനീതിയാകുന്നതെങ്ങനെ? ഇന്നും പലപോരാട്ടങ്ങളും, അസൂയയുടെയും സ്വാർത്ഥതയുടെയും, വെറുപ്പിൻ്റെയും കുടിപ്പകയുടെയും ഭാഗമായി മാറുന്നുവോ, എന്നു സംശയിക്കാൻ കാരണങ്ങൾ ഏറിവരുന്നു. ഈ ജീർണ്ണതയെ തിരസ്ക്കരിച്ച് ശരിയായ അഷ്ടസൌഭാഗ്യ വഴിയെ ചരിക്കാം. ജീവിതത്തിൽ സ്വീകരിച്ച ദാനങ്ങളോടുള്ള നന്ദിയും കടപ്പാടും മറക്കുന്നിടത്ത്, സൂക്ഷിക്കാൻ വെറുപ്പും വിദ്വേഷവും അസൂയയും മാത്രമേ ഉണ്ടാകൂ. അതു വഴി സ്വർഗ്ഗരാജ്യ അനുഭവം നഷ്ടമാക്കുകയും ചെയ്തേക്കാം. ദൈവകൃപയ്ക്കായ് പ്രാർത്ഥിക്കാം. അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ!

Friday, October 7, 2016

"അവൻ ആളു മിടുക്കനാ, മൂന്ന് എം. എ ആണ് കഴിഞ്ഞിരിക്കുന്നത്." (ലൂക്കാ 10,17-21)

"അവൻ ആളു മിടുക്കനാ, മൂന്ന് എം. എ ആണ് കഴിഞ്ഞിരിക്കുന്നത്." (വായനഭാഗം - ലൂക്കാ 10,17-21)

ലക്ഷ്യം കൈവരിക്കാനായി, യോഗ്യതകളുടെ മാനദണ്ഡങ്ങൾ തിരക്കി, അതിനാവശ്യമായതെല്ലാം, ഏതുവിധേനയും നേടിയെടുക്കാനും ഒപ്പിച്ചെടുക്കാനും ,നെട്ടോട്ടം ഓടുന്ന തിരക്കിലാണ് ഡിജിറ്റൽ തലമുറയായ ന്യൂജെൻ. കോഴ്സ് സർട്ടിഫിക്കറ്റുകളും, ടൈറ്റിലുകളും ഡെസിഗ്നേഷനുകളും ഇല്ലെന്നു വരികിൽ, ഏതൊരുവൻ്റെയും സ്ഥാനം കളത്തിനു പുറത്തു തന്നെയന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു, അവർ. (രാജ്യസഭയിലോ, ലോകസഭയിലോ, നിയമസഭകളിലോ എത്തിപ്പെടുന്നതിനെ കുറിച്ചല്ല ഈ പറയുന്നത്. അവിടെ ഇപ്പോഴും പത്താം ക്ലാസ്സുപോലുമില്ലാതെ, എല്ലാം "കാര്യക്ഷമമായി" കൈകാര്യം ചെയ്യപ്പെടുന്നുണ്ടല്ലോ) പിന്നെ ആകെ ഒരു ആശ്വാസമുള്ളത്, അത്തരത്തിലുള്ള സർട്ടിഫിക്കറ്റുകളോ മറ്റോ ആവശ്യത്തിനു സ്വന്തമാക്കാൻ, പണമോ സ്വാധീനമോ ഒക്കെ, ധാരാളം മതിയാകുമെന്നുള്ളതാണ്. തലയിലൊന്നും ഇല്ലെന്നുവരികിലും, സമർപ്പിക്കപ്പെട്ട "മെയ്ഡ് ഇൻ കുന്ദംകുളം" സർട്ടിഫിക്കറ്റുകളുടെ ഗാരൻ്റിയിൽ മാത്രം കടന്നു കൂടുന്നവരും കുറവല്ലത്രേ.

മറ്റൊന്ന്, പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലെങ്കിലും ചിലർ, കോയിൻ കളൿഷൻ ചെയ്യുന്നതുപോലെ, വിവിധ കോഴ്സുകൾ ചെയ്തു സർട്ടിഫിക്കറ്റ് കൈക്കലാക്കി, അക്കാര്യം പത്താളുകളോടു പറഞ്ഞു നടന്നു സന്തോഷം കണ്ടെത്തുന്നവരും ഉണ്ട്; ചെറുക്കൻ ട്രിപ്പിൾ എം.എ ആണ്, മോള് ഡബിൾ എം.എ ആണ് എന്ന കണക്ക്. സ്റ്റാറ്റസ് സിമ്പൽ ആയി കോഴ്സുകൾ പൂർത്തിയാക്കുന്നവരും കുറവല്ല. പത്താം ക്ലാസ്സുകഴിഞ്ഞ് ബിസിനസ്സിറങ്ങി പത്തു കാശായപ്പോൾ, പെണ്ണുകെട്ടാൻ നേരം ഭാര്യയുടെ വിദ്യഭ്യാസ യോഗ്യത ഉയർന്നുതന്നെ വേണമെന്നു ചിന്തിക്കുന്നവരുണ്ട്; തനിക്കൊരു മറയായും വീടിനൊരു അലങ്കാരമായും. ലഭ്യമായ മനുഷ്യവിഭവ ശേഷിയെ ശരിക്കും വിലയിരുത്തുന്നവർ പറയുന്നത്, പൂർത്തിയാക്കപ്പെട്ട കോഴ്സുകളുടെ അമ്പതു ശതമാനത്തിലധികം സമൂഹത്തിന് പ്രയോജനകരമാകാതെ പോകുന്നു എന്നതാണ്. കോഴ്സുകൾക്കും സർട്ടിഫിക്കറ്റുകൾക്കും വേണ്ടിയുള്ള പരക്കം പാച്ചിൽ ഒരുവശത്ത്, പലരീതിയിൽ അവയുടെ വില കളയുന്നവർ മറുവശത്തും. ഇന്നത്തെ ധ്യാനവിഷയം, അധികാരത്തിൻ്റെയും ശക്തിയുടെയും ഏതാണ്ട് ഇത്തരത്തിലൊരു ഫലശൂന്യതയെക്കുറിച്ച് പങ്കുവെക്കുന്നത് ശ്രദ്ധിക്കാം.

ദൌത്യ നിർവ്വഹണത്തിനാവശ്യമായ എല്ലാ അധികാരവും ശക്തിയും നല്കിയനുഗ്രഹിച്ചവൻ, അയക്കപ്പെട്ടവരുടെ വിജയകഥകൾ കേട്ടുകൊണ്ടിരിക്കെ അവരെ ഓർമ്മപ്പെടുത്തുകയാണ്, "എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ സന്തോഷിക്കേണ്ട, മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ" (ലൂക്കാ 10,20) എന്ന്. എന്നു പറഞ്ഞാൽ, നല്കപ്പെട്ട അധികാരത്തിൻ്റെയും ശക്തിയുടെയും പുറത്ത് കാട്ടിക്കൂട്ടുന്ന ചില പ്രവർത്തികളുടെ നീണ്ട ലിസ്റ്റല്ല, ഒരുവനെ സ്വർഗ്ഗരാജ്യത്തിന് അർഹനാക്കുന്നതെന്ന്. അതു തിരിച്ചറിയാൻ സാധിക്കാതെ പോയാൽ, ഫരിസേയരോട് ക്രിസ്തു പറഞ്ഞതുപോലെ നമ്മോടും പറയും, "നിങ്ങൾക്കു മുമ്പേ, അനേകം പേർ ദൈവരാജ്യത്തിൽ വിരുന്നിനിരിക്കു"മെന്ന്. ആയതിനാൽ, അധികാരങ്ങൾക്കും ശക്തികൾക്കുമപ്പുറം, "ഈ എളിയവന് നിങ്ങൾ ഇതു ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തതെന്ന്" അരുളിചെയ്തവൻ്റെ വാക്കു പിഞ്ചെന്ന്, അപരനെ കരുതുന്നതിലെയും ശുശ്രൂഷിക്കുന്നതിലെയും സ്വർഗ്ഗീയ ആനന്ദം അനുഭവിക്കാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

Thursday, October 6, 2016

"അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ.." (ലൂക്കാ 21, 7-19)

"അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ.."  (വായനഭാഗം - ലൂക്കാ 21, 7-19)

അന്നു ധ്യാനത്തിൽ പങ്കെടുത്ത് വരുന്ന വഴിയായിരുന്നു ജെന്നിമോൻ. വീട്ടിൽ പോകുന്നതിനു മുമ്പേ, പള്ളിയിൽ കയറിയത്, ധ്യാനത്തിൽ നിന്നു ലഭിച്ച പ്രത്യേക അനുഭവം തീക്ഷ്ണത നഷ്ടപ്പെടാതെ പങ്കുവെക്കുന്നതിനു വേണ്ടിയായിരുന്നു എന്നു തോന്നി. എന്തായാലും, "ആത്മാവിൽ മാന്ദ്യം കൂടാതെ തീക്ഷ്ണതയിൽ ജ്വലിച്ചുകൊണ്ടു" തന്നെയാണ് അവൻ ധ്യാനാനുഭവം പങ്കുവെച്ചത് എന്നതിൽ സംശയമില്ല. പല അനുഭവങ്ങളും പങ്കുവെച്ചതിൽ ഒന്ന്, പക്ഷേ, പ്രത്യേകം ശ്രദ്ധയർഹിക്കുന്നതാണ്. എഴുത്തും വായനയും ഇല്ലാത്ത ഒരു സാധുസ്ത്രീ, മോളിചേച്ചി, അതിശക്തമായി വചനം പ്രഘോഷിക്കുകയും പ്രഘോഷണ വേളയിൽ ഏറെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നുവെന്ന്. യേശുക്രിസ്തുവിൻ്റെ പ്രസംഗം കേട്ട്, "ഇവന് ഈ ജ്ഞാനമെല്ലാം എവിടെ നിന്ന് കിട്ടി" എന്ന് ആശ്ചര്യപ്പെട്ടതുപോലെ, ഇവരുടെ പ്രസംഗം കേട്ടവരും അത്ഭുതത്തോടെ പറഞ്ഞത്രേ, "അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ."

ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നുണ്ട്, "ദൈവത്തിൻ്റെ വചനം സജീവവും ഊർജ്ജസ്വലവുമാണ്. ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്." (ഹെബ്രാ. 4,12) ദൈവത്തിൻ്റെ ശക്തമായ ഈ വചനം പ്രഘോഷിക്കാൻ ദൈവം തെരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്തിരിക്കുന്നു, നമ്മെ ഓരോരുത്തരെയും. സംസാരത്തിലെ തടസ്സങ്ങളെയും പോരായ്മകളെയും കുറിച്ച് വ്യാകുലപ്പെട്ട് പിന്തിരിയാനോ, പ്രായക്കുറവിനെയോർത്ത് ആശങ്കപ്പെട്ട് പിന്മാറാനോ അല്ല, മറിച്ച്, മോശയെയും ജെറമിയായെയും ശക്തിപ്പെടുത്തിയവനിൽ ആശ്രയിച്ച്, അവിടുന്ന് നിയോഗിക്കുന്ന ഇടങ്ങളിൽ അവിടുത്തെ വചനം പ്രഘോഷിക്കാൻ. ഇത്തരത്തിലുള്ള ഒരു നിയോഗവും ശക്തിപ്പെടുത്തലും വെളിപ്പെടുത്തുന്നതാണ്, ഇന്നത്തെ ധ്യാനവിഷയവും.

തിരുവചനത്തിൽ നാം വായിക്കുന്നു, "നിങ്ങളുടെ എതിരാളിലാർക്കും ചെറുത്തു നില്ക്കാനോ, എതിർക്കാനോ കഴിയാത്ത, വാൿചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നല്കും." (ലൂക്കാ 21, 15) ഇത് കർത്താവിൻ്റെ പ്രവർത്തിയാണ്, നമ്മുടെ ആരുടെയും മേന്മയല്ലാ. മോശയെയും ജെറമിയായെയും ശക്തിപ്പെടുത്തിയ തമ്പുരാൻ തന്നെയാണ്, നമ്മുടെ ഈ കാലഘട്ടത്തിൽ, എഴുത്തും വായനയും ഇല്ലാത്ത സഹോദരി മോളിയെ ശക്തിപ്പെടുത്തുന്നതും. ദൈവം എന്നെ ഈ പ്രത്യേകശുശ്രൂഷക്ക് തെരഞ്ഞെടുത്തിട്ടുണ്ടോ? തീർച്ചയായും. വചനം പ്രഘോഷിക്കാനുള്ള ദൌത്യവും തെരഞ്ഞെടുപ്പും നമുക്കേവർക്കുമുണ്ട്. ആയിരിക്കുന്ന സാഹചര്യങ്ങൾക്കും നിയോഗങ്ങൾക്കുമനുസരിച്ച് പ്രഘോഷണ മേഖലകളും രീതികളും വ്യത്യാസപ്പെടാം, എങ്കിലും ദൌത്യം ഒന്നു തന്നെ. എഴുതാൻ താല്പര്യമുള്ളവനും, വരയ്ക്കാൻ കഴിവുള്ളവനും, കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവനും, ഒക്കെത്തന്നെ വചനശുശ്രൂഷയുടെ വിവിധ രീതികളിലേക്കും മേഖലകളിലേക്കും വിളിക്കപ്പെട്ടവർ തന്നെ. കർത്താവിൻ്റെ വിളിക്ക്, സാമുവേലിനെപ്പോലെ, "കർത്താവേ അരുൾചെയ്താലും ദാസനിതാ/ദാസിയിതാ ശ്രവിക്കുന്നു"വെന്ന് പറഞ്ഞ് നമ്മെത്തന്നെ സമർപ്പിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Wednesday, October 5, 2016

"തൃശ്ശൂർ ടൌണിലേക്കിറങ്ങിയാൽ, "പത്മശ്രീ"ന്ന് ആരെങ്കിലും വിളിക്കിണ്ടോ എന്നൊരു തോന്നൽ..." (യോഹ. 5, 39-47)

"തൃശ്ശൂർ ടൌണിലേക്കിറങ്ങിയാൽ, "പത്മശ്രീ"ന്ന് ആരെങ്കിലും വിളിക്കിണ്ടോ എന്നൊരു തോന്നൽ..." (യോഹ. 5, 39-47)


മനുഷ്യബന്ധങ്ങളിലെ, പരസ്പരമുള്ള അംഗീകാരവും അഭിനന്ദനവും പ്രോത്സാഹനവുമൊക്കെ, സമൂഹജീവിതത്തിൻ്റെ ശരിയായ നിലനില്പിനെയും സമഗ്രമായ വളർച്ചയെയും, ഒത്തിരിയേറെ സ്വാധീനിക്കുന്നുണ്ടെന്നതു പറയാതെ വയ്യ. നേതൃത്വ/വ്യക്തിത്വ വികസന പരിശീലകരായാലും ബിസിനസ്സ് മാനേജ്മെൻ്റ് ഗുരുക്കളായാലും, ഏറ്റവും കൂടുതൽ ഊന്നിപ്പറയുകയും ചർച്ചചെയ്യുകയും ചെയ്യുന്ന, പദങ്ങളും ആശയങ്ങളും ഇവയൊക്കത്തന്നെയാണ്. റിസപ്ഷനിസ്റ്റുകളും സി.ഇ.ഓ മാരും മാനേജർമാരും മറ്റുമൊക്കെ അതീവ ഹൃദ്യതയോടെ അവ പകർന്നുകൊടുക്കാൻ പരിശീലിപ്പിക്കപ്പെടുന്നു. ഏതുഭാഷാപഠനത്തിലെ ബാലപാഠത്തോടും ഇഴചേർന്നു കിടക്കുന്ന ഒന്ന്, മനുഷ്യബന്ധങ്ങളിലും വിവിധ സാഹചര്യങ്ങളും, മാന്യതയോടും ഭവ്യതയോടുംകൂടെ എപ്രകാരം ഇടപെടണം, പെരുമാറണം എന്ന രീതികളെക്കുറിച്ചുള്ള ശൈലികളുടെയും പ്രയോഗങ്ങളുടെയും പരിചയപ്പെടുത്തലുകളാണ്. അതുവഴി ഓരോ ബന്ധവും പരസ്പര അംഗീകാരത്തിലും ആദരവിലും പുഷ്പിക്കാനും വളരാനും ആരംഭിക്കുന്നു.

അപരനെ ആദരിക്കുകയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവഴി, അവനിലെ കഴിവുകളെ അതിൻ്റെ പൂർണ്ണതയിലെത്താൻ സഹായിക്കുന്നതോടൊപ്പം, അവനവനിലെ കഴിവുകളെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഇവയുടെ കുറവുള്ളിടത്ത് ബന്ധങ്ങൾ തളരുന്നു, വളർച്ച മുരടിക്കുന്നു. ഈ പ്രോത്സാഹനത്തിനും മറുപുറമുണ്ടെന്നത് വാസ്തവമാണുതാനും. സമൂഹത്തിൻ്റെ അംഗീകാരത്തിനു വേണ്ടി, എല്ലാം ചിലവഴിച്ചുള്ള നെട്ടോട്ടത്തിൻ്റെ കഥ, "അരിപ്രാഞ്ചി"യിലൂടെ (ശ്രീ രഞ്ജിത്തിൻ്റെ "പ്രാഞ്ചിയേട്ടൻ ഏൻ്റ്  ദി സെയ്ൻ്റ് "എന്ന സിനിമയിലെ കഥാപാത്രം) മലയാളി മനസ്സ് വ്യക്തമായി അറിഞ്ഞിട്ടുള്ളതാണ്. അരിപ്രാഞ്ചിയിൽ വി. ഫ്രാൻസീസ് അസ്സീസി പുണ്യവാളൻ്റെ സുകൃതം നനുത്ത മഴകണക്കെ കിനിഞ്ഞിറങ്ങിയപ്പോൾ, മനുഷ്യമഹത്വം അന്വേഷിക്കുന്നതു നിർത്തി, ദൈവമഹത്വത്തിനായി തന്നെത്തന്നെ സമർപ്പിക്കുന്നത് സിനിമയിൽ സുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സന്ദേശത്തിലേക്ക് ഇന്നത്തെ ധ്യാനവിഷയവും നമ്മെ ക്ഷണിക്കുന്നുണ്ട്.

തിരുവചനത്തിൽ നാം വായിക്കുന്നു, "പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?" (യോഹ. 5,44) അതേ, വിശ്വാസവഴിയിൽ ദൈവമഹത്വം മറന്നുള്ള പ്രവർത്തികളും പരിശ്രമങ്ങളും തീർത്തും വൃഥാവിലാണെന്ന്. ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ, ഗുരു ആദ്യം അവരെ ഓർമ്മപ്പെടുത്തിയത് ദൈവനാമം മഹത്വപ്പെടുന്നതിനെപ്പറ്റിയാണ്. മുഴുവനും അപ്പോൾ തന്നെ മനസ്സിലായില്ലെങ്കിലും, പിന്നീട് തിരിച്ചറിഞ്ഞു, ആ പ്രാർത്ഥന തങ്ങളുടെ ഗുരുവിൻ്റെ ജീവിത സാരസംഗ്രഹമായിരുന്നെന്ന്. അന്ത്യത്താഴവേളയിലെ പ്രഭാഷണത്തിനു ശേഷമുള്ള യേശുവിൻ്റെ പുരോഹിത പ്രാർത്ഥനയിൽ അവിടുന്ന് പറയുന്നുണ്ട്, "അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ ഞാൻ അവിടുത്തെ മഹത്വപ്പെടുത്തിയെന്ന്." യോഹ. 17,4) എനിക്കു ജീവിതം ക്രിസ്തു എന്ന് ഏറ്റുപറഞ്ഞ വി. പൌലോസ് അപ്പസ്തോലൻ നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ അവയെല്ലാം ദൈവമഹത്വത്തിനായ് ചെയ്യുവിനെന്ന്." (1 കൊറീ 10,31) ആയതിനാൽ, മനുഷ്യമഹത്വത്തിനപ്പുറം ദൈവമഹത്വം ലക്ഷ്യമാക്കിയുള്ള ജീവിതത്തിന് ഞങ്ങളെ അർഹരാക്കണേയെന്ന് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Tuesday, October 4, 2016

സുഹൃദ് വലയം വിലയിരുത്തപ്പെടുമ്പോൾ... (ലൂക്കാ 20, 20-26)

സുഹൃദ് വലയം വിലയിരുത്തപ്പെടുമ്പോൾ... (വായനഭാഗം - ലൂക്കാ 20, 20-26)

ചരിത്രത്തിൻ്റെ പഴയ താളുകളിൽ, സാമ്രാജ്യങ്ങളും നാട്ടുരാജ്യങ്ങളും അടക്കിവാണ, അതിശക്തന്മാരായ ചക്രവർത്തിമാരെയും, രാജാക്കളെയും പ്രഭുക്കന്മാരയും അനുസ്മരിക്കുമ്പോൾ, ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം അവരിൽ പലരും രാജ്യഭാരം ഏൽക്കേണ്ടിവന്നത്, വളരെ ചെറുപ്രായത്തിലായിരുന്നു എന്നതാണ്. അപ്രകാരം ഭരണഭാരം ഏറ്റെടുത്തവർ നാടുഭരിച്ചിരുന്നത്, രാജഭക്തരും അതിവിശ്വസ്ഥരുമായ, ജ്ഞാനികളും ഭരണാധികാരികളും സേനാനായകന്മാരും അടങ്ങുന്ന നല്ല സുഹൃദ് വലയം വഴിയാണ്. കേവലം മുപ്പത്തിമൂന്നാം വയസ്സിൽ, ലോകം മുഴുവൻ തൻ്റെ കാൽക്കീഴിൽ കൊണ്ടുവന്ന്, ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞ, മഹാനായ അലക്സണ്ടർ ചക്രവർത്തി, ഭരണഭാരമേറ്റെടുത്തത് വെറും പന്ത്രണ്ടാം വയസ്സിൽ. ഭാരതചരിത്രത്തിലെ ചിരസ്മരണാർഹനായ, മഹാനായ അക്ബർ ചക്രവർത്തി തൽസ്ഥാനം ഏറ്റെടുത്തതോ, പതിമൂന്നാം വയസ്സിലും. ഇത്തരത്തിൽ, ശൈശവത്തിലും ബാല്യത്തിലും കൌമാരത്തിലുമൊക്കെ രാജ്യഭാരങ്ങൾ ഏറ്റെടുത്തവർ, ലോകചരിത്രത്തിലും ഭാരതചരിത്രത്തിലും, ഇനിയുമേറെയാണ്.

ഈ സുഹൃദ് വലയത്തിൻ്റെ മേന്മയും നിലവാരവും, രാജ്യഭരണത്തെയും അതിൻ്റെ സുസ്ഥിതിയെയും ഏറെ സ്വാധീനിച്ചിരുന്നു, എന്ന് പറയേണ്ടതില്ലല്ലോ. ഇസ്രായേലിൻ്റെ രാജഭരണ ചരിത്രത്തിൽ സംഭവിച്ച വലിയൊരു പിഴവ്, ഈ സുഹൃദ് വലയംവഴി വന്ന പാളിച്ചയായിരുന്നുവെന്ന്, തിരുവചനത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സോളമനുശേഷം ഇസ്രായേൽ രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നതിന് നിമിത്തമായത്, തെറ്റായ സുഹൃദ് വലയത്തിൽ നിന്നു വന്ന ഉപദേശത്തെ, റഹോബോവാം രാജാവ് പിന്തുർന്നതാണെന്ന്, രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നു (1 രാജാ 12, 1-20) അറിവും അനുഭവസമ്പത്തും ഉണ്ടായിരുന്ന, മുതിർന്നവരുടെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കിൽ എന്ന്, റഹോബോവാം രാജാവ് പിന്നീട് പരിതപിച്ചിട്ടുണ്ടാകാം. ശരിയായ സുഹൃത്തുക്കളെ ലഭിക്കുക, കണ്ടെത്തുക എന്നു പറയുന്നത് ദൈവാനുഗ്രഹം തന്നെയാണ്. രാജഭരണത്തിനിപ്പിറവും അധികാരങ്ങളുടെ ഇടനാഴിയിലുള്ള സുഹൃദ് വലയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കിൽ സംഭവിക്കുന്നത് മറിച്ചാകാനിടയില്ല. ഇത്തരമൊരു ചിന്തയിലേക്ക് ഇന്നത്തെ ധ്യാനവിഷയവും നമ്മെ ക്ഷണിക്കുന്നുണ്ട്.

തിരുവചനത്തിൽ നാം വായിക്കുന്നു, "അതിനാൽ അവർ, നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാരെ അയച്ച്, അവനെ ദേശാധിപതികളുടെ അധികാരത്തിനും വിധിക്കും ഏല്പ്പിച്ചുകൊടുക്കത്തക്കവിധം, അവൻ്റെ വാക്കിൽ നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാൻ, അവസരം കാത്തിരുന്നു." (ലൂക്കാ 20,20) ചോദ്യങ്ങൾക്കുത്തരം തേടുകയായിരുന്നില്ല, നീതീമാന്മാരെന്നു ഭാവിച്ച അവർ, പകരം ഉത്തരങ്ങളിലൂടെ യേശുവിനെ കെണിയിൽ വീഴ്ത്താൻ, തക്കം പാർത്തിരിക്കുകയായിരുന്നു. മുഖസ്തുതികളാൽ വാനോളം പുകഴ്ത്തുന്ന ഗുരുഭക്തർ (വാ. 21), ഗുരുവിൻ്റെ രാജഭക്തിയെ പരീക്ഷിക്കുമോ? (വാ. 22) അപ്പോൾ മനസ്സിൽ എവിടെയോ, ഗുരുഭക്തിയേക്കാൾ രാജഭക്തി മറഞ്ഞിരിപ്പുണ്ടെന്നു കാണാം. "ചോറ് ഇവിടെയും, കൂറ് അപ്പുറത്തു"മായി കഴിയുന്നവർ. ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയാതെ പോയാൽ, വിഭജനവും അശാന്തിയും, കുടുബങ്ങളിലും സമൂഹങ്ങളിലും, പ്രസ്ഥാനങ്ങളിലും രാജ്യങ്ങളിലും, ഒഴിയാബാധയായി ഇന്നും തുടരാം. ദൈവാത്മാവ് നമ്മെ ഏവരെയും വഴി നടത്തട്ടെ!

Monday, October 3, 2016

"സ്വപ്നങ്ങളൊക്കേയും പങ്കുവെക്കാം, ഇനി ദുഃഖഭാരങ്ങളും...." (മത്താ. 11, 25-30)

"സ്വപ്നങ്ങളൊക്കേയും പങ്കുവെക്കാം, ഇനി ദുഃഖഭാരങ്ങളും...." (വായനഭാഗം - മത്താ. 11, 25-30)

സന്തോഷം പങ്കുവെക്കപ്പെടുമ്പോൾ ഇരട്ടിക്കുകയും, എന്നാൽ ദുഃഖം പങ്കുവെക്കപ്പെടുമ്പോൾ പാതിയോളം കുറയുകയും ചെയ്യുന്നുവെന്ന് പറയാറുണ്ട്. സഹനത്തിലൂടെയും വേദനയിലൂടെയും കടന്നുപോകുന്നവന്, അപരൻ്റെ വേദന എളുപ്പം മനസ്സിലാക്കാമെന്നതും അനുഭവവേദ്യമാണല്ലോ. അതുകൊണ്ടുതന്നെ, ധനവാന്, ദരിദ്രൻ്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കാൻ സാധിക്കുന്നതിനേക്കാൾ എളുപ്പത്തിൽ, ദരിദ്രന് മറ്റൊരു ദരിദ്രനെ   മനസ്സിലാക്കാനും സഹായിക്കാനും സാധിക്കുന്നു. സമ്പത്ത്, ഒരുവനെ തന്നിൽത്തന്നെ ആശ്രയിക്കാൻ പ്രേരിപ്പിക്കുമ്പോൾ, ദാരിദ്ര്യം, അപരനിൽ ആശ്രയിക്കാൻ പഠിപ്പിക്കുന്നു. ഈ ആശ്രയബോധം, കൂട്ടായ്മയിൽ കഴിയാനും പരസ്പരം മനസ്സിലാക്കാനും സഹായിക്കാനും കാരണമാകുന്നു. നഗരജീവിതത്തേക്കാൾ ഒരുമയും ശാന്തിയും ഗ്രാമജീവിതത്തിൽ അനുഭവിക്കുന്നതിൻ്റെ കാരണവും മറ്റൊന്നല്ല തന്നെ.

പൊതുജന പങ്കാളിത്തവും സഹകരണവും ആവശ്യപ്പെടുന്ന, ഏതൊന്നിൻ്റെ മുന്നിലും ഇത്തരം സാധാരണക്കാർ ആദ്യം നിരക്കുന്നതിൻ്റെ കാരണവും വേറൊന്നാകാൻ തരമില്ല. ഇടവകയിലെ ശ്രമദാനപ്രവർത്തനങ്ങളിലും മറ്റും ഇതു പ്രകടമാണുതാനും. വിവാഹവീടായാലും മരണവീടായലും ആദ്യം ഓടിയെത്തുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം അവരിലെ പരസ്പര ആശ്രയബോധമല്ലാതെ മറ്റൊന്നുമല്ല. പുൽക്കൂട്ടിൽ പിറന്നവനെ തിരിച്ചറിയാൻ ഇടയന്മാർക്കായതും, രക്ഷകനെ തിരിച്ചറിയാൻ ജറൂസലെമിലുള്ളവരേക്കാൾ ഗലീലിയിലെ മുക്കുവർക്കായതും ഇക്കാരണത്താൽ തന്നെ. ഭാരമുള്ള കുരിശെടുത്ത് കാൽവരിയിലേക്കു നീങ്ങിയ യേശുമിശിഹാ, കുരിശുമായി തനിക്കു പുറകെ വരുവാൻ നമ്മെ ക്ഷണിക്കുമ്പോഴും ഈ കനിവും കാരുണ്യവും പകരുന്നുണ്ടെന്നു ഇന്നത്തെ ധ്യാനവിഷയം നമ്മെ തീർത്തും ഓർമ്മപ്പെടുത്തുന്നു.

തിരുവചനത്തിൽ നാം വായിക്കുന്നു, "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എൻ്റെ നുകം വഹിക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എൻ്റെ നുകം വഹിക്കാനാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്താ. 11, 28-30) ഹെബ്രായ ലേഖനകർത്താവും ഇക്കാര്യം സ്ഥിരീകരിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്, "നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ലാ നമുക്കുള്ളത്, പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെത്തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ." (ഹെബ്ര. 4,15) അതിനാൽ, കുരിശിൽ നിന്നും സഹനങ്ങളിൽ നിന്നും ഓടിയൊളിക്കാനല്ലാ, പകരം നമുക്കായ് കുരിശേറി, നമ്മുടെ കുരിശിൻ്റെ ഭാരം കുറച്ചവനോട് ചേർന്ന്, അനുദിന കുരിശുമായി ക്രിസ്തീയ കൂട്ടായ്മയിൽ നീങ്ങുവാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Sunday, October 2, 2016

"വിശ്വാസം, അതല്ലേ എല്ലാം!" (മർക്കോ. 6,18-29)

"വിശ്വാസം, അതല്ലേ എല്ലാം!" (വായനഭാഗം - മർക്കോ. 6,18-29)

കേരളത്തിലെ ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തൻ്റെ സ്വർണ്ണക്കടയുടെ പരസ്യവാചകമായി നല്കിയത്, "വിശ്വാസം, അതല്ലേ എല്ലാം!" എന്നാണ്. കാതോടു കാതോരവും, സ്റ്റേജുകളോടു സ്റ്റേജുകളും, തിയ്യറ്ററുകളോടു തിയ്യറ്ററുകളും ആവേശപൂർവ്വം അതേറ്റെടുത്തു, പരസ്യവാചകം വൻഹിറ്റായി; പലയർത്ഥത്തിലും ഭാവത്തിലും രീതികളിലും. കൈവിട്ടതും നഷ്ടപ്പെട്ടതുമായ വിശ്വാസവും വിശ്വസ്ഥതയും, എല്ലാ ബന്ധങ്ങളിലേക്കും തിരിച്ചുവന്നിരുന്നെങ്കിൽ എന്ന, ഓരോരുത്തൻ്റെയും ഉള്ളിൻ്റെ ഉള്ളിലെ ആഗ്രഹത്തെ, വിളിച്ചോതുന്നതും കൂടിയായി മാറിയത്രേ, അതിലെ ധ്വനി. കാരണം, ആരും ആരെയും വിശ്വസിക്കാത്ത അവസ്ഥ ബന്ധങ്ങൾക്കിടയിൽ ഇന്ന് സംജാതമായിരിക്കുന്നു. പരസ്യങ്ങളില്ലാതെ ശുദ്ധ വ്യാപാരത്താൽ മാത്രം, ജനഹൃദങ്ങളെ കീഴടക്കി വിജയം കൊയ്തിരുന്ന തലമുറക്കിന്ന് വംശനാശം സംഭവിക്കുന്നു. ആയതിനാൽ, "എങ്ങനെയും" ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്തേ പറ്റൂ എന്ന നിലയിൽ കാര്യങ്ങൾ ക്രമീകരിക്കപ്പെടുന്നു.

ചില വ്യക്തികളെയും വ്യക്തിബന്ധങ്ങളെയും നാം ആത്മാർത്ഥമായി വിശ്വസിക്കുകയും അവരിൽ പ്രത്യാശയർപ്പിക്കുകയും ചെയ്യുന്നു. അതിനാലാണല്ലോ, "അദ്ദേഹം പറഞ്ഞിട്ടുട്ടെങ്കിൽ ധൈര്യമായി പോകൂ, അതു നടന്നിരിക്കും" എന്ന് ചിലരെകുറിച്ചെങ്കിലും, അഭിമാനപൂർവ്വം ഇന്നും സംസാരിക്കുന്നത്. എന്നാൽ, മറിച്ചും ചിലതു സംഭവിക്കുന്നത് നമുക്കു പരിചിതമായിരിക്കാം. ജനങ്ങൾക്കുമുമ്പിൽ ആളാകാൻ വാഗ്ദാനങ്ങൾ നല്കുകയും ജനശ്രദ്ധ നേടുകയും, ശേഷം അവ തീർത്തും ബോധപൂർവ്വം മറക്കുകയോ, തിരുത്തി പറയുകയോ ചെയ്യുന്നവർ. ഏതായാലും ഡിജിറ്റൽ യുഗത്തോടുകൂടി തിരുത്തിപ്പറയൽ അത്ര എളുപ്പമല്ലാതായിട്ടുണ്ട്. ഇനിയും ചിലരുണ്ട്, ജനങ്ങൾക്കുമുമ്പിൽ വാഗ്ദാനം ചെയ്യുകയും എന്നാൽ നിറവേറ്റാൻ പാടുപെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നവർ. ശപഥങ്ങളും വാഗ്ദാനങ്ങളും നിറവേറ്റപ്പെടേണ്ടതു തന്നെ. പക്ഷെ, അക്കാര്യത്തിൽ അവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്കു ഇന്നത്തെ ധ്യാനവിഷയം നമ്മെ ക്ഷണിക്കുന്നു.

ഹേറോദേസ് രാജാവിൻ്റെ ജന്മദിനത്തിൽ നടക്കുന്ന ഒരു പകവീട്ടലാണ് ഉള്ളടക്കം. അമ്മയായ ഹേറോദിയ, സുന്ദരിയായ മകളെയും ദുരഭിമാനിയായ ഹേറോദേസിനെയും അതിനായി കരുവാക്കി, സ്നാപകയോഹന്നാൻ്റെ ശിരസ്സ് ഛേദിച്ച് പകപോക്കുന്നു. തിരുവചനത്തിൽ നാം വായിക്കുന്നു, "രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തൻ്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനുതോന്നിയില്ല." (മർക്കോ. 6,26) എത്ര മാന്യൻ, അതിഥികളുടെ മുമ്പിൽ നടത്തിയ ശപഥം നിറവേറ്റി വാക്കുപാലിക്കുന്ന ഹേറോദേസ്! മനുഷ്യരുടെ മുമ്പാകെയുള്ള ശപഥം നിറവേറ്റിയവൻ പക്ഷേ, ദൈവത്തിൻ്റെ മുമ്പാകെയുള്ള ശപഥം നിറവേറ്റാൻ മറന്നതറിഞ്ഞില്ല. സഹോരൻ്റെ കാവൽക്കാരനാകാനും ദൈവകല്പനകൾ അതിൻ്റെ പൂർണ്ണതയിൽ നിറവേറ്റാനുമുള്ള കടമ ഒറ്റപ്രവർത്തിയാൽ കാറ്റിൽ പറത്തി, തൻ്റെ സിംഹാസനം പരിരക്ഷിച്ചു! ക്രൈസ്തവൻ്റെ ശൈലി വി. പത്രോസ് വ്യക്തമാക്കിയിട്ടുണ്ട്, "മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്." (നട. 5,29) ഇതിലേക്കാണ് നമ്മുടെ വിളിയെന്ന്, വി. പൊലോസും ഓർമ്മപ്പെടുത്തുന്നു, "വിശ്വാസത്തിൻ്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ." (1 തിമ. 6,12) തമ്പുരാൻ്റെ മുമ്പാകെയുള്ള പ്രഥമ ശപഥങ്ങൾക്കു എതിരാകാതിരിക്കട്ടെ, മനുഷ്യരുടെ മുമ്പാകെയുള്ള ശപഥങ്ങളൊന്നും തന്നെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Saturday, October 1, 2016

അവനെ തൊട്ടാൽ വിവരം അറിയും... (മത്താ. 18, 10-14)

അവനെ തൊട്ടാൽ വിവരം അറിയും... (മത്താ. 18, 10-14)

സാമൂഹ്യപാഠങ്ങളിലും മറ്റും, ഇന്നും ഏറെ ഉപയോഗിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പദമാണ് അതിജീവനം. അതു പകർന്നു തരുന്ന വികാരങ്ങളും വിചാരങ്ങളും നിരവധിയാണ്. അതിൽ കാരിരുമ്പിൻ്റെ ശക്തിയും, വിപ്ലവവീര്യവും, ആത്മാഭിമാന ബോധവും ഒക്കെ ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, അതിജീവനത്തിൻ്റെ ചേരുവയിൽ, ചിലരെങ്കിലും "കയ്യൂക്കുള്ളവൻ കാര്യക്കാരൻ" എന്ന പ്രമാണവും, ഉശിരോടെ ചേർത്തു വെക്കുന്നു. പ്രസ്തുത വാദത്തെ ശരിവെക്കും കണക്ക്, പ്രകൃതിയിലെ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും, വംശവർദ്ധനവും നിലനില്പുമൊക്കെ, സ്ഥിതിവിവരങ്ങൾ നിരത്തി ഉദ്ധരിച്ചുകാണാറുമുണ്ട്. ഒരുപക്ഷെ, ആ കണക്കുകളൊന്നും ഖണ്ഡിക്കുന്നതല്ല, എൻ്റെയും നിങ്ങളുടെയും അനുഭവങ്ങളും. എന്തിനേറെ, പ്രകൃതിയിൽ നിന്ന് മനുഷ്യജീവിതത്തിലേക്ക് തിരിഞ്ഞാലും സ്ഥിതി മറിച്ചല്ലതാനും.

സ്ക്കൂൾ കാലഘട്ടത്തിലേക്ക് മനസ്സ് പായുകയും, അവിടെയൊക്കെ നടന്ന ജീവനത്തിൻ്റെയും അതിജീവനത്തിൻ്റെയും നാളുകളും ശൈലികളും ഓർക്കുമ്പോൾ, മനസ്സ് തീർത്തും സമാനമായ ചിന്തകളാൽ നിറയാതിരിക്കില്ല. സഹപാഠികൾ തമ്മിലും മറ്റു ക്ലാസ്സുകളുമായുള്ള ബന്ധങ്ങളുമൊക്കെ അതിജീവനത്തിൻ്റെ (ദുർ)ഗന്ധം പേറിയിരുന്നതു പോലെ ഉള്ള ഒരു തോന്നൽ ബാക്കി നില്ക്കുന്നു. വളർന്നു വലുതായപ്പോൾ, പത്രമാധ്യമങ്ങളും പുതുതലമുറയുമായുള്ള സംവാദങ്ങളും മറ്റും "കുടിപ്പക," "ക്വട്ടേഷൻ" തുടങ്ങിയ പുതിയ പദങ്ങളും ആവോളം പരിചയപ്പെടുത്തി തന്നു. ഇന്ന് കച്ചവടങ്ങളുടെയും ബന്ധങ്ങളുയെടുമൊക്കെ അതിജീവനം, അധികാരത്തിൻ്റെയും പണത്തിൻ്റെയും ശക്തിയുടെയും നിർലോഭമായ "സ്പോൺസർഷിപ്പിൽ" ആണെന്നും കേൾക്കുന്നു. "ആ കരുത്തൻ്റെ മേൽ ഇത്തവണ കൈവിലങ്ങു വീഴു"മെന്ന് കേൾക്കുമ്പൊഴേ, ചായക്കട വർത്തമാനത്തിൽപോലും, "അവനെ തൊട്ടാൽ വിവരം അറിയും" എന്ന കണക്കു കമൻ്റ് ചാടിവീഴുന്നത് പരിചിതമാണല്ലോ.

ഇന്നത്തെ ധ്യാനവിഷയത്തിലും, ഇത്തരത്തിൽ സംരക്ഷണം നല്കുന്ന ഒരു തമ്പുരാനെ കുറിച്ച് വിവരിക്കുന്നുണ്ട്, നല്ലിടയനായ യേശുവിനെ കുറിച്ച്. ഒരു ചെറിയ വ്യത്യാസം സംരക്ഷണ വ്യവസ്ഥയിലുണ്ടെന്നു മാത്രം; നീതിമാന്മാരെന്നു സ്വയം കരുതുന്നവർക്കല്ലത്, പകരം വഴിതെറ്റിപോയവർക്കും, കൂട്ടം തെറ്റി കൂട്ടായ്മ നഷ്ടപ്പെട്ടവർക്കുമുള്ളതാണ്. യേശു തമ്പുരാൻ പറയുന്നു, "ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകാൻ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ലാ" (മത്താ. 18, 14) യെന്ന്. കരുണയെന്നത്, കരുത്തിൻ്റെയും ഭൂരിപക്ഷത്തിൻ്റെയും പുറകിൽ ചമയങ്ങളണിഞ്ഞു നീങ്ങുന്നതല്ല, മറിച്ച്, മറ്റുള്ളവരാൽ ആക്രമിക്കപ്പെട്ടും ചൂഷണം ചെയ്യപ്പെട്ടും ജീവിത വഴിയിൽ മൃതപ്രായനായവനോടും, പലകാരങ്ങളാൽ കൂട്ടം തെറ്റി പോയതിൻ്റെ നൊമ്പരവും ഭീതിയും പേറുന്നവനോടും, പാരമ്പര്യത്തിൻ്റെ നൂലാമാലകളിൽ പ്പെട്ട് നട്ടംതിരിഞ്ഞ് ഒറ്റപ്പെട്ടവനോടും, പക്ഷം ചേരുന്നതും അവനെ തേടി കണ്ടെത്തി സഹായിക്കുന്നതുമാണ്. ഈ കാരുണ്യ വർഷത്തിൽ, മുറിവുള്ളതിനെ വച്ചുകെട്ടുകയും ബലഹീനമായതിനെ ശക്തിപ്പെടുത്തുകയും തോളിലേറ്റി കൂട്ടിലെത്തിക്കുകയും ചെയ്യുന്ന നല്ലിടയൻ്റെ ധർമ്മം, നമുക്കു ചുറ്റുമുള്ള സമൂഹത്തിൽ, തുടരാനും പൂർത്തിയാക്കാനും, എന്നെയും ഉപകരണമാക്കണേയെന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!