"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, April 25, 2017

സ്നേഹത്താൽ പ്രവർത്തന നിരതമായ വിശ്വാസം...

"യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പരിച്ഛേദനമോ, അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തന നിരതമായ വിശ്വാസമാണ് സുപ്രധാനം." (ഗലാ. 5,6)

(ഇന്നത്തെ വായനഭാഗം - ഗലാ. 5,1-6)

പാവങ്ങളുടെ/അഗതികളുടെ പിതാവെന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാർ ജോസഫ് കുണ്ടുകുളത്തിൻ്റെ ഇരുപതാം ചരമദിനമാണിന്ന്. ആ പുണ്യാത്മാവിനെ ഏറെ നന്ദിയോടെ അനുസ്മരിക്കുമ്പോൾ, പതിവിൽ നിന്ന് വിപരീതമായി, അദ്ദേഹത്തിൻ്റെ ജീവിതത്തെയും വ്യക്തിത്വത്തെയും ആഴത്തിൽ പകർന്നു തരുന്ന, ഇന്നത്തെ രണ്ടാം വായനയായ വി. പൌലോസ് അപ്പസ്തോലൻ്റെ ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ നിന്നുള്ള വായനയാണ് ധ്യാനവിഷയമായി എടുത്തിരിക്കുന്നത്. നല്ല യുദ്ധം ചെയ്തും നല്ല ഓട്ടം ഓടിയും വിശ്വാസം കാത്ത (2 തിമോ. 4,7) ആ ധന്യജീവിതം എന്നും സ്നേഹത്താൽ പ്രവർത്തന നിരതമായിരുന്നല്ലോ. വന്ദ്യപിതാവിൻ്റെ ഓരോ വരിയും വാക്കും, ജാതിമത വിവേചനയില്ലാതെ, പാവപ്പെട്ടവൻ്റെയും ആരോരുമില്ലാത്തവൻ്റെയും, ഉന്നമനത്തിനു വേണ്ടിയുള്ള നിലയ്ക്കാത്ത ആഹ്വാനങ്ങളും ഗർജ്ജനങ്ങളുമായിരുന്നു. വാക്കിലും എഴുത്തിലും സാധാരണക്കാരൻ്റെ ഭാഷയുടെ തേന്മാരി പെയ്തപ്പോൾ, ഓടിക്കൂടിയതും കാത്തിരുന്നതും ജനസഹസ്രങ്ങളായിരുന്നു.

പതിഞ്ഞ സ്വരത്തിൽ, സ്വതസിദ്ധ ശൈലിയിലെ രണ്ടു ചുമയുടെ അകമ്പടിയോടെയുള്ള, നാടൻ കുശലാന്വേഷണത്തിൽ ആരംഭിക്കുന്ന പ്രസംഗങ്ങൾ, പതുക്കെ പതുക്കെ മത്തായിയുടെ സുവിശേഷത്തിലെ അന്ത്യവിധിയിലേക്കും, ലൂക്കായുടെ സുവിശേഷത്തിലെ ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിലേക്കും, ശേഷം നടപടിപുസ്തകത്തിലെ കൂട്ടായമയിലേക്കും യോഹന്നാൻ്റെ ലേഖനഭാഗത്തേക്കും എത്തുമ്പോൾ, കർക്കിടകമാസത്തിലെ പേമാരിക്കൊപ്പം, മനസ്സിനെ പിടിച്ചുകുലുക്കുന്ന മേഘഗർജ്ജനമായി മാറിയിട്ടുണ്ടാകും. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ലെന്ന" (1 യോഹ.4,20) തിരുവചന സത്യം പ്രഘോഷിക്കുമ്പോഴുള്ള ആവേശവും തീക്ഷ്ണതയും തികച്ചും വേറിട്ടതാണ്. മുഹമ്മദും കൃഷ്ണനും കൊച്ചൌസേപ്പും സംഗമിക്കുന്ന, സ്ഥിരം ത്രിവേണി സംഗമവേദികളാണ് എന്നത്തേക്കുമുള്ള "ഹൈലൈറ്റ്സ്." ഒരായിരം തവണ ആവർത്തിക്കപ്പെട്ടാലും വന്ദ്യപിതാവിൽ നിന്ന് അത് വീണ്ടും കേൾക്കുമ്പോൾ അതിനൊരു പ്രത്യേക വശ്യതയും ചാരുതയുണ്ടായിരുന്നു. 

ഈയൊരു കാര്യമാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനമായിരിക്കേണ്ടതെന്ന്, വി. പൌലോസ് അപ്പസ്തോലൻ ഓർമ്മപ്പെടുത്തുന്ന തിരുവചനഭാഗമാണല്ലോ, ഇന്നത്തെ ധ്യാനവിഷയം. ജീവിതത്തിലെ പ്രവർത്തനപരത ക്രിസ്തീയമാകുന്നതിലെ മാനദണ്ഡം, സ്നേഹം മാത്രമെന്ന് അദ്ദേഹം മറ്റു സ്ഥലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ എൻ്റെ സർവ്വസമ്പത്തും ദാനം ചെയ്താലും എൻ്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല." (1 കൊറി. 13,3) നമ്മുടെ പ്രവർത്തനപരതയെ ക്രിസ്തീയസ്നേഹത്താൽ അതിജീവിക്കുന്നില്ലെങ്കിൽ, എല്ലാം വ്യർത്ഥമാണെന്ന്. ആയതിനാൽ, നമ്മുടെ പ്രവർത്തനങ്ങളിലെല്ലാം സ്നേഹത്തിൻ്റെ കയ്യൊപ്പ് ചേർത്തു നല്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

Sunday, April 23, 2017

ദൌത്യത്തോടൊപ്പം കരുത്തും പകരുന്നവൻ ക്രിസ്തു...

"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)
(ഇന്നത്തെ വായനഭാഗം - മാർക്കോ. 16,15-20)

"അച്ചന് സാധിക്കുന്നത് അച്ചൻ ചെയ്താൽ മതി, വലിയ മലമറിക്കാനൊന്നും അച്ചൻ പോകേണ്ടെന്ന്," പുതിയ നിയമനത്തിലെ ജോലിഭാരവും ഉത്തരവാദിത്വവും ഇച്ചിരി കൂടിപ്പോയിയെന്ന് അറിയിക്കാൻ വരുന്ന വൈദികരോട്, ദിവംഗതനായ വത്സലപിതാവ് മാർ ജോസഫ് കുണ്ടുകുളം പറയുമായിരുന്നത്രേ. തീർച്ചയായും, അയയ്ക്കപ്പെടുന്നവനെ സഹായിക്കാനും തുണയ്ക്കാനും അയച്ചവനുണ്ടാകുമെന്നുള്ളത് അയയ്ക്കപ്പെട്ടവൻ്റെ ഉറപ്പും വിശ്വാസവുമാണ്. ആ കരുത്തിലാണ് അവൻ്റെ തുടർന്നുള്ള പ്രവർത്തനം മുഴുവൻ ചലനാത്മകമാകുന്നത്. ഇത്തരത്തിലൊരു വാഗ്ദാനത്തിലേക്കും അതിൻ്റെ പരിപൂർത്തിയിലേക്കുമാണ് ഇന്നത്തെ വചനഭാഗം വിരൽ ചൂണ്ടുന്നത്. അത്തരമൊരു ഉറപ്പ്, നമുക്കു ദിശാബോധം മാത്രമല്ലാ, കരുത്തും ആത്മവിശ്വാസവും മേല്ക്കുമേൽ പ്രദാനം ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയാം.

 ഉത്ഥാനത്തിനു ശേഷം ശിഷ്യർക്കു പ്രത്യക്ഷപ്പെട്ട അവസരത്തിൽ യേശു അവരോടു കല്പിച്ചു, "നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15) ഗലീലി മഹാതടാകത്തോടു ചുറ്റിപ്പറ്റി മാത്രമായിരുന്നു ഭൂരിഭാഗം യേശുശിഷ്യരുടെയും ലോകം വികാസം പ്രാപിച്ചിരുന്നത്. തീർത്തും മുക്കുവരായ അവരെ സംബന്ധിച്ചിടത്തോളം, ഉത്ഥിതൻ്റെ ഈ കല്പന ചുമക്കാവുന്നതിലധികം ഭാരമായിരുന്നിരിക്കണം. എന്നിരുന്നാലും, അവർ യേശുവിൻ്റെ കല്പനയനുസരിച്ച് സ്വർഗ്ഗരാജ്യത്തിൻ്റെ സന്ദേശം മറ്റുള്ളവർക്കു പകരാൻ ആവേശപൂർവ്വം മുന്നിട്ടിറങ്ങി. ഗുരുവാണ് ആവശ്യപ്പെടുന്നത്, എന്നതിനാൽ, അവർക്ക് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആ പ്രയത്നങ്ങളെയും വിശ്വസ്ഥതയോടെയുള്ള സമർപ്പണത്തെയും തമ്പുരാൻ എന്തുമാത്രം വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ഇന്നത്തെ വചനഭാഗത്തിൻ്റെ അവസാനത്തിൽ നാം കാണുന്നു.

"അവർ എല്ലായിടത്തും പോയി വചനം പ്രഘോഷിച്ചു.കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു." (മാർക്കോ. 16,20) കർത്താവ് ഭാരം തരുന്നുണ്ടെങ്കിൽ മനസ്സിലാക്കുക, അതു വഹിക്കാനുള്ള കെല്പും അവിടുന്ന് പ്രദാനം ചെയ്യുന്നുണ്ട്. അവിടുന്ന് സഹനം നല്കുന്നുണ്ടെങ്കിൽ ഓർക്കുക, അതു സഹിക്കാനുള്ള ശക്തികൂടി അവിടുന്ന് നമുക്ക് നല്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ഒരിക്കൽ വി. പൌലോസ് അപ്പസ്തോലൻ വിളിച്ചു പറഞ്ഞത്, "വചനത്തിനുവേണ്ടി ഞാൻ ഏറെ അദ്ധ്വാനിച്ചു. എന്നാലും ഞാനല്ലാ, എന്നിലെ ദൈവകൃയാണ് അദ്ധ്വാനിച്ചത്." അതിനാൽ, പ്രിയ സ്നേഹിതരേ, തമ്പുരാനു വേണ്ടി ദൌത്യങ്ങൾ ഏറ്റെടുക്കുവാനോ, ത്യാഗങ്ങൾ സഹിക്കാനോ, അല്പം പോലും മടി കാണിക്കേണ്ടതില്ല, കാരണം അവിടുന്ന് നമ്മോടൊപ്പമുണ്ട്, ഇന്നും എപ്പോഴും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

Saturday, April 22, 2017

മുട്ടുമടക്കേണ്ട ഇടത്തിലേക്കൊരു തോമ്മാവെളിച്ചം...

"തോമസ് പറഞ്ഞു, എൻ്റെ കർത്താവേ, എൻ്റെ ദൈവമേ." (യോഹ. 20,28)
(ഇന്നത്തെ വായനഭാഗം - യോഹ. 20,19-29)

പുതുഞായറിൽ വിശ്വാസത്തിൻ്റെ പുതുക്കം നടത്തി, വി.തോമ്മായെപ്പോലെ, ഉത്ഥിതനായ മിശിഹായ്ക്ക് സാക്ഷ്യം നല്കാൻ, ഹൃദയവും മനസ്സുമൊരുക്കുന്ന ദിനാചരണത്തിലാണ് നാമോരുത്തരും. എന്നാൽ, ചിലപ്പോഴെങ്കിലും, 'നമുക്കും അവനോടുകൂടി പോയി മരിക്കാ'മെന്ന ധീരമായ ചുവടെടുത്തവനെ തീർത്തും ഭീരുവും സംശയമനസ്ക്കനുമാക്കി ചിത്രീകരിക്കുന്ന, വരികളും കുറിപ്പുകളും, ഇന്നും ചിലർ മനസ്സിൽ സൂക്ഷിക്കുന്നുവെന്നത്, ഏറെ ദുഃഖകരമായ വസ്തുതയാണെന്ന് പറയാതെ വയ്യ.  "അവൻ്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എൻ്റെ വിരൽ ഇടുകയും, അവൻ്റെ പാർശ്വത്തിൽ എൻ്റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ലാ"യെന്ന (യോഹ. 20,25) തോമ്മായുടെ ശാഠ്യം, കേവലം ഭയമോ, സംശയമോ, അവിശ്വാസമോ മാത്രമായി ചുരുക്കുന്നത് സത്യത്തോടു ചേരാതെ പോകാൻ സാധ്യതകളേറെയാണ്. പ്രത്യേകിച്ചും, യോഹന്നാൻ്റെ സുവിശേഷ പശ്ചാത്തലം അവഗണിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ.

റോമാസാമ്രാജ്യത്തിൽ, ചക്രവർത്തിയാരാധന സജീവമായിരുന്ന ഡൊമീഷ്യൻ്റെ കാലത്താണ്, വി. യോഹന്നാൻ്റെ സുവിശേഷവും മറ്റു രചനകളും പൂർണ്ണമാകുന്നത്. ചക്രവർത്തിയാരാധനയുടെ ഭാഗമായി, സാമ്രാജ്യത്തിലെ മുഴുവൻ പ്രജകളും, ചക്രവർത്തിയെ 'തങ്ങളുടെ കർത്താവും ദൈവവു'മായി ഏറ്റുപറയുവാൻ കൂടെക്കൂടെ നിർബന്ധിക്കപ്പെട്ടിരുന്നുവെന്നും, അപ്രകാരം ഏറ്റുപറയാത്തവരെ, ക്രൂരമായ മതപീഢനങ്ങൾക്കു ഇരയാക്കിയിരുന്നുവെന്നും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഭീകരമായ മതമർദ്ദനത്തിൻ്റെ ഈ പശ്ചാത്തലത്തിൽ, തോമാസ് മുന്നോട്ടുവെക്കുന്ന സംശയവും ശാഠ്യവും തുടർന്നുള്ള ഏറ്റുപറച്ചിലും, വലിയ ക്രൈസ്തവ വിശ്വാസപ്രഖ്യാപനത്തിൻ്റെ ഭാഗമായി കാണുക തീർത്തും സ്വാഭാവികമാണല്ലോ.  ഒന്നാം പ്രമാണത്തെ നെഞ്ചോടു ചേർത്തുവെക്കുന്നവന്, നിത്യരക്ഷ പരമമായ ജീവിതലക്ഷ്യമാക്കി ജീവിക്കുന്നവന്, ചക്രവർത്തിയാരാധനയും അനുഷ്ഠാനങ്ങളും, നിരർത്ഥകമായി തോന്നുകയും അവ തിരസ്ക്കരിക്കുകയും ചെയ്യുക സ്വാഭാവികം മാത്രം.

ഇങ്ങനെ ചിന്തിക്കുമ്പോൾ, പക്ഷെ, തോമസ്സിൻ്റേതു വെറുമൊരു തിരസ്ക്കരണ മാത്രമായിരുന്നില്ല, മറിച്ച്, തനിക്കായി കുരിശിലേറി മരിച്ച യേശുക്രിസ്തുവിനെ, തൻ്റെ ദൈവവും കർത്താവുമായി സഹശിഷ്യ സമൂഹത്തിൻ്റെ മുമ്പിലുള്ള ഏറ്റുപറയുന്ന സുവർണ്ണ അവസരം കൂടിയായിരുന്നു എന്നുവേണം കരുതാൻ. ഏതു സാഹചര്യത്തിലായാലും, ഈ ലോകത്തിൻ്റെ അധികാരികൾ മുന്നോട്ടുവെക്കുന്ന അപ്പക്കഷ്ണങ്ങൾക്കു മുമ്പിൽ മുട്ടുമടക്കാതെ, തനിക്കായി കുരിശിലേറി, തന്നെ വീണ്ടെടുത്ത യേശു ക്രിസ്തുവിൻ്റെ മുമ്പിൽ, അവൻ്റെ മാത്രം മുമ്പിൽ, മുട്ടുമടക്കാൻ ധീരത കാണിച്ചവനാണ് നമ്മുടെ പിതാവായ മാർതോമ്മാ. മാർത്തോമ്മാ പകരുന്ന ഈ വിശ്വാസവെളിച്ചം സ്വീകരിച്ച്, വിശ്വാസത്തിൻ്റെ പുതുയാത്രയിൽ, ഈ ലോകവും, ഈ ലോകത്തിൻ്റെ അധികാരശക്തികളും, മുന്നോട്ടുവെക്കുന്ന ആനുകൂല്യങ്ങളേക്കാളും സഹായങ്ങളേക്കാളും, ക്രിസ്തുവിൻ്റെ അമൂല്യരക്തത്തിൻ്റെ വിലയെയോർത്ത്, അവനെ മാത്രം ജീവിതത്തിൻ്റെ കർത്താവും ദൈവവുമായി ഏറ്റുപറയാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഏവർക്കും പുതുഞായറിൻ്റെ ആശംസകൾ നേരുന്നു... 

Tuesday, April 18, 2017

ഉത്ഥിത ജീവിതം ക്രിസ്തുവിനോടു ചേർന്നുനില്ക്കുന്ന ജീവിതം...

"നിങ്ങൾ എൻ്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ." (യോഹ.15,9)
(ഇന്നത്തെ വായനഭാഗം - യോഹ. 15,1-10)

"ക്രിസ്തു ഉയിർത്തിട്ടില്ലായെങ്കിൽ, തങ്ങളുടെ പ്രസംഗവും വിശ്വാസികളുടെ വിശ്വാസവും വ്യർത്ഥമെന്നാണ്" (1 കൊറി. 15,17), വി. പൌലോസ് അപ്പസ്തോലൻ, ക്രിസ്തുവിൻ്റെ ഉത്ഥാനത്തിലുള്ള ആഴമേറിയ തൻ്റെ വിശ്വാസത്തെ ഏറ്റുപറയാനായി, സധൈര്യം പ്രഖ്യാപിച്ചത്. അപ്പസ്തോലൻ്റെ കാഴ്ചപ്പാടിൽ ഉത്ഥാനജീവിതമെന്നു പറയുന്നത് ക്രിസ്തുവിലുള്ള ജീവിതമാണ്. ഈ സത്യത്തെ പ്രകാശിപ്പിക്കാൻ മറ്റൊരിക്കൽ ഇപ്രകാരമാണ് വിളിച്ചുപറഞ്ഞത്, "ഇനിമേൽ ഞാനല്ലാ, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ. 2,20). ഉത്ഥാനം വഴി എന്നും അവിടുത്തോടൊത്ത് ആയിരിക്കുന്നത്, ഇഹത്തിലായിരിക്കുമ്പോഴും സാധ്യമാകുമെന്ന്, നമ്മെ ഓർമ്മപ്പെടുത്തുകയും കൂടിയായിരുന്നു, അദ്ദേഹം ഈ പ്രസ്താവനയിലൂടെ. ഇങ്ങനെ സദാ അവിടുത്തോടുകൂടി ആയിരുന്ന്, ശാശ്വതമായ ഫലം പുറപ്പെടുവിക്കുവാൻ, തിരുസ്സഭാ മാതാവ് ഇന്നത്തെ വായനയിലൂടെ, നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.

വെട്ടിയൊരുക്കപ്പെടലിലൂടെ കൂടുതൽ ഫലം പുറപ്പെടുവിക്കാൻ നമ്മെ ക്ഷണിക്കുന്ന തമ്പുരാൻ, കൃഷിക്കാരനായ തന്നിലെ പിതൃഹൃദയത്തെയും വാത്സല്യത്തെയും വെളിവാക്കുകയാണ്. ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു, "താൻ സ്നേഹിക്കുന്നവന് കർത്താവു ശിക്ഷണം നല്കുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനുവേണ്ടിയാണ് നിങ്ങൾ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടു പെരുമാറുന്നു." (ഹെബ്രാ. 12,6-7) ഇന്നത്തെ വായനയിൽ വി. യോഹന്നാനും പറഞ്ഞുവെക്കുന്നത് ഇതു തന്നെയാണ്. സ്നേഹത്തിലുള്ള നിലനില്പ്പിനു ശിക്ഷണമാകുന്ന വെട്ടിയൊരുക്കൽ ആവശ്യമാണ്. "നിങ്ങൾ എൻ്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ. ഞാൻ എൻ്റെ പിതാവിൻ്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനില്ക്കുന്നതുപോലെ, നിങ്ങൾ എൻ്റെ കല്പനകൾ പാലിച്ചാൽ എൻ്റെ സ്നേഹത്തിൽ നിലനില്ക്കും." (യോഹ. 15,10)

ഉത്ഥാനത്തിൻ്റെ ജീവിതം സ്നേഹം, സമാധാനം തുടങ്ങീ പരി. ആത്മാവിലുള്ള ഫലസമൃദ്ധിയുടെയുടെ (ഗലാ. 5,22-23) ജീവിതമാണ്. ഈ ഫലസമൃദ്ധി അനുഭവിക്കണമെങ്കിൽ തീർച്ചയായും, അവിടുത്തോടു ചേർനേനുനിന്നുകൊണ്ടുള്ള, സമയാസമയങ്ങളിലെ വെട്ടിയൊരുക്കപ്പെടലുകൾ, അനിവാര്യമാണെന്ന് അറിയുക. കാപട്യത്തിൻ്റെയും അധരവ്യായാമത്തിൻ്റയും ജീവിതമല്ലാ, മറിച്ച്, ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയുടേതുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. വി. യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്നു, "കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ലാ നാം സ്നേഹിക്കേണ്ടത്, പ്രവർത്തിയിലും സത്യത്തിലുമാണ്." (1 യോഹ. 3,18) പ്രിയ സഹോദരങ്ങളേ, ഈ ഉത്ഥാനകാലഘട്ടം നിലനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്ന കാലമായി മാറാൻ, അവിടുത്തോടു ചേർന്നുനില്ക്കുകയും, വെട്ടിയൊരുക്കപ്പെടാൻ നമ്മെത്തന്നെ താഴ്മയോടെ തമ്പുരാന് സമർപ്പിക്കുകയും ചെയ്യാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Monday, April 17, 2017

ഉത്ഥിതൻ്റെ ജീവിതം പ്രകാശം പരത്തുന്ന ജീവിതം...

"അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ടുപോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പം യാത്രചെയ്തു." (ലൂക്കാ 24,15)

വിശ്വാസ ജീവിതത്തിൻ്റെ വെട്ടം നഷ്ടപ്പെട്ടവരുടെ അസ്വസ്ഥ ജീവിതങ്ങളെയും, അതു പുതുക്കമുള്ളതാക്കാൻ കടന്നുവരുന്ന ഉത്ഥിതനെയും കുറിച്ചാണ്, ഇന്നു നാം ധ്യാനിക്കുന്നത്. ഉയിർപ്പിൻ്റെ കാലഘട്ടം, വലിയ സന്തോഷത്തിൻ്റെയും പ്രത്യാശയുടേതുമായി മാറുന്നത്, ഉത്ഥിതൻ വ്യവസ്ഥകളില്ലാതെ, നഷ്ടപ്പെട്ടവൻ്റെയും നിരാശപ്പെട്ടവൻ്റെയും, ജീവിതങ്ങളിലേക്കു കടന്നുവരുന്നു എന്നതു കൊണ്ടാണ്. ഇന്നു നാം ധ്യാനിക്കുന്ന വായനഭാഗം, നമ്മുടെ മുന്നിൽ വെക്കുന്ന രണ്ടുശിഷ്യരുടെ മുഖഭാവങ്ങൾ, മനസ്സിലേക്കു കൊണ്ടുവരിക, ഇത്തരുണത്തിൽ നല്ലതാണ്. മ്ലാനവദനരും നിരാശരുമായവരുടെ കൂടെ, യാത്രചെയ്യാനും സംവദിക്കാനും തയ്യാറായവൻ്റെ, മുഖം പോലും തിരിച്ചറിയാനാകാത്തവിധം, അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിന്നുവെന്ന് തിരുവചനം സാക്ഷിക്കുന്നു. അത്തരത്തിൽ കണ്ണുകൾ മൂടപ്പെടുവാനുള്ള കാരണമോ, അവരുടെ വിശ്വാസവെട്ടം തീർത്തും മങ്ങിയെന്നുള്ളതും. സൂചനയായി കുറിക്കുകയാണ്, അവർ ജെറൂസലേമിൽ (വിശ്വാസത്തിൻ്റെ വിശുദ്ധ നഗരി) നിന്ന് എമ്മാവൂസിലേക്കു (തീർത്തും അറിയപ്പെടാത്ത കുഗ്രാമം) പോകുകയായിരുന്നെന്ന്.  

ഉത്ഥിത ജീവിതം പ്രകാശിത ജീവിതമാണ്. അതു കൂരിരുളിൽ കഴിയുന്നവർക്ക് പ്രകാശവും പ്രശോഭയും നല്കുന്നു. അവിടുന്നു തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, മറിച്ച് അതു പീഠത്തിന്മേലത്രേ വയ്ക്കുക. അതുവഴി എല്ലാവർക്കും പ്രകാശം ലഭിക്കുന്നു (മത്താ. 5,15) വെന്ന്. ഇവിടെ എമ്മാവൂസിലേക്കു പോകുന്ന രണ്ടുപേരും വിശ്വാസവെട്ടം തെല്ലുമില്ലാതെയാണ് യാത്ര നടത്തുന്നത്. അതുകൊണ്ടുതന്നെ പരസ്പര തർക്കവും മ്ലാനതയും നിരാശയും മാത്രമായിരുന്നു അവർക്ക് അകമ്പടിയായി ഉണ്ടായിരുന്നത്. ഈ ജീവിതങ്ങളിലേക്കാണ്, ലോകത്തിൻ്റെ പ്രകാശമായ ഉത്ഥിതനായ യേശു ക്രിസ്തു (യോഹ. 8,12) കടന്നുവരുന്നത്. പ്രകാശത്തിൽ നിന്നകലുന്നവൻ അന്ധകാരത്തിലേക്കാണ് നടന്നടുക്കുന്നതെന്നത് തീർത്തും യാഥാർത്ഥ്യമാണ്. പ്രകാശമായവനെ സ്വീകരിക്കാതെ അന്ധകാരത്തിൽ കഴിയുന്നവൻ ഉത്ഥാനത്തിൻ്റെ ജീവിതം നയിക്കുന്നവനല്ല. അവനിൽ ക്രൈസ്തവികത ക്രമാനുകതമായി അസ്തമിക്കുന്നുവെന്ന് നാം തിരിച്ചറിയണം.  യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പറയുന്നുണ്ട്, പ്രകാശം ലോകത്തിലേക്കു വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുകയും ശിക്ഷാവിധി ഏറ്റുവാങ്ങുകയും ചെയ്യുന്നുവെന്ന് (യോഹ. 3,19)

ഉത്ഥാന ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവൻ, അതിനാൽതന്നെ, അങ്ങേ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തുകളയല്ലേ (സങ്കീ.51,11) എന്ന ദാവീദ് രാജാവിൻ്റെ മനസ്താപപ്രാർത്ഥന കണക്ക്, അങ്ങേ വിശ്വാസവെട്ടം എൻ്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും എടുത്തുകളയല്ലേ എന്നു പ്രാർത്ഥിക്കട്ടെ. വിശ്വാസവെട്ടം ജീവിതത്തിൽ മങ്ങിപ്പോകാതിരിക്കാനായി, കൂടെക്കൂടെ തിരുവചനം വായിക്കാനും പഠിക്കാനും, ധ്യാനിക്കാനും പ്രാർത്ഥിക്കാനും, അങ്ങേ പരി. ആത്മാവിനെ ഞങ്ങളിലേക്ക് അയക്കണമേയെന്നും പ്രാർത്ഥിക്കട്ടെ. തിരുവചനം ധ്യാനപൂർവ്വം വായിക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുകയും നമ്മുടെ സംശയങ്ങളെ ദുരീകരിച്ച് വിശ്വാസത്തിൻ്റെ പുതുവെളിച്ചം നമുക്കു പകർന്നുതരികയും ചെയ്യുന്നവനാണെന്ന് ബോധ്യപ്പെടട്ടെ. ഉത്ഥിതനായവൻ എന്നെയും നിങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.    

Friday, April 14, 2017

നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ....

"നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ, അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു." (റോമാ. 6,8)
ഇന്നത്തെ വായന റോമാ. 6,3-11

പീഢാനുഭവവാരത്തിൻ്റെ അവസാന ദിവസത്തേക്കു പ്രവേശിക്കുമ്പോൾ ദുഃഖവെള്ളി (Mourning Friday) എന്നെ സംബന്ധിച്ച് നല്ല വെള്ളിയായി (Good Friday) രൂപാന്തരപ്പെട്ടോ? എന്ന ഒരു വിചാരത്തിന് ഈ ധ്യാനചിന്ത സഹായിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പ്രത്യാശയിലേക്കു തീർത്തും നയിക്കാത്ത, മരണത്തെക്കുറിച്ചുള്ള ദുഃഖം, നിഷ്ഫലവും അക്രൈസ്തവുമാണെന്ന് വി. പൌലോസ് തെസലോണിക്കായിലെ തൻ്റെ സഭാമക്കളെ ഓർമ്മപ്പെടുത്തുന്നത് ക്രിസ്തുവിൻ്റെ മരണോത്ഥാനങ്ങളെ ധ്യാനിച്ചുകൊണ്ടാണെന്നത് മനസ്സിൽ സൂക്ഷിക്കാം. ഓശാനഞായറിനു ശേഷം ക്രിസ്തുകണക്കെ അനുഭവിച്ച തിക്താനുഭവങ്ങളോരോന്നും - തള്ളിപ്പറയപ്പെട്ടതിൻ്റെയും, ഒറ്റിക്കൊടുക്കപ്പെട്ടതിൻ്റെയും, തിരസ്ക്കരിക്കപ്പട്ടതിൻ്റെയും, അവമാനിക്കപ്പെട്ടതിൻ്റെയും, ക്രൂശിക്കപ്പെട്ടതിൻ്റെയും - നാം ശരിയായ ദിശയിലാണ് ചരിക്കുന്നത് എന്നതിൻ്റെ ചൂണ്ടുപലകകളാണെന്ന് തിരിച്ചറിയാം.

ദുഃഖവെള്ളി, ഉത്ഥാനഞായറിലേക്കുള്ള അവസാനത്തെ ദിശാ സൂചിയാണെന്ന് മറക്കാതിരിക്കാം. ഓശാന പാടിയവർ തന്നെ തിരിച്ച് ക്രൂശിക്കാൻ മുറവിളി കൂട്ടാം, കള്ളസാക്ഷികൾ ചുറ്റിലും നിരക്കാം, അധികാരവർഗ്ഗം ആക്രോശിച്ചട്ടഹസിക്കാം. പക്ഷെ,  ഇവിടം തകർന്നടിഞ്ഞാൽ യൂദാസിനെപ്പോലെ ജീവിതം ഒടുക്കാനേ തരമുള്ളൂ. ആൾക്കൂട്ടത്തിൻ്റെ ആവേശം പലപ്പോഴും സുബോധത്തിൽ നിന്നും ഏറെ അകലെയാകാനും തെറ്റായ വിധികളിലേക്ക് നയിക്കപ്പെടാനും സാധ്യതയേറെയാണ്. അവിടെ ക്രിസ്തുമനോഭാവം വീണ്ടെടുക്കാൻ നമുക്കു സാധിക്കണം. ദുഃഖവെള്ളിയല്ല ലക്ഷ്യം, മറിച്ച് ഉത്ഥാനഞായറാണെന്ന ക്രിസ്തുപാഠം മനസ്സിലുറപ്പിക്കാം. ഇവിടെയാണ് ദുഃഖവെള്ളി നല്ലവെള്ളിയാകുന്നതും നന്മയുടെ വെള്ളിയാകുന്നതും.

നല്ലവെള്ളിയിലെ വിലാപം, വലിയ പ്രത്യാശയുടെ സന്തോഷമായി മാറുന്നു. വി. പൌലോസ് അപ്പസ്തോലൻ പറയുന്നു, "നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ, അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു." (റോമാ. 6,8) അതിനാൽ, ഇന്ന് ദുഃഖശനിയല്ലാ മറിച്ച്, വലിയ പ്രത്യാശയുടെ ശനിയാണ്. കൊളോസൂസിലെ സഭയോടു പറയുന്നതുപോലെ, "നമുക്കു ദോഷകരമായി നിന്ന ലിഖിത നിയമങ്ങളെ അവൻ മായിച്ചുകളയുകയും അവയെ കുരിശിൽ തറച്ച് നിഷ്ക്കാസനം ചെയ്യുകയും ചെയ്തു. അധികാരങ്ങളെ ആധിപത്യങ്ങളെയും അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെമേൽ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി." (കൊളോ. 3,14-15) ആയതിനാൽ, ഇന്നത്തെ മാമ്മോദീസാ അനുസ്മരണ തിരുക്കർമ്മങ്ങൾ നമുക്കു അർത്ഥപൂർണ്ണമാക്കാം, പിശാചിനെയും അവൻ്റെ ചെയ്തികളെയും എതിർത്തുതോല്പിച്ചുകൊണ്ടും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ടും. ദുഃഖവെള്ളിയിൽ നിന്ന് നല്ലവെള്ളിയിലേക്കുള്ള ദൂരം, അതിനാൽ, ക്രിസ്തുവിന് എന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കുന്നതിൻ്റേതാണെന്ന് തിരിച്ചറിയാം. ദൈവം നമ്മെ ഉത്ഥാനത്തിൻ്റെ സന്തോഷം അനുഭവിക്കാൻ അനുഗ്രഹിക്കട്ടെ.  

Thursday, April 13, 2017

അവൻ ഇപ്രകാരം മരിച്ചതുകണ്ട്.....

"അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതുകണ്ട് വിളിച്ചുപറഞ്ഞു, സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39)

എത്രയോ വലിയ സാക്ഷ്യമാണ് വിജാതീയനായ ആ ശതാധിപൻ നടത്തിയത്! "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39) മർക്കോസിൻ്റെ സുവിശേഷ രചനയുടെ ലക്ഷ്യത്തിലേക്ക് ("ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ സുവിശേഷത്തിൻ്റെ ആരംഭം." [മാർക്കോ.1,1]) വായനക്കാരെ ഏറ്റവും അടുത്ത് ചേർത്തു പിടിക്കുന്ന വിശ്വാസ സാക്ഷ്യം. പക്ഷെ, ആ ഉത്തമമായ സാക്ഷ്യത്തിലേക്ക് നയിച്ച ഘടകം യേശുവിൻ്റെ സമാനതകളില്ലാത്ത പീഢാസഹനവും മരണവുമായിരുന്നെന്ന് മറക്കാതിരിക്കാം, "അവൻ ഇപ്രകാരം മരിച്ചതു കണ്ട് ശതാധിപൻ വിളിച്ചുപറഞ്ഞു,.." (മാർക്കോ. 15,39). യേശുവിനെക്കുറിച്ചുള്ള പലവ്യക്തികളുടെയും വ്യത്യസ്തങ്ങളായ സാക്ഷ്യങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്നാപകയോഹന്നാനും, യേശുവിൻ്റെ ആദ്യശിഷ്യന്മാരും, സമരിയാക്കാരി സ്ത്രീയുമൊക്കെ അതിൽ ചിലർ മാത്രമാണ്. എന്നാൽ, അതിൽനിന്നെല്ലാം വേറിട്ടു നില്ക്കുന്ന ഈ സാക്ഷ്യത്തെ കുറിച്ച് നമുക്കിന്നു ധ്യാനിക്കാം.

ആ ദിവസങ്ങളിൽ, ജെറൂസലേം നഗരത്തിലേക്കിറങ്ങിയാൽ എവിടെയും കേൾക്കാനുണ്ടായിരുന്നത് യേശുക്രിസ്തുവിനെക്കുറിച്ച് മാത്രമായിരുന്നു. അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നവൻ, പുരോഹിത പ്രമാണിമാരേക്കാളും, നിയമജ്ഞരേക്കാളും ആധികാരികതയിൽ എല്ലാം പഠിപ്പിക്കുന്നവൻ, അഹങ്കാരം മൂത്ത് ദൈവദൂഷണം പറയുന്നത് ആവേശമാക്കി ജറൂസലേം ദേവാലയം പോലും തകർക്കുമെന്ന് പ്രഖ്യാപിച്ചവൻ, റോമാ ചക്രവർത്തിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നവൻ തുടങ്ങീ അനവധി ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി കാര്യങ്ങൾ. അതിനാൽത്തന്നെ, കയ്യാമം വയ്ക്കപ്പെട്ടവനായി, പീലാത്തോസിൻ്റെ മുന്നിൽ നിറുത്തപ്പെട്ട ക്രിസ്തുവിനെ കാണാൻ, ശതാധിപന് വലിയ ആഗ്രഹവും ആവേശവുമായിരുന്നു. ഫരിസേയപ്രമാണിമാരുടെ കപട ആരോപണങ്ങൾ തിരിച്ചറിയാൻ കഴിയാതെ, അവരുടെ ആക്രോശങ്ങളിൽ പങ്കാളിയായി, യേശുവിനോടുള്ള വിരോധം അവനിൽ വളർന്നതിനാൽ. ക്രിസ്തുവിനെ പരിഹസിക്കുന്നതിലും പീഢിപ്പിക്കുന്നതിലും അവൻ മുമ്പന്തിയിൽ നിന്നു.

എത്രയേറെ പീഢിപ്പിച്ചുവോ അത്രയേറെ ക്ഷമാശീലനും പ്രസന്നവദനനുമായി കുരിശെടുത്ത് മുന്നോട്ടു നീങ്ങിയവൻ, സാവധാനം ശതാധിപൻ്റെ കണ്ണുകളെയും ഹൃദയത്തെയും തുറപ്പിച്ചെന്നു വേണം കരുതാൻ. കാൽവരിയിലെ കുരിശിൽ കിടന്നുള്ള, ശാന്തഗംഭീരമായ ആ സപ്തമൊഴികൾക്കും ശരീരഭാഷക്കും മലയിലെ പ്രസംഗത്തോളവും അന്ത്യത്താഴവേളയിലെ അരുമശിഷ്യരോടു നടത്തിയ പ്രഭാഷണത്തോളവും കരുത്തും ചൈതന്യവുമുണ്ടായിരുന്നത്രേ. അതുവരെ, താൻ ക്രിസ്തുവിനെതിരെ ചെയ്തതെല്ലാം മറ്റുള്ളവരുടെ കാപട്യവും വെറുപ്പും നിറഞ്ഞ വാക്കുകൾ വിശ്വസിച്ചതിനാലാണല്ലോ എന്നു തിരിച്ചറിഞ്ഞവൻ, വാവിട്ടു നിലവിളിച്ചുകൊണ്ട്, പശ്ചാപത്തോടെ പ്രഖ്യാപിച്ചു, "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39) അതിന് മാനസാന്തരത്തിൻ്റെ നറുമണമുണ്ടായിരുന്നു.

ക്രിസ്തുവിൻ്റെ കുരിശുമരണത്തോടുകൂടി, കുരിശ് രക്ഷയുടെയും പ്രത്യാശയുടെയും അടയാളമാണ്, ധരിക്കാനും ചരിക്കാനും. വി. പത്രോസ് പറയുന്നതുപോലെ, "ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഢ സഹിക്കുന്നതെങ്കിൽ, അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തിൽ അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ മഹത്വപ്പെടുത്തട്ടെ." (1 പത്രോ. 4,16) ദുഃഖവെള്ളിയിലെ ക്രിസ്തുവിൻ്റെ കുരിശിൻ്റെ ഈ ധ്യാനം, കുരിശിനെ സ്നേഹിക്കാനും, "കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ" എന്ന് തിരിച്ചറിയാനും ജീവിക്കാനും എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കട്ടെ.  

Wednesday, April 12, 2017

ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ....

"ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല." (യോഹ.  13,8)
(ഇന്നത്തെ വായനഭാഗം - യോഹ.13,1-14, മത്താ. 26, 26-30)

ഉന്നതമായതും മഹത്വപൂർണ്ണമായതും അടുത്തേക്കു വരുമ്പോൾ ആരുടെയും മനസ്സിലേക്കു വരാവുന്ന ഒരു മാനുഷിക ചിന്തയാണ്, എനിക്കിതിന് എന്തു യോഗ്യതയുണ്ടെന്നത്. യേശുവിൻ്റെ ജ്ഞാനസ്നാനവേളയിൽ സ്നാപകയോഹന്നാനും (മത്താ. 3,14), മറിയത്തിൻ്റെ സന്ദർശന വേളയിൽ എലിസബത്തും (ലൂക്കാ 1,43), അത്ഭുതകരമായ മീൻപിടുത്തത്തിനൊടുവിൽ ശിമയോൻ പത്രോസുമൊക്കെ (ലൂക്കാ 5,8) പ്രകടിപ്പിക്കുന്നത് സമാനമായ ചിന്തയാകാനേ തരമുള്ളൂ. കേവലം ശിഷ്യൻ മാത്രമായ തൻ്റെ കാലു കഴുകാൻ കുനിയുന്ന ഗുരുവായ യേശുവിനോട് അരുതെന്ന് ഉച്ചത്തിലും കാർക്കശ്യത്തിലും പറയാൻ പ്രേരിപ്പിക്കുന്നതും മേല്പറഞ്ഞ ഘടകം തന്നെയാകാനാണ് സാധ്യത. എന്നാൽ, ശിഷ്യൻ്റെ പ്രത്യുത്തരത്തേക്കാളും ഗുരുവിൻ്റെ മറുപടിയുടെ ആഴം കണ്ടെത്താനാണ് നാം ഇന്നത്തെ ധ്യാനത്തിൽ ശ്രദ്ധിക്കുക.

 "ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ലാ" (യോഹ.  13,8) യെന്ന് യേശു പത്രോസിനോടു പറഞ്ഞപ്പോൾ, കരുണാമയനായ ഗുരു എന്താണ് അർത്ഥമാക്കിയിട്ടുണ്ടാകുക. ഒരു കൂട്ടർ പറയും, അതു പത്രോസിനെ തൻ്റെ എല്ലാ പാപക്കറകളിൽ നിന്ന് കഴുകി ശുദ്ധീകരിക്കുന്നതിനെ ഓർമ്മപ്പെടുത്തുന്നതാണെന്ന്. മറ്റുള്ളവർ പറയും, തൻ്റെ ശുശ്രൂഷാ ജീവിതശൈലിയിലുള്ള പത്രോസിൻ്റെ ഭാഗഭാഗിത്വത്തെ ഓർമ്മപ്പെടുത്താനാണെന്ന്. വി. യോഹന്നാൻ്റെ സുവിശേഷം എഴുതപ്പെട്ട ചരിത്രപശ്ചാത്തലവും, പരി.കുർബ്ബാന സ്ഥാപനത്തോടു ചേർന്ന്, മറ്റൊരു സുവിശേഷത്തിലും ഇല്ലാത്തവിധം പ്രാധാന്യത്തോടെ ശിഷ്യരുടെ പാദം കഴുകൽ യോഹന്നാൻ ചിത്രീകരിക്കുന്നതും കണക്കിലെടുക്കുമ്പോൾ, രണ്ടാമതു പറഞ്ഞ വ്യാഖ്യാനത്തോടു ചേരാനാണ് എനിക്കു കൂടുതലിഷ്ടം.

ക്രിസ്തുവിൻ്റെ പീഢാസഹനവും കുരിശുമരണവും ഉത്ഥാനവും മർമ്മപ്രധാനമായി മാറിയ ക്രൈസ്തവജീവിത ശൈലിക്കു കാലാന്തരത്തിൽ മാറ്റം സംഭവിച്ചുവെന്നത് ആദിമക്രൈസ്തവ സഭാ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യോഹന്നാൻ്റെ സുവിശേഷവും ലേഖനങ്ങളും വെളിപാടു പുസ്തകവും ഒരുപോലെ ഏറ്റുപറയുന്ന ഒന്ന്, സഭാ സമൂഹങ്ങളിൽ ഉടലെടുത്ത ഭിന്നതയും അബദ്ധപഠനങ്ങൾക്കു പിറകെ പോകലും അധികാരികൾക്കു വിധേയത്വമില്ലാതിരിക്കലുമൊക്കെ തന്നെയാണ്. കൂടാതെ, വി.പൌലോസും സമാനമായ ആശയങ്ങൾ കൊറീന്തോസിലെ സഭയിൽ നടത്തിരുന്ന അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചു (1 കൊറി. 11,17-22) പറയുമ്പോൾ പങ്കുവെക്കുന്നുണ്ട്. അതുകൊണ്ട്, ഗുരുമൊഴിയുടെ അർത്ഥം ക്രിസ്തുശിഷ്യനോടു എന്നും ചേർന്നു നിൽക്കേണ്ട ശുശ്രൂഷ മനോഭാവത്തെ ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണെന്ന് കരുതാൻ ന്യായങ്ങളുണ്ട്. ഗുരുവിനോടുള്ള പങ്കാളിത്തം, അതിനാൽത്തന്നെ അവൻ്റെ ശുശ്രൂഷാ മനോഭവത്തിലുള്ള പങ്കാളിത്തം കൂടിയാണ്.

പ്രിയ സഹോദരാ/സഹോദരീ, ഈ പെസഹാ ആചരണം, തീർത്തും ആചാരാനുഷ്ഠാനങ്ങൾ മാത്രമായി തരംതാഴാതെ, യേശുക്രിസ്തുവിൽ പ്രകടമായ ശുശ്രൂഷാ/സേവന മനോഭാവങ്ങളിലുള്ള പങ്കാളിത്തമാക്കി രൂപാന്തരപ്പെടുത്താൻ, തമ്പുരാൻ എന്നെയും നിങ്ങളെയും, സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പൌരോഹിത്യ സ്ഥാപനം കൂടി അനുസ്മരിക്കുന്ന ഈ ദിവസം, എല്ലാ വൈദിക ശുശ്രൂഷകരും എളിമയുടെയും സേവനത്തിൻ്റെയും മാതൃകകളായി മാറുവാനും നമുക്കു പ്രാർത്ഥിക്കാം.

വി.ജോൺ മരിയ വിയാനിയേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമെ.
വൈദികരുടെ രാജ്ഞിയായ പരി. മറിയമേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ. 

Tuesday, April 11, 2017

ഉയർത്തപ്പെടലിലൂടെ രക്ഷ...

"ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കു ആകർഷിക്കും." (യോഹ. 12,32)

ഉയരാനും ഉയർന്നുപ്രശോഭിക്കാനും അവസരങ്ങളും സാഹചര്യങ്ങളും തേടിയുള്ള ഓട്ടത്തിലാണു ആധുനിക 4G മനുഷ്യൻ. അതിനൊക്കെ അവനു അവൻ്റേതായ ന്യായീകരണങ്ങൾ ധാരാളമുണ്ടുതാനും. ഉയർന്നു നിന്നില്ലെങ്കിൽ ആരുടെയും കണ്ണിൽപ്പെട്ടില്ലെങ്കിലോ? കണ്ണിൽപ്പെടാതെ പോയാൽ, പിന്നെ എങ്ങനെയാണ് തന്നെയും തൻ്റെ കഴിവുകളെയും മറ്റുള്ളവർ തിരിച്ചറിയുക? താനും തൻ്റെ കഴിവുകളുമാണ് ഈ ലോകത്തിലെ പ്രശ്നങ്ങൾക്കു പരിഹാരമെന്ന കണക്കാണല്ലോ, അവൻ്റെ ഒട്ടുമിക്ക ആലോചനകളും പദ്ധതി ആസൂത്രണങ്ങളും. അത്തരക്കാരുടെ ചിന്തയിൽ തീർച്ചയായും തമ്പുരാൻ്റെ "തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടു"മെന്ന (ലൂക്കാ 18,14) വാക്കുകൾ ഇച്ചിരി കടന്നകയ്യാനാകാനേ തരമുള്ളൂ,

തന്നെത്തന്നെ ഉയർത്തിയതിനാൽ, പാതാളം വരെ താഴ്ത്തപ്പെട്ടതിൻ്റെ ഉദാഹരണങ്ങളേറെ തനിക്കു ചുറ്റുമുണ്ടെങ്കിലും, മനുഷ്യൻ വീണ്ടും ഉയരാനും വലിയവനാകാനുമുള്ള പ്രലോഭനത്തിൽപ്പെട്ട്, നട്ടം തിരിയുകയാണിന്ന്. തൻ്റെ വളർച്ചക്കും ഉയർച്ചക്കും തടസ്സമായതിനെയെല്ലാം കായേനെപ്പോലെ, സ്വന്തം സഹോദരനാണെങ്കിൽപ്പോലും, അരിഞ്ഞുവീഴ്ത്താനും (ഉല്പ. 4,8) വരെ അവൻ പരുവപ്പെട്ടിരിക്കുന്നു. എന്നാൽ, തന്നെത്തന്നെ കുരിശിലെ ശപിക്കപ്പെട്ട മരണത്തോളം താഴ്ത്തി, സ്വർഗ്ഗത്തോളം ഉയർത്തപ്പെട്ടവൻ, ഈ പീഢാനുഭവ ആഴ്ചയിൽ, നമ്മുടെ ഏതുവിധേനയും ഉയർന്നുനില്ക്കാനും വലിയ ആളാകാനുമുള്ള നമ്മുടെ മോഹങ്ങൾക്കുനേരെ, വീണ്ടും മിഴിപ്പൊത്തി കരയുകയാണ്. തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എൻ്റെ ആത്മാവു കരയും." (ജെറ. 13,17)

സ്വർഗ്ഗം ഗേഹമായവന് ഇനി എവിടേക്കാണ് ഉയരാനുള്ളത്? സ്വർഗ്ഗത്തോളം ഉയർന്നുനില്ക്കുന്നവൻ്റെ മഹത്വം ഇനി അവൻ്റെ താഴ്ചയിലാണ്. അനുസരണയോടുകൂടിയ ആ താഴ്ന്നുകൊടുക്കലിൻ്റെ മുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കാൻ കാരണമായെന്ന് (ഫിലി. 2,10) വി. പൌലോസ് അപ്പസ്തോലൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ആശയത്തെ പൂർണ്ണമായി ഉൾക്കൊണ്ട, "ഇത്ര ചെറുതാകാൻ എത്ര വളരേണം" എന്ന ഈരടി എത്ര പെട്ടെന്നാണ് മനുഷ്യഹൃദയങ്ങളെ കീഴടക്കിയത്. ഈ പീഢാനുഭവ ആഴ്ചയിൽ, ക്രിസ്തുവിൻ്റെ ജീവിതശൈലി സ്വന്തമാക്കിക്കൊണ്ട് അനേകർ എൻ്റേയും നിങ്ങളുടെയും ജീവിതത്തിലൂടെ അവനിലേക്കു ആകർഷിക്കപ്പെടാൻ നമുക്കു നമ്മെത്തന്നെ സമർപ്പിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Monday, April 10, 2017

എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ....

"എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ." (യോഹ. 12, 26)
(ഇന്നത്തെ വായനഭാഗം - യോഹ. 12, 20-26)


അറിവ്, യേശുവിനെക്കുറിച്ചും അവനെ അയച്ചവനെ കുറിച്ചുമുള്ള അറിവ്, നിത്യജീവനാണെന്ന് വെളിപ്പെടുത്തിയ യോഹന്നാൻ്റെ സുവിശേഷം പലപ്പോഴും, സത്യാന്വേഷകർക്ക് ഏറെ പ്രിയപ്പെട്ട വഴികാട്ടിയാണ്. നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്? (യോഹ. 18,4; 20,15) അല്ലെങ്കിൽ എന്താണ് അന്വേഷിക്കുന്നത്? (യോഹ. 1,38)  എന്ന ചോദ്യങ്ങൾക്കൊപ്പം അവയുടെ ഉത്തരങ്ങളും ഏറെ വ്യക്തതയിൽ പ്രകാശിപ്പിക്കുന്ന സുവിശേഷമാണിത്. ഇന്നത്തെ വചനഭാഗവും അത്തരത്തിലുള്ള ഒരു ചോദ്യം ഉൾക്കൊള്ളുന്നു. "പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു." (യോഹ. 12, 21) യോഹന്നാൻ്റെ സുവിശേഷമനുസരിച്ച് "കാണുക" എന്ന ക്രിയ പലപ്പോഴും വിശ്വാസവും അറിവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് ഇവിടെ തന്നെ കാണാൻ ആഗ്രഹിക്കുന്നവർക്ക് തന്നിൽ പൂർണ്ണമായി വിശ്വസിക്കുവാനും അറിയാനുമുള്ള അനുഗമിക്കുവാനുമുള്ള മാർഗ്ഗം കൂടി യേശു വെളിപ്പെടുത്തുന്നതായി കാണാം.

യേശുവിനെ കണ്ടവരെല്ലാം തന്നെ, അവനെ മറ്റുള്ളവർക്ക് സാക്ഷ്യപ്പെടുത്തി സായൂജ്യമടയുന്ന മിഴിവുള്ള ഒത്തിരി ചിത്രങ്ങൾ തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ വരച്ചുചേർത്തിട്ടുണ്ട്.  ആദ്യശിഷ്യന്മാരും സമരിയാക്കാരി സ്ത്രീയും സുവിശേഷ ഗ്രന്ഥകാരൻ തന്നെയും അവരിൽ ഏതാനും ചിലർ മാത്രമാണ്. തൻ്റെ ലേഖനത്തിന് പ്രാരംഭമൊഴി കുറിക്കാൻ തുടങ്ങിയപ്പോൾ യോഹന്നാൻ്റെ മനസ്സിലേക്കു വന്ന ആദ്യ വാക്യങ്ങൾ തീവ്രമായ യേശുഅനുഭവത്തിൻ്റെ കുത്തൊഴുക്കായിരുന്നു. "ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പർശിച്ചതുമായ ജീവൻ്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു." (1യോഹ. 1,1) അതിനർത്ഥം ശരിയായ കാഴ്ചകൾ സാക്ഷ്യത്തിലേക്കും ശിഷ്യത്വത്തിലേക്കും നയിക്കുന്നുവെന്നല്ലേ?

തന്നെ കാണാൻ വന്നവർക്കുള്ള ഉത്തരമായി ഗോതമ്പുമണിയുടെ ഉപമ പങ്കുവെച്ചുകൊണ്ട് ക്രിസ്തു പറയുകയാണ്, "എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ." (യോഹ. 12, 26) മറ്റുവാക്കുകളിൽ പറഞ്ഞാൽ, യേശുവിനെ ശുശ്രൂഷിക്കാനും അനുഗമിക്കാനും ആഗ്രഹിക്കുന്നവൻ ആദ്യം അവിടുത്തെ നന്നായി കാണട്ടെ, അറിയട്ടെ, അനുഭവിക്കട്ടെ, അവൻ ആരാണെന്നും അവൻ്റെ വഴികളെന്തായിരുന്നെന്നും. യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറഞ്ഞുവെക്കുന്നുണ്ടല്ലോ, "അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു." (1 യോഹ,2,6) ക്രിസ്തുവിനെ കാണാനുള്ള ആഗ്രഹത്തോടൊപ്പം അവനെ, എനിക്കായി മരിക്കാനാൻ കുരിശിലേറുന്നവനെ, അനുഗമിക്കാനുള്ള കൃപയ്ക്കായ് പീഢാനുഭവ വാരത്തിലെ ഈ രണ്ടാം ദിവസം നമുക്കു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

Sunday, April 9, 2017

ജനം മുഴുവൻ നശിക്കാതിരിക്കാനായി....

"ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല." (യോഹ. 11, 50)
(ഇന്നത്തെ വായന - യോഹ. 11,47-57)

ഓശാനവിളികളുടെ ആരവവും ആവേശവുമെല്ലാം പെട്ടെന്ന് കെട്ടടങ്ങിയതു പോലെ... ജെറൂസലേം നഗരവീഥികളുടെ 'ലുക്കു'തന്നെ ആകെ മാറിയിരിക്കുന്നു. ഇന്നലെവരെ ജനനിബിഢമായിരുന്നവൾ ഒന്നു ഇരുട്ടി വെളുക്കുമ്പോഴേക്കും തീർത്തും ഏകാകിനി ആയതുപോലെ... പാതി വാടിയും കരിഞ്ഞും പാതയോരത്തു അശ്രദ്ധമായി കിടക്കുന്ന ഒലിവിൻ ചില്ലകളും സൈത്തിൻ കൊമ്പുകളും പിന്നെ കുറെ ശിരോവസ്ത്രം കണക്കുള്ള തുണിക്കഷണങ്ങളും മൂകസാക്ഷികളായി പാറിനടക്കുന്നു. ഇവ കൂടാതെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതു അവിടെയുമിവിടെയും കേൾക്കുന്ന കുറെ അടക്കം പറച്ചിലുകളും ഗൂഢാലോചനകളും മാത്രം. അതിലൊന്ന് കയ്യാഫാസിൻ്റേതായിരുന്നു, "ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല." (യോഹ. 11, 50)

ഒരുവെടിക്കു രണ്ടുപക്ഷിയെന്നതായിരുന്നു പ്രധാനാചാര്യനായിരുന്ന കയ്യാഫാസിൻ്റെ ഉന്നം. ഒന്ന്, തങ്ങളുടെ നിത്യ എതിരാളിയായ യേശുവിൻ്റെ മരണം. രണ്ട്, അതുവഴി ജനങ്ങളുടെയിടയിൽ തങ്ങൾക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കുക. പ്രത്യക്ഷത്തിൽ ആ രാഷ്ട്രീയക്കളി വൻവിജയമായിരുന്നു, താല്ക്കാലികമായിട്ടെങ്കിലും. കാരണം, യേശുവിന് ഓശാന വിളിച്ചവർത്തന്നെ "അവനെ കുരിശിൽ തറയ്ക്കുക," "അവനെ കുരിശിൽ തറയ്ക്കുക"  എന്നു ഇരട്ടി ആവേശത്തോടെ വിളിച്ചു പറഞ്ഞല്ലോ. എന്നാൽ, പാപിയുടെ വളർച്ച കണക്ക് അതിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിന് ചരിത്രം സാക്ഷി.

നന്മയുടെയും സത്യത്തിൻ്റെയും രക്ഷയുടെയും ഓശാനവിളികൾക്കുനേരെ ഇന്നും ഗൂഢാലോചനകൾ നാലുപാടും ഉയരുന്നുണ്ട്, തമസ്ക്കരിക്കാനും എന്നന്നേക്കുമായി നശിപ്പിക്കാനുമായി. അവിടെ ക്രിസ്തുവിനെപ്പോലെ തിന്മയെ നന്മകൊണ്ട് ജയിക്കുവാനുള്ള മനോഭാവവും മനോധൈര്യവും സ്വീകരിക്കാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. പീഢാനുഭവ വാരത്തിൻ്റെ ഈ ആദ്യദിവസം തമ്പുരാൻ നമ്മെ ഇരട്ടി ശക്തി നല്കി അനുഗ്രഹിക്കട്ടെ, തിന്മയെ ഭയപ്പെടാതിരിക്കാനും നന്മയെ മുറുകെപ്പിടിക്കുവാനും,

Saturday, April 8, 2017

ഓശാന.. ഓശാന... കർത്താവിനോശാന... മിശിഹാ കർത്താവിനോശാന...


"ദാവീദിൻ്റെ പുത്രന് ഓശാന. കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഓശാന." (മത്താ. 21,9)


നൂറ്റാണ്ടുകളുടെ നിഷ്ഠൂരമായ അടിമത്വം ഇസ്രായേലിന് സമ്മാനിച്ചത് ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷയായിരുന്നു. അവർ ക്ഷമയോടെ കാത്തിരുന്നു, തങ്ങളെ രക്ഷിക്കുവാൻ ഒരു മിശിഹാ വരുമെന്ന്. തങ്ങളെ അവൻ സകല ബന്ധനങ്ങളിലും നിന്ന് വീണ്ടെടുത്ത് ദാവീദിൻ്റെ  ഭരണകാലത്തിനു തുല്യമായ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന്.  യേശു മിശിഹായുടെ വരവോടെ അവരുടെ പ്രാർത്ഥനൾക്ക് അന്തിമ ഉത്തരം ലഭിച്ചതായി അവർ കരുതി. അന്ധനു കാഴ്ച ശക്തി നല്കുന്ന, ബധിരനു കേൾവി ശക്തി നല്കുന്ന, ആയിരങ്ങളെ തീറ്റിപ്പോറ്റുന്ന, പാപികൾക്കു മോചനം നല്കുന്ന ക്രിസ്തുവിൽ കണ്ടു, അവരുടെ നൂറ്റാണ്ടുകളായുള്ള ആ മഹത്തായ പ്രതീക്ഷയെ...

ഈ പശ്ചാത്തലത്തിൽ, ഓശാന വിളികളുടെ ആരവം എങ്ങും മുഴങ്ങേണ്ടതു തീർത്തും ന്യായമാണ്. സൈത്തിൻ കൊമ്പുകളും ഒലിവിൻ ചില്ലകളും മേൽവസ്ത്രങ്ങളുടെ വിരിപ്പും അകമ്പടിയേകിക്കൊണ്ടുതന്നെ. എന്നാൽ, ഈ ഓശാന വിളികൾക്കു എവിടെയോ വെച്ച് മങ്ങലേറ്റുവെന്ന് ഓർമ്മപ്പെടുത്തുന്നതാണ് വി. മത്തായി തന്നെ രേഖപ്പെടുത്തുന്ന ക്രിസ്തുവചനങ്ങൾ, "കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതനാണ് എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല." (മത്താ. 23, 39) അതിനർത്ഥം ആദ്യം പാടിയ ഓശാനഗീതിക്കെവിടെയോ, ഭംഗംവന്നു എന്നർത്ഥം. ദേവാലയ ശുദ്ധീകരണവും, അത്തിവൃക്ഷത്തെ ശപിക്കലും, മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയുമൊക്കെ അതിലേക്കുള്ള സൂചനകളാകാനേ തരമുള്ളൂ.  "ആത്മാർത്ഥതയും വിശ്വസ്ഥതയുമാണ് അധർമ്മത്തിനു പരിഹാരമെന്നു" (സുഭാ. 16,6) നമ്മെ ഓർമ്മപ്പെടുത്തുന്ന തിരുവചനഭാഗം മനസ്സിൽ സൂക്ഷിച്ചുകൊണ്ടു നമുക്കു തുടരാം.

ഈ ഞായറിലെ ഓശാന വിളി, ആയതിനാൽ പ്രിയ സ്നേഹിതാ, അർത്ഥപൂർണ്ണമാകട്ടെ. ക്രിസ്തുവിനു ഓശാനപാടുന്നത് പ്രഥമത നമ്മുടെ പാപബന്ധനങ്ങളിൽ നിന്ന് വിടുതൽ ലഭിക്കാനാണ്. പീലാത്തോസിൻ്റെ മുമ്പിലെ യേശുവിൻ്റെ ശരീരഭാഷ അതിനാൽത്തന്നെ വളരെ വ്യക്തമാണ്, അവൻ്റെ രാജ്യം ഐഹികമല്ല. അവൻ്റെ പോരാട്ടം മാംസ രക്തങ്ങളോടുമല്ല. കഴുതപ്പുറത്തേറി ജെറൂസലേം നഗരത്തിൽ വന്നവൻ, കാൽവരിയിലേക്കു കുരിശുമായി നീങ്ങുന്നത് എൻ്റെയും നിങ്ങളുടെയും പാപത്തിൽ നിന്ന് മോചനം നല്കുന്നതിനു വേണ്ടിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം. അല്ലാ, അതിനാണല്ലോ അവൻ ജനിച്ചതും. വചനം പറയുന്നു, "നീ അവനു യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തൻ്റെ ജനത്തെ തങ്ങളുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും." (മത്താ. 1, 21)

രക്ഷിക്കാനാകാത്ത വിധം ഇനിയും കരം കുറുകിപ്പോകാത്തവൻ്റെ മുമ്പിൽ അഭിമാനത്തോടെ ഈ ഞായറിൽ ഏറ്റുപാടാം, ഓശാന... ഓശാന... കർത്താവിനോശാന...മിശിഹാ കർത്താവിനോശാന...