"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, April 13, 2017

അവൻ ഇപ്രകാരം മരിച്ചതുകണ്ട്.....

"അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതുകണ്ട് വിളിച്ചുപറഞ്ഞു, സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39)

എത്രയോ വലിയ സാക്ഷ്യമാണ് വിജാതീയനായ ആ ശതാധിപൻ നടത്തിയത്! "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39) മർക്കോസിൻ്റെ സുവിശേഷ രചനയുടെ ലക്ഷ്യത്തിലേക്ക് ("ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ സുവിശേഷത്തിൻ്റെ ആരംഭം." [മാർക്കോ.1,1]) വായനക്കാരെ ഏറ്റവും അടുത്ത് ചേർത്തു പിടിക്കുന്ന വിശ്വാസ സാക്ഷ്യം. പക്ഷെ, ആ ഉത്തമമായ സാക്ഷ്യത്തിലേക്ക് നയിച്ച ഘടകം യേശുവിൻ്റെ സമാനതകളില്ലാത്ത പീഢാസഹനവും മരണവുമായിരുന്നെന്ന് മറക്കാതിരിക്കാം, "അവൻ ഇപ്രകാരം മരിച്ചതു കണ്ട് ശതാധിപൻ വിളിച്ചുപറഞ്ഞു,.." (മാർക്കോ. 15,39). യേശുവിനെക്കുറിച്ചുള്ള പലവ്യക്തികളുടെയും വ്യത്യസ്തങ്ങളായ സാക്ഷ്യങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്നാപകയോഹന്നാനും, യേശുവിൻ്റെ ആദ്യശിഷ്യന്മാരും, സമരിയാക്കാരി സ്ത്രീയുമൊക്കെ അതിൽ ചിലർ മാത്രമാണ്. എന്നാൽ, അതിൽനിന്നെല്ലാം വേറിട്ടു നില്ക്കുന്ന ഈ സാക്ഷ്യത്തെ കുറിച്ച് നമുക്കിന്നു ധ്യാനിക്കാം.

ആ ദിവസങ്ങളിൽ, ജെറൂസലേം നഗരത്തിലേക്കിറങ്ങിയാൽ എവിടെയും കേൾക്കാനുണ്ടായിരുന്നത് യേശുക്രിസ്തുവിനെക്കുറിച്ച് മാത്രമായിരുന്നു. അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നവൻ, പുരോഹിത പ്രമാണിമാരേക്കാളും, നിയമജ്ഞരേക്കാളും ആധികാരികതയിൽ എല്ലാം പഠിപ്പിക്കുന്നവൻ, അഹങ്കാരം മൂത്ത് ദൈവദൂഷണം പറയുന്നത് ആവേശമാക്കി ജറൂസലേം ദേവാലയം പോലും തകർക്കുമെന്ന് പ്രഖ്യാപിച്ചവൻ, റോമാ ചക്രവർത്തിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നവൻ തുടങ്ങീ അനവധി ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി കാര്യങ്ങൾ. അതിനാൽത്തന്നെ, കയ്യാമം വയ്ക്കപ്പെട്ടവനായി, പീലാത്തോസിൻ്റെ മുന്നിൽ നിറുത്തപ്പെട്ട ക്രിസ്തുവിനെ കാണാൻ, ശതാധിപന് വലിയ ആഗ്രഹവും ആവേശവുമായിരുന്നു. ഫരിസേയപ്രമാണിമാരുടെ കപട ആരോപണങ്ങൾ തിരിച്ചറിയാൻ കഴിയാതെ, അവരുടെ ആക്രോശങ്ങളിൽ പങ്കാളിയായി, യേശുവിനോടുള്ള വിരോധം അവനിൽ വളർന്നതിനാൽ. ക്രിസ്തുവിനെ പരിഹസിക്കുന്നതിലും പീഢിപ്പിക്കുന്നതിലും അവൻ മുമ്പന്തിയിൽ നിന്നു.

എത്രയേറെ പീഢിപ്പിച്ചുവോ അത്രയേറെ ക്ഷമാശീലനും പ്രസന്നവദനനുമായി കുരിശെടുത്ത് മുന്നോട്ടു നീങ്ങിയവൻ, സാവധാനം ശതാധിപൻ്റെ കണ്ണുകളെയും ഹൃദയത്തെയും തുറപ്പിച്ചെന്നു വേണം കരുതാൻ. കാൽവരിയിലെ കുരിശിൽ കിടന്നുള്ള, ശാന്തഗംഭീരമായ ആ സപ്തമൊഴികൾക്കും ശരീരഭാഷക്കും മലയിലെ പ്രസംഗത്തോളവും അന്ത്യത്താഴവേളയിലെ അരുമശിഷ്യരോടു നടത്തിയ പ്രഭാഷണത്തോളവും കരുത്തും ചൈതന്യവുമുണ്ടായിരുന്നത്രേ. അതുവരെ, താൻ ക്രിസ്തുവിനെതിരെ ചെയ്തതെല്ലാം മറ്റുള്ളവരുടെ കാപട്യവും വെറുപ്പും നിറഞ്ഞ വാക്കുകൾ വിശ്വസിച്ചതിനാലാണല്ലോ എന്നു തിരിച്ചറിഞ്ഞവൻ, വാവിട്ടു നിലവിളിച്ചുകൊണ്ട്, പശ്ചാപത്തോടെ പ്രഖ്യാപിച്ചു, "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39) അതിന് മാനസാന്തരത്തിൻ്റെ നറുമണമുണ്ടായിരുന്നു.

ക്രിസ്തുവിൻ്റെ കുരിശുമരണത്തോടുകൂടി, കുരിശ് രക്ഷയുടെയും പ്രത്യാശയുടെയും അടയാളമാണ്, ധരിക്കാനും ചരിക്കാനും. വി. പത്രോസ് പറയുന്നതുപോലെ, "ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഢ സഹിക്കുന്നതെങ്കിൽ, അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തിൽ അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ മഹത്വപ്പെടുത്തട്ടെ." (1 പത്രോ. 4,16) ദുഃഖവെള്ളിയിലെ ക്രിസ്തുവിൻ്റെ കുരിശിൻ്റെ ഈ ധ്യാനം, കുരിശിനെ സ്നേഹിക്കാനും, "കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ" എന്ന് തിരിച്ചറിയാനും ജീവിക്കാനും എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കട്ടെ.  

No comments:

Post a Comment