"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, April 25, 2017

സ്നേഹത്താൽ പ്രവർത്തന നിരതമായ വിശ്വാസം...

"യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പരിച്ഛേദനമോ, അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തന നിരതമായ വിശ്വാസമാണ് സുപ്രധാനം." (ഗലാ. 5,6)

(ഇന്നത്തെ വായനഭാഗം - ഗലാ. 5,1-6)

പാവങ്ങളുടെ/അഗതികളുടെ പിതാവെന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാർ ജോസഫ് കുണ്ടുകുളത്തിൻ്റെ ഇരുപതാം ചരമദിനമാണിന്ന്. ആ പുണ്യാത്മാവിനെ ഏറെ നന്ദിയോടെ അനുസ്മരിക്കുമ്പോൾ, പതിവിൽ നിന്ന് വിപരീതമായി, അദ്ദേഹത്തിൻ്റെ ജീവിതത്തെയും വ്യക്തിത്വത്തെയും ആഴത്തിൽ പകർന്നു തരുന്ന, ഇന്നത്തെ രണ്ടാം വായനയായ വി. പൌലോസ് അപ്പസ്തോലൻ്റെ ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ നിന്നുള്ള വായനയാണ് ധ്യാനവിഷയമായി എടുത്തിരിക്കുന്നത്. നല്ല യുദ്ധം ചെയ്തും നല്ല ഓട്ടം ഓടിയും വിശ്വാസം കാത്ത (2 തിമോ. 4,7) ആ ധന്യജീവിതം എന്നും സ്നേഹത്താൽ പ്രവർത്തന നിരതമായിരുന്നല്ലോ. വന്ദ്യപിതാവിൻ്റെ ഓരോ വരിയും വാക്കും, ജാതിമത വിവേചനയില്ലാതെ, പാവപ്പെട്ടവൻ്റെയും ആരോരുമില്ലാത്തവൻ്റെയും, ഉന്നമനത്തിനു വേണ്ടിയുള്ള നിലയ്ക്കാത്ത ആഹ്വാനങ്ങളും ഗർജ്ജനങ്ങളുമായിരുന്നു. വാക്കിലും എഴുത്തിലും സാധാരണക്കാരൻ്റെ ഭാഷയുടെ തേന്മാരി പെയ്തപ്പോൾ, ഓടിക്കൂടിയതും കാത്തിരുന്നതും ജനസഹസ്രങ്ങളായിരുന്നു.

പതിഞ്ഞ സ്വരത്തിൽ, സ്വതസിദ്ധ ശൈലിയിലെ രണ്ടു ചുമയുടെ അകമ്പടിയോടെയുള്ള, നാടൻ കുശലാന്വേഷണത്തിൽ ആരംഭിക്കുന്ന പ്രസംഗങ്ങൾ, പതുക്കെ പതുക്കെ മത്തായിയുടെ സുവിശേഷത്തിലെ അന്ത്യവിധിയിലേക്കും, ലൂക്കായുടെ സുവിശേഷത്തിലെ ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിലേക്കും, ശേഷം നടപടിപുസ്തകത്തിലെ കൂട്ടായമയിലേക്കും യോഹന്നാൻ്റെ ലേഖനഭാഗത്തേക്കും എത്തുമ്പോൾ, കർക്കിടകമാസത്തിലെ പേമാരിക്കൊപ്പം, മനസ്സിനെ പിടിച്ചുകുലുക്കുന്ന മേഘഗർജ്ജനമായി മാറിയിട്ടുണ്ടാകും. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ലെന്ന" (1 യോഹ.4,20) തിരുവചന സത്യം പ്രഘോഷിക്കുമ്പോഴുള്ള ആവേശവും തീക്ഷ്ണതയും തികച്ചും വേറിട്ടതാണ്. മുഹമ്മദും കൃഷ്ണനും കൊച്ചൌസേപ്പും സംഗമിക്കുന്ന, സ്ഥിരം ത്രിവേണി സംഗമവേദികളാണ് എന്നത്തേക്കുമുള്ള "ഹൈലൈറ്റ്സ്." ഒരായിരം തവണ ആവർത്തിക്കപ്പെട്ടാലും വന്ദ്യപിതാവിൽ നിന്ന് അത് വീണ്ടും കേൾക്കുമ്പോൾ അതിനൊരു പ്രത്യേക വശ്യതയും ചാരുതയുണ്ടായിരുന്നു. 

ഈയൊരു കാര്യമാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനമായിരിക്കേണ്ടതെന്ന്, വി. പൌലോസ് അപ്പസ്തോലൻ ഓർമ്മപ്പെടുത്തുന്ന തിരുവചനഭാഗമാണല്ലോ, ഇന്നത്തെ ധ്യാനവിഷയം. ജീവിതത്തിലെ പ്രവർത്തനപരത ക്രിസ്തീയമാകുന്നതിലെ മാനദണ്ഡം, സ്നേഹം മാത്രമെന്ന് അദ്ദേഹം മറ്റു സ്ഥലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ എൻ്റെ സർവ്വസമ്പത്തും ദാനം ചെയ്താലും എൻ്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല." (1 കൊറി. 13,3) നമ്മുടെ പ്രവർത്തനപരതയെ ക്രിസ്തീയസ്നേഹത്താൽ അതിജീവിക്കുന്നില്ലെങ്കിൽ, എല്ലാം വ്യർത്ഥമാണെന്ന്. ആയതിനാൽ, നമ്മുടെ പ്രവർത്തനങ്ങളിലെല്ലാം സ്നേഹത്തിൻ്റെ കയ്യൊപ്പ് ചേർത്തു നല്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

Sunday, April 23, 2017

ദൌത്യത്തോടൊപ്പം കരുത്തും പകരുന്നവൻ ക്രിസ്തു...

"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)
(ഇന്നത്തെ വായനഭാഗം - മാർക്കോ. 16,15-20)

"അച്ചന് സാധിക്കുന്നത് അച്ചൻ ചെയ്താൽ മതി, വലിയ മലമറിക്കാനൊന്നും അച്ചൻ പോകേണ്ടെന്ന്," പുതിയ നിയമനത്തിലെ ജോലിഭാരവും ഉത്തരവാദിത്വവും ഇച്ചിരി കൂടിപ്പോയിയെന്ന് അറിയിക്കാൻ വരുന്ന വൈദികരോട്, ദിവംഗതനായ വത്സലപിതാവ് മാർ ജോസഫ് കുണ്ടുകുളം പറയുമായിരുന്നത്രേ. തീർച്ചയായും, അയയ്ക്കപ്പെടുന്നവനെ സഹായിക്കാനും തുണയ്ക്കാനും അയച്ചവനുണ്ടാകുമെന്നുള്ളത് അയയ്ക്കപ്പെട്ടവൻ്റെ ഉറപ്പും വിശ്വാസവുമാണ്. ആ കരുത്തിലാണ് അവൻ്റെ തുടർന്നുള്ള പ്രവർത്തനം മുഴുവൻ ചലനാത്മകമാകുന്നത്. ഇത്തരത്തിലൊരു വാഗ്ദാനത്തിലേക്കും അതിൻ്റെ പരിപൂർത്തിയിലേക്കുമാണ് ഇന്നത്തെ വചനഭാഗം വിരൽ ചൂണ്ടുന്നത്. അത്തരമൊരു ഉറപ്പ്, നമുക്കു ദിശാബോധം മാത്രമല്ലാ, കരുത്തും ആത്മവിശ്വാസവും മേല്ക്കുമേൽ പ്രദാനം ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയാം.

 ഉത്ഥാനത്തിനു ശേഷം ശിഷ്യർക്കു പ്രത്യക്ഷപ്പെട്ട അവസരത്തിൽ യേശു അവരോടു കല്പിച്ചു, "നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15) ഗലീലി മഹാതടാകത്തോടു ചുറ്റിപ്പറ്റി മാത്രമായിരുന്നു ഭൂരിഭാഗം യേശുശിഷ്യരുടെയും ലോകം വികാസം പ്രാപിച്ചിരുന്നത്. തീർത്തും മുക്കുവരായ അവരെ സംബന്ധിച്ചിടത്തോളം, ഉത്ഥിതൻ്റെ ഈ കല്പന ചുമക്കാവുന്നതിലധികം ഭാരമായിരുന്നിരിക്കണം. എന്നിരുന്നാലും, അവർ യേശുവിൻ്റെ കല്പനയനുസരിച്ച് സ്വർഗ്ഗരാജ്യത്തിൻ്റെ സന്ദേശം മറ്റുള്ളവർക്കു പകരാൻ ആവേശപൂർവ്വം മുന്നിട്ടിറങ്ങി. ഗുരുവാണ് ആവശ്യപ്പെടുന്നത്, എന്നതിനാൽ, അവർക്ക് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആ പ്രയത്നങ്ങളെയും വിശ്വസ്ഥതയോടെയുള്ള സമർപ്പണത്തെയും തമ്പുരാൻ എന്തുമാത്രം വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ഇന്നത്തെ വചനഭാഗത്തിൻ്റെ അവസാനത്തിൽ നാം കാണുന്നു.

"അവർ എല്ലായിടത്തും പോയി വചനം പ്രഘോഷിച്ചു.കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു." (മാർക്കോ. 16,20) കർത്താവ് ഭാരം തരുന്നുണ്ടെങ്കിൽ മനസ്സിലാക്കുക, അതു വഹിക്കാനുള്ള കെല്പും അവിടുന്ന് പ്രദാനം ചെയ്യുന്നുണ്ട്. അവിടുന്ന് സഹനം നല്കുന്നുണ്ടെങ്കിൽ ഓർക്കുക, അതു സഹിക്കാനുള്ള ശക്തികൂടി അവിടുന്ന് നമുക്ക് നല്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ഒരിക്കൽ വി. പൌലോസ് അപ്പസ്തോലൻ വിളിച്ചു പറഞ്ഞത്, "വചനത്തിനുവേണ്ടി ഞാൻ ഏറെ അദ്ധ്വാനിച്ചു. എന്നാലും ഞാനല്ലാ, എന്നിലെ ദൈവകൃയാണ് അദ്ധ്വാനിച്ചത്." അതിനാൽ, പ്രിയ സ്നേഹിതരേ, തമ്പുരാനു വേണ്ടി ദൌത്യങ്ങൾ ഏറ്റെടുക്കുവാനോ, ത്യാഗങ്ങൾ സഹിക്കാനോ, അല്പം പോലും മടി കാണിക്കേണ്ടതില്ല, കാരണം അവിടുന്ന് നമ്മോടൊപ്പമുണ്ട്, ഇന്നും എപ്പോഴും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

Saturday, April 22, 2017

മുട്ടുമടക്കേണ്ട ഇടത്തിലേക്കൊരു തോമ്മാവെളിച്ചം...

"തോമസ് പറഞ്ഞു, എൻ്റെ കർത്താവേ, എൻ്റെ ദൈവമേ." (യോഹ. 20,28)
(ഇന്നത്തെ വായനഭാഗം - യോഹ. 20,19-29)

പുതുഞായറിൽ വിശ്വാസത്തിൻ്റെ പുതുക്കം നടത്തി, വി.തോമ്മായെപ്പോലെ, ഉത്ഥിതനായ മിശിഹായ്ക്ക് സാക്ഷ്യം നല്കാൻ, ഹൃദയവും മനസ്സുമൊരുക്കുന്ന ദിനാചരണത്തിലാണ് നാമോരുത്തരും. എന്നാൽ, ചിലപ്പോഴെങ്കിലും, 'നമുക്കും അവനോടുകൂടി പോയി മരിക്കാ'മെന്ന ധീരമായ ചുവടെടുത്തവനെ തീർത്തും ഭീരുവും സംശയമനസ്ക്കനുമാക്കി ചിത്രീകരിക്കുന്ന, വരികളും കുറിപ്പുകളും, ഇന്നും ചിലർ മനസ്സിൽ സൂക്ഷിക്കുന്നുവെന്നത്, ഏറെ ദുഃഖകരമായ വസ്തുതയാണെന്ന് പറയാതെ വയ്യ.  "അവൻ്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എൻ്റെ വിരൽ ഇടുകയും, അവൻ്റെ പാർശ്വത്തിൽ എൻ്റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ലാ"യെന്ന (യോഹ. 20,25) തോമ്മായുടെ ശാഠ്യം, കേവലം ഭയമോ, സംശയമോ, അവിശ്വാസമോ മാത്രമായി ചുരുക്കുന്നത് സത്യത്തോടു ചേരാതെ പോകാൻ സാധ്യതകളേറെയാണ്. പ്രത്യേകിച്ചും, യോഹന്നാൻ്റെ സുവിശേഷ പശ്ചാത്തലം അവഗണിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ.

റോമാസാമ്രാജ്യത്തിൽ, ചക്രവർത്തിയാരാധന സജീവമായിരുന്ന ഡൊമീഷ്യൻ്റെ കാലത്താണ്, വി. യോഹന്നാൻ്റെ സുവിശേഷവും മറ്റു രചനകളും പൂർണ്ണമാകുന്നത്. ചക്രവർത്തിയാരാധനയുടെ ഭാഗമായി, സാമ്രാജ്യത്തിലെ മുഴുവൻ പ്രജകളും, ചക്രവർത്തിയെ 'തങ്ങളുടെ കർത്താവും ദൈവവു'മായി ഏറ്റുപറയുവാൻ കൂടെക്കൂടെ നിർബന്ധിക്കപ്പെട്ടിരുന്നുവെന്നും, അപ്രകാരം ഏറ്റുപറയാത്തവരെ, ക്രൂരമായ മതപീഢനങ്ങൾക്കു ഇരയാക്കിയിരുന്നുവെന്നും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഭീകരമായ മതമർദ്ദനത്തിൻ്റെ ഈ പശ്ചാത്തലത്തിൽ, തോമാസ് മുന്നോട്ടുവെക്കുന്ന സംശയവും ശാഠ്യവും തുടർന്നുള്ള ഏറ്റുപറച്ചിലും, വലിയ ക്രൈസ്തവ വിശ്വാസപ്രഖ്യാപനത്തിൻ്റെ ഭാഗമായി കാണുക തീർത്തും സ്വാഭാവികമാണല്ലോ.  ഒന്നാം പ്രമാണത്തെ നെഞ്ചോടു ചേർത്തുവെക്കുന്നവന്, നിത്യരക്ഷ പരമമായ ജീവിതലക്ഷ്യമാക്കി ജീവിക്കുന്നവന്, ചക്രവർത്തിയാരാധനയും അനുഷ്ഠാനങ്ങളും, നിരർത്ഥകമായി തോന്നുകയും അവ തിരസ്ക്കരിക്കുകയും ചെയ്യുക സ്വാഭാവികം മാത്രം.

ഇങ്ങനെ ചിന്തിക്കുമ്പോൾ, പക്ഷെ, തോമസ്സിൻ്റേതു വെറുമൊരു തിരസ്ക്കരണ മാത്രമായിരുന്നില്ല, മറിച്ച്, തനിക്കായി കുരിശിലേറി മരിച്ച യേശുക്രിസ്തുവിനെ, തൻ്റെ ദൈവവും കർത്താവുമായി സഹശിഷ്യ സമൂഹത്തിൻ്റെ മുമ്പിലുള്ള ഏറ്റുപറയുന്ന സുവർണ്ണ അവസരം കൂടിയായിരുന്നു എന്നുവേണം കരുതാൻ. ഏതു സാഹചര്യത്തിലായാലും, ഈ ലോകത്തിൻ്റെ അധികാരികൾ മുന്നോട്ടുവെക്കുന്ന അപ്പക്കഷ്ണങ്ങൾക്കു മുമ്പിൽ മുട്ടുമടക്കാതെ, തനിക്കായി കുരിശിലേറി, തന്നെ വീണ്ടെടുത്ത യേശു ക്രിസ്തുവിൻ്റെ മുമ്പിൽ, അവൻ്റെ മാത്രം മുമ്പിൽ, മുട്ടുമടക്കാൻ ധീരത കാണിച്ചവനാണ് നമ്മുടെ പിതാവായ മാർതോമ്മാ. മാർത്തോമ്മാ പകരുന്ന ഈ വിശ്വാസവെളിച്ചം സ്വീകരിച്ച്, വിശ്വാസത്തിൻ്റെ പുതുയാത്രയിൽ, ഈ ലോകവും, ഈ ലോകത്തിൻ്റെ അധികാരശക്തികളും, മുന്നോട്ടുവെക്കുന്ന ആനുകൂല്യങ്ങളേക്കാളും സഹായങ്ങളേക്കാളും, ക്രിസ്തുവിൻ്റെ അമൂല്യരക്തത്തിൻ്റെ വിലയെയോർത്ത്, അവനെ മാത്രം ജീവിതത്തിൻ്റെ കർത്താവും ദൈവവുമായി ഏറ്റുപറയാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഏവർക്കും പുതുഞായറിൻ്റെ ആശംസകൾ നേരുന്നു...