"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, June 24, 2016

"മക്കളെങ്ങാനും വിളിച്ചോ, സിസ്റ്ററേ... ഇല്ലാല്ലേ.. അവരു മറന്നു കാണും.." (ലൂക്കാ 1, 57-66)

"മക്കളെങ്ങാനും വിളിച്ചോ, സിസ്റ്ററേ... ഇല്ലാല്ലേ.. അവരു മറന്നു കാണും.." (വായനാഗം - ലൂക്കാ 1, 57-66)

ജീവിതത്തിൻെറ സായാഹ്നം വരെയും ഊണിലും ഉറക്കത്തിലും 'മക്കൾ,' 'മക്കൾ' എന്നു മാത്രം ചിന്തിച്ച് തങ്ങളെത്തന്നെ വ്യയം ചെയ്തവർ, ഇന്ന് പടിക്കു പുറത്താക്കപ്പെട്ട് വൃദ്ധസദനങ്ങളിൽ ഇരുന്ന് വ്യസനപ്പെടുന്നു. മുന്നിലൂടെ കടന്നുപോകുന്നവരോടൊക്കെ ഒറ്റ കുശലമേ ഉള്ളൂ അവർക്ക്,  "മക്കളെങ്ങാനും വിളിച്ചോ, സിസ്റ്ററേ... ഇല്ലാല്ലേ.. അവരു മറന്നു കാണും.." ജീവിത സായാഹ്നത്തിൽ മാത്രമല്ല, ജീവിതത്തിൻെറ പല ഘട്ടങ്ങളിലും പല രീതികളിൽ ഞാനും നിങ്ങളും ഇതു അനുഭവിക്കുന്നുണ്ടാകാം. മനുഷ്യൻ മാത്രമല്ല ദൈവം പോലും തങ്ങളെ മറന്നെന്നു കരുതി ജീവിക്കുന്നവരും ദൈവത്തെ മറന്നു ജീവിക്കുന്നവരും നമുക്കു ചുറ്റും ധാരാളം ഉണ്ട്. എന്നാൽ. ഇന്നത്തെ തിരുവചനഭാഗം നമ്മെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കും. ഇവിടെ ദൈവം ഓർത്തവനെയും ദൈവത്തെ ഓർത്തവനെയും നാം സഖഖിയായിൽ കാണുന്നു. സഖറിയാ (സഖർ-യാഹ്) എന്ന വാക്കിൻെറ അർത്ഥം "ദൈവം ഓർമ്മിച്ചു" എന്നാണ്. ദൈവം ഓർത്തെന്ന് വിശ്വസിച്ച് ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുന്ന സഖറിയായുടെ വലിയ സന്തോഷത്തിൻെറ പങ്കുവെപ്പ് ഇന്നത്തെ വായനയിൽ ഉടനീളമുണ്ട് - കുടുംബത്തിലും അയൽബന്ധങ്ങളിലും. സഖറിയാ തൻെറ കുഞ്ഞിനു പേരിടുന്നതു തന്നെ യോഹന്നാൻ (അർത്ഥം - "ദൈവം കരുണാമയൻ") എന്നാണ്. ജീവിതത്തിൻെറ ഏതു സാഹചര്യത്തിലും ദൈവം എല്ലാം നന്മക്കായി പരിണമിപ്പിക്കുന്നു എന്നു വിശ്വസിച്ച് ജീവിക്കാൻ ദൈവം നമുക്ക് ഇടവരുത്തട്ടെ. 

No comments:

Post a Comment