"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, June 29, 2016

"എന്തുമാത്രം കഷ്ടപ്പെട്ടതാ, ഇന്നു അവർക്ക് തിരിഞ്ഞു നോക്കണന്നു പോലൂല്യ, ദൈവേ, എന്തു കാലാണാവോ, ഇത്..."

"എന്തുമാത്രം കഷ്ടപ്പെട്ടതാ, ഇന്നു അവർക്ക് തിരിഞ്ഞു നോക്കണന്നു പോലൂല്യ, ദൈവേ, എന്തു കാലാണാവോ, ഇത്..." (വായനഭാഗം - യോഹ. 21, 15-19)

കനലെരിയുന്ന കഷ്ടപ്പാടിൻെറ കാലഘട്ടത്തിലും കണ്ണീരു വറ്റി കൺചിമ്മിയുറങ്ങിയ രാവിലും മക്കളെ കുറിച്ച് മാത്രം നിനച്ചു പ്രാർത്ഥിച്ചു, വിധവയായ ആ സാധു അമ്മ. പറക്കമുറ്റിയപ്പോൾ, പറന്നകന്നു, ആ പാവം അമ്മയിൽ നിന്ന്, സ്വന്തം കൂടുതേടി, കൂട്ടു കൂടി, അവസാനം അവർ സ്വന്തം കൂടുകെട്ടി. ഇന്ന് ആ അമ്മ വ്യസനപ്പെടുകയും വല്ലപ്പോഴുമൊക്കെ തമ്പുരാനോട് കലഹിച്ചു മനസ്സിൽ പറയുന്നു, "എന്തുമാത്രം കഷ്ടപ്പെട്ടതാ, ഇന്നു അവർക്ക് തിരിഞ്ഞു നോക്കണന്നു പോലൂല്യ, ദൈവേ, എന്തു കാലാണാവോ, ഇത്..." ഉറപ്പാണ്, അവർ ഒന്നു തിരിച്ചുവന്നിരുന്നെങ്കിൽ, ആ അമ്മ പഴയതെല്ലാം മറന്ന് അവരെ സ്വീകരിക്കും, നൂറിരട്ടി സ്നേഹം വാരിക്കോരി നല്കും. അമ്മ മനസ്സ്, എന്നും എപ്പോഴും, ദൈവമനസ്സോട് ഏറ്റവും അടുത്തു നില്ക്കുന്ന മനസ്സാണ്. തീക്കനലിൻെറ പശ്ചാത്തലത്തിൽ ഗുരുവിനെ തള്ളിപ്പറഞ്ഞവൻ, ഗലീലി തീരത്തിനപ്പുറം തീക്കനലിനു മുന്നിൽ വീണ്ടും ഗുരുവിനെ കണ്ടപ്പോൾ, അള്ളിപ്പിടിച്ചു പറഞ്ഞു, "ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്ക് അറിയാലോ, തമ്പുരാനേ" യെന്ന്. ദൈവമേ, അകന്നുപോയവർക്കെല്ലാം, ഇന്നും എന്നും ഈ സ്നേഹത്തിൻെറയും പൊറുതിയുടെയും സമൃദ്ധിയുള്ള ഓർമ്മകളും തിരിച്ചു വരവിനുള്ള സുബോധവും നല്കണേ. നഷ്ടപ്പെട്ടത് തീർത്തും സൌജന്യമായി തിരിച്ചുകിട്ടിയെന്ന് തിരിച്ചറിയുന്നവൻെറ മേൽ ഉറപ്പായും പണിയാം നമുക്ക് പുതുജീവിതം, ഉറപ്പുള്ള പാറമേൽ എന്നപോലെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment