"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, June 22, 2016

"വിജയിയാവാൻ എന്നതിനേക്കാൾ വിശ്വസ്ഥനാകാൻ... " (മത്താ. 10,16-22)

"വിജയിയാവാൻ എന്നതിനേക്കാൾ വിശ്വസ്ഥനാകാൻ... " (വായനഭാഗം- മത്താ. 10,16-22)

മദർ തെരേസായെന്ന മഹാപുണ്യവതി എന്നും തൻെറ ജീവിതത്തിൽ ഓർക്കുകയും മറ്റുള്ളവരെ ഓർമ്മിപ്പിക്കുകയും ചെയ്ത ഒരു കാര്യമാണ്, "ദൈവം നമ്മെ വിളിച്ചിരിക്കുന്നത്, വിജയിയാവാൻ എന്നതിനേക്കാൾ വിശ്വസ്ഥനാകാൻ" എന്നത്. ഒരു പക്ഷെ ഇന്നത്തെ തിരുവചന ഭാഗത്തിലും ഈ വിളിയുടെ ഓർമ്മപ്പെടുത്തൽ നാം തിരിച്ചറിയും. യേശു തമ്പുരാൻ പറയുന്നു, "ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ  അയക്കുന്നു. നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിനെന്ന്." വിശ്വസ്ഥതയില്ലാത്ത (നിഷ്കളങ്കതയെ ഇവിടെ വിശുദ്ധിയായും വിശ്വസ്ഥതയായും മനസ്സിലാക്കാറുണ്ട്) വിവേകം വിജ്ഞാനിയായ സോളമനെ എന്തുമാത്രം നാശത്തിലേക്കു നയിച്ചുവെന്ന് നാം രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനൊന്നാം അദ്ധ്യായത്തിൽ വായിക്കുന്നുണ്ട്. ഈ ലോകത്തിലെ ചെന്നായ്ക്കളുടെ ഇടയിലെന്നപോലെയുള്ള ക്രൈസ്തവ ജീവിതം വിവേകത്താൽ വിജയത്തിലേക്കു നമ്മെ നയിക്കുമായിരിക്കാം. എന്നാൽ, വിവേകം വിശ്വസ്ഥതയാൽ ബലപ്പെടുത്തപ്പെടുന്നില്ലായെങ്കിൽ, അതു മനുഷ്യരാൽ ആദരിക്കപ്പെടും, പക്ഷെ, ദൈവത്താൽ തിരസ്ക്കരിക്കപ്പെടും. ലോകത്താൽ മുഴുവൻ വെറുക്കപ്പെട്ടപ്പോഴും, സ്വർഗ്ഗീയ പിതാവിൻെറ മഹത്വത്തിനും ആദരത്തിനും തന്നെത്തന്നെ സമർപ്പിച്ച്, കുരിശുമരണം വരെ വരിച്ച  മിശിഹാ തമ്പുരാൻ, ഇന്നു നമ്മെ, വിശ്വസ്ഥതയോടെയുള്ള വിവേകപൂർണ്ണമായ ക്രൈസ്തവ ജീവിത സാക്ഷ്യത്തിനു, പ്രാപ്തരാക്കട്ടെ.

No comments:

Post a Comment