"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, September 30, 2016

സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴിയെക്കുറിച്ച്... (മത്താ. 18,1-5)

സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴിയെക്കുറിച്ച്... (വായനഭാഗം - മത്താ. 18,1-5)

എന്തൊക്കെയോ ആയിത്തീരണം എന്നാഗ്രഹിച്ചും ലക്ഷ്യം വെച്ചും ഓടി നടക്കുന്നവരെ, നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ടാകാം. പ്രസ്തുത ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായവ നേടിയെടുക്കാൻ, അവർ കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നു. ആയിരിക്കുന്ന അവസ്ഥയിലെ അസംതൃപ്തിയോ, കൂടുതൽ മെച്ചപ്പെട്ടവയിലേക്കുള്ള കണ്ണോ, തൻ്റെ യോഗ്യതക്ക് അനുസരിച്ചുള്ള ഒരു സ്ഥാനത്തല്ല, താനെത്തിപ്പെട്ടത് എന്ന തോന്നലോ ഒക്കെ, അതിന് കാരണമാകാം. ആയതിനാൽ, അത് എത്തിപ്പിടിക്കാൻ നിരന്തര അന്വേഷണത്തിലാണവൻ. ഇത്തരക്കാരെ എല്ലാ മേഖലയിലും തന്നെ, മത-രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിലെല്ലാം, കണ്ടെത്താനാകും. കുറേ പേരെങ്കിലും ഈ തീവ്രപരിശ്രമത്തിൽ വിജയിക്കുകയും, വേറെ കുറേപ്പേർ യോഗ്യതയുണ്ടെങ്കിൽ തന്നെ, സമൂഹത്തിലെ മൂല്യശോഷണത്താൽ, പരാജയപ്പെടുകയും ചെയ്യുന്നു.

ഒന്നാം സ്ഥാനത്തും ഉന്നതമായ ഇടങ്ങളിലും എത്തിപ്പെടാനുള്ള, ഈ ലൌകിക ശൈലി ക്രിസ്തുമാർഗ്ഗത്തിൽ ചരിക്കുന്നവരെയും, ഒത്തിരി സ്വാധീനിക്കാമെന്നത് തിരുവചനത്തിൽ നിന്നുതന്നെ വ്യക്തമാണ്. ലോകത്തിൻ്റെ രക്ഷയ്ക്കായി, തന്നെത്തന്നെ കുരിശിൽ സമർപ്പിക്കാൻ പോകുന്ന ക്രിസ്തുവിൻ്റെ പുറകിൽ നടന്ന്, ശിഷ്യർ ചർച്ചചെയ്തത്, ഈ ഘട്ടത്തിൽ എപ്രകാരം തങ്ങൾ തങ്ങളുടെ പ്രിയ ഗുരുവിനോടു ചേർന്നുനില്ക്കണം എന്നതിനെക്കുറിച്ചല്ലാ, മറിച്ച്, തങ്ങളിൽ ഏറ്റവും വലിയവൻ ആരെന്നാണ് (മർക്കോ. 9,34) അപരൻ്റെ ദുഃഖമോ, വേദനയോ, അപകടമോ, മരണമോ ഒന്നുംതന്നെ എന്നെ ബാധിക്കുന്ന ഒരു കാര്യമല്ല. പകരം, എൻ്റെ ശ്രദ്ധ, അപരനുശേഷം എൻ്റെ ഊഴമെന്ന കണക്ക് കാര്യങ്ങൾ ഒരുക്കൂട്ടാനാണ്. തനിക്കു മീതെയുള്ളവരൊക്കെ തന്നെ, അധികാരികളായാലും മാതാപിതാക്കളായാലും, തൻ്റെ ലക്ഷ്യപ്രാപ്തിക്ക് തടസ്സങ്ങളാണെന്ന ചിന്ത വല്ലാണ്ട് അവനെ അസ്വസ്ഥപ്പെടുത്തുന്നു. ജനങ്ങളുടെ പ്രതിനിധിയായാൽ മാത്രം പോരാ, ജനങ്ങളെയും പ്രതിനിധിയെയും ഒരുമിച്ച് നിയന്ത്രിക്കുന്ന റിമോട്ടാകാനാണിന്ന് പരിശ്രമം മുഴുവൻ. എന്നാൽ, ഈ ചിന്തക്കൊരു ബദൽ പങ്കുവെക്കുകയാണ് ഇന്നത്തെ ധ്യാനവിഷയത്തിലൂടെ യേശുമിശിഹാ.

ശിഷ്യരുടെ ഒരു ചോദ്യവും  അതിനുള്ള ഗുരുവിൻ്റെ മറുപടിയുമാണ് ഇന്നത്തെ ധ്യാനവിഷയത്തിൻ്റെ ഉള്ളടക്കം. അവിടെ നാം ഇങ്ങനെ വായിക്കുന്നു, "ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു. സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആരാണ്?" (മത്താ. 18,1) യേശു ഉത്തരമായി പറഞ്ഞു, "ഈ ശിശുവിനെപോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ." (വാ. 4) പ്രകൃതി നിയമത്തിലെ ചെറുതിൽ നിന്ന് വലുതിലേക്കുള്ള പ്രയാണത്തെക്കുറിച്ചല്ല അവിടുന്നു പറഞ്ഞത്, പകരം, ഭൂമിയിലെ മനുഷ്യൻ്റെ സ്വയം ചെറുതാകലിൽ തന്നെ, സ്വർഗ്ഗത്തിലെ അവൻ്റെ വലുപ്പം നേടിക്കഴിഞ്ഞുവെന്നാണ്. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ, യേശുമിശിഹായുടെ ഈ ചെറുതാകലിനെ കുറിച്ച് വി. പൌലോസ് അപ്പസ്തോലൻ സുന്ദരമായി ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ (2,6-11) പ്രതിപാദിക്കുന്നുണ്ട്. വി. കുർബ്ബാനയിൽ തിരുവോസ്തിയിൽ തന്നെത്തന്നെ നല്കുമ്പോഴും ഈ ശൂന്യവത്ക്കരണം നമുക്കനുഭവവേദ്യമാകുന്നുണ്ട്.  "ഇത്ര ചെറുതാകാൻ എത്ര വളരേണം, ഇത്ര സ്നേഹിക്കാൻ..." എന്ന ദിവ്യകാരുണ്യഗീതത്തിലും ഈ സന്ദേശം നിറഞ്ഞുനില്പ്പുണ്ട്. വി. കൊച്ചുത്രേസ്യായുടെ ഈ തിരുനാൾ ദിനത്തിൽ, ഉണ്ണീശോയുടെ കൈകളിലെ കുഞ്ഞുപന്തായി തന്നെത്തന്നെ സമർപ്പിച്ച്, സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴി കണ്ടെത്തിയ വിശുദ്ധ നമുക്കുവേണ്ടിയും മാദ്ധ്യസ്ഥം വഹിക്കാൻ പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Thursday, September 29, 2016

"ഇനി ഞാൻ അങ്ങേരുടെ അടുത്തേക്ക് പോകുന്നില്ല, മതിയായി എല്ലാം." (ലൂക്കാ 11, 5-13)

"ഇനി ഞാൻ അങ്ങേരുടെ അടുത്തേക്ക് പോകുന്നില്ല, മതിയായി എല്ലാം." (വായനഭാഗം - ലൂക്കാ 11, 5-13)

ഇന്ന് ഒട്ടുമിക്ക കമ്പനികളും കരതലോടെയും കാര്യക്ഷമതയോടെയും കൈകാര്യം ചെയ്യുന്ന ഒന്നാണ് കസ്റ്റമർ കെയർ. ഉപഭോക്താവിന് തീർത്തും സംതൃപ്തിയും സന്തോഷവും പകർന്ന് (?) പൂർണ്ണ സൌഹൃദത്തിൽ വളരുന്ന ഒന്നായി മാറിയിരിക്കുന്നു, ഇന്നത്തെ ബിസിനസ്സ് ബന്ധങ്ങൾ. അതിനെ സഹായിക്കുന്നതോ, മാന്യതയുടെയും ക്ഷമയുടെയും അഭിഷേകവുമായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെൻ്ററും മാർക്കറ്റിംഗ് മാനേജർമാരും. ഒരു ആഗ്രഹം എവിടെയോ വെളിപ്പെട്ടുപോയാൽ, അതിനെ പിന്തുടർന്ന് അതു പൂർത്തീകരിച്ചു നല്കാൻ (തനി കച്ചവടഭാഷയിൽ, ഒരുവനെ കുഴിയിൽ ചാടിക്കുവോളം) സദാ അന്വേഷണവുമായി കൂടെയുണ്ടവർ. പിറന്നാൾ അനുമോദനങ്ങളും സീസണൽ ഗ്രീറ്റിംസും സമ്മാനങ്ങളുമായി അവർ നിങ്ങളെ അത്ഭുതപ്പെടുത്തും. അതുതന്നെയാണത്രേ, ഇന്നത്തെ ബിസിനസ്സിൻ്റെ ഭീമമായ വളർച്ചക്കും വ്യാപനത്തിനും ആധാരവും. ഈ ബിസിനസ്സ് ശൈലിക്കു പ്രേരണയായതു ഒരുപക്ഷെ, മനുഷ്യബന്ധങ്ങളിൽ നഷ്ടമായ ആദരവും ബഹുമാനവും, ഓരോ വ്യക്തിയും എത്രമാത്രം തിരികെ ആഗ്രഹിക്കുന്നു എന്നത് തിരിച്ചറിഞ്ഞതാകാം.  

ഒരുവൻ്റെ അഭിമാനബോധം പലപ്പോഴും, അപരൻ്റെ മുമ്പിൽ അകാരണമായി താണുകൊടുക്കാനും, വീണ്ടും വീണ്ടും ഒരുവൻ്റെ മുമ്പിൽ കൈനീട്ടാനുമൊക്കെ തടസ്സമായി ഭവിക്കാറുണ്ട്; വേറെ ചിലപ്പോൾ ദുരഭിമാനവും. പൊതുസ്ഥാപനങ്ങളിലും മറ്റും, പല ആവശ്യങ്ങൾക്കായി വരുന്നവർ, അനാവശ്യമായി പലയാവർത്തി നടക്കേണ്ടി വരുമ്പോൾ, സ്വന്തം ആവശ്യത്തിനുവേണ്ടിയാണെങ്കിൽ പോലും, ആ ആനുകൂല്യം വേണ്ടെന്നുവെക്കാൻ വരെ തയ്യാറാകുന്നതും, നമുക്കു പരിചിതമായിരിക്കാം. "ഓരോരുത്തരും താഴ്മയോടെ, തങ്ങളേക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ കരുതണ" (ഫിലി. 2,3) മെന്ന് പഠിപ്പിക്കുന്ന, നമ്മുടെ പള്ളികളിലും സമൂഹങ്ങളിലും സ്ഥാപനങ്ങളിലുമെങ്കിലും, "ഇനി ഞാൻ അങ്ങേരുടെ അടുത്തേക്ക് പോകുന്നില്ല" എന്നു പറഞ്ഞ് നിരാശയിലും വെറുപ്പിലും ഇറങ്ങിപ്പോകുന്നവർ ഉണ്ടാകാൻ ഇടയാകാതിരിക്കട്ടെ. ബിസ്നസ്സ് ലോകത്തെ കസ്റ്റമർ കെയറിൻ്റെ സംതൃപ്തിയും, ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന പൊതുസ്ഥാപനങ്ങളിലെ സേവനങ്ങളിലെ അസംതൃപ്തിയും, മനസ്സിൽ സൂക്ഷിച്ചുകൊണ്ടുതന്നെ, നിരന്തരമായ അപേക്ഷകളുടെയും യാചകളുടെയും ആവശ്യകതയിലേക്ക് ക്ഷണിക്കുന്ന ഇന്നത്തെ ധ്യാനവിഷയത്തിലേക്ക് പ്രവേശിക്കാം.

തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ നിങ്ങളോടു പറയുന്നു, ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടത്തും. മുട്ടുവിൻ നിങ്ങൾക്കു തുറന്നു കിട്ടും." (ലൂക്കാ 11,9) മനുഷ്യബന്ധങ്ങളിലെ അവഗണനക്കും തിരസ്ക്കരണത്തിനും നടുവിലും, തികഞ്ഞ പ്രത്യാശയോടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ക്ഷമയും സഹനശീലവും പുലർത്തുന്ന നാം, എന്തുകൊണ്ട് തമ്പുരാൻ്റെ മുമ്പിൽ പ്രാർത്ഥിക്കാനും അപേക്ഷ സമർപ്പിക്കാനും മടിക്കണം! ക്രിസ്തു വാഗ്ദാനം ചെയ്യുന്നു, "മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!" (ലൂക്കാ 11,13) നിരന്തരമായ പ്രാർത്ഥന, അവിടുന്നിലുള്ള തികഞ്ഞ ആശ്രയബോധത്തിൻ്റെ പ്രകാശനം കൂടിയാണ്. നമുക്ക് ആശ്രയിക്കാൻ അവിടുന്നല്ലാതെ മറ്റാരുമില്ലെന്ന് അവിടുത്തെ മുമ്പാകെ ഏറ്റുപറയുന്ന നിമിഷം. അതു വിശ്വാസ ജീവിതത്തിൻ്റെ യഥാർത്ഥ വെളിപ്പെടുത്തലും കൂടിയാണ്. ഉണർവ്വോടെയും മടുപ്പില്ലാതെയും, പ്രാർത്ഥിക്കാനുള്ള കൃപയ്ക്കായ് ഇന്നു ദൈവാനുഗ്രഹം യാചിക്കാം. അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ട!

Wednesday, September 28, 2016

"അച്ചോ, നാല്പതു ദിവസത്തെ ഉപവാസത്തിലാ... പ്രാർത്ഥിക്കണം." (യോഹ. 1, 43-51)

"അച്ചോ, നാല്പതു ദിവസത്തെ ഉപവാസത്തിലാ, പ്രാർത്ഥിക്കണം." (വായനഭാഗം - യോഹ. 1, 43-51)

ക്ഷേമാന്വേഷണത്തിനായി യുവ സുഹൃത്തിനെ ഫോണിൽ വിളിച്ചതായിരുന്നു അന്ന്. കുശലാന്വേഷണങ്ങൾക്കിടയിൽ അവൻ പറഞ്ഞു, "അച്ചോ, നാല്പതു ദിവസത്തെ ഉപവാസത്തിലാ... പ്രാർത്ഥിക്കണം." കാര്യം തിരക്കിയപ്പോൾ ഉപവാസത്തിൻ്റെ നിയോഗമായി പറഞ്ഞത്, അവരുടെ കൂട്ടായ്മ ഉത്തരേന്ത്യയിൽ, പുതിയ മിഷൻ സ്റ്റേഷൻ ആരംഭിക്കാൻ പോകുകയാണെന്ന്. ഇന്നലെ കേരളത്തിൽ നിന്നൊരു കൂട്ടായ്മ, പഞ്ചാബിലെ ഞങ്ങളുടെ സെമിനാരിയിൽ തങ്ങിയത്, ഓരോ സംസ്ഥാനത്തിലൂടെയും ഒരു തീർത്ഥാടനം കണക്ക് കടന്നുപോയി, ഭാരതം മുഴുവനും വേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുന്ന, മഹാ ജെറീക്കോ പ്രാർത്ഥനയുടെ ഭാഗമായിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പേ സോഷ്യൽ മീഡിയായിൽ, കേരളത്തിൽ നിന്നുതന്നെയുള്ള മറ്റൊരു അത്മായകൂട്ടായ്മയുടെ നേതൃത്വത്തിൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മിഷൻ കൺവെൻഷൻ്റെ, ലോഗോ പ്രകാശനകർമ്മത്തിൻ്റെ ഏതാനും ഫോട്ടോകൾ കാണാൻ ഇടയായി. ഒറ്റക്കും കൂട്ടായുമൊക്കെയുള്ള സുവിശേഷവേലകളുടെ ഈ വിവിധ ചിത്രങ്ങൾ എത്ര സുന്ദരം!

നവസുവിശേഷവത്ക്കരണത്തിനായി പുതിയ പുതിയ മേഖലകൾ അന്വേഷിച്ച് കണ്ടെത്തുകയും, അതിനായി നൂതന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന, ചുറുചുറുക്കുള്ള ഒത്തിരി ശുശ്രൂഷകരാൽ, പ്രത്യേകിച്ച് യുവതിയുവാക്കളാൽ, സഭ ഇന്ന് അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥ മിഷൻ ചൈതന്യത്തോടെ, നാടും വീടും ഉപേക്ഷിച്ച്, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, ക്രിസ്തുവിനുവേണ്ടി തങ്ങളെതന്നെ സമർപ്പിക്കുന്ന അവരെക്കുറിച്ച്, ഏറെ അഭിമാനവും തോന്നുന്നു. ഒരു പക്ഷെ, പരമ്പരാഗതമായ കാഴ്ചപ്പാടിൽ, മിഷനറിയാവുകയെന്നാൽ, പുരോഹിതനോ, സന്യാസിയോ, സന്യാസിനിയോ ആയി, സ്വന്തം നാട്ടിൽ നിന്ന് മാറി അകലെ സുവിശേഷവേല ചെയ്യുക, എന്ന കാഴ്ചപ്പാടിന് മാറ്റം സംഭവിച്ചിരിക്കുന്നു. ദൈവാത്മാവിൻ്റെ ഇടപെടലായിതന്നെ വേണം അതിനെ കണക്കാക്കുവാനും. പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ, തൻ്റെ "സുവിശേഷത്തിൻ്റെ സന്തോഷം" എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറയുന്നതുപോലെ, "ഓരോ ക്രൈസ്തവനും യേശുമിശിഹായുടെ മിഷനറി ശിഷ്യന്മാരായി മാറുന്ന," നവസുവിശേഷവത്ക്കരണത്തിൻ്റെ കാലഘട്ടം.

ഈയൊരു മിഷനറി ശൈലിയെ സാക്ഷ്യപ്പെടുത്തുന്ന തിരുവചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. തിരുവചനത്തിൽ നാം വായിക്കുന്നു, "പീലിപ്പോസ് നഥാനയേലിനെ കണ്ട്  അവനോടു പറഞ്ഞു, മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിൻ്റെ മകൻ യേശുവിനെ - ഞങ്ങൾ കണ്ടു." (യോഹ. 1, 45) മറ്റൊരിക്കൽ സമരിയാക്കാരി സ്ത്രീയെ കുറിച്ചും യോഹന്നാൻ കുറിക്കുന്നുണ്ട്, "ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി ആളുകളോടു പറഞ്ഞു, ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങൾ വന്നു കാണുവിൻ." (യോഹ. 4,28-29) സുവിശേഷം അറിഞ്ഞവർ ഓരോരുത്തരും മിഷനറിമാരാകുന്ന മഹത്തായ ശൈലി. അങ്ങകലെ സുവിശേഷവേല ചെയ്യുന്നതു മാത്രമല്ല, മിഷനറി പ്രവർത്തനം. അറിഞ്ഞതും അനുഭവിച്ചതും സ്വന്തക്കാരോടും സുഹൃത്തുക്കളോടും അയൽപക്കങ്ങളിലും ജോലിസാഹചര്യങ്ങളിലും പങ്കുവെക്കുന്നതും സാക്ഷ്യപ്പെടുത്തുന്നതും സുവിശേഷവേലയാണ്, പീലിപ്പോസും സമരിയാക്കാരിയും ചെയ്തതുപോലെ. ഈ വിശുദ്ധമായ വേലക്കു എന്നെയും ഞാനായിരിക്കുന്ന ഇടങ്ങളിൽ സമർപ്പിക്കുന്നെന്ന് അവിടത്തോടു പറഞ്ഞ്, ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 

Tuesday, September 27, 2016

ഭിക്ഷാടന വിശേഷങ്ങൾ (ലൂക്കാ 9, 1-6)

ഭിക്ഷാടന വിശേഷങ്ങൾ (വായനഭാഗം - ലൂക്കാ 9, 1-6)

ഒരുപക്ഷെ, പ്രമാദമായ സൌമ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, കുറ്റവാളിയായ ഗോവിന്ദച്ഛാമിയെന്ന യാചകൻ്റെ കേസിലെ വിചാരണയും വിധിയും, പുറത്തുവന്ന പശ്ചാത്തലത്തിലെ ആകാംക്ഷയാകാം, ഈയടുത്ത ദിവസം ഒരു യൂറ്റൂബ് സന്ദേശം ശ്രവിക്കാൻ ഇടയായി. പ്രസ്തുത സന്ദേശത്തിൽ, ഭിക്ഷാടന മാഫിയയെ കുറിച്ചും അവരുടെ വളരെ വിസ്തൃതമായ ബിസിനസ്സ് ലോകത്തെ കുറിച്ചും, തീർത്തും പുതിയ ചില അറിവുകൾ നല്കുന്നുണ്ട്. അതു ഭിക്ഷാടക സംഘങ്ങളുടെ ഭീമമായ പ്രതിദിന വരുമാനവും, അതു മുഴുവനും കൊത്തിപ്പറിച്ച് സ്വന്തമാക്കാൻ പരിശ്രമിക്കുന്ന മാഫിയാ തലവന്മാരുടെ ശൈലികളും വെളിപ്പെടുത്തുന്നവയാണുതാനും. ഭിക്ഷാടനത്തെ ചൂഷണം ചെയ്യുന്നവരുടെ പൈശാചിക മുഖങ്ങളും, ചൂഷണത്തിനു വിധേയമാക്കപ്പെടുന്ന, വികൃതമാക്കപ്പെട്ടവരുടെയും വൈകല്യമുള്ളവരുടെയും ദാരുണ ചിത്രങ്ങളും, ആരുടെയും കരളലിയിക്കുന്നതും ഏറെ നൊമ്പരപ്പെടുത്തുന്നതുമാണ്.

അതോടൊപ്പം തന്നെ, ആകാശപ്പറവകളായ ഭിക്ഷാടകരെ കുറിച്ചുള്ള മറ്റു ചില പത്രവാർത്തകൾ, നമ്മിൽ അതിശയം ഉളവാക്കുന്നവയുമാണ്. ലക്ഷക്കണക്കിനു രൂപയുടെ സ്ഥിരനിക്ഷേപമുണ്ടായിരുന്ന ഒരു യാചകൻ്റെ, ദാരുണാന്ത്യത്തിൻ്റെ വാർത്ത പത്രമാധ്യമങ്ങളിൽ എന്നോ വായിച്ചത് ഓർമ്മയിൽ വരുന്നു. മരണസമയത്ത്, അദ്ദേഹത്തിൻ്റെ ഭിക്ഷാഭാണ്ഡത്തിനുള്ളിൽ, അമ്പതിനായിരങ്ങളുടെയും പതിനായിരങ്ങളുടെയും, ഏതാനും കുറേ സ്ഥിരനിക്ഷേപപത്രങ്ങളും, ബാങ്കു പാസ് ബുക്കും ഉണ്ടായിരുന്നതായി കണ്ടെത്തിയത്രേ. ഇത്തരത്തിലുള്ള ചിലരിൽ കുറച്ചു പേരെങ്കിലും ഭിക്ഷാടനമെന്ന തൊഴിലിനെ സ്വീകരിച്ച്, കുടുംബത്തെയും മക്കളെയും പോറ്റുന്നവരായുമുണ്ട്. ഇതോടൊപ്പം ചിന്തിക്കാവുന്ന മറ്റൊരു ഭിക്ഷാടന കാഴ്ചയുമുണ്ട്. എല്ലാമുണ്ടായിട്ടും, സ്വന്തബന്ധങ്ങളാൽ ഉപേക്ഷിക്കപ്പെട്ടതിൻ്റെയും, തള്ളിപ്പറയപ്പെട്ടതിൻ്റെയും പേരിൽ, ഭിക്ഷ യാചിക്കാൻ നിർബന്ധിക്കപ്പെടുന്ന ദുരന്ത കാഴ്ചകളാണ്. ക്രൈസ്തവ മിഷനറി ജീവിതത്തിനും, ഈ ഭിക്ഷാടന ചിന്തകൾ വെളിച്ചം പകരാമെന്ന് ഓർമ്മപ്പെടുത്തുന്നതാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനഭാഗത്ത് നാം വായിക്കുന്നു, യേശു ശിഷ്യരോട് പറഞ്ഞു, "യാത്രയ്ക്കു വടിയോ, സഞ്ചിയോ, അപ്പമോ, പണമോ, ഒന്നും എടുക്കരുത്. രണ്ടു ഉടുപ്പും എടുക്കരുത്." (ലൂക്കാ 9,3) ഒരിക്കൽ യുവജന ക്ലാസ്സിൽ, ഈ ക്രിസ്തുവചനത്തിൻ്റെ സന്ദേശം പങ്കുവെക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടപ്പോൾ, അവർ  പറഞ്ഞതിൻ്റെ ആശയ ചുരുക്കം ഇപ്രകാരമായിരുന്നു, "ഓരോ ക്രൈസ്തവനും, തന്നിൽ തന്നെ ആശ്രയിക്കാതെ തമ്പുരാനിലും സഹജരിലും ആശ്രയിച്ചു ജീവിക്കുന്ന, ഈ ഭൂമിയിൽ താൻ ഒരു തീർത്ഥാടകൻ മാത്രമാണെന്ന് കരുതി ജീവിക്കുന്ന, "ഭിക്ഷു"വാകാൻ വിളിക്കപ്പെട്ടവൻ ആയതുകൊണ്ട്" എന്നാണ്. ഭൂമിയിൽ ക്രൈസ്തവജീവിതം, ഭിക്ഷുവിൻ്റേതുപോലെ എന്നു പറയുമ്പോഴും, അതു ഒരിക്കലും ചൂഷണത്തിൻ്റെയോ, അടിച്ചേല്പിക്കലിൻ്റെയോ, തിരസ്ക്കരണതിൻ്റെയോ ഭാരമോ, മുദ്രയോ പേറുന്നതാകുകയുമരുത്. പകരം, യേശുക്രിസ്തുവിനെ പോലെ, തലചായ്ക്കാൻ തനിക്കിടമില്ലാത്തപ്പോഴും, അനേകർക്ക് ആശ്വാസത്തിൻ്റെ അത്താണിയായി മാറാൻ മാത്രം ഹൃദയത്തിൽ ഒത്തിരി ഇടം ബാക്കിയിട്ടവനാകണം ക്രൈസ്തവമിഷനറി. അത്തരം ഭിക്ഷുമാർക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ്, എല്ലാം വെട്ടിപ്പിടിച്ചും സ്വന്തമാക്കിയും സ്വാർത്ഥതയിൽ മുഴുകാനുള്ള പ്രവണതയിൽ നിന്ന് പിന്തിരിഞ്ഞ്, നിസ്വാർത്ഥതയുടെയും കരുണയുടെയും ശൈലിയിൽ, ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

Monday, September 26, 2016

പ്രാർത്ഥനയ്ക്കുത്തരം തേടി അലയുന്നുവോ? (മത്താ. 9, 35-38)

പ്രാർത്ഥനയ്ക്കുത്തരം തേടി അലയുന്നുവോ? (വായനഭാഗം - മത്താ. 9, 35-38)

മനുഷ്യരെല്ലാം തന്നെ പരിമിതികൾ ഉള്ളവരായതുകൊണ്ട്, അപേക്ഷകളും യാചനകളും അവരുടെ കൂടപ്പിറപ്പുകളാണ്. അവൻ ദൈവത്തെയും, അതുപോലെ തന്നെ തൻ്റെ സഹജരെയും ഒത്തിരി ആശ്രയിച്ചാണ്, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഉത്തരം ലഭിക്കുന്നിടത്ത് കൂടുതൽ കൂടുതൽ ആശ്രയിക്കുകയും, അല്ലാത്തിടത്തു നിന്ന് പതുക്കെ പതുക്കെ അവൻ പിൻവലിയുന്നതായും, നമുക്കു കാണാൻ സാധിക്കും. ഈ പിൻവലിയൽ ചിലപ്പോൾ, വെറുപ്പോടെയോ, അല്ലെങ്കിൽ പിറുപിറുപ്പോടെയോ, അതുമല്ലെങ്കിൽ, നിസ്സംഗതയോടെയോ ആകാം. എന്നിരുന്നാലും, ഈ കൂടപ്പിറപ്പിനെ കൂടാതെ ജീവിക്കാൻ മനുഷ്യനാകില്ല തന്നെ. ഒരുപക്ഷെ, ഈ കൂടപ്പിറപ്പിനെ ശരിയായി അറിയുന്നതിലും, മനസ്സിലാക്കുന്നതിലും സംഭവിച്ചിരിക്കുന്ന പാളിച്ചകൾ, ദൈവ-മനുഷ്യ ബന്ധത്തെയും മനുഷ്യ-മനുഷ്യബന്ധത്തെയും ഒത്തരിയേറെ സ്വാധീനിക്കുന്നുണ്ടെന്നും കാണാം.

"ഞാൻ പ്രാർത്ഥിച്ചു, കർത്താവെനിക്കു ഉത്തരമരുളി"യെന്ന് അഭിമാനത്തോടെ ഏറ്റുപറയുന്നവരെയും, "എന്തുമാത്രം പ്രാർത്ഥിച്ചതാ, എന്നിട്ടും, ഒരുത്തരവും എനിക്കു ലഭിച്ചില്ല" എന്നു നിരാശപ്പെടുന്നവരെയും, നാം കണ്ടിട്ടുണ്ടാകാം. "എല്ലാം അങ്ങേരോട് പറഞ്ഞാൽ മതി, അദ്ദേഹം അതെല്ലാം ശരിയാക്കിത്തരു"മെന്ന്, തികഞ്ഞ പ്രത്യശയോടെ മനുഷ്യബന്ധങ്ങളെ ഏറ്റുപറയുന്നവരും, മറിച്ചു കരുതുന്നവരും നമ്മുടെ ചിന്തകളിലേക്ക് എളുപ്പം കടന്നെന്നും വരാം. കാരണം, പ്രാർത്ഥനാഭാവം ഉത്തരവുമായി ഒത്തിരി ബന്ധപ്പെട്ടുകിടക്കുന്നു. പ്രാർത്ഥനയുടെ ഉത്തരത്തിൻ്റെ ഉറവിടം, ദൈവവും അപരനും മാത്രമെന്ന് കരുതാൻ, കുഞ്ഞുനാൾ മുതലേ ശീലിച്ച ചിന്തകളാകാം, അതിനു പ്രധാന കാരണം. എന്നാൽ, പ്രാർത്ഥനയ്ക്കുത്തരം അവനവൻ തന്നെയായി മാറുന്ന അവസ്ഥകളെയും നിമിഷങ്ങളെയും പരിചയപ്പെടുത്തുന്ന ഒത്തിരി സംഭവങ്ങൾ ക്രിസ്തുജീവിതത്തിലൂടെ തിരുവചനം നമ്മുടെ മുമ്പാകെ പങ്കുവെക്കുന്നുണ്ട്. അവയിൽ ഒന്നാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ നാം വായിക്കുന്നു, "അവൻ ശിഷ്യരോട് പറഞ്ഞു, വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തൻ്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാൻ വിളവിൻ്റെ നാഥനോട് പ്രാർത്ഥിക്കുവിൻ" (മത്താ. 9, 37-38) എന്ന്. തുടർന്നു കാണുന്നതോ, പ്രാർത്ഥനയും ഉത്തരവും ശിഷ്യരിൽ തന്നെ സമ്മേളിക്കുന്നതും. പ്രാർത്ഥിച്ചവർ തന്നെ വിളഭൂമിയിലേക്ക് അയയ്ക്കപ്പെടുന്നു, നടന്നടുക്കുന്നു (മത്താ. 10, 1-42) വചനം ശ്രവിക്കാനണഞ്ഞവർക്ക് അപ്പം നല്കാൻ ആകുലപ്പെടുന്ന ശിഷ്യരോട് ക്രിസ്തു ആരായുന്നത്, "നിങ്ങളുടെ പക്കൽ എന്തുണ്ട്?" (മർക്കോ. 6,38) എന്നാണ്. അല്ലെങ്കിൽ, "നിങ്ങൾ തന്നെ അവർക്ക് അപ്പം കൊടുക്കുവിൻ" (മത്താ. 14, 17) എന്ന നിർദ്ദേശം നല്കപ്പെടുന്നു. ഗെഥ്സമനിയിലെ "എങ്കിലും എൻ്റെ ഇഷ്ടമല്ലാ, അങ്ങേ ഇഷ്ടം നിറവേറട്ടെ" യെന്ന ക്രിസ്തു പ്രാർത്ഥനയും, നമ്മെ ഓർമ്മപ്പെടുത്തുന്നതും മറ്റൊന്നല്ല. തങ്ങളെതന്നെ സമർപ്പിക്കാൻ തയ്യാറില്ലാത്തവരുടെ പ്രാർത്ഥനയ്ക്കു, ഉത്തരം എവിടെ നിന്നു വരും? ആയതിനാൽ, പ്രാർത്ഥന തമ്പുരാൻ്റെ മുമ്പിലുള്ള നമ്മുടെ സമ്പൂർണ്ണമായി മാറാനും, ആ സമർപ്പണത്തിൻ്റെ മേലുള്ള ദൈവാനുഗ്രഹത്തിൻ്റെ കയ്യൊപ്പിനെ പ്രാർത്ഥനയുടെ ഉത്തരമായി കാണാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Sunday, September 25, 2016

"ദേ കറുത്ത പൂച്ച ചാടി..." (മർക്കോ. 8, 31-38)

ഭൂമിയിൽ എവിടെയായാലും, മാനവ സമൂഹം ഒത്തിരിയേറെ വ്യത്യസ്തതകളുടെയും വ്യതിരിക്തതകളുടെയും, ആകെത്തുകയാണെന്നു മനസ്സിലാക്കാൻ, വലിയ പ്രയാസമൊന്നുമില്ല. സമ്പത്ത്, വിജ്ഞാനം, കായിക-ബൌദ്ധിക ശേഷി തുടങ്ങീ ഏതു മേഖലയെടുത്താലും, വ്യക്തികൾ തമ്മിലും സമൂഹങ്ങൾ തമ്മിലും, ഏറെ അന്തരം ഉണ്ടെന്ന് കാണാൻ സാധിക്കും. ധനികനും ദരിദ്രനും തമ്മിലും, ജ്ഞാനിയും അജ്ഞനും തമ്മിലുമൊക്കെയുള്ള, അന്തരം കുറക്കാൻ ഒത്തിരി പരിശ്രമങ്ങളും പദ്ധതികളും ലോകമെമ്പാടും നടപ്പാക്കപ്പെടുമ്പോഴും, അവ തമ്മിലുള്ള അന്തരമെന്ന യാഥാർത്ഥ്യം, കൂടപ്പിറപ്പായി ഇനിയെങ്കിലും അംഗീകരിച്ചേ പറ്റൂ. എന്തിനേറെ, ഏത്ര ഉയർന്ന ജ്ഞാനിയുടെ ജീവിതത്തിലും അല്പം അന്ധവിശ്വാസത്തിൻ്റെ വേരുകൾ കാണാൻ സാധിക്കും. എന്നു പറഞ്ഞാൽ, അന്തരം സമൂഹത്തിൽ മാത്രമല്ല, അവനവനിൽതന്നെ ഉണ്ടന്നർത്ഥം.

അനുദിന ജീവിതത്തിൻ്റെ കണ്ണാടിയായി കണക്കാക്കാവുന്ന കലാ-സാഹിത്യ വേദികൾ, പ്രത്യേകിച്ച് നാടകങ്ങളും സിനിമകളുമൊക്കെ, പല തവണ ഉന്നതരുടെയും സാധാരണക്കാരുടെയും ഇടയിലെ, ചില അസാധാരാണ വിശ്വാസങ്ങളെ പകർത്തി കാണിച്ചിട്ടുണ്ട്. ജീവിതത്തിലെ ശകുനങ്ങളെന്നോ, വഴിമുടക്കികളെന്നോ ഒക്കെ, അതിനെ പേരുചൊല്ലി വിളിക്കാറുമുണ്ട്. യാത്രക്കിറങ്ങിയപ്പോൾ കറുത്ത പൂച്ച വട്ടം ചാടിയതും, ആരെങ്കിലും പിന്നിൽ നിന്ന് വിളിക്കുന്നതും, പല്ലി ചിലക്കുന്നതും തുടങ്ങീ ഒത്തിരിയേറെ വഴിമുടക്കികളെ കുറിച്ച് ഇതിനകം കേട്ടിട്ടുണ്ടാകുമല്ലോ. ഒരിക്കൽ വേദപാഠം എട്ടാം ക്ലാസ്സിലെ ഒരു കൊച്ചുമിടുക്കൻ, ടോജിയെന്നാണവൻ്റെ പേരെന്നാണ് എൻ്റെ ഓർമ്മ, മർക്കോസിൻ്റെ സുവിശേഷത്തിലെ പത്രോസിൻ്റെ വിശ്വാസ പ്രഖ്യപനവും, തുടർന്നുള്ള ഭാഗവും സ്റ്റേജിൽ സുന്ദരമായി അവതരിപ്പിച്ചപ്പോൾ, പത്രോസിനെ അവൻ വിളിച്ചതും, ക്രിസ്തുവിൻ്റെ വഴിമുടക്കിയെന്നാണ്. ഇന്നത്തെ ധ്യാനവിഷയവും ഈ "വഴിമുടക്കി"യെ കുറിച്ചു തന്നെയാണ്.

തിരുവചനത്തിൽ നാം വായിക്കുന്നു, "യേശു പിന്തിരിഞ്ഞു നോക്കിയപ്പോൾ ശിഷ്യന്മാർ നില്ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു, സാത്താനേ, നീ എൻ്റെ മുമ്പിൽ നിന്നു പോകൂ, നിൻ്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്." (മർക്കോ. 8,33) വഴിമുടക്കികളെ കണ്ട് വഴിയിൽ നിന്ന് പിന്തിരിഞ്ഞവനല്ലാ, ക്രിസ്തു. പകരം, വഴിയെ സധൈര്യം മുന്നോട്ടു നീങ്ങി ദൌത്യം പൂർത്തീകരച്ചവനാണ്. ഉറച്ച ലക്ഷ്യബോധം ഒരുവനെ ഒത്തിരി ധൈര്യവാനാക്കുമ്പോൾ, ലക്ഷ്യബോധം നഷ്ടപ്പെട്ടവൻ പിന്തിരിയാൻ ഒരു കാരണം പുറമെ കണ്ടെത്തുന്നുവെന്ന് മാത്രം. അവയെ ശകുനികളെന്നു പേരിടുന്നുവെന്ന് മാത്രം. അതുകൊണ്ട് പുറമെയുള്ളതിനേക്കാളും പ്രധാന വഴിമുടക്കികൾ അകമെത്തന്നെയാണ് പാർക്കുന്നത് എന്ന് തിരിച്ചറിയാം. ഇതു തിരിച്ചറിഞ്ഞ പത്രോസ്, ക്രൈസ്തവൻ വഴിമുടക്കികളെയല്ലാ, ക്രിസ്തുവിനെയാണ്  ഉള്ളിൽ പൂജിക്കുന്നതെന്ന് പിന്നീട് തൻ്റെ ലേഖനത്തിൽ കുറിക്കുന്നുമുണ്ട്, "ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയത്തിൽ പൂജിക്കുവിൻ." (1 പത്രോ. 3,15) ഈ കരുത്തിനെ തിരിഞ്ഞ യോഹന്നാനും പറയുന്നുണ്ട്, "നിങ്ങളുടെ ഉള്ളിലുള്ളവൻ പുറമെയുള്ളവനേക്കാൾ ശക്തനാണ്." (1 യോഹ. 4,4) ആയതിനാൽ, ഈ ലോകത്തിലെ ക്രൈസ്തവ ജീവിത ലക്ഷ്യം നേടാൻ, ഉള്ളിലുള്ള ശക്തനിൽ പ്രത്യാശവെച്ച് ജീവിക്കാനുള്ള കൃപ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

Saturday, September 24, 2016

വൈശാലിമാർ കഥ പറയുമ്പോൾ...(മത്താ. 15, 21-28)

വൈശാലിമാർ കഥ പറയുമ്പോൾ... (വായനഭാഗം - മത്താ. 15, 21-28)

എൺപതുകളുടെ അവസാനത്തിൽ, എം.ടി വാസുദേവൻ നായരുടെ രചനയിലും ഭരതൻ്റെ സംവിധാനത്തിലും വിരിഞ്ഞ്, ഓ.എൻ.വി കുറുപ്പിൻ്റെ വരികളാലും ചിത്രയെന്ന വാനമ്പാടിയുടെ അനുഗ്രഹീത സ്വരത്താലും, ഭാരതമാകെ കലാമേന്മയുടെ സൌരഭ്യം പരത്തിയ സിനിമയാണ്, വൈശാലി. ശാപഗ്രസ്തമായ അങ്കരാജ്യം നീണ്ട 12 വർഷമായി മഴ ലഭിക്കാതെ വലഞ്ഞപ്പോൾ, പരിഹാരമായി നിർദ്ദേശിക്കപ്പെട്ടത് ദേവേന്ദ്രന് യാഗമർപ്പിക്കാനാണ്. പരിഹാരയാഗത്തിന് ഏറ്റവും യോഗ്യനായി നിർദ്ദേശിക്കപ്പെട്ടതോ, തീർത്തും വനവാസിയും നിർമ്മല തപസ്വിയുമായ യുവഋഷ്യശൃംഗൻ. അദ്ദേഹത്തെ വശീകരിച്ച് നാട്ടിലെ യാഗയജ്ഞത്തിനെത്തിക്കാൻ നിയോഗിക്കപ്പെട്ടതു വൈശാലിയെന്ന സുന്ദരിയും. പ്രകൃതിയുടെയും ശരീരത്തിൻ്റെയും കാഴ്ചവിരുന്നുകൾക്കപ്പുറം, കണ്ണുകളെ ഈറനണിയിക്കുന്ന അവസാനനിമിഷത്തിലും, ലക്ഷ്യം പ്രാപിക്കാൻ അമ്മയായ മാലിനിയുടെ ഓരോ വാക്കുകളും സശ്രദ്ധം പിന്തുടർന്ന, വിജയിയായ വൈശാലിയുടെ രൂപഭാവങ്ങൾ ഇന്നും മനസ്സുകളിൽ തങ്ങിനില്ക്കുന്നു.

ഋഷ്യശൃംഗൻ്റെ ഉഗ്രതപസ്സിനുമുമ്പിൽ പലപ്പോഴും പരാജയപ്പെടുകയോ, ലക്ഷ്യം കാണാൻ സാധ്യതയില്ലെന്നു മനസ്സിലാക്കി പിന്തിരിയാൻ ഒരുങ്ങുകയോ ചെയ്യുന്ന വൈശാലിയെ, വിജയ വഴിയിലേക്ക് വീണ്ടും കൊണ്ടുരുന്നത് അമ്മയായ മാലിനിയാണ്. ഋഷ്യശൃംഗൻ്റെ ഭാഗത്തുനിന്നുള്ള മൌനവും നിസ്സംഗതയും എതിർപ്പുമൊക്കെ നിലനിൽക്കെ തന്നെ, അമ്മ മകൾക്കു നല്കുന്ന ഏക മന്ത്രം, നിരാശപ്പെടാതെ നിരന്തരമായി പിന്തുടരുകയെന്നതാണ്. ലക്ഷ്യത്തിലേക്ക് വൈശാലിയെ  അടുപ്പിക്കാൻ പ്രസ്തുത മന്ത്രത്തിനായി എന്നത് കഥ വ്യക്തമാക്കി തരുന്നുമുണ്ട്. ജീവിതത്തിലെ ആരൊക്കെ വിജയവഴിയിൽ എത്തിയിട്ടുണ്ടോ, അവരൊക്കെ തന്നെ, ലക്ഷ്യം മുൻ നിറുത്തിയുള്ള നിരന്തര പരിശ്രമത്തിലൂടെ അവിടെ എത്തിച്ചേർന്നതാണ്. ഇത്തരത്തിലുള്ള ഒരു വൈശാലിയെ ഇന്നത്തെ ധ്യാനവിഷവും നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. ഋഷ്യശൃംഗനെ വൈശാലിയിലേക്ക് അടുപ്പിച്ചത് അവളുടെ ശരീരലാവണ്യമാണെങ്കിൽ, ക്രിസ്തു വശീകരക്കപ്പെട്ടത് കാനാൻകാരി സ്ത്രീയുടെ അചഞ്ചല വിശ്വാസത്താലാണ്.

തുടരെയുള്ള ക്രിസ്തുവിൻ്റെ മൌനമോ, നിസ്സംഗതയോ, തിരസ്ക്കരണമോ ഒന്നും തന്നെ, അവളെ പ്രകോപിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നില്ല. അവൾക്ക് ഒറ്റ ലക്ഷ്യമെയുള്ളൂ, തൻ്റെ മകൾ സുഖം പ്രാപിക്കണം. അവളെ സുഖപ്പെടുത്താൻ യേശുവിനു മാത്രമെ കഴിയൂ എന്നതുകൊണ്ട്, താൽക്കാലികമായ ഗുരുവിൻ്റെ മൌനവും തിരസ്ക്കരണവും, അവൾ ഗൌനിക്കുന്നതേയില്ല. ഇവിടെ ക്രിസ്തു തൻ്റെ പരീക്ഷണം പൂർത്തിയാക്കി, അവളോട് പറയുന്നു, "സ്ത്രീയേ, നിൻ്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതു പോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതൽ അവളുടെ പുത്രി സൌഖ്യമുള്ളവളായി." (മത്താ. 15. 28) സാധാരണ ജീവിതത്തിൽ, ട്രെയിനുകളിലും ബസ്സുകളിലുമുള്ള യാത്രകൾ നിർല്ലോഭം സമ്മാനിക്കുന്ന, യാചകരുടെയും വില്പനക്കാരുടെയും ചിത്രങ്ങൾ, ഇക്കാര്യം തന്നെയാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഒരിക്കലും നിരാശപ്പെടെയും മടുക്കാതെയും, വീണ്ടും വീണ്ടും അവരെത്തുന്നു, ഒരേ കാര്യവുമായി ഒരേ ആളുകളുടെ മുമ്പിൽ. വിശ്വാസജീവിതത്തിൽ പക്ഷെ, ഈ സ്ഥിരതയും പരിശ്രമവും നമുക്കു നഷ്ടപ്പെടുന്നില്ലേ എന്നു ചിന്തിക്കാനും, ആത്മപരിശോധനയിലൂടെ വിശ്വാസത്തിൻ്റെ പുതുജീവിതത്തിനു തുടക്കമിടാനും, ദൈവാനുഗ്രഹം യാചിക്കാം. അവൻ്റെ മൌനങ്ങളും തിരസ്ക്കരണങ്ങളും, എൻ്റെ വിശ്വാസ ജീവിതത്തെ പരീക്ഷിക്കുന്നതിനും കൂടിയാണെന്ന് തിരിച്ചറിയാം. കുരിശിൽ പിതാവിൻ്റെ മൌനത്തിനു മുമ്പിൽ നിരാശപ്പെടാതെ, പ്രത്യശയുടെ സങ്കീർത്തനമാലപിച്ച ക്രിസ്തുനാഥൻ നമ്മെ അനുഗ്രഹിക്കട്ടെ! 

Friday, September 23, 2016

മനുഷ്യബന്ധങ്ങൾ പുനർനിർവ്വചിക്കപ്പെടുമ്പോൾ.... (വായനഭാഗം - ലൂക്കാ 8, 16-21)

മനുഷ്യബന്ധങ്ങൾ പുനർനിർവ്വചിക്കപ്പെടുമ്പോൾ....  (വായനഭാഗം - ലൂക്കാ 8, 16-21)


നമ്മുടെ രാജ്യത്ത് കഴിഞ്ഞ ഏതാനും ചില വർഷങ്ങളായി, എന്തും ഏതും പുനർനാമകരണം ചെയ്യപ്പെടുന്നത്, അഭിമാനത്തിൻ്റെയും പുരോഗമനത്തിൻ്റെയും "ഐക്കണായി" മാറുന്നുണ്ടോയെന്ന്, ചിലരെങ്കിലും ബലമായി സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. മദ്രാസ് സിറ്റി, "ചെന്നൈ"യായതും, പശ്ചിമ ബംഗാൾ സംസ്ഥാനം, "ബംഗ്ലാ" യായതും, ദഡൽഹി റേസ് കോഴ്സ് റോഡ്, "ഏകാത്മ മാർഗാ"കുന്നതുമൊക്കെ ഇത്തരത്തിൽ നോക്കിക്കാണുന്നവരുണ്ട്. ചില പുനർനാമകരണങ്ങൾ വഴി, നഷ്ടപ്പെട്ട പാരമ്പര്യവും പൈതൃകവും, തിരികെ ലഭിച്ചുവെന്ന് അഭിമാനം കൊള്ളുന്നതിൻ്റെ പുറകിൽ, ചില അധിനിവേശ ചെറുക്കലുകളുമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. (പുനർനാമകരണവും നവ അധിനിവേശത്തിൻ്റെ ഭാഗമാകാതിരിക്കട്ടെ!) കാരണം ഇവയിൽ ചിലതെല്ലാം തീർത്തും "കൊളോണിയലിസ"ത്തിൻ്റെ ബാക്കിപത്രങ്ങൾ മാത്രമായിരുന്നെന്ന് കരുതുന്നവർ നമ്മുടെയിടയിലിന്ന് ഏറിവരികയാണ്.

അധിനിവേശങ്ങൾ പലകാലഘട്ടങ്ങളിൽ, പലരീതികളിൽ ലോകത്ത് എവിടെയും നടന്നിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷി. വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും വർഗ്ഗങ്ങളുടെയും നാനാവിധ ഉയർച്ച-താഴ്ചകളുടെയും മേൽ, അവയുടെ തനതു മുദ്ര ഇതിനകം ചാർത്തപ്പെട്ടിട്ടുമുണ്ട്. സാമ്രാജ്യത്വ മേൽക്കോയ്മ വഴി, മത-രാഷ്ട്രീയ-സാമ്പത്തിക അധിനിവേശങ്ങൾക്ക് കളമൊരുങ്ങിയപ്പോൾ, ആധുനിക കാലഘട്ടത്തിലെ ആഗോളവത്ക്കരണം വഴി, അധിനിവേശങ്ങൾക്ക് പുതിയ രൂപവും ഭാവവും കൈവന്നതുപോലെ തോന്നുന്നു. കൈയേറ്റമൊന്നും പ്രകടമായി നടക്കുന്നതായി കാണുന്നില്ലെങ്കിലും, ക്രൂരമായി കൈയേറ്റം ചെയ്യപ്പെട്ടവൻ്റെ സ്ഥിതിയിലാണ് വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും ഇന്ന്. മനുഷ്യബന്ധങ്ങളാണ്, ആഗോളവത്ക്കരണത്തിൻ്റെ ഭാഗമായ ആധുനിക അധിനിവേശത്തിലെ, ഏറ്റവും നിസ്സഹായ ഇരയെന്ന് കാണാൻ, ഓരോ പ്രഭാതവും വിവിധ മാധ്യമങ്ങൾ നമ്മെ കലവറയില്ലാതെ സഹായിക്കുന്നു. മാതാപിതാക്കളും മക്കളും, ജീവിതപങ്കാളികൾ പരസ്പരവും, സഹോദരങ്ങളും സുഹൃത്തുക്കളും തമ്മിലുമൊക്കെ, ഒരു തരം യാന്ത്രികതയുടെയും ഉപഭോഗത്തിൻ്റെയും കരിനിഴൽ വീണ ബന്ധങ്ങളുടെ കളിയാട്ടങ്ങൾ മാത്രം. അതിനാൽ, മനുഷ്യബന്ധങ്ങൾ തീർത്തും പുനർനിർവ്വചിക്കപ്പെടേണ്ടതുണ്ടെന്ന്.

ഈ പശ്ചാത്തലത്തിൽ, ക്രിസ്തു എപ്രകാരമാണ് മനുഷ്യബന്ധങ്ങളെ നിർവ്വചിച്ചതെന്ന് അറിയുക കാലികവും അർത്ഥപൂർണ്ണവുമാണ്. അതിന് തീർത്തും നല്ലൊരു സഹായിയാണ്, ഇന്നത്തെ ധ്യനവിഷയം (ലൂക്കാ 8, 16-19) അവൻ പറയുന്നു, "ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. എൻ്റെ അമ്മയും സഹോദരരും." (ലൂക്കാ 8, 21) ക്രിസ്തുവിൻ്റെ നിർവ്വചനത്തിൽ, മനുഷ്യബന്ധങ്ങളെല്ലാം ഉടലെടുക്കുന്നതു ഉടയവനിൽ നിന്നാകയാൽ, ഉടയവനോടു ചേർന്നുമാത്രമെ അതിനെ ഉൾക്കൊള്ളാൻ സാധിക്കൂ. ഉടയവനെയും അവൻ്റെ ലക്ഷ്യത്തെയും മറന്ന്, സ്വന്തം ആസക്തികൾക്കും ഇച്ഛകൾക്കും പുറകെ പോകാനുള്ള പ്രലോഭനത്തെ ജയിച്ച് തിരികെ വരാനാണ്, താത്ക്കാലികമായി അവർ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്. ആയതിനാൽ, ഉടയവൻ്റെ ഹിതത്തെ തിരിച്ചറിഞ്ഞ്, അതനുസരിച്ച്  ഈ ഭൂമിയിൽ ജീവിച്ചാൽ, അവർ വീണ്ടും "സ്വർഗ്ഗീയ ഏദന്" അർഹരാകുമെന്ന്. ഭൂമിയിലെ വിവാഹം മൂന്നുപേർ - ദൈവവും പുരുഷനും സ്ത്രീയും - തമ്മിലെന്ന് പറയുന്നതിലും ഈ പുനർനിർവ്വചനം കാണാൻ സാധ്യമാകും. ഇവിടെ ദൈവത്തിനു പകരം, "ലോകം-പിശാച്-ശരീരം" എന്നത് മൂന്നാമനാകുമ്പോഴാണ്, ബന്ധങ്ങൾ അവിശ്വസ്ഥങ്ങളും മൃഗീയവുമായി പൈശാചികവുമായി മാറുന്നത്. ബന്ധങ്ങളെ വിശുദ്ധീകരിക്കുന്ന തമ്പുരാൻ്റെ കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

Thursday, September 22, 2016

"നാണു വൈദ്യരുടെ കാലത്തെ ഗുണമൊന്നും, ഇന്നത്തെ കൊട്ടൻ ചുക്കാതിക്ക് ഇല്ലെടോ." (മത്താ. 15, 1-9)

"നാണു വൈദ്യരുടെ കാലത്തെ ഗുണമൊന്നും, ഇന്നത്തെ കൊട്ടൻ ചുക്കാതിക്ക് ഇല്ലെടോ." (വായനഭാഗം - മത്താ. 15, 1-9)

ഒറ്റമൂലികളും ചില പ്രത്യേക മരുന്ന്-രുചി കൂട്ടുകളുമൊക്കെ, തീർത്തും അപൂർവ്വങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. അവയെക്കുറിച്ചുള്ള അമൂല്യ അറിവുകൾ, വരും തലമുറക്കു വേണ്ടും വിധം കൈമാറുന്നതിലെ പാളിച്ചകളോ, കുറവുകളോ ആണത്രേ, അവ എന്നന്നേക്കുമായി നഷ്ടമാകാൻ കാരണമായത്. അതീവ രഹസ്യ സ്വഭാവത്തിൽ, അതിലേറെ ശുദ്ധതയിലും വിശ്വസ്ഥതയിലും, തലമുറയിൽ നിന്ന് തലമുറയിലേക്ക്, കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അവയോരോന്നും, പിന്നീട്, കച്ചവടവത്ക്കരണത്തിനും ലാഭേച്ഛക്കും വിധേയമായി, കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ, നഷ്ടമായത് അതിൻ്റെ ചൈതന്യ രഹസ്യമായിരുന്നു. പ്രകീർത്തിക്കാൻ ക്യൂ നിന്നിരുന്നവർ പോലും, ഇന്ന് വഴിമാറി നടക്കാൻ തുടങ്ങുകയോ, മാറി നിന്ന് അടക്കം പറയാനോ തുടങ്ങി.

കാതോടു കോതോടു സംസാരമായി, "മത്തായി മാപ്ല ഉണ്ടായിരുന്ന കാലത്തെ രുചിയൊന്നും, ഗോൾഡൺ ബേക്കറിയിലെ പ്ലം കേക്കിന്, ഇന്നില്ലായെന്ന്." അല്ലെങ്കിൽ, "നാണു വൈദ്യരുടെ കാലത്തെ ഗുണമൊന്നും, ഇന്നത്തെ വൈദ്യശാലയിലെ കൊട്ടൻ ചുക്കാതിക്ക് ഇല്ലെന്ന്." രുചിയുടെയും തൈലത്തിൻ്റെയും കൂട്ടുരഹസ്യം കൈമാറുന്നതിൽ എവിടെയോ താളം തെറ്റീന്ന്. നൂറുകണക്കിനു ഹോട്ടലുകളിൽ നിന്ന് ടൌണുകളിലെ ചില ഹോട്ടലുകളെയും ബേക്കറികളെയും മറ്റും വേറിട്ടു നിർത്തിയിരുന്നത് അവയുടെ തനതു രുചിക്കൂട്ടുകളായിരുന്നുവെന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസമൊന്നുമില്ല. എന്നാൽ, പേരും പെരുമയും ഏറിയപ്പോൾ, രുചിക്കൂട്ടുകളെ മറന്നും അവഗണിച്ചും, വിളമ്പുന്ന രീതികളിലേക്കും വിളമ്പുന്നത് കഴിക്കുന്നവരുടെ സൌകര്യങ്ങളിലേക്കും മാത്രമായി ശ്രദ്ധ ചുരുങ്ങി. നാവിൻ്റെ രുചിക്ക് ഏസിയും ഇൻ്റീയർ ഡിസൈനും പകരമാവില്ലല്ലോ. കാര്യം നാട്ടിലെങ്ങും പാട്ടായി, ഷട്ടറിനു ക്ഷണത്തിൽ പൂട്ടു വീണു. ഇത്തരത്തിലൊരു ശ്രദ്ധക്കുറവിലേക്കും വഴിതെറ്റലിലേക്കും കൂടി ഇന്നത്തെ ധ്യാനവിഷയം (മത്താ. 15, 1-9) നമ്മെ നയിക്കുന്നുണ്ട്.

ലോകത്തിലെ സകല ജനതകളിൽ നിന്നും വേർതിരിക്കപ്പെട്ട്, പ്രത്യേകമായ നിയമങ്ങളാൽ ശുദ്ധീകരിക്കപ്പെട്ട്, പരിപൂർണ്ണതയിലേക്ക് ദൈവത്താൽ വഴിനടത്തപ്പെടുന്നത് കണ്ട് മറ്റു ജനതകൾ, ഇസ്രായേൽ ജനത്തെ നോക്കി അസൂയ പൂണ്ടു വിളിച്ചു പറഞ്ഞത്രേ, "ഈ ജനത്തെപോലെ ഇത്രയേറെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു ജനത ഭൂമുഖത്തില്ലെന്ന്." പക്ഷെ, ആ തങ്ക ജനത്തിനിന്ന് നിറം നഷ്ടപ്പെട്ടിരിക്കുന്നു; ദൈവിക നിയമങ്ങളെ മറന്ന് വെറും മാനുഷിക പാരമ്പര്യങ്ങളിൽ മാത്രം ശ്രദ്ധ പുലർത്തിയ നേതാക്കൾ മൂലം. ഇത്തരക്കാരോട് ക്രിസ്തു ഇന്നും ചോദിക്കുന്നു, "നിങ്ങളുടെ പാരമ്പര്യത്തിൻ്റെ പേരിൽ ദൈവത്തിൻ്റെ പ്രമാണങ്ങൾ ലംഘിക്കുന്നത് എന്തുകൊണ്ട്?" (മത്താ. 15, 3) അഥവാ, "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങൾ നിരർത്ഥകമാക്കിയിരിക്കുന്നു." (വാ. 6) ക്രിസ്തു നാമം പേറുന്നതല്ല, എന്നെയും നിങ്ങളെയും യഥാർത്ഥ ക്രൈസ്തവരാക്കുന്നത്, ക്രിസ്തുമൂല്യങ്ങൾ പേറി ജീവിക്കുമ്പോഴാണ്. ആ ചൈതന്യം എന്നും പേറാനും അപരന് പകരാനുമുള്ള ദൈവകൃയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

Wednesday, September 21, 2016

"എന്നു പറഞ്ഞാൽ, അത് വേ, ഇത് റേ." (മത്താ. 11, 11-19)

"എന്നു പറഞ്ഞാൽ, അത് വേ, ഇത് റേ." (വായനഭാഗം - മത്താ. 11, 11-19)

അനുദിനം വിവിധ മാധ്യമങ്ങളിലൂടെ, കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളെ, അർഹിക്കുന്ന രീതിയിൽ ഉൾക്കൊണ്ടു - വിശ്വസിച്ചും അവിശ്വസിച്ചും പൊരുത്തപ്പെട്ടും - ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇതിനകം ആധുനിക സമൂഹം പരുവപ്പെട്ടിരിക്കുന്നതു പോലെ തോന്നുന്നു. ഇന്നു അറിയുന്ന വാർത്തകളെ ആവശ്യത്തിനു മാർജിൻ കൊടുത്തു സ്വീകരിക്കുന്നില്ലെങ്കിൽ, നാളെ ഉറപ്പായും വരുന്ന തിരുത്തൽ പ്രസ്താവനകൾ, തങ്ങളെ വല്ലാതെ അങ്ങ് പ്രയാസത്തിലാക്കാനും തരമുണ്ടല്ലോ, എന്ന ചിന്തയാകാം അതിനു കാരണം. ആവേശത്തേരിലേറി തട്ടിവിട്ട പല പ്രസ്താവനകളും, തിരിച്ചടിക്കുന്നുവെന്ന് അറിയുമ്പോഴുള്ള, പറഞ്ഞ വ്യക്തിയുടെ പരാക്രമമായും, വേറെ ചിലപ്പോൾ, പറഞ്ഞവനെ കുടുക്കിലാക്കാൻ തന്ത്രം മെനഞ്ഞവൻ്റെ കുബുദ്ധിയായും, തിരുത്തൽ പ്രസ്താവനകളെ നോക്കി കാണുന്നവരുമുണ്ട്. കുഴപ്പം നേതാക്കളുടെയോ സമൂഹത്തിൻ്റെയോ, എന്നു ചിന്തിക്കാൻ ഏറെ മെനക്കെടാതെ, തിരുത്തലുകളെ സ്വീകരിച്ചോ, അവയോട് പൊരുത്തപ്പെട്ടോ, ജീവിക്കാതെ തരമില്ലാതായിരിക്കുന്നു, ഇന്നത്തെ സമൂഹത്തിൽ.

"കഴിഞ്ഞ ക്ലാസ്സിലല്ലേ സാറ് ഇപ്രകാരം പറഞ്ഞത്," അല്ലെങ്കിൽ, "കഴിഞ്ഞ യോഗത്തിലല്ലേ നേതാവേ നാം ഇങ്ങനെ തീരുമാനിച്ചത്," തുടങ്ങിയ ചോദ്യങ്ങൾക്കുള്ള സ്ഥിരം മറുപടി, "എന്നു പറഞ്ഞാൽ, അത് വേ, ഇത് റേ" എന്ന മട്ടായിരിക്കുന്നു, ഈ കാലഘട്ടത്തിൽ. റിപ്പോർട്ടുകൾക്കോ, യോഗതീരുമാനങ്ങൾക്കോ തീർത്തും വിലയില്ലാതാകുന്ന ദുരവസ്ഥ. അതുകൊണ്ടു തന്നെ, വ്യക്തിബന്ധങ്ങളുടെ വളർച്ച ഇന്ന്, വെറും കാര്യം കാണുന്നതിലേക്കുള്ള വളർച്ച മാത്രമായി ചുരുങ്ങുന്നുവോ, എന്നുള്ള സംശയം ഏറിവരുന്നു. മനുഷ്യബന്ധങ്ങളിന്നു പരസ്പര വിശ്വസ്ഥതയിലോ, സ്നേഹത്തിലോ ആഴപ്പെടുന്നതിനു പകരം, കാര്യം കാണാനുള്ള ഉപാധി മാത്രമായി തരം താഴുന്നു. ആ ബന്ധങ്ങളിൽ, നല്കപ്പെടുന്ന തിരുത്തലുകൾ നിരർത്ഥകവും നിഷ്ഫലവുമാകുന്നു. എന്നാൽ, തിരുത്തലുകളും വ്യക്തമാക്കലുകളും തീർത്തും പ്രസക്തമാണെന്നും, അവക്ക് എന്നും മനുഷ്യബന്ധങ്ങളിൽ ഏറെ സ്ഥാനമുണ്ടെന്നും തിരിച്ചറിയാൻ, ബന്ധങ്ങളെ, പ്രഥമത, പവിത്രവും വിശുദ്ധവുമാക്കാൻ തമ്പുരാൻ നമ്മെ ക്ഷണിക്കുന്നു.

ഇത്രയും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് ഇന്നത്തെ ധ്യാനവിഷയമായ സ്നാപക യോഹന്നാനെ കുറിച്ചുള്ള യേശുവിൻ്റെ സാക്ഷ്യമാണ്. (മത്താ. 11, 11-19) യേശുക്രിസ്തുവിൻ്റെ ജീവിതത്തിൽ പലപ്പോഴും ഇത്തരത്തിലുള്ള (തിരുത്തലുകൾ എന്നതിനേക്കാൾ), വ്യക്തമാക്കലുകൾ ഏറെ നടത്തപ്പെട്ടിട്ടുണ്ട്. അവ സ്വീകരിച്ചവരേയും, തിരസ്ക്കരിച്ച് എന്നന്നേക്കുമായി അവനെ വിട്ടുപോയവരെയും കുറിച്ച്, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്നു നാം ധ്യാനിക്കുന്നത്, പ്രതികരിച്ചവരെക്കുറിച്ച് എന്നതിനേക്കാൾ, ക്രിസ്തുവിൻ്റെ വ്യക്തമാക്കൽ പ്രസ്താവനയെത്തന്നെയാണ്, "സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ സ്നാപക യോഹന്നാനേക്കാൾ വലിയവനില്ല. എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ അവനേക്കാൾ വലിയവനാണ്." (മത്താ. 11, 11) 'ബൈബിൾ പ്രവാചക ശൃംഖലയിലെ അവസാനത്തവൻ' എന്ന നിലയിലോ, 'ക്രിസ്തുവിൻ്റെ വഴികാട്ടി' എന്ന നിലയിലോ, 'ഗർഭത്തിൽ ഉരുവായപ്പെട്ടപ്പോഴേ പരി.ആത്മാവിൽ പൂരിതൻ' എന്ന നിലയിലോ ഒക്കെ, ഭൂമിയിൽ സ്നാപകയോഹന്നാൻ വലിയവൻ എന്നു ഗണിക്കപ്പെടാം. എന്നാൽ, സ്വർഗ്ഗരാജ്യത്തിലെ വലുപ്പത്തിന് അതൊന്നും മതിയാകില്ലത്രേ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഭൂമിയിലെ കുപ്പായങ്ങളും കസേരകളും, പദവികളും സ്ഥാനമാനങ്ങളും, സ്വർഗ്ഗരാജ്യത്തിൽ അത്രതന്നെ വിലയുള്ളതാകണമെന്ന് അർത്ഥമില്ലെന്ന്. ആയതിനാൽ, വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ഈ ലോകത്തോടു അനുരൂപപ്പെടാതെയും," (റോമ. 12, 2) "നമ്മുടെ പൌരത്വം സ്വർഗ്ഗത്തിലാ" (ഫിലി. 3,20) ണെന്ന ബോധ്യത്തിലും ഇനിയുള്ള കാലമെങ്കിലും ജീവിക്കാൻ ദൈവകൃപ യാചിക്കാം. അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ!

Tuesday, September 20, 2016

വിളി തിരിച്ചറിയുന്നവരും നഷ്ടപ്പെടുത്തുന്നവരും (മത്താ. 9,9-13)

വിളി തിരിച്ചറിയുന്നവരും നഷ്ടപ്പെടുത്തുന്നവരും (വായനഭാഗം - മത്താ. 9,9-13)

സർവ്വസൃഷ്ടി ജാലങ്ങളെയും ദൈവം പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ് സൃഷ്ടിച്ചതെന്ന വാദം അംഗീകരിച്ച്, ആ ലക്ഷ്യത്തെ അറിയാൻ പരിശ്രമിക്കുന്നതും, അതിലേക്കു വളരുന്നതും, അതിനോടു ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നതും, ദൈവവിളിയുടെ ഭാഗമായി കരുതുന്നവർ ഇന്ന് വിരളമല്ല. ദൈവവിളിയുടെ സ്വഭാവമനുസരിച്ച്, അവർ അതിനെ "പൊതു"വെന്നും "പ്രത്യേക"മെന്നും രണ്ടായി തിരിക്കുന്നുമുണ്ട്. പൊതു ദൈവവിളി ഏകമാണ്, അതു വിശുദ്ധിയിലേക്കും പരിപൂർണ്ണതയിലേക്കുമാണെങ്കിൽ, പ്രത്യേക ദൈവവിളികളെ, അവ പ്രാപിക്കാനുള്ള വിവിധ മാർഗ്ഗങ്ങളായി കണക്കാക്കുന്നു. വിവിധ ജീവിതാന്തസ്സുകളും, നാനാവിധ ജീവിത ആയോധനമാർഗ്ഗങ്ങളും, പലവിധ ഉത്തരവാദിത്വങ്ങളും, ദൈവവിളിയുടെ ഭാഗം തന്നെ. അങ്ങനെയെങ്കിൽ, സകലരും ദൈവവിളിയാൽ അനുഗ്രഹീതരാണെന്നും, അതിനോട് വിശ്വസ്ഥതയിൽ പ്രത്യുത്തരിക്കാൻ, ഓരോരുത്തർക്കും കടമയുണ്ടെന്നും ഇതിനാൽ വ്യക്തമാകുന്നു.

ഒന്നു മറ്റൊന്നിനേക്കാൾ ശ്രേഷ്ഠം എന്നതിലുപരി, ലക്ഷ്യപ്രാപ്തിക്കായുള്ള വിവിധ മാർഗ്ഗങ്ങളായി മാത്രം പ്രത്യേക ദൈവിളികളെ (ഉദാ: കുടുംബജീവിതം, സന്യാസജീവിതം, പൌരോഹിത്യം....) മനസ്സിലാക്കുന്നു. പ്രഥമവും പ്രധാനവുമായ ലക്ഷ്യം, വിശുദ്ധിയും പരിപൂർണ്ണതയുമായിരിക്കെ, മാർഗ്ഗവും അതിനോട് ചേരുന്നതാകണമല്ലോ. ആയതിനാൽ, ഓരോ പ്രത്യേക വിളിയോടും വിശ്വസ്ഥതയിലും വിശുദ്ധിയിലും പ്രത്യുത്തരിച്ചാൽ, ക്രൈസ്തവ പൂർണ്ണത കൈവരിക്കാം. പൊതു ദൈവവിളിയെ മറന്ന് പ്രത്യേക ദൈവവിളിയെ മാത്രം പ്രാപിക്കാനോ, പ്രത്യേക ദൈവവിളിയെ മറന്ന് പൊതു ദൈവവിളിയോട് പ്രത്യുത്തരിക്കാനോ സാധ്യമല്ലാത്തവണ്ണം, അവ അത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. ഈ പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ഇന്നത്തെ തിരുവചന ധ്യാനഭാഗ (മത്താ. 9, 9-13) ത്തിലേക്കു നമുക്കു പ്രവേശിക്കാം.

ഇവിടെ വിളിക്കുന്ന യേശുവും, വിളിയോട് പ്രത്യുത്തരിക്കുന്ന ലേവിയെന്ന മത്തായിയും പ്രധാന കഥാപാത്രങ്ങളായിരിക്കെ തന്നെ, തങ്ങളുടെ വിളിയോട് ശരിയായി പ്രത്യുത്തരിക്കാൻ കഴിയാതെ പോയതിനാൽ, ഫരിസേയരും, പ്രത്യേക ശ്രദ്ധയ്ക്കർഹരാകുന്നു. പൊതു ദൈവവിളിയെ ജീവിത കേന്ദ്രമായി കാണുന്നവൻ, തൻ്റെ പ്രത്യേക ദൈവവിളിയെ നിരന്തര നവീകരണത്തിലൂടെ പരിപൂർണ്ണമാക്കാൻ പരിശ്രമിക്കുന്നു. അതുകൊണ്ടാണ്,  വി. കൊച്ചുത്രേസ്യാ, കൽക്കത്തായിലെ വി. തെരേസാ തുടങ്ങിയ വിശുദ്ധാത്മക്കൾക്ക്, തങ്ങളുടെ "വിളിക്കുള്ളിലെ വിളി"യെ കണ്ടെത്താനും പരിപോഷിപ്പിക്കാനും സാധ്യമായത്. ലേവിയുടെ പ്രത്യുത്തരം പരിപൂർണ്ണതയിലേക്കുള്ള ചുവടായി രൂപാന്തരപ്പെട്ടപ്പോൾ, ഫരിസേയരുടെ പിറുപിറുപ്പ് തങ്ങളുടെ വിളിയെ നഷ്ടപ്പെടുത്തുന്നതിന് കാരണമായി. ക്രിസ്തു അവരോട് പറഞ്ഞു, "ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിൻ്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്." (മത്താ. 9, 13) വി. മത്തായിയുടെ ഈ തിരുനാൾ ദിനത്തിൽ, നമ്മുടെ ഓരോരുത്തരുടെയും പ്രത്യേക ദൈവവിളിയെ, പുണ്യപൂർണ്ണതയിൽ എത്തിക്കാൻ, നാമായിരിക്കുന്ന അവസ്ഥയെയും ജീവിതാന്തസ്സിനെയും, പൊതു ദൈവവിളിക്ക് അനുയോജ്യമാം നവീകരിക്കാൻ ആവശ്യമായ കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

Monday, September 19, 2016

"ഇത്രയും പരസ്യമായി നാണം കെടുത്തിയവനോട്, ഞാൻ ക്ഷമിക്കണോ?" (മത്താ. 10, 26-33)

"ഇത്രയും പരസ്യമായി നാണം കെടുത്തിയവനോട്, ഞാൻ ക്ഷമിക്കണോ?" (വായനഭാഗം - മത്താ. 10, 26-33)

ഓരോ മുറിവും, ചെറുതും വലുതുമായ, സകല ജീവികളുടെയും കണക്കു പുസ്തകത്തിൽ എഴുതി ചേർക്കപ്പെടുന്നുണ്ടത്രേ. ശരീരത്തിൽ "ഏറ്റതും," "ഏൽപ്പിക്കപ്പെട്ടതു"മായ ഓരോ മുറിവും, കൃത്യമായി എഴുതി ചേർക്കപ്പെടുന്നതു കൊണ്ടാണുപോലും, "മുറിവേറ്റ മൃഗത്തെ ഏറെ സൂക്ഷിക്കണ"മെന്നു പറയുന്നതെന്ന്, എവിടെയോ വായിച്ചത് ഓർത്തുപോകുന്നു. "ഏറ്റതു" മറന്നാലും "ഏൽപ്പിക്കപ്പെട്ടതു" എളുപ്പം മറക്കില്ലെന്നും കൂട്ടി വായിക്കാം. ശരീരത്തിനു ഏറ്റതിനേക്കാൾ മാരകമാണ്, മനസ്സിനും ആത്മാവിനും ഏല്ക്കുന്നതെന്ന്, കൂടുതൽ വിശകലനത്തിൽ നിന്ന്, തീർത്തും മനസ്സിലാക്കാവുന്നതാണ്. അഭിമാനത്തിന് ക്ഷതമേൽക്കുന്നതിനേക്കാൾ വലിയ ആഴം, ഒരു മുറിവിനും മനുഷ്യ ജീവിതത്തിൽ ഉണ്ടാകാനിടയില്ലായെന്നത്, ചില ബന്ധങ്ങളിലെ - കുടുംബ ജീവിതത്തിലാകാം, ബിസിനസ്സിലാകാം, സംഘനകളിലാകാം... - വഴിപിരിയലുകളുടെ വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാണല്ലോ.

തൻ്റെ ദുഃഖങ്ങളും ഭാരങ്ങളും പങ്കുവെക്കാൻ വന്ന ആ സാധു സ്ത്രീയുടെ മുഖം, ഞാൻ ഇന്നും വ്യക്തതയിൽ ഓർക്കുന്നു. ഭർത്താവിൽ നിന്നേറ്റ ശാരീരിക പീഡനങ്ങൾ ഓരോന്നും, പങ്കുവെച്ചിരുന്നപ്പോൾ എന്നതിനേക്കാൾ, തിളക്കവും തീവ്രതയും ഉള്ള കണ്ണുകളോടെയാണ്, ആത്മവിനേറ്റ മുറിവിനെ വിളിച്ചു പറഞ്ഞത്; "ഇത്രയും പരസ്യമായി നാണം കെടുത്തിയവനോട്, ഞാൻ ക്ഷമിക്കണോ? അച്ചൻ പറയ്." ഞാൻ തീർത്തും നിശ്ശബ്ദനായിപ്പോയി. ബലഹീനയെന്ന് പ്രത്യക്ഷത്തിൽ കാണപ്പെട്ടവൾ, പൊടുന്നനെ രൌദ്രഭാവം സ്വീകരിച്ചതുപോലെ. സ്വന്തം ഭവനത്തിലായിരിക്കെ സ്വീകരിച്ച, ശാരീരിക പീഡനങ്ങളെ പൊറുക്കാനും മറക്കാനും തയ്യാറായവൾ, മറ്റുള്ളവരുടെ മുമ്പിൽ വെച്ച്, തൻ്റെ അഭിമാനത്തെ ചോദ്യം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തത്, മാപ്പിരന്നാലും, ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്ന അവസ്ഥ. ദുരവസ്ഥയിലായിരിക്കുന്ന ആ സാധു സ്ത്രീയോടും കുടുംബത്തോടും സഹതപിക്കാൻ തീർത്തും പരുവപ്പെടുന്ന നമ്മുടെ മനസ്സുകളിലേക്ക്, ഇത്തരത്തിലുള്ള തൻ്റെ ദുഃഖവും വേദനയും, തമ്പുരാൻ പങ്കുവെക്കുന്നതാണ് ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ നാം വായിക്കുകയാണ്, "മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ, എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ, ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ, എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുമ്പിൽ ഞാനും തള്ളിപ്പറയു" (മത്താ. 10, 32-33) മെന്ന്. തൻ്റെ ശരീരത്തിൽ, നമുക്കുവേണ്ടി ഏൽക്കേണ്ടി വന്ന സഹനങ്ങളെക്കാളും പീഡകളേക്കാളും, അന്നും ഇന്നും എന്നും, അവിടുത്തെയും ദുഃഖിപ്പിക്കുന്നത്, നമ്മുടെ തള്ളിപ്പറയലുകളും ഒറ്റിക്കൊടുക്കലുമാണെന്ന്. എന്നാൽ, അനുതപിച്ച് തിരികെ ചെല്ലുമ്പോൾ, ക്ഷമിക്കാതിരിക്കാൻ മാത്രം മാനുഷിക ബലഹീനതയുള്ളവനല്ല അവിടുന്ന്. കുരിശിൽ കിടന്ന് അവിടുന്ന് പിതാവിനോട് പ്രാർത്ഥിച്ചു, "പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല." (ലൂക്കാ 23, 34) ആയതിനാൽ, നമ്മുടെ വാക്കുകളാലും പ്രവർത്തികളാലും ചിന്തകളാലും, ഇനിയും അവിടുത്തെ - കുടുംബങ്ങളിലും സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും - തള്ളിപ്പറഞ്ഞും ഒറ്റിക്കൊടുത്തും, വീണ്ടും കുരിശിൽ ഏല്പിച്ച് നിത്യജീവൻ നഷ്ടമാക്കാതെ, ആയിരിക്കുന്ന എളിയ സാഹചര്യങ്ങളിൽ, സജീവ ഉത്തമ ക്രിസ്തുസാക്ഷിയായി ജീവിക്കാനാവശ്യമായ കൃപയ്ക്കായ് പ്രാർത്ഥിക്കാം. അതോടൊപ്പം തന്നെ, മനുഷ്യബന്ധങ്ങളിൽ, മുറിവുണ്ടാക്കുന്നവരേക്കാൾ, മുറിവുണക്കുന്ന തൈലവാഹകരാകാൻ നമുക്കു പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 

Sunday, September 18, 2016

"ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ, ക്രിസ്ത്യാനികളെ വെറുക്കുന്നു." (യോഹ. 8,39-47)

"ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ, ക്രിസ്ത്യാനികളെ വെറുക്കുന്നു." (വായനഭാഗം - യോഹ. 8,39-47)

കാരുണ്യത്തിൻ്റെ മാലാഖയായി, കൽക്കത്തായിൽ വി. മദർ തെരേസാ കാലുകുത്തുന്നതിനു ഏതാനും വർഷങ്ങൾക്കു മുമ്പേ, "ദീനബന്ധു" (friend of the poor) വായി ജീവിച്ച്, ക്രിസ്തുസാക്ഷിയായി, കൽക്കത്തായിലെ ലോവർ സർക്കുലർ റോഡ് സിമിത്തേരിയിൽ അടക്കം ചെയ്യപ്പെട്ട ബ്രിട്ടീഷ് ക്രൈസ്തവ മിഷനറിയാണ്, സി.എഫ്. ആൻഡ്രൂസ് (12 ഫെബ്രു. 1871 - 5 ഏപ്രിൽ 1940). അതോടൊപ്പം മറക്കരുതാത്ത മറ്റൊന്ന്, മഹാത്മാ ഗാന്ധിജി, ജി.കെ. ഗോഖലെ, ബി. ആർ. അംബേദ്ക്കർ തുടങ്ങിയ നേതാക്കളെ, സ്വാതന്ത്ര്യസമര പാതയിലും ദലിത് ശാക്തീകരണത്തിലും ക്രൈസ്തവമൂല്യ വഴിയെ നയിക്കാൻ അദ്ദേഹത്തിനായി എന്നതിന് ചരിത്രം സാക്ഷി. ദിവ്യമായ ക്രിസ്തുസ്നേഹത്തിൻ്റെ ആൾരൂപമായി ജീവിച്ച, ദീനബന്ധു സി.എഫ്. ആൻഡ്രൂസിനെ, മഹാത്മാ ഗാന്ധിജി ഏറെ വാത്സല്യത്തോടെ വിശേഷിപ്പിച്ചിരുന്നത്, "ക്രിസ്തുവിൻ്റെ വിശ്വസ്ത അപ്പസ്തോലൻ" (Christ's Faithful Apostle: the full form he gave to his initial C.F.Andrews) എന്നാണ്.

ഈ വലിയ ക്രൈസ്തവമിഷനറി, മഹാത്മാ ഗാന്ധിജിയുടെ ജീവിതത്തിലേക്ക് കയറി ചെന്നത്, തീർത്തും യാദൃശ്ചികമെന്നതിനേക്കാൾ ദൈവപരിപാലന ആയിട്ടുവേണം കരുതാൻ. അദ്ദേഹത്തിലൂടെ ക്രിസ്തുമൂല്യങ്ങളിലേക്ക് മഹാത്മജി ഏറെ അടുക്കുകയും, "അഹിംസാ" സിദ്ധാന്തത്തെ ഉലയിൽ കാച്ചിയ പൊന്നാക്കി മാറ്റുകയും ചെയ്തു. എന്നാൽ, ഇതിനൊരു മറുപുറം കൂടിയുണ്ട്. ആൻഡ്രൂസ്-ഗാന്ധിജി സൌഹൃദം ഒരുഭാഗത്ത്, ക്രിസ്തുവിൽ വളർന്ന് പുഷ്പിച്ചപ്പോൾ, മറുഭാഗത്ത്, കാപട്യത്തിൻ്റെ ഒത്തിരി ക്രൈസ്തവജീവിതങ്ങൾ മഹാത്മ ഗാന്ധിജിയെ ക്രൈസ്തവരിൽ നിന്ന് ഒരുപാട് അകറ്റി. മനംനൊന്ത അദ്ദേഹം വിളിച്ചു പറഞ്ഞുവത്രേ, "ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ, ക്രിസ്ത്യാനികളെ വെറുക്കുന്നു" വെന്ന്. ഇന്നത്തെ ധ്യാനവിഷയത്തിൽ, യാഹോവായോടുള്ള വിശ്വസ്ഥതയിലേക്ക് തിരികെ വരാൻ, ബാബിലോണിയൻ വിപ്രവാസത്തിനുശേഷം, നിയമത്തോടും പാരമ്പര്യങ്ങളോടുമുള്ള വിശ്വസ്ഥതയും തീർത്തും അനിവാര്യമെന്ന് കരുതി, ജീവിതം അതിനായി പരിപൂർണ്ണമായി സമർപ്പിച്ചിരുന്ന ഫരിസേയരോടും നിയമജ്ഞരോടും, യേശുക്രിസ്തുവിന് പറയാനുണ്ടായിരുന്നതും മറ്റൊന്നല്ലെന്ന് നാം തിരിച്ചറിയുന്നു.

ദൈവിക നിയമങ്ങളുടെ സത്തയിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ച്, ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം മുഴുകി, അഹങ്കരിച്ച് നടന്നിരുന്ന അവരോടായി അവൻ പറഞ്ഞു, "നിങ്ങൾ അബ്രാഹത്തിൻ്റെ മക്കളാണെങ്കിൽ, അബ്രാഹത്തിൻ്റെ പ്രവർത്തികൾ ചെയ്യുമായിരുന്നു." (യോഹ. 8, 39) തുടർന്ന് ആവർത്തിക്കുന്നു, "ദൈവമാണ് നിങ്ങളുടെ പിതാവെങ്കിൽ, നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു." (വാ. 42) പക്ഷെ, പകരം ചതിയും നുണയും, വഞ്ചനയും കൊലപാതകചിന്തയുമായി നടക്കുന്നതിനാൽ, ക്രിസ്തു അവരെ വിളിച്ചത് പിശാചിൻ്റെ മക്കൾ (വാ. 44) എന്നാണ്. അവർ "എന്താണ്" അല്ലെങ്കിൽ "എന്തായിരുന്നില്ല" എന്നു മാത്രമല്ല, ക്രിസ്തു അവരെ ഓർമ്മപ്പെടുത്തിയത്, മറിച്ച്, "എന്തായിരിക്കണ"മെന്നും കൂടിയായിരുന്നു; "ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിൻ്റെ വാക്കു ശ്രവിക്കുന്നു." (വാ. 47) മാതാപിതാക്കളിലൂടെയും പൂർവ്വികരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും മാത്രം, അഭിമാനിച്ചും ആഘോഷിച്ചും ജീവിക്കുകയും, എന്നാൽ, ക്രിസ്തുമൂല്യങ്ങളെ മറക്കുകയും തിരസ്ക്കരിക്കുകയും ചെയ്താൽ, ഞാനും നിങ്ങളും ക്രിസ്തുവിൻ്റെ ഓർമ്മപ്പെടുത്തലിനൊപ്പം ആത്മപരിശോധനക്കും വിധേയമായേ മതിയാകൂ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

Saturday, September 17, 2016

കരുണയുടെ വർഷ സമാപനത്തിന് രണ്ടു ചുവടു (മാസം) കൂടി (മത്താ. 17, 14-21)

കരുണയുടെ വർഷ സമാപനത്തിന് രണ്ടു ചുവടു (മാസം) കൂടി മാത്രം... (മത്താ. 17, 14-21)

ദൈവം തൻ്റെ കരുണയുടെ ഭാവങ്ങൾ വെളിപ്പെടുത്താൻ, വിവിധ രൂപങ്ങളും ജന്മങ്ങളും ആവോളം പകർന്നിട്ടുണ്ട്, ഈ ഭൂമിയിൽ. അവയിലൂടെ അവ വെളിപ്പെടുന്നു, സ്നേഹമായും വാത്സല്യമായും, ശിക്ഷണമായും തിരുത്തലായും. തൻ്റെ തന്നെ പ്രകൃതത്തെ, തമ്പുരാൻ, പിതാവിൻ്റെയും മാതാവിൻ്റെയും വാത്സല്യമായും, ഇടയൻ്റെ കാവലായും കരുതലായും, പ്രവാചകൻ്റെ തിരുത്തലായും മറ്റും വെളിപ്പെടുത്തിയത്, പഴയ നിയമത്തിലൂടെ നാം ഏറെ അറിഞ്ഞിട്ടുണ്ട്. ഇനിയും ഏറെയാണ്, ആ ചിത്രങ്ങളുടെ വൈവിധ്യങ്ങൾ. ഹെബ്രായ ലേഖനത്തിൽ പറയുന്നതുപോലെ, കാരുണ്യത്തിൻ്റെ പൂർണ്ണ വെളിപ്പെടുത്തൽ നാമോരുത്തരും രക്ഷകനായ യേശു ക്രിസ്തുവിൽ അനുഭവിച്ചറിഞ്ഞു, "പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പാതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഈ അവസാന നാളുകളിൽ തൻ്റെ പുത്രൻ വഴി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്ന് സകലത്തിൻ്റെയും അവകാശിയായി നിയമിക്കുകയും അവൻ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു." (ഹെബ്രാ. 1,1)

ക്രിസ്തുവിലൂടെയുള്ള ആ വെളിപ്പെടുത്തൽ വഴി, കരുണയുടെ പ്രവാഹം എന്നന്നേക്കുമായി നിലച്ചുവോ? മനുഷ്യനിത് ഒരിക്കലും അനുഭവിച്ചറിയാൻ സാധിക്കില്ലേ? എന്നന്നേക്കുമായി ആ പ്രവാഹം നിലച്ചിട്ടില്ലെന്നും, ഒരിക്കലും നിലക്കരുതെന്ന് തമ്പുരാൻ തീവ്രമായി ആഗ്രഹിക്കുന്നുവെന്നും, ഇന്നത്തെ തിരുവചനം (മത്താ. 17, 14-21) ഓർമ്മപ്പെടുത്തുന്നത് നമുക്ക് ശ്രദ്ധാപൂർവ്വം ധ്യാനിക്കാം. ഇല്ലായെന്നതിൻ്റെ വെളിപ്പെടുത്തലാണ്, അപസ്മാരരോഗിയായ പുത്രൻ്റെ പിതാവിൻ്റെ, ആകാംക്ഷയിലുടെയും ആകുലതകളിലൂടെയും എന്നപോലെ (വാ. 15), സ്വന്തം മാതാപിതാക്കളിലൂടെ നാമോരോരുത്തരും ഇന്നും അനുഭവിച്ചറിയുന്നത്. കൂടാതെ, അതു ഒരിക്കലും നിലയ്ക്കരുതെന്ന്, അവിടുന്ന് ആഗ്രഹിക്കുന്നതിൻ്റെ വെളിപ്പെടുത്തലായി കാണാം, ശിഷ്യർക്കുള്ള ശാസനയും ഗുരുവിൻ്റെ ഇടപെടലും (വാ. 17).

കരുണയുടെ വർഷത്തിൻ്റെ ഔദ്യോഗിക സമാപനത്തിന്, കേവലം രണ്ടു മാസങ്ങൾക്കിപ്പുറം നാം എത്തിനിൽക്കുമ്പോൾ, ഇന്നത്തെ ധ്യാനവിഷയത്തിലൂടെ രണ്ടു ചിന്തകൾ മനസ്സിൽ എന്നന്നേക്കുമായി കുറിച്ചിടാം. ഒന്ന്, തമ്പുരാൻ്റെ സ്നേഹവും വാത്സല്യവും ആവോളം നുകരാൻ, ഉറുമ്പരിക്കാതെയും പേനരിക്കാതെയും കാത്തുസൂക്ഷിച്ച, ഉണ്ടില്ലെങ്കിലും ഊട്ടാൻ മറക്കാതിരുന്ന മാതാപിതാക്കളെയും സമാന ജന്മങ്ങളെയും ഓർത്ത്, അവരെ നല്കിയ തമ്പുരാന് ഒത്തിരി നന്ദിപറയാം. രണ്ട്, കാരുണ്യം പകർന്ന് കൊടുക്കാൻ മടിക്കുകയോ, അതിനുള്ള വിളിയെ തിരസ്ക്കരിക്കുകയോ ചെയ്തപ്പോഴൊക്കെ, തിരുത്തലായി ജീവിതത്തിലേക്കയച്ച, ഗുരുഭൂതരെയും സമാനജന്മങ്ങളെയും ഓർത്ത്, അവരെ നല്കിയ തമ്പുരാനു, സ്തുതിയും മഹത്വവും നല്കാം. എല്ലാറ്റിലുമുപരി, കരുണയുടെ ഈ രണ്ടു ഭാവങ്ങളും, ഇന്നു ഞാൻ ജീവിക്കുന്ന സാഹചര്യങ്ങളിൽ - കുടുംബത്തിൽ, സമൂഹത്തിൽ, സ്ഥാപനങ്ങളിൽ, സംഘടനകളിൽ - തുടർന്നു കൊണ്ടുപോകാൻ, എന്നെയും ഉപകരണമാക്കണേയെന്നും പ്രാർത്ഥിക്കാം. ദൈവാനുഗ്രഹം സമൃദ്ധമായി നേരുന്നു.
                   

Friday, September 16, 2016

സ്വർഗ്ഗസന്തോഷത്തിൻ്റെ കാരണം തേടി... (ലൂക്കാ 15, 1-7)

സ്വർഗ്ഗസന്തോഷത്തിൻ്റെ കാരണം തേടി... (ലൂക്കാ 15, 1-7)

ജീവിതത്തിലെ വിവിധങ്ങളായ, ചെറുതും വലുതുമായ, സന്തോഷങ്ങൾക്ക് കാരണങ്ങൾ പലതാണല്ലോ. മുൻകാലങ്ങളിൽ മനുഷ്യനത്, കുഞ്ഞുങ്ങൾ മുതൽ കാരണവന്മാർവരെ, ഏതു നിമിഷവും പരസ്പരം പങ്കിടുകയും അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ന് നൈസർഗ്ഗികമായ ചിരിയും സന്തോഷങ്ങളും മനുഷ്യന് നഷ്ടപ്പെട്ടതുപോലെ. പിന്നെ ആകെയുള്ള ആശ്വാസം "സെൽഫി"യുടെ വരവാണ്. അതിൻ്റ വരവോടുകൂടി, ഏതു നിമിഷവും വാ പൊളിക്കാൻ തയ്യാറായി നിൽക്കുകയല്ലേ, ആബാലവൃദ്ധം മഹാ മാനവകുടുംബം. ദ്വേഷ്യപ്പെടുന്നതിനേക്കാൾ കരയാനും, കരയുന്നതിനേക്കാൾ പുഞ്ചിരിക്കാനും എളുപ്പമാണെന്ന്, ശരീരശാസ്ത്രം പഠിപ്പിക്കുന്നത് തിരിച്ചറിഞ്ഞിട്ടും, നൈസർഗ്ഗികമായി ചിരിക്കാനും സന്തോഷിക്കാനും മറന്ന മലയാളിയെ, ഏറെ ബുദ്ധിമുട്ടി കൃത്രിമമായെങ്കിലും ചിരിപ്പിക്കാനും ഉല്ലസിപ്പിക്കാനും പരിശ്രമിക്കുകയാണ് കേരളത്തിലെ അങ്ങോളിങ്ങോളമുള്ള "ചിരിക്ലബ്ബുകളും."

ഗ്രാമങ്ങളിലെ ചായക്കടകളും, കടത്തിണ്ണകളും, ഒഴിഞ്ഞ പ്രദേശങ്ങളിലെ ശീട്ടുകളി കൂട്ടായ്മകളും എല്ലാം തന്നെ തുറന്ന സൌഹൃദത്തിൻ്റെയും സന്തോഷ പങ്കുവെക്കലുകളുടെയും തുറന്ന വേദികളായിരുന്നു. രാജ്യാന്തരവിഷയമായാലും, രാഷ്ട്രീയമായാലും ചർച്ചകൾക്ക് മേമ്പൊടി ശുദ്ധമായ തമാശകളായിരുന്നു. ചിരകാല സ്മരണാർഹനായ മുൻ കേരളാ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ നർമ്മത്തിൽ ചാലിച്ച പ്രസംഗങ്ങളും, "മുഖ്യമന്ത്രിയോടു ചോദിക്കൂ" എന്ന പരിപാടിയും, എതിർക്കക്ഷികളുടെയും പ്രശംസക്ക് കാരണമായത് ഏറെ കേട്ടറിവുള്ളതാണല്ലോ. ഹാസ്യപ്രധാനങ്ങളായ എത്രയോ ചലചിത്രങ്ങൾ നിറഞ്ഞസദസ്സുകളെ ആനന്ദത്തിൽ ആറാടിച്ചിട്ടുണ്ട്. പാശ്ചാത്യനായ ചാർളി ചാപ്ളിനും പൌരസ്ത്യനായ കുഞ്ചൻ നമ്പൂതിരിയും ഒരുപോലെ, ഹാസ്യത്താൽ ഏറെപ്പേരെ സന്തോഷിപ്പിച്ചു. ഭൂമിയിലെ ഈ സന്തോഷങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും ചിന്തിക്കുന്നതോടൊപ്പം, സ്വർഗ്ഗത്തിലെ സന്തോഷകാരണത്തെ കുറിച്ച് ചിന്തിക്കാൻ ഇന്നത്തെ തിരുവചനം നമ്മെ സഹായിക്കും.

ഭൂമിയിലെ സന്തോഷകാരണങ്ങളിൽ നിന്ന് ഒത്തിരിയേറെ വ്യത്യസ്തമാണത്. തിരുവചനത്തിൽ നാം വിയിക്കുന്നു, "അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു." (ലൂക്കാ 15, 7) ഞായറാഴ്ചയിലെ പ്രസംഗത്തിൽ അച്ചൻ, പള്ളിയിൽ തീർത്തും വരാത്തവരെ കുറിച്ചും, വിശ്വാസം നഷ്ടപ്പെടുത്തി ജീവിക്കുന്നവരെ കുറിച്ചും മാത്രം, കൂടെക്കൂടെ പരാമർശിച്ചപ്പോൾ ടോണിക്കൊരു പരാതിയുണ്ടായിരുന്നു, 'സ്ഥിരമായി വരുന്ന തങ്ങളെക്കുറിച്ചൊന്നും അച്ചൻ ഒരു നന്മ പോലും പറയുന്നില്ലെന്ന്.' നഷ്ടപ്പെട്ടുപോയ ആടിനെ കണ്ടെത്തിയ ഇടയൻ്റെ സന്തോഷത്തെക്കുറിച്ചും കാരണത്തെക്കുറിച്ചും ധ്യാനിച്ചപ്പോൾ അവൻ പറഞ്ഞു, 'സ്വന്തമാക്കിയവൻ്റെ നഷ്ടത്തിൻ്റെ വേദനയെ താൻ തിരിച്ചറിഞ്ഞില്ലല്ലോ ദൈവമെ,' എന്ന്. സ്വർഗ്ഗസന്തോഷത്തിൻ്റെ കാരണം പിതാവിൻ്റെ പക്കലേക്കുള്ള എൻ്റെ തിരിച്ചു വരവു കൂടിയാണെന്ന് മനസ്സിലാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. 

Monday, September 12, 2016

"ഉപ്പു തിന്നവൻ വെള്ളം കുടിക്കും." (മത്താ. 23, 29-36)

"ഉപ്പു തിന്നവൻ വെള്ളം കുടിക്കും." (വായനഭാഗം - മത്താ. 23, 29-36)

ഓരോരുത്തൻ്റെയും കർമ്മഫലം, അവനവൻ തന്നെ അനുഭവിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന, ഒരു പഴമൊഴിയാണ്, "ഉപ്പു തിന്നവൻ വെള്ളം കുടിക്കു" മെന്നത്. നന്മയ്ക്കുവേണ്ടിയായാലും തിന്മയ്ക്കുവേണ്ടിയായലും, സ്വന്തം കർമ്മഫലത്തിൽ നിന്ന് ഒഴികഴിവില്ല, ആർക്കും തന്നെ. വിജയിയുടെയും പരാജിതൻ്റെയും, വിശ്വസ്ഥൻ്റെയും അവിശ്വസ്ഥൻ്റെയും കഥകൾ ഒരുപോലെ അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട് ഇക്കാര്യം. മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ, പ്രത്യേകിച്ച് നേതൃത്വങ്ങളിൽ, വർദ്ധിച്ചു കാണുന്ന തിന്മയുടെയും കറകളുടെയും സ്വാധീനങ്ങളെ, കണ്ണുമടച്ച് പിന്താങ്ങിയിരുന്ന പഴയ തലമുറക്കു പകരം, അണികളിന്ന് ആകാംക്ഷയോടെ ന്യായവിധിക്ക് കാതോർക്കുന്നതിനുള്ള കാരണവും, "ഉപ്പു തിന്നവൻ വെള്ളം കുടിക്കു" മെന്ന കണക്കൂട്ടലുകളും ബോധ്യങ്ങളും അവരുടെ മനസ്സുകളിൽ തീർത്തും വേരുറപ്പിക്കപ്പെട്ടതിൻ്റെ അടയാളമാണെന്ന് തിരിച്ചറിയുക. പൊയ്മുഖങ്ങൾ ഏറുന്നതിനാൽ, "കളൿറ്റീവ് റെസ്പോൺസ്ബിലിറ്റി"യുടെ "റിസ്ക്ക്" എടുക്കാൻ ആരും തയ്യാറാകുന്നില്ല.

കർത്താവിൻ്റെ വിശ്വസ്ഥനെക്കുറിച്ച് സങ്കീർത്തകൻ പറയുന്നു, "മനുഷ്യൻ്റെ പാദങ്ങളെ നയിക്കുന്നതു കർത്താവാണ്. തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്ന് സുസ്ഥിരനാക്കും. അവൻ വീണേക്കാം, എന്നാൽ, അതു മാരകമായിരിക്കുകയില്ല. കർത്താവ് അവൻ്റെ കയ്യിൽ പിടിച്ചിട്ടുണ്ട്." (സങ്കീ. 37, 23-24) എന്നാൽ, ദുഷ്ടനെക്കുറിച്ച് പറയുന്നു, "ദുഷ്ടൻ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയർന്നു നിൽക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പിന്നീട്, ഞാൻ അതിലെ പോയപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. അവനെ അന്വേഷിച്ചു, കണ്ടില്ല." (സങ്കീ. 37, 35-36) ശിഷ്ടൻ്റെ വളർച്ച സുസ്ഥിരവും, ദുഷ്ടൻ്റെ വളർച്ച താൽക്കാലികവുമെന്ന് ഓർമ്മപ്പെടുത്തുന്ന വിശുദ്ധ കീർത്തനം. ഒരുപക്ഷെ, ഇവയേക്കാളും ശക്തമായ ഭാഷയിൽ, തിന്മയുടെ കൂട്ടുകെട്ടിനെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും വെളിപ്പെടുത്തുന്ന ഒന്നാണ്, ഇന്നത്തെ ധ്യാനവിഷയം.

തിരുവചനത്തിൽ നാം വായിക്കുന്നു, "അങ്ങനെ, നിരപരാധനായ ആബേലിൻ്റെ രക്തം മുതൽ ദേവാലയത്തിനും ബലിപീഠത്തിനും മദ്ധ്യേ വച്ചു നിങ്ങൾ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തം വരെ, ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുയെയും രക്തം നിങ്ങളുമേൽ പതിക്കും." (മത്താ. 23, 35) എന്നുപറഞ്ഞാൽ, ഇന്നു ഞാൻ ചെയ്യുന്ന ഒരു ഒറ്റപ്പെട്ട പാപം വഴി, അതുവരെ ചെയ്യപ്പെട്ട പാപങ്ങളുടെയെല്ലാം നിക്ഷേപത്തിൽ ഞാനും പങ്കാളിയാകുന്നുവെന്ന്. എത്രയോ ഭീകരവും ലജ്ജാകരവുമാണത് ? കഴിഞ്ഞദിവസം ഹാക്കർമാർ, അശ്ലീല സൈറ്റുകൾ കൂടെക്കൂടെ സെർച്ചു ചെയ്ത ഒരു ലക്ഷത്തോളം വരുന്നവരുടെ പേരുകൾ പുറത്തുവിടുന്നുവെന്ന് പത്രവാർത്തപ്പോൾ, ചില "പകൽ മാന്യന്മാർ" അടക്കം പറഞ്ഞത്രേ, "ഇനി അതിലെങ്ങാനും നമ്മുടെ പേരുകൾ വന്ന് നാറ്റക്കേസാവുമോ" യെന്ന്. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ആത്മാവിൽ ആരംഭിച്ചിട്ട് ജഡത്തിൽ അവസാനിപ്പിക്കാൻ മാത്രം ഭോഷന്മാരാകാതെ," (ഗലാ. 3,3) "തിന്മയെ ദ്വേഷിക്കാനും നന്മയെ മുറുകെപ്പിടിക്കാനുമുള്ള" (റോമ. 12,9) കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Sunday, September 11, 2016

"അച്ചൻ അവിടെ മലമറിക്കൊന്നും വേണ്ടാ, പറ്റണത് ചെയ്താൽ മതി." (മത്താ. 5, 43-48)

"അച്ചൻ അവിടെ മലമറിക്കൊന്നും വേണ്ടാ, പറ്റണത് ചെയ്താൽ മതി." (മത്താ. 5, 43-48)

കോർപ്പറേറ്റുകളുടെ ലോകത്തിൽ നിന്ന് കേൾക്കുന്ന പ്രധാന ആശയങ്ങളിൽ ഒന്ന് പറ്റാവുന്നത്ര വസൂലാക്കുക എന്നുള്ളതാണത്രേ. മറ്റൊരർത്ഥത്തിൽ പരമാവധി പ്രയോജനപ്പെടുത്തുക, കഴിവുകളെ പൂർണ്ണമായും ചൂഷണം ചെയ്യുക; ഉപഭോക്താവിനെയായാലും തങ്ങളുടെ തന്നെ ജോലിക്കാരെയായലും. മറ്റാരും നല്കുന്നതിനേക്കാളും ഇരട്ടി ശമ്പളം നല്കുന്നുവെന്ന വാദം മുന്നോട്ടുവെച്ച്, നാലിരട്ടി പണിയെടുപ്പിക്കുകയെന്ന തന്ത്രത്തിലും, ഇത് നമുക്ക് വ്യക്തമായി ദർശിക്കാമെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു. "തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക" എന്ന ചൊല്ലിന് അടിവരയിടുന്നതുപോലെ. ഈ ചിന്താഗതി, പ്രത്യക്ഷമായോ പരോക്ഷമായോ, നമ്മുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും, സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും, ആഴത്തിൽ സ്വാധിനിക്കുന്നുവെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വിദ്യഭ്യാസമേഖല തന്നെ അതിനു പ്രകടമായ തെളിവായി കണക്കാക്കാമെന്ന പക്ഷവുമുണ്ട്. മനുഷ്യനെ അവൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ, സമഗ്ര വളർച്ചയ്ക്കാവശ്യമായവ ഒരുക്കികൊടുക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മേഖല, ഇന്ന് പക്ഷെ, ലക്ഷ്യം നഷ്ടപ്പെട്ട പ്രയാണത്തിലാണെന്ന സംശയം ജനിപ്പിക്കുന്നതുപോലെ.

കോർപ്പറേറ്റുകളുടെ ഈ ആശയങ്ങളൊന്നും മനസ്സിലേക്ക് പ്രവേശിപ്പിക്കാതിരുന്ന, സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച് "പാവങ്ങളുടെ പിതാവെ"ന്ന് അപരനാമത്തിൽ അറിയപ്പെട്ട, തൃശ്ശൂർ അതിരൂപതാ മെത്രാനായിരുന്ന, മാർ ജോസഫ് കുണ്ടുകുളം പിതാവിനെ കുറിച്ചുള്ള ഒരു ഓർമ്മ, മുതിർന്ന ഒരു വൈദികൻ പങ്കുവെച്ചത് ഇവിടെ കുറിക്കുകയാണ്. പുതിയ സ്ഥലത്തേക്ക് നിയമനം ലഭിച്ച വൈദികൻ പിതാവിൻ്റെ പക്കൽ വന്ന്, അങ്ങോട്ട് പോകുന്നതിലുള്ള ആശങ്കകൾ അറിയിച്ചപ്പോൾ, പിതാവ് പറഞ്ഞത്രേ, "അച്ചൻ അവിടെ പോയി മലമറിക്കൊന്നും വേണ്ടാ, പറ്റണത് ചെയ്താൽ മതി" യെന്ന്. മുമ്പവിടെ ഉണ്ടായിരുന്ന അച്ചൻ്റെ നിഴലുപോലുമാകാൻ തനിക്കു കഴിയില്ലെന്ന് ആശങ്കപ്പെട്ടതിന്, വന്ദ്യപിതാവ് പിതാവ് നല്കിയ മറുപടിക്ക് കോർപ്പറേറ്റുകളുടെ ശൈലിയെക്കാളും, തിരുവചനത്തിൻ്റെ ചോരാത്ത ബലമുണ്ടായിരുന്നു. അതിലേക്കാണ്, ഇന്നത്തെ തിരുവചനധ്യാനം നമ്മെ നയിക്കുന്നത്.

തിരുവചനത്തിൽ നാം വായിക്കുന്നു, "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ, നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ." (മത്താ. 5, 48) സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ പരിപൂർണ്ണതയിലേക്ക്, നമ്മെയും വിളിച്ചിരിക്കുന്നുവെന്ന് (ദുർ)വ്യാഖ്യാനിക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ, പിതാവ് തന്നിൽ പരിപൂർണ്ണനായിരിക്കുന്നതുപോലെ, നാമോരോരുത്തരുമായിരിക്കുന്ന, വിളിയിലും ദൌത്യത്തിലും ജീവിതാന്തസ്സിലും, പരിപൂർണ്ണരായിരിക്കാനാണ് വിളിക്കപ്പെട്ടതെന്ന്, അല്ലാതെ സ്വർഗ്ഗപിതാവിൻ്റെ പൂർണ്ണതയിലേക്കല്ലായെന്ന്, തിരിച്ചറിയാത്തിടത്തോളം നാമും കോർപ്പറേറ്റ് ശൈലിയിലേക്ക് വഴുതിവീഴാം. എന്നെ, അപരൻ്റെ പൂർണ്ണതയിലേക്കല്ല, തമ്പുരാൻ വിളിച്ചിരിക്കുന്നത്, പകരം, എന്നിൽ അവിടുന്ന് തൻ്റെ അനന്ത പദ്ധതിയിൽ, നിക്ഷേപിച്ചതിനെയും നിയോഗിച്ചതിനെയും കണ്ടെത്തി, അതിൻ്റെ പൂർണ്ണതയിലേക്ക് വളരാനാണ്. അല്ലെന്നു വരികിൽ, നാമും സ്ഫടികം സിനിമയിലെന്നതുപോലെ, "ആടുതോമാ" മാരെ സൃഷ്ടിക്കുന്നവരായി മാറാം. വരുതലമുറകളെ വാർത്തെടുക്കുന്ന വിശുദ്ധമായ ദൌത്യത്തിൽ പലരൂപത്തിലും ഭാവത്തിലും ഏർപ്പടുന്ന, ഏർപ്പെടാനിരിക്കുന്ന നമുക്ക് തമ്പുരാൻ്റെ കൃപയ്ക്കായ് യാചിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Saturday, September 10, 2016

ക്രൈസ്തവൻ്റേത് പകരക്കാരനാകാൻ വിളിക്കപ്പെട്ടവൻ്റെ നിയോഗം (മത്താ. 4, 12-17)

ക്രൈസ്തവൻ്റേത് പകരക്കാരനാകാൻ വിളിക്കപ്പെട്ടവൻ്റെ നിയോഗം (വായനഭാഗം - മത്താ. 4, 12-17)

ഏതൊരു വൈജ്ഞാനികശാഖയും - ദൈവശാസ്ത്രമോ, തത്വശാസ്ത്രമോ, ഭൌതികശാസ്ത്രമോ - നിലനിൽക്കുന്നതും വളരുന്നതും ഒരു പരിധിവരെ അവയുടെ കൈമാറ്റങ്ങളിലെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കും. അരിസ്റ്റോട്ടിൽ, അഗസ്റ്റിൻ, അക്വീനാസ്, മാർക്സ്, മഹാത്മാ ഗാന്ധി തുടങ്ങീ മഹത് വ്യക്തികളുടെ ദർശനങ്ങൾ, ഏറ്റക്കുറച്ചിലോടെ ഇന്നും സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, അതിൻ്റെ അടിസ്ഥാനം അവ വേണ്ടവണ്ണം, കരുതലോടെയും സൂക്ഷ്മതയോടെയും, കൈമാറ്റം ചെയ്യപ്പെട്ടുവെന്നതാണ്. ആശയങ്ങളും ദർശനങ്ങളും വ്യക്തികളെ സ്വാധീനിക്കുകയും, അവ അവരുടെ ജീവിതശൈലിയായി മാറുകയും ചെയ്യുമ്പോൾ, വാക്കുകൾ സമൂഹത്തിൽ മാംസം ധരിക്കുകയും പൂർണ്ണ വളർച്ച പ്രാപിക്കുകയും ചെയ്യുന്നു. മാംസം ധരിക്കാത്ത വചനങ്ങൾ സാവധാനം വിസ്മൃതിയിലേക്കു മറയുമ്പോൾ, മാംസം ധരിച്ചവ, കെട്ടടങ്ങാതെ കെട്ടിപ്പടുക്കപ്പെട്ട് പൂർണ്ണതയിൽ കൈമാറ്റം ചെയ്യപ്പെടുന്നു; അവ അമർത്യതയിലേക്ക് പ്രയാണം തുടരുകയും ചെയ്യുന്നു.

കൽക്കത്തായിലെ മദർ തെരേസായുടെ ദർശനങ്ങൾ, ലോകം മുഴുവനിലേക്കും പകർന്നത്, വാക്കുകളേക്കാളുപരി അവരുടെ കൊച്ചു കൊച്ചു കാരുണ്യ പ്രവർത്തികൾ വഴിയാണെന്നത് ഏറെ പ്രസിദ്ധമാണല്ലോ. പ്രസ്തുത പ്രവർത്തികളിലേക്കും ചൈതന്യത്തിലേക്കും ആകർഷിക്കപ്പെട്ടവർ, അവ തങ്ങളിലൂടെയും തുടരാൻ സമർപ്പിച്ചപ്പോൾ, അയ്യായിരത്തോളം സമർപ്പിത സഹോദരിമാരിലൂടെയും അഞ്ഞൂറൂറോളം സഹോദരന്മാരിലൂടെയും ആയിരക്കണക്കിനു ഉപകാരികളിലൂടെയും നൂറ്റിനാല്പ്പതോളം ലോകരാജ്യങ്ങളിലായി പടർന്ന് പന്തലിച്ചത്, ഈ കഴിഞ്ഞ ദിവസങ്ങളിൽ, പ്രത്യേകമായി നാമോർക്കുകയുണ്ടായി. ക്രൈസ്തവ ദർശനങ്ങൾ, ഇത്തരത്തിലുള്ള പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതും അല്ലാത്തതുമായ വിശുദ്ധജീവിതങ്ങൾ വഴിയാണ്, പ്രധാനമായും രണ്ടായിരം വർഷം ഇപ്പുറമുള്ള നമ്മുടെ തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടത്. ഇതുപോലുള്ള ഒരു ബാറ്റൺ കൈമാറ്റത്തെകൂടി ഇന്നത്തെ തിരുവചനഭാഗം ഓർമ്മപ്പെടുത്തുന്നത്, ഇന്നേദിവസം നമുക്ക് ധ്യാനിക്കാം.

സ്നാപക യോഹന്നാനിൽ നിന്ന് യേശുമിശിഹായിലേക്കുള്ള, ഒരു ബാറ്റൺ കൈമാറ്റമാണ് പശ്ചാത്തലം. രണ്ടുപേരുടെയും പ്രഘോഷണത്തിലെ കാതൽ ഒന്നുതന്നെ; "മാനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു." (മത്താ. 3, 2 & 4, 17) യേശു പരസ്യജീവിതം ആരംഭിക്കുന്നതിൻ്റെ പശ്ചാത്തലമായി പറയുന്നത്, "യോഹന്നാൻ ബന്ധനസ്ഥനായെന്ന് കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി... സമുദ്രതിരത്തുള്ള കഫർണാമിൽ ചെന്നു പാർത്ത്... (ദൈവരാജ്യസന്ദേശം) പ്രസംഗിക്കാൻ തുടങ്ങി" (മത്താ. 4, 12, 13, 17) എന്നാണ്. "വഴിയൊരുക്കാൻ വന്നവനും," (മത്താ. 3,3) "വഴിതന്നെയായവനും" (യോഹ. 14, 6) തമ്മിലുള്ള വ്യത്യാസം നിലനിൽക്കെതന്നെ, ദൈവരാജ്യത്തിലേക്കുള്ള മാനസാന്തരസന്ദേശം തലമുറയിലേക്ക് കൈമാറുകയെന്നത്, അതിൻ്റെ ഏറ്റവും കാര്യക്ഷമതയിൽ നാമിവിടെ അനുഭവിച്ചറിയുന്നു. അന്നുമുതൽ ഇന്നുവരെ, അതു വിശുദ്ധാത്മാക്കളിലൂടെയും നീതിമാന്മാരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടത്, ഇനി അടുത്ത തലമുറയിലേക്ക് തീർത്തും കളങ്കമില്ലാതെയും കാര്യക്ഷമതയിലും കൈമാറ്റം ചെയ്യപ്പെടേണ്ടത്, എന്നിലൂടെയും നിങ്ങളിലൂടെയുമാണെന്ന് തിരിച്ചറിയാനും, അതിനായി നമ്മെ പുനരർപ്പണം ചെയ്യാനും യേശു തമ്പുരാൻ നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു.   

Friday, September 9, 2016

നിയോഗങ്ങളെ മറന്ന് പ്രതിച്ഛായക്കായ് കഷ്ടപ്പെടുന്നവരും കുടുങ്ങുന്നവരും (മത്താ. 24, 45-51)

നിയോഗങ്ങളെ മറന്ന് പ്രതിച്ഛായക്കായ് കഷ്ടപ്പെടുന്നവരും കുടുങ്ങുന്നവരും (മത്താ. 24, 45-51)

അധികാരവും സ്ഥാനമാനങ്ങളും, ഒരുപാട് കാട്ടിക്കൂട്ടലുകളുടെയും പ്രവർത്തനപരതയുടെയും വേദിയായി മാറിയിരിക്കുന്നുവെന്ന്, അഭിപ്രായപ്പെടുന്നവരുടെ എണ്ണം, ഇന്ന് എന്നത്തേക്കാളും ഏറെയായിരിക്കുന്നു. അവയുടെ കൊട്ടിഘോഷങ്ങളും, സാമൂഹ്യദ്രോഹങ്ങളുടെയും അനീതിയക്രമങ്ങളുടെയും വിവരണങ്ങൾ കഴിഞ്ഞാൽ, പത്രമാസികകളിലും ദൃശ്യശ്രവ്യമാധ്യമങ്ങളിലും പിന്നെ ഒന്നും വായിക്കാനോ, കേൾക്കാനോ, അറിയാനോ ഇല്ലാത്ത ദുരവസ്ഥ. ഇത്, മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക വ്യത്യാസങ്ങളില്ലാതെ, എല്ലായിടത്തും ഏറെക്കുറെ വ്യത്യാസമില്ലാതെ, പ്രത്യക്ഷപ്പെട്ടു കാണുന്നതു കൊണ്ട്, പ്രവാചക കണ്ണികൾ അറ്റുപോയിരിക്കുന്നവോ എന്നു സംശയിക്കുന്നവരും, വികസന വഴിയിലെ വിശ്വാസ്യതാ കുറവിനെ തിരിച്ചറിയുമ്പോൾ, പ്രവർത്തനപരത വെറും കാട്ടിക്കൂട്ടലുകളായിരുന്നു എന്ന് ഏറ്റുപറഞ്ഞ്, പരിതപിക്കാൻ മാത്രം വിധിക്കപ്പെട്ടവരുമായി മാറിയിരിക്കുന്നു, ഇന്നത്തെ എൻ്റെയും നിങ്ങളുടെയും സമൂഹം. അതുകൊണ്ടാണോ, കസേരയിലുള്ളവരെ കുറിച്ചെന്നതിനേക്കാൾ, കസേരയിൽ നിന്നിറങ്ങിയവർക്കു പിറകെ നടന്ന നൂറുദിനങ്ങൾ, മാധ്യമങ്ങൾ ഈ അടുത്ത് ആഘോഷിച്ചതായി ജനങ്ങൾ പങ്കുവെക്കുന്നത്?      .        

"അവിശ്വസ്ഥതയെന്നാൽ, വിശ്വസിക്കുന്നതെന്തോ അത് ജീവിക്കാതെ, മറിച്ച് ജിവിക്കുന്ന അവസ്ഥ" യെന്ന് ഗാന്ധിജി പറഞ്ഞുവെച്ചത്, തീർത്തും ശരിവെക്കുന്ന രീതിയിലാണ് നമുക്കു ചുറ്റുമുള്ള, നാമുൾപ്പെടുന്ന സമൂഹം. അധികാരവും പദവിയും ശുശ്രൂഷക്കുവേണ്ടിയെന്ന് ലോകത്തിനു തൻ്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തി കൊടുക്കുകയും, അതു തങ്ങളുടെ ജീവിതത്തിൽ തുടരാൻ ശിഷ്യരെ പഠിപ്പിച്ചവനുമാണ് യേശുക്രിസ്തു. അന്ത്യത്താഴ വേളയിൽ അവൻ ശിഷ്യരോട് പറഞ്ഞു, "നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദം കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം." (യോഹ. 13, 13-14) വ്യക്തമായ നിയോഗങ്ങളും ദൌത്യങ്ങളും ഉള്ളവനുമാണ് ക്രിസ്തു ശിഷ്യൻ എന്നർത്ഥം. എന്നാലിത് എവിടെയോ നഷ്ടപ്പെടുന്നതിലെ നൊമ്പരങ്ങളും വേദനകളുമാണ് ഇന്നത്തെ ധ്യാനവിഷയത്തിൻ്റെ ഉള്ളടക്കം.

തിരുവചനത്തിൽ നാം വായിക്കുന്നു, "തൻ്റെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്ഥനും വിവേകിയുമായ ഭൃത്യൻ ആരാണ്?" (മത്താ. 24, 45) പ്രസ്തുത ചോദ്യത്തിന് യേശുതമ്പുരാൻ തന്നെ ഉത്തരം നല്കുന്നുണ്ട്, "യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ." (വാ. 46) വിളിയും നിയോഗവും ലഭിച്ചവൻ അതു മറന്ന് ജീവിക്കുന്നത്, ശിക്ഷാവിധിയെ തീർച്ചയായും വിളിച്ചുവരുത്തും. തുടർന്നുള്ള വാക്യങ്ങളിൽ നാം അതു വ്യക്തമായി കാണുന്നുമുണ്ട്. എന്നെയും നിങ്ങളെയും ദൈവം ഭരമേല്പിച്ച നിയോഗങ്ങളും ദൌത്യങ്ങളും ലോകത്തിനു മുമ്പിൽ ആകർഷകമോ, വിജയം നല്കുന്നതോ ആകണമെന്നില്ല. പക്ഷെ, വിജയത്തിൻ്റെ പിറകെ പോയി വിശ്വസ്ഥതയും അതു വഴി വിളിയും നഷ്ടപ്പെടുത്താതിരിക്കാനുള്ള താക്കീത്  ഇതിലൂടെ എനിക്കും നിങ്ങൾക്കും തമ്പുരാൻ നല്കുന്നുണ്ടെന്ന് തിരിച്ചറിയാൻ ഈ ധ്യാനം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നേരുന്നു.

Thursday, September 8, 2016

"ചേരേണ്ടതേ ചേരേണ്ടതിനോട് ചേരുകയുള്ളൂ..." (മത്താ. 9, 14-17)

"ചേരേണ്ടതേ ചേരേണ്ടതിനോട് ചേരുകയുള്ളൂ." (വായനഭാഗം - മത്താ. 9, 14-17)


നാടൻ ഭാഷയിൽ പലപ്പോഴും വിവാഹദല്ലാളന്മാരെ "പൊരുത്തക്കാരൻ" എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് അവർക്ക് ആ പേരു കിട്ടിയതെന്ന് വലിയ അറിവില്ലായിരുന്നെങ്കിലും, കാരണവന്മാരുടെ സംസാരത്തിൽ നിന്ന്, "സിസിലിയുടെ കാര്യം ആ പൊരുത്തക്കാരൻ മത്തായിയോട് ഒന്ന് പറയാമായിരുവെന്ന്" കേൾക്കുമ്പോഴെ അതു കല്യാണക്കാര്യമാണെന്ന് സാഹചര്യങ്ങളിൽ നിന്ന് ഊഹിച്ചിരുന്നു. പിന്നീടുള്ള ചർച്ചകളിൽ നിന്ന്, കുടുംബപാരമ്പര്യം, ചെറുക്കൻ്റെ സ്വഭാവം, പഠനം, ജാലി, ബന്ധുക്കൾ, സാമ്പത്തിക ചുറ്റുപാടുകൾ തുടങ്ങീ ഒട്ടനവധി കാര്യങ്ങളിൽ പെൺകുട്ടിയുടെ കുടുംബ സാഹചര്യവുമായി ഒത്തുപോകുന്നോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ലാത്ത വണ്ണം, മത്തായി ചേട്ടൻ അന്വേഷണം നടത്തയിരിക്കുന്നുവെന്നതിൽ നിന്ന്, അദ്ദേഹത്തിൻ്റെ ജോലി ഏറെക്കുറെ നിർവ്വചിക്കപ്പെട്ടു; "പൊരുത്തം" നോക്കുന്നവനാണ് "പൊരുത്തക്കാരൻ."

 വിവാഹമോചനങ്ങളെക്കുറിച്ച് അത്രയൊന്നും പറഞ്ഞുകേട്ടിട്ടില്ലാത്ത അക്കാലത്ത്, അല്ലെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങൾ പരസ്യമായി പറയുന്നതു തന്നെ അല്പം കുറച്ചിലായി കരുതിയിരുന്ന കാലത്ത്, ഒറ്റപ്പെട്ട സംഭവങ്ങളുടെ ചില വിലയിരുത്തൽ കമൻ്റായി പുറമെ കേട്ടിരുന്നത്, "ചേരേണ്ടതേ ചേരേണ്ടതിനോട് ചേരുകയുള്ളൂ" വെന്നതാണ്. എന്നുവെച്ചാൽ, ചേരരുതാത്തത്, ചേരരുതാത്തതിനോട് ചേർന്നതാണ് വേർപിരിയലിന് കാരണമായതെന്ന്. വിവാഹത്തെക്കുറിച്ച് മാത്രമല്ലാ, ഏതൊരു വിഷയത്തിലും ചേർച്ച അല്ലെങ്കിൽ പൊരുത്തം പ്രധാന ഘടകമാണ്. മുഴച്ചിലില്ലാത്ത ഏച്ചുകെട്ടലിന് ചേർച്ച അനിവാര്യമാണെന്ന് തിരിച്ചറിയുമ്പോൾ, ശ്രദ്ധ ഏറെ ആവശ്യമാണെന്ന് വ്യക്തം. ചില ഫർണ്ണീച്ചർ വർക്കുകളിലെ ഏച്ചുകെട്ടലുകൾ ശ്രദ്ധയിൽ പെടാതെ പോകുന്നതും, മരം, നിറം, പണിയിലെ സൂക്ഷ്മത എന്നിവ കൃത്യമായി ഒത്തുചേരുമ്പോഴാണ്. വസ്തുക്കളെപ്പോലെയല്ലാ, മനുഷ്യജീവിതം എന്നതു മറക്കുന്നില്ല. വിവാഹ കാര്യത്തിൽ, ചിലർ സാമ്പത്തികം മാത്രം അല്ലെങ്കിൽ ജോലി, സൌന്ദര്യം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങീ ചില കാര്യങ്ങളിൽ മാത്രം ശ്രദ്ധിച്ച് പരാജയപ്പെട്ടവരെന്നപോലെ തന്നെ, കുറവുകളെ പരസ്പരം അറിഞ്ഞും അംഗീകരിച്ചും പൊരുത്തത്തോടു കൂടി സന്തോഷജീവിതം നയിക്കുന്നവരും ഏറെയുണ്ട്.

എന്നിരുന്നാലും, ചില ഒറ്റപ്പെട്ട സംഭവങ്ങൾക്കപ്പുറം - പൊരുത്തമില്ലായ്മവഴി വന്ന പൊരുത്തക്കേടോ, പൊരുത്തക്കേടിനെ അതിജീവിച്ച പൊരുത്തമോ - പരസ്പരപൂരകത്വത്തിൻ്റെ ഒരു ജീവിതശൈലിയിലേക്ക്, ഇന്നത്തെ തിരുവചനധ്യാനം നമ്മെ ക്ഷണിക്കുന്നു. യേശു തമ്പുരാൻ പറയുന്നു, "ആരും പഴയ വസ്ത്രത്തിൽ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ തയ്ച്ചുചേർത്ത തുണിക്കഷണം വസ്ത്രത്തിൽ നിന്ന് കീറിപ്പോരുകയും കീറൽ വലുതാകുകയും ചെയ്യും." (മത്താ. 9, 16) വിജാതീയരിൽ നിന്ന് മാനസാന്തരപ്പെട്ട് ക്രൈസ്തവജീവിതത്തിലേക്ക് കടന്നുവന്ന കൊറീന്തോസിലെ സഭയെ വി. പൌലോസ് ശക്തമായ ഭാഷയിൽ ഓർമ്മപ്പെടുത്തുന്നത് മനസ്സിലേക്ക് കൊണ്ടുവന്ന് ഈ ധ്യാനം അവസാനിപ്പിക്കാം, "നിങ്ങൾ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മിൽ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിന് ബലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണ് പൊതുവിലുള്ളത്? ദൈവത്തിൻ്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്?" (1 കൊറീ. 6,14-16) സത്യത്തിൻ്റെയും നീതിയുടെയും ജീവൻ്റെയും വഴികളിലെ പൊരുത്തക്കേടുകളെ തിരിച്ചറിയാനും തിരുത്താനും കർത്താവു കൃപ ചൊരിയട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

Wednesday, September 7, 2016

സെപ്തംബർ 8: പരിശുദ്ധ അമ്മയുടെ പിറന്നാളും വംശാവലി ചിന്തകളും... (മത്താ. 1,1-16)

സെപ്തംബർ 8: പരിശുദ്ധ അമ്മയുടെ പിറന്നാളും വംശാവലി ചിന്തകളും... (വായനഭാഗം - മത്താ. 1,1-16)

മറ്റെല്ലാ കുട്ടികളെയും പോലെ തന്നെ ആൻവിനും, രണ്ടുവർഷം മുമ്പുവരെ (ഇന്നു UKG യിൽ പഠിക്കുന്നു) കേക്ക് ഏതവസരത്തിൽ കണ്ടാലും, ഒരു കത്തി കിട്ടണം, 'ഹേപ്പി ബർത്ത് റ്റു യൂ' പാടി അതു മുറിക്കണം, കൂടെയുള്ളവർ കയ്യടിക്കണം എന്ന കുഞ്ഞുവാശിയും ഉള്ളവനായിരുന്നു. കാരണം, പിറന്നാളുമായി ബർത്ത്ഡേ കേക്കും, മെഴുകുതിരിയും, കൂടെയുള്ളവരുമായുള്ള പങ്കുവെപ്പും ഉല്ലാസങ്ങളും, അത്രമാത്രം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന, ഒരു കാലഘട്ടത്തിലും സംസ്ക്കാരത്തിലുമാണ് അവനും വളർന്നു വരുന്നത്. പിറന്നാളിൻ്റെ ഓർമ്മകളെ കഴിഞ്ഞ ദിവസം പങ്കുവെച്ച യുവ സിനിമാനടൻ ദുൽക്കറിനും പറയാനുണ്ടായിരുന്നത്, കുടുംബാംഗങ്ങളോടുചേർന്ന്, കത്തിച്ച മെഴുകുതിരി ഊതിക്കെടുത്തി, കേക്കുമുറിച്ച്, അതിൽ നിന്നൊരു ഭാഗം വാപ്പച്ചി (മമ്മൂട്ടി) തനിക്കു നല്കുന്നതുമൊക്കെ തന്നെയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ, പിറന്നാളാഘോഷങ്ങൾക്ക് എന്നും, "ഇന്നിൻ്റെ" നിറവും രുചിയും മണവുമായിരുന്നു.

ഇന്നത്തെ ധ്യാനവിഷയത്തിലൂടെ (മത്താ. 1,1-16 ഈശോയുടെ വംശാവലി) കടന്നുപോയപ്പോൾ, പരിശുദ്ധ അമ്മയുടെ പിറന്നാൾ ദിനമായ ഇന്ന്, പക്ഷെ, ഏറെയും "ഇന്നലെ"കളുടെ ആഘോഷങ്ങളുടെ ഓർമ്മയായിട്ടാണ്, എനിക്കു തോന്നിയത്. അതിനു മതിയായ കാരണവുമുണ്ട്. എന്നാൽ, ചെറുപ്രായത്തിൽ അൾത്താര ശുശ്രൂഷകനായിരിക്കെ, ഈ വംശാവലിഭാഗം വായിക്കുന്നതും കേൾക്കുന്നതും എനിക്ക് തീർത്തും താല്പര്യമില്ലാത്ത ഒരു കാര്യമായിരുന്നുവെന്നു ഞാൻ ഓർത്തെടുക്കുന്നു. അർത്ഥമില്ലാത്ത, പരിചയമില്ലാത്ത ഈ പേരുകൾ മുഴുവൻ വായിച്ചിട്ടെന്തു കാര്യം എന്നതായിരുന്നു എൻ്റെ മനോഭാവം. ഇന്നത്തെ തലമുറ എന്നെയും കടത്തിവെട്ടുന്നവരാണെന്ന് അവരുമായുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അപ്പനും അമ്മയും മക്കളും മാത്രം, ഒന്നിച്ചു കഴിയുന്ന അണുകുടുംബങ്ങളിലെ സ്ഥിതി മറിച്ചാകാൻ, സാധ്യത കുറവാണു താനും. മാതാപിതാക്കൾക്കും അപ്പുറമുള്ളവരുമായുള്ള വേരും ബന്ധങ്ങളും മുറിച്ചുമാറ്റപ്പെട്ടതുപോലെ.

എന്നാൽ, ഇന്ന് ഓരോ പിറന്നാളും വംശാവലിയുടെയും കൂടി ആഘോഷമാകണമെന്ന് ഞാൻ തിരിച്ചറിയുന്നു. "ഇന്നിൻ്റെ" പിറവി, "ഇന്നലെ"കളുടെ സുഖദുഃഖ ആഘോഷങ്ങളുടെ തുടർച്ചയാണെന്ന്, പറഞ്ഞുകേട്ടിട്ടുണ്ട്. അത് തീർത്തും ശരിയാണുതാനും. ഇന്നിൻ്റെ സൌകര്യങ്ങളിലും വിജയങ്ങളിലും ആഘോഷങ്ങളിലും രമിക്കുന്ന ആധുനിക മനുഷ്യൻ, പക്ഷെ, ഇന്നലെകളെ പൂർണ്ണമായും മറന്ന്, 3G യും  4 G യും കെട്ടിപ്പടുക്കുന്ന തിരക്കിലുമാണ്. ഒരു തലമുറയുടെ കാലയളവിലെ തന്നെ മാറ്റങ്ങളെ പോലും ഉൾക്കൊള്ളാൻ പരുവപ്പെടാത്ത മനുഷ്യൻ, 3G യും  4 G യും വിഭാവനം ചെയ്യുന്നതു തന്നെ എത്ര നിരർത്ഥകമാണെന്ന് കരുതുന്നവർ ഏറെയാണ്. മൂല്യങ്ങളെക്കുറിച്ചുള്ള അറിവിലും പ്രയോഗത്തിലും മാറ്റം സംഭവിച്ചതിൻ്റെയും, സമൂഹത്തിലെ അധാർമ്മിക പ്രവർത്തികളുടെ വർദ്ധനവിൻ്റെയും ഒരു കാരണമായി പറയുന്നത്, മൂല്യങ്ങൾ പകർന്നു തന്നിരുന്ന ഇന്നലെകളുടെ തുടർച്ചയായ പൂർവ്വികരുടെ സാന്നിദ്ധ്യം "ഇന്നിൻ്റെ" കുടുംബങ്ങളിൽ നഷ്ടപ്പെട്ടതാണ്. ഓരോ പിറന്നാളും, പുതിയ തലമുറയുടെ പിറവിയായിരിക്കെ, വംശാവലിയും - പഴയതലമുറകളുമായുള്ള ബന്ധം - പ്രസ്തുത ആഘോഷങ്ങളുടെ ഭാഗമാകട്ടെയെന്ന് ആശംസിക്കുന്നു. "തൻ്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തൻ്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവൻ്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനമനുസരിച്ചു തന്നെ" (ലൂക്കാ 1, 54-55) എന്ന് കീർത്തനം പാടിയ പരി. അമ്മയുടെ തിരുനാൾ നമുക്ക് തലമുറകളിൽ അഭിമാനം കൊള്ളാനും അവരെ ആദരിക്കാനും അവർ പകർന്നു നല്കിയ മൂല്യങ്ങളിൽ ജീവിക്കാനും പ്രചോദനമാകട്ടെ. ദൈവാനുഗ്രഹം നേരുന്നു.  

Tuesday, September 6, 2016

അടയാളങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടാൽ... (ലൂക്കാ 21, 25-33)

അടയാളങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടാൽ... (ലൂക്കാ 21, 25-33)

യാഥാർത്ഥ്യങ്ങളിലേക്ക് നയിക്കുന്നവയോ, അല്ലെങ്കിൽ യാഥാർത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നവയോ ആണ് അടയാളങ്ങളെന്ന് പൊതുവെ പറയപ്പെടുന്നു. അവ യാഥാർത്ഥ്യങ്ങളല്ല, യാഥാർത്ഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകൾ മാത്രം. (അടയാളങ്ങളും പ്രതീകങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിൽ സൂക്ഷിക്കുമല്ലോ) വസ്തുക്കളും വ്യക്തികളും, സ്ഥലങ്ങളും സംഭവങ്ങളും, നിറങ്ങളും പേരുകളും ഒക്കെ അടയാളങ്ങളായി മാറാം. വ്യക്തിയും അടയാളവും യാഥാർത്ഥ്യവും തമ്മിലുള്ള, പരസ്പര ബന്ധവും ധാരണയും, ആശയ കൈമാറ്റം എളുപ്പവും തീവ്രവുമാക്കുന്നു എന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസമില്ലെന്നു കരുതുന്നു. അതുകൊണ്ടു തന്നെ, കുരിശും പതാകയും ദിശാസൂചികളും മറ്റും അർത്ഥമാക്കുന്നത്, വ്യത്യസ്ത തീവ്രതയിലാകാം, വ്യക്തികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.

അടയാളങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയില്ലായ്മയോ, അതുപോലെ തെറ്റിദ്ധാരണയോ, അപകടങ്ങളിലേക്കോ, ഫലശൂന്യതയിലേക്കോ, നിസ്സംഗതയിലേക്കോ ഒരുവനെ നയിക്കാം. ട്രാഫിൿ സിഗ്നലിലെ പച്ച, ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങൾ എന്ത് അർത്ഥം വെക്കുന്നു എന്ന് മനസ്സിലാക്കാത്തവനും, റോഡരികിലെ മഞ്ഞ, വെള്ള വരകൾ, അവയുടെ തുടർച്ചയും മുറിയപ്പെട്ട വരകളും എന്തെന്ന് തിരിച്ചറിവില്ലാത്തവനും തൻ്റെയും അപരൻ്റെയും ജീവിതത്തിൽ അപകടത്തെ എളുപ്പം ക്ഷണിച്ചുവരുത്തുന്നവരാണ്. അതുപോലെ, വിശ്വാസജീവിതത്തിലേക്കു വന്നാൽ, അടയാളങ്ങളാൽ സമ്പന്നമായ വിശുദ്ധ കൂദാശകളിലെ അർത്ഥപൂർണ്ണവും ഫലദായകവുമായ പങ്കാളിത്വത്തിനും അടയാളങ്ങളെക്കുറിച്ചുള്ള അറിവ് പ്രധാന ഘടകമാണ്. ഇത്തരത്തിൽ ചിന്തിച്ചാൽ, അടയാളങ്ങളെ മറികടന്നോ, മാറ്റി നിറുത്തിയോ ഉള്ള സമൂഹജീവിതം ദുഷ്ക്കരമോ നിഷഫലമോ ആണെന്ന് കാണാനാകും. ഇന്നത്തെ ധ്യാനവിഷയവും ക്രൈസ്തവജവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട അടയാളങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ക്രിസ്തുവിൻ്റെ പഠനവും മുന്നറിയിപ്പുമാണ്.
    
 പ്രകൃതിയിലെ ചില സാധാരണ വ്യതിയാനങ്ങളെ അടയാളങ്ങളായി നിരീക്ഷിച്ച്, ക്രൈസ്തവ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്നവയെ സൂചിപ്പിക്കുന്ന, ചില അടയാളങ്ങളെ തിരിച്ചറിയാൻ ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്, ഇന്നത്തെ തിരുവചനഭാഗത്തിലൂടെ. മനുഷ്യപുത്രൻ്റെ ആഗമനത്തിന് ഒരുക്കമായി സംഭവിക്കാനിരിക്കുന്ന അസാധാരണ വ്യതിയാനങ്ങളെ, അക്കമിട്ടു നിരത്തിയതിനു ശേഷം, യേശു തമ്പുരാൻ പറയുകയാണ്, "ഇവ സംഭവിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു." (ലൂക്കാ 21,28) ഈ അടയാളങ്ങൾ ശരിയായ മനസ്സിലാക്കാത്ത ഏതൊരുവനും, ഭയഭിതിയിലേക്കും ആകുലതയിലേക്കും നീങ്ങുമ്പോൾ, ഉത്തമനായ ക്രിസ്തു ശിഷ്യൻ മനുഷ്യപുത്രനെ വരവേല്ക്കാൻ, ശിരസ്സുയത്തി നില്ക്കുമെന്ന്. കാരണം, അവനറിയാം ഇത് ക്രിസ്തുവരവിൻ്റെ അടയാളമാണെന്ന്; ഭയപ്പെടാനൊന്നുമില്ലെന്ന്. ഗർഭിണി തൻ്റെ പ്രസവവേദനയെ തിരിച്ചറിയുന്നതുപോലെയാണത് എന്നും ഒരർത്ഥത്തിൽ മനസ്സിലാക്കാം.  ക്രിസ്തുജീവിതശൈലിയുടെ അടയാളങ്ങളെ തിരിച്ചറിയാത്തവൻ, അറിഞ്ഞോ അറിയാതെയോ, ക്രിസ്തുവിനെ ഉപേക്ഷിച്ചു പോകാനോ, അവനെ ഒറ്റികൊടുക്കാനോ, തള്ളിപ്പറയാനോ, നിസ്സംഗതയിൽ അനുഗമിക്കാനോ ഒക്കെ, എളുപ്പം ഉപകരണമായി മാറാം. അതുകൊണ്ട്, പ്രിയമുള്ളവരെ, ക്രിസ്ത്യാനിയുടെ അടയാളങ്ങളെ അവനിൽ നിന്ന് പഠിക്കാൻ അവനെ ശ്രവിച്ചും അവൻ്റെ വചനത്തിനനുസൃതം ജീവിച്ചും മുന്നേറാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. 

Monday, September 5, 2016

"ഇനി എൻ്റെ പാവപ്പെട്ട മക്കൾക്ക് കഴിക്കാനെന്തെങ്കിലും, ദയവായി, സഹോദരാ..." (ലൂക്കാ 6, 27-36)

"ഇനി എൻ്റെ പാവപ്പെട്ട മക്കൾക്ക് കഴിക്കാനെന്തെങ്കിലും, ദയവായി, സഹോദരാ..." (വായനഭാഗം - ലൂക്കാ 6, 27-36)

കൽക്കത്തായിലെ വി. തെരേസായെ, പ്രത്യേകമാം വിധം അനുസ്മരിക്കുന്ന നാളുകളിലൂടെയാണല്ലോ, നാം കടന്നുപോകുന്നത്. വത്തിക്കാനിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച, വാ. മദർ തെരേസ, "കൽക്കത്തായിലെ വി. തെരേസ"യായി നാമകരണം ചെയ്യപ്പെട്ടതും, ഇന്നലെ അവരുടെ തിരുനാൾ സാർവ്വത്രികസഭ സാഘോഷം അനുസ്മരിച്ചതുമെല്ലാം, അതിനു കാരണമായിട്ടുണ്ട്. ഇന്നും ആ ചിന്തയുടെ തുടർച്ചയായി ദൃശ്യ-ശ്രാവ്യ-പത്രമാധ്യമങ്ങളിൽ വാർത്തകളും ഓർമ്മകുറിപ്പുകളും ചിത്രങ്ങളുമെല്ലാം ഏറെയുണ്ട്. ലോകത്തിൻ്റെ കണ്ണുകളിൽ നിന്നും മനസ്സുകളിൽ നിന്നും, കാരുണ്യത്തിൻ്റെ മാലാഖയുടെ ആ മുഖം ഇനിയും മാഞ്ഞുപോയിട്ടില്ലെന്നർത്ഥം; അത്ര സജീവങ്ങളാണ് ആ ചിത്രങ്ങളോരോന്നും.

അസാധ്യങ്ങളാണ് അവൻ്റെ പഠനങ്ങളെന്ന് പറഞ്ഞ്, ക്രിസ്തുവിനെയും അവൻ്റെ പ്രബോധനങ്ങളെയും തള്ളിപ്പറഞ്ഞ് കടന്നുപോയവർ, അവൻ്റെ കാലഘട്ടത്തിലെന്നപോലെ (യോഹ. 6, 60,66) ഇന്നും ജീവിക്കുന്നു. അതുകൊണ്ടാണല്ലോ, "അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി," "പ്രസംഗിക്കാൻ കൊള്ളാം, മാഷേ," എന്നു തുടങ്ങിയ ശൈലികൾ തന്നെ രൂപപ്പെടുന്നത്. ഒരുപക്ഷേ, ഇന്നത്തെ ധ്യാനവിഷയത്തിലെ (ലൂക്കാ 6, 27-36) ചിന്തകളും വേറിട്ട ക്രൈസ്തവ ജീവിതശൈലിയിലേക്കുള്ള ക്രിസ്തുവിൻ്റെ വിളിയെയാണ് വെളിപ്പെടുത്തുന്നത്. "ശത്രുക്കളെ സ്നേഹിക്കുക" (വാ. 27) എന്നതിൽ തുടങ്ങി, "തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ, മറ്റുള്ളവർക്കു നന്മചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ" (വാ. 35) എന്നതിൽ എത്തി നില്ക്കുന്ന പന്ത്രണ്ടോളം പ്രബോധനങ്ങൾ. ഈ ലോകത്തിൻ്റെ ന്യായവും യുക്തിയും അനുസരിച്ച് അവ തീർത്തും അപ്രായോഗികമായി തോന്നാം. എന്നാൽ, ക്രിസ്തു നാഥൻ്റെ, "നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളോരോരുത്തരും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6,36) എന്ന ദൈവീക മാനദണ്ഡം ജീവിതശൈലിയാക്കിയ ഓരോരുത്തനും അത് പ്രസക്തവും തീർത്തും പ്രായോഗികവുമാണ്.

ഇക്കാര്യം, നാം ജീവിക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ജീവിച്ച് സാക്ഷ്യപ്പെടുത്തി, ലോകത്തിനു മുമ്പിൽ ക്രിസ്തുവിൻ്റെ പരിമളമായി മാറിയ, കൽക്കത്തായിലെ വി. തെരേസായുടെ ജീവിതത്തിൽ നിന്ന് ഒരു എളിയ സംഭവം പങ്കുവെച്ച്, ഈ ചിന്തകൾ അവസാനിപ്പിക്കുന്നു. അന്നൊരു ദിവസം മദർ തെരേസ തൻ്റെ അനാഥാലയത്തിലെ മക്കൾക്ക് ഭക്ഷിക്കാനെന്തെങ്കിലും ലഭിക്കാൻ അടുത്തുള്ള ബേക്കറിക്കാരൻ്റെ അടുത്തുപോയി. യാചകരോടും അനാഥരോടും എന്നും വെറുപ്പും അവജ്ഞയും സൂക്ഷിച്ചിരുന്ന അദ്ദേഹം, മദറിനോടും അപ്രകാരം പെരുമാറുകയും അവരുടെ മുഖത്തേക്കു തുപ്പുകയും ചെയ്തു. മദർ തിരിച്ചൊന്നും പ്രതികരിക്കാതെ, സാവധാനം തുവാലയെടുത്ത് മുഖം തുടച്ച്, തീർത്തും പ്രസന്നവദനയായി അദ്ദേഹത്തോട് വീണ്ടും ചോദിച്ചു, "അതെൻ്റെ വിഹിതം, ഇനി എൻ്റെ പാവപ്പെട്ട മക്കൾക്ക് കഴിക്കാനെന്തെങ്കിലും, ദയവായി, സഹോദരാ..." മദറിൻ്റെ ആ കാരുണ്യ വാക്കുകൾക്കു മുന്നിൽ അദ്ദേഹത്തിനു മറുവാക്കുകളൊന്നുമുണ്ടായില്ല, പകരം അന്നുമുതൽ മദറിൻ്റെ അനാഥാലയത്തിലെ മക്കളുടെ വിശപ്പിൻ്റെ വിളിക്ക് അദ്ദേഹമായിരുന്നു ആദ്യ ഉത്തരം. മദറെന്നും വിശ്വസിച്ചിരുന്നു, തനിക്കു നൂറാളെ ഊട്ടാനായില്ലെങ്കിലും ഒരാളെ ഊട്ടിയാൽ തമ്പുരാൻ അതിൽ സംപ്രീതനെന്ന്. ക്രിസ്തു പഠനങ്ങൾ ഇന്നും പ്രസക്തമാണ്, തീർത്തും പ്രായോഗികവുമാണ്. ഇതു നമ്മിലൂടെയും തുടരാനും അവൻ്റെ ജീവിക്കുന്ന സാക്ഷികളാകാനുമുള്ള ദൈവകൃപ യാചിക്കാം. 

Sunday, September 4, 2016

കാരുണ്യത്തിൻ്റ മാലാഖയെ അനുസ്മരിക്കുമ്പോൾ... (മത്താ. 25, 31-40)

കാരുണ്യത്തിൻ്റ മാലാഖയെ അനുസ്മരിക്കുമ്പോൾ...  (വായനഭാഗം - മത്താ. 25, 31-40)


ഇന്നു കൽക്കത്തായിലെ വി. മദർ തെരേസായുടെ ആദ്യ തിരുനാൾ ദിനം. ഇന്നലെയായിരുന്നല്ലോ സാർവ്വത്രിക സഭ, മദർ തെരേസായെ ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിച്ചതും, ലോകം മുഴുവനുമുള്ള ശതകോടികൾ, ജാതിമതഭേദമെന്യേ, ആദരിച്ചു വണങ്ങിയതും. കാരുണ്യത്തിൻ്റെ വാക്കുകളും പ്രവർത്തികളുമായി അനേകർക്ക് ക്രിസ്തുസ്നേഹം വെളിപ്പെടുത്തി കൊടുക്കുന്നതിന് തങ്ങളെതന്നെ സമർപ്പിച്ചിരിക്കുന്ന ഓരോരുത്തർക്കും തിരുനാൾ മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു. ഈ ദിവസങ്ങളൊക്കെ തന്നെ വിശുദ്ധയുടെ കാരുണ്യപ്രവർത്തികളെ കീർത്തിച്ച് ഏറെ പങ്കുവെക്കപ്പെട്ടതാണ്, ലോകമെങ്ങുമുള്ള ഒട്ടുമിക്ക മാധ്യമങ്ങൾ വഴി. ഒരുപക്ഷേ, നാമും അതു പങ്കാളികളായിട്ടുമുണ്ടാകാം. എങ്കിലും ഈ പുണ്യദിനത്തിൽ, കരുണാമയനായവനെ വെളിപ്പെടുത്താനായി അവരുടെ ജീവിതം എപ്രകാരം ദൈവം ക്രമപ്പടുത്തിയെന്ന് വിളിച്ചറിയിക്കുന്ന തിരുവചനഭാഗം നമുക്കു ധ്യാനിക്കാം.

അന്ത്യവിധിയാണ് ഉള്ളടക്കം, ഒത്തിരി വിഷയങ്ങളൊന്നും പരാമർശിക്കപ്പെടുന്നില്ല അവിടെ. താൻ സ്വർഗ്ഗം വിട്ടിറങ്ങി ഈ ഭൂമിയിൽ, എളിയവരിൽ എളിയവനായി അവതരിച്ചപ്പോൾ, മനുഷ്യരാൽ തിരസ്ക്കരിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തതുപോലെ, തൻ്റെ ശൂന്യവത്ക്കരണത്തിനും മഹത്വീകരത്തിനുശേഷവും, ഇന്നും എളിയവർ തിരസ്ക്കരിക്കപ്പെടുന്നുണ്ടോ, അവമാനിക്കപ്പെടുന്നുണ്ടോ എന്നറിഞ്ഞാൽ മാത്രം മതി തമ്പുരാന്. അവർ സ്വീകരിക്കപ്പെടുകയും, ഒപ്പം അംഗീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നറിയുന്ന കണക്ക്, സ്വർഗ്ഗകവാടം മലർക്കെ തുറക്കപ്പെടുകയായി, "എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നയാണ് ചെയ്തു തന്നത്" (മത്താ. 25, 40) എന്ന പ്രഖ്യാപത്തോടെ. കാരണം, തൻ്റെ മനുഷ്യവതാര രഹസ്യത്തിൻ്റെ വിളവെടുപ്പും കൂടിയാണവിടെ, ദൈവം തമ്പുരാൻ ഒത്തിരി ഹൃദയാഹ്ളാത്തോടെ അനുഭവിക്കുന്നത്. കൊട്ടിയടയ്ക്കപ്പെട്ട പറുദീസ വീണ്ടും തുറക്കപ്പെടുന്ന ദിവസം.

മനുഷ്യൻ അപരനിൽ ദൈവത്തെ ദർശിക്കാൻ തുടങ്ങുമ്പോൾ, സ്വർഗ്ഗം അവനു മുമ്പിൽ മലർക്കെ തുറക്കപ്പെട്ടു കഴിഞ്ഞു; അവനെ ദൈവമക്കളോടു ചേർക്കാൻ. കൽക്കത്തായിലെ വി. മദർ തെരേസാ പറയുന്നു, "ഞാൻ ഓരോ മനുഷ്യജീവിയിലും ദൈവത്തെ ദർശിക്കുന്നു. കുഷ്ടരോഗികളുടെ ചീഞ്ഞളിഞ്ഞ വൃണങ്ങൾ കഴുകുമ്പോൾ, ഞാൻ ക്രിസ്തുവിനെ തന്നെ ശുശ്രൂഷിക്കുന്നതുപോലെയുള്ള അനുഭവം. ഇതിലും സുന്ദരമായ മറ്റെന്ത് അനുഭവമാണ് എനിക്കുണ്ടാകാനുള്ളത്?" ഈ സ്വർഗ്ഗീയാനുഭവം തൻ്റെ മരണത്തിൻ്റെ നാൾ വരെയും അനുഭവിച്ചതിനാലാണ്, ഇന്ന് അവർ മണ്ണിലും വിണ്ണിലും ഒരുപോലെ ആദരിക്കപ്പെടുന്നത്.  ഈ അനുഭവത്തിന് നാമും അർഹരാകാൻ കാരുണ്യത്തിൻ്റെ മാലാഖയോട് പ്രാർത്ഥിക്കുകയും കാരുണ്യപ്രവർത്തികൾക്കായി, ചുറ്റുമുള്ള എളിയവരിൽ ക്രിസ്തുവിനെ കണ്ട് അവരെ ശുശ്രൂഷിക്കാൻ, നമ്മെ വീണ്ടും സമർപ്പിക്കുകയും ചെയ്യാം. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ. 

Saturday, September 3, 2016

"കൊച്ചിനെ പിടിക്കണ്ടാ ബാബുജീ, അവൻ തനിയെ കയറിവരും..." (മത്താ. 13, 24-30)

"കൊച്ചിനെ പിടിക്കാൻ പോകണ്ടാ ബാബുജീ, അവൻ തനിയെ കയറിവരും..." (വായനഭാഗം - മത്താ. 13, 24-30)

കൺമുമ്പിൽ സംഭവിക്കാനിരിക്കുന്ന, അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തിന്മയുടെ മുന്നിൽ കണ്ണടച്ച്, നന്മയുടെ പിറവിക്കും പൂർണ്ണതക്കും വേണ്ടിയുള്ള നിശ്ശബ്ദമായ കാത്തിരിപ്പിന്, ചിലപ്പോഴെങ്കിലും ഞാനും നിങ്ങളും സാക്ഷ്യം വഹിച്ചിട്ടുണ്ടാകുമല്ലോ, ജീവിതത്തിൽ. ചെറുതോ വലുതോ ആകട്ടെ, തീർത്തും വേദനയുടെയും ആകാംക്ഷയുടെയും നിമിഷങ്ങളും ദിവസങ്ങളും സമ്മാനിക്കാമെങ്കിലും അവയോരോന്നും ജീവിതത്തിൽ, അല്പം മടിയോടെയെങ്കിലും സ്വീകരിച്ചേ മതിയാകൂ. ഒരുപക്ഷെ, ഇതിനിടയിൽ നിഷ്ക്രിയതയുടെ പേരിലോ, തീരുമാനമെടുക്കാൻ കഴിവില്ലാത്തതിൻ്റെ പേരിലോ, കുറ്റപ്പെടുത്തുന്ന വ്യക്തികളെയും ഒറ്റപ്പെടുത്തുന്നവരെയും അങ്ങിങ്ങ് കണ്ടേക്കാം. നന്മയ്ക്കുവേണ്ടിയായിരിക്കെ, ആ സഹനശീലവും ക്ഷമയും തീർച്ചയായും സമ്മാനിക്കപ്പെടും, ഒരിക്കൽ.

ഈസ്റ്റർ കഴിഞ്ഞ് ഭവനവെഞ്ചിരിപ്പിൻ്റെ സമയം. ഒരു ഭവനത്തിൽ വെഞ്ചിരിപ്പു നടന്നുകൊണ്ടിരിക്കെ, എന്നെ മുള്ളിന്മേൽ നിറുത്തിയ ഒരു എളിയ സംഭവം പങ്കുവെക്കാം. വളരെ കുറച്ച് ഭൂമി മാത്രമുണ്ടായിരുന്ന ഭവനങ്ങൾ, ഒന്നിലധികം നിലകളെടുത്താണ് സ്ഥലപരിമിതിയെ അതിജീവിക്കുന്നത്, മറ്റിടങ്ങളിലുമെന്നപോലെ. പ്രർത്ഥന കഴിഞ്ഞ് മുറികൾ വെഞ്ചിരിക്കാൻ പോയ സമയം, കൂടെയുണ്ടായിരുന്നത് സഹായിയായ ബാബുജി മാത്രം; ബാക്കിയുള്ളവർ നന്ദിയുടെ ഗാനം പാടി പ്രാർത്ഥനാമുറിയിൽ. രണ്ടാം നിലയിൽ നിന്ന് താഴേക്കു വരുമ്പോൾ കണ്ടത്, ഒന്നര വയസ്സുകാരൻ കൈവരിയില്ലാത്ത ഗോവണി കയറി വരുന്നതാണ്. ഞങ്ങളെ കണ്ടപാടെ കുഞ്ഞ് ഭയന്നു നിലവിളിച്ചു. കൈവരിയില്ലാത്ത ഗോവണിയിലെ അപകടം മുന്നിൽ കണ്ട്, കുഞ്ഞിനെ പിടിക്കാൻ സഹായി ബാബുജി മുതിർന്നപ്പോൾ, ഉള്ളിൽ ഏറെ ഭയപ്പാടുകൂടെയും എന്നാൽ, പുറമെ ഒത്തിരി സന്തോഷത്തോടെയും കുഞ്ഞിനെ നോക്കി ചിരിച്ചു ഞാൻ പറഞ്ഞു, "കൊച്ചിനെ പിടിക്കാൻ പോകണ്ടാ ബാബുജീ, അവൻ തനിയെ കയറിവരും..." ദൈവാനുഗ്രഹത്താൽ, മറിച്ചൊന്നും സംഭവിക്കാതെ, കുഞ്ഞ് അനങ്ങാതെ ഞങ്ങളെയും നോക്കി ചിരിച്ച് അവിടെയിരുന്നു.

വിളയെ കളയിൽനിന്ന് രക്ഷിക്കാനുള്ള വെപ്രാളത്തിൽ, കളകൾക്കൊപ്പം വിള നഷ്ടപ്പെടാതിരിക്കാനുള്ള ഒറ്റമൂലിയായി, ഉടമസ്ഥൻ വേലക്കാർക്ക് നല്കുന്ന നിർദ്ദേശമാണ് ഇന്നത്തെ ധ്യാനവിഷയം. വേലക്കാർ ചോദിച്ചു, "ഞങ്ങൾ പോയി കളകൾ പറിച്ചു കൂട്ടട്ടേ? അവൻ പറഞ്ഞു, വേണ്ട, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങൾ പിഴുതു കളഞ്ഞെന്നു വരും." (മത്താ. 13, 28-29) സകല സന്നാഹങ്ങളുമായി ലോകത്തിലെ തിന്മകളെ ചെറുക്കാനും നശിപ്പിക്കാനും ഇന്നും ഏറെപ്പേർ ഇറങ്ങിപ്പുറപ്പെടുന്നുണ്ട്; ചെറുതും വലുതുമായ ശക്തികൾ. നമ്മുടേതായ സാഹചര്യങ്ങളിൽ, ഒരുപക്ഷെ നാമോരുത്തരും. ചാടിപ്പുറപ്പെടുന്നതിനു മുമ്പേ, മനസ്സിൽ സൂക്ഷിക്കാനുള്ളത് ഒന്നുമാത്രം; ലക്ഷ്യം നന്മയുടെ പിറവിയും വളർച്ചയും സംരക്ഷണവുമാണ്. ഇന്ന് വിശുദ്ധയാക്കപ്പെടുന്ന വി. മദർ തെരേസ പറയുമായിരുന്നു, "വിജയത്തേക്കാൾ വിശ്വസ്ഥതയാണ്, ജീവിതത്തിൽ സൂക്ഷിക്കേണ്ടതെന്ന്." ഈ വിശ്വസ്ഥതയാകട്ടെ, ഏദൻ തോട്ടം കയ്യേല്പ്പിച്ച് ആദത്തെ ദൈവം ഓർമ്മപ്പെടുത്തിയത് തന്നെയാണ്, "ഏദൻതോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി." (ഉല്പ്പ. 2, 15) ഈ ലോകമാകുന്ന തമ്പുരാൻ്റെ വിശുദ്ധ തോട്ടം നട്ടുവളർത്താനും സംരക്ഷിക്കാനുമുള്ള ദൈവീക വിളിക്കാണ്,  - എവിടെയായിരുന്നാലും; കുടുംബത്തിലോ, സമൂഹത്തിലോ, സംഘടനയിലോ, പ്രസ്ഥാനത്തിലോ - നന്മയെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുമ്പോൾ, നാം പ്രത്യുത്തരം നല്കുന്നതെന്ന് മറക്കാതിരിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Friday, September 2, 2016

സുവിശേഷം "കറുത്ത വിശേഷ"മാകുന്നത് എങ്ങിനെ? (മത്താ. 8, 5-13)

സുവിശേഷം "കറുത്ത വിശേഷ" മാകുന്നത് എങ്ങിനെ? (വായനഭാഗം - മത്താ. 8, 5-13)

ഹൃദയം തകർന്നവർക്കുള്ള ആശ്വാസമായും, തടവുകാർക്കുള്ള മോചനമായും, ബന്ധിതർക്കുള്ള സ്വാതന്ത്ര്യമായും, കർത്താവിൻ്റെ വാർത്ത ഏശയ്യായിലൂടെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ (ഏശ. 61, 1-2) അതു ഇസ്രായേലിനെന്നപോലെ മാനവകുലത്തിനു മുഴുവൻ അനുഗ്രഹത്തൻ്റെയും വിടുതലിൻ്റെയും സുവിശേഷത്തിനു, നല്ല വാർത്തക്കു, നാന്ദിയായി കണക്കാക്കപ്പെട്ടു. പ്രസ്തുത സുവിശേഷം, തന്നിൽ പൂർത്തീകരിക്കപ്പെടുന്നതിനെ ക്രിസ്തുതന്നെയും സാക്ഷ്യപ്പെടുത്തിയത് വി. ലൂക്കായുടെ സുവിശേഷത്തിൽ നിന്നും നാം വായിക്കുന്നുമുണ്ട്, "അവൻ അവരോട് പറയാൻ തുടങ്ങി. നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു." (ലൂക്കാ 4, 21) തുടർന്ന്, ക്രിസ്തുവിലൂടെ പൂർത്തിയായതായി രേഖപ്പെടുത്തപ്പെട്ടതെല്ലാം തന്നെ, സുവിശേഷത്തിൻ്റെ തേന്മൊഴികളാണെന്ന് പരക്കെ വിശ്വസിക്കുന്നു.

എന്നാൽ, ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന മൊഴികളും, ബൈബളിൽ ഉണ്ടെന്നും, അവ ഓരോ വിശ്വാസിക്കുമുള്ള "കറുത്ത വാർത്തകളാ" ണെന്ന് വാദിക്കുന്നവരെയും, ഈ അടുത്ത നാളുകളിൽ കണ്ടുമുട്ടാൻ ഇടയായി. കറുത്ത മതവാദികളെയും സാത്താൻ ആരാധകരെയും കുറിച്ച് കേട്ടിട്ടുള്ള പശ്ചാത്തലത്തിൽ, ഏറെ ജിജ്ഞാസയോടെയാണ് അവരുടെ വാദങ്ങളെ കേൾക്കാനൊരുങ്ങിയത്. എന്നാൽ, മറിച്ചാണ് സംഭവിച്ചതെന്ന് മുൻകൂട്ടിതന്നെ പറയട്ടെ. "കറുത്ത വാർത്ത" കളായി അവർ അവതരിപ്പിച്ചതു മുഴുവൻ യേശു മിശിഹാ ഫരിസേയരെയും നിയമജ്ഞരെയും വിമർശിക്കാനും തിരുത്താനും ഉപയോഗിച്ച വാക്കുകളോ, അപ്പസ്തോലർ തിരുത്തലായി നടത്തിയ പരാമർശങ്ങളോ ആയിരുന്നു: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം. ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേർന്നുകഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെ ഇരട്ടി നരക സന്തതിയാക്കുന്നു." (മത്താ. 23, 15) മറ്റൊന്ന് വി. പൌലോസിൻ്റേതാണ്. "അവരുടെ പെരുമാറ്റം സുവിശേഷ സത്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടപ്പോൾ, എല്ലാവരുടെയും മുമ്പിൽ വെച്ച് ഞാൻ കേപ്പായോട് പറഞ്ഞു, യഹൂദനായ നീ യഹൂദനെപോലെയല്ലാ, വിജാതീയനെപോലെയാണ് ജീവിക്കുന്നതെങ്കിൽ, യഹൂദരെപോലെ ജീവിക്കാൻ വിജാതീയരെ പ്രേരിപ്പിക്കുന്നതിന്, നിനക്ക് എങ്ങനെ സാധിക്കും?" (ഗലാ. 2,14)

അവർ "കറുത്ത വാർത്ത"കളെന്ന് ഉദ്ദേശിച്ചത്, കപടക്രിസ്ത്യാനികൾക്കുള്ള, തീർത്തും അപ്രിയ സത്യങ്ങളുടെ, ഓർമ്മപ്പടുത്തലുകളായിരുന്നുവെന്ന് മനസ്സിലായപ്പോൾ, ഞാൻ അവരുടെ വിശ്വാസ തീക്ഷ്ണതയെയും ആത്മാർത്ഥതയെയും ഓർത്ത്, ദൈവത്തിന് നന്ദി പറഞ്ഞു. ഇന്നത്തെ ധ്യാനഭാഗത്തും അത്തരത്തിലുള്ള ഒരു "കറുത്ത വാർത്ത" എൻ്റെ ശ്രദ്ധയിലും വന്നു. യേശു പറയുന്നു, "രാജ്യത്തിൻ്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും." (മത്താ. 8,12) അപ്രിയ വാർത്തകളായതു കൊണ്ട് അവയെ "കറുത്ത വാർത്ത" കളെന്ന് വിളിക്കണമെന്ന് കരുതുന്നില്ല, പകരം തിരുത്തലിൻ്റെയും മാനസാന്തരത്തിൻ്റെയും ക്ഷണമായി മാത്രമെ തോന്നുന്നുള്ളൂ. എന്നിരുന്നാലും, കാപട്യജീവിതം നയിക്കുന്നവർക്ക് അത് "കറുത്ത വാർത്ത" യാകാനും തരമുണ്ട്. ദൈവരാജ്യത്തിൻ്റെ മക്കളെന്ന് അഭിമാനിക്കുന്ന നമുക്ക്, അതിൽ പ്രവേശനം ലഭിക്കാൻ തക്കവിധം, യോഗ്യത നേടാൻ എല്ലാത്തരത്തിലുള്ള കാപട്യവും ഉപേക്ഷിച്ച്, ശതാധിപനെ പോലെ യഥാർത്ഥ വിശ്വാസത്തിനു ഉടമകളാകാൻ, പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

Thursday, September 1, 2016

"രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നതിനു ശേഷം ക്ലാസ്സിൽ കയറിയാൽ മതി..." (ലൂക്കാ 13, 6-9)

"രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നതിനു ശേഷം ക്ലാസ്സിൽ കയറിയാൽ മതി..." (ലൂക്കാ 13, 6-9)

പത്തു വർഷങ്ങൾക്കു മുമ്പേ, ഒരു പോളിടെൿനിക് കോളേജിൻ്റെ റെസിഡൻ്റ് മാനേജരായി സേവനം ചെയ്തിരുന്ന കാലയളവിലെ ആദ്യവർഷം, ഒരിക്കൽ വിദ്യാർത്ഥികൾ അകാരണമായി പഠിപ്പു മുടക്കുകയും, കോളേജിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. അതിൻ്റെ ഭാഗമായി, രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിശദീകരണം നല്കും വരെ എന്ന വ്യവസ്ഥയിൽ, അഞ്ചു പേരെ സസ്പെൻ്റു ചെയ്യുകയുമുണ്ടായി. രണ്ടു ദിവസത്തേക്ക് പ്രാദേശിക നേതാക്കളുടെ പിൻബലത്തിൽ അവർ ചെറുത്തുനിന്നെങ്കിലും, അഞ്ചാം ദിവസമായപ്പോഴേക്കും അവസാനത്തവനും വന്ന് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ വിശദീകരണം നല്കി ക്ഷമാപണം നടത്തി പഠനം തുടർന്നു. തുടർന്നുള്ള നാളുകൾ ഓർക്കാനേറെ ഇഷ്ടപ്പെടുന്ന പരസ്പര ധാരണയുടെയും സമാധാനത്തിൻ്റെയും ജൂബിലി നാളുകളായിരുന്നു.

ഒട്ടുമിക്ക മിക്ക വിദ്യാഭ്യസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്, ഇത്തരത്തിലുള്ള ശിക്ഷണനടപടികളും മുൻകരുതലുകളുമൊക്കെ ഉണ്ടായിരുന്നു, ആ കാലഘട്ടത്തിൽ. അതിൻ്റെ അടിസ്ഥാനമായി കരുതിയിരുന്നത് മക്കളുടെ വളർച്ചയിലും ഉയർച്ചയിലും ഉള്ള മാതാപിതാക്കളുടെ അനിഷേധ്യ പങ്കാണ്. ഈ പ്രവാചക ധർമ്മത്തെക്കുറിച്ച് എസക്കിയേൽ പ്രവാചകനിലൂടെ തമ്പുരാൻ പറയുന്നത് ഇപ്രകാരമാണ്, "ഞാൻ ദുഷ്ടനോട്, ദുഷ്ടാ, നീ തീർച്ചയായും മരിക്കും എന്നു പറയുകയും, അവൻ തൻ്റെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിയാൻ, നീ മുന്നറിയിപ്പു നല്കാതിരിക്കുകയും ചെയ്താൽ, അവൻ തൻ്റെ ദുർവൃത്തിയിൽ തന്നെ മരിക്കും. എന്നാൽ, അവൻ്റെ രക്തത്തിന്, ഞാൻ നിന്നോട് പകരം ചോദിക്കും. ദുഷ്ടനോട് തൻ്റെ മാർഗ്ഗത്തിൽ നിന്ന് പിന്തിരിയാൻ, നീ താക്കീത് കൊടുത്തിട്ടും, അവൻ പിന്തിരിയാതിരുന്നാൽ, അവൻ തൻ്റെ ദുർവൃത്തിയിൽ തന്നെ മരിക്കും. എന്നാൽ, നീ നിൻ്റെ ജീവനെ രക്ഷിക്കും." (എസ. 33, 8-9) മക്കളുടെ കാവൽക്കാരായ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഗുരുക്കന്മാർക്കൊക്കെയുള്ള താക്കീതായീട്ടു കൂടി ഇതിനെ മനസ്സിലാക്കാറുണ്ട്.

ഇന്നത്തെ ധ്യാനവിഷയത്തെ ഈയൊരു പശ്ചാത്തലത്തിൽ കൂടി ഒന്നു നോക്കികാണാൻ പരിശ്രമിക്കുകയാണിന്ന്. മുന്തിരി തോട്ടത്തിൽ അത്തിവൃക്ഷം കൂടി നട്ടുപിടിപ്പിച്ചവൻ, ഫലമന്വേഷിച്ച്  വൃക്ഷത്തിനടുത്ത് മൂന്നാം വർഷവും എത്തിയപ്പോൾ ഫലം തഥൈവ. വെട്ടിക്കളയാനുള്ള വിധി വാചകത്തിനു മുമ്പിൽ, വൃക്ഷത്തേക്കാൾ, കൃഷിക്കാരൻ ശരിക്കും പതറുന്നതുപോലെ. കൃഷിക്കാരൻ അവനോടു പറയുന്നുണ്ട്, "യജമാനനേ, ഈ വർഷം കൂടെ അതു നില്ക്കട്ടെ. ഞാൻ അതിൻ്റെ ചുവടു കിളച്ചു വളമിടാം. മേലിൽ അതു ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീ അതു വെട്ടിക്കളയുക." (ലൂക്കാ 13, 8-9) ഫലരാഹിത്യത്തിന് വൃക്ഷം മാത്രമാണ് ഉത്തരവാദി എന്ന വാദിക്കുന്നവർക്കൊപ്പം, വൃക്ഷത്തെ സംരക്ഷിക്കാനും, സമയാസമയങ്ങളിൽ വളം നല്കി പരിപോഷിപ്പിക്കാനുള്ള, കൃഷിക്കാരൻ്റെ ഉത്തരവാദിത്വവും ചർച്ചാവിഷയമാക്കേണ്ടതാണെന്ന് ഒറ്റക്കും തെറ്റക്കും അഭിപ്രയപ്പെടുന്നവരെയും ശ്രദ്ധിക്കാം. അനുദിന ജീവിതത്തിൽ അപരൻ്റെ കാവൽക്കാരാനാകാനുള്ള വിളിക്ക് ശരിയായ പ്രത്യുത്തരം നല്കാൻ  ഇന്നത്തെ ഈ ധ്യാനം നമ്മെ സഹായിക്കട്ടെ. ദൈവാനുഗ്രഹം നമ്മുടെ മേൽ ഉണ്ടാകട്ടെ.