"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, September 28, 2016

"അച്ചോ, നാല്പതു ദിവസത്തെ ഉപവാസത്തിലാ... പ്രാർത്ഥിക്കണം." (യോഹ. 1, 43-51)

"അച്ചോ, നാല്പതു ദിവസത്തെ ഉപവാസത്തിലാ, പ്രാർത്ഥിക്കണം." (വായനഭാഗം - യോഹ. 1, 43-51)

ക്ഷേമാന്വേഷണത്തിനായി യുവ സുഹൃത്തിനെ ഫോണിൽ വിളിച്ചതായിരുന്നു അന്ന്. കുശലാന്വേഷണങ്ങൾക്കിടയിൽ അവൻ പറഞ്ഞു, "അച്ചോ, നാല്പതു ദിവസത്തെ ഉപവാസത്തിലാ... പ്രാർത്ഥിക്കണം." കാര്യം തിരക്കിയപ്പോൾ ഉപവാസത്തിൻ്റെ നിയോഗമായി പറഞ്ഞത്, അവരുടെ കൂട്ടായ്മ ഉത്തരേന്ത്യയിൽ, പുതിയ മിഷൻ സ്റ്റേഷൻ ആരംഭിക്കാൻ പോകുകയാണെന്ന്. ഇന്നലെ കേരളത്തിൽ നിന്നൊരു കൂട്ടായ്മ, പഞ്ചാബിലെ ഞങ്ങളുടെ സെമിനാരിയിൽ തങ്ങിയത്, ഓരോ സംസ്ഥാനത്തിലൂടെയും ഒരു തീർത്ഥാടനം കണക്ക് കടന്നുപോയി, ഭാരതം മുഴുവനും വേണ്ടി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുന്ന, മഹാ ജെറീക്കോ പ്രാർത്ഥനയുടെ ഭാഗമായിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പേ സോഷ്യൽ മീഡിയായിൽ, കേരളത്തിൽ നിന്നുതന്നെയുള്ള മറ്റൊരു അത്മായകൂട്ടായ്മയുടെ നേതൃത്വത്തിൽ, അടുത്ത വർഷം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മിഷൻ കൺവെൻഷൻ്റെ, ലോഗോ പ്രകാശനകർമ്മത്തിൻ്റെ ഏതാനും ഫോട്ടോകൾ കാണാൻ ഇടയായി. ഒറ്റക്കും കൂട്ടായുമൊക്കെയുള്ള സുവിശേഷവേലകളുടെ ഈ വിവിധ ചിത്രങ്ങൾ എത്ര സുന്ദരം!

നവസുവിശേഷവത്ക്കരണത്തിനായി പുതിയ പുതിയ മേഖലകൾ അന്വേഷിച്ച് കണ്ടെത്തുകയും, അതിനായി നൂതന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന, ചുറുചുറുക്കുള്ള ഒത്തിരി ശുശ്രൂഷകരാൽ, പ്രത്യേകിച്ച് യുവതിയുവാക്കളാൽ, സഭ ഇന്ന് അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥ മിഷൻ ചൈതന്യത്തോടെ, നാടും വീടും ഉപേക്ഷിച്ച്, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, ക്രിസ്തുവിനുവേണ്ടി തങ്ങളെതന്നെ സമർപ്പിക്കുന്ന അവരെക്കുറിച്ച്, ഏറെ അഭിമാനവും തോന്നുന്നു. ഒരു പക്ഷെ, പരമ്പരാഗതമായ കാഴ്ചപ്പാടിൽ, മിഷനറിയാവുകയെന്നാൽ, പുരോഹിതനോ, സന്യാസിയോ, സന്യാസിനിയോ ആയി, സ്വന്തം നാട്ടിൽ നിന്ന് മാറി അകലെ സുവിശേഷവേല ചെയ്യുക, എന്ന കാഴ്ചപ്പാടിന് മാറ്റം സംഭവിച്ചിരിക്കുന്നു. ദൈവാത്മാവിൻ്റെ ഇടപെടലായിതന്നെ വേണം അതിനെ കണക്കാക്കുവാനും. പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ, തൻ്റെ "സുവിശേഷത്തിൻ്റെ സന്തോഷം" എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറയുന്നതുപോലെ, "ഓരോ ക്രൈസ്തവനും യേശുമിശിഹായുടെ മിഷനറി ശിഷ്യന്മാരായി മാറുന്ന," നവസുവിശേഷവത്ക്കരണത്തിൻ്റെ കാലഘട്ടം.

ഈയൊരു മിഷനറി ശൈലിയെ സാക്ഷ്യപ്പെടുത്തുന്ന തിരുവചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. തിരുവചനത്തിൽ നാം വായിക്കുന്നു, "പീലിപ്പോസ് നഥാനയേലിനെ കണ്ട്  അവനോടു പറഞ്ഞു, മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ - ജോസഫിൻ്റെ മകൻ യേശുവിനെ - ഞങ്ങൾ കണ്ടു." (യോഹ. 1, 45) മറ്റൊരിക്കൽ സമരിയാക്കാരി സ്ത്രീയെ കുറിച്ചും യോഹന്നാൻ കുറിക്കുന്നുണ്ട്, "ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി ആളുകളോടു പറഞ്ഞു, ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങൾ വന്നു കാണുവിൻ." (യോഹ. 4,28-29) സുവിശേഷം അറിഞ്ഞവർ ഓരോരുത്തരും മിഷനറിമാരാകുന്ന മഹത്തായ ശൈലി. അങ്ങകലെ സുവിശേഷവേല ചെയ്യുന്നതു മാത്രമല്ല, മിഷനറി പ്രവർത്തനം. അറിഞ്ഞതും അനുഭവിച്ചതും സ്വന്തക്കാരോടും സുഹൃത്തുക്കളോടും അയൽപക്കങ്ങളിലും ജോലിസാഹചര്യങ്ങളിലും പങ്കുവെക്കുന്നതും സാക്ഷ്യപ്പെടുത്തുന്നതും സുവിശേഷവേലയാണ്, പീലിപ്പോസും സമരിയാക്കാരിയും ചെയ്തതുപോലെ. ഈ വിശുദ്ധമായ വേലക്കു എന്നെയും ഞാനായിരിക്കുന്ന ഇടങ്ങളിൽ സമർപ്പിക്കുന്നെന്ന് അവിടത്തോടു പറഞ്ഞ്, ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment