"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, September 3, 2016

"കൊച്ചിനെ പിടിക്കണ്ടാ ബാബുജീ, അവൻ തനിയെ കയറിവരും..." (മത്താ. 13, 24-30)

"കൊച്ചിനെ പിടിക്കാൻ പോകണ്ടാ ബാബുജീ, അവൻ തനിയെ കയറിവരും..." (വായനഭാഗം - മത്താ. 13, 24-30)

കൺമുമ്പിൽ സംഭവിക്കാനിരിക്കുന്ന, അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തിന്മയുടെ മുന്നിൽ കണ്ണടച്ച്, നന്മയുടെ പിറവിക്കും പൂർണ്ണതക്കും വേണ്ടിയുള്ള നിശ്ശബ്ദമായ കാത്തിരിപ്പിന്, ചിലപ്പോഴെങ്കിലും ഞാനും നിങ്ങളും സാക്ഷ്യം വഹിച്ചിട്ടുണ്ടാകുമല്ലോ, ജീവിതത്തിൽ. ചെറുതോ വലുതോ ആകട്ടെ, തീർത്തും വേദനയുടെയും ആകാംക്ഷയുടെയും നിമിഷങ്ങളും ദിവസങ്ങളും സമ്മാനിക്കാമെങ്കിലും അവയോരോന്നും ജീവിതത്തിൽ, അല്പം മടിയോടെയെങ്കിലും സ്വീകരിച്ചേ മതിയാകൂ. ഒരുപക്ഷെ, ഇതിനിടയിൽ നിഷ്ക്രിയതയുടെ പേരിലോ, തീരുമാനമെടുക്കാൻ കഴിവില്ലാത്തതിൻ്റെ പേരിലോ, കുറ്റപ്പെടുത്തുന്ന വ്യക്തികളെയും ഒറ്റപ്പെടുത്തുന്നവരെയും അങ്ങിങ്ങ് കണ്ടേക്കാം. നന്മയ്ക്കുവേണ്ടിയായിരിക്കെ, ആ സഹനശീലവും ക്ഷമയും തീർച്ചയായും സമ്മാനിക്കപ്പെടും, ഒരിക്കൽ.

ഈസ്റ്റർ കഴിഞ്ഞ് ഭവനവെഞ്ചിരിപ്പിൻ്റെ സമയം. ഒരു ഭവനത്തിൽ വെഞ്ചിരിപ്പു നടന്നുകൊണ്ടിരിക്കെ, എന്നെ മുള്ളിന്മേൽ നിറുത്തിയ ഒരു എളിയ സംഭവം പങ്കുവെക്കാം. വളരെ കുറച്ച് ഭൂമി മാത്രമുണ്ടായിരുന്ന ഭവനങ്ങൾ, ഒന്നിലധികം നിലകളെടുത്താണ് സ്ഥലപരിമിതിയെ അതിജീവിക്കുന്നത്, മറ്റിടങ്ങളിലുമെന്നപോലെ. പ്രർത്ഥന കഴിഞ്ഞ് മുറികൾ വെഞ്ചിരിക്കാൻ പോയ സമയം, കൂടെയുണ്ടായിരുന്നത് സഹായിയായ ബാബുജി മാത്രം; ബാക്കിയുള്ളവർ നന്ദിയുടെ ഗാനം പാടി പ്രാർത്ഥനാമുറിയിൽ. രണ്ടാം നിലയിൽ നിന്ന് താഴേക്കു വരുമ്പോൾ കണ്ടത്, ഒന്നര വയസ്സുകാരൻ കൈവരിയില്ലാത്ത ഗോവണി കയറി വരുന്നതാണ്. ഞങ്ങളെ കണ്ടപാടെ കുഞ്ഞ് ഭയന്നു നിലവിളിച്ചു. കൈവരിയില്ലാത്ത ഗോവണിയിലെ അപകടം മുന്നിൽ കണ്ട്, കുഞ്ഞിനെ പിടിക്കാൻ സഹായി ബാബുജി മുതിർന്നപ്പോൾ, ഉള്ളിൽ ഏറെ ഭയപ്പാടുകൂടെയും എന്നാൽ, പുറമെ ഒത്തിരി സന്തോഷത്തോടെയും കുഞ്ഞിനെ നോക്കി ചിരിച്ചു ഞാൻ പറഞ്ഞു, "കൊച്ചിനെ പിടിക്കാൻ പോകണ്ടാ ബാബുജീ, അവൻ തനിയെ കയറിവരും..." ദൈവാനുഗ്രഹത്താൽ, മറിച്ചൊന്നും സംഭവിക്കാതെ, കുഞ്ഞ് അനങ്ങാതെ ഞങ്ങളെയും നോക്കി ചിരിച്ച് അവിടെയിരുന്നു.

വിളയെ കളയിൽനിന്ന് രക്ഷിക്കാനുള്ള വെപ്രാളത്തിൽ, കളകൾക്കൊപ്പം വിള നഷ്ടപ്പെടാതിരിക്കാനുള്ള ഒറ്റമൂലിയായി, ഉടമസ്ഥൻ വേലക്കാർക്ക് നല്കുന്ന നിർദ്ദേശമാണ് ഇന്നത്തെ ധ്യാനവിഷയം. വേലക്കാർ ചോദിച്ചു, "ഞങ്ങൾ പോയി കളകൾ പറിച്ചു കൂട്ടട്ടേ? അവൻ പറഞ്ഞു, വേണ്ട, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങൾ പിഴുതു കളഞ്ഞെന്നു വരും." (മത്താ. 13, 28-29) സകല സന്നാഹങ്ങളുമായി ലോകത്തിലെ തിന്മകളെ ചെറുക്കാനും നശിപ്പിക്കാനും ഇന്നും ഏറെപ്പേർ ഇറങ്ങിപ്പുറപ്പെടുന്നുണ്ട്; ചെറുതും വലുതുമായ ശക്തികൾ. നമ്മുടേതായ സാഹചര്യങ്ങളിൽ, ഒരുപക്ഷെ നാമോരുത്തരും. ചാടിപ്പുറപ്പെടുന്നതിനു മുമ്പേ, മനസ്സിൽ സൂക്ഷിക്കാനുള്ളത് ഒന്നുമാത്രം; ലക്ഷ്യം നന്മയുടെ പിറവിയും വളർച്ചയും സംരക്ഷണവുമാണ്. ഇന്ന് വിശുദ്ധയാക്കപ്പെടുന്ന വി. മദർ തെരേസ പറയുമായിരുന്നു, "വിജയത്തേക്കാൾ വിശ്വസ്ഥതയാണ്, ജീവിതത്തിൽ സൂക്ഷിക്കേണ്ടതെന്ന്." ഈ വിശ്വസ്ഥതയാകട്ടെ, ഏദൻ തോട്ടം കയ്യേല്പ്പിച്ച് ആദത്തെ ദൈവം ഓർമ്മപ്പെടുത്തിയത് തന്നെയാണ്, "ഏദൻതോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി." (ഉല്പ്പ. 2, 15) ഈ ലോകമാകുന്ന തമ്പുരാൻ്റെ വിശുദ്ധ തോട്ടം നട്ടുവളർത്താനും സംരക്ഷിക്കാനുമുള്ള ദൈവീക വിളിക്കാണ്,  - എവിടെയായിരുന്നാലും; കുടുംബത്തിലോ, സമൂഹത്തിലോ, സംഘടനയിലോ, പ്രസ്ഥാനത്തിലോ - നന്മയെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുമ്പോൾ, നാം പ്രത്യുത്തരം നല്കുന്നതെന്ന് മറക്കാതിരിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment