"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, September 30, 2016

സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴിയെക്കുറിച്ച്... (മത്താ. 18,1-5)

സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴിയെക്കുറിച്ച്... (വായനഭാഗം - മത്താ. 18,1-5)

എന്തൊക്കെയോ ആയിത്തീരണം എന്നാഗ്രഹിച്ചും ലക്ഷ്യം വെച്ചും ഓടി നടക്കുന്നവരെ, നമ്മുടെ ജീവിതത്തിൽ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ടാകാം. പ്രസ്തുത ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായവ നേടിയെടുക്കാൻ, അവർ കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നു. ആയിരിക്കുന്ന അവസ്ഥയിലെ അസംതൃപ്തിയോ, കൂടുതൽ മെച്ചപ്പെട്ടവയിലേക്കുള്ള കണ്ണോ, തൻ്റെ യോഗ്യതക്ക് അനുസരിച്ചുള്ള ഒരു സ്ഥാനത്തല്ല, താനെത്തിപ്പെട്ടത് എന്ന തോന്നലോ ഒക്കെ, അതിന് കാരണമാകാം. ആയതിനാൽ, അത് എത്തിപ്പിടിക്കാൻ നിരന്തര അന്വേഷണത്തിലാണവൻ. ഇത്തരക്കാരെ എല്ലാ മേഖലയിലും തന്നെ, മത-രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിലെല്ലാം, കണ്ടെത്താനാകും. കുറേ പേരെങ്കിലും ഈ തീവ്രപരിശ്രമത്തിൽ വിജയിക്കുകയും, വേറെ കുറേപ്പേർ യോഗ്യതയുണ്ടെങ്കിൽ തന്നെ, സമൂഹത്തിലെ മൂല്യശോഷണത്താൽ, പരാജയപ്പെടുകയും ചെയ്യുന്നു.

ഒന്നാം സ്ഥാനത്തും ഉന്നതമായ ഇടങ്ങളിലും എത്തിപ്പെടാനുള്ള, ഈ ലൌകിക ശൈലി ക്രിസ്തുമാർഗ്ഗത്തിൽ ചരിക്കുന്നവരെയും, ഒത്തിരി സ്വാധീനിക്കാമെന്നത് തിരുവചനത്തിൽ നിന്നുതന്നെ വ്യക്തമാണ്. ലോകത്തിൻ്റെ രക്ഷയ്ക്കായി, തന്നെത്തന്നെ കുരിശിൽ സമർപ്പിക്കാൻ പോകുന്ന ക്രിസ്തുവിൻ്റെ പുറകിൽ നടന്ന്, ശിഷ്യർ ചർച്ചചെയ്തത്, ഈ ഘട്ടത്തിൽ എപ്രകാരം തങ്ങൾ തങ്ങളുടെ പ്രിയ ഗുരുവിനോടു ചേർന്നുനില്ക്കണം എന്നതിനെക്കുറിച്ചല്ലാ, മറിച്ച്, തങ്ങളിൽ ഏറ്റവും വലിയവൻ ആരെന്നാണ് (മർക്കോ. 9,34) അപരൻ്റെ ദുഃഖമോ, വേദനയോ, അപകടമോ, മരണമോ ഒന്നുംതന്നെ എന്നെ ബാധിക്കുന്ന ഒരു കാര്യമല്ല. പകരം, എൻ്റെ ശ്രദ്ധ, അപരനുശേഷം എൻ്റെ ഊഴമെന്ന കണക്ക് കാര്യങ്ങൾ ഒരുക്കൂട്ടാനാണ്. തനിക്കു മീതെയുള്ളവരൊക്കെ തന്നെ, അധികാരികളായാലും മാതാപിതാക്കളായാലും, തൻ്റെ ലക്ഷ്യപ്രാപ്തിക്ക് തടസ്സങ്ങളാണെന്ന ചിന്ത വല്ലാണ്ട് അവനെ അസ്വസ്ഥപ്പെടുത്തുന്നു. ജനങ്ങളുടെ പ്രതിനിധിയായാൽ മാത്രം പോരാ, ജനങ്ങളെയും പ്രതിനിധിയെയും ഒരുമിച്ച് നിയന്ത്രിക്കുന്ന റിമോട്ടാകാനാണിന്ന് പരിശ്രമം മുഴുവൻ. എന്നാൽ, ഈ ചിന്തക്കൊരു ബദൽ പങ്കുവെക്കുകയാണ് ഇന്നത്തെ ധ്യാനവിഷയത്തിലൂടെ യേശുമിശിഹാ.

ശിഷ്യരുടെ ഒരു ചോദ്യവും  അതിനുള്ള ഗുരുവിൻ്റെ മറുപടിയുമാണ് ഇന്നത്തെ ധ്യാനവിഷയത്തിൻ്റെ ഉള്ളടക്കം. അവിടെ നാം ഇങ്ങനെ വായിക്കുന്നു, "ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു. സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആരാണ്?" (മത്താ. 18,1) യേശു ഉത്തരമായി പറഞ്ഞു, "ഈ ശിശുവിനെപോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ." (വാ. 4) പ്രകൃതി നിയമത്തിലെ ചെറുതിൽ നിന്ന് വലുതിലേക്കുള്ള പ്രയാണത്തെക്കുറിച്ചല്ല അവിടുന്നു പറഞ്ഞത്, പകരം, ഭൂമിയിലെ മനുഷ്യൻ്റെ സ്വയം ചെറുതാകലിൽ തന്നെ, സ്വർഗ്ഗത്തിലെ അവൻ്റെ വലുപ്പം നേടിക്കഴിഞ്ഞുവെന്നാണ്. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ, യേശുമിശിഹായുടെ ഈ ചെറുതാകലിനെ കുറിച്ച് വി. പൌലോസ് അപ്പസ്തോലൻ സുന്ദരമായി ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ (2,6-11) പ്രതിപാദിക്കുന്നുണ്ട്. വി. കുർബ്ബാനയിൽ തിരുവോസ്തിയിൽ തന്നെത്തന്നെ നല്കുമ്പോഴും ഈ ശൂന്യവത്ക്കരണം നമുക്കനുഭവവേദ്യമാകുന്നുണ്ട്.  "ഇത്ര ചെറുതാകാൻ എത്ര വളരേണം, ഇത്ര സ്നേഹിക്കാൻ..." എന്ന ദിവ്യകാരുണ്യഗീതത്തിലും ഈ സന്ദേശം നിറഞ്ഞുനില്പ്പുണ്ട്. വി. കൊച്ചുത്രേസ്യായുടെ ഈ തിരുനാൾ ദിനത്തിൽ, ഉണ്ണീശോയുടെ കൈകളിലെ കുഞ്ഞുപന്തായി തന്നെത്തന്നെ സമർപ്പിച്ച്, സ്വർഗ്ഗത്തിലേക്കുള്ള കുറുക്കുവഴി കണ്ടെത്തിയ വിശുദ്ധ നമുക്കുവേണ്ടിയും മാദ്ധ്യസ്ഥം വഹിക്കാൻ പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment