"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, September 5, 2016

"ഇനി എൻ്റെ പാവപ്പെട്ട മക്കൾക്ക് കഴിക്കാനെന്തെങ്കിലും, ദയവായി, സഹോദരാ..." (ലൂക്കാ 6, 27-36)

"ഇനി എൻ്റെ പാവപ്പെട്ട മക്കൾക്ക് കഴിക്കാനെന്തെങ്കിലും, ദയവായി, സഹോദരാ..." (വായനഭാഗം - ലൂക്കാ 6, 27-36)

കൽക്കത്തായിലെ വി. തെരേസായെ, പ്രത്യേകമാം വിധം അനുസ്മരിക്കുന്ന നാളുകളിലൂടെയാണല്ലോ, നാം കടന്നുപോകുന്നത്. വത്തിക്കാനിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച, വാ. മദർ തെരേസ, "കൽക്കത്തായിലെ വി. തെരേസ"യായി നാമകരണം ചെയ്യപ്പെട്ടതും, ഇന്നലെ അവരുടെ തിരുനാൾ സാർവ്വത്രികസഭ സാഘോഷം അനുസ്മരിച്ചതുമെല്ലാം, അതിനു കാരണമായിട്ടുണ്ട്. ഇന്നും ആ ചിന്തയുടെ തുടർച്ചയായി ദൃശ്യ-ശ്രാവ്യ-പത്രമാധ്യമങ്ങളിൽ വാർത്തകളും ഓർമ്മകുറിപ്പുകളും ചിത്രങ്ങളുമെല്ലാം ഏറെയുണ്ട്. ലോകത്തിൻ്റെ കണ്ണുകളിൽ നിന്നും മനസ്സുകളിൽ നിന്നും, കാരുണ്യത്തിൻ്റെ മാലാഖയുടെ ആ മുഖം ഇനിയും മാഞ്ഞുപോയിട്ടില്ലെന്നർത്ഥം; അത്ര സജീവങ്ങളാണ് ആ ചിത്രങ്ങളോരോന്നും.

അസാധ്യങ്ങളാണ് അവൻ്റെ പഠനങ്ങളെന്ന് പറഞ്ഞ്, ക്രിസ്തുവിനെയും അവൻ്റെ പ്രബോധനങ്ങളെയും തള്ളിപ്പറഞ്ഞ് കടന്നുപോയവർ, അവൻ്റെ കാലഘട്ടത്തിലെന്നപോലെ (യോഹ. 6, 60,66) ഇന്നും ജീവിക്കുന്നു. അതുകൊണ്ടാണല്ലോ, "അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി," "പ്രസംഗിക്കാൻ കൊള്ളാം, മാഷേ," എന്നു തുടങ്ങിയ ശൈലികൾ തന്നെ രൂപപ്പെടുന്നത്. ഒരുപക്ഷേ, ഇന്നത്തെ ധ്യാനവിഷയത്തിലെ (ലൂക്കാ 6, 27-36) ചിന്തകളും വേറിട്ട ക്രൈസ്തവ ജീവിതശൈലിയിലേക്കുള്ള ക്രിസ്തുവിൻ്റെ വിളിയെയാണ് വെളിപ്പെടുത്തുന്നത്. "ശത്രുക്കളെ സ്നേഹിക്കുക" (വാ. 27) എന്നതിൽ തുടങ്ങി, "തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ, മറ്റുള്ളവർക്കു നന്മചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ" (വാ. 35) എന്നതിൽ എത്തി നില്ക്കുന്ന പന്ത്രണ്ടോളം പ്രബോധനങ്ങൾ. ഈ ലോകത്തിൻ്റെ ന്യായവും യുക്തിയും അനുസരിച്ച് അവ തീർത്തും അപ്രായോഗികമായി തോന്നാം. എന്നാൽ, ക്രിസ്തു നാഥൻ്റെ, "നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളോരോരുത്തരും കരുണയുള്ളവരായിരിക്കുവിൻ" (ലൂക്കാ 6,36) എന്ന ദൈവീക മാനദണ്ഡം ജീവിതശൈലിയാക്കിയ ഓരോരുത്തനും അത് പ്രസക്തവും തീർത്തും പ്രായോഗികവുമാണ്.

ഇക്കാര്യം, നാം ജീവിക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ജീവിച്ച് സാക്ഷ്യപ്പെടുത്തി, ലോകത്തിനു മുമ്പിൽ ക്രിസ്തുവിൻ്റെ പരിമളമായി മാറിയ, കൽക്കത്തായിലെ വി. തെരേസായുടെ ജീവിതത്തിൽ നിന്ന് ഒരു എളിയ സംഭവം പങ്കുവെച്ച്, ഈ ചിന്തകൾ അവസാനിപ്പിക്കുന്നു. അന്നൊരു ദിവസം മദർ തെരേസ തൻ്റെ അനാഥാലയത്തിലെ മക്കൾക്ക് ഭക്ഷിക്കാനെന്തെങ്കിലും ലഭിക്കാൻ അടുത്തുള്ള ബേക്കറിക്കാരൻ്റെ അടുത്തുപോയി. യാചകരോടും അനാഥരോടും എന്നും വെറുപ്പും അവജ്ഞയും സൂക്ഷിച്ചിരുന്ന അദ്ദേഹം, മദറിനോടും അപ്രകാരം പെരുമാറുകയും അവരുടെ മുഖത്തേക്കു തുപ്പുകയും ചെയ്തു. മദർ തിരിച്ചൊന്നും പ്രതികരിക്കാതെ, സാവധാനം തുവാലയെടുത്ത് മുഖം തുടച്ച്, തീർത്തും പ്രസന്നവദനയായി അദ്ദേഹത്തോട് വീണ്ടും ചോദിച്ചു, "അതെൻ്റെ വിഹിതം, ഇനി എൻ്റെ പാവപ്പെട്ട മക്കൾക്ക് കഴിക്കാനെന്തെങ്കിലും, ദയവായി, സഹോദരാ..." മദറിൻ്റെ ആ കാരുണ്യ വാക്കുകൾക്കു മുന്നിൽ അദ്ദേഹത്തിനു മറുവാക്കുകളൊന്നുമുണ്ടായില്ല, പകരം അന്നുമുതൽ മദറിൻ്റെ അനാഥാലയത്തിലെ മക്കളുടെ വിശപ്പിൻ്റെ വിളിക്ക് അദ്ദേഹമായിരുന്നു ആദ്യ ഉത്തരം. മദറെന്നും വിശ്വസിച്ചിരുന്നു, തനിക്കു നൂറാളെ ഊട്ടാനായില്ലെങ്കിലും ഒരാളെ ഊട്ടിയാൽ തമ്പുരാൻ അതിൽ സംപ്രീതനെന്ന്. ക്രിസ്തു പഠനങ്ങൾ ഇന്നും പ്രസക്തമാണ്, തീർത്തും പ്രായോഗികവുമാണ്. ഇതു നമ്മിലൂടെയും തുടരാനും അവൻ്റെ ജീവിക്കുന്ന സാക്ഷികളാകാനുമുള്ള ദൈവകൃപ യാചിക്കാം. 

No comments:

Post a Comment