"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

സാന്തോം മിഷനുവേണ്ടിയുള്ള പ്രാർത്ഥന...

സ്നേഹപിതാവായ ദൈവമേ, ഞങ്ങളോടുള്ള സ്നേഹത്താലും, ഞങ്ങളുടെ നിത്യരക്ഷയെ പ്രതിയും, അങ്ങേ പ്രിയപുത്രനായ യേശുമിശിഹായെ ലോകത്തിലേക്കയച്ചതിനെയോർത്ത് ഞങ്ങൾ അങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും അങ്ങേക്കു നന്ദിപറയുകയും ചെയ്യുന്നു. ഭരമേല്പ്പിക്കപ്പെട്ട ദൌത്യംപൂർത്തിയാക്കി അങ്ങയെ മഹത്വപ്പെടുത്തി ഈ ഭൂമിയിൽ നിന്നും അങ്ങേ പക്കലേക്ക് യാത്രയായ യേശുമിശിഹായെപ്പോലെ, ഞങ്ങളും, സമസ്തസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവാനുള്ള ദൌത്യം ഏറ്റെടുക്കുവാനും വിശ്വസ്ഥതയോടെ പൂർത്തിയാക്കി അങ്ങയെ മഹത്വപ്പെടുത്തുവാനും, അങ്ങേ പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമെ.

ഭാരതത്തിൻ്റെ അപ്പസ്തോലനും പിതാവുമായ മാർത്തോമ്മാ ശ്ലീഹായേ, അങ്ങ് യേശുമിശിഹായിൽ നിന്നു സ്വീകരിച്ച ദൌത്യംപൂർത്തിയാക്കാൻ ഭാരതത്തിൽ വരികയും സുവിശേഷവേലയ്ക്കായി ത്യാഗങ്ങളേറെ സഹിക്കുകയും രക്തസാക്ഷിയാകുകയും ചെയ്തുവല്ലോ. ഇനിയും അനേകായിരങ്ങൾ ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മിശിഹായേയും അവിടുത്തെ അയച്ച പിതാവായ ദൈവത്തെയും അറിയാനും നിത്യജീവൻ പ്രാപിക്കാനും കാത്തിരിക്കുന്നു. അറിഞ്ഞവർ തങ്ങളുടെ വിശ്വാസപാരമ്പര്യത്തിൽ നിത്യം വളരാനും മറ്റുള്ളവരെ വളർത്താനും ഇടയാകണം.അങ്ങ് തുടങ്ങിവെച്ച ഈ ഭാരതസുവിശേഷവേല തുടരാനും പൂർത്തിയാക്കാനുമുള്ള സാന്തോം മിഷൻ്റെ (സാന്തോം മിഷൻ ഇന്ത്യ) എല്ലാ പ്രവർത്തനങ്ങളും സഫലമാകാൻ പ്രാർത്ഥിക്കണമെ.

കാരുണ്യവാനായ പിതാവേ, മിഷൻ പ്രദേശങ്ങളിലേക്ക് വിശുദ്ധിയും വിശ്വസ്ഥതയുമുള്ള ധാരാളം സമർപ്പിതരെയും അത്മായപ്രേഷിതരെയും തെരഞ്ഞെടുത്ത് അയയ്ക്കണമെ. മിഷൻ മേഖലകളിലെ വിവിധങ്ങളായ വെല്ലുവിളികളെ യേശുമനോഭാവത്തോടെ നേരിടാൻ അവരെ നിരന്തരം വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെ. സാന്തോം മിഷൻ്റെ പ്രവർത്തനങ്ങളെ ആളുകൊണ്ടും അർത്ഥംകൊണ്ടും പ്രാർത്തനകൊണ്ടും സഹായിക്കുവാനുള്ള സന്നദ്ധത ഞങ്ങൾക്കേവർക്കും നല്കണമെ. ആമ്മേൻ.
1 സ്വ. 1 നന്മ. 1 ത്രിത്വ.

ഭാരത രാജ്ഞിയായ പരി.മറിയമേ, സാന്തോം മിഷനുവേണ്ടി പ്രാർത്ഥിക്കണമെ.
ഭാരത അപ്പസ്തോലനായ മാർത്തോമ്മായേ, മിഷനറിമാർക്കയി പ്രാർത്ഥിക്കണമെ.    

   

No comments:

Post a Comment