"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, April 22, 2017

മുട്ടുമടക്കേണ്ട ഇടത്തിലേക്കൊരു തോമ്മാവെളിച്ചം...

"തോമസ് പറഞ്ഞു, എൻ്റെ കർത്താവേ, എൻ്റെ ദൈവമേ." (യോഹ. 20,28)
(ഇന്നത്തെ വായനഭാഗം - യോഹ. 20,19-29)

പുതുഞായറിൽ വിശ്വാസത്തിൻ്റെ പുതുക്കം നടത്തി, വി.തോമ്മായെപ്പോലെ, ഉത്ഥിതനായ മിശിഹായ്ക്ക് സാക്ഷ്യം നല്കാൻ, ഹൃദയവും മനസ്സുമൊരുക്കുന്ന ദിനാചരണത്തിലാണ് നാമോരുത്തരും. എന്നാൽ, ചിലപ്പോഴെങ്കിലും, 'നമുക്കും അവനോടുകൂടി പോയി മരിക്കാ'മെന്ന ധീരമായ ചുവടെടുത്തവനെ തീർത്തും ഭീരുവും സംശയമനസ്ക്കനുമാക്കി ചിത്രീകരിക്കുന്ന, വരികളും കുറിപ്പുകളും, ഇന്നും ചിലർ മനസ്സിൽ സൂക്ഷിക്കുന്നുവെന്നത്, ഏറെ ദുഃഖകരമായ വസ്തുതയാണെന്ന് പറയാതെ വയ്യ.  "അവൻ്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എൻ്റെ വിരൽ ഇടുകയും, അവൻ്റെ പാർശ്വത്തിൽ എൻ്റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ലാ"യെന്ന (യോഹ. 20,25) തോമ്മായുടെ ശാഠ്യം, കേവലം ഭയമോ, സംശയമോ, അവിശ്വാസമോ മാത്രമായി ചുരുക്കുന്നത് സത്യത്തോടു ചേരാതെ പോകാൻ സാധ്യതകളേറെയാണ്. പ്രത്യേകിച്ചും, യോഹന്നാൻ്റെ സുവിശേഷ പശ്ചാത്തലം അവഗണിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ.

റോമാസാമ്രാജ്യത്തിൽ, ചക്രവർത്തിയാരാധന സജീവമായിരുന്ന ഡൊമീഷ്യൻ്റെ കാലത്താണ്, വി. യോഹന്നാൻ്റെ സുവിശേഷവും മറ്റു രചനകളും പൂർണ്ണമാകുന്നത്. ചക്രവർത്തിയാരാധനയുടെ ഭാഗമായി, സാമ്രാജ്യത്തിലെ മുഴുവൻ പ്രജകളും, ചക്രവർത്തിയെ 'തങ്ങളുടെ കർത്താവും ദൈവവു'മായി ഏറ്റുപറയുവാൻ കൂടെക്കൂടെ നിർബന്ധിക്കപ്പെട്ടിരുന്നുവെന്നും, അപ്രകാരം ഏറ്റുപറയാത്തവരെ, ക്രൂരമായ മതപീഢനങ്ങൾക്കു ഇരയാക്കിയിരുന്നുവെന്നും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഭീകരമായ മതമർദ്ദനത്തിൻ്റെ ഈ പശ്ചാത്തലത്തിൽ, തോമാസ് മുന്നോട്ടുവെക്കുന്ന സംശയവും ശാഠ്യവും തുടർന്നുള്ള ഏറ്റുപറച്ചിലും, വലിയ ക്രൈസ്തവ വിശ്വാസപ്രഖ്യാപനത്തിൻ്റെ ഭാഗമായി കാണുക തീർത്തും സ്വാഭാവികമാണല്ലോ.  ഒന്നാം പ്രമാണത്തെ നെഞ്ചോടു ചേർത്തുവെക്കുന്നവന്, നിത്യരക്ഷ പരമമായ ജീവിതലക്ഷ്യമാക്കി ജീവിക്കുന്നവന്, ചക്രവർത്തിയാരാധനയും അനുഷ്ഠാനങ്ങളും, നിരർത്ഥകമായി തോന്നുകയും അവ തിരസ്ക്കരിക്കുകയും ചെയ്യുക സ്വാഭാവികം മാത്രം.

ഇങ്ങനെ ചിന്തിക്കുമ്പോൾ, പക്ഷെ, തോമസ്സിൻ്റേതു വെറുമൊരു തിരസ്ക്കരണ മാത്രമായിരുന്നില്ല, മറിച്ച്, തനിക്കായി കുരിശിലേറി മരിച്ച യേശുക്രിസ്തുവിനെ, തൻ്റെ ദൈവവും കർത്താവുമായി സഹശിഷ്യ സമൂഹത്തിൻ്റെ മുമ്പിലുള്ള ഏറ്റുപറയുന്ന സുവർണ്ണ അവസരം കൂടിയായിരുന്നു എന്നുവേണം കരുതാൻ. ഏതു സാഹചര്യത്തിലായാലും, ഈ ലോകത്തിൻ്റെ അധികാരികൾ മുന്നോട്ടുവെക്കുന്ന അപ്പക്കഷ്ണങ്ങൾക്കു മുമ്പിൽ മുട്ടുമടക്കാതെ, തനിക്കായി കുരിശിലേറി, തന്നെ വീണ്ടെടുത്ത യേശു ക്രിസ്തുവിൻ്റെ മുമ്പിൽ, അവൻ്റെ മാത്രം മുമ്പിൽ, മുട്ടുമടക്കാൻ ധീരത കാണിച്ചവനാണ് നമ്മുടെ പിതാവായ മാർതോമ്മാ. മാർത്തോമ്മാ പകരുന്ന ഈ വിശ്വാസവെളിച്ചം സ്വീകരിച്ച്, വിശ്വാസത്തിൻ്റെ പുതുയാത്രയിൽ, ഈ ലോകവും, ഈ ലോകത്തിൻ്റെ അധികാരശക്തികളും, മുന്നോട്ടുവെക്കുന്ന ആനുകൂല്യങ്ങളേക്കാളും സഹായങ്ങളേക്കാളും, ക്രിസ്തുവിൻ്റെ അമൂല്യരക്തത്തിൻ്റെ വിലയെയോർത്ത്, അവനെ മാത്രം ജീവിതത്തിൻ്റെ കർത്താവും ദൈവവുമായി ഏറ്റുപറയാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഏവർക്കും പുതുഞായറിൻ്റെ ആശംസകൾ നേരുന്നു... 

No comments:

Post a Comment