"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, October 1, 2016

അവനെ തൊട്ടാൽ വിവരം അറിയും... (മത്താ. 18, 10-14)

അവനെ തൊട്ടാൽ വിവരം അറിയും... (മത്താ. 18, 10-14)

സാമൂഹ്യപാഠങ്ങളിലും മറ്റും, ഇന്നും ഏറെ ഉപയോഗിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു പദമാണ് അതിജീവനം. അതു പകർന്നു തരുന്ന വികാരങ്ങളും വിചാരങ്ങളും നിരവധിയാണ്. അതിൽ കാരിരുമ്പിൻ്റെ ശക്തിയും, വിപ്ലവവീര്യവും, ആത്മാഭിമാന ബോധവും ഒക്കെ ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, അതിജീവനത്തിൻ്റെ ചേരുവയിൽ, ചിലരെങ്കിലും "കയ്യൂക്കുള്ളവൻ കാര്യക്കാരൻ" എന്ന പ്രമാണവും, ഉശിരോടെ ചേർത്തു വെക്കുന്നു. പ്രസ്തുത വാദത്തെ ശരിവെക്കും കണക്ക്, പ്രകൃതിയിലെ പക്ഷിമൃഗാദികളുടെയും വൃക്ഷലതാദികളുടെയും, വംശവർദ്ധനവും നിലനില്പുമൊക്കെ, സ്ഥിതിവിവരങ്ങൾ നിരത്തി ഉദ്ധരിച്ചുകാണാറുമുണ്ട്. ഒരുപക്ഷെ, ആ കണക്കുകളൊന്നും ഖണ്ഡിക്കുന്നതല്ല, എൻ്റെയും നിങ്ങളുടെയും അനുഭവങ്ങളും. എന്തിനേറെ, പ്രകൃതിയിൽ നിന്ന് മനുഷ്യജീവിതത്തിലേക്ക് തിരിഞ്ഞാലും സ്ഥിതി മറിച്ചല്ലതാനും.

സ്ക്കൂൾ കാലഘട്ടത്തിലേക്ക് മനസ്സ് പായുകയും, അവിടെയൊക്കെ നടന്ന ജീവനത്തിൻ്റെയും അതിജീവനത്തിൻ്റെയും നാളുകളും ശൈലികളും ഓർക്കുമ്പോൾ, മനസ്സ് തീർത്തും സമാനമായ ചിന്തകളാൽ നിറയാതിരിക്കില്ല. സഹപാഠികൾ തമ്മിലും മറ്റു ക്ലാസ്സുകളുമായുള്ള ബന്ധങ്ങളുമൊക്കെ അതിജീവനത്തിൻ്റെ (ദുർ)ഗന്ധം പേറിയിരുന്നതു പോലെ ഉള്ള ഒരു തോന്നൽ ബാക്കി നില്ക്കുന്നു. വളർന്നു വലുതായപ്പോൾ, പത്രമാധ്യമങ്ങളും പുതുതലമുറയുമായുള്ള സംവാദങ്ങളും മറ്റും "കുടിപ്പക," "ക്വട്ടേഷൻ" തുടങ്ങിയ പുതിയ പദങ്ങളും ആവോളം പരിചയപ്പെടുത്തി തന്നു. ഇന്ന് കച്ചവടങ്ങളുടെയും ബന്ധങ്ങളുയെടുമൊക്കെ അതിജീവനം, അധികാരത്തിൻ്റെയും പണത്തിൻ്റെയും ശക്തിയുടെയും നിർലോഭമായ "സ്പോൺസർഷിപ്പിൽ" ആണെന്നും കേൾക്കുന്നു. "ആ കരുത്തൻ്റെ മേൽ ഇത്തവണ കൈവിലങ്ങു വീഴു"മെന്ന് കേൾക്കുമ്പൊഴേ, ചായക്കട വർത്തമാനത്തിൽപോലും, "അവനെ തൊട്ടാൽ വിവരം അറിയും" എന്ന കണക്കു കമൻ്റ് ചാടിവീഴുന്നത് പരിചിതമാണല്ലോ.

ഇന്നത്തെ ധ്യാനവിഷയത്തിലും, ഇത്തരത്തിൽ സംരക്ഷണം നല്കുന്ന ഒരു തമ്പുരാനെ കുറിച്ച് വിവരിക്കുന്നുണ്ട്, നല്ലിടയനായ യേശുവിനെ കുറിച്ച്. ഒരു ചെറിയ വ്യത്യാസം സംരക്ഷണ വ്യവസ്ഥയിലുണ്ടെന്നു മാത്രം; നീതിമാന്മാരെന്നു സ്വയം കരുതുന്നവർക്കല്ലത്, പകരം വഴിതെറ്റിപോയവർക്കും, കൂട്ടം തെറ്റി കൂട്ടായ്മ നഷ്ടപ്പെട്ടവർക്കുമുള്ളതാണ്. യേശു തമ്പുരാൻ പറയുന്നു, "ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകാൻ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ലാ" (മത്താ. 18, 14) യെന്ന്. കരുണയെന്നത്, കരുത്തിൻ്റെയും ഭൂരിപക്ഷത്തിൻ്റെയും പുറകിൽ ചമയങ്ങളണിഞ്ഞു നീങ്ങുന്നതല്ല, മറിച്ച്, മറ്റുള്ളവരാൽ ആക്രമിക്കപ്പെട്ടും ചൂഷണം ചെയ്യപ്പെട്ടും ജീവിത വഴിയിൽ മൃതപ്രായനായവനോടും, പലകാരങ്ങളാൽ കൂട്ടം തെറ്റി പോയതിൻ്റെ നൊമ്പരവും ഭീതിയും പേറുന്നവനോടും, പാരമ്പര്യത്തിൻ്റെ നൂലാമാലകളിൽ പ്പെട്ട് നട്ടംതിരിഞ്ഞ് ഒറ്റപ്പെട്ടവനോടും, പക്ഷം ചേരുന്നതും അവനെ തേടി കണ്ടെത്തി സഹായിക്കുന്നതുമാണ്. ഈ കാരുണ്യ വർഷത്തിൽ, മുറിവുള്ളതിനെ വച്ചുകെട്ടുകയും ബലഹീനമായതിനെ ശക്തിപ്പെടുത്തുകയും തോളിലേറ്റി കൂട്ടിലെത്തിക്കുകയും ചെയ്യുന്ന നല്ലിടയൻ്റെ ധർമ്മം, നമുക്കു ചുറ്റുമുള്ള സമൂഹത്തിൽ, തുടരാനും പൂർത്തിയാക്കാനും, എന്നെയും ഉപകരണമാക്കണേയെന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment