"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, October 14, 2016

ആർക്കാണിടം, ഇടയനോ കൂലിക്കാരനോ? (യോഹ. 10,1-15)

"മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും, അതു സമൃദ്ധമായി ഉണ്ടാകാനുമാണ്."  (യോഹ. 10,10)

പഴയകാലങ്ങളെ അപേക്ഷിച്ച്, മനുഷ്യബന്ധങ്ങളൊക്കെ ഇന്നു, വളരെ ഇഴയടുപ്പമുള്ളതുപോലെ തോന്നുന്നുവെന്ന്, ചിലരെങ്കിലും പറയുന്നത് കേൾക്കാൻ ഈയുള്ളവന്  ഇടവന്നിട്ടുണ്ട്. ഔപചാരികതകൾ കുറഞ്ഞ്, വളരെ സ്വാഭാവികമായും സ്വതന്ത്രമായും, കുട്ടികളും മുതിർന്നവരും, സ്ത്രീകളും പുരുഷന്മാരും, പരസ്പരം അടുത്തിടപഴകുന്ന വിവിധ അവസരങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് വാചാലമാകുന്നവരും, നമുക്കു ചുറ്റും ഒട്ടും കുറവല്ല തന്നെ. ഓഫീസുകളിലും കോളേജുകളിലും സ്കൂളുകളിലും എന്നുവേണ്ട, എവിടെയും ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളുടെ എണ്ണം പ്രതിദിനം കൂടിവരുന്നു. തുല്യനീതിയെകുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും  ഒക്കെയുള്ള അവബോധം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൻ്റെ അടയാളം കൂടിയാകാം ഇതെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൂടാതെ, ഇതിൽ ആഗോളവത്ക്കരണത്തിനും നവസാമൂഹ്യമാധ്യമങ്ങൾക്കും ഉള്ള കാതലായ പങ്കിനെ കാര്യമായിത്തന്നെ ചർച്ചചെയ്യുന്നവരെയും അവിടെയുമിവിടെയും കാണാനും കേൾക്കാനും ഇടവന്നിട്ടുമുണ്ട്.

ഇതിനു മറുപുറമായി, വേറെ ചില കാഴ്ചകളും മനുഷ്യബന്ധങ്ങളിൽ ഇടം നേടുന്നുവെന്നത് കണ്ടില്ലെന്നു നടിക്കാനുമാവില്ല. അതു ഇഴയടുപ്പങ്ങളിൽ തന്നെ വന്നുപോകുന്ന ചില ദുരന്തക്കാഴ്ചകളാണ്. അവിശ്വസ്ഥതയുടെയും സത്യസന്ധതയില്ലായ്മയുടെയും, ചതിയുടെയും വഞ്ചനയുടെയും, തള്ളിപ്പറയലുകളുടെയും ഒറ്റിക്കൊടുക്കലുകളുടെയും ദുർഗന്ധം പേറുന്ന പിന്നാമ്പുറ വർത്തമാനങ്ങൾക്കെല്ലാം തന്നെ, അടിവരയിടുന്ന ജീവിത യാഥാർത്ഥ്യങ്ങളോരോന്നും, മറനീക്കി അനുദിനമെന്ന കണക്ക് പുറത്തുവരുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിലും കാമുകീകാമുകന്മാർക്കിടയിലും, കുടുംബ ബന്ധങ്ങൾക്കിടയിലും, മൂന്നാമതൊരു വ്യക്തിയുടെ സാന്നിദ്ധ്യവും പ്രവേശനവും വഴി, നഷ്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പവിത്ര ബന്ധങ്ങളും ഇന്നു ചുരുക്കമല്ല. മനുഷ്യബന്ധങ്ങളുടെ ഏതു നിർവ്വചനങ്ങൾക്കിടയിലേക്കും ഈ ചാഴിക്കേടു ദിനംപ്രതി പടരുന്നുവെന്നത് ഒരു ദുഃഖസത്യം മാത്രമായി അവശേഷിക്കുന്നു. ഈ ദുരന്തങ്ങളുടെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഇന്നത്തെ ധ്യാനവിഷയം.

ക്രിസ്തുവിൻ്റെ വ്യക്തിത്വത്തിൻ്റെ വ്യതിരിക്തതയെ ആവോളം വിളിച്ചോതുന്ന സുന്ദരമായ രണ്ടു ഉപമകളാണ് പശ്ചാത്തലം; ആടുകൾക്കുള്ള വാതിലിൻ്റെയും നല്ലിടയൻ്റെയും ഉപമകൾ. അതിൽ ഒറ്റക്കാര്യം മാത്രമിന്നു ധ്യാനവിഷയമാക്കുന്നു. തിരുവചനത്തിൽ യേശു നമ്മെ ഓർമ്മപ്പെടുത്തുന്നു, "മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും, അതു സമൃദ്ധമായി ഉണ്ടാകാനുമാണ്."  (യോഹ. 10,10) ആകർഷണീയതകൾക്കും മമതകൾക്കും മോഹങ്ങൾക്കുമപ്പുറം, ജീവൻ അതിൻ്റെ സമൃദ്ധിയിൽ നല്കുവാൻ, തന്നെത്തന്നെ സമർപ്പിക്കുന്ന ഇടയൻ്റെ സ്വരം, മനുഷ്യബന്ധങ്ങളിൽ തിരിച്ചറിയാൻ കഴിയാതെ പോയാൽ, അകപ്പെടുന്നത് കൂലിക്കാരൻ്റെ കൈകളിലാണ്; മോഷ്ടിക്കുകയും നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നവൻ്റെ കരങ്ങളിൽ. നമുക്കു ചുറ്റും ഒത്തിരി ജീവിതങ്ങളിന്ന്, പ്രത്യേകിച്ചു യുവത്വം, ഇടയകരങ്ങളിലെന്നതിനേക്കാൾ, കൂലിക്കാരുടെ കരങ്ങളിലായതിനു പുറകിൽ, വിവേചനയില്ലാതെ, ലോകത്തിൻ്റെ മോഹങ്ങൾ തേടിയുള്ള യാത്രയാണെന്നു കണ്ടെത്താൻ പ്രയാസമില്ല തന്നെ. ആയതിനാൽ, സ്വജീവിതത്തിൽ എന്നും ഇടയധർമ്മം നിർവ്വഹിക്കുന്നവരും, അതുപോലെതന്നെ, നല്ലിടയർക്കു ചെവികൊടുക്കുന്നവരുമാകാൻ ദൈവകൃപ യാചിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

No comments:

Post a Comment