"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, October 12, 2016

"അന്തോണി മാപ്ലാരുടെ മോനല്ലേ, ഓർമ്മയുണ്ടോ അന്ന്..." (ലൂക്കാ 9, 28-36)

"അന്തോണി മാപ്ലാര്ടെ മോനല്ലേ, ഓർമ്മയുണ്ടോ അന്ന്..." (വായനഭാഗം - ലൂക്കാ 9, 28-36)

പിന്നിട്ട വഴികളെ ഒരിക്കലും മറക്കരുതെന്ന് ഓർക്കുന്നവരെയും ഓർമ്മിപ്പിക്കുന്നവരെയും, നമ്മുടെ ജീവിതത്തിൽ ഇതിനകം പരിചയപ്പെട്ടിട്ടുണ്ടാകാം. സ്വജീവിതത്തിലേക്കു വരുമ്പോഴാകട്ടെ, അവയിൽ ചിലതു സുഖകരവും മറ്റുചിലതു തീർത്തും മറക്കാൻ ഇഷ്ടപ്പെടുന്നവയുമാകാം. ഒരു ഓർമ്മപ്പെടുത്തലിനെ ഞാനിന്നും വ്യക്തമായും ഓർക്കുന്നു. പത്തൊമ്പതു വർഷങ്ങൾക്കു മുമ്പേ, തിരുപ്പട്ടം സ്വീകരിച്ച ജനുവരി ഒന്നാം തിയ്യതി ഉച്ചതിരിഞ്ഞ് നാലേമുക്കാൽ സമയം, തിരുപ്പട്ട സ്വീകരണവും പ്രഥമദിവ്യ ബലിയർപ്പണവും, തുടർന്നുള്ള അനുമോദനങ്ങളുമൊക്കെ കഴിഞ്ഞ്, വീട്ടിലേക്കു പോകുന്ന വഴിയിലെ തിരിവിൽ രണ്ടുപേർ ഇരുന്നു കുശലം പറയുകയായിരുന്നു. എന്നെ കണ്ടയുടനെ അവരിൽ ഒരാൾ, വായിലെ മുറുക്കാൻ തുപ്പിക്കളഞ്ഞ് ചെറുസംശയത്തോടെ ചോദിച്ചു, "അന്തോണി മാപ്ലാരുടെ മോനല്ലേ? ഓർമ്മയുണ്ടോ അന്ന് പാടത്ത് വെച്ച്..." അവരത് പൂർത്തിയാക്കുന്നതിനുമുമ്പേ ഞാൻ തലയാട്ടി, സമ്മതം കണക്ക്. കാരണം, അവർ എൻ്റെ അയൽപക്കത്തെ കാളികുട്ടിയമ്മയായിരുന്നു. അവർക്ക് കുഞ്ഞുനാളിലെ എൻ്റെ കുരുത്തക്കേടുകൾ കുറേയൊക്കെ നന്നായി അറിയാം. തുടർന്നുള്ള വീട്ടിലേക്കുള്ള യാത്രയിൽ, ഒറ്റ ചിന്തയേ ഉണ്ടായുള്ളൂ, കൂടെ വേറെ ആരും ഇല്ലാഞ്ഞത് നന്നായി.

മഹത്വത്തിൻ്റെ വഴിയിലെ ഓർമ്മപ്പെടുത്തലിൻ്റെ ഓർമ്മകൾ പലരൂപത്തിലും ഭാവത്തിലുമാകാം. അധികാരങ്ങളിലും സ്ഥാനമാനങ്ങളിലും എത്തിപ്പെടുമ്പോഴോ, അല്ലെങ്കിൽ, സമ്പത്തു കുമിഞ്ഞു കൂടുമ്പോഴോ ഒക്കെ, വന്ന വഴികളെയും ബന്ധങ്ങളെയും മറക്കുന്നതിനെ, നമ്മുടെ മനസ്സിലേക്ക് കൊണ്ടുവന്ന ഒത്തിരി സംഭവങ്ങളും സാഹചര്യങ്ങളും അനുഭവങ്ങളായും ഉണ്ടാകാം. അത്തരം കഥകൾക്ക് കലാ-സാഹിത്യ രൂപങ്ങളും ആവോളം വർണ്ണമിഴിവേകിയിട്ടുണ്ടല്ലോ. അവിടെയൊക്കെ വിലയിരുത്തലിൻ്റെ അളവുകോലുമായി ചിലപ്പോൾ, നാം മാറിനില്ക്കുകയോ അല്ലെങ്കിൽ, സ്വജീവിതത്തിലെങ്കിൽ, തിരിച്ചറിവിലേക്കു വരികയോ ചെയ്തിട്ടുണ്ടാകാം. പക്ഷെ, ഇതിൽ നിന്നും വ്യത്യസ്തമായൊരു ചിന്തയാണ് ഇന്നത്തെ തിരുവചനത്തിൽ നാം ധ്യാനിക്കുന്നത്. ക്രൈസ്തവജീവിതത്തിൻ്റെ മഹത്വവഴിയിൽ, കഴിഞ്ഞതിനെ കുറിച്ചുമാത്രമല്ല, വരാൻ പോകുന്നതിനെ കുറിച്ചും നല്ല ചിന്തവേണമെന്ന്; വന്നവഴിയെ കുറിച്ചുമാത്രമല്ലാ, തുടരാനിരിക്കുന്ന വഴിയെകുറിച്ചും.

തിരുവചനത്തിൽ നാം വായിക്കുന്നു, "അപ്പോൾ രണ്ടുപേർ -മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജെറുസലെമിൽ പൂർത്തിയാകേണ്ട അവൻ്റെ കടന്നുപോകലിനെ കുറിച്ചാണ് അവർ സംസാരിച്ചത്." (ലൂക്കാ 9,30-31) മഹത്വമുള്ളവർ, മഹത്വത്തിലായിരിക്കെ ചിന്തിക്കുന്നത് എന്തെന്ന് അവധാനപൂർവ്വം മനസ്സിലാക്കാം. ഇന്നിൻ്റെ മഹത്വം പൂർണ്ണമാകുന്നതിനും ശുദ്ധമാകുന്നതിനും, ഓരോ ക്രൈസ്തവനും, വന്നവഴികളെ ഓർക്കുന്നവൻ മാത്രമാകാതെ പൂർത്തിയാക്കാനുള്ളവയെ കുറിച്ചും ശരിയായ അവബോധമുള്ളവനുമാകണം. ഇതു നഷ്ടമാകുമ്പോൾ, പത്രോസിനെപോലെ പറയാൻ നാമും പ്രലോഭിപ്പിക്കപ്പെടും, "ഗുരോ, ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്ന് മോശക്ക്, ഒന്ന് ഏലിയാക്ക്." (വാ. 33) തൻ്റെ യാത്ര പൂർത്തിയായെന്ന കണക്കൊരു തോന്നൽ പത്രോസിന്; ഇനി താഴേക്കു പോയില്ലെങ്കിലും കുഴപ്പമില്ലെന്ന്. ഈ പ്രലോഭനത്തെ അതിജീവിക്കാനും, വി.പൌലോസ് അപ്പസ്തോലനെപ്പോലെ, ഇപ്രകാരം ഏറ്റുപറഞ്ഞ് ജീവിതം പൂർത്തിയാക്കാനും, നമുക്കും സാധിക്കട്ടെ, "ഞാൻതന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരതുന്നില്ല. എന്നാൽ, ഒരു കാര്യം ഞാൻ ചെയ്യുന്നു. എൻ്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി മുന്നേറുന്നു." (ഫിലി. 4,13) പ്രസ്തുത ദൈവകൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!

No comments:

Post a Comment