"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, June 23, 2016

"മിണ്ടാതിരിയടാ അവിടെ, അവൻെറ ഒരു..." (മർക്കോ. 10, 46-52)

"മിണ്ടാതിരിയടാ അവിടെ, അവൻെറ ഒരു..." (വായനഭാഗം - മർക്കോ. 10, 46-52)

ജീവിതത്തിൻെറ ഏതെങ്കിലും ഘട്ടത്തിൽ, ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ നാമെല്ലാവരും, ആരിലെങ്കിലും നിന്ന്, ഇത്തരത്തിലുള്ള വാക്കുകൾ ശ്രവിച്ചിട്ടുണ്ടാകാം, "മിണ്ടാതിരിയടാ അവിടെ, അവൻെറ ഒരു..." അവയിൽ ചിലതെങ്കിലും ജീവിതത്തിലിന്നും ഉണങ്ങാത്ത മുറിപ്പാടുകളായി തുടരുന്നുണ്ടാകാം. ക്ഷമിക്കാനും മറക്കാനുമാകാത്ത ആ നിമിഷങ്ങളെ പേറുന്നവർക്കൊക്കെ വലിയ ആശ്വാസമായി ഇന്നു യേശു തമ്പുരാൻെറ വാക്കുകൾ ഒരിക്കൽ കൂടി മന്ത്രിക്കപ്പെടുകയാണ്, "അവനെ വിളിക്കുക... മകനേ, ഞാൻ നിനക്കു എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്." ഈ ഭൂമിയിൽ ആർക്കൊക്കെ നമ്മുടെ നിലവിളികളും അപേക്ഷകളും അലോസരമായി തോന്നി നമ്മെ നിശബ്ദരാക്കാൻ ശ്രമിച്ചാലും, അവന്, അവനുമാത്രം നമ്മുടെ നിലവിളിയുടെ സ്വരം അവഗണിക്കാനോ, തിരസ്ക്കരിക്കാനോ ആവില്ല. എത്ര തിരക്കേറിയ യാത്രയ്ക്കു നടുവിലും അവൻ എനിക്കായി കാത്തുനില്ക്കുകയും എനിക്ക് ഉത്തരം നല്കുകയും ചെയ്യുന്നവനാണ്. കാരണം, അവൻ എന്നെ തൻെറ ജീവൻ കൊടുത്ത് വിലക്കെടുത്തതാണ്. നാം അവനെ മറന്നാലും അവന് നമ്മെ ഒരിക്കലും മറക്കാനാവില്ലല്ലോ. ഈ സ്നേഹത്തോട് ഇനിയും ശരിയായി പ്രത്യുത്തരിക്കാനും ഈ ദിവ്യസ്നേഹം മറ്റുള്ളവർക്കു പകർന്നുകൊടുക്കുവാനും ഞാൻ മടി കാണിക്കുന്നുവോ?  

No comments:

Post a Comment