"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, June 18, 2016

അച്ചോ, ഇവരുടെ പേരുകൾ കാര്യമായിട്ടൊന്ന് വിളിച്ചു പറയണം... (മാർക്കോ. 12, 38-44)

അച്ചോ, ഇവരുടെ പേരുകൾ കാര്യമായിട്ടൊന്ന് വിളിച്ചു പറയണം... (മാർക്കോ. 12, 38-44)

ബലിയർപ്പണത്തിനോ, മറ്റു തിരുക്കർമ്മങ്ങൾക്കോ അൾത്താരയിലേക്കു കയറുന്നതിനു മുമ്പേ, കൈക്കാരന്മാരോ, കമ്മറ്റിക്കാരോ, കപ്യാരോ നൽകുന്ന "ചെവിട്ടോർമ്മ" കളിൽ പ്രധാനപ്പെട്ട ഒന്നാണ്, "അച്ചോ, ഇവരുടെ പേരുകൾ കാര്യമായിട്ടൊന്ന് വിളിച്ചു പറയണം" എന്നത്. തിരുനാളുകളും ആഘോഷങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും പൊടിപൊടിക്കുമ്പോൾ അതിനായി ചെറുതും വലുതുമായി സംഭാവനകൾ നല്കിയവരുടെ പേരുകൾ ഓർക്കണമെന്നു മാത്രമല്ല, അതു കാര്യമായിട്ടൊന്ന് മറ്റുള്ളവരെ അറിയിക്കണമത്രേ, ഒരു തവണയല്ല, പലതവണ, പലരൂപത്തിൽ. ദൈവാലയത്തോടു ചേർന്നുള്ള മനസ്സാക്ഷിയുടെ ഇത്തരം കച്ചവടവൽക്കരണത്തിനെതിരെ ക്രൈസ്തവമായൊന്നു ഉണർന്നു ചിന്തിക്കാനും പ്രവർത്തിക്കാനും തമ്പുരാൻ ഇന്നു നമ്മെ ക്ഷണിക്കുകയാണ്. നാട്ടാരെല്ലാരും കാണത്തക്കവിധവും അറിയത്തക്ക വിധവും നിക്ഷേപിക്കപ്പെട്ട ഫരിസേയൻെറ കാപട്യത്തിൻെറ കാഴ്ചയല്ല, തൻെറ നാളത്തെ ഉപജീവനത്തിനുള്ള മുഴുവൻ വകയായ രണ്ടു ചില്ലിക്കാശു ആരും കാണാതെ, അറിയാതെ നിക്ഷേപിച്ച വിധവയുടെ കാഴ്ചയാണ് തമ്പുരാൻെറ മുമ്പിൽ സ്വീകാര്യമായത്. തമ്പുരാൻ നല്കിയതല്ലാതെ ഒന്നും നമ്മുടെ ജീവിതത്തിലില്ലെന്നിരിക്കെ, അതിൽ നിന്നല്പം വ്യക്തിക്കോ, സമൂഹത്തിനോ പങ്കുവെക്കപ്പെടുമ്പോഴേക്കും ഇത്രയും ബഹളത്തിനു ഇടം വേണോയെന്ന് തമ്പുരാൻ ഓർമ്മപ്പെടുത്തുന്നു. നമ്മുടെയൊക്കെ ചുറ്റും ആരാലും അറിയപ്പെടാതെ ഒഴുക്കപ്പെടുന്ന കാരുണ്യത്തിൻെറ ഉറവകളെ നമുക്കിന്ന് യേശു മനസ്സോടെ ഓർക്കുകയും നമുക്കും അതിൽ പങ്കുചേരാൻ നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്യാം.           

No comments:

Post a Comment