"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, August 30, 2016

"അപരനെ വിധിക്കാൻ ഞാൻ ആരാണ്?" (മത്താ. 7, 1-6)

"അപരനെ വിധിക്കാൻ ഞാൻ ആരാണ്?" (വായനഭാഗം - മത്താ. 7, 1-6)

സുവിശേഷത്തിൻ്റെ സന്തോഷവും ആനന്ദവും ലോകം മുഴുവൻ പ്രഘോഷിക്കാനും പകരാനും ദൈവം ഈ കാലഘട്ടത്തിൽ പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ച വ്യക്തിയാണ്, പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ എന്നത്, തീർത്തും വാസ്തവമാണ്. പാപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ, അദ്ദേഹത്തിൻ്റെ വാക്കുകളും പ്രവർത്തികളും, ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്, നമ്മുടെ ഏവരുടെയും അനുഭവവുമാണല്ലോ. നവസാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹം നിറഞ്ഞു നിൽക്കുന്നത്, വാക്കുകളേക്കാൾ ഏറെ, തൻ്റെ കാരുണ്യത്തിൻ്റെ കയ്യൊപ്പു പേറുന്ന പ്രവൃത്തികളാലാണ്; മനസ്സിൽ നിന്ന് മായാനും മറയാനും മടിക്കുന്ന ഒരായിരം കാരുണ്യത്തിൻ്റെ സജീവചിത്രങ്ങളാൽ. ദൈവത്തിൻ്റെ കാരുണ്യവും വിശ്വസ്ഥതയും രുചിച്ചറിഞ്ഞ്, അത് മറ്റുള്ളവർക്കുകൂടി പകരാൻ, ഈ നാളുകളിൽ കരുണയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണ്, ആ വലിയ മുക്കുവൻ. എന്തിനാണിതെന്നോ, ക്രിസ്തുവിൻ്റെ സ്നേഹവലയത്തിൽ നിന്ന് ആരും പുറത്താകാതിരിക്കാൻ.

എന്നാൽ, പലപ്പോഴും ഈ തുറവിയെ ഉൾക്കൊള്ളാനോ, മനസ്സിലാക്കാനോ കഴിയാതെ, മാറിനിന്ന് ആശ്ചര്യം കൊള്ളുന്നവരും, അദ്ദേഹവുമായി സംവാദങ്ങളിൽ ഏർപ്പെട്ട്, ഈ കരുണയുടെ ആഴവും അർത്ഥവും ഗ്രഹിക്കാൻ പരിശ്രമിക്കുന്നവരും നിരവധിയാണ്. സഭയുടെ പരമ്പരാഗത പഠനങ്ങൾക്കും ചിന്താരീതികൾക്കും അപ്പുറത്ത് യാത്രചെയ്യുന്ന മാർപാപ്പയെ കാണുന്നേരം, കൂടെ നടന്ന് സംശയനിവാരണം നടത്താൻ പത്രക്കാർ ചുറ്റും കൂടുമ്പോൾ, വലിയ മുക്കുവൻ്റെ ഹൃദയം തുറക്കുന്നത്, കരുണയുടെ വാതിൽ തുറന്നിടുന്നതുപോലെയാണ് എന്ന് പലപ്പോഴും തോന്നാൻ ഇടയായിട്ടുണ്ട്. സ്വവർഗ്ഗരതിക്കാരെക്കുറിച്ചും, അവരുടെ ഒരുമിച്ചുള്ള ജീവിതത്തോടും വിവാഹത്തോടുമുള്ള തിരുസ്സഭയുടെ മനോഭാവവും സമീപനവും ആരായുമ്പോഴൊക്കെ, "അപരനെ വിധിക്കാൻ ഞാൻ ആരാണ്?" എന്ന മറുചോദ്യവുമായി കരുണയുടെ വാതിൽ തുറക്കുന്ന പത്രോസിൻ്റെ പിൻഗാമിയെ ആരാണ് ഇഷ്ടപ്പെടാതെ വരിക? ഇത്തരത്തിലുള്ള ഒരു ക്രൈസ്തവ സാക്ഷ്യജീവിതത്തിനുള്ള പ്രേരണയും ഊർജ്ജവുമാണ് ഇന്നത്തെ ധ്യാനവിഷയം നല്കുന്നത്.

യേശു പറയുന്നു, "വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ തന്നെ, നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ, നിങ്ങൾക്കും അളന്നു കിട്ടും." (മത്താ. 7, 1-2) ഉള്ളം അറിയാൻ കഴിയാത്തവൻ, ബാഹ്യമായതിനെ മാത്രം അടിസ്ഥാനമാക്കി വിധിച്ചാൽ, അത് അപൂർണ്ണമാകുകയും സ്വയം ശിക്ഷാവിധി ഏറ്റുവാങ്ങുകയും ചെയ്യും. അതിനാൽ, അന്യനെ വിധിക്കുന്നതിൽ നിന്ന് മാറിനില്ക്കാൻ ഒരുങ്ങാം. അതോടൊപ്പം തന്നെ, കുറവുള്ളവരോടും പോരായ്മകളുള്ളവരോടും കരുണയും സ്നേഹവും പങ്കുവെച്ചാൽ, രഹസ്യങ്ങൾപോലും അറിയുന്ന നല്ല തമ്പുരാൻ, തൻ്റെ കരുണയും വാത്സല്യവും അതിൻ്റെ സമൃദ്ധിയിൽ നമ്മിലേക്ക് ഒഴുക്കും. അഹന്ത വിധിയിലേക്കു നയിക്കുമ്പോൾ, കാരുണ്യം വിടുതലിലേക്കു നയിക്കുന്നു. ഈ കരുണയുടെ വർഷത്തിൽ, നമുക്കു ചുറ്റുമുള്ളവരെങ്കിലും നമ്മിലൂടെ ക്രിസ്തുവിൻ്റെ കാരുണ്യവും ക്ഷമയും അനുഭവിക്കാൻ അവിടുന്ന് നമ്മെ ഉപകരണമാക്കാൻ നമ്മെത്തന്നെ സമർപ്പിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment