"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, July 31, 2016

"ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല." (മർക്കോ. 12, 28-31)

"ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല." (വായനഭാഗം - മർക്കോ. 12, 28-31)

മനുഷ്യജീവിതത്തിൽ പലപ്പോഴും പ്രതീക്ഷകളെ അസ്ഥാനത്താക്കിയും മുറിപ്പെടുത്തിയും ബന്ധങ്ങൾ അറ്റുപോകുന്നതിന് പലകാരണങ്ങളിൽ ഒന്ന് ബന്ധങ്ങളിൽ പുലർത്തപ്പെടാതെ പോകുന്ന വിശ്വസ്ഥത അല്ലെങ്കിൽ വളരെ പ്രകടമായി കാണുന്ന കാപട്യ സ്വഭാവമാണ്. ധാർമ്മിക ദൈവശാസ്ത്രജ്ഞനും കൂടിയായ വിശുദ്ധ അൽഫോൺസ് മരിയ ലിഗോരിയുടെ തിരുനാൾ ഇന്ന് ആഘോഷിക്കപ്പടുമ്പോൾ, ജീവിതത്തിലെ സത്യസന്ധതയിലേക്കും സുതാര്യ പ്രകൃതത്തിലേക്കും തിരുസ്സഭ പ്രത്യേകമായി നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. കാപട്യക്കാരെ നോക്കി പലപ്പോഴും ആവർത്തിക്കപ്പെടുന്ന പഴമൊഴിയാണ്, "ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല" എന്നത്. എല്ലാം അറിയുന്നവനാണെങ്കിലും ഒന്നും അറിയാത്തവനെപോലെ ജീവിക്കുകയെന്നതും ഇതിൻ്റെ മറ്റൊരു രൂപമാണ്. ഇത്തരത്തിലൊരു വിഷയം ഈശോ ഇന്നത്തെ ധ്യാനവിഷയഭാഗത്ത് കൈകാര്യം ചെയ്യുന്നുമുണ്ട്. എല്ലാറ്റിലും പ്രധാനമായ കല്പനയെക്കുറിച്ചുള്ള എല്ലാം അറിയുന്ന നിയമജ്ഞൻ്റെ ചോദ്യവും അതിനുള്ള ക്രിസ്തുവിൻ്റെ മറുപടിയും കഴിഞ്ഞ് നിയജ്ഞൻ എന്ന "സെഷൻ മോഡറേറ്ററുടെ" തന്ത്രപരമായ സമാപന സന്ദേശം കേട്ട്, "അവൻ ബുദ്ധിപൂർവ്വം മറുപടി പറഞ്ഞു എന്നു മനസ്സിലാക്കി യേശു പറഞ്ഞു, 'നീ ദൈവരാജ്യത്തിൽ നിന്ന് അകലെയല്ല.'" (മർക്കോ. 12, 34) ഒരു പക്ഷെ, ഫ്രാൻസീസ് പാപ്പ പറയുന്ന "ജീവിതത്തിലെ എല്ലാറ്റിനോടുമുള്ള ഒരു തരം നയതന്ത്രപരമായ തുറവി" യുടെ ചില കണികകൾ നമുക്കിവിടെ കാണാനാകും. ഈ തുറവി പലപ്പോഴും അവനെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെ യഥാർത്ഥത്തിൽ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അവൻ അറിയുന്നില്ല, മനുഷ്യരുടെ കാഴ്ചപ്പാടിൽ അവൻ ദൈവരാജ്യത്തിലാണെന്ന് കരുതപ്പെടുമെങ്കിലും. കാപട്യത്തിൽ പൊതിഞ്ഞ ഈ ബുദ്ധിയും വിവേകമാണല്ലോ , സോളമന് രാജ്യവും രാജത്വവും നഷ്ടപ്പെടാൻ കാരണമായത് (1രാജാ. 11, 9-11). ജീവിതത്തിൽ നാം നിരന്തരം പുലർത്തുന്ന സത്യസന്ധതയിൽ സംപ്രീതനായി, "ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച്, ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിനക്ക് നന്ദിപറയുന്നു" (മത്താ. 11, 25) വെന്ന് തൻ്റെ ശിഷ്യരെ നോക്കി പിതാവിനോട് ആനന്ദത്തോടെ പ്രാർത്ഥിച്ച യേശു തമ്പുരാൻ ഇന്നുമുതൽ നമ്മെ ഓർത്തും സന്തോഷിക്കാൻ ഇടവരട്ടെ.

Thursday, July 28, 2016

"പപ്പേടെ വണ്ടി വന്നു... പപ്പേടെ വണ്ടി വന്നു..." (യോഹ. 11, 17-26)

"പപ്പേടെ വണ്ടി വന്നു... പപ്പേടെ വണ്ടി വന്നു..." (യോഹ. 11, 17-26)

റബ്ബറിൻ്റെ പഴയ വള്ളിച്ചെരുപ്പ് ചെറിയ വട്ടത്തിൽ മുറിച്ച്, ശീമകൊന്നയുടെ തണ്ടെടുത്ത് പാകത്തിൽ വെട്ടിയെടുത്ത്, വണ്ടിയുണ്ടാക്കി ഓടിച്ചിരുന്ന കാലത്തിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഏറെ കളിപ്പാട്ടങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭ്യമാണ്. ചിലപ്പോൾ കളിപ്പാട്ടങ്ങളുടെ ആധിക്യം ഭവനത്തിലെ ഷോകേയ്സുകളടെയോ, അലമാരികളുടെയോ എണ്ണം വർദ്ധിക്കാൻ തന്നെ കാരണമായിട്ടുണ്ട്. ഒന്നോ രണ്ടോ അല്ലേ ഉള്ളൂ അതുകൊണ്ട് ഒന്നിനും കുറവില്ലാതെ തന്നെ കുഞ്ഞുങ്ങൾ വളരണമെന്നത് ന്യായവും യുക്തവും, അതിലേറെ കാലഘട്ടത്തിന് ചേർന്നതുമാണെന്ന് സമ്മതിക്കാതെ വയ്യ. എന്നാൽ, ഈ സുന്ദര കളിപ്പാട്ടങ്ങളുമായുള്ള സല്ലാപങ്ങൾക്കിടയിലും കുഞ്ഞുങ്ങളുടെ മനസ്സ് പൂർണ്ണമായും സംതൃപ്തമല്ല എന്നു ചിലപ്പോൾ തോന്നാൻ ഇടയായിട്ടുണ്ട്. മുന്നിലൂടെ പലരും കടന്നുപോകുമ്പോൾ അവരൊക്കെ തൻ്റെ കളിപ്പാട്ടങ്ങളുമായുള്ള കളികൾക്ക് തടസ്സമാണെന്ന കണക്ക് പ്രതികരിച്ചിരുന്ന ആൻവിൻ മോൻ, പപ്പയുടെ ബൈക്കിൻ്റെ സ്വരം കേട്ടപ്പോൾ, "പപ്പേടെ വണ്ടി വന്നു... പപ്പേടെ വണ്ടി വന്നു..." എന്നു വിളിച്ചു പറഞ്ഞ് കളിപ്പാട്ടങ്ങളൊക്കെ ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോകുമ്പോൾ മനസ്സെന്നോടു മന്ത്രിച്ചു, "പൂർണ്ണമായതിനും സത്യമായതിനും വേണ്ടിയുള്ള ദാഹം മനുഷ്യനിൽ എല്ലാ ഘട്ടത്തിലും കാലഘട്ടത്തിലുമുണ്ട്." വി. ആഗസ്തീനോസ് അതിനെ ഇപ്രകാരമാണ് വർണ്ണിച്ചത്,"ദൈവമേ, അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ എൻ്റെ ആത്മാവ് അസ്വസ്ഥമാണ്." ഇന്നത്തെ ധ്യാനവിഷയത്തിലും അത്തരത്തിലുള്ള ഒരു ദാഹം വെളിപ്പെടുന്നുണ്ട്. തിരുവചനത്തിൽ നാം വായിക്കുന്നു, "അനേകം യഹൂദർ മർത്തായെയും മറിയത്തെയും അവരുടെ സഹോരനെ പ്രതി ആശ്വസിപ്പിക്കാൻ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മർത്താ ചെന്ന് അവനെ സ്വീകരിച്ചു." (യോഹ. 11, 19-20) അയൽക്കാരുടെയും ചാർച്ചക്കാരുടെയും സ്നേഹിതരുടെയും ആശ്വാസവാക്കുകൾക്കുമേൽ ഉയർന്ന ഒന്നിനുവേണ്ടിയുള്ള ഒരു ദാഹം മർത്തായിൽ നമുക്കിവിടെ ദർശിക്കാം. വി. പൌലോസ് വാക്കുകളിൽ പറഞ്ഞാൽ, "പൂർണ്ണമായതു ഉദിക്കുമ്പോൾ അപൂർണ്ണമായതൊക്കെ അസ്തമിക്കും." (1 കൊറീ. 13, 10) അതേ, നശ്വരമായ ഊ ലോകത്ത് ആയിരിക്കുമ്പോഴും അനശ്വരമായതിനെ അന്വേഷിക്കാനും അറിയാനും അനുഭവിക്കാനും അതുവഴി, ശാശ്വതമായ സമാധാനവും സന്തോഷവും സ്വന്തമാക്കാനും വഴിയും സത്യവും ജീവനുമായ ദൈവം നമുക്കോരുത്തർക്കും കൃപ പ്രദാനം ചെയ്യട്ടെ.   

Wednesday, July 27, 2016

"ആഫ്രിക്കയിൽ മിഷൻ വേല ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക..." (യോഹ 12, 20-26)

"ആഫ്രിക്കയിൽ മിഷൻ വേല ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക..." (വായനഭാഗം - യോഹ 12, 20-26)

വേനലവധി കാലം ഇന്ന്, തീവ്രമായ ദൈവവിളി പ്രോത്സാഹനത്തിൻ്റെ ഒരു കാലഘട്ടമായി മാറിക്കഴിഞ്ഞിരിക്കുന്നു എവിടെയും. ഈ അവസരത്തിൽ വ്യത്യസ്ത രൂപതകളും സന്യാസസമൂഹങ്ങളും ഒരു തരം മത്സരബുദ്ധിയോടെ തന്നെ, ഏറെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൈവവിളി പ്രോത്സാഹനത്തിൽ ഏർപ്പെടുന്നതായി കാണാൻ കഴിയും. പുറം നാടുകളിലേക്കുള്ള യാത്രയും പഠനവും വാസവുമൊക്കെ വിദേശമിഷനറി സമൂഹത്തിൻ്റെ ആകർഷക ഘടകങ്ങളായി മാറുമ്പോൾ, സ്വദേശികൾ സ്കൂളുകളും സ്ഥാപനങ്ങളും നേട്ടങ്ങളുമായി ആകർഷക പട്ടിക അഭിമാനത്തോടെ നിരത്തുന്നു. ക്രിസ്തുവിലേക്ക് എന്നതിനേക്കാൾ ആകർഷകത്വം, ഇടങ്ങൾക്കും പ്രവർത്തന മേഖലകൾക്കും ലഭിക്കുന്നുവോ എന്നു സംശയിക്കാൻ കാരണമാകുന്നുവെന്ന്, ചില സൌഹൃദ സംഭാഷണങ്ങളിൽ തുടർവിഷയമായിട്ടുണ്ട്. "ആഫ്രിക്കയിൽ മിഷൻ വേല ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക..." എന്ന കണക്കുള്ള ക്ഷണിക്കലും ക്രിസ്തുവിൻ്റെ ക്ഷണവും തമ്മിലുള്ള അന്തരത്തിലേക്കാണ് ഇന്നത്തെ ധ്യനവിഷയം നമ്മെ നയിക്കുന്നത്. ക്രിസ്തു പറയുന്നു, "എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് എൻ്റെ ശുശ്രൂഷകനുമായിരിക്കും." (യോഹ. 12, 26) വേലയും ലക്ഷ്യവും ഇടവുമൊക്കെ പകൽപോലെ വ്യക്തമായൊരു വിളി. ദൈവവിളി പ്രോത്സാഹനങ്ങൾ ക്രിസ്തുവിലേക്കും അവൻ്റെ ജീവിതശൈലിയിലേക്കുമാണ് പ്രഥമമായും പ്രധാനമായും നയിക്കപ്പെടേണ്ടത് എന്നും വ്യക്തം. അവ പ്രത്യക്ഷത്തിൽ ആകർഷകമാകണമെന്നില്ല, പക്ഷെ, അവ നിലനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്ന ക്രിസ്തുസാക്ഷ്യത്തിലേക്ക് നയിക്കുമെന്നത് ഉറപ്പ്. നമുക്കും അനുദിന ജീവിതത്തിൽ അറിഞ്ഞനുഭവിച്ച യേശുവിനെയും ശീലിച്ചുവശായ ക്രിസ്തു ജീവിതശൈലിയേയും പകർന്നു കൊടുത്ത്, അവൻ്റെ യഥാർത്ഥ ദൈവവിളി പ്രോത്സാഹകരായി മാറാം. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.  

Tuesday, July 26, 2016

"അക്കാര്യം ആ പിള്ളേരോട് പറഞ്ഞാൽ മതി, അവർ ശരിയാക്കിത്തരും. അവർക്ക് വേറെ പണിയൊന്നൂല്ലാ." (മത്താ. 9,35-10,1)

"അക്കാര്യം ആ പിള്ളേരോട് പറഞ്ഞാൽ മതി, അവർ ശരിയാക്കിത്തരും. അവർക്ക് വേറെ പണിയൊന്നൂല്ലാ." (മത്താ. 9,35-10,1)

ജീവിതത്തിലെ പലഘട്ടങ്ങളിലും സാഹചര്യങ്ങളിലും നാം കണ്ടുമുട്ടാനിടയുള്ള, അഥവാ കണ്ടുമുട്ടിയിട്ടുള്ള ഒരു കൂട്ടം മനുഷ്യരെ ഓർത്തെടുക്കുകയാണ്. അവരുടെ സാന്നിദ്ധ്യം എല്ലായിടങ്ങളിലുമുണ്ട്, പള്ളിപ്പരിസരത്തും അമ്പലപ്പറമ്പിലും നാല്ക്കവലയിലും അങ്ങാടിയിലുമൊക്കെ. എന്തു സഹായം എപ്പോൾ വേണമെങ്കിലും ചെയ്തുതരാൻ സന്നദ്ധരായി അവർ എവിടെയുമുണ്ട്. കമ്മറ്റികളിൽ ഒന്നിലും പേരില്ലെങ്കിലും എല്ലാ കമ്മറ്റികൾക്കും അവരുടെ സേവനം എല്ലായ്പോഴും ലഭ്യമാണ്. പള്ളികളിലെയും പൊതു ഇടങ്ങളിലെയും ശ്രമദാനങ്ങളിൽ അവർ നിറസാന്നിദ്ധ്യമാണ്. ഒരുപക്ഷെ, അവരുടെ ഉത്സാഹത്തോടുകൂിയ സാന്നിദ്ധ്യം തന്നെ മറ്റുള്ളവർക്ക് ഏറെ പ്രചോദനവുമാണ്. എന്നാൽ, ഇതിനൊരു മറുവശം കൂടിയുണ്ട് എന്ന് തിരിച്ചറിയാം. പലകാരണങ്ങളാൽ ഭവനങ്ങളിൽ നിന്ന് മാറി സമയം ചിലവഴിക്കുന്ന ചുരുക്കം ചിലരുമുണ്ട് അവരിൽ. ചിലപ്പോഴെങ്കിലും അവരെ പലരും ചൂഷണം ചെയ്യുന്നുണ്ടോ എന്നു പോലും സംശയിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, പലയോഗങ്ങളിലും ഉയർന്നുകേൾക്കുന്ന, "അക്കാര്യം ആ പിള്ളേരോട് പറഞ്ഞാൽ മതി, അവർ ശരിയാക്കിത്തരും. അവർക്ക് വേറെ പണിയൊന്നൂല്ലാ" എന്ന കണക്കുള്ള കമൻ്റ് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നത്. രായ്ക്കുമാനം എന്തിനും തയ്യാറായി നില്ക്കുന്ന, "പണിയൊന്നുമില്ലാത്ത പിള്ളേർ" എന്നു മുദ്രകുത്തപ്പെട്ട ഇവരെ മനസ്സിലാക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ, അവരെ പരമാവധി ഉപയോഗപ്പെടുത്തുക എന്നു മാത്രം ലക്ഷ്യം വെച്ചു നടക്കുന്നവരെ നാം ഇനിയും തിരിച്ചറിയണമെന്നും, പകരം, ക്രിസ്തുവിൻ്റെ പുതു ജീവിതശൈലി സ്വന്തമാക്കണമെന്നും ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. ക്രിസ്തുവിൻ്റെ ശൈലിയിലേക്ക് വെളിച്ചം വീശി തിരുവചനം പറയുന്നു, "ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു." (മത്താ. 9, 36) പരിഭ്രാന്തരെയും നിസ്സഹായരെയും കാണുമ്പോൾ അവരെ എങ്ങനെ ചൂഷണം ചെയ്യാമെന്നല്ലാ, എനിക്ക് എങ്ങനെ അവരെ സഹായിക്കാമെന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ കാവൽക്കാരനും അയൽക്കാരനും. ഈ പ്രത്യേക ക്രൈസ്തവ വിളിക്ക് നാം ഓരോരുത്തരും നമ്മുടെ അനുദിന ജീവിതസാഹചര്യങ്ങളിൽ പ്രത്യുത്തരം നല്കാൻ കടപ്പെട്ടരാണ്. ആയതിനുള്ള കൃപ നമുക്കോരുത്തർക്കും തമ്പുരാൻ പ്രാദാനം ചെയ്യട്ടെ.  

Monday, July 25, 2016

"എത്ര പറഞ്ഞാലും കിട്ടിയാലും ഇല്ല, അവൾക്കൊരു മാറ്റം... " (മർക്കോ. 13, 24-31)

"എത്ര പറഞ്ഞാലും കിട്ടിയാലും ഇല്ല, അവൾക്കൊരു മാറ്റം...  " (വായനഭാഗം - മർക്കോ. 13, 24-31)

ഗൃഹാതുരതയോടെ വർഷങ്ങൾക്കു പുറകിലേക്കു നോക്കുമ്പോൾ ഓർമ്മയിൽ വരുന്നത്, ഒരു പക്ഷെ, തീർത്തും തനിനാടൻ ശൈലിയിലെ ഗ്രാമീണക്കാഴ്ചകിൽ ഒന്നായ, മാതാപിതാക്കളുടെ പലതരം ശിക്ഷണ രീതികളാണ്. ഒരു നല്ല സ്വഭാവ രൂപീകരണ പ്രക്രിയയിലെ സുപ്രധാന ഘടകം, നല്ല ശീലങ്ങളുടെ സ്വരുക്കൂട്ടലാണെന്ന് തിരിച്ചറിഞ്ഞ അവർ എന്നും മക്കളെ വളർത്തിയിരുന്നത്, ഏറെ ഓർമ്മപ്പെടുത്തലുകളിലൂടെയും തിരുത്തലുകളിലൂടെയും ശിക്ഷകളിലൂടെയുമൊക്കെയാണ്. ആ ഓർമ്മപ്പടുത്തലുകളിൽ പ്രധാനമായും നിറഞ്ഞുനിന്നിരുന്നത്, ചുറ്റും നടക്കുന്ന സംഭവങ്ങളെ കണ്ണും കാതും തുറന്ന്, പഠിക്കാനും വിലയിരുത്താനും ഉള്ള നിരന്തരമായ ക്ഷണമായിരുന്നുതാനും. അതുകൊണ്ടാണല്ലോ, വഴിയരികിലൂടെ കടന്നുപോകുമ്പോൾ കൂടെക്കൂടെ കേൾക്കാമായിരുന്നത്, "എത്ര പറഞ്ഞാലും കിട്ടിയാലും ഇല്ല, അവൾക്കൊരു മാറ്റം...  അപ്പുറത്ത് നടന്നതൊന്നും അറിഞ്ഞില്ല അവൾ... എന്നിട്ട് വിണ്ടും അവിടെ പോയിരിക്കാ..." എന്ന കണക്കുള്ള മാതാപിതാക്കളുടെ ശിക്ഷക്കൊപ്പം ചേർത്തുവെക്കുന്ന കൊച്ചു കൊച്ചു ഉപദേശമരുന്നുകൾ. ഇന്നത്തെ ധ്യാനഭാഗം വായിക്കുമ്പോൾ തമ്പുരാനും നമ്മോട് ഇത്തരത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നത് തിരിച്ചറിയാനാകും, "അത്തിമരത്തിൽ നിന്ന് പഠിക്കുവിൻ. അതിൻ്റെ കൊമ്പുകൾ ഇളതായി തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. അതുപോലെതന്നെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ അവൻ സമീപത്ത്, വാതിൽക്കൽ എത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക." (മർക്കോ. 13, 28-29). ചുറ്റും നടക്കുന്നവയെ സൂക്ഷ്മതയോടെ വിലയിരുത്തി, നന്മ-തിന്മകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായവൻ്റെ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ച്, ജീവിതത്തെ, സൂര്യ-ചന്ദ്രന്മാർ പ്രകാശം നല്കാത്ത ദിനങ്ങളിൽപോലും, നിത്യപ്രകാശമായ ക്രിസ്തുവിൻ്റെ വരവിനുവേണ്ടി കാത്തിരിക്കാൻ തക്കവിധം ബലപ്പെടുത്താൻ യേശുതമ്പുരാൻ ഇന്നു നമ്മെ ക്ഷണിക്കുകയാണ്. ജീവിതത്തിൽ നല്കപ്പെടുന്ന സൂചനകളും അടയാളങ്ങളും "ഭയപ്പടുത്തുന്നവ"യേക്കാൾ "ബലപ്പെടുത്തുന്നവ"യായി മാറണമെങ്കിൽ, കർത്താവിൻ്റെ വാഗ്ദാനങ്ങളിൽ പാറപോലെയുള്ള ഉറപ്പുള്ള വിശ്വാസം വേണം. ഹെബ്രായ ലേഖനം പറയുന്നതുപോലെ, "ക്രിസ്തുവിനെ പ്രതിയുള്ള നിന്ദനങ്ങൾ ഈജിപ്തിലെ നിധികളേക്കാൾ വിലയേറിയ സമ്പത്തായി അവൻ കരുതി. തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ് അവൻ ദൃഷ്ടി പതിച്ചത്." (ഹെബ്രാ. 11, 26)  അതുകൊണ്ട്, ഇന്ന് പ്രത്യേകമായ വിധത്തിൽ, "ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ" എന്നു നമുക്കു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! 

Sunday, July 24, 2016

"ആളും തരവും നോക്കാതെ, വായിൽ തോന്നിയതൊക്കെ അങ്ങ് വിളിച്ചു പറയും..." (മത്താ. 20, 20-28)

"ആളും തരവും നോക്കാതെ, വായിൽ തോന്നിയതൊക്കെ അങ്ങ് വിളിച്ചു പറയും..." (മത്താ. 20, 20-28)

കൂലങ്കഷമായ ചർച്ചകളും തീരുമാനങ്ങളും നടക്കുന്നിടത്തായാലും നാലഞ്ചുപേർ ഒരുമിച്ചിരുന്ന് കാര്യങ്ങൾ പങ്കുവെക്കുന്നിടത്തായാലും ചിലർ എന്നും വിജയികളും മറ്റുചിലർ പരാജിതരുമായി തീരുന്നത് ചിലപ്പോഴെങ്കിലും നാം സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം. വിജയികളെ നോക്കി മറ്റുള്ളവർ പറയും, "കലക്കീട്ടുണ്ട്," "ഗംഭീരായീട്ടുണ്ട്" എന്നൊക്കെ. എന്നാൽ, പരാജിതൻ എന്നും കേൾക്കുന്ന സ്ഥിരം പല്ലവികളിൽ ഒന്നാണ്, "ആളും തരവും നോക്കാതെ, വായിൽ തോന്നിയതൊക്കെ അങ്ങ് വിളിച്ചു പറയും... മനുഷ്യരെ നാണം കെടുത്താൻ." ഇതിൻ്റെ പലവശങ്ങളിൽ ഒന്ന്, ഇന്നത്തെ ധ്യാനവിഷയമാണ്. യാക്കോബ്, യോഹന്നാൻ എന്നീ സഹോദരന്മാരുടെ യേശുവിനോടുള്ള ചോദ്യവും അതിനുള്ള യേശുവിൻ്റെ മറുപടിയും ഒരുഭാഗത്ത്. മറുഭാഗത്ത്, ഈ രണ്ടു സഹോദരന്മാരോടുള്ള മറ്റു പത്തു പേരുടെ പ്രതികരണവും. തിരുവചനം പറയുന്നു, "ഇതു കേട്ടപ്പോൾ ബാക്കി പത്തുപേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി" (മത്താ. 20, 24) യെന്ന്. എന്നും വിജയിയുടെ പക്ഷത്ത്, അല്ലെങ്കിൽ ഭരണപക്ഷത്ത് എന്ന കണക്ക് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നവരുണ്ട്. അവർ നേതൃത്വത്തെ എന്നും തൃപ്തിപ്പെടുത്താൻ ഇത്തരം പ്രതികരണങ്ങളെ പരസ്യമായി എതിർക്കുകയും എന്നാൽ രഹസ്യമായി അനുകൂലിക്കുകയും ചെയ്യും. ബാഹ്യകാര്യങ്ങൾ മാത്രം അറിയുന്ന മനുഷ്യൻ്റെ മുമ്പിൽ രക്ഷപ്പെടാൻ അതുമതി. എന്നാൽ,  ഹൃദയം പരിശോധിക്കുന്നവൻ്റെ പക്കൽ ഈ കബളിപ്പിക്കൽ സാധ്യമല്ല. അതുകൊണ്ടാണ്, ക്രിസ്തു കപടനാട്യക്കാരായ ആ പത്തുപേർക്കും നേരെ തിരിഞ്ഞ് അവർക്കുള്ള തക്ക മറുപടി നല്കിയത്. അവൻ ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു , "നിങ്ങൾ എപ്പോഴും അതെ, അതെ എന്നോ, അല്ല, അല്ല എന്നോ പറയുവിൻ. ഇതിനപ്പുറം വരുന്നത് പിശാചിൽ നിന്നാണ്." എന്നും വിജയിയുടെ കൂടെ നിന്ന് നല്ല പിള്ള ചമയാനും ജീവിതം സുരക്ഷിതമാക്കാനുമല്ലാ, പകരം സത്യത്തിൻ്റെ കൂടെ നിന്ന് ക്രൈസ്തവസാക്ഷ്യം വഹിക്കാനാണ് വിളിയെന്ന് മറക്കാതിരിക്കാൻ ദൈവകൃപ യാചിക്കാം. 

Saturday, July 23, 2016

"അവൻ്റെയൊരു കോലം കണ്ടില്ലേ, അണ്ണാൻ ചപ്പിയ പോലൊരു തലയും...." (മർക്കോ. 7, 1-13)

അപരൻ്റെ ജീവിതത്തിലേക്ക് സദാ സമയവും, ഒരു തരം വടക്കുനോക്കി യന്ത്രം കണക്ക്, തിരിഞ്ഞിരുന്ന് അവരുടെ കുറവുകൾ കാണുന്നവരും അവയെ ഉപരിപ്ലവമായി മാത്രം വിധിച്ച്, പെരുപ്പിച്ച് വിളംബരം ചെയ്യുന്നവരും ഇന്നു ഏറെയാണ്. ഇത് ഫാഷൻ്റെ പേരിലായാലും, പെരുമാറ്റത്തിൻ്റെ പേരിലായാലും ശരി. എന്നു കരുതി കുറവുകളിലേക്ക് തിരിയുന്നവരൊക്കെ ദോഷൈക ദൃക്കുകളാണെന്നും ധരിച്ചുവശാകരുത്. മാതാപിതാക്കളുടെയും ഗുരുഭൂതരുടെയുമൊക്കെ നിതാന്ത ജാഗ്രത മക്കളെ നന്മയിൽ വളരാനും നിലനിർത്താനും  ഏറെ സഹായിച്ചിട്ടുണ്ട്. നന്മയ്ക്കായാലും തിന്മയ്ക്കായാലും ബാഹ്യരൂപം മാത്രം അറിയാൻ കഴിയുന്ന മനുഷ്യൻ്റെ വിധി എന്തുമാത്രം അപൂർണ്ണമാണെന്ന് പരിശോധിച്ചറിയാൻ ഇന്നത്തെ ധ്യനവിഷയം നമ്മെ സഹായിക്കും. കർത്താവിൻ്റെ വചനം പറയുന്നു, "മനുഷ്യൻ കാണുന്നതല്ല കർത്താവു കാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു. കർത്താവാകട്ടെ, ഹൃദയഭാവത്തിലും." (1 സാമു. 16, 7) ഹൃദയഭാവത്തെ അറിയുന്നവൻ ഇന്നു നമ്മെ ഓർമ്മപ്പെടുത്തുകയാണ്, "ഈ ജനം എന്നെ അധരം കൊണ്ട് ബഹുമാനിക്കുന്നു, അവരുടെ ഹൃദയം എന്നിൽ നിന്ന് ഏറെ ദൂരെയാണ്." (മർക്കോ. 7, 6) മാനുഷികപാരമ്പര്യങ്ങളെ മുറുകെപിടിച്ച് മനുഷ്യരുടെ കയ്യടി നൂറാവർത്തി നേടി എന്നും മുന്നിൽ നില്ക്കാമെന്നാണെങ്കിൽ, അവൻ തീർച്ചയായും പറയും, "നിങ്ങൾ ദൈവവചനത്തെ നിരർത്ഥകമാക്കുന്നവരാണെന്ന്." (മർക്കോ. 7, 13) ഈ കാപട്യജീവിതത്തിൽ നിന്ന് പുറത്തുകടന്ന്, ദൈവവചനത്തെ നാമായിരിക്കുന്ന ഇടങ്ങളിൽ മനസ്സാ-വാചാ-കർമ്മണ സാർത്ഥകമാക്കാനുള്ള വിളി സ്വീകരിച്ച നമുക്ക്, മാനുഷിക പാരമ്പര്യങ്ങളേക്കാൾ ദൈവത്തിൻ്റെ കല്പനകളെ മാനിക്കുന്നവരും പാലിക്കുന്നവരും അപരനിലേക്ക് പകരുന്നവരുമാകാനുള്ള പ്രത്യേക കൃപ നമുക്കിന്ന് തമ്പുരാനിൽ നിന്ന് യാചിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.  

Friday, July 22, 2016

"എവിടേക്കാ പോണത് ചേട്ടാ ഇത്ര തിരക്കില്, കുറച്ച് കഴിഞ്ഞിട്ട് പോകാലോ..." (ലൂക്കാ 9, 49-56)

"എവിടേക്കാ പോണത് ചേട്ടാ ഇത്ര തിരക്കില്, കുറച്ച് കഴിഞ്ഞിട്ട് പോകാലോ..." (ലൂക്കാ 9, 49-56)

ദൈവത്തിനു വേണ്ടിയുള്ള അല്ലെങ്കിൽ ദൈവത്തിൻ്റെ പേരിലുള്ള പ്രദക്ഷിണങ്ങളും പറയെഴുന്നള്ളിപ്പും ദൈവത്തിൻ്റെ സ്വന്തം നാട്ടിലല്ലെങ്കിൽ പിന്നെ എവിടെ കാണാനാകും? അവകാശപോരാട്ടങ്ങളുടെ സമരജാഥകളും പ്രക്ഷോഭ പദയാത്രകളും സാക്ഷരരുടെ നാട്ടിലല്ലെങ്കിൽ പിന്നെ എവിടെ സാധ്യമാകും? മനസ്സിൽ സൂക്ഷിക്കുന്ന അഹന്തയോടുകൂടിയ ഈ  ഒരുതരം തലതിരിഞ്ഞ "അവകാശബോധം" പലപ്പോഴും യഥാർത്ഥ വിശ്വാസജീവിതത്തിൻ്റെയോ ആശയാദർശങ്ങളുടെയോ പിൻബലമില്ലാത്തവയെന്ന് തെളിയിക്കുന്ന ഒരുപാടു ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്തരത്തിലുള്ള ജാഥകളിൽ ഇടക്കിടെ കേൾക്കുക, "എവിടേക്കാ പോണത് ചേട്ടാ ഇത്ര തിരക്കില്, കുറച്ച് കഴിഞ്ഞിട്ട് പോകാലോ..." എന്നത്. വഴിയിൽ തടയപ്പെടുന്നത് എതിർ പാർട്ടിക്കാരനോ, മറ്റു മതസ്ഥനോ ആണെങ്കിൽ പറയുംവേണ്ടാ, ഇച്ചിരി റൊമാൻ്റിക് ആകുന്നതും വേറെ ചിലപ്പോൾ വൈലൻ്റാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒരുപക്ഷെ, ഉശിരുള്ള "പുതിയ നേതാക്കളെ" കണ്ടുമുട്ടുന്നതും നാം അവിടെയാണ്. സമാനമായ ഒന്ന് യേശുവിൻ്റെ കാലത്ത് സമരിയായിലും സംഭവിച്ചു. ജെറൂസലേമിലേക്കു പോകുകയായിരുന്ന യേശുവിനെയും ശിഷ്യഗണത്തെയും തടയുന്ന സമരിയാക്കാരെയും (ലൂക്കാ 9, 53) അവരോട് ഉരുളക്കുപ്പേരി കണക്ക് പ്രത്യുത്തരിക്കുന്ന ശിഷ്യഗണത്തെയും (വാ. 54) അവരിരുവരുടെയും ശിരസ്സിൽ അനുതാപത്തിൻ്റെ തീക്കനൽ കൂനകൂട്ടാൻ പോരുന്ന യേശുവിൻ്റെ മറുപടിയുമാണ് (വാ. 55) ഇന്നത്തെ ധ്യാനവിഷയം. തുടർന്നുള്ള സുവിശേഷ ഭാഗത്ത് നാം കാണുന്നത്, നല്ല സമരിയാക്കാരൻ്റെയും അതുപോലെ സൌഖ്യത്തിന് നന്ദി പറയാൻ തിരിച്ചു വരുന്ന സമരിയാക്കാരൻ്റെയൊക്കെ ജനനങ്ങളാണ്. മതിലുകൾ തീർക്കാനുള്ളവരല്ല നാം, പകരം യേശുമിശിഹായെപോലെ പാലങ്ങൾ പണിയാനുള്ളവരാണ്. വഴിതടയാനുള്ളവരല്ല നാം, പകരം വഴിവെട്ടാനുള്ളവരാണ്. നമ്മുടെ ജീവിതവഴിയിൽ ദൈവം നമുക്കെന്നും സമരിയായിലെന്ന പോലെ ശരിയായ വഴികാട്ടിയായി തീരട്ടെ.

Thursday, July 21, 2016

"അച്ചോ, ഒരു എഴുത്ത് തന്നാൽ ഉപകാരമായി, എനിക്കു ധ്യാനത്തിന് പോകാനാ..." (മർക്കോ. 8, 22-26)

"അച്ചോ, ഒരു എഴുത്ത് തന്നാൽ ഉപകാരമായി, എനിക്കു ധ്യാനത്തിന് പോകാനാ..." (മർക്കോ. 8, 22-26)

പുതിയ പള്ളിയിൽ വികാരിയായി ചാർജ്ജെടുത്തിട്ട് അധികം നാളായിട്ടുണ്ടായിരുന്നില്ല. ചെറുപ്പക്കാരുടെ സജീവവും സർഗ്ഗാത്മകവുമായ സാന്നിധ്യത്താൽ ഓരോ സന്ധ്യയും രാത്രിയും അലങ്കരിക്കപ്പെട്ടുപോന്നു. ഞാൻ ഏറെ സന്തോഷവാനുമായിരുന്നു ആ നാളുകളിൽ. അങ്ങനെയിരിക്കെ, ഒരു ദിവസം ഉച്ചയോടടുത്ത സമയത്ത് ഒരു ചെറുപ്പക്കാരൻ വന്ന് ആവശ്യപ്പെട്ടു, "അച്ചോ, ഒരു എഴുത്ത് തന്നാൽ ഉപകാരമായി, എനിക്കു ധ്യാനത്തിന് പോകാനാ..." ദുഷിച്ച കൂട്ടുകെട്ടുകളിൽപ്പെട്ട് മദ്യത്തിനും ലഹരിക്കും അടിപ്പെട്ടപ്പോൾ വിടുതലിനായി ധ്യാനം കൂടാൻ തീരുമാനിച്ച് ധ്യാനകേന്ദ്രത്തിലേക്ക് ശുപാർശ കത്തിനു വന്നതാണവൻ. അവൻ്റെ ആഗ്രഹവും തീരുമാനവും എനിക്ക് ഏറെ സന്തോഷത്തിനു വക നല്കി. എന്നാൽ, അവനു കത്ത് കൊടുത്ത വിവരം അറിഞ്ഞ് വൈകുന്നേരം ഏതാനും ചില ചെറുപ്പക്കാർ വ്യക്തിപരമായി വന്നു കണ്ട് പറഞ്ഞു, "അവന് കത്തു കൊടുക്കാൻ തുടങ്ങിയാൽ രണ്ടുമൂന്നു മാസം കൂടുമ്പോഴെങ്കിലും ഒരെണ്ണം കൊടുക്കേണ്ടി വരും. പുതിയ അച്ചന്മാരുടെ അടുത്തു ഇവനിത് പതിവാണച്ചോ. അനുദിനം കൂലിപണിക്കു പോകുന്ന അവൻ കിട്ടുന്ന കാശിനു മുഴുവൻ കുടിച്ച് തിമിർത്ത് നടക്കും. എഴുന്നേറ്റ് നടക്കാൻ പറ്റാണ്ടാവുമ്പോൾ, അച്ചൻ്റെ കയ്യിൽ നിന്ന് കത്തും വാങ്ങി, ധ്യാനകേന്ദ്രത്തിൽ ഒന്നു രണ്ടാഴ്ച താമസിച്ച്,  മൂന്നും നാലും നേരം ഫ്രീയായി ഫുഡ്ഡടിച്ച്, കാണാൻ ഒരു മെനയാകുമ്പോൾ തിരിച്ചു വരും. അവൻ്റെ പതിവു "മണ്ണെണ്ണ കൂട്ടുകെട്ടിൽ" ചേരും. ആ കൂട്ടുകെട്ട് വിടാതെയുള്ള അവൻ്റെ ഈ ധ്യാനം കൂടൽ വെറും ഉഡായിപ്പാണച്ചോ." ഇന്നത്തെ ധ്യാനവിഷയവും സമാനമായൊരു ചിന്ത പ്രതീകാത്മകമായി അവതരിപ്പിക്കുന്നുണ്ട്. അന്ധന് സൌഖ്യം നല്കുന്നതിനുമുമ്പേ, അവനെ ഗ്രാമത്തിനു വെളിയിലേക്ക് കൊണ്ടുപോകുന്നതും (മർക്കോ. 8,23) സൌഖ്യശേഷം ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുതെന്ന് താക്കീത് നല്കി യേശു സ്വന്തം വീട്ടിലേക്ക് അയക്കുന്നതും (മർക്കോ. 8, 26). ഏതൊരു ബന്ധനത്തിൽ നിന്നും പരിപൂർണ്ണമായ വിടുതലും സൌഖ്യവും ആവശ്യമാണോ, പഴയ സാഹചര്യങ്ങളെ പരിപൂർണ്ണമായും ഉപേക്ഷിച്ച് ക്രിസ്തു നല്കിയ കൃപാവരത്തിൽ തുടരുകയും വളരുകയും ആവശ്യമാണ്. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കണ്ടത്" (കൊളോ. 3, 9-10) അത്യാവശ്യമാണ്. പുതുചൈതന്യത്തിൽ എന്നും നിലനില്ക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

Wednesday, July 20, 2016

"ഇവരെയല്ലാതെ വേറെ ആരെയും കണ്ടില്ലാലേ, എൻ്റെ പൊന്നുമോന് കൂട്ടുകൂടാൻ." (മത്താ. 10, 5-15)

"ഇവരെയല്ലാതെ വേറെ ആരെയും കണ്ടില്ലാലേ, എൻ്റെ പൊന്നുമോന് കൂട്ടുകൂടാൻ." (വായനഭാഗം - മത്താ. 10, 5-15)

ആറും ഏഴും മക്കളുണ്ടായിരുന്ന കാലത്ത്, രാവന്തിയോളം പണിയെടുത്തിരുന്നപ്പോഴും മാതാപിതാക്കളുടെ നിതാന്ത ജാഗ്രത മക്കളുടെ മേലുണ്ടായിരുന്നു. അവരുടെ പഠനകാര്യങ്ങളിൽ കൂടെയിരുന്ന് പറഞ്ഞുകൊടുക്കാൻ മാത്രം ബുദ്ധിയോ, ശേഷിയോ ഇല്ലായിരുന്നെങ്കിലും പഠനത്തെ തടസ്സപ്പെടുത്തുന്നവ അവരുടെ ജീവിതത്തിൽ നിന്ന ് ഒഴിവാക്കാൻ, സ്വഭാവത്തെ ദുഷിപ്പിക്കുന്നവയൊന്നും അവരുടെ ജീവിതത്തിൽ കയറിപ്പറ്റാതിരിക്കാൻ മാതാപിതാക്കൾ എന്നും ദത്തശ്രദ്ധരായിരുന്നു. അതുകൊണ്ടാണ് അവരെന്നും മക്കളുടെ കൂട്ടുകെട്ടുകളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതും മക്കളെ ഇടക്ക് ഓർമ്മപ്പെടുത്തിയിരുന്നതും, "ഇവരെയല്ലാതെ വേറെ ആരെയും കണ്ടില്ലാലേ, എൻ്റെ പൊന്നുമോന് കൂട്ടുകൂടാൻ" (മത്താ. 10, 5-15) എന്ന്. മാതാപിതാക്കളുടെ ശിക്ഷണത്തിന് വിധേയപ്പെട്ടിരുന്ന ആ കാലഘട്ടത്തിലെ മക്കളിൽ നിന്ന് തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ ജീവിക്കുന്ന ഇന്നത്തെ പുതുതലമുറയോട് വീണ്ടും ഒരു ഓർമ്മപ്പടുത്തലായി ഇന്നത്തെ ധ്യാനവിഷയം മാറുകയാണ്. സ്വഭവനത്തിൽ നിന്നും കുടുബബന്ധങ്ങളിൽ നിന്നും ഏറെ കാലവും ദൂരവും അകന്നു കഴിയേണ്ടി വരുന്ന സാഹചര്യമാണ് പലകാരണങ്ങളാലും ഇന്ന് നിലനില്ക്കുന്നത്. പഠനം, ജോലി, തുടങ്ങീ പല കാരണങ്ങളാലും മറ്റു നഗരങ്ങളിലേക്ക് ചേക്കേറുമ്പോഴും ലഭിച്ച വിശ്വാസത്തെ നഷ്ടപ്പടുത്താതെ അതു മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ദൌത്യം പൂർത്തിയാക്കാൻ ഇന്നു യേശു തമ്പുരാൻ യുവതലമുറയെ ഓർമ്മപ്പെടുത്തുകയാണ്, "നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ, ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ, അവിടെ യോഗ്യതയുള്ളവൻ ആരെന്ന് അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിൻ" (മത്താ. 10, 11) എന്ന്. ഈ അന്വേഷണവും ജാഗ്രതവും വേണ്ടപ്പെട്ടവർക്ക് നഷ്ടമാകുന്നതുകൊണ്ടാണ്, ഇന്ന് നാം കൂടെക്കൂടെ കേൾക്കുന്ന വഴിതെറ്റിയ യുവത്വത്തെ കുറിച്ചുള്ള വാർത്തകൾ പെരുകുന്നത്. പത്തും പതിനഞ്ചും വർഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞവർ മറുപട്ടങ്ങളിൽ പോയി എങ്ങനെ ഇത്രവേഗം വഴിപിഴക്കുന്നു എന്നു പരിശോധിച്ചറിയാൻ യേശു തമ്പുരാൻ നമ്മെ ഇന്ന് ക്ഷണിക്കുന്നു, എന്തൊക്കെ നഷ്ടങ്ങളുണ്ടായാലും, യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുമായോ, പ്രസ്ഥാനങ്ങളുമായോ, കൂട്ടുകെട്ടുകളുമായോ യാതൊരു കാരണവശാലും ഒരു ചങ്ങാത്തവും വേണ്ടന്ന്, കാലിലെ പൊടിപോലും തട്ടിക്കളഞ്ഞ് അവിടെ നിന്ന് ഇറങ്ങി പോരണമെന്ന്. കൃപയാൽ നിറഞ്ഞ് ഈ വിളിയോട് പ്രത്യുത്തരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 

Tuesday, July 19, 2016

"ഉണ്ണിക്കുട്ടാ, ഞാനാ ചിക്കൂ... നാളെ എപ്പളാ ട്യൂഷൻ...." (മർക്കോ. 1, 16-20)

"ഉണ്ണിക്കുട്ടാ, ഞാനാ ചിക്കൂ... നാളെ എപ്പളാ ട്യൂഷൻ...." (വായനഭാഗം - മർക്കോ. 1, 16-20)

മൊബൈൽ ഫോണും ഫെയ്സ്ബുക്കും വാട്സപ്പും വരുന്നതിനുമൊക്കെ മുമ്പ്, അല്ലെങ്കിൽ അവക്ക് പുതുതലമുറ ഒത്തിരി അടിമപ്പെടുന്നതിനു മുമ്പ്, പരസ്പരം കണ്ടുമുട്ടലുകളിലൂടെയാണ് അധികവും വിശേഷങ്ങൾ പങ്കുവെക്കുകയോ, കാര്യങ്ങൾ ആലോചിക്കുകയോ ഒക്കെ ചെയ്തിരുന്നത്. ആ കണ്ടുമുട്ടലുകൾക്ക് അവർ സമയവും കണ്ടെത്തുകയും അതുവഴി സൌഹൃദങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. പരാജയപ്പെട്ട അവസരങ്ങളെ പിന്നീട് ഓർത്തെടുത്ത് പറയുമായിരുന്നു, "രാവിലെ തന്നെ കാണാൻ വന്നിരുന്നടോ, എന്തോ തിരക്കിലാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ തിരിച്ചുപോന്നു." ഇന്ന് കഥകളൊക്കെ മാറി, വീട്ടിലെ ലാൻ്റ് ഫോണിൻ്റെ ബിൽ പതിവിലും ഉയരുമ്പോൾ വീട്ടമ്മയുടെ സ്വരവും ക്രമാനുഗതമായി ഉയരുന്നതു പതിവായിരിക്കുന്നു പല കുടുംബങ്ങളിലും. "അതിനെങ്ങനയാ, ഒരേ ബസ്സിൽ വന്നാലും ക്ലാസ്സിനെക്കുറിച്ചോ, ട്യൂഷനെ കുറിച്ചോ സംസാരിക്കാൻ നേരമില്ല. വീട്ടിൽ വന്നാൽ പിന്നെ, L.K.G ആയാലും ആറാം ക്ലാസ്സ് ആയാലും ക്ലാസ്സ്, ട്യൂഷൻ, വിഷയം, സമയം ഇതൊക്കെ ഫോണിലൂടെയല്ലേ ചർച്ച ചെയ്യണത്." കണ്ടുമുട്ടാൻ ആഗ്രഹിച്ച് സാധിക്കാതെ പോയതും കണ്ടുമട്ടിയപ്പോൾ ചർച്ചചെയ്യേണ്ടത് ചർച്ച ചെയ്തില്ല എന്നതും മനസ്സിൽ സൂക്ഷിച്ചുകൊണ്ടു തന്നെ ഇന്നത്തെ വിചിന്തനഭാഗത്ത് പറയുന്ന ഒരു കണ്ടുമുട്ടലിനെ ധ്യാനിക്കാം. കടലിൽ വലയെറിഞ്ഞു കൊണ്ടിരുന്നവരെയും വലയുടെ കേടുപോക്കുന്നവരെയും കണ്ടപ്പോൾ യേശു പറഞ്ഞു, "എന്നെ അനുഗമിക്കുവിൻ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും." (മർക്കോ. 1, 17) യേശുവിൻ്റെ വിളിയെ, ആത്മാവിൻ്റെ ഉൾവിളിയോട് ചേർന്ന് ശരിക്കും ദൈവവിളിയാണതെന്ന് തിരിച്ചറിയുന്ന പുണ്യനിമിഷത്തിൽ സ്വന്തം ഭാവിയും സുരക്ഷിതവും അപ്രധാനങ്ങളാകുന്നു. "അവർ ഉടനെ എല്ലാം ഉപേക്ഷിച്ച് അവനെ അനുഗമിച്ചു." (മർക്കോ. 1, 19-20) ഇന്ന് എന്നിലൂടെയും നിങ്ങളിലൂടെയും ദൈവരാജ്യത്തിലേക്കുള്ള ക്രിസ്തുവിൻ്റെ വിളി തുടരേണ്ടിയിരിക്കുന്നു. ഫ്രാൻസീസ് പാപ്പാ പറയുന്നതുപോലെ, മാമോദീസാ സ്വീകരിച്ച ഓരോ ക്രൈസ്തവനും ക്രിസ്തുവിൻ്റെ മിഷനറി ശിഷ്യന്മാരാണ്. ഓരോ കണ്ടുമുട്ടലും ദൈവവിളികളാകാനും, ഓരോ ദൈവിളിയും നിലനില്ക്കുന്നതും ഫലദായകവുമായി മാറാനും  അവൻ ക്ഷണിച്ചതുപോലെ, ദൈവരാജ്യ വേല ഒന്നുമാത്രമായിരിക്കണം ലക്ഷ്യം. പരമമായ ആ ലക്ഷ്യം വാക്കിൽ മാത്രവും പ്രവർത്തി മറിച്ചുമാകുമ്പോൾ വിളി കേട്ടവൻ വിലകെട്ടവനായി വിളിയിൽ നിന്ന് പിന്തിരിയാം. വരവിലധികം തിരിച്ചുപോക്ക് എന്ന കണക്ക് ദൈവവിളിയുടെ ഗ്രാഫ് ഉയരുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും മിഷനറി പ്രവർത്തനങ്ങളെയും ദൈവവിളി പ്രോത്സാഹന ലക്ഷ്യങ്ങളെയും പുനഃപരിശോധനക്കു വിധേയമാക്കാൻ ദൈവം കൃപ നല്കട്ടെ.      

Monday, July 18, 2016

"കാര്യം പറഞ്ഞാ, അപ്പോൾ കുട്ടി കൊഞ്ഞനം കുത്തും." (ലൂക്കാ 4,25-30)

"കാര്യം പറഞ്ഞാ, അപ്പോൾ കുട്ടി കൊഞ്ഞനം കുത്തും." (വായനഭാഗം - ലൂക്കാ 4,25-30)

കാർത്യായനി ചേച്ചിയെ എല്ലാവർക്കും വല്യ ഇഷ്ടായിരുന്നു. നേരമ്പോക്കുകളും നാട്ടുമ്പുറത്തെ തനി നാടൻ ശൈലിയിലുള്ള അവരുടെ കൊച്ചുവർത്തമാനങ്ങളും കഥകളും വീടിൻ്റെ ഉമ്മറത്തിരുന്ന് കൊച്ചുകുട്ടികളായ ഞങ്ങളെല്ലാവരും കൊതിയോടെ കേട്ടിരിക്കുമായിരുന്നു. അങ്ങനെയിരിക്കെ, ചിലപ്പോഴെങ്കിലും അവരുടെ കഥാവിവരണം ഞങ്ങളുടെ അലസതയാൽ തടസ്സപ്പെട്ടാൽ, അല്ലെങ്കിൽ, അവരുടെ ശൈലിയോട് ഞങ്ങൾ അപ്രിയം കാണിക്കുന്നുവെന്ന് അവർക്ക് തോന്നിയാൽ ഉടനെ മുഖഭാവം മാറ്റി അവർ വിളിച്ചു പറയും, "കാര്യം പറഞ്ഞാ, അപ്പോൾ കുട്ടി കൊഞ്ഞനം കുത്തു" മെന്ന്. പിന്നെ എന്തെങ്കിലും സൂത്രമൊക്കെ പറഞ്ഞാണ് പുള്ളിക്കാരിയെ സമാധാനപ്പെടുത്തി കഥ തുടരാൻ സാധിക്കുക. അവരുമാത്രമല്ല, ചിലപ്പോൾ നാമും അപ്രിയമായതു കേൾക്കുമ്പോൾ ഏറെ അസ്വസ്ഥപ്പെടാറുണ്ട്, അല്ലെങ്കിൽ, മറ്റുള്ളവരോട് ദ്വേഷ്യപ്പെടുകയോ കോപിക്കുകയോ ഒക്കെ ചെയ്യാറുണ്ട്.  ഇത്തരത്തിലുള്ള ഒരു സന്ദർഭത്തിലേക്ക് ഇന്ന് ഈശോ നമ്മെ ക്ഷണിക്കുകയാണ്, ഇന്നത്തെ ധ്യനവിഷയത്തിലൂടെ. സ്വന്തം നാട്ടുകാരനായിരുന്നു നസ്രത്തുകാരെ സംബന്ധിച്ചിടത്തോളം ഈശോമിശിഹാ. എന്നാൽ, അവനിൽ വിശ്വസിക്കാനോ, അവൻ്റെ വാക്കുകൾ അനുസരിക്കാനോ അവർ തയ്യാറായില്ല. ഈ അവിശ്വാത്തിൻ്റെയും കാപട്യത്തിൻ്റെയും ജീവിതശൈലിയെ അവർക്കുമുമ്പിൽ തുറന്നുകാട്ടിയതിനാണ്, അവർ പ്രതികരിച്ചത്, "ഇതു കേട്ടപ്പോൾ സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ അവനെ പട്ടണത്തിൽ നിന്ന് പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതി ചെയ്യുന്ന മലയുടെ ശൃംഗത്തിൽ നിന്ന് താഴേക്ക് തള്ളിയിടാനായി കൊണ്ടുപോകുകയും ചെയ്തു." (ലൂക്ക 4, 29) സത്യത്തോട് ഞാൻ എങ്ങനെ പ്രതികരിക്കുന്നുവെന്ന് സ്വയം പരിശോധിച്ചറിയാനും അങ്ങനെ നിരന്തരമായ ആത്മപരിശോധനയിലൂടെ എന്നും സത്യത്തിൻ്റെ അന്വേഷകരും ഉപാസകരുമാകാനും നമുക്ക് തമ്പുരാൻ്റെ കൃപ യാചിക്കാം. 

Sunday, July 17, 2016

"പറഞ്ഞത് കേട്ടില്ലല്ലോ, അത്താഴം നിനക്ക് ഇന്ന് ഇരുട്ടത്ത്!." (മത്താ. 23, 34-39)

"പറഞ്ഞത് കേട്ടില്ലല്ലോ, അത്താഴം നിനക്ക് ഇന്ന് ഇരുട്ടത്ത്!." (വായനഭാഗം - മത്താ. 23, 34-39)

പല്ലി, പാറ്റ, പാമ്പ് തുടങ്ങീ സകലമാന ജീവികളെയും കൂടാതെ ഇരുട്ട്, ഇടിവെട്ട്, ഇടിമിന്നൽ എന്നിവയെയും വല്ലാണ്ട് ഭയന്നിരുന്ന ചെറുപ്രായത്തിൽ, കുറുമ്പും കുസൃതിയും ആവോളം സ്വന്തമായി കൃഷിചെയ്തിരുന്ന നാളുകളിൽ, അനുസരണകേടിനുള്ള അപ്പാപ്പൻ്റെ വലിയൊരു ശിക്ഷാവിധിയായിരുന്നു, "പറഞ്ഞത് കേട്ടില്ലല്ലോ, അത്താഴം നിനക്ക് ഇന്ന് ഇരുട്ടത്ത്." ഭക്ഷണം വല്യ ഇഷ്ടമായിരുന്നെങ്കിലും ഇരുട്ടലിരുന്ന് കഴിക്കാന്ന് വെച്ചാൽ... ഓർക്കാനേ വയ്യ... ഞാൻ ഭയന്ന് നിലവിളിക്കാൻ തുടങ്ങും (കേൾക്കുന്ന മറ്റുള്ളവർ ആർത്തുചിരിക്കാനും). ഒരു പക്ഷെ, കുറ്റങ്ങൾക്കുള്ള ശിക്ഷകളിൽ ഇന്നും നിലനില്ക്കുന്ന വലിയ മതിലിനകത്തെ ഇരുട്ടും ഒറ്റപ്പെടലുമൊക്കെ മനുഷ്യനെ കുറ്റകൃങ്ങൾ ചെയ്യുന്നതിൽ നിന്ന് ഒരു പരിധിവരെ അകറ്റുന്നുവെന്ന് പറയുന്നതും ശരിയായിരിക്കാം. ശ്രദ്ധാപൂർവ്വം വായിച്ചാൽ, ഇന്നത്തെ ധ്യാനഭാഗത്ത്  യേശുക്രിസ്തുവും ഇത്തരത്തിലുള്ള ഒരു ശിക്ഷാവിധിയെക്കുറിച്ച് തന്നെയാണ് പറയുന്നത്, "കർത്താവിൻ്റെ നാമത്തിൽ വരുന്നൻ അനുഗ്രഹീതനാണ് എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല." (മത്താ. 23, 39) തിരസ്ക്കരിച്ചവർ വിണ്ടും തന്നെ സ്വീകരിക്കുംവരെ അനുഭവിക്കേണ്ട അന്ധകാരം - ലോകത്തിൻ്റെ പ്രകാശമായ യേശുവിൻ്റെ (യോഹ. 8, 12) സാന്നിദ്ധ്യമില്ലായ്മ അനുഭവിക്കുന്ന അവസ്ഥ. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ ശിക്ഷയില്ല. ക്രിസ്തുസാന്നിദ്ധ്യവും സാമിപ്യവും നഷ്ടമായി അന്ധകാരത്തിൽ സാത്താൻ്റെ കൂടെയായിരുന്ന് പാപത്തിലേക്കും പാപത്തിൻ്റെ ശമ്പളമായ മരണത്തിലേക്കും നയിക്കപ്പെടുക. ഈ വലിയ ഭയപ്പാടിൽ നിന്നാണ് പാപം ചെയ്തവനെങ്കിലും അനുതാപത്തോടെ വിണ്ടും വീണ്ടും ദാവീദ് രാജാവ് തമ്പുരാനോട് പ്രാർത്ഥിച്ചത്, "അങ്ങേ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങേ പരശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ!" (സങ്കീ. 51, 11) എന്ന്. ഈ പ്രാർത്ഥനയിൽ പങ്കുചേർന്ന് എന്നും പ്രകാശത്തിൽ ആയിരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.   

Saturday, July 16, 2016

"മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ?" (യോഹ. 9, 1-122)

"മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ?" (വായനഭാഗം - യോഹ. 9, 1-122)

പോരായ്മകളുടെയും തെറ്റുകുറ്റങ്ങളുടെയും അപമാനത്തിൻ്റെയും ഭാരം പേറുന്നവരും ആധിവ്യാധികളാൽ കഷ്ടപ്പെടുന്നവരും കുഞ്ഞുനാൾ മുതൽ തന്നെ കേൾക്കുന്ന പ്രയാസമേറിയ, ഹൃദയത്തെ ഏറെ ഭാരപ്പെടുത്തുന്ന പല കമൻ്റുകളിൽ ഒന്നാണ്, "മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ?" എന്നത്. മക്കളനുഭവിക്കുന്ന കുറവുകൾക്ക് മാതാപിതാക്കളും ഏറെ ഉത്തരവാദികളാണെന്ന് ഏറ്റുപറയുന്നവയാണ് തീർച്ചയായും ആ കമൻ്റുകൾ. ആക്ഷേപത്തിൻ്റെയും പലപ്പോഴും അസഭ്യതയുടെയും ആ വാക്കുകൾ അക്രൈസ്തവമാണെന്ന് തിരിച്ചറിയാൻ നാം പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്നത്തെ തിരുവചന ധ്യാനഭാഗം നമുക്ക് ഒരു ഓർമ്മപ്പെടുത്തലാകട്ടെ. യേശു പറയുന്നു, "ഇവൻ്റെയോ ഇവൻ്റെ മാതാപിതാക്കന്മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിൻ്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്." (യോഹ. 9, 3) എന്നുവെച്ചാൽ, അപരൻ്റെ കുറവിൻ്റെ കാര്യകാരണങ്ങൾ അന്വേഷിക്കുന്നതിൽ നിന്നും അവരെ കുറ്റപ്പെടുത്തുന്നതിൽ നിന്നും വ്യത്യസ്തമായി, ആ കുറവിലേക്ക്, കുറവുകൾ പരിഹരിക്കുന്ന തമ്പുരാൻ്റെ സഹായം തേടാനും, ദൈവത്തെ മഹത്വപ്പെടുത്തി ക്രൈസ്തവ സാക്ഷ്യം വഹിക്കാനും, ഈശോ മിശിഹാ നമ്മെ ഓരോരുത്തരെയും ഈ സുദിനത്തിൽ ക്ഷണിക്കുയാണ്. എസക്കിയേൽ പ്രവാചകനിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു, "പാപം ചെയ്യുന്നവൻ മാത്രമായിരിക്കും മരിക്കുക. പുത്രൻ പിതാവിൻ്റെ തിന്മകൾക്കുവേണ്ടിയോ, പിതാവ് പുത്രൻ്റെ തിന്മകൾക്കു വേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാൻ തൻ്റെ നീതിയുടെ ഫലവും ദുഷ്ടൻ തൻ്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും." (എസക്കി. 18, 20) അപരൻ്റെ കുറവുകളിലേക്ക് എന്നതിനേക്കാൾ, ദൈവമേ, എൻ്റെ കുറവുകളിൽ നിന്നുള്ള വിടുതലും പാപങ്ങളിൽ നിന്നുള്ള സൌഖ്യവും തേടാൻ കൃപ തരണേ. 

Friday, July 15, 2016

"പറമ്പ് നിറച്ച് പട്ളും കൂടാ അച്ചോ, കയിലു കണയ്ക്ക് ഉപകാരമില്ല." (ലൂക്കാ 11, 24-28)

"പറമ്പ് നിറച്ച് പട്ളും കൂടാ അച്ചോ, കയിലു കണയ്ക്ക് ഉപകാരമില്ലാന്നു മാത്രം." (ലൂക്കാ 11, 24-28)

 എഴുന്നേല്ക്കാൻ മടിക്കുന്ന ശരീരത്തോട് തികഞ്ഞ കാർക്കശ്യത്തോടെ ആജ്ഞാപിച്ച് പണിയിടത്തേക്ക് അനുദിനം നീങ്ങുമ്പോഴും മനസ്സിൽ നീറിയെരിയുന്ന വലിയൊരു ദുഃഖം ആ സാധു വൃദ്ധൻ അന്നു പങ്കുവെച്ചത് ഇങ്ങനെയാണ്, "പറമ്പ് നിറച്ച് പട്ളും കൂടാ അച്ചോ, കയിലു കണയ്ക്ക് ഉപകാരമില്ലാന്നു മാത്രം." പട്ളും കൂടെന്നു പറഞ്ഞാൽ മുളങ്കൂട്... കയിലു കണയെന്നു പറഞ്ഞാൽ, ചിരട്ട കയിലിനാവശ്യമുള്ള ഒന്ന്-ഒന്നരയടി നീളമുള്ള മുളയുടെ കഷണം... എന്നാലും... ആ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ ഒത്തിരി ബുദ്ധിമുട്ടുന്നുവെന്ന് കണ്ട കാരണവർ എളുപ്പം പറഞ്ഞു, "വേറെ ഒന്നും അല്ല എൻ്റച്ചോ, ആൺമക്കൾ ആറെണ്ണമുണ്ടായിട്ടുപോലും അവറ്റങ്ങളെകൊണ്ട് യാതൊരു ഉപകാരവും ഇല്ലാത്തോണ്ട്, ഈ വയസ്സാം കാലത്തും തൂമ്പായേറ്റണ എൻ്റെ സങ്കടം പറഞ്ഞതാ... അച്ചനൊന്നു നന്നായി പ്രാർത്ഥിക്കണം." ഒരു പക്ഷെ, ഇത്തരത്തിലുള്ള സങ്കടവും പേറി നടക്കുന്നതിനിടയിൽ അല്പം ആശ്വാസത്തിനു വേണ്ടി കയറിയതാകാം അന്ന്, യേശു സ്വർഗ്ഗരാജ്യം പ്രഘോഷിച്ചിരുന്ന ഭവനത്തിൽ ആ പാവം സ്ത്രീ. യേശുവിൻ്റെ വാക്കുകൾ കേട്ട അവര്, യാതൊരു ഉപകാരവുമില്ലാത്ത തൻ്റെ അഞ്ചാറെണ്ണത്തേക്കാളും മറിയത്തിൻ്റെ ഈ ഒറ്റപുത്രൻ തൻ്റേതായിരുന്നെങ്കിലെന്നു ചിന്തിച്ചിരിക്കാം. ഉള്ളിലെ വലിയ സന്തോഷം അടക്കാൻ കഴിയാതെ അവര് മറിയത്തെ ഓർത്ത് യേശുവിനോട് വിളിച്ചു പറഞ്ഞു, "നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും എത്ര ഭാഗ്യമുള്ളത്." മകനാൽ മഹത്വപ്പെട്ട ഒരമ്മയും, അമ്മയാൽ മഹത്വപ്പെട്ട ഒരു മകനും. അപരൻ്റെ ജീവിതം മഹത്വപ്പെടാൻ ഞാൻ കാരണമാകുമ്പോൾ, തിരിച്ചറിയാം ഞാനും മഹത്വപ്പെടുകയാണെന്ന്. അപരനെ ദുരിതത്തിലേക്കാണ് ഞാൻ നയിക്കുന്നതെങ്കിൽ, എൻ്റെ ജീവിതവും ശാപഗ്രസ്തമാകും. ഈ ഭൂമിയിൽ എന്നും അനുഗ്രഹത്തിൻ്റെ അടയാളമാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.    

Thursday, July 14, 2016

"ചോട്ടൂ, വേഗം ഓടിക്കോ, പാണ്ട്യമ്മാമ വരുന്നുണ്ട്...." (യോഹ. 20, 19-29)

"ചോട്ടൂ, വേഗം ഓടിക്കോ, പാണ്ട്യമ്മാമ വരുന്നുണ്ട്...." (വായനഭാഗം - യോഹ. 20, 19-29)

അന്നൊരു ദിവസം അടുക്കളയിൽ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരിക്കെയാണ് മക്കൾ വിളിച്ചുപറയുന്നത് അമ്മ കേട്ടത്, "ചോട്ടൂ, വേഗം ഓടിക്കോ, പാണ്ട്യമ്മാമ വരുന്നുണ്ട്...." ഓടിചെന്ന് മക്കളുടെ വാപൊത്തി അവൾ പറഞ്ഞു, "അങ്ങനെ പറയല്ലേ, മക്കളേ..." അമ്മാമ തിരിച്ചുപോയതിനുശേഷം, പിന്നീടൊരിക്കൽ അവൾ മക്കൾക്ക് വ്യക്തമാക്കി എങ്ങനെയാണ് അമ്മാമയുടെ ദേഹത്ത് ഇത്രയും പാണ്ടുകൾ (വെള്ള പാടുകൾ) വന്നതെന്ന്. കാരണം, ആ ദിനമൊരിക്കലും അവൾക്ക് മറക്കാൻ കഴിയില്ല. വൈക്കോൽ കൂനക്കടുത്തിരുന്ന് കളിക്കേ, പെട്ടെന്ന് തീ ആളിയതും തൻ്റെ നിലവിളികേട്ട് ഓടിവന്ന അമ്മ തൻ്റെ മാറോട് തന്നെ ചേർത്ത് ഒരു തീപന്തം കണക്ക് ഓടിയതും. മാസങ്ങളോളം നീണ്ട മരുന്നും ചികിത്സയും കഴിഞ്ഞാണ്, ഇന്നത്തെ രൂപത്തിലെങ്കിലും അമ്മക്ക് ജീവൻ വീണ്ടു കിട്ടിയത്. യഥാർത്ഥ കഥയറിഞ്ഞ കുഞ്ഞുങ്ങൾ തങ്ങളുടെ അമ്മയെ രക്ഷിച്ച ആ അമ്മാമയെ പീന്നീടൊരിക്കലും "പാണ്ട്യമ്മാമ"യെന്ന് വിളിച്ചില്ല എന്നു മാത്രമല്ല, കൂടുതൽ സ്നേഹിക്കാനും തുടങ്ങി. സ്വാതന്ത്ര്യവും സമാധാനവും സമൃദ്ധിയും അനുഭവിക്കുമ്പോൾ പലപ്പോഴും നാം മറക്കുകയോ, അവഗണിക്കുകയോ ചെയ്യുന്ന ഒന്ന് അതിൻ്റെ യഥാർത്ഥ വിലയാണ്. എന്നാൽ, അപ്രകാരമായിരിക്കരുത്  നമ്മുടെ ജീവിതത്തിലെന്ന് യേശു നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇന്നത്തെ തിരുവചന ധ്യാനഭാഗത്ത്, സമാധാനം ആശംസിച്ച് തൻ്റെ ശിഷ്യരെ കാണിച്ചതും ഓർമ്മപ്പെടുത്തിയതും തൻ്റെ കൈകളിലും കാലുകളിലും പാർശ്വങ്ങളിലും ഉള്ള മുറിപ്പാടുകളാണ്. എൻ്റെ നിങ്ങളുടെയും രക്ഷയുടെ അച്ചാരമായ മുറിപ്പാടുകൾ. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, 'ഞാൻ പാപിയും ബലഹീനനും ശത്രുവുമായിരിക്കെ' എൻ്റെ വീണ്ടെടുപ്പിന് കാരണമായ തിരുമുറിപ്പാടുകൾ. അവൻ്റെ മുമ്പിൽ മുട്ടികുത്തി "എൻ്റെ കർത്താവേ, എൻ്റെ ദൈവമേ" എന്നു പറഞ്ഞ് തന്നെത്തന്നെ  യേശുവിനു സമർപ്പിക്കുന്ന വി. തോമായെപ്പോലെ, നമുക്കായി സ്വയം വ്യയം ചെയ്തവരെ, പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കളെയും കാരണവാന്മാരെയും ആദരിക്കാനും ബഹുമാനിക്കാനുമുള്ള കൃപക്കും അവരെപ്പോലെ നമ്മുടെ ജീവിതത്തിലും അപരനുവേണ്ടി മുറിപ്പാടുകൾ ഏറ്റുവാങ്ങാനുള്ള അനുഗ്രഹത്തിനായും നമുക്കു പ്രാർത്ഥിക്കാം.

Wednesday, July 13, 2016

"ഓഫീസിലേക്കുള്ള വരവ് കണ്ടാൽ തോന്നും ഇന്ന് മലമറിക്കാനുള്ള ഒരുക്കത്തിലാണെന്ന്..." (മാർക്കോ. 11, 12-14, 20-26)

"ഓഫീസിലേക്കുള്ള വരവ് കണ്ടാൽ തോന്നും ഇന്ന് മലമറിക്കാനുള്ള ഒരുക്കത്തിലാണെന്ന്..." (വായനഭാഗം - മാർക്കോ. 11, 12-14, 20-26)

എവിടെയൊക്കെയോ വെച്ച് മനുഷ്യജന്മം കാപട്യത്തിൻ്റെയും പൊയ്മുഖത്തിൻ്റെയും തടവിലാകുമ്പോൾ, ആടിതിമിർക്കുന്ന കോലം തുള്ളലുകൾപ്പുറം അസ്ഥിത്വം തന്നെ അർത്ഥശൂന്യമായി മാറുകയും ചെയ്യുമ്പോൾ, അത് ശപിക്കപ്പെട്ടതായി പരിണമിക്കുകയും നിലനില്പിനുള്ള അവകാശം തന്നെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വെറും കാട്ടികൂട്ടലുകളും പൊള്ളത്തരങ്ങളുമായി മുന്നേറുന്നവരെ നോക്കി സമൂഹം കമൻ്റുകൾ പാസാക്കാൻ തുടങ്ങും, "ഓഫീസിലേക്കുള്ള വരവ് കണ്ടാൽ തോന്നും ഇന്ന് മലമറിക്കാനുള്ള ഒരുക്കത്തിലാണെന്ന്..." അല്ലെങ്കിൽ, "നടപ്പും ഭാവവും കണ്ടാൽ തോന്നും ഏതോ കോലോത്തെ തമ്പ്രാട്ടിക്കുട്ടിയാണെന്ന്." ഇല്ലാത്തവ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുവാനും ബോദ്ധ്യപ്പെത്തുവാനും ഉള്ള വ്യഗ്രത കെണിയിലേക്കും നിത്യനാശത്തിലേക്കും നയിക്കുമെന്ന് ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. "അകലെ തളിരിട്ടു നില്ക്കുന്ന ഒരു അത്തി മരം കണ്ട്, അതിൽ എന്തെങ്കിലും ഫലങ്ങളുണ്ടാകാം എന്നു വിചാരിച്ചു അവൻ അടുത്തുചെന്നു. എന്നാൽ ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലവുമല്ലായിരുന്നു." (മർക്കോ. 11, 13) അത്തിപ്പഴങ്ങളുടെ കാലമല്ലാതിരിക്കെയുള്ള തളിർപ്പ് കാപട്യവും പൊയ്മുഖമണിയലുമാണ്. വിശുദ്ധിയില്ലാത്തവൻ കാപട്യത്തിൻ്റെ വിശുദ്ധസ്ത്രമണിഞ്ഞ് വിശുദ്ധവമായവ കൈകാര്യം ചെയ്യുമ്പോഴും വിശ്വസ്ഥതയില്ലാത്തവൻ കാപട്യത്തിൻ്റെ സുവർണ്ണതാക്കോലുമേന്തി പൊതുമുതലുകൾ കൈകാര്യം ചെയ്യുമ്പോഴും, ഓർക്കുക, നിൻ്റെ ജീവിതത്തിൻ്റെ നിത്യശിക്ഷാവിധിയുടെ  മേൽ സ്വയം കയ്യൊപ്പ് ചാർത്തിക്കഴിഞ്ഞെന്ന്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.     

Tuesday, July 12, 2016

"ഈ പിരീഡ് കരടി മാഷാ, മാഷ് വന്നിട്ടില്ല...." (യോഹ. 12, 23-28)

"ഈ പിരീഡ് കരടി മാഷാ, മാഷ് വന്നിട്ടില്ല...."  (വായനഭാഗം - യോഹ. 12, 23-28)

ഈ അടുത്തകാലങ്ങളിൽ ഇറങ്ങിയ സിനിമകളിൽ "ക്ലാസ്മേറ്റ്സ്," നോട്ട് ബുക്ക്," "ലാസ്റ്റ് ബഞ്ച്," തുടങ്ങീ ചില സിനിമകൾ യുവാക്കൾ ഏറെ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അവയിൽ പലതും, പഠിച്ച സ്കൂളും പരിസരവും, അധ്യാപകരും കൂട്ടുകാരും, എന്നുവേണ്ട എല്ലാത്തരം മണ്ടത്തരങ്ങരങ്ങളും വികൃതിത്തരങ്ങളുമൊക്കെ വീണ്ടും ഏറെ വർണ്ണങ്ങളോടെ മനസ്സിൽ ചേക്കാറാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടത്രേ. പലതിലും നിറഞ്ഞുനിന്ന ഒന്ന് അദ്ധ്യാപകരെ കുറ്റപ്പേര് വിളിച്ചതും അവരുമായി വഴക്കടിച്ചതും  അവരെ ഫൂളാക്കിയതുമൊക്കെ പിന്നീട് തിരിച്ചറിയുന്നതും ഏറ്റുപറയുന്നതുമാണ്. "എന്താ ഇന്ന് ഇവിടെ ഇത്ര ബഹളം," എന്ന പ്രധാന അദ്ധ്യാപകൻ്റെ ചോദ്യത്തിന്, "ഈ പിരീഡ് 'കരടി മാഷാ', മാഷ് വന്നിട്ടില്ല...." എന്ന കണക്കെയുള്ള ഉത്തരങ്ങളൊക്കെ ഇത്തരത്തിലുള്ള കുസൃതി നിക്ഷേപത്തിൽ നിന്നുള്ളതാണ്. മാതാ-പിതാ-ഗുരു ദൈവം എന്ന് പഠിച്ചതൊക്കെ മറന്നുള്ള ആ ജീവിതത്തിന് ഒരു പുനർവായന നല്കുകയാണ് ഇന്നത്തെ സുവിശേഷഭാഗം. യേശു തമ്പുരാൻ പറയുകയാണ്, "എന്നെ ശുശ്രൂഷിക്കുന്നവനെ എൻ്റെ പിതാവ് ബഹുമാനിക്കും." മാതാ-പിതാ-ഗുരുക്കൾ ദൈവത്തിൻ്റെ സേവകാത്മക്കളാണ്. "ഈ എളിയവരിൽ ഒരുവന് ചെയ്തുകൊടുത്തപ്പോൾ നിങ്ങൾ എനിക്കു തന്നെയാണ്" എന്ന യേശുവചനം നമുക്ക് ഇവിടെ ചേർത്ത് വായിക്കുകയും ആവാം. അവരെ നാം ബഹുമാനിക്കുമ്പോൾ പിതാവായ ദൈവം നമ്മെ കൂടുതലായി അനുഗ്രഹിക്കും. എപ്പോഴൊക്കെ അവരെ അവമാനിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ ദൈവാനുഗ്രഹം നമ്മിലേക്ക് ഒഴുക്കാൻ സ്വയം തടസ്സങ്ങൾ തീർക്കുകയാണ് നാമെന്ന് തിരിച്ചറിയണം. വാഗ്ദാനത്തോടുകൂടിയ ഏക ദൈവകല്പന മാതാപിതാക്കളെ  ബഹുമാനിക്കണമെന്നതാണെന്ന് തിരിച്ചറിഞ്ഞ്, ക്രിയാത്മകമായി പ്രസ്തുത കല്പനയോട് പ്രത്യുത്തരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

Monday, July 11, 2016

"അവന് രണ്ടെണ്ണം കിട്ടിയുട്ടെങ്കിൽ അതു അവൻ്റെ കയ്യിലിരിപ്പു കൊണ്ടാ..." (ലൂക്കാ 6, 20-26)

"അവന് രണ്ടെണ്ണം കിട്ടിയുട്ടെങ്കിൽ വെറുതെയാവില്ല, അതു അവൻ്റെ കയ്യിലിരിപ്പു കൊണ്ടാവും" (വായനഭാഗം - ലൂക്കാ 6, 20-26)

അപരൻ്റെ ജീവിതത്തിലെ വേദനകളെയും നിലവിളികളെയും പലവിധത്തിൽ നാം വിലയിരുത്താറുണ്ട്, ചിലപ്പോൾ സഹതാപത്തോടെയും, മറ്റുചിലപ്പോൾ അവജ്ഞയോടെയും. സഹതാപമർഹിക്കാത്തപ്പോൾ നാം വിളിച്ചുപറഞ്ഞിട്ടുണ്ടാകാം, "അവന് രണ്ടെണ്ണം കിട്ടിയുട്ടെങ്കിൽ വെറുതെയാവില്ല, അതു അവൻ്റെ കയ്യിലിരിപ്പു കൊണ്ടാവു"മെന്ന്. അതേ കാരണത്താൽ തന്നെ, സിനിമയോ, നാടകമോ കണ്ടുകൊണ്ടിരിക്കെ കഥാപാത്രങ്ങളുടെ ജയപരാജയങ്ങളിൽ നാം പക്ഷം പിടിച്ച് ആവേശം കൊണ്ടിട്ടുണ്ടാകാം. മറ്റുവാക്കുകളിൽ പറഞ്ഞാൽ, നന്മതിന്മകൾക്ക് തദനുസാരമുള്ള പ്രതിഫലമുണ്ടെന്ന്. ഇതേ കുറിച്ച് ഇന്നത്തെ ധ്യാനവിഷയം നമ്മെ ഓർമ്മപ്പെടുത്തുന്നു, ഈ ലോക ജീവിതത്തിലെ ദാരിദ്ര്യവും വിശപ്പും കരച്ചിലും പീഡനങ്ങളുമൊക്കെ സമ്പന്നതയും സന്തോഷവുമായി മാറുമെന്നും സമ്പത്തും സംതൃപ്തിയും സന്തോഷവുമെല്ലാം ദുരിങ്ങളായി മാറുമെന്നും. സൌഭാഗ്യത്തിൻ്റെ ലോകമാനദണ്ഡങ്ങൾക്കെതിരായി, ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ഭാഗ്യത്തിൻ്റെയും ദുരിതത്തിൻ്റയും ശരിയായ അളവുകോലെന്താണ്? സുവിശേഷങ്ങളുടനീളം കാണുന്ന ആ അളവുകോൽ മറ്റൊന്നുമല്ലാ, "ക്രിസ്തുവിനെ പ്രതി"യെന്നുള്ളതാണ്. യേശു പറയുന്നു,  "മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങലുടെ പേരുകൾ ദുഷിച്ചതായി കരുതി തിരസ്ക്കരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ."  എന്നുവെച്ചാൽ, നിൻ്റെ ജീവിതത്തിലെ ഇപ്പോഴത്തെ ദുരിതങ്ങളെല്ലാം ക്രിസ്തുവിനെപ്രതിയും അവൻ്റെ മൂല്യങ്ങൾക്കു വേണ്ടിയുമാണെങ്കിൽ, വരും ലോകവും അതിൻ്റെ നിത്യസന്തോഷങ്ങളും നിനക്കുള്ളതാണ്. മറിച്ച്, ഈ ലോകത്തോട് അനുരൂപപ്പെട്ട്, അതിൻ്റെ സന്തോഷവും സമാശ്വാവും തേടിപോയാൽ, ഈ ലോകത്തിൻ്റെ നൈമിഷിക സന്തോഷങ്ങൾപ്പുറം നിന്നെ കാത്തിരിക്കുന്നത്, ദുരിതം ഒന്നു മാത്രമാണെന്നറിയുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.  

"ഭാഗ്യല്ലേ ഉള്ളൂ അച്ചാ, മുക്കുടിയനായ കെട്ട്യോനും മൂന്നാലു പിള്ളേരും വാടക വീട്ടിലെ താമസ്സോം..." (മത്താ. 5, 1-12)

"ഭാഗ്യല്ലേ ഉള്ളൂ അച്ചാ, മുക്കുടിയനായ കെട്ട്യോനും മൂന്നാലു പിള്ളേരും വാടക വീട്ടിലെ താമസ്സോം..." (വായനഭാഗം - മത്താ. 5, 1-12)

പുതിയ ഇടവകയിൽ വന്ന് മൂന്നാം ആഴ്ചയിൽ ഇടവാംഗമായ റോസ്യേടത്തി വേളാങ്കണ്ണീ തീർത്ഥാടന ബസ്സിൽ കയറാൻ നേരം ഞാൻ വെറുതെ ഒരു നേരം പോക്ക് പറഞ്ഞതാ,  "റോസ്യേടത്തിയുടെ ഒരു ഭാഗ്യേ!" പറഞ്ഞു നാവെടുത്തില്ല, ഉത്തരം വന്നു, "ഭാഗ്യല്ലേ ഉള്ളൂ അച്ചാ, മുക്കുടിയനായ കെട്ട്യോനും മൂന്നാലു പിള്ളേരും വാടക വീട്ടിലെ താമസ്സോം..." (മത്താ. 5, 1-12) തമാശരൂപേണയാണ് അവർ മറുപടി നല്കിയതെങ്കിലും അല്പസമയത്തേക്ക് എൻ്റെ മനസ്സൊന്ന് മൌനമായി നൊമ്പരപ്പെട്ടു. പ്രാർത്ഥിച്ച് അവരെ യാത്രയാക്കിയെങ്കിലും മാതൃസംഘത്തിൻ്റെ നേതൃത്വത്തിലുള്ള ആ തീർത്ഥാടകർ തിരിച്ചുവരും വരെ അവരുടെ മറുപടി എന്നെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. എത്രയോ സന്തോഷവതിയായിരുന്നു അവരെപ്പോഴും, കൂടാതെ എല്ലാ കാര്യങ്ങളിലും ഉത്സാഹവതിയായ സഹായിയായി പള്ളിയിലുണ്ടാകും. പക്ഷെ, ഇത്രയും സങ്കടങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും നടുവിൽ!... അധികം വൈകാതെ അവരുടെ ഭവനത്തിൽ സന്ദർശനത്തിനായി പോകുകയും പ്രാർത്ഥിക്കുകയും ചെയ്തു. കുശലങ്ങൾക്കിടയിൽ ആ സാധു അമ്മ പങ്കുവെച്ചത് ഇന്നത്തെ ധ്യാനവിചിനത്തിനു ഏറെ സഹായിക്കുന്നു. "ഏറെ ഉണ്ടായിരുന്നു അച്ചാ, ദൈവത്തെ മറന്നപ്പോൾ ഒരുപക്ഷെ, തിരിച്ചു വരാനുള്ള അടയാളമായി കുറച്ചു നാളത്തെ കഷ്ടതകൾ. അത്രേയുള്ളൂ. അല്ലേലും ഈ ലോകത്തെ സുഖസൌകര്യങ്ങളല്ലല്ലോ ശാശ്വതമായത്. അങ്ങേ ലോകത്തെയല്ലേ. ദൈവത്തിലാശ്രയിച്ചാൽ അങ്ങേര് ഇനിയും തരും." കനലുകൾക്കു നടുവിൽ ആ അമ്മ കാത്തുസൂക്ഷിക്കുന്ന ദൈവസ്നേഹവും ദൈവാശ്രയബോധവും വിശ്വാസവുമാണ് ഇന്ന് യേശു തമ്പുരാൻ നമ്മെ ഓർമ്മപ്പെടുത്തുന്ന മലയിലെ പ്രസംഗത്തിലെ അഷ്ടസൌഭാഗ്യങ്ങൾ. ഈ ലോകത്തിലെ സുഖവും സുരക്ഷിതവും സൌകര്യങ്ങളുമല്ലാ യഥാർത്ഥ ഭാഗ്യങ്ങൾ, മറിച്ച് നിത്യക്ക് നമ്മെ ഒരുക്കുന്ന, നിത്യത നേടിത്തരുന്ന, ഈ ലോകം ദൌർഭാഗ്യങ്ങൾ എന്നു കരുതുന്ന കഷ്ടതകളും ഇല്ലായ്മകളുമാണ്. അവ ക്രിസ്തുവിനോടു ചേർന്നും ക്രിസ്തുവിനു വേണ്ടിയും സ്വീകരിച്ചാൽ ദൈവകൃപ നമ്മിലേക്ക് ഒഴുകുന്ന നിലക്കാത്ത നീർച്ചാലുകളായി മാറും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.  

Sunday, July 10, 2016

"നീ വന്നല്ലോ അതുമതി എനിക്ക്... എത്രനാളായി ഞാൻ നിൻ്റെ വരവും കാത്തിരിക്കുന്നു!" (ലൂക്കാ. 15, 11-32)

"നീ വന്നല്ലോ അതുമതി എനിക്ക്... എത്രനാളായി ഞാൻ നിൻ്റെ വരവും കാത്തിരിക്കുന്നു!" (ലൂക്കാ. 15, 11-32)

ഓരോ വേർപിരിയലും ഒരു കാത്തിരിപ്പിൻ്റെ തുടക്കമെന്നതുപോലെ, ഓരോ നഷ്ടവും ഒരു വീണ്ടെടുപ്പിൻ്റെ ആരംഭമായി ഭവിക്കുന്നു. ചേതന-അചേതന വ്യത്യാസങ്ങളും വിശ്വാസ-ധാർമ്മിക മൂല്യങ്ങളിലെ വളർച്ചാവ്യതിയാനങ്ങളുമൊക്കെ കാത്തരിപ്പിൻ്റെയും വീണ്ടെടുപ്പിൻ്റെയും തുടക്കം ആദ്യം ആരിൽ നിന്ന് എന്ന് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. ബുദ്ധിയുള്ളവനായതുകൊണ്ടു മാത്രം തിരിച്ചുവരവിനുള്ള തിടുക്കമോ, നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിനാൽ മാത്രം കാത്തിരിപ്പിനുള്ള ക്ഷമയോ ആകാംക്ഷയോ ലഭിക്കണമെന്നില്ല. അത് ദൈവത്തിൻ്റെ കൃപ ഒന്നുമാത്രമാണ്. അതിനാൽ, തിരിച്ചുവരുന്നവനെ നോക്കി, "നീ തിരിച്ചുവന്നല്ലോ അതുമതി എനിക്ക്... എത്രനാളായി ഞാൻ നിൻ്റെ വരവും കാത്തിരിക്കുന്നു" വെന്ന് പറയാൻ സാധിക്കുന്നതും,  "എല്ലാം ഇട്ടെറിഞ്ഞ് സ്വന്തം കാര്യം മാത്രം നോക്കി പോയതിന് ന്യായീകരണമൊന്നുമില്ലെനിക്ക്, ഇനിയുള്ള കാലം അപ്പൻ്റെ കൂടെ കഴിഞ്ഞാൽ മതിയെന്ന് പറഞ്ഞ് അനുതപിക്കാൻ കഴിയുന്നതും" വലിയ ദൈവകൃപയാണെന്ന് തിരിച്ചറിയുക. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ശരിയായി പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞുകൂടാത്ത നമ്മിൽ അവാച്യമായ നെടുവീർപ്പുകളാൽ ദൈവാത്മാവ് നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു." അതുപോലെ, നഷ്ടപ്പെട്ട ബന്ധങ്ങളിലേക്കുള്ള (ദൈവ-മനുഷ്യ ബന്ധങ്ങളിലേക്കും മനുഷ്യ-മനുഷ്യ ബന്ധങ്ങളിലേക്കും) തിരിച്ചുവരവിനും അനുതാപത്തിനുമുള്ള കൃപ നല്കുന്നത് പരി. ആത്മാവാണ്. ആയതിനാൽ, ദാവീദ് രാജാവിനോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം, "അങ്ങേ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കല്ലേയെന്ന്." 

Saturday, July 9, 2016

"ഇത് ആക്സിഡൻ്റല്ലാ, ഇന്ന് വഴിമുടക്കി പുണ്യാളൻ്റെ ദിവസമാണ് ചേട്ടാ... " (മർക്കോ. 2,1-12)

"ഇത് ആക്സിഡൻ്റ് മൂലല്ലാ, ഇന്ന് വഴിമുടക്കി പുണ്യാളൻ്റെ ദിവസായതു കൊണ്ടാ...  " (മർക്കോ. 2,1-12)

 ആവശ്യങ്ങളും അത്യാവശ്യങ്ങളും കൊരുക്കുന്ന ജീവിതത്തിൻ്റെ ഗതിയും വേഗതയും, പൊടുന്നനെ നിയന്ത്രിക്കപ്പെടുന്ന അനേകം സന്ദർഭങ്ങളിൽ ഒന്ന് ഭക്തിയ്ക്ക് വഴിമാറുന്ന വേളകളാണ്. ഇവക്കിടയിലൂടെ നാം ചിലപ്പോൾ പൊരുത്തപ്പെട്ടും വേറെ ചിലപ്പോൾ മുറുമുറുത്തും മുന്നേറാറുണ്ട്. ഒരിക്കൽ, കേരളത്തിലെ ഒരു പ്രധാന നഗരത്തിലൂടെ കടന്നുപോരവേ, നീണ്ട ക്യൂവിൻ്റെ കാരണം തിരക്കിയപ്പോൾ ഡ്രൈവർ പറഞ്ഞ മറുപടിയാണ്, "ഇത് ആക്സിഡൻ്റ് മൂലല്ലാട്ടാ, ഇന്ന് വഴിമുടക്കി പുണ്യാളൻ്റെ ദിവസായതു കൊണ്ടാ... ഇന്ന് ഇച്ചിരി വൈകും, വേണങ്ങേ ഒന്നു വിളിച്ചുപറഞ്ഞോ." നൊവേനകളും പ്രദക്ഷിണങ്ങളും പറയെഴുന്നള്ളിപ്പും പ്രചരണജാഥകളുമൊക്കെ ഇതിനു പലയളവിൽ സഹായിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു മഴിമുടക്കിലെക്കുറിച്ച് ഇന്നത്തെ വായനഭാഗവും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. "ജനക്കൂട്ടം നിമിത്തം അവൻ്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, അവൻ ഇരുന്ന സ്ഥലത്തിൻ്റെ മേല്ക്കൂര പൊളിച്ച്, തളർവാതരോഗിയെ അവർ കിടക്കയോടെ താഴോട്ടിറക്കി." ക്രിസ്തുനാഥൻ അവരുടെ വിശ്വാസത്തെ പ്രകീർത്തിക്കുന്നുണ്ട്. പക്ഷെ, ഇന്നു ഞാൻ ധ്യാനവിഷയമാക്കാൻ ആഗ്രഹിക്കുന്നത്. മറ്റു മനുഷ്യരുടെ ആവശ്യങ്ങളെയോ, നൊമ്പരങ്ങളയോ മനസ്സിലാക്കാതെയുള്ള ഭക്തിപ്രകാശനങ്ങളെ നന്നായി പുനഃപരിശോധിക്കേണ്ടതുണ്ട് എന്നതാണ്. അവർ ക്രിസ്തവിനെ കേൾക്കാനാണ് ഒത്തുകൂടിയത്, പക്ഷെ, വാതിൽക്കൽ കൂടിയിരുന്ന് വഴിമുടക്കികളായി മാറി. എനിക്കുള്ള ക്രിസ്തവിനോടുള്ള സാമിപ്യം അപരന് ക്രിസ്തുവിലേക്ക് അടുക്കുവാൻ തടസ്സമാകരുത്. നമുക്ക് വഴിമുടക്കികളാകാതെ യേശുവിലേക്ക് അടുക്കാൻ വഴിവെട്ടുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

Friday, July 8, 2016

"നിങ്ങൾക്കെന്നെ നശിപ്പിക്കാം, കൊല്ലാം. പക്ഷെ ഒരിക്കലും തോല്പിക്കാനാവില്ല." (ലൂക്ക. 12, 4-12)

"നിങ്ങൾക്കെന്നെ നശിപ്പിക്കാം, കൊല്ലാം. പക്ഷെ ഒരിക്കലും തോല്പിക്കാനാവില്ല." (വായനഭാഗം - ലൂക്ക. 12, 4-12)

വിശ്വാസതീക്ഷ്ണതയിലും വിപ്ലവവീര്യത്തിലും ശിരസ്സുയർത്തി സധൈര്യം ഉദ്ഘോഷിക്കപ്പെടുന്ന മന്ത്രമാണ്,  "നിങ്ങൾക്കെന്നെ നശിപ്പിക്കാം, കൊല്ലാം. പക്ഷെ ഒരിക്കലും തോല്പിക്കാനാവില്ല." എന്നത്. ഈ ലോക ജീവിതത്തേക്കാളും അതിൻ്റെ സുഖസൌകര്യങ്ങളേക്കാളും തങ്ങളുടെ വിശ്വാസത്തെയും ആദർശങ്ങളെയും നെഞ്ചോടു ചേർത്ത് ജീവിക്കുന്നവർക്ക് പീഡനങ്ങൾ ഒരിക്കലും പിൻവലിയാനുള്ള കാഹളധ്വനിയല്ലാ, മറിച്ച്, തങ്ങൾ ലക്ഷ്യത്തോട് അടുത്തെത്തിയിരിക്കുന്നുവെന്ന  ഉറപ്പാണ് നല്കുന്നത്. തീക്ഷ്ണതയിൽ ജ്വലിച്ച്, ആത്മാവിൽ മാന്ദ്യം കൂടാതെ നിരന്തരം മുന്നേറുന്ന ഇത്തരക്കാരെയാണ് ഇന്ന് യേശു തമ്പുരാൻ നമ്മുടെ ധ്യാവിഷയത്തിനായി നല്കുന്ന വചനം വഴി ഓർമ്മപ്പെടുത്തുന്നത്. അവിടുന്നു പറയുന്നു, "നിങ്ങളാരെയാണ് ഭയപ്പെടേണ്ടതെന്ന് ഞാൻ മുന്നറിയിപ്പു തരാം. കൊന്നതിനു ശേഷം നിങ്ങളെ നരകത്തിലേക്ക് തള്ളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ,ഞാൻ പറയുന്നു, അവനെ ഭയപ്പടുവിൻ." (ലൂക്ക. 12, 5) മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്ന അമ്മയുടെയും ഏഴു മക്കളുടെയും പീഡനവിവരണങ്ങളിൽ രണ്ടാമത്തെ മകൻ്റെ വാക്കുകൾ ഈ സത്യം മനസ്സിലാക്കാൻ നമ്മെ ഏറെ സഹായിക്കും, "ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തിൽ നിന്ന് നീ ഞങ്ങളെ പുറത്താക്കുന്നു. എന്നാൽ പ്രപഞ്ചത്തിൻ്റെ അധിപൻ അനശ്വരമായ നവജീവിതത്തിലേക്ക് ഞങ്ങളെ ഉയിർപ്പിക്കും." (2 മക്ക. 7, 9) വി. പൌലോസ് അപ്പസ്തോലൻ പറയുന്നു, "ഞങ്ങൾ നടക്കുന്നത് കാഴ്ചയാലല്ല, വിശ്വാസത്താലാണെന്ന്." നശ്വരമായ ശരീരത്തിനും ഈ ലോകത്തിനുമപ്പുറം നിത്യതയുടെ ആത്മാവിനെയും അതിൻ്റെ അമരത്വത്തെയും തിരിച്ചറിയുവാനും ലക്ഷ്യം വെക്കുവാനും ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. 

Thursday, July 7, 2016

"നീ കൂടുതലൊന്നും വിളമ്പണ്ട... നീ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം." (യോഹ. 8, 48-59)

"നീ കൂടുതലൊന്നും വിളമ്പണ്ട... നീ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം." (വായനഭാഗം - യോഹ. 8, 48-59)

ഒരുമിച്ചുള്ള ആലോചനയിലും ചർച്ചയിലുമായിരിക്കെ, ഇഷ്ടാനിഷ്ടങ്ങളുടെ സ്വീകരണവും തിരസ്ക്കരണവും പലപ്പോഴും ചിലരെയെങ്കിലും കൊണ്ടുചെന്ന് എത്തിക്കുന്നത്, "നീ കൂടുതലൊന്നും വിളമ്പണ്ട... നീ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം" എന്ന കണക്ക് പ്രതികരണങ്ങളിലാണ്. അപരൻെറ കുറ്റങ്ങളുടെയും കുറവുകളുടെയും എണ്ണവും വണ്ണവും എൻ്റെ പോരയ്മകളെ ഇല്ലാതാക്കുന്നില്ല എന്ന് തിരിച്ചറിയാൻ പ്രയാസപ്പെടുന്നതു പോലെയുള്ള ഒന്ന്. ഒരുപക്ഷെ ഇന്നത്തെ ധ്യാനഭാഗവും നമ്മെ അത്തരത്തിലുള്ള ഒരു വിചാരത്തിലേക്ക് നയിക്കുന്നുണ്ട് എന്നു തോന്നുന്നു. ഫരിസേയപ്രമാണികൾ യേശു തമ്പുരാനിൽ ഒരുപാടു കുറ്റങ്ങളും കുറവുകളും കാണാനുള്ള വ്യഗ്രതയിൽ, തങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും മനപ്പൂർവ്വം മറക്കുന്നതായി വെളിവാക്കപ്പെടുന്നുണ്ട്. എന്നാൽ, ക്രിസ്തു അവരെ ഓർമ്മപ്പെടുത്തുന്നത് അവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി, തൻ്റെ വാക്കുകളും പ്രവർത്തികളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും, അവയുടെ ആധാരികത തൻ്റെ പിതാവിൽ നിന്നാണ് അവ തനിക്ക് ലഭിച്ചതുമെന്നാണ്. ക്രിസ്തുവിൻ്റെ അനുയായികളായ നമുക്കും ഈ സുതാര്യതയും ആധാരികതയും പിന്തുടരാൻ ദൈവാനുഗ്രഹത്താൽ പരിശ്രമിക്കാം.    

Wednesday, July 6, 2016

"അപ്പാ പോര്ണ്ടാ, ന്നാ ഞാനൂണ്ട്..." (യോഹ. 10,22-28)

"അപ്പാ പോര്ണ്ടാ, ന്നാ ഞാനൂണ്ട്..." (യോഹ. 10,22-28)

അന്നൊരു ദിവസം പള്ളിയിലേക്ക് പോകാനൊരുമ്പോൾ, അനുജൻെറ മൂന്നു വയസ്സുകാരൻ  മകനോട് ഞാൻ ചോദിച്ചു, "ആൻവീ, നീ പള്ളീലേക്ക് പോരുന്നുണ്ടോ?" ഏറെയൊന്നും ആലോചിക്കാതെ അവൻ പറഞ്ഞു, "അപ്പാ പോര്ണ്ടാ, ന്നാ ഞാനൂണ്ട്..." ആരൊക്കെ കൂടെയുണ്ടെങ്കിലും അവന് ശരിയായ ബലവും സുരക്ഷിത്വവും അനുഭവിക്കാൻ സാധിക്കുന്നത് അവൻെറ പപ്പയിൽ നിന്നാണ്. അവന് അപ്പനെയും അപ്പന് അവനെയും അറിയാമെന്ന് വിളിച്ചോതുന്ന ഒരു കൊച്ചു സംഭവം. ഇതിനു സമാനമായ, അതിലും മഹത്തായ ഒരു ചിന്ത പകരുകയാണ് ഇന്നത്തെ ധ്യാനവിഷയം. "എൻെറ ആടുകൾ എൻെറ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം, അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവക്ക് നിത്യജീവൻ നല്കുന്നു. അവ ഒരിക്കലും നശിച്ചു പോകുകയില്ല. അവയെ എൻെറ അടുക്കൽ നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല." (യോഹ. 10, 27-28) കണ്ടാലും, എത്ര വലിയ ഉറപ്പാണ് നമുക്ക് തമ്പുരാനിൽ നിന്ന് ലഭിച്ചിരിക്കുന്നത്. പരസ്പരബന്ധത്തിന് ആധാരമായ സ്നേഹവും, വിശ്വാസവും ശരണവുമെല്ലാം അവിടെ അതിൻെറ പൂർണ്ണതയിൽ കാണാൻ കഴിയുന്നു. അങ്ങനെയെങ്കിൽ, മനുഷ്യ ബന്ധങ്ങളിൽ നാം കാണിക്കുന്ന ആശ്രയബോധത്തേക്കാളും എത്രയോ വലിയ ആശ്രയബോധവും സ്നേഹവും നാം സർവ്വശക്തനും നിത്യനുമായ തമ്പുരാനോട് കാണിക്കണം. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ഞാൻ ബലഹിനനും പാപിയും ശത്രുവുമായിരിക്കെ, യേശുക്രിസ്തു എനിക്കു വേണ്ടി മരിച്ചു." (റോമ. 5, 6-10) ഈ സ്നേഹത്തോട് വിശ്വസ്ഥതയിൽ പ്രത്യുത്തരിക്കാൻ ദൈവകൃപ യാചിക്കാം. 

Tuesday, July 5, 2016

"ഈ കുരുത്തംകെട്ടവറ്റങ്ങളെ കൊണ്ട് വല്ല ഉപകാരവുമുണ്ടോ? കുടുംബത്തിനോ, നാട്ടുകാർക്കോ..." (ലൂക്ക 19, 11-27)

"ഈ കുരുത്തംകെട്ടവറ്റങ്ങളെ കൊണ്ട് വല്ല ഉപകാരവുമുണ്ടോ? കുടുംബത്തിനോ, നാട്ടുകാർക്കോ..." (വായനഭാഗം - ലൂക്ക 19, 11-27)

പ്രയോജനമുള്ളവക്കും ലാഭകരമായവക്കും ഏറെ ഡിമാൻറുള്ള  ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലാഭകരമായതിനൊക്കെ നിലനില്പും അല്ലാത്തവക്ക് അന്ത്യവിശ്രമവും നല്കി ആധുനിക മനുഷ്യൻ ഇന്ന് പുരോഗതിയെ അനായാസം തൻെറ സ്വാർത്ഥതാപൂർത്തിയുടെ  അടയാളമാക്കിയിരിക്കുന്നു. നിലനില്ക്കണോ നീയും നിനക്കുള്ളവയും ലാഭകരമായേ പറ്റൂ എന്ന (നിസ്സഹായ) അവസ്ഥ. അതുകൊണ്ടല്ലേ, ചിലപ്പോഴെങ്കിലും, "ഈ കുരുത്തംകെട്ടവറ്റങ്ങളെ കൊണ്ട് വല്ല ഉപകാരവുമുണ്ടോ? കുടുംബത്തിനോ, നാട്ടുകാർക്കോ..." എന്ന കണക്ക് വിലാപങ്ങൾ സമൂഹത്തിൽ ഉയരുന്നത്. ഒരു പക്ഷെ, ഇന്നത്തെ തിരുവചനഭാഗം വായിക്കുമ്പോൾ ക്രിസ്തു ആഗ്രഹിക്കുന്നത് അതു തന്നെയോ എന്ന് നമുക്കും തോന്നിപ്പോകാം. എന്നാൽ, യേശു തമ്പുരാൻ എന്താണ്, "ഉള്ളവനു നല്കപ്പെടും ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും" എന്ന് പറഞ്ഞപ്പോൾ അർത്ഥമാക്കിയത് എന്ന് കാണാൻ നമുക്ക് പരിശ്രമിക്കാം. പത്തു ഇരുപതാകുമ്പോഴും അഞ്ചു പത്താകുമ്പോഴും സംഭവിക്കുന്ന "വിശ്വസ്ഥതയുടെ നൂറുശതമാനത്തെയാണ്" യേശു ഇവിടെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവാരാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയുക. അതു കൊണ്ടാണ് പത്തിനു പത്തു നഗരങ്ങളും അഞ്ചിനു അഞ്ച് നഗരങ്ങളും പ്രതിഫലമായി നല്കി, അലസതയുടെയും നിസ്സംഗതയുടെയും ജീവിതത്തിനു നിത്യശിക്ഷ നല്കുന്നത്. ഇവിടെ നീ എന്തു വർദ്ധിപ്പിച്ചു എന്നതിനേക്കാൾ, നീ നിൻെറ ജീവിതത്തിൽ വിശ്വസ്ഥനും പ്രതിബദ്ധതയുള്ളവനുമായിരുന്നോ എന്നതാണ്. വി. പൌലോസ് പറയുന്നതുപോലെ, നിൻെറ ജീവിതം, സജീവവും വിശുദ്ധവും പ്രീതികരവുമായിരുന്നോ എന്നുള്ളതാണ്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.    

Monday, July 4, 2016

"നിന്ന് കൂവീട്ട് ഒരു കാര്യവുമില്ല, ഞാൻ പോകുന്നില്ല. എനിക്ക് വേറെ പ്രോഗ്രാമുണ്ട്...." (മത്താ. 21, 28-32)

"നിന്ന് കൂവീട്ട് ഒരു കാര്യവുമില്ല, ഞാൻ പോകുന്നില്ല. എനിക്ക് വേറെ പ്രോഗ്രാമുണ്ട്...." (മത്താ. 21, 28-32)

ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ മറ്റുള്ളവർ ശരിയായി മനസ്സിലാക്കാതെ പോകുന്നതായോ, മറ്റുള്ളവരുടെ ആവശ്യങ്ങൾ നാം പൂർണ്ണമായി മനസ്സിലാക്കാതെ വരികയോ ചെയ്ത സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടാകാം. നമ്മുടെ അത്യാവശ്യങ്ങളെ തിരിച്ചറിയാതെ, "നിന്ന് കൂവീട്ട് ഒരു കാര്യവുമില്ല, ഞാൻ ഇന്ന് പോകുന്നില്ല. എനിക്ക് വേറെ പ്രോഗ്രാമുണ്ട്...." എന്ന കണക്ക് പ്രതികരിക്കുമ്പോൾ നാം ഏറെ വ്യസനിച്ചിട്ടുണ്ട്, ജീവിതത്തിൽ. വേറെ ചിലപ്പോൾ നമ്മെ മനസ്സിലാക്കാതെ, നമ്മുടെ ആവശ്യങ്ങളെ തിരിച്ചറിയാതെ നമ്മോട് കല്പിച്ചപ്പോൾ നാം ദ്വേഷ്യപ്പെട്ടിട്ടുമുണ്ടാകാം. അപ്പോഴൊക്കെ അപരനെ നാം കണക്കിനു വിധിച്ചിട്ടുമുണ്ടാകാം. എന്നാൽ, ഈശോ ആ വിധികളിൽ ചിലതെങ്കിലും അസ്ഥാനത്തായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്താൻ പങ്കുവെക്കുന്ന ചിന്തയാണ്, ഇന്നത്തെ ധ്യാനവിഷയം. ബാഹ്യമായി മാത്രം വിധിക്കാൻ മാത്രം കഴിയുന്ന നമ്മോട് ചോദിക്കുകയാണ്, "ഈ രണ്ടുപേരിൽ ആരാണ് പിതാവിൻെറ ഹിതം നിറവേറ്റിയതെന്ന്. പോകില്ല എന്നു തീർത്തു പറഞ്ഞെങ്കിലും പിന്നീട് പശ്ചാത്താപിച്ച് പിതൃഹിതം നിറവേറ്റിയവനോ, അതോ, പോകാം എന്നു വെറും വാക്കു പറഞ്ഞവനോ?" ശരിയായ ഉത്തരം നമ്മുടെ നാവിലുണ്ട്, എന്നാൽ, ഈശോ ഇന്ന് പറയുന്നു, ഇതു നിൻെറ ഹൃദയത്തിൽ സൂക്ഷിച്ച് നിൻെറ വിധികളെ എപ്പോഴും ദൈവീകതയോട് ചേർത്ത് നിത്യവിധിയിൽ നിന്ന് രക്ഷപ്പെടുവാൻ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

Sunday, July 3, 2016

"'സെൽഫി'കളില്ലാതിരുന്ന കാലത്ത്.... " (യോഹ. 20, 24-29)

"'സെൽഫി'കളില്ലാതിരുന്ന കാലത്ത്.... " (വായനഭാഗം - യോഹ. 20, 24-29)

അപരനു വേണ്ടി ത്യജിക്കുന്നതും ജീവിക്കുന്നതുമെല്ലാം മനുഷ്യനിലെ ദൈവീകതയുടെ തീവ്രഭാവമായി കരുതിയിരുന്ന കാലത്ത്, അറിവിനേക്കാൾ വിശ്വാസത്തിനും നേട്ടങ്ങളേക്കാൾ വിശ്വസ്ഥതക്കും, ഏറെ പ്രധാന്യമുണ്ടായിരുന്നു. ദൈവ-മനുഷ്യ ബന്ധങ്ങളിൽ സൂക്ഷിക്കപ്പെട്ട ഈ വിശുദ്ധ പുണ്യങ്ങൾ വഴി അന്നത്തെ മനുഷ്യർ അനുഭവിച്ചത് ജീവിതകാലം മുഴുവനുമുള്ള സന്തോഷവും ശാന്തിയുമായിരുന്നു. അറുപതും എഴുപതും വർഷങ്ങൾ വിവാഹജീവിത്തതിൽ പൂർത്തിയാക്കിയവരുടെ മുഖത്തെ സന്തോഷം പ്രകാശിപ്പിക്കാൻ ഒരു ഫോട്ടോഷോപ്പിൻെറയും ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്നത്തെ സ്വാർത്ഥതയുടെ 'സെൽഫീ' ലോകം, മനുഷ്യനെ ഒരു തരം ഭയത്തിൻെറയും ഭീതിയുടെയും അരക്ഷിതാവസ്ഥയിലേക്കു നയിച്ചിരിക്കുന്നു. ഹൃദയഭാവത്തെ വെളിപ്പെടുത്തുന്ന മുഖത്തെ സ്വാഭാവിക രസഭാവങ്ങളൊക്കെ നഷ്ടപ്പെട്ട ആധുനിക മനുഷ്യൻ, 'സെൽഫിക്കു' മുമ്പിൽ മാത്രം പ്രവർത്തിക്കുന്ന വെറുമൊരു യന്ത്രമായിമാറിയിരിക്കുന്നു. ഇതിൽ നിന്നു രക്ഷ നേടാൻ യേശു തമ്പുരാൻ ഇന്നു നമ്മോട് പറയുകയാണ്, "നീ കണ്ടതു കൊണ്ടുവിശ്വസിച്ചു, കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരെ"ന്ന്. കണ്ടും അറിഞ്ഞും തൃപ്തിപ്പെട്ടതിനെവിടെയോ, 'താല്ക്കാലികത'യുടെ ശൂരും മണവും മാത്രമാണുള്ളതെന്ന് തിരിച്ചറിയുമ്പോൾ, ആധുനിക മനുഷ്യൻ സങ്കടപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു. എന്നാൽ, കാണാത്തതിനെയും കേൾക്കാത്തതിനെയും സ്പർശിക്കാത്തതിനെയും വിശ്വസിച്ചിറങ്ങിയപ്പോൾ, നേടിയത് ശാശ്വത സമാധാനമാണെന്ന് ഒത്തിരിപേർ, പ്രത്യേകിച്ച് വിശ്വാസത്തിൽ സ്ഥിരപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. ആ സാക്ഷ്യഗണത്തിൽ പങ്കുചേരാൻ ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ. 

Saturday, July 2, 2016

“നീയില്ലാതെ ഞങ്ങൾക്കിത് നടത്താൻ പറ്റുമോയെന്ന് നോക്കട്ടേ!” (മത്താ. 19, 1-12)

"നീയില്ലാതെ ഞങ്ങൾക്കിതു നടത്താൻ പറ്റുമോയെന്ന് നോക്കട്ടെ!" (വായനഭാഗം - മത്താ. 19, 1-12)

എല്ലാ കാര്യങ്ങളും ഒരുമിച്ച് ആലോചിച്ചും പങ്കുവെച്ചും, കൂട്ടായി പ്രവർത്തിച്ചിരുന്ന പല ഉറ്റ സുഹൃത്തുക്കളും, പിന്നീട് കൊച്ചു കൊച്ചു കാരങ്ങളാൽ, വെവ്വേറെ വഴികളായി പിരിയുന്നതിനു മുമ്പേ, വെല്ലുവിളിക്കുന്നതായി കേട്ടിട്ടുണ്ട്, "നീയില്ലാതെ ഞങ്ങൾക്കിതു നടത്താൻ പറ്റുമോയെന്ന് നോക്കട്ടെ" യെന്ന്. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, 'കൂട്ടായ്മകളിലെ തർക്കങ്ങളും ഭിന്നിപ്പുകളും ഒരു പരിധിവരെ നല്ലതാണ്, സമൂഹത്തിലെ ബലവാന്മാരെ തിരിച്ചറിയാൻ സഹായിക്കുവെന്ന കാരത്താൽ.' എന്നാൽ, അവയെ ശരിയായി വിവേചിച്ചറിയുന്നില്ലായെങ്കിൽ, വ്യക്തിയുടെയും കുടുംബത്തിൻെറയും അതുവഴി സമൂഹത്തിൻെറയും നിത്യനാശത്തിനു ഇത്രയേറെ സഹായിക്കുന്ന മറ്റൊന്നില്ലായെന്നും തിരിച്ചറിയണം. പ്രത്യക്ഷത്തിൽ വളർച്ചയെന്ന് കരുതപ്പെട്ട പല വഴിപിരിയലുകളും, പിശാചിൻെറ ഇടപെടലുകളായിരുന്നു അവയോരോന്നുമെന്ന്, പിന്നീട് നമുക്ക് ബോധ്യം വന്ന പല സന്ദർഭങ്ങളും നമ്മുടെ ജീവിതത്തിലോ, ചുറ്റുവട്ടത്തോ ഉണ്ടായിട്ടുണ്ടാകാം. ക്രിസ്തുവിൻെറ ഇന്നത്തെ വചനം ഇതിനെ പൂർണ്ണമായും ബലപ്പെടുത്തുന്നതാണ്, “ദൈവം യോചിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ” ദൈവം എന്നും ആഗ്രഹിക്കുന്നത് കൂട്ടായ്മയും ഐക്യവുമാണെങ്കിൽ, പിശാചാഗ്രഹിക്കുന്നത് അനൈക്യവും വേർപിരിയലുമാണ്. ഏതെല്ലാം മേഖലകളിൽ വേർപിരിയലും കലഹങ്ങളുമുണ്ടോ, അവിടെയെല്ലാം പിശാച് പിടിമുറുക്കിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ്, ഐക്യത്തിൻെറയും കൂട്ടായ്മയുടെയും അടയാളമായി സ്വന്തം ജിവിതം സമർപ്പിച്ച്, ദൈവത്തിന് ഉത്തമസാക്ഷിയായി മാറാൻ, ഇന്നു അവിടുത്തെ അനുഗ്രഹം യാചിക്കാം.